- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- പുറത്തും നിരാഹാരസമരം (ആദ്യത്തെ അഗ്നിപരീക്ഷ 33)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
നിരാഹാരമനുഷ്ഠിക്കുന്ന സത്യഗ്രഹികളെ കാണാന്‍ അവരുടെ ബന്ധുക്കള്‍ക്ക് അനുവാദം കൊടുക്കാന്‍ ജയിലധികാരികള്‍ സമ്മതിച്ചില്ല. അതില്‍ പ്രതിഷേധിച്ച് അവരുടെ ബന്ധുക്കള്‍ ജയിലിനുമു ന്നില്‍ നിരാഹാരമാരംഭിച്ചു. മന്ത്രിമാരുടെ കാറ് വഴിയില്‍ തടയാന്‍ മഹിളകള്‍ സന്നദ്ധരായി. പഞ്ചാബിലെ നിയമസഭയിലെ കോണ്‍ഗ്രസ് സഭാംഗങ്ങള്‍ തങ്ങളുടെ നേരെയുണ്ടാകാവുന്ന അച്ചടക്ക നടപടികളില്‍ ഭയപ്പെടാതെ മുഖ്യമന്ത്രിയെ കണ്ട് സത്യഗ്രഹികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ശക്തമായി അപേക്ഷിച്ചു. ഇതിനിടെ മന്ത്രിസഭയ്‌ക്കെതിരായ അവിശ്വാസപ്രമേയം പാസ്സാവുകയും ശ്രീ ഭീംസെന്‍ സച്ചാറിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്തു. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സച്ചാര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സംഘത്തെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് താനെന്ന് തന്റെ എതിരാളികള്‍ മുദ്രകുത്തുമെന്ന ഭയത്താല്‍ അദ്ദേഹം നിശബ്ദനായിരിക്കുകയായിരുന്നു. മുഖ്യമന്ത്രിപദം ഏറ്റെടുത്തതോടെ അദ്ദേഹം പ്രശ്‌നം പരിഹരിക്കാനുള്ള തീരുമാനമെടുത്തു.
അധികാരശക്തി പരാജയപ്പെട്ടു
വടംവലി നടന്നുകൊണ്ടിരുന്നു. ഒരു വശത്ത് അധികാരത്തിന്റെ മത്ത് പിടിച്ച ഭരണാധികാരികളുടെ ധാര്‍ഷ്ട്യം, മറുവശത്ത് നിശ്ചയദാര്‍ഢ്യത്തോടെ സത്യഗ്രഹികളുടെ ബലിദാനത്തിനുള്ള വികാരം. അവസാനം രാജശക്തിക്ക് സാത്വിക ജനശക്തിക്കുമുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. 10-ാം ക്ലാസ്സ് പാസ്സായവരോ 100 രൂപയില്‍ കൂടുതല്‍ മാസവരുമാനമുള്ളവരോ ആയ എല്ലാവര്‍ക്കും ‘ബി’ ശ്രേണി അനുവദിക്കാന്‍ സന്നദ്ധരാണെന്ന പ്രഖ്യാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. സംഘത്തിന്റെ എല്ലാ സത്യഗ്രഹികളും ഇതിന്റെ പരിധിയില്‍പെടുന്നവരായിരുന്നു. അങ്ങനെ 40 ദിവസം നീണ്ടുനിന്ന അഭൂതപൂര്‍വ്വമായ നിരാഹാരസത്യഗ്രഹത്തിന് ശൂഭകരമായ പര്യവസാനമുണ്ടായി. വ്യക്തിപരമായി ഇതിനെക്കാള്‍ കൂടുതല്‍ ദിവസം ഉപവാസം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ എണ്ണത്തില്‍ ജയിലില്‍ സാമൂഹ്യമായി നടത്തിയ ഉദാഹരണം വേറെയുണ്ടായിട്ടില്ല.
