- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- അവര്‍ എങ്ങിനെ ഇവിടെ കഴിഞ്ഞു? (ആദ്യത്തെ അഗ്നിപരീക്ഷ 31)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
ഗ്വാളിയോര്‍ സെന്‍ട്രല്‍ ജയിലിലെ നരകതുല്യമായ ജീവിതത്തെക്കുറിച്ച് സര്‍ക്കാരേതര ജയില്‍ വിസിറ്ററും അന്നത്തെ മദ്ധ്യഭാരത് നിയമസഭാംഗവുമായ ആനന്ദ ബിഹാരി മിശ്ര അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ എഴുതി: ”ഞാന്‍ സത്യഗ്രഹികളുടെ ബാരക്കില്‍ കാല്‍വെച്ച ഉടനെ എനിക്ക് തികച്ചും നരകത്തിന്റെ പ്രതീതിയാണ് തോന്നിയത്. ഓരോ ബാരക്കില്‍നിന്നും മലമൂത്രത്തിന്റെ ദുര്‍ഗന്ധം വമിച്ചിരുന്നു. ഈച്ചകള്‍ കൂട്ടമായി അവിടമെങ്ങും നിറഞ്ഞിരുന്നു. ഈ തടവുകാര്‍ എങ്ങനെയാണ് ഇവിടെ കഴിഞ്ഞുകൂടുന്നതെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. എല്ലാ ബാരക്കുകളും പൂട്ടിയിട്ടിരിക്കുകയായിരുന്നു. പകല്‍ രണ്ടു മണിക്കാണ് അവരെ ബാരക്കില്‍നിന്ന് പുറത്തുകൊണ്ടുവന്ന് മലമൂത്രവിസര്‍ജ്ജനത്തിനും കൈയും മുഖവും കഴുകാനും അനുവദിക്കാറുള്ളതെന്ന് ജയില്‍ അധികാരികള്‍തന്നെ സമ്മതിക്കുകയുണ്ടായി. കുടിക്കാനുള്ള വെള്ളം ആവശ്യത്തിന് അവിടെ ലഭ്യമായിരുന്നില്ല. അവിടെയുണ്ടായിരുന്നത് അശുദ്ധവെള്ളമായിരുന്നു. ഞങ്ങള്‍ അവിടെ എത്തിയപ്പോഴാണ് ഭക്ഷണം വിതരണം ചെയ്തു തുടങ്ങിയത്. നാലു ചപ്പാത്തിവെച്ച് എല്ലാവര്‍ക്കും വിതരണം ചെയ്യുന്നുണ്ടായിരുന്നു. ചപ്പാത്തി വേവാത്തതും മോശമായതുമായിരുന്നു. ഞാന്‍ ചപ്പാത്തി കഴിച്ചുനോക്കി. കൂടാതെ ജയിലിലെ മുഖ്യപരിശോധകനേയും കഴിപ്പിച്ചു. അത് നിറയെ മണ്ണു കടിച്ചിരുന്നു. പരിപ്പ് മനുഷ്യമലത്തേക്കാള്‍ മോശമായി തോന്നുന്നതായിരുന്നു. ചോറില്‍ കറുത്ത കല്ലുകള്‍ ധാരാളമുണ്ടായിരുന്നു. ഇത്രയും ചീത്തയായ ഭക്ഷണം ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടേയില്ല.”
