- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- അനുഭവസ്ഥന്റെ കഥ (ആദ്യത്തെ അഗ്നിപരീക്ഷ 34)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
ഗ്വാളിയോര്‍ ജയിലിലെ ഭീകര പീഡനങ്ങളെക്കുറിച്ച് മദ്ധ്യപ്രദേശിലെ അദ്ധ്യാപകനും സംഘത്തിന്റെ പ്രമുഖ കാര്യകര്‍ത്താവുമായ ശ്രീ ബൈജുനാഥ് ശര്‍മ്മ സ്വന്തം അനുഭവം വിവരിക്കുന്നു:- ”കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ ഗ്വാളിയോര്‍ ജയിലില്‍ സത്യഗ്രഹിസ്വയംസേവകരുടെ സംഖ്യ 500 ആയിക്കഴിഞ്ഞു. അന്നത്തെ നഗര്‍ കാര്യവാഹ് ഡോ. കമല്‍ കിശോര്‍, നാരായണന്‍ കൃഷ്ണ രോജവല്‍ക്കര്‍ (പിന്നീട് ബിജെപി നേതാവും നിയമസഭാംഗവുമായി), മാസ്റ്റര്‍ ഗോവിന്ദറാവു ദല്‍വി (ഇപ്പോള്‍ ബസ്തറില്‍ സന്ന്യാസി), സുന്ദര്‍ലാല്‍ പട്‌വാ (പിന്നീട് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി), നരേശ് ജൗഹരി (പിന്നീട് മന്ത്രി), ലാലാറാം പര്‍മാര്‍ (മന്ദസൗര്‍) തുടങ്ങി നാട്ടില്‍ പ്രമുഖരായ കാര്യകര്‍ത്താക്കളെല്ലാം ജയിലില്‍ സ്വയംസേവകരെ സമാധാനിപ്പിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാനും ഉണ്ടായിരുന്നു.
ജയിലിലെ ഭക്ഷണത്തിന്റെയും ശുചിത്വത്തിന്റെയും സ്ഥിതി പറഞ്ഞാല്‍, ചപ്പാത്തി മാവില്‍ മണല്‍ കലര്‍ന്ന അവസ്ഥ, കറിയില്‍ പുഴുക്കളും കൃമികളും, പരിപ്പിലും അരിയിലും അതേ നിറത്തിലുള്ള ചെറിയ കല്ലുകള്‍, വൃത്തിയില്ലാത്ത കുടിവെള്ളം, വിസര്‍ജ്യത്തിന്റെ ദുര്‍ഗന്ധം, പഴകിയ ദുര്‍ഗന്ധം വമിക്കുന്ന കമ്പിളി – എന്നിവയെല്ലാം കൂടി നരകതുല്യമായ അവസ്ഥയാണ് അവിടെ ഉണ്ടായിരുന്നത്. 12 അണയുടെ റേഷനാണ് തുടക്കത്തില്‍ ഒരാള്‍ക്ക് അനുവദിച്ചിരുന്നത്. പിന്നീട് അത് കുറച്ച് 8 അണയും രണ്ടു പൈസയുമാക്കി. ഏര്‍പ്പാടനുസരിച്ച് രണ്ടു മൂന്നു ദിവസങ്ങളായി ജയിലിലെ സൗകര്യങ്ങള്‍ സംബന്ധിച്ച് ശ്രീ ഗോപാല്‍ ഗണേശ് ടേബേയും (പി.ജി.ബി. ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്രൊഫസര്‍) മാസ്റ്റര്‍ ദല്‍വിയും ജയിലധികാരികളെക്കണ്ട് സംസാരിച്ചുകൊണ്ടിരുന്നു. വളരെ പരിശ്രമങ്ങള്‍ക്കുശേഷം സത്യഗ്രഹികള്‍ക്കായി പ്രത്യേകം ആഹാരം തയ്യാറാക്കാനുള്ള അനുവാദം കിട്ടി. പാചകക്കാരായി കുറ്റവാളികളായ കുറച്ചു തടവുകാരെയും വിട്ടുകിട്ടി. 24 പേരെ അടുക്കളവിഭാഗത്തിന്റെ ഉത്തരവാദിത്തം ഏല്‍പ്പിച്ചകൂട്ടത്തില്‍ ഞാനും മാസ്റ്റര്‍ ധനിറാം എന്ന ദാദാ ബേലാ പുര്‍ക്കറും ഉണ്ടായിരുന്നു.
