- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- നിത്യവും സംഘശാഖ (ആദ്യത്തെ അഗ്നിപരീക്ഷ 35)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
പ്രായേണ എല്ലാ ജയിലുകളിലും നിത്യേന കാലത്തും വൈകിട്ടും സംഘശാഖ നടന്നുവന്നു. ”യഥാര്‍ത്ഥത്തില്‍ ഇന്ന് സ്വാതന്ത്ര്യമുള്ളത് ജയിലിലാണ്. നിങ്ങള്‍ നിത്യേന സ്വതന്ത്രമായി ശാഖ നടത്തുന്നു; ശാരീരിക്-ബൗദ്ധിക് പരിപാടികള്‍ കൃത്യമായി നടത്തുന്നു. ഗണഗീതം, പ്രാര്‍ത്ഥന എന്നിവയെല്ലാം പാടുന്നു. ഉത്സവങ്ങളും സംഘപദ്ധതിയനുസരിച്ച് നടത്തുന്നു. പുറമെയാണെങ്കില്‍ ഇതെല്ലാം നിയമവിരുദ്ധമാണ്. ജയിലിലുള്ളവരോട് ഞങ്ങള്‍ക്ക് അസൂയ തോന്നുന്നു” എന്നാണ് ജയിലിനുപുറത്തുള്ള സ്വയംസേവകര്‍ തമാശയ്ക്ക് പറഞ്ഞിരുന്നത്.
അത് സത്യമായിരുന്നു. ജയിലിനുപുറത്ത് ചില കാര്യകര്‍ത്താക്കള്‍ ഒന്നിച്ചുകൂടി ഫുട്‌ബോളോ, വോളീബോളോ കളിക്കുന്നതിലേര്‍പ്പെട്ടാല്‍പോലും ഇടയ്ക്ക് അവരെ പോലീസ് പിടിച്ചു കൊണ്ടുപോകുമായിരുന്നു. എന്നാല്‍ ജയിലിലെത്തി കഴിഞ്ഞാല്‍ അവിടെ സംഘമയമായ അന്തരീക്ഷം തന്നെയായിരുന്നു.
തമാശ നിറഞ്ഞ ആനന്ദം
തടവറയിലെ നാലു ചുവരുകള്‍ക്കുള്ളിലുള്ള ജീവിതം തമാശയും വിനോദവും കലര്‍ന്ന് സന്തോഷപൂര്‍ണമാകും വിധം സഹജമാക്കിത്തീര്‍ക്കാന്‍ സ്വയംസേവകര്‍ക്ക് കഴിഞ്ഞു.
ജബല്‍പൂരിലെ സര്‍വ്വശ്രീ മൂംജെ, അനന്തറാവുവിദ്വംസ്, യശ്‌വ ന്ത് സാനേ ഇവരെ ‘ത്രികൂടി’ (മൂവര്‍) എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ഇടയ്ക്കിടെ ഒരുമിച്ചുകൂടി അവര്‍ പലവിധ തമാശകള്‍ സംഘടിപ്പിക്കുമായിരുന്നു. ജയിലില്‍ തടവുകാര്‍ക്ക് മേലധികാരികളില്‍ നിന്ന് വല്ല നിര്‍ദ്ദേശവുമുണ്ടെങ്കില്‍ അത് ഒരു പ്രത്യേകതരം കടലാസിലാണ് എഴുതിവന്നിരുന്നത്. ഒരിക്കല്‍ ഈ ‘ത്രികൂടി’സംഘം ഒരുതരത്തില്‍ ഓഫീസില്‍ നിന്ന് അത്തരം കടലാസ് സംഘടിപ്പിച്ചു. അതില്‍ പ്രത്യേക ബാരക്കുകളിലെ താഴെ ചേര്‍ത്തിരിക്കുന്ന തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവായിരിക്കുന്നു എന്നെഴുതി വാര്‍ഡന്‍ മുഖേന ആ ബാരക്കിലേയ്ക്ക് കൊടുത്തുവിട്ടു. വിട്ടയയ്ക്കപ്പെട്ടതായി എഴുതിയ പേരുകളെല്ലാം പ്രമുഖ സ്വയംസേവകരുടെതായിരുന്നു. നിര്‍ദ്ദേശം കിട്ടിയ ഉടനെ എല്ലാവരും സന്തുഷ്ടരായി. അവരുടെ കയ്യിലുള്ള, വീട്ടില്‍നിന്നും കൊടുത്തയച്ചതായ മധുരപലഹാരങ്ങളും മറ്റും എല്ലാവര്‍ക്കും പങ്കുവെച്ചു. ഈ സ്വയംസേവകര്‍ എല്ലാവരെയും പ്രത്യേകമായിക്കണ്ടു. ”എല്ലാവരും ധൈര്യമായിരിക്കുക, ഞങ്ങള്‍ പുറത്തുപോയാല്‍ നിങ്ങളെല്ലാവരേയും വിട്ടയയ്ക്കാനായി പരിശ്രമിക്കുന്നതാണ്” എന്ന് ധൈര്യം കൊടുത്ത് സാധനങ്ങളെല്ലാം കെട്ടിയൊരുക്കി കാത്തിരുന്നു. ഓരോരുത്തര്‍ വരുമ്പോഴും തങ്ങളെ കൂട്ടിക്കൊണ്ടുപോകാനാണ് വരുന്നതെന്നവര്‍ പ്രതീക്ഷിച്ചു. വൈകുന്നേരം 6 മണിയായിട്ടും ആരേയും കാണാഞ്ഞതിനാല്‍ ജയില്‍ മേധാവിയെ കണ്ടന്വേഷിക്കാനായി അദ്ദേഹത്തിന്റെ ഓഫീസില്‍ പോ യി. അവിടെ അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു നിര്‍ദ്ദേശവും മുകളില്‍നിന്നു വന്നിട്ടില്ലെന്നു പറഞ്ഞു. സ്വയംസേവകര്‍ കോപത്തോടെ താങ്കളുടെ ഓഫീസില്‍നിന്നാണ് ഞങ്ങളെ വിട്ടയച്ചതായ ആജ്ഞ എഴുതിവന്നത്. ഞങ്ങള്‍ സാധനങ്ങളെല്ലാം കെട്ടിയൊരുക്കിവെച്ചിരിക്കുകയാണെന്നറിയിച്ചു. ഇതുകേട്ട് ജയിലര്‍ എന്തു സംഭവിച്ചു എന്നറിയാതെ വിഷമിച്ചു. കുറച്ചുസമയത്തിനുള്ളില്‍ അദ്ദേഹം ഇവരോട് ”മൂംജേ നിങ്ങളുടെ സര്‍ക്കിളില്‍ തന്നെയാണോ?” എന്നുചോദിച്ചു. ”അതെ” എന്നുത്തരം കിട്ടിയതോടെ അദ്ദേഹം പൊട്ടിച്ചിരിച്ചു. ഇത് ‘ത്രികൂടി’യുടെ കളിയായിരിക്കുമെന്നു പറഞ്ഞു. ഇതുകേട്ട് ഇളിഭ്യരായി അവര്‍ തങ്ങളുടെ ബാരക്കിലേയ്ക്ക് തിരിച്ചുവരുന്നതിനുമുമ്പുതന്നെ മറ്റെല്ലാവരും തിന്നാനുള്ള സാധനങ്ങളെല്ലാം തീര്‍ത്തു കഴിഞ്ഞിരുന്നു. കുറേ നാളത്തേയ്ക്ക് ഇത് ചിരിക്കാനുള്ള വിഷയമായിത്തീര്‍ന്നു.