”രോഗികള്‍ ഒരു ചികിത്സയും കിട്ടാതെ കഴിയുന്നു. ഒരു രോഗി രണ്ടാം നിലയിലെ വാതില്‍ക്കല്‍ അവശനിലയില്‍ കിടക്കുന്നതായി കണ്ടു. അയാളുടെ കൂട്ടുകാരെയെല്ലാം മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അയാള്‍ തനിച്ച് വാതില്‍ക്കല്‍ കിടക്കുന്നു. പട്ടിണിയും ദാഹവും സഹിച്ച് ചികിത്സയൊന്നും കിട്ടാതെ ദൈവത്തിന്റെ കാരുണ്യത്തിന് കാത്തുകിടക്കുന്നു. തിരിച്ചുവരുന്ന വഴി മറ്റു കുറ്റവാളികള്‍ക്കു കൊടുക്കുന്ന ആഹാരം ഞങ്ങള്‍ പരിശോധിച്ചു. രണ്ടും തമ്മില്‍ ഭൂമിയും ആകാശവും എന്ന തരത്തിലുള്ള അന്തരമുണ്ടെന്ന് കാണാന്‍ സാധിച്ചു. അതുകൊണ്ട് സംഘസത്യഗ്രഹികള്‍ക്ക് ദുരിതം നല്‍കാന്‍തന്നെ ബോധപൂര്‍വ്വം നടപ്പാക്കിയ കാര്യങ്ങളാണിതെല്ലാം എന്ന് വ്യക്തമായി.”
നാലുപേര്‍ക്ക് ഒരു വിരി മാത്രം
പഞ്ചാബിലെ ജയില്‍ജീവിത ദുരന്തത്തെപ്പറ്റി അക്കാലത്ത് പഞ്ചാ ബിന്റെ പ്രാന്തകാര്യവാഹായ ധര്‍മ്മവീര്‍ പറയുന്നു: ”600 പേര്‍ക്കു മാത്രം താമസസൗകര്യമുള്ള ബോസ്റ്റല്‍ ജയിലില്‍ 1350 സത്യഗ്രഹികളെ തിക്കി നിറച്ചിരുന്നു. കുടിവെള്ളത്തിന്റെ ലഭ്യത വളരെ കുറവായിരുന്നു. പലപ്പോഴും സത്യഗ്രഹികള്‍ക്ക് 20 മണിക്കൂറോളം നേരം ഒരു തുള്ളി വെള്ളംപോലും കിട്ടിയിരുന്നില്ല. കഠിനമായ തണുത്ത കാലാവസ്ഥയിലും രണ്ടു മാസത്തേയ്ക്ക് നാലും അഞ്ചും പേര്‍ക്കു കൂടി ഒരു വിരിയാണ് നല്‍കിയിരുന്നത്. എല്ലാവരും കൂടി അത് വിരിച്ച് കിടക്കണമായിരുന്നു. ശുചിത്വമില്ലാത്തതിനാല്‍ രോഗികള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. എല്ലാ രോഗത്തിനും ഒരേ മരുന്നുതന്നെ- 24-ാം നമ്പര്‍ മിക്‌സ്ചര്‍ – കൂടുതല്‍ വെള്ളം ചേര്‍ത്ത് ‘രാമബാണ ഔഷധം’ പോലെ കൊടുത്തുകൊണ്ടിരുന്നു. അത്യന്തം നികൃഷ്ടമായ ഭക്ഷണമാണ് നല്‍കിയിരുന്നത്. അതും കൃത്യസമയത്ത് കൊടുക്കാതെ ഉച്ചയ്ക്കുള്ള ഭക്ഷണം നാലുമണിക്കോ അഞ്ചുമണിക്കോ ആണ് കൊടുത്തുകൊണ്ടിരുന്നത്. രാത്രി ഭക്ഷണത്തിന് ഒരുമണി വരെയോ രണ്ടുമണിവരെയോ കാത്തിരിക്കേണ്ടിയിരുന്നു. ജലന്ധറിലെ ജയിലില്‍ സത്യഗ്രഹികള്‍ക്ക് കയര്‍ പിരിക്കാനുള്ള ജോലിയാണ് ചെയ്യേണ്ടിയിരുന്നത്. ധര്‍മ്മശാല ജയിലില്‍ ചക്കാട്ടല്‍ ജോലിയായിരുന്നു. ഭട്ടിന്‍ഡാ ജയിലില്‍ മുളക് പൊടിക്കാനും കുഴികള്‍ കുഴിക്കാനുമുള്ള ജോലികള്‍ ചെയ്യേണ്ടിവന്നു. ഹിസ്സാര്‍ ജയിലില്‍ ഇത്തരം പണി ചെയ്യാന്‍ സമ്മതിക്കാത്തവരെ ചങ്ങലയില്‍ ബന്ധിച്ചിരുന്നു. ഭട്ടിന്‍ഡയില്‍ ബൂട്ട്‌സിട്ട് ചവിട്ടുമായിരുന്നു. പാട്യാലയില്‍ കൊച്ചുബാലന്മാരെ ബാറ്റണ്‍ കൊണ്ടടിക്കുകയും കുറച്ച് കിശോരന്മാരെ രണ്ടുകാലും കൂട്ടിക്കെട്ടി അനങ്ങാന്‍ സാധിക്കാത്ത സ്ഥിതിയിലാക്കി അടിക്കുകയും ചെയ്തിരുന്നു.
