ഓങ്കാരനാഥത്തിന്റെ ചുറ്റുമതിലിനോടു ചേര്‍ന്നു കിടക്കുന്ന വീതികുറഞ്ഞ കല്പടവുകളിറങ്ങി, മുള്‍ച്ചെടികളും പടര്‍പ്പുകളും വകഞ്ഞുമാറ്റി താഴ്‌വരയുടെ ചെരിവിലേക്ക് നടന്നു. അവിടെയാണ് പര്‍ണ്ണകുടീരങ്ങള്‍ പല തട്ടുകളിലായി കുമിളുകള്‍പോലെ പരന്നുകിടന്നിരുന്നത്. ഒതുക്കുകല്ലുകള്‍ പിന്നിട്ട്, പര്‍ണ്ണകുടീരങ്ങള്‍ക്കിടയിലെ ഔഷധത്തോട്ടത്തിലെത്തി.
രണ്ടു സംന്യാസിമാര്‍ അവിടത്തെ കാട്ടുതുളസിച്ചെടികളെ പരിപാലിക്കുന്നതു കണ്ടു. അവരുടെ മുന്നിലെത്തി കൈകൂപ്പിയിട്ട് ഗോവിന്ദഗുരുവിനെപ്പറ്റി ആരാഞ്ഞു.
തെല്ലപ്പുറത്തെ പാറക്കൂട്ടങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു സംന്യാസി പറഞ്ഞു:
”ആ മഹായോഗി അവിടെയുളള ശിലാഗുഹയില്‍ ഏറെനാളായി സമാധിയില്‍ മുഴുകിയിരിക്കുകയാണ്. ഞങ്ങളെല്ലാവരും അദ്ദേഹത്തിന്റെ ദര്‍ശനം കാത്തു കഴിയുന്നു.”
ഗോവിന്ദഗുരു നീണ്ട സമാധിയിലാണ്. ഗുരു ഉണരുന്നതും കാത്ത് ശിഷ്യഗണങ്ങളുടെ കാത്തിരിപ്പ്. ഗുരുവിന്റെ ഇരിപ്പിടം ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയിരിക്കുന്നു. ഹാവൂ! ആശ്വാസമായി.
ഒരുയര്‍ന്ന പാറയുടെ മധ്യത്തില്‍ പ്രകൃതി പണിതുവച്ചിരിക്കുന്ന ഗുഹയിലേക്ക് ഏതാനും കല്പടവുകള്‍ കയറണം.
മുകളിലെത്തി നോക്കുമ്പോള്‍ ഗുഹാമുഖം മറച്ചിട്ടില്ല. സമാധിയില്‍ മുഴുകിയിരിക്കുന്ന ഗുരുവിനു മുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ചു. സ്തുതിഗീതം മനസ്സില്‍ ഉരുവിട്ടു. അത്യത്ഭുതം. ഗോവിന്ദഗുരു സമാധിയില്‍ നിന്നുണര്‍ന്നു!
തിരിഞ്ഞുനോക്കുമ്പോള്‍, പര്‍ണ്ണകുടീരത്തില്‍നിന്ന് തന്നെ പിന്തുടര്‍ന്നിരുന്ന നാലഞ്ചു സംന്യാസിമാര്‍ ഒരത്ഭുതം കാണുന്നപോലെ പിന്നില്‍ നില്ക്കുന്നു. ഗുരു സമാധിയില്‍ നിന്നുണരാനായി കാത്തിരുന്നവര്‍ക്ക് സായുജ്യദര്‍ശനം!
ഗോവിന്ദഗുരുവിന്റെ സമാധിഭംഗത്തെക്കുറിച്ചുളള വാര്‍ത്ത ഓങ്കാരനാഥം കടക്കാന്‍ ചിറകുവിരിച്ചു. പലരും യോഗീശ്വര ദര്‍ശനത്തിനായി ഗുഹാമുഖത്തേക്ക് പ്രവഹിച്ചു തുടങ്ങി. ഗുഹാന്തരീക്ഷം ഒരുത്സവ പ്രതീതിയുണര്‍ത്തിക്കൊണ്ട് ചൈതന്യവത്തായി ചലിച്ചു.
