- നിര്‍വികല്പം
- വൃഷാചലേശ്വരന്‍ (നിര്‍വികല്പം 2)
- ഭിക്ഷാംദേഹി (നിര്‍വികല്പം 3)
- ബുദ്ധഭിക്ഷുക്കളെ കാണുന്നു ( നിര്‍വികല്പം 32)
- മുതലയുടെ പിടി (നിര്‍വികല്പം 4)
- ഗുരുവിനെ തേടി (നിര്‍വികല്പം 5)
- ചണ്ഡാളന്‍(നിര്‍വികല്പം 6)
കാശിയില്‍ നിന്ന് സൗരാഷ്ട്രയിലേക്കുള്ള യാത്രാമധ്യേ മാളവരാജ്യത്ത് പ്രവേശിച്ചു.
മാളവയിലെ പണ്ഡിതശ്രേഷ്ഠന്മാര്‍ വാദിക്കാനും തര്‍ക്കിക്കാനുമായി മുന്നോട്ടു വരികയുണ്ടായില്ല. പത്മപാദന്റെയും തോടകന്റെയും ഹസ്താമലകന്റെയും അരികില്‍ നിന്നാണ് അവര്‍ അദ്വൈതദര്‍ശനത്തിന്റെ പൊരുള്‍ ഗ്രഹിക്കാന്‍ തയ്യാറായത്. അവരുടെ പാഠങ്ങള്‍ നിരീക്ഷിച്ചുകൊണ്ട്, ഒരു വടവൃക്ഷച്ചുവട്ടില്‍ ചെന്നിരുന്ന് വിശ്രാന്തിയുടെ പരിപൂര്‍ണത നുണഞ്ഞു…
അവന്തിരാജ്യത്തിന്റെ തലസ്ഥാനനഗരമായ ഉത്തര ഉജ്ജയിനിയിലേക്ക് ദിഗ്‌വിജയം നീങ്ങിത്തുടങ്ങി…
നഗരത്തിലൂടെ ഒഴുകുന്ന സിപ്രാനദിയില്‍ സ്‌നാനം ചെയ്ത് എല്ലാവരും മഹാകാലക്ഷേത്രത്തിലേക്ക് പടവുകള്‍ കയറി. ഓങ്കാരനാഥനും മഹാകാലശിവനുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകള്‍. നര്‍മ്മദാനദീതീരത്തുള്ള ഓങ്കാരനാഥ തീര്‍ത്ഥത്തില്‍ ഗുരുവിനോടൊപ്പം താമസിച്ചിരുന്നപ്പോള്‍ ഉച്ചസ്ഥാനത്ത് ഓങ്കാരനാഥനായിരുന്നുവല്ലോ. മഹാകാലന്റെ സ്ഥാനമാകട്ടെ അല്പം താഴെയും. ഇപ്പോഴിതാ മഹാകാലന് ഇവിടെ ഉച്ചസ്ഥാനം. ഓങ്കാരനാഥനാകട്ടെ താഴ്ന്ന സ്ഥാനവും! ഭക്തന്മാരുടെ സങ്കല്‍പ്പമനുസരിച്ച് സംഭവിച്ചതാകണം ഈ മാറ്റം. അവരവരുടെ ഉപാസനാമൂര്‍ത്തിയെ വലുതാക്കുന്നത് സ്വാഭാവികമാണല്ലോ…
മനോജ്ഞസ്‌തോത്രം രചിച്ചുകൊണ്ട് ഓങ്കാരനാഥനെയും മഹാകാലനെയും പൂജിച്ചു. ശിഷ്യന്മാരും വിധിപ്രകാരമുള്ള പൂജകള്‍ ചെയ്തു. ക്ഷേത്രത്തിനുള്ളിലെ വിശാലമായ മണ്ഡപത്തിലാണ് എല്ലാവരും വിശ്രമിച്ചത്.
ദിഗ്‌വിജയവാഹിനിയിലെ സന്ന്യാസിസംഘത്തെക്കണ്ട് നഗരവാസികള്‍ക്ക് അദ്ഭുതവും ആനന്ദവും! ഇതിനു മുമ്പൊരിക്കലും ഇതുപോലൊരു സന്ന്യാസിസംഘത്തെ അവര്‍ കണ്ടിട്ടുണ്ടാവാനിടയില്ലെന്ന് ആ മുഖങ്ങളില്‍ തിളങ്ങി നിന്നിരുന്ന ആനന്ദഭാവം വിളിച്ചു പറയുന്നുണ്ടായിരുന്നു.