ഈ അദ്വിതീയ നിരാഹാരസമരത്തിന് പ്രണാമമര്‍പ്പിച്ചുകൊണ്ട് 1949 നവംബര്‍ 1 ന് ഡോക്ടര്‍ ഭായിമഹാവീര്‍ ഓര്‍ഗനൈസറില്‍ ഇങ്ങനെ എഴുതി:- ”അവര്‍ കേവലം ഉപവാസം നടത്തുക മാത്രമല്ല ചെയ്തത്. ഒരു പുതിയ ചരിത്രം സൃഷ്ടിക്കുക കൂടിയായിരുന്നു. 40 ദിവസം 1200 പേര്‍ നടത്തിയ സാമൂഹ്യ ഉപവാസസമരത്തിന് തുല്യമായ ഉദാഹരണം ലോകചരിത്രത്തിലെങ്ങും തന്നെയില്ല.”
ദേശവ്യാപകമായ സാമൂഹ്യ സൂചനാ നിരാഹാരം
നാട്ടില്‍ അനേകം ജയിലുകളില്‍ ഇത്തരം അസൗകര്യങ്ങളുടെ കഥകള്‍ പറയാനുണ്ട്. എന്നാല്‍ സത്യഗ്രഹികള്‍ക്ക് തെല്ലുപോലും വിഷമം സഹിക്കേണ്ടി വന്നിട്ടില്ലാത്ത ജയിലുകളും ഒട്ടധികമുണ്ടായിരുന്നു. എങ്കിലും സത്യഗ്രഹികളെല്ലാം ഒന്നിച്ചുചേര്‍ന്നുള്ള ഒരു പരിപാടി ആവശ്യമായിരുന്നു. അതനുസരിച്ച് സമ്പൂര്‍ണ്ണഭാരതത്തിലും 1949 ജനുവരി 17 ന് ജയിലുകളുടെ അകത്തും പുറത്തും സത്യഗ്രഹികളോടുള്ള അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഒരു സൂചനാ നിരാഹാരം നടത്താന്‍ നിശ്ചയിച്ചു.
അതിനായുള്ള ആസൂത്രണം നടത്തി എല്ലാ സ്ഥലത്തും സന്ദേശ മെത്തിച്ചു. ജനുവരി 17 ന് ഉപവാസമനുഷ്ഠിക്കുമെന്ന് ജയിലിലെ സത്യഗ്രഹികള്‍ അധികൃതരെ വിവരമറിയിച്ചു. ‘ഇവിടെ പ്രശ്‌നങ്ങ ളൊന്നും ഇല്ലാത്ത നിലയ്ക്ക് നിങ്ങള്‍ ഇവിടെയെന്തിനാണ് നിരാഹാ രം നടത്തുന്നത്’ എന്ന് ഒരു പ്രശ്‌നവുമില്ലാതെ എല്ലാം ശരിയായി നടന്നുകൊണ്ടിരുന്ന ജയിലിലെ അധികാരികള്‍ സത്യഗ്രഹികളോട് ചോദിച്ചു. നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ ഉടനെ നടത്തിത്തരുന്നതാണെന്നും അവര്‍ പറഞ്ഞു. അതിനുത്തരമായി ”ഞങ്ങളുടെ എന്തെങ്കിലും ആവശ്യങ്ങള്‍ക്കായല്ല ഉപവാസം നടത്തുന്നത്. മറിച്ച് മറ്റു ജയിലുകളില്‍ നരകയാതന അനുഭവിക്കുന്ന സത്യഗ്രഹികളോട് അനുഭാവം പ്രകടിപ്പിക്കുന്ന ഉപവാസമാണിത്” എന്ന് സ്വയംസേവകര്‍ പറഞ്ഞു. ഇതിന്റെയെല്ലാം ഫലമായി ജനുവരി 17 ന് സത്യഗ്രഹികള്‍ നിരാഹാരം നടത്താത്ത ഒരു ജയില്‍ പോലും ഭാരതത്തിലുണ്ടായിരുന്നില്ല. അനവധി ജയിലുകളില്‍ മറ്റു തടവുകാരും ഈ ഉപവാസത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധരായി.