ഇല്ലം വിട്ട് പുറപ്പെടുമ്പോള്‍ മനസ്സില്‍ സര്‍വ്വസ്വവും ത്യജിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പരമാത്മാവിനെത്തന്നെ ധ്യാനിച്ചു കൊണ്ട് നാടും നഗരവും കാടുംമലകളും കടന്നാണ് ഒടുവില്‍ കാല്‍നടയായി ഇവിടെ എത്തിച്ചേര്‍ന്നത്. നമാമി ദേവി നര്‍മ്മദ! ഈ ഗുഹാമുഖത്തുനിന്ന് നോക്കുമ്പോള്‍ നര്‍മ്മദാനദിയുടെ പരിശുദ്ധിയും സൗന്ദര്യവും കണ്ടാസ്വദിക്കാന്‍ കഴിയുന്നു.
ഗുഹയെ മൂന്നുവട്ടം പ്രദക്ഷിണം വെച്ചു. ഗുരുവിനെ നമസ്‌കരിച്ചുകൊണ്ട് മനസ്സില്‍ സ്തുതി ഉരുവിട്ടു:
പര്യങ്കതാം ഭജതി യഃ പതഗേന്ദ്രകേതോഃ
പാദംഗദത്വമഥവാ പരമേശ്വരസ്യ
തസൈ്യവ മൂര്‍ദ്ധ്‌നി ധൃതസാബ്ധി മഹീദ്ധ്രഭൂമേഃ
ശേഷസ്യ വിഗ്രഹമശേഷമഹം ഭജേത്വാഃ
വിഷ്ണുവിന് മെത്തയായും ശിവന് പദഭൂഷണമായും ഭൂമിയെ മൂര്‍ദ്ധാവില്‍ വഹിക്കുന്നവനായും വര്‍ത്തിക്കുന്ന ശേഷന്റെ പ്രത്യക്ഷ വിഗ്രഹമായ അങ്ങയെ ഞാന്‍ ശരണം പ്രാപിക്കുന്നു!
അനന്തന്റെ അവതാരമാണല്ലോ പതഞ്ജലി. പതഞ്ജലിയുടെ മറ്റൊരു അവതാരമായാണ് തനിക്ക് ഗോവിന്ദഗുരുവിനെ കാണാനാകുന്നത്. യോഗസൂത്രവും വ്യാകരണമഹാഭാഷ്യവും രചിച്ച പതഞ്ജലി മഹര്‍ഷി ഗോവിന്ദഭഗവദ്പാദരായി വീണ്ടും അവതരിച്ചിരിക്കുന്നു! ഗൗഡപാദരില്‍നിന്ന് വേദാന്തരഹസ്യങ്ങള്‍ ഹൃദിസ്ഥമാക്കി ഈ ഗുഹയില്‍ ദീര്‍ഘതപസ്സ് അനുഷ്ഠിക്കുകയായിരുന്നു ഗോവിന്ദഗുരു. ഈ മഹാത്മാവിനെയാണ് താന്‍ ഗുരുവായി സ്വീകരിക്കുവാന്‍ പോകുന്നത്.
”നീ ആരാണ്?”
ഗോവിന്ദഗുരു തന്നെ കണ്ട മാത്രയില്‍ ചോദിച്ച ചോദ്യം കേട്ട് മനസ്സുണര്‍ന്നു.
ന ഭൂമിര്‍ ന തോയം ന തേജോ ന വായുര്‍-
ന ഖം നേന്ദ്രിയം വാ നതേഷാം സമൂഹഃ
അനേകാന്തികത്വാല്‍ സുഷുപ്‌തൈ്യക സിദ്ധ-
സ്തദേകോƒവശിഷ്ടഃ ശിവഃ കേവലോƒഹം….
ദശശ്ലോകി ചൊല്ലിക്കഴിഞ്ഞതും ഗോവിന്ദഗുരു സന്തുഷ്ടനായി.
”ശങ്കരാ, നീ സാക്ഷാല്‍ ശങ്കരന്‍ തന്നെ. ഞാന്‍ ജ്ഞാനദൃഷ്ടി കൊണ്ട് ഇതറിയുന്നു. എങ്കിലും ലോകമര്യാദയനുസരിച്ച് ഞാന്‍ ശിഷ്യനായി നിന്നെ സ്വീകരിക്കുകയാണ്.”