ജബല്‍പൂരില്‍ പലരും തങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ ഈ ത്രികൂടരില്‍കൂടി സാധിച്ചെടുക്കുമായിരുന്നു. ആ ജയിലില്‍ ചാന്ദായിലെ ജില്ലാസംഘചാലക് നാനാസാഹേബ് ഭാഗവത്, ഖാണ്ഡ്വായിലെ ഡോ. മഹോദയ്, അഡ്വക്കേറ്റ് ഭാവുസാഹേബ് ബേഡേക്കര്‍ തുടങ്ങിയ മുതിര്‍ന്ന അധികാരികളും തടവുകാരായിരുന്നു. ഈ കാര്യകര്‍ത്താക്കള്‍ക്കെല്ലാം പാന്‍ മുറുക്കുന്ന, തമ്പാക്ക് ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നു. എന്നാല്‍ ജയിലില്‍ അത് കിട്ടാനുള്ള സംവിധാനമില്ലാത്തതിനാല്‍ അവര്‍ വളരെ വിഷമിച്ചു. തങ്ങള്‍ക്ക് വെറ്റിലയും പുകയിലയും കിട്ടാനുള്ള പദ്ധതി എന്തെങ്കിലും കണ്ടുപിടിച്ചുകൂടെ എന്ന് അവര്‍ ഈ ത്രികൂടരോട് ചോദിച്ചു.
നിത്യവും 50 വെറ്റില
മൂന്നുപേരും ഒന്നിച്ചിരുന്ന് പദ്ധതി ആസൂത്രണം ചെയ്തു. രാവിലെ ഹാജരെടുക്കാന്‍ അണിനിരക്കുമ്പോള്‍ മൂന്നുപേരും അടുത്തടുത്താണ് നില്‍ക്കാറുള്ളത്. അന്ന് മൂംജേ അയാളുടെ സ്ഥാനത്ത് ഉണ്ടായിരുന്നില്ല. ജയിലധികാരികള്‍ മൂംജേയെക്കുറിച്ച് കൂട്ടുകാരനായ സാനേയോട് ചോദിച്ചപ്പോള്‍ അയാള്‍ ഗദ്ഗദകണ്ഠനായി മൂംജേയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്, അത്യാസന്നസ്ഥിതിയിലാണെന്നറിയിച്ചു. അതേസമയം വിദ്വംസ് പറഞ്ഞു. ”അയാള്‍ മരിക്കട്ടെ, അയാളുടെ ശീലങ്ങളെക്കുറിച്ചറിയാവുന്ന ഞങ്ങള്‍ ‘സത്യഗ്രഹത്തിന് വരേണ്ടെ’ന്ന് അന്നേ പറഞ്ഞതാണ്. ഞങ്ങളുടെ വാക്ക് കേള്‍ക്കാതെ അയാള്‍ വന്നതാണ്. ദിവസേന 50 വെറ്റിലയും ഒരു പൊതി പുകയിലയും ഉപയോഗിക്കുന്ന ശീലമുളള ആളാണയാള്‍. ഇവിടെ അത് കിട്ടാനില്ല” ജയിലധികാരിയും മൂംജേയുടെ ശാരീരിക സ്ഥിതിയുടെ വിവരം കേട്ട് അയാളെ കാണാനെത്തി. മൂംജേയുടെ സ്ഥിതികണ്ട് ജയിലധികാരി ഉടനെ ഡോക്ടറെ വിളിക്കാന്‍ ഏര്‍പ്പാട് ചെയ്തു. ഉടന്‍തന്നെ 50 വെറ്റിലയും ഒരുപൊതി പുകയിലയും കൊണ്ടുവന്നു കൊടുക്കാന്‍ ഏര്‍പ്പാടു ചെയ്തു. എന്നുമാത്രമല്ല നിത്യ വും വെറ്റിലയും പുകയിലയും എത്തിക്കാനുള്ള നിര്‍ദ്ദേശവും വാര്‍ഡന്മാര്‍ക്ക് കൊടുത്തു. അങ്ങനെ മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ക്ക് വെറ്റിലയും പുകയിലയും നിത്യവും കിട്ടാനുള്ള ഏര്‍പ്പാടായി. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്:- നേരത്തെ ആലോചിച്ച് നിശ്ചയിച്ചതനുസരിച്ച് മൂംജേ വയറുനിറയെ വെള്ളം കുടിച്ച് വീര്‍ത്ത വയറില്‍ എണ്ണയും മഞ്ഞളും തേച്ച് കണ്‍മിഴികള്‍ ചുഴറ്റി ഊര്‍ദ്ധ്വശ്വാസം വലിക്കുന്നതു പോലെ അഭിനയിച്ചു തുടങ്ങി. കാണുന്നവര്‍ ഇയാളുടെ അന്ത്യം ഉടനെ സംഭവിക്കുമെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു. സംഗതിയെല്ലാം ശരിയായതോടെ വെറ്റിലയും പുകയിലയും കിട്ടിയ മുതിര്‍ന്ന വ്യക്തികള്‍ മൂംജേയ്ക്ക് തങ്ങളുടെ അകൈതവമായ കൃതജ്ഞത അറിയിച്ചു.