സാക്ഷാല്‍ പ്രാവിന്‍കൂട്
സര്‍ക്കാരേതര ജയില്‍ സന്ദര്‍ശകനായ ഠാക്കൂര്‍ ദാസ് ഭാര്‍ഗവ ബോസ്റ്റല്‍ ജയിലിനെ നിരീക്ഷിച്ച് ഇങ്ങനെ എഴുതി: ”ഈ ജയില്‍ മൃഗങ്ങളെ അടയ്ക്കുന്ന കൂട്ടിനേക്കാള്‍ മോശമായ നിലയിലാണ്. ഇത് യഥാര്‍ത്ഥത്തില്‍ ഒരു പ്രാവിന്‍കൂട് പോലെയാണ്. ഇവരെ പശുത്തൊഴുത്തിലാണ് താമസിപ്പിച്ചിരുന്നതെങ്കില്‍ ഇതിനേക്കാള്‍ നന്നായേനേ” (ദൈനിക് വീരഭാരത്).
ഹിസ്സാര്‍ ജയില്‍ കര്‍ബലയായിത്തീര്‍ന്നു
പഞ്ചാബിലെ ജലന്ധറിലെ ‘മിലാപ’ ദിനപത്രം ‘ഹിസ്സാര്‍ ജയില്‍ കര്‍ബാല1 യായി’ എന്ന തലക്കെട്ടില്‍ അവിടുത്തെ യാതനകള്‍ വിവരിച്ചു. ഉറുദു ദിനപത്രമായ ‘പ്രതാപ്’ ഏപ്രില്‍ 23ന് എഴുതി:- ”ഹിസ്സാര്‍ ജയിലിലെ അവസ്ഥ, അവിടെ വെള്ളത്തിന് കഠിനമായ ക്ഷാമമായിരുന്നു. ഒരു ദിവസം ഒരു ഗ്ലാസ് വെള്ളം മാത്രമാണ് സത്യഗ്രഹി കള്‍ക്ക് കിട്ടിയിരുന്നത്. അതുകൊണ്ട് എല്ലാ ആവശ്യങ്ങളും നിര്‍വ്വഹിക്കേണ്ടിയിരുന്നു. തുണികൊണ്ടുള്ള കൂടാരങ്ങളിലാണ് അവരെ താമസിപ്പിച്ചിരിക്കുന്നത്. സംഖ്യ അധികമായിരുന്നെങ്കിലും സത്യഗ്രഹി കള്‍ക്ക് അതില്‍ത്തന്നെ കഴിഞ്ഞുകൂടേണ്ടിവന്നു. ചൂടുകാരണം സൂ ര്യോദയത്തിനു ശേഷം ആ കൂടാരത്തിനുള്ളില്‍ കഴിച്ചുകൂട്ടുകയെന്നത് അത്യന്തം വിഷമകരമായ കാര്യമായിരുന്നു. ശക്തമായ കാറ്റുവന്നാല്‍ കൂടാരം ഒന്നാകെ പാറിപ്പോകുമായിരുന്നു. ഉച്ചയ്ക്കുശേഷം ചുട്ടുപൊള്ളുന്ന ചൂടില്‍ സത്യഗ്രഹികള്‍ വളരെ ദുരിതപൂര്‍ണ്ണമായ സ്ഥിതിയിലായിരുന്നു. ജയിലിനുള്ളിലേയ്ക്ക് പാമ്പുകള്‍ ഇഴഞ്ഞു കയറിവന്നിരുന്നു. നിത്യേന ഒന്നോ രണ്ടോ എണ്ണമെങ്കിലും കേറിവരുമായിരുന്നു. വെളിച്ചമാകട്ടെ വളരെ കുറച്ചുമാത്രമേ ഉണ്ടായിരുന്നുള്ളൂതാനും.”