അവന്തിരാജ്യത്തുനിന്ന് സൗരാഷ്ട്രയിലേക്ക്…
മൈത്രകരാജവംശത്തില്‍പ്പെട്ട അഞ്ചാമത്തെ ശിലാദിത്യനാണ് സൗരാഷ്ട്ര ഭരിക്കുന്നത്. വൈഷ്ണവമതത്തിന് പ്രാധാന്യമുള്ള പ്രദേശം. രാജവംശവും വൈഷ്ണവര്‍ തന്നെ. ഗിര്‍ണാര്‍, സോമനാഥം, പ്രഭാസം എന്നീ പ്രധാന തീര്‍ത്ഥസ്ഥാനങ്ങളാണ് സൗരാഷ്ട്രയിലുള്ളത്. ശിഷ്യന്മാരോടൊപ്പം മൂന്നു തീര്‍ത്ഥ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു.
തപസ്വികള്‍ താമസിക്കുന്ന സ്ഥലമാണ് ഗിര്‍ണാര്‍. ബൗദ്ധന്മാര്‍ക്കും ജൈനന്മാര്‍ക്കും നിരവധി ആരാധനാലയങ്ങളുള്ള ഭൂമി. ഖാപ്രഖോദിയ ഗുഹകളാണ് ഗിര്‍ണാറിലെ മറ്റൊരാകര്‍ഷണം. പല സന്ന്യാസസമ്പ്രദായക്കാര്‍ പലകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഗുഹകള്‍.
”ഖാപ്രഖോദിയ ഗുഹകളില്‍ നമുക്ക് കുറേനേരം തപസനുഷ്ഠിക്കാം. താപസന്മാര്‍ക്ക് അനുകൂലമായ സ്പന്ദനം പകര്‍ന്നു നല്‍കുന്ന അന്തരീക്ഷമാണ് ഇവിടെയുള്ളത്…”
ശിഷ്യരോടു പറഞ്ഞിട്ട് ഒരു ഗുഹ കണ്ടെത്തി അതിനുള്ളില്‍ കയറിയിരുന്നു. ഗുഹയ്ക്കുള്ളിലെ ആത്മീയസ്പന്ദനസ്പര്‍ശമേറ്റപ്പോള്‍ കണ്ണുകള്‍ തനിയെ അടഞ്ഞു…
ഗിര്‍ണാറിലെ ശൈലശൃംഗത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന അംബികാദേവിയെ ദര്‍ശിക്കാനായി എല്ലാവരും പര്‍വതാരോഹണം ചെയ്തു തുടങ്ങി. അടുത്തുള്ള ഗോരക്ഷനാഥശൃംഗവും ദത്താത്രേയശൃംഗവും കാണാനായി യാത്രതുടരുമ്പോള്‍ ഗിര്‍ണാര്‍ വാസികളില്‍ നിരവധിപേര്‍ ഒപ്പം ചേര്‍ന്നു.
വീണ്ടും തെക്കോട്ടു സഞ്ചരിച്ച് സോമനാഥത്തില്‍.
സോമനാഥശിവലിംഗ ദര്‍ശനം കഴിഞ്ഞ് ശ്രീകൃഷ്ണന്റെ ദേഹവിയോഗഭൂമിയിലേക്ക് ദിഗ്‌വിജയയാത്ര നീങ്ങി.
കര്‍മ്മത്തിന്റെ ഗഹനപാശത്തില്‍ കുടുങ്ങിപ്പോയ വേടന്റെ അമ്പേറ്റ് തന്റെ മോഹനരൂപത്തെ ഉപസംഹരിച്ച ഭഗവാന്റെ പുണ്യഭൂമി!
സോമനാഥത്ത് വൈഷ്ണവരായ ദേശവാസികളെല്ലാം വേഗം അദ്വൈതസിദ്ധാന്തത്തെ വരവേറ്റു. സമുദ്രതീരത്തുകൂടി യാത്ര ചെയ്ത് മൂന്നാമത്തെ തീര്‍ത്ഥസ്ഥാനമായ പ്രഭാസത്തില്‍.