ഉളളില്‍ സന്തോഷത്തിന്റെ വേലിയേറ്റമറിയുമ്പോള്‍ ജ്ഞാനചങ്ങലയുടെ കണ്ണികള്‍ മുന്നില്‍ തെളിഞ്ഞു വന്നു. വ്യാസമഹര്‍ഷിയില്‍നിന്ന് ശ്രീശുകന്‍. ശ്രീശുകനില്‍നിന്ന് ഗൗഡപാദര്‍. ഗൗഡപാദരില്‍നിന്ന് ഗോവിന്ദഭഗവദ്പാദര്‍. ഗോവിന്ദഭഗവദ് പാദരില്‍നിന്ന് ഈ ഞാനും… ഗുരുപരമ്പര അങ്ങനെ തുടരുകയാണ്.
നാലുമാസം നമാമിനര്‍മ്മദയുടെ തീരത്ത്. നദിക്കരയില്‍ താമസിച്ചു കൊണ്ടാണ് ഗോവിന്ദഗുരുവില്‍നിന്ന് അദ്ധ്യാത്മതത്ത്വ രഹസ്യങ്ങള്‍ പഠിച്ചുതുടങ്ങിയത്.
”നിന്നെ ഞാന്‍ നാല് മഹാവാക്യങ്ങള്‍ പഠിപ്പിച്ചുതുടങ്ങുകയാണ്.”
ഗുരു പറഞ്ഞു:
”അഹം ബ്രഹ്‌മാസ്മി – യജ്ജുര്‍വേദത്തിലെ ബൃഹദാരണ്യകോപനിഷത്തില്‍ പറയുന്ന വാക്യം. ഇതുതന്നെയാണ് മറ്റൊരു വാക്യമായി സാമവേദത്തിലെ ഛാന്ദോഗ്യോപനിഷത്തിലുളളത്: തത്ത്വമസി. ഋഗ്വേദത്തിലെ ഐതരേയോപനിഷത്തില്‍ പറയുന്നു, പ്രജ്ഞാനം ബ്രഹ്‌മ. അഥര്‍വ്വവേദത്തിലെ മാണ്ഡൂക്യോപനിഷത്തില്‍ അത് അയമാത്മാ ബ്രഹ്‌മ എന്നും പറയുന്നുണ്ട്.”
ഗോവിന്ദഗുരുവിന്റെ പര്‍ണ്ണശാലയില്‍ മൂന്നുവര്‍ഷം. ഗുരുവിന്റെ ആധ്യാത്മിക ശിക്ഷണത്തിന്റെ സുവര്‍ണ്ണചങ്ങലബന്ധനക്കാലം! യോഗം, വേദാന്തം, ആയുര്‍വേദം തുടങ്ങി സകല ശാസ്ത്രങ്ങളും പഠനവിഷയമായി മുന്നില്‍ നിരന്നു. ഗുരുവിനോടുളള ഭക്ത്യാദരവില്‍ മനസ്സ് കൂടുതല്‍ വികസിതമായി. അദ്വൈതവേദാന്തത്തിന്റെ പരമാവസ്ഥയായ നിര്‍വ്വികല്പസമാധി സഹജഭാവമായി. ഗുരുവിന്റെ കര്‍ശനമായ ശിക്ഷണത്തിന്റെ ഫലം ഉള്ളില്‍ തളിരിട്ടുതുടങ്ങി.
മഴക്കാലം വീറും വാശിയോടുംകൂടി വന്നെത്തി. വര്‍ഷകാലം കനത്തു. രാവും പകലും നിലയ്ക്കാത്ത മഴ. നര്‍മ്മദാനദിയിലെ ജലപ്രവാഹത്തില്‍ വൃക്ഷങ്ങള്‍ കടപുഴകി ഒഴുകിക്കൊണ്ടിരുന്നു. നര്‍മ്മദാതീരത്തേക്ക് ജലം ഇരച്ചുകയറി. നദിയിലെ ജലനിരപ്പ് പുതിയ ഉയരങ്ങള്‍ തേടി. തീരനിവാസികള്‍ അഭയസ്ഥാനം തേടി പ്രയാണം തുടങ്ങി. സുരക്ഷിതസങ്കേതം അന്വേഷിച്ച് ഒഴുകിക്കൊണ്ടിരുന്ന അഭയാര്‍ത്ഥികളുടെ മധ്യത്തിലിരുന്ന് ഗോവിന്ദഗുരു നിര്‍വ്വികല്പസമാധിയില്‍ വിശ്രമം കൊണ്ടു.