ജയിലില്‍ സാധാരണ തടവുകാര്‍ക്ക് ശര്‍ക്കര കിട്ടുകയെന്നത് അപൂര്‍വ്വമായ കാര്യമായിരുന്നു. ഈ അടുക്കളയില്‍നിന്ന് കുറ്റവാളികളായ തടവുകാര്‍ക്ക് കുറച്ച് ശര്‍ക്കരയും മറ്റും കൊടുത്തിരുന്നു”.
കറുത്തദിനം
”ജനുവരി 26 സത്യഗ്രഹികളെ സംബന്ധിച്ച് കറുത്തദിനമായിത്തീര്‍ന്നു. സമയം രാവിലെ 11.30. ഞങ്ങള്‍ അടുക്കളയിലായിരുന്നു. അനേകം സത്യഗ്രഹികള്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അപകടമണി മുഴങ്ങി. ചില പ്രമുഖ സത്യഗ്രഹികള്‍ ജയിലറുമായി സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. കാണെക്കാണെ കുറ്റവാളികളായ തടവുകാര്‍ ബാറ്റണ്‍, ഇരുമ്പുവടി തുടങ്ങിയ ആയുധങ്ങളുമായി ചെറുസംഘങ്ങളായി ബാരക്കുകളിലേയ്ക്ക് നീങ്ങിത്തുടങ്ങി. അവര്‍ ‘കൊല്ല്’ ‘കൊല്ല്’ എന്ന് പറഞ്ഞുകൊണ്ട് സത്യഗ്രഹികളെ ആക്രമിക്കാന്‍ തുടങ്ങി. ആരെ എവിടെ കണ്ടാലും അടിച്ചുവീഴ്ത്താന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് സത്യഗ്രഹികള്‍ക്ക് തീരെ മനസ്സിലായില്ല. കയ്യിലുള്ള സാധനങ്ങളെല്ലാം അവിടെത്തന്നെയിട്ട് അവര്‍ ബാരക്കുകളിലേയ്ക്ക് ഓടിത്തുടങ്ങി. ഞങ്ങള്‍ 24 പേര്‍ അടുക്കളയില്‍ ജോലിയിലായിരുന്നു. ഇങ്ങോട്ടെത്തിയാല്‍ ഞങ്ങളെ തീയിലേയ്ക്ക് വലിച്ചെറിയുകതന്നെ ചെയ്യുമെന്നുറപ്പായിരുന്നു. നമ്മുടെ അടുക്കള ജയില്‍കവാടത്തില്‍ നിന്ന് ഒരു ഫര്‍ലോങ്ങ് ദൂരെയായിരുന്നു. ജയിലിലെ സ്ഥിതിയെക്കുറിച്ച് പോലീസ് സൂപ്രണ്ടിനെ ഫോണ്‍ ചെയ്ത് അറിയിക്കാമെന്ന് കരുതി ഞാന്‍ മെസ്സിന്റെ 8 അടി ഉയരമുള്ള മതില്‍ കേറിമറിഞ്ഞ് ജയില്‍ കവാടത്തിലേയ്ക്ക് ഓടിത്തുടങ്ങി.