40 പേര്‍ക്കുള്ള സ്ഥലത്ത് 150 പേര്‍
മുംഗേര്‍ (ബീഹാര്‍) നിവാസിയായ സാലന്‍ ചന്ദ്രസെന്‍ തന്റെ ജയില്‍ ജീവിത അനുഭവത്തെക്കുറിച്ച് പറയുന്നു:- ”ജയിലില്‍ 40 പേര്‍ക്കുമാത്രം സൗകര്യമുള്ളിടത്ത് ഞങ്ങളെ 150 പേരേയാണ് താമസിപ്പിച്ചത്. ആ ചെറിയ ജയിലറയില്‍ ഒരുമിച്ച് കഴിഞ്ഞുകൂടുക അസാദ്ധ്യമായിരുന്നു. ഞങ്ങള്‍ രാത്രി ഇരുന്നുതന്നെ കഴിച്ചുകൂട്ടുകയായിരുന്നു. ഉറക്കവും ഇരുന്നുതന്നെ വേണ്ടിവന്നു.”
ചൊറിയും ചിരങ്ങും
മംഗലാപുരം (ദ. കര്‍ണാടക) ജില്ലയിലെ ചെറിയ ജയിലുകളില്‍ ചെറിയ ചെറിയ മുറികളില്‍ അവരെ താമസിപ്പിച്ചിരുന്നു. തടവുപു ള്ളികളുടെ പഴകിയതും കീറിയതുമായ വസ്ത്രങ്ങളാണ് സത്യഗ്രഹികള്‍ക്ക് ധരിക്കാന്‍ കൊടുത്തത്. വിരിക്കാനും പുതയ്ക്കാനുമുള്ളവ യും പഴകിയതും കീറിപ്പറിഞ്ഞതുമായിരുന്നു. അവര്‍ക്കു ധരിക്കാന്‍ കൊടുത്ത തടവുകാരുടെ വസ്ത്രം കഴുകുകയോ വെയിലത്തിട്ട് ഉണക്കുകയോ ചെയ്തിരുന്നില്ല. അതിന്റെ ഫലമായി എല്ലാവര്‍ക്കും ചൊ റിയും ചിരങ്ങും പകര്‍ച്ചവ്യാധിയായി പിടിപെട്ടു. മൃഗങ്ങള്‍പോലും കഴിക്കാന്‍ വിസമ്മതിക്കുന്ന ആഹാരമാണ് അവര്‍ക്ക് നല്‍കിയിരുന്നത്. ആഹാരത്തിന്റെ നിറവും രുചിയും ദുര്‍ഗന്ധവുമെല്ലാം ആഹാരം തന്നെ വേണ്ടെന്ന് വെയ്ക്കാന്‍ അവരെ തീരുമാനിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. പരിപ്പിലും കറികളിലുമെല്ലാം കീടങ്ങള്‍ പുളയ്ക്കുന്നുണ്ടായിരുന്നു. തത്ഫലമായി അത് കഴിക്കാന്‍ സത്യഗ്രഹികള്‍ വിസമ്മതിച്ചു. എന്നാല്‍ എത്രകാലം വിശപ്പ് സഹിക്കും? വിശന്നു മരിക്കുന്നതിനെക്കാള്‍ കിട്ടുന്നത് കഴിച്ച് പ്രാണന്‍ നിലനിര്‍ത്താന്‍ അവര്‍ സന്നദ്ധരായി.