പ്രതീക്ഷിച്ചപോലെ ജലപ്രവാഹം ഗുഹയ്ക്കു മുന്നിലുമെത്തി. ഗുഹയ്ക്കുള്ളില്‍ വെള്ളം കയറുമെന്നുറപ്പായി. ഗുരു സമാധിയില്‍ നിന്ന് ഉണര്‍ന്നിട്ടില്ല. വിളിച്ചുണര്‍ത്തരുതെന്ന് വിലക്കി യിട്ടാണ് അദ്ദേഹം സമാധിയില്‍ പ്രവേശിച്ചതു തന്നെ.
”ഈശ്വരാ…! ഗുഹാമുഖം മുങ്ങാന്‍ പോകുന്നു!!” സഹശിഷ്യനായ കൈലാസതീര്‍ത്ഥന്‍ ഉറക്കെ നിലവിളിച്ചു. മറ്റൊന്നും ചെയ്യാനാവാതെ പെട്ടെന്നോടിപ്പോയി ഒരു കുടം കൊണ്ടുവന്ന് ഗുഹാമുഖത്ത് സ്ഥാപിക്കാനാണ് അപ്പോള്‍ തോന്നിയത്.
”നിങ്ങളാരും വിഷമിക്കണ്ടാ. പ്രളയജലം ഗുഹയിലേക്ക് പ്രവേശിക്കാതെ ഈ കുംഭത്തില്‍ വന്ന് മുട്ടിയിട്ട് തനിയെ മടങ്ങിപ്പൊയ്‌ക്കൊള്ളും.”
സഹശിഷ്യനും ഉത്ക്കണ്ഠാഭരിതരായി നില്ക്കുന്ന മറ്റ് സംന്യാസിമാര്‍ക്കും ധൈര്യം കൊടുക്കാന്‍ വേണ്ടി അങ്ങനെ പറയേണ്ടി വന്നു. എന്നാല്‍ അത് ഫലിച്ചു. വെള്ളം ഗുഹയ്ക്കുള്ളില്‍ കയറാതെ പിന്തിരിഞ്ഞൊഴുകുന്ന കാഴ്ചകണ്ട് അത്ഭുതം തോന്നി.
ജലപ്രവാഹം ഗുഹാമുഖത്ത് ശക്തിയായി വന്നടിക്കുന്നത് കണ്ടതാണ്. പ്രളയ ജലത്തിന്റെ ഒരു ഭാഗം കുംഭത്തില്‍ക്കുടുങ്ങി. കുംഭത്തിന്റെ ഗര്‍ഭത്തില്‍ ജലം അടങ്ങി. ബാക്കി തിരികെയൊഴുകി. ആശ്ചര്യംതന്നെ! അഗസ്ത്യമഹര്‍ഷി സമുദ്രജലം മുഴുവന്‍ ഒരാചമനം കൊണ്ട് വറ്റിച്ചപോലെ. അത്ഭുതങ്ങള്‍ അപ്രതീക്ഷിതമായി സംഭവിച്ചുകൊള്ളും. അതിന് നാം അവസരം നല്‍കണമെന്നു മാത്രം. അത്ഭുതങ്ങള്‍ക്ക് അവസരം നല്‍കാന്‍ ആര്‍ക്കുനേരം?!
മഴനാരുകള്‍ നേര്‍ത്തുവരാന്‍ തുടങ്ങി. മഴ മുറിഞ്ഞു. മാനത്തുനിന്ന് പതിച്ച മഴമേഘങ്ങള്‍ നര്‍മ്മദാനദിയെ പൂര്‍ണ്ണഗര്‍ഭവതിയാക്കിമാറ്റിയിരിക്കുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ നര്‍മ്മദ വയറൊഴിഞ്ഞ് ചെറുതായി. പാലായനം ചെയ്തവര്‍ നദിയുടെ തീരത്തേക്ക് മടങ്ങിയെത്തി. അപ്പോഴാണ് ഗോവിന്ദഗുരു സമാധിവിട്ട് ലോകത്തേക്ക് കണ്ണുമിഴിച്ചത്.
ശിഷ്യന്മാരില്‍ നിന്ന് പ്രളയവിശേഷങ്ങള്‍ ഗുരു കേട്ടറിഞ്ഞു. കുംഭത്തിന്റെ കഥ കേട്ടപ്പോള്‍ ഗുരു പറഞ്ഞു:
”അങ്ങനെയൊക്കെ സംഭവിച്ചതില്‍ അത്ഭുതപ്പെടേണ്ടതില്ല.”