ഞാന്‍ ഓടുന്നത് രണ്ട് അക്രമികളുടെ ദൃഷ്ടിയില്‍പെട്ടു. കണ്ട ഉടനെ അവര്‍ എന്റെ നേരേ പാഞ്ഞുവന്നു. അവരില്‍നിന്ന് ഞാന്‍ കുറേ ദൂരെയായിരുന്നെങ്കിലും മറുവശത്തുനിന്നും കുറച്ച് അക്രമികള്‍ ഓടിവന്നു, എന്നെ വളഞ്ഞടിക്കാന്‍ തുടങ്ങി. കുറേ അടി കൈകൊണ്ട് തടഞ്ഞു. ഒരു ബാറ്റണ്‍ പൊട്ടിപ്പോയി. തലയെല്ലാം പൊട്ടി. കുറച്ചു കഴിഞ്ഞതോടെ രക്തത്തില്‍ കുളിച്ച് ഞാന്‍ താഴെവീണുപോയി. എന്നിട്ടും അവര്‍ അടി തുടര്‍ന്നുകൊണ്ടിരുന്നു. മുറിവേറ്റ് അവശനായ ഞാന്‍ മൃതപ്രായനായി ശ്വാസംനിന്ന നിലയില്‍ അവിടെ കിടന്നു. ഒരുത്തന്‍ എന്റെ നെഞ്ചില്‍ കേറിനിന്ന്, ”ഇവന്‍ ചത്തു കഴിഞ്ഞു” എന്നുപറഞ്ഞ് അടുത്ത ഇരയെ തേടിപ്പോയി. ചുറ്റുപാടും ശാന്തമായി എന്നും മറ്റാരും ഇല്ലെന്നും തോന്നിയപ്പോള്‍ ഞാന്‍ മെല്ലെ കണ്ണുമിഴിച്ചു. അപ്പോള്‍ എന്റെ തലയ്ക്ക് പിന്നിലായി ഒരു തടവുകാരന്‍ നില്‍ക്കുന്നത് കണ്ടു. അയാള്‍ എന്നോട് ”അനങ്ങാതെ കിടന്നോളൂ അല്ലെങ്കില്‍ അവര്‍ വീണ്ടും അടിക്കും. നിങ്ങള്‍ എനിക്ക് സ്ഥിരമായി ശര്‍ക്കര തരാറുള്ളതാണ്. താങ്കളെ നോക്കാനും കാത്തുരക്ഷിക്കാനുമാണ് ഞാനിവിടെ നില്‍ക്കുന്നത്” എന്ന് പതുക്കെ പറഞ്ഞു. ഞാന്‍ മനസ്സുകൊണ്ട് അയാളോട് നന്ദി പറഞ്ഞു. ആര്‍ക്കെങ്കിലും വേണ്ടി നന്മ ചെയ്താല്‍ അതിന്റെ ഫലമായി നന്മ തിരിച്ചുകിട്ടുമെന്ന് ബോദ്ധ്യമായി. കുറച്ചു സമയത്തിനുശേഷം പോലീസ് അവിടെയെത്തി. അവര്‍ ഒരാള്‍ മരിച്ചെന്നുപറഞ്ഞു. മരിച്ചെന്നു കരുതി എന്നെ അവര്‍ ആംബുലന്‍സിന്റെ സീറ്റിനിടയ്ക്കിട്ടു. അതോടെ എന്റെ ബോധവും നഷ്ടപ്പെട്ടു.”
”ഈ മര്‍ദ്ദനത്തില്‍ 45 സത്യഗ്രഹികള്‍ക്ക് പരിക്കേറ്റു. അതില്‍ 16 പേരുടെ പരിക്ക് സാരമായതായിരുന്നു. അവരെയെല്ലാവരെയും നഗരത്തിലെ വലിയ ‘ജയാരോഗ്യ ആശുപത്രി’യിലേയ്ക്ക് മാറ്റി. എന്നെക്കൂടാതെ ശ്രീ പ്രഭാകര്‍ കേള്‍ക്കറും സുഭാഷ് ഗെന്തോത്രയും മറ്റു രണ്ടുപേരും ആശങ്കയുളവാക്കുന്ന സ്ഥിതിയിലായിരുന്നു. എല്ലാവരുടെയും തലയ്ക്ക് കാര്യമായ മുറിവേറ്റിരുന്നു. ചിലരുടെ കയ്യിന്റേയും കാലിന്റേയും എല്ലുകള്‍ പൊട്ടിയിരുന്നു. ചിലരുടെ എല്ല് പുറത്തേയ്ക്ക് തള്ളിയിരിക്കുന്ന അവസ്ഥയിലുമായി. എന്റെ കാലിന്റെ എല്ലു പൊട്ടിയിരുന്നു. തലയില്‍ 12 തുന്നിക്കെട്ടുണ്ടായിരുന്നു. അക്രമികളില്‍ ഒരാള്‍പോലും മുറിവേറ്റ് ആശുപത്രിയില്‍ എത്തിയിരുന്നില്ല.”