തെരുവുനായയുടെ ദുരന്തം
ജയിലിലെ അനവധി രസകരമായ സംഭവങ്ങളില്‍ ഒന്ന്- ബാംഗ്ലൂരിലെ കെ.ലക്ഷ്മണന്‍ റാവു വിവരിക്കുന്നു:- ”അക്കാലത്ത് ബോംബെയിലെ സ്വയംസേവകനായിരുന്ന ഞാന്‍ മറ്റു 2500 സ്വയംസേവകരുമൊത്ത് ‘വര്‍ലീസീഫേസ്’ ജയിലിലായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ സൈനികരുടെ വാസസ്ഥലമായിരുന്നു ഈ ജയില്‍. അതേ ബാരക്കുകളെതന്നെ ജയിലുകളാക്കി മാറ്റിയതായിരുന്നു. ഈ ബാരക്കുകള്‍ക്കു ചുറ്റും വൈദ്യുതക്കമ്പികൊണ്ട് വേലി കെട്ടിയിരുന്നു. അതുകൂടാതെ ഓരോ ബാരക്കിലും പ്രത്യേക പോലീസ് സംഘം പാറാവു നില്‍ക്കുകയും പതിവായിരുന്നു. പാറാവിനിടയില്‍ അരമണിക്കൂര്‍ ഇടവിട്ട് ഓരോ ബാരക്കിലെയും പാറാവുകാര്‍ ‘ഒന്നാം നമ്പറിലെ ആര്‍.എസ്.എസ് തടവുകാരെല്ലാം കൃത്യമാണ്’ എന്ന് ഉറക്കെ വിളിച്ചുപറയുമായിരുന്നു.”
”ഒരു ദിവസം രാത്രി പെട്ടെന്ന് ജയിലിലെ കറന്റ്‌പോയി. ജയില്‍ പൂര്‍ണമായും ഇരുട്ടിലായതോടെ ജയില്‍ അധികാരികളും നടത്തിപ്പുകാരും എല്ലാം പരിഭ്രമത്തിലായി. പുറംവേലി പൊളിച്ച് തടവുകാര്‍ രക്ഷപ്പെട്ടിരിക്കുമെന്നായിരുന്നു അവരുടെ ഭയം. അവര്‍ പെട്ടെന്ന് മെഴുകുതിരികളുമായി ബാരക്കുകളില്‍ പോയി കതകുകളെല്ലാം അടച്ച് മുറികള്‍ക്കുള്ളില്‍ മെഴുകുതിരി കത്തിച്ചു തടവുകാരുടെ എണ്ണമെടുത്തു തുടങ്ങി. ശരിയായ രീതിയില്‍ എണ്ണം എടുക്കാന്‍പോലും അറിയാത്തവരായിരുന്നു ആ വാര്‍ഡന്മാര്‍. അഥവാ അവരുടെ എണ്ണമെടുക്കുന്ന രീതി എല്ലാവരെയും വരിയായി ഇരുത്തി ഓരോരുത്തരുടെയും അടുത്തുപോയി അവരുടെ തലയില്‍തൊട്ട് എണ്ണുന്നതായിരുന്നു. രാത്രി മൂന്നുമണിക്കാരംഭിച്ച ഈ പ്രക്രിയ നാലുമണിവരെ തുടര്‍ന്നു. സത്യഗ്രഹികള്‍ ആരും ഓടിരക്ഷപ്പെട്ടിട്ടില്ല എന്ന് ബോദ്ധ്യമായപ്പോഴാണ് അവര്‍ക്ക് സമാധാനമായത്. പിന്നീടാണ് ഒരു തെരുവുനായയാണ് ഇതിന്റെ മുഴുവന്‍ കാരണക്കാരന്‍ എന്നവര്‍ക്ക് മനസ്സിലായത്. തെരുവുനായ വൈദ്യുതി കമ്പിവേലിക്കിടയിലൂടെ കടന്നുപോകാന്‍ ശ്രമിച്ചതിന്റെ ഫലമായി അതിന്റെ ജീവന്‍ നഷ്ടപ്പെടുകയും വൈദ്യുതി നിലയ്ക്കുകയും ചെയ്തതായിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ആ രാത്രിയില്‍ ജയിലില്‍ നടന്ന ഈ കോലാഹലമെല്ലാം.”
