- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- ദിവാനും കരുണാര്‍ദ്രമായി (ആദ്യത്തെ അഗ്നിപരീക്ഷ 32)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
രാജസ്ഥാന്‍ ജയിലിലെ ദുരവസ്ഥയ്ക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം തുടങ്ങുന്നതായി 50 സത്യഗ്രഹികള്‍ മുന്‍കൂട്ടിതന്നെ ജയിലധികൃതരെ അറിയിച്ചു. ജനുവരി ആറിന് നിരാഹാരസമരം ആരംഭിച്ചു. നാലാമത്തെ ദിവസം സമരം ചെയ്യുന്നവരുടെ സംഖ്യ 80 ആയി. ഒളിവില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘ചിഗാരി’ എന്ന പത്രികയിലൂടെ സമരത്തെ സംബന്ധിച്ച വിവരം പുറമേയ്‌ക്കെത്തുകയും അത് പൊതുജനങ്ങളില്‍ വലിയ ചലനം സൃഷ്ടിക്കുകയും ചെയ്തു. സത്യഗ്രഹികളുടെ മാതാപിതാക്കളും അനവധി പ്രമുഖവ്യക്തികളും വിവരങ്ങളറിയാന്‍ ജയിലിലെത്തി. ജയിലധികൃതരെ കണ്ട് സംസാരിക്കാന്‍ തുടങ്ങി. എന്നാല്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ജയിലധികൃതര്‍ വിസമ്മതിച്ചു. വലിയ എണ്ണത്തില്‍ അവിടെ എത്തിച്ചേര്‍ന്ന ജനങ്ങള്‍ ജാഥയായി ദിവാനെ കാണാനായി മന്ത്രിമന്ദിരത്തിനു മുന്നിലെത്തി. അഡ്വക്കേറ്റ് ദേവരാജ് ബോഹ്‌റേയുടെ നേതൃത്വത്തില്‍ ദിവാനെക്കണ്ട് രാത്രി 8 മണിക്ക് നിവേദനം സമര്‍പ്പിച്ചെങ്കിലും ഒരു നടപടിക്കും ദിവാന്‍ സമ്മതിച്ചില്ല. അതുകൊണ്ട് അവിടെ എത്തിയിരുന്ന മഹിളകളെല്ലാം രാത്രി അവിടെത്തന്നെ ധര്‍ണയിരിക്കാന്‍ നിശ്ചയിച്ചു. ഈ സന്ദര്‍ഭത്തില്‍ ജയിലില്‍ സത്യഗ്രഹികളെ നിര്‍ബന്ധിച്ച് കുഴലില്‍ക്കൂടി പാല്‍ കുടിപ്പിക്കാനുള്ള ശ്രമം നടത്തുകയും അത് പരാജയപ്പെടുകയുമുണ്ടായി. അവസാനം ദിവാന്‍ ജയില്‍ സന്ദര്‍ശിക്കാന്‍ സമ്മതിച്ചു. ജയിലിലെ യഥാര്‍ത്ഥ അവസ്ഥ ദിവാനെത്തന്നെ കണ്ണീരണിയിച്ചു. ഉടന്‍തന്നെ സത്യഗ്രഹികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുകയും നിരാഹാരസമരം പിന്‍വലിക്കപ്പെടുകയും ചെയ്തു.