സൗകര്യങ്ങള്‍ പങ്കുവെയ്ക്കല്‍
ജയിലില്‍ കഴിയുന്ന സത്യഗ്രഹികളെല്ലാം സാമ്പത്തികമായും വിദ്യാഭ്യാസപരമായും സമാജികതലത്തിലും മേല്‍ത്തരം ശ്രേണിയില്‍ പെടാന്‍ യോഗ്യതയുള്ളവരായിരുന്നു. പലരും അവരുടെ നിലവാരമനുസരിച്ച് ‘എ’ ശ്രേണിക്ക് അര്‍ഹതയുള്ളവരായിരുന്നു. എന്നാല്‍ എല്ലാ സ്വയംസേവകരുമൊത്ത് ഒരേതരത്തില്‍ ജീവിക്കാന്‍ അവര്‍ തയ്യാറായി. സൗകര്യങ്ങള്‍ ഒരുമിച്ചുപങ്കുവെച്ച് അനുഭവിച്ചുവന്നു. ഉത്സവസമയങ്ങളില്‍ വീടുകളില്‍നിന്നു കൊണ്ടുവരുന്ന മധുരപലഹാരങ്ങളും പഴങ്ങളും എല്ലാം സാമൂഹ്യമായി പങ്കുവെച്ച് കഴിച്ചിരുന്നു. സ്വയംസേവകരുടെ ഈ പെരുമാറ്റം ജയിലധികൃതരിലും തൊഴിലാളികളിലും മറ്റു തടവുകാരിലും ആശ്ചര്യമുളവാക്കി. കാരണം മറ്റുസംഘടനകളുടെ ഉയര്‍ന്ന നേതാക്കന്മാരുടെ സ്വഭാവം അവര്‍ നേരത്തെ കണ്ടിട്ടുണ്ടായിരുന്നു. ‘സി’ ക്ലാസ്സില്‍ തടവില്‍ കഴിയുന്ന തങ്ങളുടെ പ്രവര്‍ത്തകരെക്കുറിച്ച് അവര്‍ തെല്ലും ചിന്തിച്ചിരുന്നില്ല. പരസ്പരം സമത്വത്തിന്റെയോ സാമൂഹികതയുടെയോ ലാഞ്ചന പോലും അവരില്‍ കണ്ടിരുന്നില്ല. അനുശാസനവും ഇല്ലായിരുന്നു. സ്വയംസേവകരില്‍ ഈ തരത്തിലുള്ള എല്ലാ ഗുണങ്ങളും ഉന്നതനിലവാരത്തില്‍ പ്രകടമാകുന്നതായി അവര്‍ കണ്ടു. വിഷമതകള്‍ അനുഭവിക്കാനും അവ്യവസ്ഥയ്‌ക്കെതിരെ പൊരുതാനും സ്വയംസേവകര്‍ തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുന്ന ദൃശ്യം അവരെ ആശ്ചര്യചകിതരാക്കി.
വിഷമങ്ങളെ പുഞ്ചിരിയോടെ നേരിടല്‍
തങ്ങളുടെ ഈ തരം വിശേഷഗുണങ്ങള്‍ കാരണം ജയില്‍ ജീവിതമാകുന്ന ശാപത്തെ അവര്‍ വരദാനമാക്കിത്തീര്‍ത്തു. കഷ്ടപ്പാടിനിടയിലും അവര്‍ പുഞ്ചിരിക്കാന്‍ പഠിച്ചു. അദ്ധ്യാപകരും പ്രൊഫസര്‍ മാരുമായവര്‍ വിദ്യാര്‍ത്ഥികളായ സത്യഗ്രഹികളുടെ അദ്ധ്യാപകരായി മാറി. ജയിലിലുണ്ടായിരുന്ന ഡോക്ടര്‍മാരും വൈദ്യന്മാരും തങ്ങളുടെ സഹോദരന്മാരായ രോഗികളെ ശുശ്രൂഷിക്കാന്‍ വളരെ താത്പര്യത്തോടെ സന്നദ്ധരായി. ജയിലിലെ ആശുപത്രിയില്‍ചെന്ന് അവിടുത്തെ ഡോക്ടര്‍മാരെ സഹായിക്കാനും സന്നദ്ധരായി. തടവുകാരില്‍ കൃഷിക്കാരുണ്ടായിരുന്നു. കൃഷി പണ്ഡിതന്മാരും കൃഷിയില്‍ പ്രാവീണ്യമുള്ളവരുമായവര്‍. അവര്‍ക്ക് കൃഷിസംബന്ധമായ സമ്മേളനം നടത്തിയിരുന്നു. ഇങ്ങനെ സത്യഗ്രഹികളായ തടവുകാരെല്ലാം നിത്യേന വിവിധ പരിപാടികളില്‍ വ്യാപൃതരായി ഉത്സാഹത്തോടെ കഴിഞ്ഞിരുന്നു. വളരെ വ്യവസ്ഥാപിതവും അനുശാസിതവുമായ രീതിയില്‍ അവരുടെ ദിനചര്യ ആസൂത്രണം ചെയ്തിരുന്നു.