നോയിഡ നിവാസിയായ മധുരാദത്ത് പന്ത് സത്യഗ്രഹകാലത്ത് സഹരന്‍പൂരില്‍ നഗര്‍ പ്രചാരകനായിരുന്നു. സത്യഗ്രഹം നടത്തി ശിക്ഷിക്കപ്പെട്ട അദ്ദേഹം ബറേലി സെന്‍ട്രല്‍ ജയിലിലായിരുന്നു. അവിടെ നടന്ന രസകരമായ സംഭവം അദ്ദേഹം അനുസ്മരിക്കുന്നു:- ”ഒരു ദിവസം സഹരന്‍പൂരില്‍നിന്ന് ഒരു പ്രമുഖ കാര്യകര്‍ത്താവ് എന്നെ കാണാനെത്തി. ജയില്‍ നിയമമനുസരിച്ച് കയറിന് ഇരുവശവുമായിനിന്ന് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നു. 10 മിനിട്ട് സംസാരിച്ചശേഷം അയാള്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഞാനും ജയിലില്‍ മറ്റാരെയോ കാണാന്‍ വന്നതാണെന്ന് ധരിച്ച വാര്‍ഡന്‍ ഗേറ്റിനടുത്തുവെച്ച് എന്നോടും പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഞാനും തടവുകാരനാണെന്ന് പറഞ്ഞ് ബോദ്ധ്യപ്പെടുത്താന്‍ വളരെനേരം ശ്രമിച്ചിട്ടും എന്നോട് പുറത്തുപോകാന്‍ അയാള്‍ നിര്‍ബന്ധിച്ചു. സംഘത്തിന്റെ മുതിര്‍ന്ന കാര്യകര്‍ത്താവുമായി സംസാരിക്കാന്‍ കൂടുതല്‍ സമയം കിട്ടുമെന്നതിനാല്‍ ഞാന്‍ സന്തോഷത്തോടെ പുറത്തുപോയി. തുറന്ന അന്തരീക്ഷത്തില്‍ മൈതാനത്ത് കാറ്റുംകൊണ്ട് ഏകദേശം ഒരു മണിക്കൂര്‍ ആനന്ദത്തോടെ ഞങ്ങള്‍ സംസാരിച്ചിരുന്നു. അടുത്ത കടയില്‍ പോയി ലഘുഭക്ഷണവും കഴിച്ച് അധികാരിയോട് വിടപറഞ്ഞ് തിരിച്ച് ജയില്‍ കവാടത്തിലെത്തി. കവാടത്തിലുള്ള വാര്‍ഡനോട് തന്നെ നിര്‍ബന്ധിച്ച് പുറത്താക്കിയതാണെന്നും കവാടം തുറന്ന് തനിക്ക് പ്രവേശിക്കാന്‍ അനുവാദം തരണമെന്നും ആവശ്യപ്പെട്ടു. ഗേറ്റിലെ ഉദ്ദ്യോഗസ്ഥന്‍ ആകെ വിഷമത്തിലായി. മുകളില്‍നിന്ന് നിര്‍ദ്ദേശം ഇല്ലാതെ ആര്‍ക്കും വെളിയില്‍ പോകാന്‍ സാദ്ധ്യമല്ലെന്നതിനാല്‍ അയാള്‍ ഗെയ്റ്റ് തുറക്കാന്‍ തയ്യാറായില്ല. അവസാനം പ്രശ്‌നം ജയിലര്‍വരെ എത്തി. ഇതില്‍ അത്ഭുതമുണ്ടായെങ്കിലും സംഘത്തിന്റെ കാര്യകര്‍ത്താക്കന്മാരുടെ സത്യസന്ധത നേരിട്ട് അനുഭവിക്കാനുള്ള സന്ദര്‍ഭം അദ്ദേഹത്തിനുമുണ്ടായി.”
