- നിര്‍വികല്പം
- വൃഷാചലേശ്വരന്‍ (നിര്‍വികല്പം 2)
- ഭിക്ഷാംദേഹി (നിര്‍വികല്പം 3)
- പുണ്യനഗരങ്ങളിലൂടെ (നിര്‍വികല്പം 31)
- മുതലയുടെ പിടി (നിര്‍വികല്പം 4)
- ഗുരുവിനെ തേടി (നിര്‍വികല്പം 5)
- ചണ്ഡാളന്‍(നിര്‍വികല്പം 6)
കലിംഗരാജ്യത്തെ ജനങ്ങളുടെ ആഗ്രഹപ്രകാരം ജഗന്നാഥപുരിയിലെത്തി. കേസരിവംശത്തില്‍പ്പെട്ട രാജാക്കന്മാര്‍ ഭരിക്കുന്ന രാജ്യം. വൈദികമതത്തിന് വളരാന്‍ വളരെ അനുയോജ്യമായ ഭൂമി. ബുദ്ധമതത്തിന്റെ പ്രഭാവം നിലനില്‍ക്കുന്ന പ്രദേശം.
ജഗന്നാഥക്ഷേത്രത്തില്‍ പ്രധാനശിഷ്യരോടൊപ്പം ഏതാനും ദിവസങ്ങള്‍. സംഘാംഗങ്ങളില്‍ മറ്റുള്ളവര്‍ സമുദ്രതീരത്ത് അഭയം തേടി.
പുരിയിലെ മഹാക്ഷേത്രത്തില്‍ പൂജകള്‍ നടക്കുന്നുണ്ടെങ്കിലും ഗര്‍ഭഗൃഹത്തില്‍ വിഗ്രഹമൊന്നും കാണാനായില്ല. വിഗ്രഹപൂജയ്ക്കുപകരം സാളഗ്രാമപൂജയാണ് നടന്നുവരുന്നത്.
”ഇവിടുത്തെ വിഗ്രഹത്തിന് എന്തു പറ്റി?”
സമീപത്തുവന്ന സ്ഥലവാസികളോട് അന്വേഷിച്ചു.
”വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ്, വിദേശികളുടെ ആക്രമണം ഭയന്ന് വിഗ്രഹത്തെ ചില്‍ക്കാതടാകത്തിന്റെ തീരത്തോ മറ്റോ കൊണ്ടുപോയി ഒരു രത്‌നപ്പെട്ടിയിലാക്കി മണ്ണിനടിയില്‍ കുഴിച്ചിട്ടിരിക്കുകയാണ്. പക്ഷെ, ഇപ്പോള്‍ അതെവിടെയാണെന്ന് ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയുന്നില്ല.” അവര്‍ പറഞ്ഞു.
ജഗന്നാഥസ്വാമിയെ മനസ്സുകൊണ്ട് പൂജിച്ച് വിശ്രമിക്കുമ്പോള്‍ ദേശവാസികളില്‍ പലരും അടുത്തേക്കു വന്നുതുടങ്ങി.
”അങ്ങയെ നേരില്‍കാണാന്‍ കഴിഞ്ഞത് ഞങ്ങളുടെ സുകൃതമായി കരുതുന്നു. യോഗശക്തികൊണ്ട് അങ്ങ് ജഗന്നാഥസ്വാമിയുടെ വിഗ്രഹം വച്ചിരിക്കുന്ന രത്‌നപ്പെട്ടി എവിടെയാണെന്ന് കൃത്യമായി പറഞ്ഞുതന്നാല്‍ തിരികെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ച് ഞങ്ങള്‍ക്ക് സ്വാമിപൂജ ചെയ്യാനുള്ള സൗഭാഗ്യം ലഭിക്കും.”
അവരുടെ അഭിലാഷമറിഞ്ഞപ്പോള്‍ പറഞ്ഞു:
”നിങ്ങള്‍ക്ക് ഇങ്ങനെയൊരു ശുഭസങ്കല്‍പ്പമുള്ളതിനാല്‍ തീര്‍ച്ചയായും ഭഗവാന്റെ ഇച്ഛയാല്‍ ആ സങ്കല്‍പ്പം സഫലമാകട്ടെ.”