ശ്രീകൃഷ്ണലീലാക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചശേഷം, ജനങ്ങള്‍ക്കിടയില്‍ അദ്വൈതസത്യത്തെ ഉറപ്പിക്കാനായി ശിഷ്യന്മാരെല്ലാം യത്‌നിച്ചുകൊണ്ടിരുന്നു. യത്‌നത്തിന്റെ ഫലം ക്രമേണ തെളിഞ്ഞു തുടങ്ങി. സൗരാഷ്ട്രയിലെ വൈഷ്ണവരെല്ലാം അദ്വൈതസിദ്ധാന്തമനുസരിച്ച് ശ്രീകൃഷ്ണപൂജ ചെയ്യാന്‍ തയ്യാറായി.
പ്രഭാസത്തുനിന്ന് സമുദ്രതീരത്തുകൂടി ദ്വാരകാപുരിയില്‍.
ഹസ്താമലകന്റെ മുഖത്ത് സൂര്യനുദിച്ചു!
ഭാരതത്തിന്റെ പടിഞ്ഞാറുഭാഗത്തു രൂപം കൊള്ളാനൊരുങ്ങുന്ന അദ്വൈതമഠത്തെക്കുറിച്ചുള്ള സങ്കല്‍പ്പം ഹസ്താമലകന്റെ മനസ്സില്‍ ഊട്ടിയുറപ്പിക്കാനായി പറഞ്ഞു:
”ഇവിടെ സ്ഥാപിക്കാന്‍ സങ്കല്‍പ്പിച്ചിരിക്കുന്ന പശ്ചിമമഠത്തിന്റെ ചുമതല ഹസ്താമലകനാണല്ലോ. ദ്വാരകയിലെ സന്ന്യാസിമാരുടെ പേരിനോടൊപ്പം ”തീര്‍ത്ഥന്‍” എന്ന് ചേര്‍ത്തുകൊള്ളുക. ബ്രഹ്‌മചാരികള്‍ക്ക് ‘സ്വരൂപ’ എന്ന ബിരുദവും. സാമവേദമായിരിക്കും ഈ മഠത്തിന്റെ മുഖ്യവേദം, ”തത്ത്വമസി” അനുസന്ധാനവാക്യവും!
വിജയവാഹിനിയിലെ അംഗങ്ങള്‍ ദ്വാരകാനാഥന്റെ ലീലകള്‍ സ്മരിച്ചുകൊണ്ട് ധ്യാനനിരതരായി. ദ്വാരകയിലെ ജനങ്ങളില്‍ ഭൂരിഭാഗവും പാഞ്ചരാത്രസമ്പ്രദായക്കാര്‍ അവര്‍ എപ്പോഴും കൈകളില്‍ ശംഖചക്രാദി ചിഹ്നങ്ങള്‍ ധരിച്ചിരിക്കുന്നു. നെറ്റിത്തടത്തില്‍ ശരം പോലുള്ള തിലകക്കുറി. കാതുകളില്‍ തുളസീദളങ്ങള്‍.
പാഞ്ചരാത്രക്കാര്‍ മുന്നില്‍ വന്നുനിന്ന് അവരുടെ വിശ്വാസപ്രമാണങ്ങള്‍ വ്യാഖ്യാനിക്കാന്‍ തുടങ്ങി. ദ്വൈതവാദികളായ പാഞ്ചരാത്രക്കാര്‍ അഞ്ച് ഭേദതത്ത്വങ്ങള്‍ സ്വീകരിച്ചിരിക്കുന്നുവത്രെ. ജീവനും ഈശ്വരനും തമ്മിലുള്ള ഭേദം, ജീവികള്‍ തമ്മിലുള്ള ഭേദം, ജഡവസ്തുക്കള്‍ തമ്മിലുള്ള ഭേദം, ജഡവസ്തുക്കളും ഈശ്വരനും തമ്മിലുള്ള ഭേദം, ജഡവസ്തുക്കളും ജീവനും തമ്മിലുള്ള ഭേദം.
അദ്വൈതസത്യത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് പത്മപാദന്‍ അവരോടു പറഞ്ഞു:
”ഭേദവാദം കൊണ്ട് നിങ്ങള്‍ക്ക് ശാന്തി കൈവരുന്നതല്ല; ആത്മസംതൃപ്തിയും നേടാനാവില്ല. അദ്വൈതദര്‍ശനത്തിലൂടെ മാത്രമെ നിങ്ങള്‍ പരമപദത്തില്‍ എത്തുകയുള്ളൂ.”
