- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
- സിംഹികയുടെ പതനം (വീരഹനുമാന്റെ ജൈത്രയാത്ര 7)
ബാലഹനുമാന്‍ കുറേക്കൂടി വളര്‍ന്നു. ഹനുമാന് വിദ്യ അഭ്യസിക്കേണ്ട കാലമായി.
‘തനിക്ക് ആരേക്കാളും കൂടുതല്‍ ശക്തിയുണ്ട്. വളരെ ദൂരത്തില്‍ ഓടാനും വളരെയധികം ഉയരത്തില്‍ ചാടാനും കഴിവുണ്ട്. പക്ഷേ അങ്ങനെ ശരീരത്തിനു മാത്രം
ശക്തിയുണ്ടായിട്ടെന്തുകാര്യം?
കുറച്ചു വിവേകംകൂടി വേണ്ടേ?’’ -ബാലഹനുമാന്‍ സ്വയം ആലോചിക്കാന്‍ തുടങ്ങി.
അപ്പോള്‍ ഹനുമാന് പെട്ടെന്നൊരു ഉള്‍വിളിയുണ്ടായി:
‘നല്ലൊരു ഗുരുവിന്റെ കീഴില്‍ വിദ്യ അഭ്യസിച്ചാല്‍ നിന്റെ മനസ്സിനും ബുദ്ധിയ്ക്കും വലിയ വികാസമുണ്ടാകും; നീ മഹാതേജസ്വിയായി മാറും’.’
അതുശരിയാണെന്ന് ബാലഹനുമാനുതോന്നി. പക്ഷേ എവിടെപ്പോയാണ് വിദ്യ അഭ്യസിക്കേണ്ടതെന്ന് ഹനുമാന് യാതൊരു രൂപവും ഉണ്ടായിരുന്നില്ല.
ഒരുദിവസം രാവിലെ കുളിച്ചുകുറിയുംതൊട്ട് ബാലഹനുമാന്‍ അവിടെയുള്ള മഹര്‍ഷിമാരുടെ ആശ്രമങ്ങളിലേക്ക് കയറിച്ചെന്നു. ഹനുമാന്‍ തന്റെ ആഗ്രഹം മഹര്‍ഷിമാരോട് തുറന്നുപറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു:
”ആഞ്ജനേയാ, പഠിക്കാനുള്ള നിന്റെ ആഗ്രഹം നല്ലതുതന്നെ.
അറിവുതന്നെയാണ് ശക്തി. അറിവുനേടണമെങ്കില്‍ വേദങ്ങള്‍ പഠിക്കണം. വേദങ്ങളുടെ അധികാരി സൂര്യദേവനാണ്. നീ വേഗം സൂര്യനെ ചെന്ന് കാണൂ”.”
‘എങ്കില്‍ എത്രയുംവേഗം സൂര്യദേവനെ കാണുക തന്നെ!’ -ഹനുമാന്‍ മനസ്സിലുറപ്പിച്ചു.
പിറ്റേന്നു രാവിലെ തന്നെ ഹനുമാന്‍ സൂര്യദേവന്റെ തിരുമുന്നിലെത്തി. അദ്ദേഹം ചോദിച്ചു: ”നീയാരാണ്? എന്തിനാണ് എന്നെത്തേടി വന്നത്?””
”ഞാന്‍ വായുപുത്രനായ ഹനുമാനാണ്. അങ്ങയുടെ കീഴില്‍ വിദ്യ അഭ്യസിക്കണമെന്നാണ് എന്റെ ആഗ്രഹം. അങ്ങെന്നെ ശിഷ്യനായി സ്വീകരിക്കണം” – ബാലഹനുമാന്‍ കൈകൂപ്പി അറിയിച്ചു.
സൂര്യദേവന്‍ അവനെ അടിമുടി ഒന്നു ശ്രദ്ധിച്ചു: ‘ഛെ! ഇതെന്തൊരു കോലം? ഈ കുരങ്ങനെയാണോ താന്‍ ഗുരുകുലത്തില്‍ ചേര്‍ത്തു പഠിപ്പിക്കേണ്ടത്? ഇവനെ കൂടെ ഇരുത്തിയാല്‍ മറ്റുള്ള ശിഷ്യന്മാരൊക്കെ പഠിപ്പുനിറുത്തി സ്ഥലംവിടും!’ – അദ്ദേഹം മനസ്സില്‍ കണക്കുകൂട്ടി.
