മണികര്‍ണ്ണികയിലേക്കുളള പുറപ്പാട്. സനന്ദനനും മറ്റ് മൂന്ന് അനുയായികളുമാണ് ഒപ്പം. ഘോരവനങ്ങളുടെ മധ്യത്തില്‍ കൂടിയുളള യാത്ര. ഹിംസ്രജന്തുക്കളുടെ അലര്‍ച്ചയും മുരളലും ഇടയ്ക്കിടെ കേട്ടു. അനുയായികളില്‍ ഒരാളുടെ മുഖത്ത് ഭയത്തിന്റെ നിഴലുകള്‍ വീണിരിക്കുന്നു.
”പേടി വേണ്ട… ഒന്നും നമ്മെ ഉപദ്രവിക്കില്ലെന്നു ചിന്തിച്ചോളൂ…” സനന്ദനന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. മറ്റുളളവര്‍ ഒന്നും മിണ്ടിയില്ല.
യാത്ര വനാന്തരങ്ങളിലെ ദുര്‍ഘടംപിടിച്ച ഒറ്റയടിപ്പാതയിലൂടെ തുടരവെ, എതിരെ ഒരു ചണ്ഡാളന്‍ നടന്നു വരുന്നതു കണ്ടു. കൂടെ നാല് നായ്ക്കളുമുണ്ട്. ചണ്ഡാളന്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട് തൊട്ടുമുന്നില്‍ എത്തിയിരിക്കുന്നു. അയാളെ അനുഗമിക്കുന്ന നായ്ക്കൂട്ടം ഞങ്ങളെ കണ്ടതും ഉച്ചത്തില്‍ കുരയ്ക്കാന്‍ തുടങ്ങി.
”മുന്നില്‍നിന്ന് മാറി നില്ക്കൂ…” വഴിമുടക്കും മട്ടില്‍ നില്‍ക്കുന്ന ചണ്ഡാളനോട് അങ്ങനെ ആജ്ഞാപിക്കാനാണ് അപ്പോള്‍ തോന്നിയത്.
”വഴിയില്‍ നിന്ന് മാറിപ്പോകൂ… ഈ നായ്ക്കളെയും കൊണ്ട് ദൂരെപ്പോകൂ…”
പൊടുന്നനെ ഒരു മിന്നല്‍പ്രഭ ആകാശത്തുനിന്ന് ഭൂമിയിലേക്കിറങ്ങുന്നതു കണ്ടു. ചണ്ഡാളന്റെ സ്ഥാനത്ത് കാശിനാഥനാണ് ഇപ്പോള്‍ നില്ക്കുന്നത്.
”ആരോടാണ് മാറിപ്പോകാന്‍ അങ്ങ് ആവശ്യപ്പെടുന്നത്?”
കാശിനാഥന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് ഞെട്ടി! അത്ഭുതസ്തബ്ധനായി നില്‍ക്കുമ്പോള്‍ അദ്ദേഹം തുടര്‍ന്നു:
”ആത്മാവിനോടോ?… അതോ, ഈ ശരീരത്തോടോ?”
മറുപടി പറയാനാവാതെ പരമേശ്വരനെത്തന്നെ മിഴിച്ചുനോക്കി നിന്നുപോയി. മൂകമായ ഏതാനും നിമിഷങ്ങള്‍കൂടി പിന്‍വാങ്ങിയപ്പോള്‍ കാശിനാഥന്‍ പറഞ്ഞു:
”ആത്മാവ് സര്‍വ്വവ്യാപിയും അതേസമയം നിഷ്‌ക്രിയവും നിത്യശുദ്ധവുമാണെന്ന് അങ്ങേക്കറിയില്ലേ? ഗംഗാജലത്തിലോ മദ്യത്തിലോ ചെളിവെള്ളത്തിലോ പ്രതിബിംബിക്കുന്ന സൂര്യന് വല്ല വ്യത്യാസവുമുണ്ടോ? എന്നാല്‍, ഈ ദേഹം വെറും ജഡമാണുതാനും; അതിന് മാറിപ്പോകാന്‍ സാധിക്കുമോ!”
മനസ്സാകെ ഉലഞ്ഞുപോയി. എല്ലാം അറിയാമെന്ന ചിന്ത പെട്ടെന്നൊഴുകിപ്പോയി. ഇതും ഈശ്വരലീലയല്ലാതെ മറ്റെന്താണ്?
ചണ്ഡാളരൂപിയായി വീണ്ടുംമാറിയ കാശിനാഥനെ നമിക്കാനാണ് തോന്നിയത്. ‘ഭഗവാനെ, അങ്ങ് എന്നോടു പൊറുക്കണം.