എന്നാല്‍ അടുത്ത ദിവസം ജോധ്പൂര്‍ മുഖ്യമന്ത്രി ജയനാരായണന്‍ വ്യാസിന്റെ ജയില്‍ സന്ദര്‍ശനം അന്തരീക്ഷം വഷളാക്കി. അദ്ദേഹവും സത്യഗ്രഹികളും തമ്മില്‍ ചില വിഷയങ്ങളെക്കുറിച്ചു ചൂടുപിടിച്ച വാഗ്വാദങ്ങള്‍ നടന്നു. മന്ത്രി കോപാകുലനായി സത്യഗ്രഹികളില്‍ ചില നേതാക്കന്മാരെ ഏകാന്ത തടവിലാക്കാന്‍ ജയിലധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതനുസരിച്ച് 11 പ്രമുഖ കാര്യകര്‍ത്താക്കളെ ഇരുട്ടറയിലടച്ചു. ഇത് സത്യഗ്രഹികളെ രോഷാകുലരാക്കിയെങ്കിലും പരിഹാരമുണ്ടാകുമെന്ന് കരുതി രണ്ടുദിവസം അവര്‍ കാത്തിരുന്നു. അതിനുശേഷം ”ഞങ്ങളുടെ സഹപ്രവര്‍ത്തകരെ ഞങ്ങളുടെ കൂടെത്തന്നെ കൊണ്ടുവരണം” എന്നാവശ്യപ്പെട്ട് എല്ലാവരും സമരം പ്രഖ്യാപിക്കുകയും ജയില്‍മുറികളില്‍ കയറാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്തു. ശക്തിയുപയോഗിച്ചു സത്യഗ്രഹികളെ കൈകാര്യം ചെയ്യാന്‍ ജയിലധികാരികള്‍ ഒരുങ്ങി. മുഖ്യമന്ത്രിയുടെ പൂര്‍ണ്ണമായ പിന്തുണയുള്ളതിനാല്‍ രാത്രി 9 മണിയോടെ പോലീസുകാരും തടവുകാരെ ക്രൂരമായി കൈകാര്യം ചെയ്യാന്‍ ഒരുക്കി നിര്‍ത്തിയിരുന്ന (മഞ്ഞവേഷം ധരിച്ച) ‘പീലിയോം’ എന്നറിയപ്പെട്ട 100 പേരുമായി സത്യഗ്രഹികളുടെ നേരെ അക്രമം തുടങ്ങി. ലാത്തികൊണ്ടടിച്ചും ബൂട്ടിട്ടു ചവിട്ടിയും അവര്‍ സത്യഗ്രഹികളെ അവശരാക്കി ബാരക്കിലേയ്ക്ക് വലിച്ചെറിഞ്ഞുതുടങ്ങി. ഒരാളുടെമേല്‍ മറ്റൊരാളെന്ന നിലയ്ക്ക് മുറിവേറ്റും ബോധംകെട്ടും ബാരക്കില്‍ അവശരായി കിടക്കുന്ന സത്യഗ്രഹികള്‍ക്ക് ആ കൂറ്റാകൂരിരുട്ടത്ത് പരസ്പരം സഹായം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലായി. ഒന്നര മണിക്കൂര്‍നേരം ഈ ക്രൂരവിനോദം നീണ്ടുനിന്നു. സത്യഗ്രഹികളുടെ ദീനവിലാപം കൊണ്ട് ജയിലിലെ അന്തരീക്ഷം അത്യന്തം ഭീഷണമായിത്തീര്‍ന്നു. അടുത്ത ദിവസം മാരകമായി മുറിവേറ്റ എട്ടോളം സത്യഗ്രഹികളെ ആശുപത്രിയില്‍ തടവുകാരായിവെച്ചു. മറ്റു തടവുകാരായവരെ ബാരക്കിലാക്കി രണ്ടു ദിവസത്തേയ്ക്ക് പൂട്ടുതുറക്കാന്‍തന്നെ സമ്മതിച്ചില്ല. ഇതിനിടയ്ക്ക് ജനങ്ങളില്‍നിന്ന് പ്രകടനങ്ങളടക്കമുള്ള ശക്തമായ പ്രതിഷേധം ഉയര്‍ന്നതിന്റെ ഫലമായി ജയിലധികൃതര്‍ സത്യഗ്രഹികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാകുകയും ഏകാന്ത തടവില്‍ അടയ്ക്കപ്പെട്ടവരെ വിമുക്തരാക്കുകയും ചെയ്തു.