ഉഡുപ്പി ജയിലിലേയും സ്ഥിതി അങ്ങനെതന്നെയായിരുന്നു. ബല്‍ഗാവ് സംഭാഗിലെ ഹിംഡല്‍ഗാ ജയിലില്‍ സത്യഗ്രഹികളുടെ സംഖ്യ അവിടുത്തെ വ്യവസ്ഥയാകെ താറുമാറാക്കാവുന്ന തരത്തില്‍ അധികമായിരുന്നു. കേവലം 150 പേര്‍ക്ക് സൗകര്യമുള്ളിടത്ത് 1100 പേരെക്കൊണ്ട് നിറച്ചിരുന്നു. സ്വാഭാവികമായും പര്യാപ്തമായ ശൗചാലയമോ വെള്ളമോ ഉണ്ടായിരുന്നില്ല. തത്ഫലമായി ആദ്യത്തെ എട്ട് ദിവസം സത്യഗ്രഹികള്‍ക്ക് കുളിക്കാന്‍ സാധിച്ചില്ല. കിടക്കാന്‍ വിരിയൊന്നുമില്ലാതെ അനവധി സത്യഗ്രഹികള്‍ക്ക് വെറും തറയില്‍ കിടക്കേണ്ടി വന്നു. ഭക്ഷണം ഒരിക്കലും സമയത്ത് കിട്ടിയിരുന്നില്ല. അതിനാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി അവര്‍ക്ക് നിരാഹാരസമരം നടത്തേണ്ടിവന്നു.
ദുര്‍ഗന്ധം, അത്യന്തം മോശമായ ഭക്ഷണം, പഴകിയ വസ്ത്രങ്ങള്‍, കുളിക്കാന്‍ സാധിക്കായ്ക, ചികിത്സ, മരുന്ന് എന്നിവ ലഭ്യമല്ലാത്ത അവസ്ഥ എന്നീ നരകാനുഭവങ്ങളെക്കാള്‍ ഉപരി ജയിലധികൃതരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റമായിരുന്നു സത്യഗ്രഹികളുടെ ജീവിതം എത്രയോ ഇരട്ടി ദുരിതപൂര്‍ണ്ണമാക്കിയത്. അനുനയത്തിന്റെയും വിനയത്തിന്റെയും മാര്‍ഗ്ഗങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ സത്യഗ്രഹികള്‍ക്ക് ഉപവാസത്തിന്റെതായ മാര്‍ഗ്ഗം സ്വീകരിക്കാതെ സാദ്ധ്യമല്ലെന്ന സ്ഥിതി വന്നു. എന്നാല്‍ മിക്കവാറും ജയിലധികൃതര്‍ ജയില്‍ വ്യവസ്ഥകള്‍ നന്നാക്കുന്നതിനുപകരം സത്യഗ്രഹികളെ ഒരു പാഠം പഠിപ്പിക്കുമെന്ന മനോഭാവത്തോടെയുള്ള ദണ്ഡനമുറകള്‍ ഉപയോഗിക്കാനാണ് സജ്ജരായത്. ലാത്തിച്ചാര്‍ജ്, സത്യഗ്രഹികളെ ഏകാന്തമായ ഇരുട്ടുമുറികളിലടയ്ക്കുക, കൈവിലങ്ങും ചങ്ങലകളും ഉപയോഗിച്ച് ബന്ധിക്കുക, ബന്ധുക്കളെ കാണാന്‍ അനുവദിക്കാതിരിക്കുക, മുറിയില്‍ത്തന്നെ അടച്ചിടുക തുടങ്ങിയ മുറകള്‍ അധികാധികം പ്രയോഗിക്കാന്‍ അവര്‍ തയ്യാറായി.
ഉത്തര്‍പ്രദേശ് പ്രാന്തത്തില്‍ സ്ഥിതി അത്യധികം മോശമായി ക്കൊണ്ടിരുന്നു. 1949 ജൂലായ് മാസത്തില്‍ സത്യഗ്രഹം നിര്‍ത്തിവെച്ച ശേഷവും ജയില്‍ ക്രൂരമായ പെരുമാറ്റത്തിന്റെ കേന്ദ്രമായിത്തീര്‍ന്നു. സംഘവിരോധത്തിന് കുപ്രസിദ്ധനായ ഗോവിന്ദ വല്ലഭ സഹായി സംസ്ഥാന ജയില്‍ വിഭാഗത്തിന്റെ പ്രത്യേക മേല്‍നോട്ടം വഹിച്ചിരു ന്നതായിരുന്നു കാരണം. അദ്ദേഹത്തിന്റെ എല്ലാവിധ ഒത്താശകളും ജയിലധികൃതര്‍ക്ക് കിട്ടിയിരുന്നു.