പുറമേയും എല്ലായിടത്തും ഏകാദശിയുടെ ഒരു അന്തരീക്ഷം സംജാതമായി. സത്യഗ്രഹികളുടെയും സ്വയംസേവകരുടെയും വീടുകളില്‍ മാത്രമല്ല മറ്റനേകം കുടുംബങ്ങളിലും അന്ന് പാചകം നടത്തുകയുണ്ടായില്ല. സ്ത്രീകള്‍ അമ്പലങ്ങളില്‍ ഒന്നുചേര്‍ന്ന് ഭജന നടത്തി സര്‍ക്കാറിന് സദ്ബുദ്ധിയുണ്ടാകാനായി പ്രാര്‍ത്ഥിച്ചു. പല സ്ഥലങ്ങളിലും ജനങ്ങള്‍ ജയിലിനുമുന്നില്‍ ഒന്നുചേര്‍ന്ന് നിരാഹാരം നടത്തി. അങ്ങനെ സത്യഗ്രഹികളോട് സഹാനുഭൂതി പ്രകടിപ്പിച്ച് നിരാഹാരമിരുന്ന കുടുംബങ്ങള്‍ ലക്ഷക്കണക്കിനുണ്ടാകും.
നിര്‍ദ്ദയവും മനുഷ്യത്വരഹിതവുമായ ലാത്തിച്ചാര്‍ജുകള്‍
അനവധി ജയിലുകളില്‍ സത്യഗ്രഹികളെ ഒരു പാഠം പഠിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നിസ്സാര കാരണങ്ങള്‍ ഉന്നയിച്ച് ക്രൂരവും മനഷ്യത്വരഹിതവുമായ ലാത്തിച്ചാര്‍ജുകള്‍ നടത്തി. എന്നാല്‍ അകാരണമായി ലാത്തിച്ചാര്‍ജുകള്‍ നടത്തിയ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കാന്‍ സന്നദ്ധരായില്ല. മറിച്ച് ലാത്തിച്ചാര്‍ജിന് വിധേയരായ സത്യഗ്രഹികളുടെ പേരില്‍ വ്യാജമായ കുറ്റാരോപണം നടത്തി കേസുകളില്‍ കുടുക്കാനാണ് ജയിലധികൃതര്‍ ഒരുങ്ങിയത്. സത്യഗ്രഹികളുടെ ന്യായമായ ചെറിയ ആവശ്യങ്ങള്‍പോലും ഉന്നയിക്കുന്നത് കുറ്റകരവും ലാത്തിച്ചാര്‍ജ് നടത്തുന്നത് അനിവാര്യമായതുമാണെന്ന് വരുത്തിത്തീര്‍ക്കാനുളള ശ്രമവുമായിരുന്നു അത്.
ബക്‌സര്‍ ജയിലിലെ ലാത്തിച്ചാര്‍ജ്
ബീഹാറിലെ ബക്‌സര്‍ ജയിലില്‍ 1949 മെയ് മാസം 11 ന് വൈകുന്നേരം മൂന്നാം വാര്‍ഡിലെ 25-ാം ബാരക്കിലെ ഒരു സത്യഗ്രഹിയും വാര്‍ഡനും തമ്മില്‍ കുടിവെള്ളത്തെക്കുറിച്ച് വാക്കുതര്‍ക്കമുണ്ടായി. നിത്യം സംഭവിക്കാറുള്ള ഒരു സാധാരണ കാര്യമായിരുന്നു ഇത്. എന്നാല്‍ – നേരത്തേ നിശ്ചയിച്ചതുപോലെ എന്നൂഹിക്കാവുന്ന തരത്തില്‍ – അന്ന് ആ വാര്‍ഡന്‍ പെട്ടെന്ന് വിസിലൂതുകയും അടുത്ത ക്ഷണത്തില്‍ തന്നെ ജയിലിലെ അപകടമണി മുഴക്കുകയും ചെയ്തു. നാലഞ്ചുനിമിഷങ്ങള്‍ക്കകം 60 വാര്‍ഡന്മാരും കുറ്റവാളികളായ കുറച്ച് തടവുകാരും തോക്കുധാരികളായ 25 പട്ടാളക്കാരും അവിടെയെത്തി. ഒട്ടും താമസിക്കാതെ ഒരു സൂചനയുമില്ലാതെ അവര്‍ സത്യഗ്രഹികളുടെ നേരെ ലാത്തിച്ചാര്‍ജ് ആരംഭിച്ചു. ഏകദേശം അരമണിക്കൂര്‍നേരം ഈ ക്രൂരമായ ആക്രമണം നടന്നു. അനവധിപേര്‍ കാര്യമായ പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് തറയില്‍ വീണു.