ഭക്ഷണവും വസ്ത്രവും ഉപേക്ഷിച്ചു
രാജസ്ഥാനിലെ ബിക്കാനീര്‍ ജയിലിലെ സത്യഗ്രഹികള്‍ തങ്ങളുടെ ആവശ്യം അനുവദിച്ചുകിട്ടാനായി അഭിനവമായ സമരപരിപാടി ആസൂത്രണം ചെയ്തു. ഈ ജയിലില്‍ സത്യഗ്രഹികളുടെ കാലുകള്‍ ചങ്ങലകൊണ്ട് ബന്ധിച്ചിരുന്നു. മുള്ളങ്കിയുടെ ഇല തിളപ്പിച്ചുണ്ടാക്കിയ കറിയും ചോളമാവുകൊണ്ടുണ്ടാക്കിയ കറുത്ത കയ്പുള്ള ഭക്ഷണവുമാണ് അവര്‍ക്ക് നല്‍കിയിരുന്നത്. ജയിലറകളിലെ വൃത്തിയാക്കലും അവരെക്കൊണ്ടുതന്നെ ചെയ്യിച്ചിരുന്നു. കൂടാതെ ദിവസം മുഴുവന്‍ നെയ്ത്തുജോലിയും ചെയ്യേണ്ടിയിരുന്നു. സഹനശക്തിയുടെ അതിരുകളെല്ലാം ലംഘിക്കപ്പെട്ടതോടെ നിരാഹാരസമരത്തിന് തീരുമാനമായി. അതോടൊപ്പം അവര്‍ക്ക് നല്‍കിയിരുന്ന പുതപ്പും വിരിയും എല്ലാം അവര്‍ ഉപേക്ഷിച്ചു. ജനുവരി മാസത്തെ കൊടുംതണുപ്പില്‍ ഐസിനു തുല്യമായ തണുത്ത തറയില്‍ പട്ടിണിയും ദാഹവുമെല്ലാം സഹിച്ച് കഴിയുന്ന സത്യഗ്രഹികളുടെ ശരീരതാപം കുറഞ്ഞു തുടങ്ങി. അവരുടെ സ്ഥിതി അപകടകരമായ നിലയിലായെങ്കിലും ആരുംതന്നെ പിന്മാറാന്‍ സമ്മതിച്ചില്ല. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കിയ ജയിലധികൃതര്‍ മുട്ടുമടക്കി. സത്യഗ്രഹികള്‍ക്ക് ഉയര്‍ന്ന ശ്രേണി നല്‍കാനുള്ള ഉത്തരവ് പ്രഖ്യാപിച്ചു.
നീചമായ ഗൂഢാലോചന
ജനുവരി 4 ന് അകോല (വിദര്‍ഭ) ജയിലിലെ എല്ലാ ബാരക്കുകളില്‍നിന്നും പ്രമുഖരായ സത്യഗ്രഹികളെ കൊണ്ടുവന്ന് ഒരറ്റത്ത് ഒഴിഞ്ഞ ബാരക്കില്‍ ഒരുമിച്ചാക്കി. ബാക്കി ബാരക്കുകളിലെ സത്യഗ്രഹികളെ സമയത്തിനുമുമ്പുതന്നെ ബാരക്കുകളിലാക്കി പൂട്ടിയിട്ടു. പ്രത്യേക ബാരക്കിലേയ്ക്ക് മാറ്റിയ പ്രമുഖ വ്യക്തികള്‍ വളരെ സന്തുഷ്ടരായി. കാരണം ആ ബാരക്കിലായിരുന്നു 1930 ല്‍ വനസത്യഗ്രഹം നടത്തി അറസ്റ്റുവരിച്ച ഡോക്ടര്‍ജിയെ താമസിപ്പിച്ചിരുന്നത്.
സമയത്തിനു മുമ്പുതന്നെ ബാരക്കിലാക്കി പൂട്ടിയ കൂട്ടത്തില്‍പെട്ട രണ്ട് സത്യഗ്രഹികള്‍ ബാരക്കിനു വെളിയിലായിപ്പോയി. ഒരാള്‍ ശൗചാലയത്തിലും മറ്റൊരാള്‍ വെള്ളം കുടിക്കാനും പോയതിനാല്‍ താമസിച്ചതായിരുന്നു. അവര്‍ തിരിച്ചെത്തിയ ഉടനെ വാര്‍ഡന്‍ അവരെ തെറിവിളിച്ച് ലാത്തികൊണ്ട് അടിതുടങ്ങി. അതോടൊപ്പം ആ വാര്‍ഡന്‍ വിസിലടിക്കുകയും അപകടമണി മുഴക്കുകയും ചെയ്തു. ഇതനുസരിച്ച് നേരത്തേതന്നെ ഗൂഢാലോചന നടത്തി ഒരുങ്ങിനിന്നിരുന്ന ജയില്‍ വാര്‍ഡന്മാര്‍ ആയുധസഹിതം ഓടിയെത്തി ജയിലറ തുറന്ന് യാതൊരു മുന്നറിയിപ്പും കൂടാതെ അടിതുടങ്ങി. ജയിലര്‍ റോല്‍ക്കെ സ്വയം ചൂരല്‍ കൊണ്ട് നിഷ്‌ക്കരുണം സത്യഗ്രഹികളെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. ബോധംകെട്ടു വീണ സത്യഗ്രഹികളെ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിമെതിക്കാനും അവര്‍ മടികാണിച്ചില്ല. ഈശ്വരാനുഗ്രഹത്താല്‍ അസിസ്റ്റന്റ് ജയിലറായ രാജപുത്ത് അവിടെ എത്തി ഈ ക്രൂരതാണ്ഡവം അവസാനിപ്പിച്ചു.