സര്‍വ്വതിലും ആകര്‍ഷണീയ പെരുമാറ്റം
ഉത്സവങ്ങളും മറ്റും സ്വയംസേവകര്‍ ജയിലിലും ഉത്സാഹത്തോടെ യും അന്തസ്സോടെയും നടത്തിയിരുന്നു. പുറമെയുള്ള സ്വയംസേവക രും ജയിലിലുള്ള തങ്ങളുടെ സ്വയംസേവകരെ ഓര്‍ത്ത് അതിനാവശ്യമായ സാധനസാമഗ്രികളെല്ലാം എത്തിച്ചുകൊടുത്തു സഹായിച്ചു. എല്ലാ ജയിലുകളിലും മകരസംക്രാന്തി സാമൂഹ്യമായി ആഘോഷിച്ചു. ആ ഉത്സവത്തില്‍ ശാരീരിക-ബൗദ്ധിക് പരിപാടികള്‍ എല്ലാമുണ്ടായി. പല ജയിലുകളിലും ജയിലധികാരികളെയും ക്ഷണിക്കുകയുണ്ടായി. അതിനുദാഹരണമായിരുന്നു ബീജാപൂര്‍ ജയിലിലെ ഉത്സവം. ഈ ജയിലില്‍ തുടക്കംമുതല്‍ സത്യഗ്രഹികളോട് വളരെ മോശമായ പെരുമാറ്റമാണ് ജയിലധികൃതരില്‍ നിന്നുണ്ടായിരുന്നത്. എന്നാല്‍ സത്യഗ്രഹികള്‍ വളരെ ധൈര്യത്തോടെയും സംയമനത്തോടെയും പ്രവര്‍ത്തിച്ചു. വിഷമതകള്‍ക്കിടയിലും വളരെ സന്തോഷത്തോടെ കാര്യപരിപാടികള്‍ നടത്തിവന്നു. അസൗകര്യങ്ങളെ അവഗണിച്ച് തങ്ങളുടെ പെരുമാറ്റത്തിന്റെ മനോഹാരിത എങ്ങും പ്രകടമാക്കി. അതിന്റെയെല്ലാം ഫലമായി മകരസംക്രാന്തിക്ക് തടവുപുള്ളികളും ജയിലധികാരികളും എല്ലാം മകരസംക്രാന്തി ഉത്സവത്തില്‍ പങ്കെടുക്കാനെത്തി. അവിടെ സ്വയംസേവകര്‍ സാമൂഹ്യമായി പാടിയ ദേശഭക്തിഗാനം അതിനുശേഷം വളരെ ചിട്ടയോടെ താളത്തിനനുസരിച്ചു നടത്തിയ വ്യായാംയോഗ് എന്നിവയെല്ലാം എല്ലാവരുടെയും മനസിനെ നല്ലതുപോലെ സ്വാധീനിച്ചു. ജയിലര്‍ സത്യഗ്രഹികളുടെ അനുശാസനത്തെ പരസ്യമായി പ്രശംസിച്ചു.
മനഃസംസ്‌കരണ കേന്ദ്രം
ബീജാപൂരിലെ ബാഗല്‍കോട്ടിലുള്ള ‘റിമാന്റ് ഹോമി’ല്‍ പാര്‍പ്പി ക്കപ്പെട്ട ബാലസത്യഗ്രഹികള്‍ അവരുടെ പെരുമാറ്റംകൊണ്ട് അവിടെ താമസിക്കുന്ന ബാല കുറ്റവാളികളുടെ മനംകവര്‍ന്നു. കുറ്റവാളികളായ ബാലന്മാരുടെ സ്വഭാവത്തില്‍ നഷ്ടപ്പെട്ട ഗുണങ്ങള്‍ അവര്‍ക്ക് തിരിച്ചുകിട്ടി. ഒരു ബാലന്‍ സ്വയംസേവകരുടെ കൂടെ താമസിച്ച് ക്രമേണ ഒരു നല്ല സ്വയംസേവകനായിത്തീര്‍ന്നു. ‘റിമാന്റ്ഗൃഹ’ത്തില്‍ സാധാരണ നിലയ്ക്ക് കുറ്റവാളികളെ കൂടുതല്‍ വലിയ കുറ്റവാളികളാക്കുന്ന അനുഭവമാണ്. എന്നാല്‍ ബാലസ്വയംസേവകരുമായുള്ള സഹവാസം കൊണ്ട് ഈ സ്ഥാപനം അക്ഷരാര്‍ത്ഥത്തില്‍ സംസ്‌കരണകേന്ദ്രമായി മാറി. ബീജാപൂര്‍ ഒരു ഉദാഹരണം മാത്രമാണ്. മിക്കവാറും എല്ലാ ജയിലിലും ഇതുതന്നെ സംഭവിച്ചിരുന്നു.