25 ദിവസത്തെ ഉപവാസം
അത്യാചാരങ്ങളുടെയും ദുരവസ്ഥയുടെയും പരമകാഷ്ഠയായി, ബറേലിയിലെ രാധാകൃഷ്ണയുടേയും കാശിയിലെ റാം ദുലരെയുടെയും ബലിദാനത്തിനുശേഷവും ജയിലധികാരികളുടെ ധാര്‍ഷ്ട്യത്തോടെയുളള പെരുമാറ്റത്തിന് ഒരു മാറ്റവും സംഭവിച്ചില്ല. അതിനാല്‍ നീതിക്കുവേണ്ടി സംസ്ഥാനത്തിന്റെ എല്ലാ ജയിലുകളിലും ജനുവരി 26 ന് ഒരേസമയത്ത് നിരാഹാരസമരം ആരംഭിച്ചു. ജയിലധികാരികള്‍ അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ സ്വയംസേവകര്‍ തെല്ലും വ്യതിചലിക്കാന്‍ തയ്യാറായില്ല. ക്രൂരമായ പീഡനങ്ങള്‍ക്കും മര്‍ദ്ദനമുറകള്‍ക്കും ഇടയിലും അവര്‍ ഉപവാസം തുടര്‍ന്നുകൊണ്ടേയിരുന്നു. ലഖ്‌നൗ ജയിലില്‍ ഉപവാസം 25 ദിവസം പിന്നിട്ടു. ഉന്നാവ് ജയിലില്‍ 20 ദിവസം കടന്നിരുന്നു. അവസാനം ഭരണകൂടത്തിന് മുട്ടുകുത്തേണ്ടി വന്നു.
മനോബലം തകര്‍ക്കാന്‍
ശിവപ്രസാദ്, ചന്ദ്രപ്രകാശ് എന്നീ ചുമതലപ്പെട്ട സ്വയംസേവകരെ ലഖ്‌നൗ ജയിലില്‍ ജയിലധികാരികള്‍ ആദ്യമേ തന്നെ പ്രത്യേകം ഇരുട്ടറയിലേയ്ക്ക് മാറ്റി. ജയില്‍ നിയമമനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത ബാലന്മാരേയും മുതിര്‍ന്നവരേയും ഒരേ ബാരക്കില്‍ താമസിപ്പിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ അവരെ വെവ്വേറെയാക്കുകയാണെന്നാണ് മറ്റുള്ളവരോട് പറഞ്ഞത്. ബാല സ്വയംസേവകരെ വേറെ കൊണ്ടുപോയി അവരോട് മാപ്പെഴുതി വാങ്ങാനാണ് ജയിലധികൃതരുടെ തന്ത്രമെന്ന് മനസ്സിലാക്കിയ അവര്‍ അതിനു സമ്മതിച്ചില്ല. തങ്ങളുടെ നിര്‍ബന്ധത്തിന് സത്യഗ്രഹികള്‍ വഴങ്ങുന്നില്ലെന്ന് കണ്ട ജയിലധികാരികള്‍ തിരിച്ചുപോയി. ഉടന്‍തന്നെ മഞ്ഞയൂണിഫോം ധരിച്ച – ജയില്‍ ഭാഷയനുസരിച്ച് ‘എണ്ണപ്പെട്ടവര്‍’ എന്ന് കണക്കാക്കിവരുന്ന – ഒരു കൂട്ടം ആളുകള്‍ സത്യഗ്രഹികളുടെ ബാരക്കില്‍ ദണ്ഡയുമായെത്തി. സ്വയംസേവകര്‍ ആ സമയത്ത് മണ്ഡലയിലിരുന്നു ഗണഗീതം പാടിക്കൊണ്ടിരിക്കുകയായിരുന്നു. മഞ്ഞ യൂണിഫോമില്‍ വന്നവര്‍ ബാല സ്വയംസേവകരെ വലിച്ചിഴച്ച് ബാരക്കിനു പുറത്തുകൊണ്ടുപോയി അടിച്ചു മറ്റൊരു ബാരക്കിലേയ്ക്ക് മാറ്റി. ഓരോ അടി കിട്ടുന്ന സമയത്തും ബാല സ്വയംസേവകര്‍ ‘ഭാരത്മാതാ കീ ജയ്’ എന്നല്ലാതെ മറ്റൊരു ശബ്ദവും പുറപ്പെടുവിച്ചില്ല. ഈ ദൃ ശ്യങ്ങളെല്ലാം ജയിലധികാരികള്‍ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകളില്‍നിന്നും ആദരവിന്റെ കണ്ണീര്‍കണങ്ങളടര്‍ന്നു വീണു. പിന്നീട് എല്ലാം ശാന്തമായശേഷം അവര്‍ പറഞ്ഞു. ”ഞങ്ങള്‍ ധ്രുവന്റേയും പ്രഹ്ലാദന്റേയും കഥകള്‍ കേട്ടിട്ടുണ്ട്. ഇന്ന് അത് കാണാന്‍ അവസരമുണ്ടായി.”