പേര്‍പെറ്റ പഞ്ചാബ്
സംഘസത്യഗ്രഹികള്‍ക്കായി പഞ്ചാബില്‍ മൂന്നുജയിലുകള്‍ നിശ്ചയിച്ചിരുന്നു. 1. യോള്‍ ക്യാമ്പ്. അതില്‍ ഡല്‍ഹിയില്‍നിന്ന് സുരക്ഷാനിയമമനുസരിച്ച് അറസ്റ്റ് ചെയ്തവരെ താമസിപ്പിച്ചിരുന്നു. 2. ഫിറോസ്പൂര്‍ ക്യാമ്പ്, 3. ഹിസ്സാറിലെ ബോസ്റ്റല്‍ ജയില്‍. ഈ ജയിലുകളില്‍ അതില്‍ ഉള്‍ക്കൊള്ളാവുന്നതിലും രണ്ടിരട്ടി ആളുകളെ പാര്‍പ്പിച്ചിരുന്നു. തുടര്‍ന്നും സത്യഗ്രഹികളുടെ വരവ് അധികരിച്ചുകൊണ്ടിരുന്നതിനാല്‍ പഞ്ചാബിലെ മറ്റു ജയിലുകളിലും സത്യഗ്രഹികളെ താമസിപ്പിക്കാന്‍ നിശ്ചയിച്ചു. പട്യാല നാട്ടുരാജ്യത്തില്‍നിന്നുള്ള സത്യഗ്രഹികളെ പട്യാലാ, സംഗരൂര്‍, ഭട്ടിന്‍ഡ ജയിലുകളില്‍ പാര്‍പ്പിച്ചു. അതുപോലെ ഹിമാചല്‍പ്രദേശില്‍നിന്നുള്ളവരെ മണ്ഡി, സുകേത്, ചമ്പാ എന്നീ ജയിലുകളിലും താമസിപ്പിച്ചു. സത്യഗ്രഹികളുടെ ആധിക്യം കാരണം ഈ ജയിലുകളിലെല്ലാം സ്ഥലപരിമിതിയുണ്ടായിരുന്നു. ശുചിത്വം, ചികിത്സാസൗകര്യം, ആഹാരം, വസ്ത്രം തുടങ്ങിയ കാര്യങ്ങളിലും ജയിലുകളിലെ സ്ഥിതി പരമദയനീയമായിരുന്നു. ജയിലധികൃതരുടെ പെരുമാറ്റവും മറിച്ചായിരുന്നില്ല. ഈ ജയിലുകളിലെ സ്ഥിതിയെക്കുറിച്ച് നേരത്തേ വിശദീകരിച്ചിരുന്നു. ജയിലിലെ സ്ഥിതിക്ക് മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് അനവധി പ്രാവശ്യം നിവേദനം നല്‍കുകയും അധികാരികളെ നേരില്‍ക്കണ്ട് ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. പ്രമുഖ പത്രങ്ങളും ഭരണാധികാരികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഇതൊന്നും അവരില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല. തത്ഫലമായി എല്ലാ ജയിലിലും സാമൂഹ്യമായ നിരാഹാരസമരം നടത്താന്‍ നിശ്ചയിച്ചു. അതിന്റെ മുന്നോടിയായി ഡിസംബര്‍ 26 ന് സൂചനാ സമരമായി നിരാഹാരം നടത്താന്‍ തീരുമാനിച്ചു. വ്യത്യസ്ത ജയിലുകളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ ഉപവാസം ആരംഭിച്ചു. ഈ സമരം 5 ദിവസം മുതല്‍ 12 ദിവസംവരെ തുടര്‍ന്നു. എന്നാല്‍ ആരുടെയും ഉത്സാഹത്തിന് കോട്ടം തട്ടിയില്ല. അവസാനം അധികാരികള്‍ സംഭാഷണത്തിന് സന്നദ്ധരായി. സത്യഗ്രഹികളുടെ ആവശ്യങ്ങളെല്ലാം ഉടന്‍ പരിഹരിച്ചു കൊടുക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിച്ചു.