അദ്ദേഹത്തിനുമുന്നില്‍ കൈകള്‍കൂപ്പി, വലതുകാല്‍മുട്ട് നിലത്തുകുത്തി മെല്ലെ മുന്നോട്ടാഞ്ഞ് സാഷ്ടാംഗം നമസ്‌ക്കരിച്ചു.
സര്‍വ്വഭൂതങ്ങളിലും സമബുദ്ധിയോടെ ദര്‍ശനം!
ചണ്ഡാളനായാലും ദ്വിജനായാലും തന്റെ ഗുരുനാഥന്‍ തന്നെ. ഈ പാദങ്ങളില്‍ ശതകോടി പ്രണാമം!
കണ്ണു തുറന്ന് എണീക്കുമ്പോള്‍ മുന്നില്‍ ചണ്ഡാളരൂപമില്ല. കാശിനാഥനുമില്ല. കൂടെക്കണ്ട നാല് നായ്ക്കളുമില്ല. എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. വനാന്തരങ്ങളിലേക്കുളള വഴി തെളിഞ്ഞു കണ്ടു.
വൈദികധര്‍മ്മത്തിന്റെ പുനഃസ്ഥാപനത്തിനായിട്ടാണ് നീ പിറന്നിരിക്കുന്നത്. ബ്രഹ്‌മസൂത്രഗ്രന്ഥത്തിന്റെ ഭാഷ്യം രചിച്ച്, വേദസാരമായ അദ്വൈതജ്ഞാനം ലോകത്ത് പ്രചരിപ്പിക്കുക. ലോകത്തിന്റെ മോക്ഷത്തിനായി പ്രവര്‍ത്തിക്കുക.
ആരോ മനസ്സിലിരുന്നു മന്ത്രിച്ചു: ബ്രഹ്‌മസൂത്രഭാഷ്യം. ബ്രഹ്‌മസൂത്രഭാഷ്യം. ബ്രഹ്‌മസൂത്രഭാഷ്യം!
ബാദരായണവ്യാസന്റെ തപഃസ്ഥാനമായ ബദരികാശ്രമത്തില്‍ ചെന്ന് ബ്രഹ്‌മസൂത്രത്തിന്റെ ഭാഷ്യം രചിക്കണം. മനസ്സ് ഭാഷ്യരചനയില്‍ വിശ്രമിക്കുന്നതറിഞ്ഞു.
* * *
സൂര്യന്‍ മാനത്തിന്റെ ഉച്ചിയില്‍ തിളങ്ങി നിന്നു. മാധ്യാഹ്നിക കര്‍മ്മത്തിനായി ശിഷ്യരെയും കൂട്ടി ഗംഗാനദിയിലേക്കു നടന്നു. എതിര്‍ദിശയില്‍ നിന്ന് ഭയങ്കരന്മാരായ നാല് നായ്ക്കളോടൊപ്പം ചണ്ഡാളന്‍ വീണ്ടും മുന്നിലെത്തി. കോപംകൊണ്ട് ഉറക്കെ ആജ്ഞാപിച്ചു:
”മാറെടാ തീണ്ടാപ്പാടിനപ്പുറം… നീ ചണ്ഡാളന്‍!”
ഇതു കേട്ടപാടെ ചണ്ഡാളന്‍ വിനീതനായി ചോദിച്ചു:
അദ്വിതീയം നിരവദ്യം നിരഞ്ജനം
സത്യം ചിദാനന്ദമേകമെന്നൊക്കെയും
ഓതുന്നു വേദാന്തമെന്നിരിക്കെബ്ഭവദ്
ഭേദഭ്രമമിദമാശ്ചര്യമേറ്റവും….!
”ദേഹത്തെയാണോ അങ്ങ് ദൂരെ മാറി നില്‍ക്കാന്‍ ആജ്ഞാപിച്ചത്? അതോ, ദേഹത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ചൈതന്യത്തേയോ? ബ്രാഹ്‌മണന്‍, ചണ്ഡാളന്‍ എന്നീ വേര്‍തിരിവ് അങ്ങേക്കെങ്ങനെയുണ്ടായി? വെറുതെ സംന്യാസവേഷം ധരിച്ച് ഗൃഹസ്ഥരെ വഞ്ചിക്കുന്നവരുടെ കൂട്ടത്തിലല്ലല്ലോ താങ്കള്‍. ഗംഗാജലത്തിലും പുളിച്ച കള്ളിലും സമദൃഷ്ടിയോടെ സൂര്യന്‍ കൈകള്‍ നീട്ടുന്നത് അങ്ങ് കാണുന്നില്ലേ? ചൈതന്യത്തെ സംബന്ധിച്ച് അതിന് ദേഹബന്ധമില്ല. ഈ വസ്തുതമറന്ന് അങ്ങ് ഒരു മഹാബ്രാഹ്‌മണനാണെന്നും ഞാന്‍ ചണ്ഡാളനാണെന്നും കല്പിച്ച് ദൂരേയ്ക്ക് മാറാന്‍ എന്നാടു പറയുന്നതിന്റെ പിന്നിലുളള വികാരമെന്താണ്?’