സത്യഗ്രഹികള്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ ലാത്തിച്ചാര്‍ജ് നടന്നതെന്നതിനാല്‍ ഒന്നൊഴിയാതെ സര്‍വ്വരും ദാരുണമായ രീതിയില്‍ അടിയേറ്റ് അവശരായി. അതില്‍ 26 പേര്‍ക്ക് മാരകമായ മുറിവേറ്റു. അവരെ ആശുപത്രിയിലാക്കി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സത്യഗ്രഹികളെ ലാത്തിച്ചാര്‍ജ് നടത്തിയതില്‍ മാ ത്രം തൃപ്തരാകാതെ ബാരക്കില്‍ പ്രവേശിച്ച് സത്യഗ്രഹികളുടെ സ്വന്തമായ കമ്പിളിവസ്ത്രം, പുതപ്പ്, വാച്ച് അത്യാവശ്യമുണ്ടായിരുന്ന പൈസ എന്നിവയെല്ലാം കൊള്ളയടിച്ചുകൊണ്ടുപോവുകയും ചെയ്തു. പോലീസുകാര്‍തന്നെ കൊള്ളക്കാരായി മാറി!
ആഗ്രയിലെ ലാത്തിച്ചാര്‍ജ്: തലപൊട്ടി, എല്ലൊടിഞ്ഞു
ഫെബ്രുവരിയില്‍ ആഗ്ര ജയിലില്‍ നടന്ന അകാരണമായ ലാത്തിച്ചാര്‍ജിനെക്കുറിച്ച് പൂനയിലെ ‘കേസരി’യില്‍ വിവരിക്കുന്നു:- ”മഥു രയില്‍നിന്നുള്ള ഒരു സ്വയംസേവക സത്യഗ്രഹി അബദ്ധവശാല്‍ മറ്റൊരു ബാരക്കില്‍ ചെന്നുപെട്ടു. സത്യഗ്രഹികളുടെ എണ്ണമെടുക്കുമ്പോള്‍ ജയിലധികാരികള്‍ക്ക് വിഷമമുണ്ടാകരുത് എന്നു കരുതി ഈ ബാരക്കിലുള്ളവര്‍ ജയിലധികൃതരെ വിവരമറിയിച്ചു. യഥാര്‍ത്ഥത്തില്‍ സത്യസന്ധവും ജയിലധികൃതര്‍ക്ക് സഹായകരവുമായ സത്യഗ്രഹികളുടെ ഈ നടപടിയെ അനുമോദിക്കുന്നതിനുപകരം ആ സ്വയംസേവകനുനേരെ ശിക്ഷാനടപടികളുമായി നീങ്ങാനാണ് അധികാരികള്‍ ഒരുങ്ങിയത്. എല്ലാ സത്യഗ്രഹികളെയും സമയത്തിനുമുമ്പുതന്നെ ബാരക്കുകള്‍ക്കുള്ളിലാക്കാന്‍ ആജ്ഞ നല്‍കപ്പെട്ടു. എല്ലാവരും ആജ്ഞ പാലിക്കുകയും ചെയ്തു. എന്നിട്ടും ജയിലര്‍ ആ ബാരക്കിലെയും സമീപ ബാരക്കുകളിലേയും സത്യഗ്രഹികളുടെ നേരെ ലാത്തിച്ചാര്‍ജ് നടത്താന്‍ ആജ്ഞാപിച്ചു. അതിന്റെ ഫലമായി അനവധി സത്യഗ്രഹികള്‍ക്ക് പരിക്കേറ്റെങ്കിലും ആര്‍ക്കും തന്നെ ചികിത്സയ്ക്കുള്ള സൗകര്യം നല്‍കാന്‍ അന്നുരാത്രി സമ്മതിച്ചില്ല. പിറ്റേദിവസം രാവിലെ 200 ഓളം ലാത്തിധാരികളുമൊന്നിച്ച് ജയിലര്‍ അവിടെയെത്തി. തങ്ങളുടെ നിരപരാധിത്വം വിവരിച്ചുകൊണ്ട് മുറിവ് വെച്ചുകെട്ടാന്‍ ആവശ്യം ഉന്നയിച്ച സത്യഗ്രഹികളുടെ നേരെ വീണ്ടും ലാത്തിച്ചാര്‍ജിനായുള്ള ആജ്ഞ ജയിലര്‍ പുറപ്പെടുവിച്ചതോടെ ആ പാവങ്ങളുടെ നേരെ വീണ്ടും ലാത്തിച്ചാര്‍ജ് നടന്നു. അതില്‍ മാരകമായി പരിക്കേറ്റവരെ ജയില്‍ ആശുപത്രിയിലെ ചികിത്സ പര്യാപ്തമല്ലെന്നതിനാല്‍ നഗരത്തിലെ പ്രസിദ്ധമായ തോംസന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.”
ഫിറോസ്പൂരിലെ ലാത്തിച്ചാര്‍ജ്
ഫിറോസ്പൂരില്‍ നേരത്തെ നടത്തിയ ഉപവാസത്തെത്തുടര്‍ന്ന് ജയിലിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പാക്കാമെന്ന് അധികൃതര്‍ സമ്മതിച്ചിരുന്നെങ്കിലും ഒന്നുംതന്നെ നടന്നില്ലെന്നു മാത്രമല്ല സത്യഗ്രഹികളെ ക്രൂരമായ ലാത്തിച്ചാര്‍ജിലൂടെ അടിച്ചൊതുക്കാനുള്ള ശ്രമമാണുണ്ടായത്.
ഡോക്ടര്‍ വരണം ചികിത്സ തരണം മുദ്രാവാക്യം
ജയിലില്‍ കടലകൊണ്ടുണ്ടാക്കിയ ഒന്നൊന്നര ഇഞ്ച് കനമുള്ള ചപ്പാത്തിയാണ് കഴിക്കാന്‍ കൊടുത്തിരുന്നത്. പലപ്പോഴും അത് പൊളിച്ചു മാറ്റുമ്പോള്‍ കട്ടികട്ടിയായി വേകാതെയുള്ള കടലമാവ് കിട്ടുന്ന കാര്യത്തെക്കുറിച്ച് ജയിലധികൃതരോട് അവര്‍ പരാതി പറഞ്ഞിരുന്നു. അത്തരം ചപ്പാത്തി കഴിച്ചതിന്റെ ഫലമായി പലര്‍ക്കും വയറിളക്കവും, മറ്റുചിലര്‍ക്ക് കഠിനമായ വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ രോഗങ്ങളും പിടിപെട്ടു. ചിലരുടെ നില ആശങ്കാജനകമായതിനാല്‍ ഡോക്ടര്‍ വരണമെന്നും ചികിത്സ കിട്ടണമെന്നും ആവശ്യപ്പെട്ടു. നവംബര്‍ 28 ആയതോടെ എല്ലാ രോഗത്തിനും കൊടുത്തു കൊണ്ടിരുന്ന ‘രാമബാണം’ എന്നുപേരിട്ട മിക്‌സ്ചറും കിട്ടാതായി. രണ്ട് സ്വയംസേവകരുടെ അവസ്ഥ അത്യന്തം ആശങ്കാജനകമായി. അവരുടെ കൈയ്യും കാലുമെല്ലാം തണുത്തുതുടങ്ങി. ജയിലധികാരികളെ ആവര്‍ത്തിച്ച് അറിയിച്ചിട്ടും ‘ആര് ചത്താലും ഡോക്ടര്‍ നാളെ കാലത്തേ എത്തൂ’ എന്നായിരുന്നു ജയിലധികൃതരുടെ മറുപടി.