ഐതിഹാസിക നിരാഹാരം
എന്നാല്‍ തങ്ങള്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ അധികാരികള്‍ ഒരുക്കമായിരുന്നില്ല. ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടിരുന്നു. അതോടൊപ്പം ഫിറോസ്പൂര്‍ ജയിലില്‍ അകാരണമായി മനുഷ്യത്വരഹിതമായ ലാത്തിച്ചാര്‍ജ് നടത്തി. സ്വാഭാവികമായും സത്യഗ്രഹികളില്‍ അസ്വസ്ഥത വര്‍ദ്ധിച്ചുവന്നു. തങ്ങളെ വഞ്ചിച്ചതായി അവര്‍ കരുതി. 25 ദിവസം കഴിഞ്ഞശേഷവും സ്ഥിതിഗതികള്‍ നന്നാകുന്നതിനു പകരം കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു. വീണ്ടും നിരാഹാരസമരം ആരംഭിക്കണമെന്ന വികാരം സത്യഗ്രഹികളില്‍ ശക്തിപ്പെട്ടു തുടങ്ങി. എന്നാല്‍ ആ സമയത്ത് സത്യഗ്രഹം നിര്‍ത്തി വെച്ചതായ പ്രസ്താവന വന്നതിനാല്‍ ഉടനടി കടുത്ത നീക്കങ്ങളിലേയ്ക്ക് പോകേണ്ടതില്ലെന്ന നിഗമനത്തിലെത്തി. എങ്കിലും മാര്‍ച്ച് വരെ പരിതഃസ്ഥിതിയില്‍ മാറ്റമൊന്നും സംഭവിക്കാത്തതിനാല്‍ ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന രീതിയിലുള്ള സമരത്തിന് സത്യഗ്രഹികള്‍ ഒരുങ്ങി. ‘നരകതുല്യമായ ഇത്തരം ജീവിതത്തേക്കാള്‍ ബലിദാനമാണ് ശ്രേഷ്ഠം’ എന്നവര്‍ നിശ്ചയിച്ചു. ഇനി ഏതെ ങ്കിലും ആശ്വാസ വാഗ്ദാനത്തിന്റെ പേരില്‍ ഉപവാസം പിന്‍വലിക്കില്ലെന്നും ഒന്നുകില്‍ ആവശ്യങ്ങളെല്ലാം അനുവദിച്ചുകിട്ടണം അല്ലെങ്കില്‍ നമ്മുടെ ശവശരീരമായിരിക്കും ജയിലില്‍നിന്ന് പുറത്തേയ്ക്ക് പോകേണ്ടത് എന്നും അവര്‍ നിശ്ചയിച്ചു. ഈ നിശ്ചയത്തോടെ മാര്‍ച്ചുമാസത്തെ അവസാനദിവസങ്ങളില്‍ മിക്കവാറും എല്ലാ ജയിലുകളിലും നിരാഹാരം ആരംഭിക്കുന്നതായുള്ള അറിയിപ്പ് സര്‍ക്കാറിന് കൊടുത്തു.