ദ്വാരകയില്‍നിന്ന് ആദ്യം കിഴക്കോട്ടു സഞ്ചരിക്കുകയും, തുടര്‍ന്ന് വടക്കോട്ടുള്ള യാത്രാപഥത്തിലൂടെ നീങ്ങുകയും ചെയ്ത ദിഗ്‌വിജയവാഹിനി ഒടുവില്‍ കങ്കണരാജ്യത്ത് എത്തിച്ചേര്‍ന്നു.
കങ്കണത്തിലെ സിദ്ധപുരത്ത് നിരവധി രുദ്രഭക്തന്മാര്‍ താമസമുണ്ട്. അവര്‍ ആഡംബരപൂര്‍വമാണ് രുദ്രപൂജ ചെയ്യുന്നത്. പിതൃക്കള്‍ക്ക് പിണ്ഡദാനം ചെയ്യാന്‍ നിരവധിയാളുകള്‍ ഇവിടെ ഒത്തു ചേരുന്നു. ദിഗ്‌വിജയയാത്ര കാണാനായി വലിയൊരു ജനക്കൂട്ടം പലദിക്കുകളില്‍നിന്ന് ഒഴുകിയെത്തി. വൈദികകര്‍മ്മകാണ്ഡത്തിന്റെയും ഉപാസനാകാണ്ഡത്തിന്റെയും യഥാര്‍ത്ഥലക്ഷ്യം അദ്വൈതബ്രഹ്‌മജ്ഞാനമാണെന്ന് അവരെ ഉദ്‌ബോധിപ്പിച്ചു. സിദ്ധപുരത്തെ ജനങ്ങളുടെ മനസ്സില്‍ ക്രമേണ അദ്വൈതദര്‍ശനത്തിന്റെ പ്രകാശം തെളിഞ്ഞുവന്നു.
കങ്കണരാജ്യത്തുനിന്ന് ഗൂര്‍ജരാജ്യത്തിന്റെ രാജധാനിയായ ശ്രീമാലിയില്‍. ശ്രീമാലിയുടെ തെക്കുകിഴക്കായാണ് അബുപര്‍വ്വതനിരകള്‍. ജൈനന്മാരുടെ ആവാസകേന്ദ്രം. ദിഗ്‌വിജയവാഹിനിയുടെ വരവുകണ്ട് ജൈനന്മാര്‍ തര്‍ക്കിക്കാനും വാദിക്കാനും എത്താത്തതില്‍ അദ്ഭുതംതോന്നി. അദ്വൈതസിദ്ധാന്തപ്രചരണം അബുപര്‍വ്വതനിരകളില്‍ സജീവമാകാന്‍ അത് സഹായകമായി. അബുവില്‍നിന്ന് പുഷ്‌ക്കരതീര്‍ത്ഥത്തിലേക്ക്.
നിരവധി ബ്രഹ്‌മാരാധകര്‍ താമസിക്കുന്ന പ്രദേശമാണ് പുഷ്‌ക്കരതീര്‍ത്ഥം. മനോഹരമായ പൊയ്കകള്‍കൊണ്ട് സമ്പന്നമായ പ്രദേശം. വിടര്‍ന്നു പരിലസിച്ചു നില്‍ക്കുന്ന താമരപ്പൂക്കള്‍ ചൂടിയ കമനീയമായ പൊയ്കകള്‍! ബ്രഹ്‌മാവ്, സാവിത്രി, ഗായത്രി തുടങ്ങിയ ദേവതകളെ ആഘോഷപൂര്‍വം ആരാധിക്കുന്ന സ്ഥാനം. യഥാവിധിപ്രകാരമുള്ള പൂജകള്‍ അര്‍പ്പിച്ചുകൊണ്ടാണ് പുഷ്‌ക്കരതീര്‍ത്ഥത്തിലെ ജനങ്ങളെ അദ്വൈതത്തിന്റെ പാതയിലേക്ക് കൊണ്ടുവന്നത്.