മനുഷ്യത്വലേശമില്ലാത്ത ഈ സമീപനത്തില്‍ പ്രകോപിതരായ സ്വയംസേവകര്‍ ബാരക്കുകളുടെ മദ്ധ്യത്തിലെ തുറന്ന സ്ഥലത്ത് ഒരുമിച്ചുകൂടി. ”ഡോക്ടര്‍ വരണം മരുന്നു തരണം” എന്ന മുദ്രാവാക്യം വിളിച്ചുതുടങ്ങി. മുദ്രാവാക്യം ജയിലാകെ മുഴങ്ങി കേട്ടതോടെ പ്രകോപിതനായ ജയില്‍ സൂപ്രണ്ട് ഓടിവന്നു. അത്യന്തം പ്രകോപിതനായി ഇംഗ്ലീഷില്‍ അട്ടഹസിച്ചു തുടങ്ങി, ”നിങ്ങള്‍ മരിക്കുകതന്നെ വേണം. നിങ്ങള്‍ മാനുഷികപരിഗണന തീരെ അര്‍ഹിക്കുന്നില്ല. നിങ്ങളെ ഞാന്‍ പാഠം പഠിപ്പിക്കും.” എന്നാല്‍ മുദ്രാവാക്യ ബഹളത്തിനിടയില്‍ സൂപ്രണ്ടിന്റെ ശബ്ദം മുങ്ങിപ്പോയി. അതിനാല്‍ വാര്‍ഡന്മാര്‍ക്ക് ലാത്തിച്ചാര്‍ജിനുള്ള ആജ്ഞ കൊടുത്തു.
ലാത്തിച്ചാര്‍ജ് ആരംഭിച്ചു. ഈ സമയത്താണ് സ്വയംസേവകര്‍ തമ്മിലുള്ള ആത്മീയതയും സാഹോദര്യവും സ്വയം പീഡനം സഹിച്ചും മറ്റുള്ളവരെ രക്ഷപ്പെടുത്താനുമെല്ലാമുള്ള വികാരം പ്രകടമായത്. ലാത്തിച്ചാര്‍ജ് തുടങ്ങിയതോടെ പിന്നില്‍ നില്‍ക്കുന്ന സ്വയംസേവകര്‍ തങ്ങളുടെ മുന്നില്‍നില്‍ക്കുന്ന സ്വയംസേവകനെ രക്ഷിക്കാന്‍ സ്വയം മുന്നോട്ടുവന്നു. മറ്റുള്ളവരുടെമേല്‍ കിടന്നുകൊണ്ട് സ്വയം അടി സ്വീകരിക്കാന്‍ ഓരോരുത്തരും മുന്നോട്ടുവരുന്ന കാഴ്ച കണ്ട് ജയില്‍ സൂപ്രണ്ടിന്റെ കണ്ണ് തള്ളിപ്പോയി. അയാള്‍ ഉടന്‍തന്നെ ലാത്തിച്ചാര്‍ജ് നിര്‍ത്താനുള്ള ആജ്ഞ നല്‍കികൊണ്ട് സ്വയം അടികൊണ്ട് കിടക്കുന്ന സ്വയംസേവകരെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടു. ഏകദേശം 80 പേര്‍ക്ക് പരിക്കേറ്റിരുന്നു. മൂന്നുനാലുപേരുടെ നില ഗുരുതരമായിരുന്നു. തിരക്കുപിടിച്ച നീക്കങ്ങളുടെ ഫലമായി ഡോക്ടറെത്തി. ആവശ്യമായ ചികിത്സകളാരംഭിച്ചു. പിറ്റേദിവസം രാവിലെ സത്യഗ്രഹികളെ ഒരുമിച്ചു വിളിച്ചുകൂട്ടി ജയില്‍ സൂപ്രണ്ട് പറഞ്ഞു.”ഞാന്‍ നിങ്ങളെക്കുറിച്ചു ശരിക്കും മനസ്സിലാക്കാതെയാണ് ഇന്നലെ ലാത്തിച്ചാര്‍ജിന് ആജ്ഞ കൊടുത്തത്. അതെന്റെ ഭാഗത്തുനിന്നുളള തെറ്റാണ്……….. ഞാനെന്റെ തെറ്റ് മനസ്സിലാക്കിയിരിക്കുന്നു. അതിന്റെ പ്രായശ്ചിത്തമെന്ന നിലയ്ക്ക് ഞാന്‍ നിങ്ങളോട് ക്ഷമായാചനം ചെയ്യുന്നു. ഭാവിയില്‍ നിങ്ങളെയെല്ലാം എന്റെ പുത്രന്മാരെന്നു കരുതി നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഞാന്‍ വാക്കുതരുന്നു.”
