ഗുരുകുലത്തിലേക്ക് ശങ്കരന്‍ നടന്നു. വേദങ്ങളും ഉപനിഷത്തുക്കളും ശാസ്ത്രങ്ങളും വേഗത്തില്‍ അഭ്യസിക്കേണ്ടതുണ്ട്. ശിവഗുരുവിന്റെ അഭിലാഷമനുസരിച്ച് അഞ്ചാം വയസ്സില്‍ത്തന്നെ മകന്റെ ഉപനയനം ആര്യാംബ നിര്‍വ്വഹിച്ചിരിക്കുന്നു.
”ശങ്കരന്റെ ബുദ്ധിവൈഭവം എന്നെ അത്ഭുതപ്പെടുത്തുന്നു.”
ഗുരു സഹശിഷ്യരോടു പറഞ്ഞു.
”ശങ്കരനോട് എനിക്ക് അതിയായ വാത്സല്യമുണ്ട്; ഒപ്പം ആദരവും. ശിഷ്യനോടുളള ഗുരുവിന്റെ ആദരവ് എന്ന് കരുതിയാല്‍ മതി!”
എല്ലാവരും ശങ്കരനെത്തന്നെ നോക്കിയിരിക്കുമ്പോള്‍ ഗുരു ഒരു നിര്‍ദ്ദേശം വെച്ചു:
”ബ്രഹ്‌മചാരികളുടെ ആചാരപ്രകാരം ഇനി നിങ്ങളെല്ലാവരും ഭിക്ഷാടനത്തിന് പോകണം.”
ഗുരുകുലത്തിലെ സഹപാഠികളുമൊത്ത് ശങ്കരന്‍ ഭിക്ഷയ്ക്കായി ആദ്യം ചെന്നെത്തിയത് ജീര്‍ണ്ണിച്ച ഒരോലപ്പുരയുടെ മുറ്റത്താണ്. ദാരിദ്ര്യം കൊണ്ട് ഉഴലുന്ന ഒരില്ലം. ഭിക്ഷാംദേഹികളെക്കണ്ട് അവിടത്തെ അന്തര്‍ജ്ജനം ഉമ്മറത്തേക്ക് ഇറങ്ങിവന്നു: ശോഷിച്ച് ദുര്‍ബ്ബലമായ രൂപം; ഒട്ടിയ കവിളുകള്‍; കണ്ണുകളില്‍ ദയനീയത.
”നമസ്‌കാരം മാതാജീ…”
അവര്‍ കൈകൂപ്പിക്കൊണ്ട് പ്രത്യഭിവാദനം ചെയ്തു:
‘എന്റെ കുട്ടികളേ, നിങ്ങള്‍ക്കെന്റെ നമസ്‌കാരം. ഇവിടെ ഭിക്ഷതരാന്‍ എന്റെ കൈയില്‍ ഒന്നും തന്നെയില്ലല്ലോ, മക്കളേ!”
അവര്‍ നിസ്സഹായാവസ്ഥയില്‍ ആകാശത്തേക്ക് നോക്കി. ഉച്ചസൂര്യന്‍ തന്നെ നോക്കി കളിയാക്കി ചിരിക്കുന്നതറിഞ്ഞ് അവര്‍ ഉമ്മറത്തുനിന്ന് വേഗം പുരയ്ക്കകത്തേക്ക് കയറിപ്പോയി. കുറച്ചു കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ അവരുടെ ഉള്ളം കൈയില്‍ ഒരു ഉണക്ക നെല്ലിക്ക കണ്ടു.
”മറ്റൊന്നും തരാന്‍ ഇവിടെയില്ല. നിങ്ങള്‍ എന്നോടു പൊറുക്കണം. ഈ നെല്ലിക്കയെങ്കിലും ദയവായി ഭിക്ഷയായി സ്വീകരിക്കണം.”
ഭിക്ഷാംദേഹികളുടെ നേര്‍ക്ക് അത് നീട്ടിക്കൊണ്ട് അവര്‍ പറഞ്ഞു.