ഗുരു ഏതാനും നിമിഷങ്ങള്‍ മൗനത്തിലേക്കു മടങ്ങി.
”നിന്റെ കീര്‍ത്തി ഒരിക്കലും ക്ഷയിക്കില്ല ശങ്കരാ. ജല പ്രവാഹത്തെ കുംഭത്തില്‍ അടക്കിയതുപോലെ വേദാര്‍ത്ഥം മുഴുവന്‍ അടക്കിക്കൊണ്ട് നീ അതിന് ഭാഷ്യം രചിക്കും!”
വര്‍ഷകാലം കഴിഞ്ഞു. ശരത്കാലമെത്തി. സംന്യാസിമാര്‍ സൈ്വരമായി സഞ്ചരിച്ചു തുടങ്ങി. ആകാശത്ത് കാറൊഴിഞ്ഞു. രാത്രിയാകുമ്പോള്‍ ചന്ദ്രന്‍ നല്ലപോലെ തിളങ്ങി വന്നു.
”നീ ഇനി കാശിക്ക് പോകണം.” ഗുരു പറഞ്ഞു.
”വര്‍ഷകാലത്തു മാത്രം നാലുമാസക്കാലം സംന്യാസിമാര്‍ ഒരിടത്ത് ഒത്തുകൂടി താമസിക്കും. മറ്റ് സമയത്ത് ഒരിടത്തുമാത്രം കൂടുന്നതു ശരിയല്ലല്ലോ. സംന്യാസിമാര്‍ സദാ സഞ്ചരിച്ചു കൊണ്ടേയിരിക്കണം.”
ഗുരു തുടര്‍ന്നു: ”കാശിയില്‍ ചെന്ന് യോജിച്ച ശിഷ്യരെ തിരഞ്ഞെടുത്ത് അവര്‍ക്ക് ആത്മജ്ഞാനം പകരണം. പണ്ട് ഹിമാലയ പര്‍വ്വതത്തില്‍ വെച്ച് ബ്രഹ്‌മസൂത്രം വിവരിച്ചുകൊണ്ടിരുന്ന ബാദരായണ മുനിയെ കാണുവാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഞാന്‍ അന്ന് അദ്ദേഹത്തോടു പറഞ്ഞു: ‘അങ്ങ് വേദങ്ങള്‍ പങ്കിട്ട വ്യാസമഹര്‍ഷിയാണ്. അത്ര ബുദ്ധിമതികളല്ലാത്തവര്‍ക്കായി വേദാന്തതത്ത്വങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി ബ്രഹ്‌മസൂത്രം അങ്ങ് രചിച്ചു. എന്നാല്‍ അതിന്റെ ശരിയായ പൊരുള്‍ അറിയുവാനായി ഒരു വ്യാഖ്യാനംകൂടി ഇപ്പോള്‍ ആവശ്യമാണെന്ന് അങ്ങേക്ക് തോന്നുന്നില്ലേ?” അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”അതിന് സര്‍വ്വജ്ഞനും എനിക്ക് സമനുമായ ഒരാള്‍ അങ്ങയുടെ ശിഷ്യനായി ഉണ്ടാകും. അദ്ദേഹം ദുര്‍വ്യാഖ്യാനങ്ങളെല്ലാം തിരുത്തി നല്ലൊരു ഭാഷ്യം രചിക്കും.”
ഗുരു ഏതാനും നിമിഷങ്ങള്‍ ഇമകള്‍ പൂട്ടി നിശ്ചലനായി. സമാധിയവസ്ഥയിലുളള ഇരിപ്പില്‍ നിന്ന് മെല്ലെ കണ്ണുകള്‍ തുറന്ന് ഒരു നേര്‍ത്ത പുഞ്ചിരിയോടെ തന്നെ നോക്കിക്കൊണ്ട് പൂര്‍ത്തിയാക്കി:
”നീ കാശിയില്‍ ചെന്ന് വിശ്വനാഥന്റെ അനുഗ്രഹം വാങ്ങി ബ്രഹ്‌മസൂത്രത്തിന് ഭാഷ്യം രചിക്കണം.”