ഗ്വാളിയോറിലെ ക്രൂരവും നീചവുമായ മര്‍ദ്ദനം
ഗ്വാളിയോര്‍ സെന്‍ട്രല്‍ ജയിലിലെ നരകതുല്യ ജീവിതത്തെക്കുറി ച്ച് നേരത്തെ വിശദീകരിച്ചിരുന്നു. സത്യഗ്രഹികള്‍ വളരെ ക്ഷമയോടെ ചര്‍ച്ചകളില്‍ കൂടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലായിരുന്നു. ദിവസങ്ങള്‍ നീണ്ടുപോയ്‌ക്കൊണ്ടിരുന്നു. ജനുവരി 23 ന് സംഘത്തിന്റെ സത്യഗ്രഹം നിര്‍ത്തിവെയ്ക്കപ്പെട്ടു. ചില പ്രമുഖ സത്യഗ്രഹികളായ തടവുകാര്‍ മുഖ്യജയിലറെക്കണ്ട് ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നാവശ്യപ്പെട്ടു. ജയിലര്‍ താന്‍ റൗണ്ടിന് പോവുകയാണെന്നു പറഞ്ഞു. ”താങ്കള്‍ക്ക് ഞങ്ങളെ തട്ടിമാറ്റിയെ പോകാന്‍ കഴിയൂ” എന്നുപറഞ്ഞ് സത്യഗ്രഹികള്‍ ഉറച്ചുനിന്നു. അപ്പോള്‍ ജയിലറുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ അദ്ദേഹത്തിന്റെ ആംഗ്യഭാഷയിലുള്ള നിര്‍ദ്ദേശം എന്ന നിലയ്ക്കായിരിക്കണം അവിടെനിന്ന് ഓടിപ്പോയി. അതോടെ സത്യഗ്രഹികള്‍ ജയിലറെ അടിച്ചുവെന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ആയുധവുമായി മറ്റു തടവുകാരെ വരുത്തി, അവര്‍ സത്യഗ്രഹികളുടെ നേരെ ബാറ്റന്‍, ഇരുമ്പുവടി എന്നിവകൊണ്ട് ഭീകരമായ ആക്രമണം അഴിച്ചുവിട്ടു. സത്യഗ്രഹികള്‍ക്ക് ഇത്തരം ഒരാക്രമണത്തെക്കുറിച്ച് തെല്ലുപോലും പ്രതീ ക്ഷയുണ്ടായിരുന്നില്ല. കുറ്റവാളികളായ തടവുകാരുടെ ആക്രമണത്തിന്റെ ഫലമായി പലര്‍ക്കും മാരകമായി പരിക്കേറ്റു. മാസ്റ്റര്‍ ദല്‍വി, ലാലാറാം പര്‍മര്‍ തുടങ്ങിയ ചില സാഹസികരായ സ്വയംസേവകര്‍ ഇടപെട്ട് എല്ലാവരെയും ബാരക്കിനുള്ളിലാക്കി കതകടച്ചു. ആരേയും ഉള്ളില്‍ കേറാന്‍ അനുവദിച്ചില്ല. അല്ലായിരുന്നെങ്കില്‍ പലര്‍ക്കും മരണം സംഭവിക്കുമായിരുന്നു.