നെല്ലിക്കയെ അമൃതായിക്കണ്ട് സ്വീകരിക്കുമ്പോള്‍ ശങ്കരന്റെ മനസ്സില്‍ കനകധാരാസ്‌തോത്രം ഉരുത്തിരിഞ്ഞുവന്നു:
അംഗംഹരേഃ പുളകഭൂഷണമാശ്രയന്തീ
ഭൃംഗാംഗനേവ മുകുളാഭരണം തമാലം
അംഗീകൃതാഖില വിഭൂതിരപാംഗലീലാ
മംഗല്യദാളസ്തു മമ മംഗളദേവതായാഃ
മുഗ്ദ്ധാമുഹൂര്‍ വിദധതീ വദനേ മുരാരേഃ
പ്രേമത്രപാപ്രണിഹിതാനി ഗതാഗതാനി
മാലാദ്യശോര്‍ മധുകരീവ മഹോത്പലേയാ
സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ
ഇത് ചൊല്ലിക്കഴിഞ്ഞ്, പിന്നെ ഭദദ്യാദ്ദയാനു പവനോ ദ്രവിണാംബുധാരാം അസ്മിന്നകിഞ്ചന
വിഹംഗശിശൗ വിഷണ്ണേ ദുഷ്‌കര്‍മ ഘര്‍മമപനീയ ചിരായ ദൂരംനാരായണ പ്രണയിനീനയനാം ബുവാഹഃഭ
എന്നു ചൊല്ലിയതും മുറ്റത്ത് നിന്നിരുന്ന പ്രായമായ നെല്ലിമരത്തില്‍ നിന്നും സ്വര്‍ണ്ണമണികള്‍പോലെ നെല്ലിക്കകള്‍ താഴേക്ക് വര്‍ഷിക്കാന്‍ തുടങ്ങി. ആശ്ചര്യം തോന്നി. ആ മരത്തില്‍ ഒരൊറ്റ നെല്ലിക്കപോലും ഉളളതായി കണ്ടിരുന്നില്ല. പിന്നെയെങ്ങനെ ഇത്രയധികം നെല്ലിക്കകള്‍!
കമലേ കമലാക്ഷവല്ലഭേ ത്വം
കരുണാപൂരതരംഗിതൈരപാംഗൈഃ
അവലോകയ മാമകിഞ്ചനാനാം
പ്രഥമം പാത്രമകൃത്രിമം ദയായാഃ
”അമ്മയുടെ ദുഃഖം മാറാനായി ഞാന്‍ ലക്ഷ്മീ ഭഗവതിയോടു പ്രാര്‍ത്ഥിക്കാം. ഇനിമുതല്‍ സമൃദ്ധിയുടെ നെല്ലിക്ക ഈ ഗൃഹത്തില്‍ വര്‍ഷിക്കട്ടെ.”
പുഞ്ചിരിച്ചുകൊണ്ട് ആ അമ്മയെ ശങ്കരന്‍ ആശ്വസിപ്പിച്ചു. അവരുടെ വാത്സല്യം തിളങ്ങുന്ന മുഖഭാവം കണ്ടപ്പോള്‍ പറഞ്ഞു: ”കരുണാം വിസ്താരയാ…”
സ്വര്‍ണ്ണത്തുമനയില്‍നിന്ന് മടങ്ങുമ്പോള്‍ സതീര്‍ത്ഥ്യര്‍ ശങ്കരനോട് ചോദിച്ചു:
”എന്താ അവിടെ സംഭവിച്ചത്?”
”ഒന്നുമില്ല!”
മൂന്നു വര്‍ഷത്തെ ഗുരുകുല വിദ്യാഭ്യാസം. സകല ശാസ്ത്രങ്ങളും പഠിച്ച് ശങ്കരന്‍ ഒടുവില്‍ ഇല്ലത്ത് തിരിച്ചെത്തി. ഇനി കുറച്ചുനാള്‍ അമ്മയെ പരിചരിക്കണം.
ആലുവാപ്പുഴക്ക് കാലടിയില്‍ക്കൂടി ഒഴുകിയാലെന്താ?! നദിയില്‍ കുളിക്കാനായി അമ്മയ്ക്ക് ദിവസേന ഒത്തിരി ദൂരം നടക്കേണ്ടി വരുന്നുണ്ട്. അമ്മയ്ക്ക് പ്രായവും ഏറിവരികയാണ്. ഈ പൂര്‍ണാനദിക്ക് കാലടിയില്‍ കൂടി ഒഴുകിയാലെന്താ?!
കുളി കഴിഞ്ഞ് ഇനിയും മടങ്ങി വരാതായപ്പോള്‍ നദിക്കരയിലേക്ക് അമ്മയെ അന്വേഷിച്ച് പുറപ്പെട്ടു. പാടവരമ്പുകളിലൂടെയും, പിന്നെ മുള്‍ച്ചെടികള്‍ വകഞ്ഞു മാറ്റിയപ്പോള്‍ തെളിഞ്ഞ ഒറ്റയടിപ്പാതയിലൂടെയും നടന്നു കഴിഞ്ഞപ്പോഴാണ് ആ രംഗം കണ്ടത്: വഴിയില്‍ വിലങ്ങനെ അമ്മ തളര്‍ന്നു കിടക്കുന്നു! ബോധമറ്റു വീണു പോയ അമ്മയെ തട്ടിയുണര്‍ത്തി. വല്ല വിധേനെയും എഴുന്നേല്‍പ്പിച്ച്, ഇടറുന്ന ചുവടുവെയ്പ്പുകളോടെ വീട്ടിലേക്ക് കൊണ്ടുപോയി.