സിന്ധുനദീതീരത്തുകൂടി തെക്കുപടിഞ്ഞാറായി സഞ്ചരിച്ച്, പലദേശങ്ങളും പിന്നിട്ട് സിന്ധുസാഗരസംഗമത്തില്‍ തമ്പടിച്ചു. ബൗദ്ധന്മാരുടെയും ജൈനന്മാരുടെയും പ്രഭാവത്താല്‍ വൈദികധര്‍മ്മം വളരെയേറെ അധഃപതിച്ചുപോയ പ്രദേശങ്ങള്‍. ശാക്തേയന്മാര്‍ക്കാണ് സിന്ധുസാഗരസംഗമത്തില്‍ ആധിപത്യം. പക്ഷേ, പാണ്ഡിത്യം തീരെ കുറഞ്ഞ ജനത. സിന്ധുസാഗരസംഗമത്തില്‍ ഒരുകൂട്ടം ബുദ്ധഭിക്ഷുക്കളെ കണ്ടു. അവര്‍ വാദിക്കാനായി മുന്നോട്ടു വന്നു:
”എന്തോ ഒന്ന് മാറാതെ നിങ്ങളിലുണ്ട്; മാറ്റങ്ങളെയെല്ലാം അറിയുന്ന മാറാത്ത ഒരാള്‍. എന്താണ് മാറാത്ത ആ ഒന്ന്? ഞങ്ങളുടെ ഭഗവാനായ ശ്രീബുദ്ധന് അത് അറിയണമെന്നുണ്ടായിരുന്നു. അദ്ദേഹം അതെന്തെന്നറിയാനായി ധ്യാനത്തോടു ധ്യാനം തന്നെ. ഒടുവില്‍ അദ്ദേഹമത് കണ്ടുപിടിച്ചു: അവിടെ ഒന്നുമില്ലെന്ന്! അത് ഒഴിഞ്ഞതാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. പൊള്ളയും ശൂന്യവുമാണത്!”
ബുദ്ധഭിക്ഷുക്കളില്‍ മുതിര്‍ന്നയാള്‍ സംസാരിച്ചുകൊണ്ടേയിരുന്നു:
”ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞു: ഞാന്‍ ഉണ്മയെ അറിയാന്‍ അന്വേഷണത്തോട് അന്വേഷണമായിരുന്നു. വീണ്ടും വീണ്ടും അന്വേഷിച്ചു കൊണ്ടേയിരുന്നു. എന്നാല്‍, എനിക്കത് കണ്ടെത്താന്‍ കഴിഞ്ഞില്ല. അവിടെ ഒന്നുമില്ലായിരുന്നു. ശ്രീബുദ്ധന്‍ പറഞ്ഞു: ”ശൂന്യം. എല്ലാം ഒഴിഞ്ഞതായിരുന്നു. ശൂന്യതമാത്രം! എനിക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല.”
ബുദ്ധഭിക്ഷുവിനോട് പറഞ്ഞു:
”അതെ. ഇതെല്ലാം അസ്ഥിരമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എല്ലാം മാറിക്കൊണ്ടിരിക്കുന്നു. ശ്രീബുദ്ധനും നിങ്ങളും പറയുന്നുണ്ടല്ലോ ആത്മാവിനെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന്. എന്നാല്‍, ആര്‍ക്കാണ് ആത്മാവിനെ കണ്ടെത്താന്‍ കഴിയാത്തത്?! അവിടെ തീര്‍ച്ചയായും ഒരാള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണല്ലോ! ആരാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ആള്‍? ആര്‍ക്കാണ് കണ്ടെത്താന്‍ കഴിയാത്തത്? അതാണ് ഉണ്മ! എല്ലാം ശൂന്യമാണെന്ന തത്ത്വമായിരുന്നു ബുദ്ധമതത്തിന്റെ ആന്തരികമായ പ്രധാന ന്യൂനത! അവിടെ ദുഖമാണ്. എല്ലാത്തിലും ശൂന്യതയാണ്. ബുദ്ധമതത്തിന്റെ പ്രധാനകേന്ദ്രബിന്ദു അതാണ്: ശൂന്യത! എന്നാല്‍, വേദതത്ത്വത്തില്‍ എല്ലാം നിറവാണ്; പൂര്‍ണ്ണതയാണ്! എല്ലാ ബോധവും അതാണ്. നാം ശൂന്യമായി ഒടുവില്‍ അറിയുന്നതെന്തോ അതെല്ലാം ആനന്ദമാണ്!”
ബുദ്ധഭിക്ഷു മൗനത്തിലാണ്. എന്നാല്‍ എല്ലാം ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ട്.