സൂര്യദേവന്‍ പറഞ്ഞു: ”കുമാരാ, എന്റെ രഥത്തിനുള്ളില്‍ത്തന്നെയാണ് ഗുരുകുലം സ്ഥിതിചെയ്യുന്നത്. നിന്നെ അവിടെ ഇരുത്തി പഠിപ്പിക്കുന്നതില്‍ എനിക്ക് വിരോധമില്ല. പക്ഷേ ഇപ്പോള്‍ അവിടെ പഠിച്ചുകൊണ്ടിരിക്കുന്നത് കുറേ മുനികുമാരന്മാരാണ്. നീ അവിടേയ്ക്കു വരുന്നത് അവര്‍ക്ക് ഇഷ്ടമാവില്ല”.”
”എങ്കില്‍ ഞാന്‍ നേരിട്ട് അവരോട് അനുവാദം ചോദിച്ചാല്‍ പോ രേ?” -ബാലഹനുമാന്‍ അന്വേഷിച്ചു.
”അതുമതി; അവരുടെ അനുവാദം കിട്ടിയാല്‍പ്പിന്നെ മറ്റൊരു തടസ്സവും നിനക്കുണ്ടാവില്ല” -സൂര്യദേവന്‍ അറിയിച്ചു.
സൂര്യന്റെ നിര്‍ദ്ദേശപ്രകാരം ബാലഹനുമാന്‍ വേഗം മുനികുമാരന്മാരെ കാണാന്‍പോയി. കുമാരന്മാര്‍ വളരെ അറപ്പോടും വെറുപ്പോടുംകൂടി പറഞ്ഞു: ”ഛീ! കുരങ്ങനായ നീ ഞങ്ങളോടൊപ്പം ഇരിക്കാന്‍ ഒരിക്കലും യോഗ്യനല്ല. വേദങ്ങളും ശാസ്ത്രങ്ങളും കുരങ്ങന്മാര്‍ക്കു പഠിക്കാനുള്ളതല്ല. അതൊക്കെ ഞങ്ങളെപ്പോലുള്ള മുനികുമാരന്മാര്‍ക്കു വേണ്ടിയുള്ളതാണ്. നീ പുറത്തു പൊയ്‌ക്കൊള്ളൂ”. അവര്‍ ഹനുമാനെ ആട്ടിപ്പായിച്ചു.
അതോടെ ഹനുമാന്റെ മനസ്സ് വല്ലാതെ നൊമ്പരപ്പെട്ടു. തന്റെ വികൃതരൂപത്തെക്കുറിച്ചോര്‍ത്ത് ഹനുമാന്‍ ഏങ്ങലടിച്ചുകരഞ്ഞു. എങ്കിലും വിദ്യ നേടുന്നതില്‍ നിന്ന് താന്‍ ഒരിക്കലും പിന്നാക്കം പോകില്ലെന്ന് ഹനുമാന്‍ പ്രതിജ്ഞചെയ്തു.
ബാലഹനുമാന്‍ വീണ്ടും സൂര്യദേവന്റെ മുന്നിലെത്തി. ഹനുമാന്‍ പറഞ്ഞു: ”ഗുരോ, ആരൊക്കെ എന്നെ ആട്ടിയോടിച്ചാലും എന്തൊക്കെ സംഭവിച്ചാലും അങ്ങല്ലാതെ മറ്റൊരു ഗുരു എനിക്കുണ്ടാകില്ല. അതിന്റെ പേരില്‍ മറ്റു ശിഷ്യന്മാരെ ശല്യപ്പെടുത്തി അങ്ങയുടെ രഥത്തിനുള്ളില്‍ കയറിയിരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല”.”