മാര്‍ച്ച് 25 ന് അമൃതസര്‍ ജയിലില്‍ അനിശ്ചിതകാല ഉപവാസം ആരംഭിച്ചു. 29 ന് പഞ്ചാബ് സഹപ്രാന്തപ്രചാരകന്‍ ഠാക്കൂര്‍റാംസിംഗ്ജി യോല്‍ ക്യാമ്പില്‍ മറ്റു അറുപത് സത്യാഗ്രഹികളോടൊപ്പം നിരാഹാരം ആരംഭിച്ചു. പത്തു ദിവസത്തിനുള്ളില്‍ ജലന്ധര്‍, ലുധിയാന, ഹിസ്സാര്‍, അംബാല, ഫിറോസ്പൂര്‍, ഗുരുദാസ്പൂര്‍ തുടങ്ങിയ എല്ലാ ജയിലുകളിലും നിരാഹാരസമരമാരംഭിച്ചു. അത് സംസ്ഥാനമെങ്ങും വ്യാപിച്ചു. ഓരോ ജയിലിലും ഉപവാസം അനുഷ്ഠിക്കുന്നവരുടെ സംഖ്യ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.
മരണാസന്നരായവരുടെ നേരെയും മര്‍ദ്ദനം
ദിവസങ്ങള്‍ കഴിയുന്നതനുസരിച്ച് ഉപവാസമനുഷ്ഠിക്കുന്നവരുടെ ആരോഗ്യം ആശങ്കാജനകമായിതീര്‍ന്നു. എഴുന്നേറ്റു നില്‍ക്കാനോ അനങ്ങാനോ സാധിക്കാത്ത അവസ്ഥയിലായി പലരും. പലര്‍ക്കും പലവിധ രോഗങ്ങള്‍ പിടിപെട്ടു. വയറുകടിയും മസ്തിഷ്‌കരോഗവുമായിരുന്നു അധികം പേര്‍ക്കും. എന്നിട്ടും അധികാരികളുടെ സമീപനത്തിന് ഒരു മാറ്റവും സംഭവിച്ചില്ല. ഉപവാസമനുഷ്ഠിക്കുന്നവരെ രണ്ടുമൂന്നുദിവസം ഇടവിട്ട് മൂക്കില്‍ കുഴലിട്ട് നിര്‍ബന്ധിച്ച് പാലുകുടിപ്പിക്കാന്‍ അവര്‍ തയ്യാറായി. അവശരായ സത്യഗ്രഹികളെ കൂടുതല്‍ പീഡിപ്പിക്കാനായി അവരെ കയ്യാമം വെയ്ക്കാനും ചങ്ങലയ്ക്കിടാനുമുള്ള കാടത്തം പ്രദര്‍ശിപ്പിക്കാനാണ് ജയിലധികൃതര്‍ തയ്യാറായത്. മനുഷ്യാവാകാശ സമിതിയുടെ ഇടപെടല്‍ കാരണം ജയിലധികൃതര്‍ ഈ ക്രൂരകൃത്യത്തില്‍നിന്ന് പിന്‍വാങ്ങിയെങ്കിലും അവരുടെ മനുഷ്യത്വം ഉണര്‍ന്നില്ല.
ഇത്രയും ദീര്‍ഘവും വ്യാപകവുമായ നിരാഹാരസമരത്തിന്റെ വാര്‍ത്ത പഞ്ചാബ് പ്രാന്തങ്ങളിലാകെ ശക്തമായ ഉണര്‍വ്വിനു കാരണമായി. കക്ഷി-പക്ഷ-വര്‍ഗവ്യത്യാസങ്ങളില്ലാതെ എല്ലാവിഭാഗം ജനങ്ങളും നിരാഹാരസമരത്തോട് സഹാനുഭൂതി പ്രകടിപ്പിച്ച് മുന്നോട്ടുവന്നു. സകലഗ്രാമങ്ങളിലും നഗരങ്ങളിലും പ്രകടനങ്ങളും പൊതുയോഗങ്ങളും പ്രാര്‍ത്ഥനയും സഹാനുഭാവം പ്രകടമാക്കുന്ന കൂട്ട ഉപവാസവും നടത്താന്‍ സന്നദ്ധരായി. ജയിലിലെ സഹോദരന്മാരുടെ ആവശ്യങ്ങളെ സമര്‍ത്ഥിച്ചുകൊണ്ട് ലേഖനമോ വാര്‍ത്ത കളോ പ്രസിദ്ധീകരിക്കാത്ത ഒറ്റ വര്‍ത്തമാനപത്രവും പഞ്ചാബിലുണ്ടായില്ല. പ്രസിദ്ധനായ ഗോകുല്‍ചന്ദ് നാരംഗിന്റെ നേതൃത്വത്തില്‍ അനവധി നേതാക്കന്മാര്‍ ഒപ്പിട്ട പ്രസ്താവന പുറപ്പെടുവിച്ചു. എന്നിട്ടും സര്‍ക്കാര്‍ നയം മാറ്റാന്‍ സമ്മതരായില്ല. ‘ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ്’ എന്ന സമീപനമായിരുന്നു സര്‍ക്കാറിന്റേത്.