എതിരാളികളുടെയും
മനം കവര്‍ന്നു
സംഘസ്വയംസേവകര്‍ തങ്ങളുടെ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റത്താല്‍ ജയിലധികാരികളുടെയും വിവിധപ്രക്ഷോഭങ്ങളില്‍ പങ്കെടു ത്ത് തടവിലാക്കപ്പെട്ട സംഘവിരോധികളായ വിവിധ സംഘടനകളുടെ പ്രവര്‍ത്തകരുടെയും മനസ്സില്‍ ആദരവ് പിടിച്ചുപറ്റി.
കാണ്‍പൂര്‍ ജയിലില്‍ ബാരിസ്റ്റര്‍ നരേന്ദ്രസിംഗ് (പ്രാന്തസംഘചാലക്) അടക്കമുള്ള നൂറുകണക്കിന് കാര്യകര്‍ത്താക്കള്‍ ഉണ്ടായിരുന്നു. കുറച്ചുദിവസങ്ങള്‍ക്കുശേഷം സഖാവ് ഗണേശ് ദത്ത വാജ്‌പേയിയുടെ നേതൃത്വത്തില്‍ അവിടുത്തെ ഒരു തുണിമില്ലില്‍ നടന്ന സമരം സംബന്ധിച്ച് 20-25 തൊഴിലാളികളെയടക്കം അറസ്റ്റുചെയ്ത് ഈ ജയിലില്‍ കൊണ്ടുവന്നു. സ്വയംസേവകര്‍ താമസിച്ചിരുന്ന ഭാഗത്തുള്ള രണ്ട് ബാരക്കുകളില്‍ വലിയ ബാരക്കിലാണ് 100 സ്വയംസേവകര്‍ക്ക് താമസിക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നത്. ചെറിയ ബാരക്കുകളില്‍ കമ്മ്യൂണിസ്റ്റുകാര്‍, മുസ്ലീംലീഗുകള്‍ ഗുണ്ടാവകുപ്പനുസരിച്ച് പിടിക്കപ്പെട്ടവര്‍ എന്നിങ്ങനെ കുറച്ചുപേരെ താമസിപ്പിച്ചിരുന്നു. സംഘ കാര്യകര്‍ത്താക്കളോടൊപ്പം താമസിക്കാനോ മറ്റേതെങ്കിലും തരത്തില്‍ ബന്ധപ്പെടാന്‍പോലുമോ അവര്‍ വിസമ്മതിച്ചു. അവരുമാത്രമായതിനാല്‍ ആ ബാരക്കില്‍ ആവശ്യത്തിന് സ്ഥലമുണ്ടായിരുന്നു. സ്വയംസേവകരുടെ ബാരക്കില്‍ 100 പേര്‍ ഉണ്ടായിരുന്നതില്‍ കട്ടിലിനടിയിലും മറ്റുമായിരുന്നു പലരും സ്ഥലം കണ്ടെത്തിയത്.