ഈ ബാല സ്വയംസേവകരോടൊപ്പം തന്ത്രപരമായി ഒരു തരുണ സ്വയംസേവകനും രണ്ടാമത്തെ ബാരക്കിലെത്തി. വചനേശ് എന്ന സ്വയംസേവകന്‍ മിലിട്ടറി അക്കൗണ്ട്‌സില്‍ ജോലി നോക്കുന്ന വ്യക്തിയായിരുന്നു. എന്നാല്‍ ഒരു ബാലനാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ശരീരപ്രകൃതി. അതിനാല്‍ മഞ്ഞവേഷക്കാര്‍ക്ക് അയാളെ തിരിച്ചറിയാന്‍ സാധിച്ചില്ല. വചനേശ് ആ ബാരക്കില്‍ ബാല സ്വയംസേവകര്‍ക്ക് സദാ ഉത്സാഹവും ആവേശവും നല്‍കിക്കൊണ്ടിരുന്നു.
ഈ സംഭവം മറ്റു സത്യഗ്രഹികളില്‍ അതിയായ പ്രതിഷേധമു ണര്‍ത്തി. ബാല സ്വയംസേവകരെ തങ്ങളുടെ ബാരക്കില്‍ തിരിച്ചുകൊ ണ്ടുവരുന്നതുവരെ നിരാഹാരസമരം നടത്താന്‍ പോവുകയാണെന്ന് അവര്‍ അറിയിച്ചു. അധികാരികള്‍ സമ്മതിക്കാത്തതിനാല്‍ രണ്ടു ബാരക്കുകളിലും നിരാഹാരസമരമാരംഭിച്ചു. ജയിലധികൃതര്‍ ബാലന്മാരുടെ ബാരക്കില്‍ ചെന്നു ”നിങ്ങളെന്തിനാണ് പട്ടിണി കിടക്കുന്നത്. മുതിര്‍ന്നവര്‍ നിങ്ങളെ വഞ്ചിക്കുകയാണെ”ന്നെല്ലാം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ നോക്കി. എന്നാല്‍ ആ കുതന്ത്രമൊന്നും ബാലസ്വയംസേവകരില്‍ വിലപ്പോയില്ല. ജയിലധികൃതര്‍ പരാജയപ്പെട്ടു.