ജയിലില്‍ കൂട്ടക്കൊല ഒഴിവായി
ജയിലിലെ ഈ ആക്രമണത്തെക്കുറിച്ച് അറിഞ്ഞ് പോലീസും ഭരണാധികാരികളും ജയില്‍ സൂപ്രണ്ടും സ്ഥലത്തെത്തി. മുറിവേറ്റ സത്യഗ്രഹികള്‍ അവിടവിടെ കിടക്കുന്നുണ്ടായിരുന്നു. അവര്‍ അവരവരുടെ പരാതികള്‍ പറയാന്‍ ആഗ്രഹിച്ചു. എന്നാല്‍ മന്ത്രി സത്യഗ്രഹികളുടെ നേരെ വെടിവെയ്ക്കാന്‍ ആജ്ഞ കൊടുക്കുകയാണുണ്ടായത്. പോലീസ് സത്യഗ്രഹികളുടെ നേരെ തോക്കുയര്‍ത്തി. ആ സമയത്ത് ഡോ. ഗോ. മറാട്ടെയെപോലുള്ള സമചിത്തതയുള്ള പ്രമുഖനായ സത്യഗ്രഹിയുടെ സാന്നിദ്ധ്യം ഒരു വലിയ ദുരന്തം ഒഴിവാക്കാന്‍ സഹായകമായി. അവിടെ പോലീസിന്റെ മേലാധികാരിയായി നിയോഗിക്കപ്പെട്ട ശ്രീ ഗംഗാസേവക് ത്രിവേദി പിന്നീട് പെന്‍ഷന്‍ പറ്റിയശേഷം അതേക്കുറിച്ച് വിവരിച്ചു.:- ”മന്ത്രിയുടെ ആജ്ഞയനുസരിച്ച് പോലീസ് വെടിവെപ്പിന് ഒരുങ്ങി. മറാട്ടെ ഉറക്കെ വിളിച്ചുപറഞ്ഞു ‘ത്രിവേദിജി വെടിവെയ്ക്കരുത്.’ ഉടനെ ഞാനും (ത്രിവേദി) പറ ഞ്ഞു ”അതെ! വെടിവെയ്ക്കരുത്. പക്ഷെ സത്യഗ്രഹികളെല്ലാം ബാരക്കിലേയ്ക്ക് പോകണം.” അങ്ങനെതന്നെയുണ്ടായി. അതിനാല്‍ വലിയൊരു കൂട്ടക്കൊല അവിടെ ഒഴിവായി.
വിചിത്രന്യായം
സ്ഥലത്തെ പ്രബുദ്ധജനങ്ങളിലെ പ്രമുഖ വ്യക്തികള്‍ ഈ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു. എ ന്നാല്‍ ഒന്നുംതന്നെ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല, മറിച്ച് ഇതിനെ ‘സംഘക്കാരുടെ ആക്രമം’എന്ന് പ്രഖ്യാപിച്ച് സ്വയംസേവകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. ഈ കേസ് അനുസരിച്ച് സത്യഗ്രഹത്തില്‍ പങ്കെടുത്തതിന്റെ ഫലമായി ശിക്ഷിക്കപ്പെട്ട സമയപരിധി കഴിഞ്ഞശേഷവും ഓരോരുത്തരും ഇരുന്നൂറുരൂപാ വീതം ജാമ്യവും നൂറുരൂപയുടെ ബോണ്ടും കെട്ടിവെയ്ക്കുന്നതുവരെ അവര്‍ക്ക് ജയിലില്‍ കിടക്കേണ്ടിയിരുന്നു. പണം കെട്ടിവെയ്ക്കാന്‍ കഴിയാത്തവര്‍ അധികം ജയില്‍വാസം അനുഭവിക്കേണ്ടിയിരുന്നു. 12 ഉം 15 ഉം വയസ്സുള്ള ബാലന്മാര്‍ക്കും ഈ ശിക്ഷ ബാധകമായിരുന്നു. പിന്നീട് ഈ കേസ് എന്തായിയെന്ന് വ്യക്തമല്ല.
(തുടരും)