”പൂര്‍ണാനദിക്ക് കാലടിയില്‍ കൂടി ഒഴുകിയാലെന്താ!” മനസ്സില്‍ പിറുപിറുത്തു. അമ്മയ്ക്ക് പ്രായത്തിലേറെ അവശതയുണ്ട്. പുഴയിലേക്ക് ഇത്രയധികം നടക്കാന്‍ അമ്മയ്ക്ക് പ്രയാസം.
”അമ്മേ, നമുക്ക് പൂര്‍ണാനദിയോട് ഇല്ലത്തിനടുത്തുകൂടി ഒഴുകാന്‍ പറഞ്ഞാലോ?” കുസൃതിനിറഞ്ഞ ഒരു ചിരിയോടെ അമ്മയോടു ചോദിച്ചു.
”കിറുക്കു പറയാതെ നീയൊന്നു മിണ്ടാതിരിക്കു, കുട്ടീ.” അമ്മ നിലത്തിട്ട പുല്‍പ്പായയില്‍ നീട്ടിവച്ച കണങ്കാലുകളില്‍ തൈലം പുരട്ടി തിരുമ്മുന്നുണ്ടായിരുന്നു.
”നോക്കിക്കോ… താമസിയാതെ പൂര്‍ണാനദി ഇല്ലത്തിനരികിലൂടെ ഒഴുകുന്ന അംബാനദിയായി മാറും.”
അമ്മ അതുകേട്ട് പൊട്ടിച്ചിരിച്ചു.
അന്നുരാത്രി കാറ്റും മഴയുമായെത്തിയ കാലവര്‍ഷം കാലടിയുടെ ആകാശത്തു നിന്ന് ശക്തിയായി പെയ്തിറങ്ങി. മഴ മൂന്നുദിവസം മുടങ്ങാതെ നിന്നു പെയ്തു. മഴയില്‍ കാലടിയും പരിസരപ്രദേശങ്ങളും മുങ്ങി. ഇതുപോലൊരു മഴ ഈ നൂറ്റാണ്ടില്‍ ഉണ്ടായിട്ടില്ലെന്ന് അമ്മ പറഞ്ഞു. ഭൂമി തണുത്തു വിറച്ചു. വെള്ളപ്പൊക്കത്തിന്റെ രൗദ്ര ഭാവം പത്തി നിവര്‍ത്തി. മഴയില്‍ മാത്രം കണ്ണും നട്ട് വെറുതെ ഇരുന്നു.
‘പൂര്‍ണാനദിക്ക് കാലടിയില്‍ കൂടി ഒഴുകിയാലെന്താ…!’ പുഴ അത് കേട്ടു. പുഴ കാലടിയില്‍കൂടി ഗതിമാറി ഒഴുകാന്‍ തുടങ്ങി. കയ്പ്പിള്ളി ഇല്ലത്തിനരികിലൂടെ ഒഴുകിവന്ന പുഴ തെങ്ങിന്‍ തോപ്പുകള്‍ തകര്‍ത്തെറിഞ്ഞ് പടിഞ്ഞാറേക്ക് കുതിച്ചു…
നേരം പുലര്‍ന്നപ്പോള്‍ ആര്യാംബ അംബാനദിയുടെ ഒഴുക്കു കണ്ട് അമ്പരന്നു. അതുകണ്ട് ചിരിച്ചുകൊണ്ട് ശങ്കരന്‍ പറഞ്ഞു:
”അമ്മയ്ക്ക് ഇനി ഏതാനും ചുവടുകള്‍മാത്രം വെച്ചാല്‍ മതി; പുഴയില്‍ കുളിച്ചുവരാം.” അമ്മ ഒന്നും മിണ്ടിയില്ല.
കേരളാധിപതി രാജശേഖരരാജാവ് ഇല്ലത്ത് തന്നെ സന്ദര്‍ശിക്കാനെത്തിയത് തികച്ചും ആകസ്മികം. രാജാവുമായി പലവിഷയങ്ങളും സംസാരിച്ചിരുന്നുപോയി. ഒടുവില്‍ കൂടെവന്ന അംഗരക്ഷകന്റെ കൈയില്‍ നിന്ന് ഒരു താളിയോലക്കെട്ടു വാങ്ങി അതിന്റെ കെട്ടഴിച്ചു.