പ്രേരണാദായകമായ സംഭവങ്ങള്‍
ജയിലില്‍ പ്രേരണാദായകവും ഉദ്‌ബോധകവുമായ പല സംഭവങ്ങളും പലപ്പോഴും ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലതെല്ലാം കുറിക്കാം:-
♠ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ 18 പുതിയ സത്യഗ്രഹി തടവുകാരെത്തി. അവരുടെ പേരും വിവരങ്ങളും തയ്യാറാക്കുന്ന സമയത്ത് ഒരു സത്യഗ്രഹിയുടെ പേര് കേട്ട് ജയിലധികൃതരും വാര്‍ഡന്മാരുമെല്ലാം സ്തംഭിച്ചുപോയി. കാരണം ജേട്‌ലി എന്നു പേരുകാരനായ അദ്ദേഹം ജയിലറെന്ന നിലയ്ക്ക് അടുത്ത ദിവസം അവിടെ സ്ഥാനമേറ്റെടുക്കേണ്ട വ്യക്തിയായിരുന്നു. ജയിലറായി ചുമതലയേറ്റെടുത്തിരുന്നെങ്കില്‍ തങ്ങള്‍ സല്യൂട്ടടിച്ചു നില്‍ക്കേണ്ട വ്യക്തി തടവുകാരനായി തങ്ങളുടെ മുമ്പില്‍ നില്‍ക്കുന്ന സ്ഥിതി അവര്‍ക്ക് സങ്കല്‍പിക്കാന്‍പോലും സാധിച്ചില്ല.
ഈ യുവാവിന് ജയിലര്‍ എന്നുള്ള നിയമനം കിട്ടിക്കഴിഞ്ഞിരുന്നു. ചുമതലയില്‍ പ്രവേശിക്കേണ്ട തീയതിയും നിശ്ചയിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍ രണ്ടു മാര്‍ഗമാണ് ഉണ്ടായിരുന്നത്. ഒന്ന് സത്യഗ്രഹ ആഹ്വാനം സ്വീകരിക്കുക, മറ്റൊന്ന് തന്റെ ഭാവിജീവിതം സുഖസമ്പന്നമാക്കുക. ആദര്‍ശനിഷ്ഠനായ ആ യുവാവ് രാഷ്ട്രഹിതത്തിനായി സുഖകരമായ സ്വന്തം ജീവിതത്തെ മാറ്റിവെയ്ക്കാന്‍ നിശ്ചയിച്ചു. അതുകൊണ്ട് ജയിലര്‍ എന്നതിനുപകരം സത്യഗ്രഹി തടവുകാരനായി അദ്ദേഹം ജയിലില്‍ പോകാന്‍ സന്നദ്ധനായി.
♠ അഹമ്മദ്‌നഗറിലെ ഇതേ കൂട്ടത്തിലെ മറ്റൊരു സ്വയംസേവകനായിരുന്നു പരൂള്‍ക്കര്‍. അയാള്‍ സത്യഗ്രഹത്തിനുമുമ്പ് ഡെറാഡൂണ്‍ സൈനികകോളേജില്‍ പ്രവേശനത്തിന് പരീക്ഷ എഴുതി അതില്‍ വിജയിച്ച് ഉടന്‍തന്നെ കോളേജില്‍ പ്രവേശിക്കേണ്ടിയിരുന്നു. ആ സമയത്താണ് സത്യഗ്രഹം ആരംഭിച്ചത്. അതിനാല്‍ അപൂര്‍വ്വമായി മാത്രം ലഭ്യമാകാവുന്ന ജീവിത മുന്നേറ്റത്തിനുള്ള അവസരം ഉപേക്ഷിച്ച് സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ തീരുമാനമെടുത്തു.