”ഒരാള്‍ക്ക് തന്റെ ഉണ്മയെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, ഒരാള്‍ അത് അന്വേഷിച്ചു കൊണ്ടേയിരിക്കുന്നുണ്ടല്ലോ! ആ ഒന്നാണ് ”സത്ചിത് ആനന്ദം.” അതിനു മൂന്ന് സവിശേഷതയുണ്ട്: സത്യം, ബോധം, ആനന്ദം. ”ഞാനില്ല” എന്ന് ആരും പറയാന്‍ പോകുന്നില്ല. ഇത് സത്യമാണ്. ആരെങ്കിലും അങ്ങനെ പറയുകയാണെങ്കില്‍ അപ്പോള്‍ എങ്ങനെ അയാള്‍ക്ക് പറയാന്‍ കഴിയും, ”ഞാനില്ല” എന്ന്? അത് പറയാന്‍ ഒരാള്‍ വേണമല്ലോ! അതിനര്‍ത്ഥം അയാള്‍ ഉണ്ടെന്നാണ്. നിങ്ങള്‍ക്ക് ഇത് പിടി കിട്ടിയോ?”
ബുദ്ധഭിക്ഷു മൗനം തുടര്‍ന്നു.
”ഭഗവാന്‍ ബുദ്ധന്റേത് അത്യാവശ്യമായ ഒരു പടവാണ്. എന്നാല്‍, അന്തിമമായ ഒരു പടവല്ല. ശ്രീബുദ്ധന്റെ പടവ് നമുക്ക് ആവശ്യമായിരുന്നു. അസ്ഥിരമായതില്‍ മാത്രമുള്ള നിങ്ങളുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുവാന്‍ അത് ആവശ്യമായിരുന്നു. സ്ഥിരമായുള്ളതിലേക്കുള്ള ശ്രദ്ധയും യാത്രയും ആവശ്യമാണ്. എല്ലാം ഒന്നുമല്ലെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. എന്നാല്‍, ഒന്നുമല്ലാത്തതും എല്ലാമാണ്! ആധ്യാത്മികവിപ്ലവം എങ്ങനെ സംഭവിച്ചുവെന്ന് ഇത് സൂചിപ്പിക്കുന്നു.”
”ഒരു പുതിയ മതത്തെ താന്‍ സൃഷ്ടിക്കുകയാണെന്ന് ഭഗവാന്‍ ബുദ്ധന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അദ്ദേഹം ഒരു ഹിന്ദുസന്ന്യാസിയായിത്തന്നെ നിലകൊള്ളുകയായിരുന്നു. എന്നാല്‍, അക്കാലത്ത് ജനങ്ങള്‍ ആചരിച്ചുപോന്നിരുന്ന ചില തെറ്റായ കാര്യങ്ങളെ അദ്ദേഹം എതിര്‍ക്കുകയായിരുന്നു. എന്താണ് ജനങ്ങള്‍ ചെയ്തത്? അവര്‍ പ്രഭാതംമുതല്‍ പ്രദോഷംവരെ കേവലം ചടങ്ങുകളിലും അനുഷ്ഠാനങ്ങളിലും മാത്രം കുടുങ്ങിക്കിടന്നു. ജ്ഞാനദര്‍ശനം അവര്‍ മറന്നുപോയിരുന്നു. ജനങ്ങള്‍ ധ്യാനത്തെക്കുറിച്ച് മറന്നുപോയപ്പോള്‍ ഭഗവാന്‍ ബുദ്ധന്‍ കടന്നുവന്നു. എന്നിട്ട് അതിനെക്കുറിച്ച് അവരെ ഓര്‍മ്മിപ്പിച്ചു: ”നിങ്ങള്‍ ധ്യാനത്തിലേക്കു വരേണ്ടിയിരിക്കുന്നു. ധ്യാനം ചെയ്യണമെന്ന് ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞിരുന്നത് നിങ്ങള്‍ മറന്നു പോയിരിക്കുന്നു! നിങ്ങള്‍ അത് പാലിക്കുന്നില്ല. രാത്രിയിലും പകലും നിങ്ങള്‍ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അകപ്പെട്ടുപോയിരിക്കുന്നു’. ശ്രീബുദ്ധന്‍ അക്കാലത്ത് ആ വ്യവസ്ഥിതിയില്‍നിന്ന് ജനങ്ങളെ തിരികെ കൊണ്ടുവരികയാണ് ചെയ്തത്…”
എല്ലാം ശ്രദ്ധയോടെ കേട്ടുകഴിഞ്ഞ ബുദ്ധഭിക്ഷുക്കളുടെ മനസ്സ് അദ്വൈത സത്യത്തെ സ്വീകരിക്കാന്‍ പാകമാകുന്നതറിഞ്ഞു….