”ഇത് നാം രചിച്ച മൂന്ന് നാടകങ്ങളാണ്. വായിച്ചു കേള്‍പ്പിക്കട്ടെ?”
രാജാവ് ഉത്സാഹത്തോടെ, ആത്മവിശ്വാസത്തോടെ, അഭിമാനത്തോടെ തന്റെ കൃതികള്‍ വായിക്കാന്‍ തുടങ്ങി. വായിച്ചു കഴിഞ്ഞപ്പോള്‍ അതിനെക്കുറിച്ച് പ്രത്യേകിച്ച് അഭിപ്രായമൊന്നും പറഞ്ഞില്ല. അതുകൊണ്ടാവണം, ഒരസംതൃപ്തി രാജാവിന്റെ മുഖത്ത് നിഴലിക്കുന്നത് ശ്രദ്ധിച്ചു.
അംഗരക്ഷകനില്‍നിന്ന് സ്വര്‍ണ്ണനാണയങ്ങളടങ്ങിയ ഒരു കിഴിവാങ്ങി സന്തോഷത്തോടെ തനിക്കു മുന്നില്‍ വെച്ചപ്പോള്‍, അത് വിനയപൂര്‍വ്വം നിരസിച്ചുകൊണ്ട് രാജാവിനോടു പറഞ്ഞു:
”വേണ്ട മഹാരാജന്‍. എനിക്ക് സ്വര്‍ണ്ണനാണയങ്ങളുടെ ആവശ്യമില്ല. ഇതിനോടൊന്നും എനിക്കിപ്പോള്‍ മമത തോന്നുന്നില്ല.”
‘ഏതായാലും താങ്കള്‍ക്കുവേണ്ടിയാണ് ഞാനീ ഉപഹാരം കൊണ്ടുവന്നത്. ഇനി തിരികെ കൊണ്ടുപോകുന്നില്ല. പകരം യോഗ്യതയുളളവര്‍ക്ക് അങ്ങ് ഇത് വിതരണം ചെയ്യണം.”
രാജാവ് രാജകര്‍മ്മം തന്നെ ഏല്‍പ്പിക്കാനൊരുങ്ങുകയാണ്. അതിനോടു യോജിക്കാനാവാതെ പറഞ്ഞു:
”ദാനം ചെയ്യുന്നത് രാജധര്‍മ്മമാണെന്ന് അങ്ങേക്കറിയില്ലേ? യോഗ്യതയുളളവരെ തിരിച്ചറിയാന്‍ നാടുവാഴിക്കല്ലേ സാധ്യമാകു…”
ഒടുവില്‍ രാജശേഖരരാജാവ് മനസ്സില്ലാതെയാണെങ്കിലും വഴങ്ങാന്‍ തയ്യാറായി…
ലൗകിക ജീവിതത്തോടുളള താല്പര്യം കുറഞ്ഞുവരികയാണ്. എങ്കിലും പൂര്‍ണ്ണമായി ലൗകിക ജീവിതത്തെ വിട്ടുകളയാനും വയ്യ. അമ്മയുടെ കാര്യത്തില്‍ സവിശേഷമായ ശ്രദ്ധയും താല്പര്യവും നല്‍കേണ്ടിയിരിക്കുന്നു. പൂര്‍ണാനദി ഇല്ലത്തിനടുത്തുകൂടി ഒഴുകിത്തുടങ്ങിയപ്പോള്‍ നദീതീരത്തുളള ശ്രീകൃഷ്ണക്ഷേത്രത്തില്‍ വര്‍ഷകാലജലം കയറിത്തുടങ്ങി. കുറച്ചുകൂടി ഉയര്‍ന്ന സ്ഥാനത്തേക്ക് കൃഷ്ണ വിഗ്രഹത്തെ മാറ്റി പ്രതിഷ്ഠിക്കേണ്ടിവന്നു.
അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാ വല്ലഭം
ജാനകീ നായകം രാമചന്ദ്രം ഭജേ…
അച്യുതാഷ്ടകം രചിച്ചു ചൊല്ലിക്കൊണ്ട് ശ്രീകൃഷ്ണഭഗവാനെ ഭജിച്ചു. അമ്മയുടെ മുഖം ഇപ്പോള്‍ കൂടുതല്‍ പ്രസന്നമായിരിക്കുന്നു.
(തുടരും)