ചണ്ഡാളന്റെ വാക്കുകള്‍കേട്ട് മനസ്സ് എവിടെയൊക്കെയോ ഉടക്കി മുറിഞ്ഞു. അതിന്റെ അസ്വസ്ഥമായ വേദനയോടെ ലോകത്തേക്ക് പെട്ടെന്ന് ഞെട്ടിയുണര്‍ന്നു…. കിനാവു മുറിഞ്ഞു!
വനാന്തരത്തില്‍ കണ്ടു മുട്ടിയ ചണ്ഡാളനെയും നായ്ക്കളെയും വഴക്കടിക്കാനായി വീണ്ടും സ്വപ്നത്തില്‍ കണ്ടുമുട്ടിയിരിക്കുന്നു. ഈ ചണ്ഡാളസംഗമം മനസ്സിന്റെ ഏതോ കോണില്‍ വീണ്ടും അസ്വസ്ഥത ഉളവാക്കിക്കൊണ്ടിരിക്കുന്നു. മനസ്സിന്റെ സമനില വീണ്ടെടുക്കാനായി കുറേനേരം ശ്വാസത്തിലേക്ക് ശ്രദ്ധയൂന്നിക്കൊണ്ട് കിടക്കയില്‍ കണ്ണടച്ചിരുന്നു. മനസ്സ് ശാന്തമാകുന്നതുവരെ അങ്ങനെ നിശ്ചലമായി ഇരുന്നു. പ്രശാന്തമാകുന്ന മനസ്സിന്റെ അടിത്തട്ടില്‍ മനീഷാപഞ്ചകം മൊട്ടിട്ടു:
ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ
യാ സംവിദുജ്ജൃംഭതേ
യാ ബ്രഹ്‌മാദി പിപീലികാന്തതനുഷു
പ്രോതാ ജഗത്‌സാക്ഷിണീ
സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢ-
പ്രജ്ഞാപി യസ്യാസ്തി ചേത്
ചണ്ഡാലോƒസ്തു സ തു ദ്വിജോƒസ്തു ഗുരുരി-
ത്യേഷാ മനീഷാ മമ.
ബ്രഹ്‌മൈവാഹമിദം ജഗച്ച സകലം
ചിന്മാത്ര വിസ്താരിതം
സര്‍വം ചൈതദവിദ്യയാ ത്രിഗുണയാ-
ശേഷം മയാ കല്പിതം
ഇത്ഥം യസ്യ ദൃഢാമതിഃ സുഖതരേ
നിത്യേ പരേ നിര്‍മലേ
ചണ്ഡാലോƒസ്തു സതു ദ്വിജോƒസ്തു ഗുരുരി-
ത്യേഷാ മനീഷാ മമ…
തന്നെ പരീക്ഷിക്കാന്‍ വേണ്ടിയാണ് ഭഗവാന്‍ ചണ്ഡാളനായി മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. സ്വപ്നത്തിലും ഭഗവാന്‍ ചണ്ഡാളവേഷത്തില്‍ത്തന്നെ എത്തി. അദ്വൈതം പ്രചരിപ്പിക്കേണ്ടതിന്റെ അനിവാര്യത രണ്ടു ദര്‍ശനങ്ങളിലും മനസ്സില്‍ ആഴത്തില്‍ വേരോടി. ഭേദബുദ്ധിയെ അതിവര്‍ത്തിക്കുക എന്നത് അധികഠിനമാണെന്ന് മനസ്സ് ഓര്‍മ്മിപ്പിച്ചു.
ഗംഗാതീരത്തുകൂടിയുള്ള യാത്ര തുടര്‍ന്നു… ഗംഗയുടെ തീരത്തെത്തുമ്പോഴെല്ലാം മനസ്സില്‍ ആഹ്ലാദം പൂത്തുലയുകയായി. ഗംഗാനദിയില്‍ മാധ്യാഹ്നിക കര്‍മ്മം ചെയ്തശേഷം കാശിയില്‍ നിന്ന് വീണ്ടും യാത്ര….