”പിന്നെ നീ എങ്ങനെ വിദ്യയഭ്യസിക്കും?” – സൂര്യദേവന്‍ ആരാഞ്ഞു.
”അങ്ങയുടെ രഥത്തിനു മുന്നില്‍ക്കൂടി പറന്നുനടന്ന് അങ്ങുപറയുന്ന ഓരോ വചനവും ഞാന്‍ കേട്ടുപഠിച്ചുകൊള്ളാം. അങ്ങെന്നെ ശിഷ്യനായി സ്വീകരിച്ചാല്‍ മാത്രം മതി” – ബാലഹനുമാന്‍ വീണ്ടും യാചിച്ചു.
വിദ്യ സമ്പാദിക്കാനുള്ള ബാലഹനുമാന്റെ അത്യുത്സാഹവും താല്പര്യവും കണ്ട് സൂര്യദേവന്‍ അതിശയിച്ചു. അദ്ദേഹം പറഞ്ഞു: ”വായുപുത്രാ, നിന്നെ നാം നമ്മുടെ ശിഷ്യനായി സ്വീകരിച്ചിരിക്കുന്നു” -സൂര്യദേവന്‍ ഹനുമാനെ അനുഗ്രഹിച്ച് അവനുവേണ്ട വേദഗ്രന്ഥങ്ങളും പഠനസാമഗ്രികളും ദാനംചെയ്തു.
ഹനുമാന്‍ ആ ഗ്രന്ഥങ്ങള്‍ തുറന്നുപിടിച്ചുകൊണ്ട് സൂര്യരഥത്തിനു മുന്നില്‍ സഞ്ചരിച്ചു. ഗ്രന്ഥങ്ങളിലെ ഓരോ കാര്യവും സൂര്യദേവന്‍ നന്നായി വിശദീകരിച്ച് ശിഷ്യനു പറഞ്ഞുകൊടുത്തു. ഹനുമാന്‍ അതെല്ലാം ശ്രദ്ധയോടെ കേട്ടുപഠിച്ചു.
സൂര്യദേവന്റെ ശിഷ്യന്മാരായ മുനികുമാരന്മാരെയെല്ലാം പിന്നിലാക്കിക്കൊണ്ട് ബാലഹനുമാന്‍ വേദങ്ങളും ശാസ്ത്രങ്ങളുമെല്ലാം പാല്‍പ്പായസംപോലെ മനഃപാഠമാക്കി. അവന്റെ മിടുക്കും ശ്രദ്ധയും ഉത്സാഹവും കണ്ട് മുനികുമാരന്മാര്‍ അമ്പരന്നു. അറപ്പും വെറുപ്പും മറന്ന് അവര്‍ ഹനുമാന്റെ അടുക്കലെത്തി: ”ആഞ്ജനേയാ, നീ ഞങ്ങളോടു പൊറുക്കണം. സൂര്യരഥത്തിലിരിക്കാന്‍ ഞങ്ങളേക്കാള്‍ യോഗ്യന്‍ നീ തന്നെയാണ്. ഞങ്ങള്‍ പഠിച്ചെടുക്കുംമുമ്പുതന്നെ നീ സര്‍വ്വതും മനഃപാഠമാക്കിയിരിക്കുന്നു””- മുനികുമാരന്മാര്‍ ബാലഹനുമാനോട് മാപ്പുചോദിക്കുകയും അവനെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുകയും ചെയ്തു.
ബാലഹനുമാന്‍ സന്തോഷത്തോടെ മുനികുമാരന്മാരെ വണങ്ങി. ”മിത്രങ്ങളേ ഞാനെന്റെ പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഗുരുവിന് ദക്ഷിണ സമര്‍പ്പിച്ചശേഷം ഞാനിവിടുന്ന് താമസിയാതെ മടങ്ങിപ്പോകും” – അവന്‍ അറിയിച്ചു.
തിരിച്ചുപോകേണ്ട സമയമടുത്തപ്പോള്‍ ഹനുമാന്‍ സൂര്യദേവന്റെ സമീപമെത്തി: ”ഗുരോ, അങ്ങ് ഉപദേശിച്ചുതന്ന വിദ്യകളെല്ലാം ഞാന്‍ പഠിച്ചു കഴിഞ്ഞു. എന്റെ വിദ്യാഭ്യാസം പൂര്‍ത്തിയായിരിക്കുന്നു”.”