പട്ടിണികിടന്ന് വളരെയധികം അവശനായ ഒരു ബാല സ്വയംസേ വകനെ കണ്ട ജയിലധികൃതര്‍ അയാളെ കൊതിപ്പിക്കാനായി വളരെ സ്വാദിഷ്ടമായ ആഹാരം ഒരു തട്ടത്തിലാക്കി അയാളുടെ മുന്നില്‍കൊണ്ടുവന്ന് ”നീ ഒരു കുട്ടിയാണ്. നീ എന്തിനാണ് പട്ടിണികിടന്ന് മരിക്കാന്‍ കിടക്കുന്നത്, എഴുന്നേറ്റ് ഭക്ഷണം കഴിക്കൂ” എന്നുപദേശിച്ചു. പട്ടിണികൊണ്ട് തളര്‍ന്നു അബോധാവസ്ഥയിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന ആ ബാലന്‍ പെട്ടെന്ന് ചാടിയെഴുന്നേറ്റ് ആ തട്ടം തട്ടിത്തെറിപ്പിച്ചുകൊണ്ട് ”എന്നെപ്രലോഭിപ്പിച്ച് എന്റെ നിഷ്ഠ തെറ്റിക്കാന്‍ നോക്കുകയാണോ” എന്നു ചോദിച്ചു. ബാലന്റെ നിശ്ചയദാര്‍ഢ്യം കണ്ട ജയിലധികാരികള്‍ നതമസ്തകരായിത്തീര്‍ന്നു.
ജയിലില്‍ നിരാഹാരം നടന്നുകൊണ്ടിരിക്കുകയാണെന്ന വിവരങ്ങളെല്ലാം വെളിയിലും പരന്നുതുടങ്ങി. അവസാനം സര്‍ക്കാരിന് തലകുനിക്കേണ്ടിവന്നു. ബാലന്മാരേയും തരുണന്മാരേയും ഒരേ ബാരക്കില്‍ കൊണ്ടുവന്നു. മാത്രമല്ല എല്ലാവര്‍ക്കും പ്രത്യേക ശ്രേണിയനുസരിച്ചുള്ള സൗകര്യങ്ങളൊരുക്കിക്കൊടുത്തു. ”ഇത്രയും നിഷ്ഠാവാന്മാരായ ആളുകളോട് നിഷ്ഠൂരമായി പെരുമാറിയതില്‍ ലജ്ജ തോന്നുന്നു. ഇതിനൊന്നും എന്റെ മനസ്സാക്ഷി സമ്മതിക്കുന്നില്ല. പക്ഷെ എന്തുചെയ്യാന്‍? ഉപജീവനത്തിനുള്ള ജോലി ചെയ്യുമ്പോള്‍ മുകളില്‍ നിന്നുള്ള ആജ്ഞ അനുസരിച്ചല്ലേ മതിയാവൂ” എന്നാണ് ജയിലധികാരി പിന്നീട് പറഞ്ഞത്
ബംഗാളിലെ ഹൗഢ ജയില്‍
ഈ ജയിലില്‍ ഒരു ദിവസം സത്യഗ്രഹികളെ കള്ളന്മാരും കൊള്ളക്കാരുമായ തടവുകാരോടൊപ്പം ഒരു ബാരക്കില്‍ ആക്കാന്‍ ജയിലധികൃതര്‍ ശ്രമിച്ചു. എന്നാല്‍ സത്യഗ്രഹികള്‍ അതിനെ എതിര്‍ത്തു. അധികാരികള്‍ ലാത്തിച്ചാര്‍ജിന് ആജ്ഞ കൊടുത്തു. അതിനെത്തുടര്‍ന്ന് അനവധി പേര്‍ക്ക് കാര്യമായി പരിക്കേറ്റു. രണ്ടുപേര്‍ ബോധരഹിതരായി. ഈ അനീതിക്കെതിരെ സത്യഗ്രഹികള്‍ നിരാഹാരസമരം ആരംഭിച്ചു. അവരോട് സഹാനുഭൂതി പ്രകടിപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുകാരടക്കമുള്ള മറ്റു രാഷ്ട്രീയതടവുകാരും ഉപവാസം തുടങ്ങി.
ഇതേ ജയിലിലെ മറ്റു രാഷ്ട്രീയതടവുകാര്‍ക്കുളള സൗകര്യം തങ്ങള്‍ക്കും കിട്ടണമെന്നാവശ്യവുമായി സാമൂഹികമായ നിരാഹാര സമരം ആരംഭിച്ചു. രണ്ടു ദിവസത്തിനുശേഷം സര്‍ക്കാരിനു സദ്ബുദ്ധി തോന്നി സത്യഗ്രഹികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ സന്നദ്ധരായി.