ഹരിദ്വാറും ഋഷികേശും പിന്നിട്ട് ബദരീനാഥിലെത്തി. കുറെ ദിവസങ്ങള്‍ ബദരികാശ്രമത്തില്‍ കഴിയണം. ബാദരായണന്‍ രചിച്ച ബ്രഹ്‌മസൂത്രത്തില്‍നിന്ന് അദ്വൈതപരമായ അര്‍ത്ഥം വിശദമാക്കിക്കൊണ്ട് ഒരു ഭാഷ്യം ചമയ്ക്കണം. കാശിയില്‍ വച്ച് ഭഗവാന്‍ കല്പിച്ചതാണത്.
ബദരികാശ്രമത്തിലെ വ്യാസഗുഹയ്ക്കു സമീപമുളള പാറക്കെട്ടുകളുടെ ചുവട്ടിലിരുന്ന് ഗോവിന്ദഗുരു പറഞ്ഞു:
”എന്റെ ഗുരുനാഥനും ലോക പ്രശസ്തനുമായ ഗൗഡപാദര്‍ ഇപ്പോള്‍ ഏകനായി വ്യാസഗുഹയില്‍ തപസ്സ് അനുഷ്ഠിക്കുകയാണ്. വര്‍ഷത്തില്‍ രണ്ടുതവണ മാത്രം എന്നെപ്പോലുളളവര്‍ക്ക് ജ്ഞാനം പകരാനായി ഗുഹയില്‍നിന്ന് പുറത്തു വരും. രണ്ടുമാസം മുമ്പാണ് ഗുഹയില്‍ അദ്ദേഹം പ്രവേശിച്ചത്. നാലഞ്ചു മാസമെങ്കിലും ഇവിടെ താമസിക്കാമെങ്കില്‍ അദ്ദേഹത്തെ കാണാം. ശങ്കരന്‍ എന്തു പറയുന്നു?”
”കാത്തിരിക്കാം… എനിക്ക് അദ്ദേഹത്തെ കാണണം.”
ധ്യാനജപങ്ങളുടെ ഓളങ്ങളില്‍ നാലുമാസം പൊങ്ങിക്കിടന്നു. ഒടുവില്‍ പ്രതീക്ഷിച്ചിരുന്നപോലെ ഗൗഡപാദര്‍ പുറത്തു വന്നു. ഗോവിന്ദഗുരു സ്വന്തം ഗുരുനാഥനു മുന്നില്‍ തന്നെ വീണ്ടും പരിചയപ്പെടുത്തി:
”ശങ്കരന്‍…”
ഗൗഡപാദര്‍ വാത്സല്യപൂര്‍വ്വം ആ യോഗനയനങ്ങള്‍കൊണ്ട് തന്നെ തഴുകി. മുമ്പുകണ്ട ഓര്‍മ്മ ആ മുഖത്ത് മിന്നുന്നതു കണ്ടു.
”മനസ്സിലായി.” അദ്ദേഹം പറഞ്ഞു.
”മുമ്പ് പരിചയപ്പെട്ടത് ഓര്‍മ്മയിലുണ്ട്. ബ്രഹ്‌മസൂത്രത്തിനു പുറമെ ശ്രുതിയായ ഉപനിഷത്തുക്കള്‍ക്കും പിന്നെ സ്മൃതിയായ ഭഗവദ്ഗീതയ്ക്കും ശങ്കരന്‍ ഭാഷ്യം ചമയ്ക്കണം. പ്രസ്ഥാനത്രയം പൂര്‍ണ്ണമായിക്കൊളളട്ടെ.”
ബദരികാശ്രമത്തിലെ താമസക്കാലത്ത് പ്രസ്ഥാനത്രയങ്ങളുടെ ഭാഷ്യം മിക്കവാറും പൂര്‍ത്തിയാക്കിയിരുന്നു. അതിന്റെ സംതൃപ്തിയോടെ ഗൗഡപാദരുടെ മുന്നില്‍ ഭാഷ്യങ്ങളെല്ലാം സമര്‍പ്പിക്കാനൊരുങ്ങി.
‘ഈ ഭാഷ്യങ്ങള്‍ അങ്ങയ്ക്കു മുന്നില്‍ സമര്‍പ്പിച്ചുകൊള്ളട്ടെ.” സമര്‍പ്പണാനുവാദം വാങ്ങുമ്പോള്‍ അദ്ദേഹം മൗനത്തില്‍ കൂടുതല്‍ മുഴുകുന്നതറിഞ്ഞു. അതു കണ്ട് കാത്തിരുന്നു.
(തുടരും)