നര്‍മ്മദയെ തഴുകി പെട്ടെന്നൊരു കാറ്റ് വീശി. ഗുരുവിന്റെ വളര്‍ന്നിറങ്ങിയ തലമുടി കാറ്റിലിളകി. മറ്റ് ശിഷ്യരെക്കൂടി അനുഗ്രഹിച്ചശേഷം ഗുരു വീണ്ടും സമാധിയില്‍ പ്രവേശിച്ചു. സഹശിഷ്യരോടൊപ്പം മുറവിധി പ്രകാരം ഗുരുനാഥന്റെ ശരീരത്തെ ജലസമാധിയില്‍ മെല്ലെ ഇരുത്തി. പൂജകളുടെ പല ശ്രേണികളിലൂടെ വിധികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി.
ഗുരുവിന്റെ നിര്‍ദ്ദേശാനുസരണമുളള യാത്രയ്ക്ക് സമയമായെന്ന് മനസ്സ് മന്ത്രിച്ചു. ഹൈഹയം, ചേദി, കൗശാംബി തുടങ്ങിയ രാജ്യങ്ങളില്‍കൂടിയാണ് യാത്ര. ദുര്‍ഗ്ഗമമായ വിന്ധ്യാപര്‍വ്വതമാണ് ഇനി കടക്കാനുളള വലിയ കടമ്പ…
ഒടുവില്‍ യമുനാനദിയുടെ തീരമണഞ്ഞു. അവിടെനിന്ന് പ്രയാഗ വഴി കാശിയില്‍ പ്രവേശിച്ചു.
ഗംഗാതീരത്തു ചെന്ന് ഗംഗാമാതാവിനെ വന്ദിക്കണം. മഹാവിഷ്ണുവിന്റെ പാദനഖങ്ങളില്‍നിന്ന് ഉത്ഭവിച്ച് പരമേശ്വരന്റെ ജടയിലൂടെ പതിക്കുന്ന ഗംഗ! സ്വച്ഛസ്ഫടിക വര്‍ണ്ണത്തോടെ പ്രശാന്തമായൊഴുകുന്ന ഗംഗയുടെ തീരത്താണ് വിശ്വനാഥ ക്ഷേത്രം.
ക്ഷേത്രത്തില്‍ നിത്യവും ധ്യാനം, ജപം. ഭക്തജനങ്ങളോടൊത്ത് സത്‌സംഗം. ക്ഷേത്രത്തിനു സമീപമുളള മണികര്‍ണ്ണികയ്ക്കടുത്ത് ഒരു പുല്‍ക്കുടിലില്‍ താമസം.
ഒരു ദിവസം അന്നപൂര്‍ണ്ണാദേവിയുടെ നടയ്ക്കല്‍ ചെന്ന് അന്നപൂര്‍ണ്ണാഷ്ടകം ചൊല്ലി ദേവിയെ സ്തുതിച്ചു.
‘നിത്യാനന്ദകരീ വരാഭയകരീ സൗന്ദര്യ രത്‌നാകരീ
നിര്‍ധൂതാഖിലദോഷ പാവനകരീ പ്രത്യക്ഷമാഹേശ്വരീ….’
മറ്റൊരു ദിവസം കാലഭൈരവനെ പ്രദക്ഷിണം വച്ച് കാലഭൈരവാഷ്ടകം ചൊല്ലി നമസ്‌കരിച്ചു.
‘ദേവരാജസേവ്യമാന പാവനാംഘ്രിപങ്കജം
വ്യാളയജ്ഞ സൂത്രമിന്ദുശേഖരം കൃപാകരം
നാരദാദിയോഗവൃന്ദവന്ദിതം ദിഗംബരം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ….’
”താങ്കള്‍ക്ക് ഇപ്പോള്‍ പന്ത്രണ്ടുവയസ്സല്ലേ ആയിട്ടുളളൂ. ഇതൊക്കെ എങ്ങനെ സ്വായത്തമാക്കി?”
ശാസ്ത്ര ക്ലാസ്സുകള്‍ കേള്‍ക്കാനെത്തിയ വാസവഭട്ടിന്റേതാണ് ചോദ്യം. തന്നെ കാണാനായി പല ദേശത്തുനിന്നും പണ്ഡിതന്മാര്‍ വന്നുകൊണ്ടിരുന്നു. കൗശാംബിയില്‍ നിന്നെത്തിയ പണ്ഡിതനാണ് വാസവഭട്ട്.