ഇവരെ സംബന്ധിച്ച വിവരം ജയിലിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ ശ്രദ്ധയില്‍പ്പെട്ട സമയത്ത് ജയില്‍ സൂപ്രണ്ട് തന്നെ നേരിട്ടുവന്ന് കൈവന്ന സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തരുതെന്നും മാപ്പെഴുതി കൊടുത്ത് ഭാവിജീവിതം നല്ല രീതിയില്‍ കൊണ്ടുപോകാന്‍ തയ്യാറാകണം എന്നും ഉപദേശിച്ചു. എന്നാല്‍ തങ്ങള്‍ നല്ലവണ്ണം ചിന്തിച്ചെടുത്ത തീരുമാനമാണെന്നും അ തില്‍നിന്നും വ്യതിചലിക്കുന്ന പ്രശ്‌നമില്ലെന്നും രണ്ടുപേരും വ്യക്തമാക്കി.
ബാലന്മാരുടെ ഉത്സാഹം
ജയിലില്‍ ബാല സ്വയംസേവകരും വളരെ ഉത്സാഹത്തോടെ കാര്യപരിപാടികളില്‍ പങ്കാളികളായി. അവരില്‍ നിരാശയുടെയോ പരാജയത്തിന്റെയോ ലാഞ്ഛനപോലും ഉണ്ടായിരുന്നില്ല. കാണ്‍പൂര്‍ ജയിലില്‍ തങ്ങളുടെ അവകാശങ്ങള്‍ അനുവദിച്ചുകിട്ടാനായി നിരാഹാരസമരം നടത്താന്‍ നിശ്ചയിച്ച സമയത്ത് ബാലന്മാര്‍ക്ക് നിരാഹാരം കിടക്കാന്‍ വിഷമമായിരിക്കും എന്നു കരുതി അവരെ അതില്‍നിന്നും ഒഴിവാക്കിയതായി മുതിര്‍ന്ന അധികാരികള്‍ അവരോട് പറഞ്ഞു. പൂര്‍ണമായും നിരാഹാരമിരിക്കാതെ കുറഞ്ഞത് പാലെങ്കിലും കഴിക്കാമെന്നെല്ലാം അവരോട് പറഞ്ഞു നോക്കി. എന്നാല്‍ അധികാരികള്‍ക്ക് തങ്ങളുടെ സഹനശക്തിയില്‍ വിശ്വാസമില്ലെന്ന് കണ്ട് അവര്‍ ദുഃഖിതരായി. ബാലന്മാരെല്ലാവരും ഉപവാസസമരത്തില്‍ തങ്ങളേയും പങ്കാളികളാക്കണമെന്ന് നിര്‍ബന്ധം പിടിച്ചു. മുതിര്‍ന്നവരോടൊപ്പം ലക്ഷ്യ പ്രാപ്തിക്കായി ബലിദാനികളാകാനും എന്തു യാതനകള്‍ സഹിക്കാനും ഒരുക്കമാണെന്ന് അവര്‍ ദൃഢസ്വരത്തില്‍ പ്രഖ്യാപിച്ചു. അവസാനം അവരെയും നിരാഹാരസമരത്തില്‍ പങ്കെടുപ്പിക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരായി.
ദില്ലിയിലെ കുറെ സ്വയംസേവകരെ ഹസാരിബാഗിലെ (ബീഹാര്‍)ലെ ജയിലിലാണ് തടവുകാരാക്കിയിരുന്നത്. മറ്റു ജയിലുകളിലേതു പോലെ ഈ ജയിലിലും ആവശ്യങ്ങള്‍ അനുവദിച്ചു കിട്ടാനായി നിരാഹാരസമരം ആരംഭിച്ചു. അവര്‍ കൂജയില്‍ വെള്ളം നിറച്ച് അതില്‍ തുളസിയിലയിട്ട് നിത്യവും മുന്നുനേരം ഗായത്രിമന്ത്രം ചൊല്ലി അതുമാത്രമാണ് കഴിച്ചിരുന്നത്. അവിടുത്തെ ജയില്‍സൂപ്രണ്ട് ഒരു മുസ്ലിമായിരുന്നു. കേവലം തുളസിവെള്ളം മാത്രം കുടിച്ച് കഴിയുന്ന ഇവരെ കണ്ട് അത്ഭുതപ്പെട്ട അദ്ദേഹം തുളസിയുടെ വിശേഷത എന്താണെന്നന്വേഷിച്ചു. സ്വയംസേവകര്‍ തുളസീമാതാവില്‍ സഞ്ജീവനി ശക്തിയുണ്ടെന്ന് ഉത്തരം നല്‍കി. അടുത്തദിവസം തന്നെ അദ്ദേഹം അവിടുത്തെ തുളസിച്ചെടി മുഴുവന്‍ നശിപ്പിച്ചു. ”ഇപ്പോള്‍ നിങ്ങളുടെ അമ്മതന്നെ നശിച്ചു കഴിഞ്ഞിരിക്കുന്നു” എന്നുപറഞ്ഞു.