”എങ്കില്‍ കുമാരന്‍ ഇനി തിരിച്ചുപൊയ്‌ക്കോളൂ; എന്റെ എല്ലാവിധ അനുഗ്രഹങ്ങളും സഹായങ്ങളും നിനക്കെപ്പോഴും ഉണ്ടാകും” – ഗുരു അറിയിച്ചു.
”ഗുരോ, ഞാന്‍ എന്താണ് അങ്ങേയ്ക്ക് ഗുരുദക്ഷിണ നല്‍കേണ്ടത്?” – അവന്‍ ചോദിച്ചു.
”പഠിപ്പില്‍ നീ കാണിച്ച ജാഗ്രതയും താല്പര്യവുമാണ് എറ്റവും വലിയ ഗുരുദക്ഷിണ. എനിക്കതുമാത്രം മതി”.” – ഗുരുദേവന്‍ അറിയിച്ചു.
”അതൊരിക്കലും ഗുരുദക്ഷിണയ്ക്ക് തുല്യമാകില്ല. ഗുരോ, മറ്റേതെങ്കിലും തരത്തിലുള്ള ഒരു ഗുരുദക്ഷിണ അങ്ങ് സ്വീകരിച്ചേ തീരൂ. ഗുരുദക്ഷിണ നല്‍കാതെ ഞാന്‍ തിരിച്ചുപോകുന്ന പ്രശ്‌നമില്ല”.”- ബാലഹനുമാന്‍ തീര്‍ത്തുപറഞ്ഞു.
സൂര്യദേവന്‍ ഒന്നും വേണ്ടെന്ന് പലവട്ടം ആവര്‍ത്തിച്ചെങ്കിലും കുമാരന്‍ വഴങ്ങിയില്ല.
”ശരി; എങ്കില്‍ ഞാന്‍ നിന്റെ ഇംഗിതത്തിനു വഴങ്ങുന്നു. ഗുരുദക്ഷിണ സ്വീകരിക്കാം” – സൂര്യദേവന്‍ സമ്മതിച്ചു.
”എങ്കില്‍ പറയൂ; എന്താണുവേണ്ടത്?” – ഹനുമാന്‍ ആകാംക്ഷാഭരിതനായി കൈകൂപ്പിനിന്നു.
”എന്റെ പുത്രന്‍ സുഗ്രീവന്‍ കിഷ്‌ക്കിന്ധ എന്ന രാജ്യത്ത് ബാലിയുമൊത്തു കഴിയുന്നുണ്ട്. ബാലി വളരെ ശക്തനായ വാനരരാജാവാണ്. സുഗ്രീവനാകട്ടെ വളരെ ദുര്‍ബ്ബലനും പാവവുമാണ്. ഉചിതമായ സമയത്ത് നീ കിഷ്‌ക്കിന്ധയില്‍ ചെന്ന് സുഗ്രീവന്റെ മന്ത്രിയും സുഹൃത്തും രക്ഷകനുമായി കഴിഞ്ഞുകൂടണം. ഇതാണ് നാം ആഗ്രഹിക്കുന്ന ഗുരുദക്ഷിണ” – സൂര്യദേവന്‍ പ്രസന്നവദനനായി ബാലഹനുമാനെ നോക്കി.
”ശരി; അങ്ങനെയെങ്കില്‍ ഞാന്‍ ഉചിതമായ സമയത്തുതന്നെ അവിടെയെത്തി സഹായിച്ചുകൊള്ളാം” – ബാലഹനുമാന്‍ വാക്കുകൊടുത്തു.
സൂര്യദേവന്‍ തന്റെ ശിഷ്യനെ കനിഞ്ഞനുഗ്രഹിച്ചു. ഒട്ടും താമസിയാതെ ഹനുമാന്‍ തന്റെ സങ്കേതത്തിലേയ്ക്ക് യാത്രയായി.
(തുടരും)