”താങ്കളൊരു അലോക സാമാന്യനായ മഹാപണ്ഡിതന്‍ തന്നെ. അല്ലെങ്കില്‍, ഈ ചെറുപ്രായത്തില്‍…”
വാസവഭട്ടിന്റെ വാക്കുകള്‍കേട്ട് വെറുതെ പുഞ്ചിരിച്ചു.
പകല്‍ സമയങ്ങളില്‍, ബ്രഹ്‌മസൂത്രത്തിന്റെ പരമ്പരാഗതമായ അര്‍ത്ഥം സ്വാനുഭൂതിയുടെ സഹായത്താല്‍ അവരെ പറഞ്ഞു കേള്‍പ്പിക്കും. തനിക്ക് സ്വാനുഭൂതിയുടെ സഹായമില്ലാതെ വാക്കുകള്‍ വിളമ്പാന്‍ വശം പോരാ. ശ്രോതാക്കള്‍ അത് കേട്ട് ആശ്ചര്യപ്പെടുന്നത് ശ്രദ്ധിച്ചു. അവര്‍ക്ക് അത് കേള്‍ക്കുന്ന മാത്രയില്‍ തല്ക്കാലത്തേക്കെങ്കിലും ഒരു അഭൂതപൂര്‍വ്വമായ നിര്‍വൃതിയുണ്ടാകും. എതിര്‍വാദികളെ ശ്രുതിയും യുക്തിയും സ്വാനുഭൂതിയും കൊണ്ട് തോല്പിച്ചു.
”അങ്ങ് ബ്രഹ്‌മസൂത്രങ്ങള്‍ക്ക് വ്യാസസമ്മതമായ അര്‍ത്ഥം ഭാഷ്യരൂപത്തില്‍ എഴുതണം.” ഗോവര്‍ദ്ധനനാരായണന്റെ അഭ്യര്‍ത്ഥനയാണ്.
”അതുണ്ടാവും. കാത്തിരിക്കുക..”
പല ജിജ്ഞാസുക്കളും ശിഷ്യത്വം സ്വീകരിക്കുവാനായി എത്തുന്നുണ്ട്. അവര്‍ക്ക് ശാസ്ത്രം പഠിക്കാന്‍ അതിയായ താല്പര്യം.
”എനിക്ക് അങ്ങയോടൊത്തു താമസിച്ചുകൊണ്ട് എല്ലാ ശാസ്ത്രങ്ങളും പഠിക്കണമെന്നുണ്ട്; അങ്ങ് അനുവദിക്കുന്നുവെങ്കില്‍ മാത്രം.”
ദക്ഷിണദേശത്തുനിന്നു വന്ന പണ്ഡിതനായ ആ യുവാവിന്റെ മുഖത്തു നോക്കി. തേജസുറ്റ കണ്ണുകള്‍. തലമുടിയും ദീക്ഷയും വല്ലാതെ വളര്‍ന്നുപോയി. കൃശഗാത്രനാണ്. ഇരുനിറം. കൈകള്‍ തീരെ മെലിഞ്ഞിരിക്കുന്നു.
”എന്താ നിങ്ങളുടെ പേര്?”
അയാള്‍ ആദ്യം ഒന്നും മിണ്ടാതെ നിന്നു.
”പറയൂ… പേരെന്താ?”
”സനന്ദനന്‍”
അയാള്‍ ശിഷ്യനാകാന്‍ വേണ്ടി കൈകൂപ്പി മുന്നില്‍ നില്‍ക്കുകയാണ്. അയാളുടെ ആഗ്രഹവും യോഗ്യതയും ഒരുമിച്ചു നില്‍ക്കുന്നതു കണ്ടപ്പോള്‍ സംന്യാസദീക്ഷ നല്‍കണമെന്ന് മനസ്സ് മന്ത്രിച്ചു.
”ശരി. നിങ്ങളാണ് എന്റെ ആദ്യത്തെ സംന്യാസശിഷ്യന്‍.”
അയാളുടെ മുഖം പ്രകാശിക്കുന്നതു കണ്ടപ്പോള്‍ പറഞ്ഞു:
”ഒരു ദിവസം നിങ്ങളെ ഞാന്‍ പത്മപാദന്‍ എന്നു പേരിട്ടു വിളിക്കും.”