മേല്‍പ്പറഞ്ഞ പ്രക്ഷോഭത്തില്‍ അറസ്റ്റ് ചെയ്തു കൊണ്ടുവന്നവരെ സ്വാഭാവികമായും കുറച്ച് സംഖ്യയുള്ള സഖാക്കള്‍ താമസിക്കുന്ന ബാരക്കിലേയ്ക്ക് കൊണ്ടുപോയി. എന്നാല്‍ അവിടെ നേരത്തെ താമസിച്ചിരുന്ന സഖാക്കള്‍ അവരെ സ്വീകരിക്കാന്‍ വിസമ്മതിച്ചു. ‘ഞങ്ങള്‍ക്ക് താമസിക്കാന്‍തന്നെ ഇവിടെ സൗകര്യമില്ല’ എന്നുപറഞ്ഞ് തിരസ്‌ക്കരിച്ചു എന്നുമാത്രമല്ല ഭക്ഷണം ഒരുമിച്ചാകാമെന്ന ആശയവും അവര്‍ സ്വീകരിച്ചില്ല. നിവൃത്തിയില്ലാതെ ഈ തടവുകാര്‍ സംഘ ബാരക്കിലെത്തി താമസിക്കാന്‍ സൗകര്യമാവശ്യപ്പെട്ടു. സ്വയംസേവകര്‍ അവരെ സ്വീകരിച്ചു. ഉള്ള സൗകര്യമനുസരിച്ച് അവരെയും താമസിക്കാന്‍ അനുവദിച്ചു. അവര്‍ക്കാവശ്യമായ ഭക്ഷണവും എല്ലാവരോടുമൊപ്പം വ്യവസ്ഥ ചെയ്തു. സംഘപ്രവര്‍ത്തകരുടെ ആത്മീയഭാവത്തോടെയുള്ള പെരുമാറ്റത്തിന്റെ ഫലമായി സന്തോഷത്തോടെ ദേശഭക്തിഗാനങ്ങള്‍ പാടിയും ഭക്ഷണത്തിനുമുമ്പ് ഭോജനമന്ത്രം ചൊല്ലിയും അവര്‍ സ്വയംസേവകരോടൊപ്പം ലയിച്ചുചേര്‍ന്നു. ചിലപ്പോള്‍ അവര്‍ തങ്ങളുടെ വിപ്ലവഗാനങ്ങളും പാടി. സ്വയംസേവകര്‍ അതിന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
മറ്റേ ബാരക്കില്‍ താമസിച്ചിരുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് ഇത് സഹി ച്ചില്ല. അവര്‍ തൊഴിലാളികളെ വിലക്കിക്കൊണ്ട് ”നിങ്ങള്‍ ഈ കൊ ലയാളികളായ, മുതലാളിത്തവാദികളോടൊപ്പം എന്തിനാണ് ആഹാരം കഴിക്കുന്നത്?” ”അവരുടെകൂടെ ഭുനക്തു (ഭോജനമന്ത്രം) ചൊല്ലുന്നത് എന്തിന്?” എന്നിങ്ങനെ ചോദ്യങ്ങളുന്നയിച്ചു. ഇതെല്ലാം അവ സാനിപ്പിക്കണമെന്നാവശ്യപ്പെട്ടു. ഇതിന് മറുപടിയായി ”ഞങ്ങള്‍ തടവുകാരായി നിങ്ങളുടെ ബാരക്കില്‍ താമസിക്കാന്‍ വന്നപ്പോള്‍ നിങ്ങളുടെ സമത്വബോധം എവിടെപ്പോയി? താമസിക്കാന്‍ സ്ഥലമുണ്ടായിട്ടും ഞങ്ങളെ നിങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. ഞങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളംപോലും തരാന്‍ നിങ്ങള്‍ സന്നദ്ധരായില്ല. അവര്‍ ഞങ്ങളെ സ്വീകരിച്ചു, എല്ലാവിധ സൗകര്യങ്ങളും ചെയ്തുതന്നു, അത്യന്തം സ്‌നേഹപൂര്‍വ്വം ഞങ്ങളോട് പെരുമാറി. ഇതാണ് യഥാര്‍ത്ഥസാഹോദര്യം. ഒരുകാലത്തും ഞങ്ങള്‍ ഇവരെ കൈവിടാന്‍ തയ്യാറാവുകയില്ല” എന്ന് പറഞ്ഞു.