സംഘത്തെയും സ്വയംസേവകരെയും സംബന്ധിച്ച് പല ജയിലധികാരികള്‍ക്കും വളരെ നല്ല ധാരണയുണ്ടായിരുന്നു. അവരുടെ സങ്കല്‍പം സ്വയംസേവകര്‍ ഒരു വിധത്തിലുള്ള ദുശ്ശീലവുമില്ലാത്തവ രാണെന്നായിരുന്നു. ശ്രീ വാമന്‍ മുകുന്ദ് പാട്ടീല്‍ എന്ന സ്വയംസേവ കന്‍ നാഗപ്പൂര്‍ ജയിലിലെ ഒരനുഭവത്തെപ്പറ്റി ഇങ്ങനെ വിവരിക്കു ന്നു. ”ഞങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ഒരു സ്വയംസേവകന്‍ സിഗരറ്റ് വലിക്കാന്‍ കിട്ടാതെ സഹികെട്ട് സാധാരണ തടവുകാരന് ഒരു പൈസ കൊടുത്ത് സിഗരറ്റ് കൊണ്ടു വരാന്‍ ഏര്‍പ്പാട് ചെയ്തു. അനുവാദമില്ലാതെ പുറത്തുനിന്ന് ഒരു സാധനവും ജയിലില്‍ കൊണ്ടുവരാന്‍ പാടില്ല എന്നതാണ് നിയമം. സിഗരറ്റ് കടത്തിക്കൊണ്ടുവരുമ്പോള്‍ അയാള്‍ പിടിക്കപ്പെടുകയും അതിന്റെ ശിക്ഷയായി മൂന്നുദിവസം ഏകാന്തതടവില്‍ കഴിയേണ്ടിവരികയും ചെയ്തു. അയാളെ ചോദ്യം ചെയ്തതില്‍നിന്നും സംഘത്തില്‍പ്പെട്ട ഒരാളാണ് തനിക്ക് സിഗരറ്റ് കൊണ്ടുവരാന്‍ പൈസ തന്നതെന്ന് വ്യക്തമാക്കി. ഇതുകേട്ട ജയിലധികാരിക്ക് ഷോക്കേറ്റ അനുഭവമുണ്ടായി. പിറ്റേദിവസം സ്വയംസേവകതടവുകാരെയെല്ലാം ഒരുമിച്ചുകൂട്ടി അദ്ദേഹം ഇങ്ങനെ പറഞ്ഞു:- ”ശ്രീ ഗുരുജിയും ഈ ജയിലില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ദര്‍ശനത്തിനായി ഞാന്‍ നിത്യവും പോകാറുണ്ടായിരുന്നു. എന്തൊരു തപോജ്ജ്വലജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്! നിങ്ങള്‍ അദ്ദേഹത്തിന്റെ അനുയായികളാണ്. ഇത്തരം പെരുമാറ്റം നിങ്ങളുടെ ഗുരുജിക്കും സംഘത്തിനും കളങ്കം ചാര്‍ത്തുന്നതാണ്.” ജയിലധികാരിയുടെ ഈ വാക്കുകള്‍ സ്വയംസേവകരുടെ ഹൃദയത്തില്‍ പതിച്ചു. എല്ലാ സ്വയംസേവകര്‍ക്കും അവരുടെ പെരുമാറ്റം എങ്ങനെയായിരിക്കണം എന്നതിന് യോഗ്യമായ മാര്‍ഗ്ഗദര്‍ശ്ശനം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഭാഷണം.
(തുടരും)