മരിക്കാനായി ജയില്‍ കവാടത്തില്‍ കൊണ്ടിട്ടു
ഉപവാസം കാരണം അത്യാസന്നനിലയിലായവരെ ജയില്‍ കവാടത്തില്‍ കൊണ്ടുപോയി കിടത്തി പ്രദര്‍ശനത്തിനുവെയ്ക്കുക എന്ന രാക്ഷസീയവൃത്തിയായിരുന്നു മനുഷ്യത്വം മരവിച്ച ജയിലധികൃതരുടെ മനസ്സിലുദിച്ച നവീന ആശയം. ഫിറോസ്പൂരില്‍ അങ്ങേയറ്റം അത്യാസന്നനിലയിലായ ഒരു സത്യഗ്രഹിയെ ജയിലര്‍ ‘ഇവിടെ കിടന്ന് മരിക്ക്’ എന്ന നിലയില്‍ ജയില്‍കവാടത്തില്‍ കൊണ്ടുവന്നു കിടത്തി. സത്യഗ്രഹികളുടെ സ്ഥിതി അവരുടെ വീട്ടിലറിയിക്കാന്‍ ഒരു ഏര്‍പ്പാടും ചെയ്യാന്‍ തയ്യാറായില്ല. ഇതേപോലെ യോല്‍ ക്യാമ്പിലെ ജയിലിലും ഏറെക്കുറെ ബോധം നഷ്ടപ്പെട്ട നിലയില്‍ ഒരു സത്യഗ്രഹിയെ ജയില്‍കവാടത്തിനു പുറത്തുകൊണ്ടുപോയി കിടത്തിയപ്പോള്‍ അയാളുടെ ശരീരത്തിന്റെ ചൂട് 15 ഡിഗ്രിയായിരുന്നു. നിര്‍ദ്ദയമായ അത്തരം പെരുമാറ്റങ്ങളുടെ ഒട്ടനവധി ഉദാഹരണങ്ങള്‍ പഞ്ചാബിലെ വാര്‍ത്താപത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. മനുഷ്യ ത്വരഹിതമായ ഇത്തരം പെരുമാറ്റത്തിനെതിരായി ജനങ്ങള്‍ക്കിടയില്‍നിന്ന് പ്രതികരണം ശക്തമായിത്തുടങ്ങി. അതോടെ സര്‍ക്കാറിന്റെ സമീപനത്തില്‍ മാറ്റമുണ്ടായി. അതിനുശേഷം അത്തരത്തില്‍ സത്യഗ്രഹികളെ ജയില്‍ കവാടത്തില്‍ കിടത്തുന്നതിനുപകരം ജയിലിനുള്ളില്‍ത്തന്നെ ഏതെങ്കിലും കോണില്‍ കിടത്തി അയാളെ ദൈവത്തിന്റെ കാരുണ്യത്തിന് വിട്ടുകൊടുത്തു. യോല്‍ ക്യാമ്പിലെ ദയനീയാവസ്ഥ വിവരിച്ചുകൊണ്ട് ഏപ്രില്‍ 28 ന്റെ ‘പ്രതാപ്’ദിനപത്രം എഴുതി ”യോല്‍ ക്യാമ്പില്‍ ഈ സമയത്ത് 300 പേര്‍ നിരാഹാരസമരത്തിലാണ്. അവര്‍ക്കുള്ള സഹായം തികച്ചും അപര്യാപ്തമാണ്. ഇതേസ്ഥിതി തുടര്‍ന്നാല്‍ യോല്‍ ജയില്‍ ഒരു ഭ്രാന്താലയമായി പരിണമിക്കും.”
(തുടരും)