മറ്റൊരു പ്രേരണാദായകസംഭവം
സുപ്രസിദ്ധ സ്വാതന്ത്ര്യസമരസേനാനിയും വിപ്ലവകാരിയും സാഹിത്യകാരനുമായ ശ്രീ സുദര്‍ശനചക്ര തെലുങ്കാന സായുധപ്രക്ഷോഭവുമായി ബന്ധപ്പെട്ട് അനവധി കമ്മ്യൂണിസ്റ്റ് സഹപ്രവര്‍ത്തകരോടൊപ്പം കാണ്‍പൂര്‍ ജയിലില്‍ തടവിലാക്കപ്പെട്ടു. ജയിലധികൃതര്‍, പോലീസുകാര്‍ എന്നിവരും കമ്മ്യൂണിസ്റ്റ് തടവുകാരും തമ്മില്‍ ചില ആവശ്യങ്ങളെ ചൊല്ലി ജയിലില്‍ സംഘര്‍ഷമുണ്ടായി. അടിയും കല്ലേറുമെല്ലാം നടന്നു. നൂറോളം കമ്മ്യൂണിസ്റ്റുകാരുടെ തല പൊട്ടുകയും കൈകാലുകളുടെ എല്ലുപൊട്ടുകയും മറ്റും സംഭവിച്ചു. ഒരു ഡസനോളം പോലീസുകാര്‍ക്കും പരിക്കുപറ്റി. ശ്രീ സുദര്‍ശന്‍ ചക്രയുടെയും തലപൊട്ടുകയും വലതുകൈത്തണ്ടയുടെ എല്ല് ഒടിയുകയും ചെയ്തു.
അടുത്ത ബാരക്കില്‍ പ്രാന്തപ്രചാരകനായ ഭാവുറാവു ദേവറസ് അടക്കം സംഘതടവുകാര്‍ താമസിച്ചിരുന്നു. ശ്രീ ചക്രജിയുടെയും മറ്റും പരിശ്രമംകൊണ്ടും സ്വയംസേവകരുടെ സ്‌നേഹപൂര്‍വ്വമായ പെരുമാറ്റം കൊണ്ടും സ്വയംസേവകരും കമ്മ്യൂണിസ്റ്റുകാരും അത്ഭുതകരമാംവിധം സഹകരിച്ച് കഴിഞ്ഞിരുന്നു. ലാത്തിച്ചാര്‍ജിനുശേഷം മുറിവേറ്റ സുദര്‍ശന്‍ ചക്രയ്ക്കും മറ്റ് കമ്മ്യൂണിസ്റ്റുകാര്‍ക്കും ഭാവുറാവുജിയുടെ നേതൃത്വത്തില്‍ സ്വയംസേവകര്‍ ആവശ്യമായ ശുശ്രൂഷകളും സേവനവും ചെയ്തുകൊടുത്തു.
ഈ സംഘര്‍ഷത്തിനുശേഷം കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ കേസെടുത്ത് അവരെ വിഷമിപ്പിക്കാനുള്ള നീക്കങ്ങളാരംഭിച്ചു. കമ്മ്യൂണിസ്റ്റു കാരും സംഘസ്വയംസേവകരും തമ്മില്‍ സൈദ്ധാന്തികമായ സംഘര്‍ഷമു ണ്ടെന്നറിയാവുന്ന ജയിലധികൃതര്‍ സംഘ കാര്യകര്‍ത്താക്കന്മാരെ സമീപിച്ച് ”കമ്മ്യൂണിസ്റ്റുകാരെ അമര്‍ച്ച ചെയ്യാനുള്ള സുവര്‍ണാവസരമാണിത്. അവര്‍ നിങ്ങളുടെ ശത്രുക്കളാണല്ലോ, അതിനാല്‍ ഈ കേസില്‍ അവര്‍ക്കെതിരായി സാക്ഷി പറയാന്‍ നിങ്ങള്‍ തയ്യാറാകണം” എന്നു പറഞ്ഞു. എന്നാല്‍ സംഘഅധികാരികള്‍ തങ്ങളുടെ നിലപാട് സ്പഷ്ടമായി വ്യക്തമാക്കി. ”ഞങ്ങളും കമ്മ്യൂണിസ്റ്റുകാരും ഒരേ സര്‍ക്കാറിന്റെ തടവുകാരാണ്. ഒരു സഹതടവുകാരനെതിരായും സാക്ഷിപറയാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല.” ഈ സംഭവത്തോടെ അവര്‍ സംഘസ്വയംസേവകരുടെ ഉറ്റ സ്‌നേഹിതന്മാരായിത്തീര്‍ന്നു. (‘സൂല്‍’ എന്ന തൂലികാനാമത്തില്‍ ശ്രീ സൂര്യപ്രകാശ് ത്രിപാഠി എഴുതി 1973 ല്‍ പ്രസിദ്ധീകരിച്ച ‘വിശ്വകവി സുദര്‍ശന്‍ ചക്ര’ എന്ന പുസ്തകത്തില്‍ നിന്ന് ഉദ്ധരിച്ചത്).
(തുടരും)