ധ്യാനത്തിന്റെ പരിപൂര്‍ണതയിലേക്ക് മനസ്സ് സഞ്ചരിച്ചുതുടങ്ങി… ജഗന്നാഥസ്വാമീ നയനപഥഗാമീ ഭവതുമേ…”
പെട്ടെന്ന,് മാനസനയനത്തില്‍ ചില്‍ക്കാതടാകത്തിന്റെ തീരത്തുള്ള ആ സ്ഥാനം തെളിഞ്ഞു വന്നു…
ധ്യാനത്തില്‍ നിന്നുണര്‍ന്ന്, മുന്നില്‍ നില്‍ക്കുകയായിരുന്ന ഭക്തരോടായി പറഞ്ഞു:
”നിങ്ങള്‍ സൂചിപ്പിച്ച തടാകത്തിന്റെ വടക്കേത്തീരത്ത് ഏറ്റവും വലിയൊരു ആല്‍വൃക്ഷം പടര്‍ന്നു നില്‍പ്പുണ്ട്. അതിന്റെ ചുവട്ടില്‍ കിഴക്കുഭാഗത്ത് കുഴിച്ചാല്‍, അവിടെ നിക്ഷേപിച്ചിരിക്കുന്ന രത്‌നപ്പെട്ടി കണ്ടെടുക്കാനാവും.”
രാജഭൃത്യന്മാരും ഭക്തജനങ്ങളും ചില്‍ക്കാതടാകത്തിന്റെ തീരത്തേക്ക് ഒഴുകിത്തുടങ്ങി. പവിത്രമായ ആ രത്‌നപ്പെട്ടി വടവൃക്ഷച്ചുവട്ടില്‍ അവര്‍ കണ്ടെത്തി. ജഗന്നാഥപുരിയില്‍ ജനസമുദ്രത്തിന്റെ ആഹ്ലാദത്തിരമാലകളുയര്‍ന്നു… പുരിയില്‍നിന്ന് അതിമനോഹരഭൂമിയായ മഗധരാജ്യത്തിലേക്ക് സംഘം യാത്ര തുടര്‍ന്നു.
ജഗന്നാഥപുരിയുടെ വടക്കുപടിഞ്ഞാറ് ഭാഗത്താണ് മഗധ. രാജ്യത്തിന്റെ തെക്കേയറ്റത്തുള്ള ദക്ഷിണകോസലം നിരവധി കുബേരോപാസകര്‍ താമസിക്കുന്ന പ്രവിശ്യയാണ്. അവരുടെ നേതാവിനെയും കുബേരന്‍ എന്നു പേരിട്ടാണ് അനുയായികള്‍ വിളിച്ചു പോരുന്നത്.
അഭിനവകുബേരന്‍ ശിഷ്യസമേതം നിരവധി അനുയായികളുമായി അരികിലേക്ക് വന്നിട്ട് പറഞ്ഞു:
”സര്‍വ്വവിധ ധനങ്ങള്‍ക്കും അധികാരിയാണ് ഞങ്ങള്‍ ആരാധിക്കുന്ന കുബേരന്‍. അതുകൊണ്ടുതന്നെ അദ്ദേഹം എല്ലാവരുടേയും നാഥനുമാണ്. ഞങ്ങള്‍ കുബേരഭക്തരായതുകൊണ്ട് ദാരിദ്ര്യദുഃഖമെന്തെന്ന് ഞങ്ങള്‍ക്കറിയില്ല. ഇക്കാരണത്താല്‍ ബ്രഹ്‌മസ്വരൂപമാകുന്ന പൂര്‍ണ്ണാനന്ദം ഞങ്ങള്‍ക്ക് ലഭിക്കുന്നു. ഈ ലോകത്തെ എല്ലാ കാര്യങ്ങള്‍ക്കും ധനമല്ലേ പ്രധാനം. ബ്രഹ്‌മാദിദേവന്മാരെപ്പോലും ഞങ്ങളുടെ കുബേരന്‍ രക്ഷിക്കുന്നു. അതിനാല്‍ മോക്ഷാര്‍ത്ഥികള്‍ കുബേരനെത്തന്നെ ഭജിക്കേണ്ടതാണ്. മറ്റു ദേവന്മാരെ ഭജിക്കുന്നവര്‍ മൂഢന്മാര്‍.”
എല്ലാം ശാന്തമായി കേട്ടിരുന്നശേഷം കുബേരനേതാവിനോടു പറഞ്ഞു:
”നിങ്ങളുടെ വാദങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഒരടിസ്ഥാനവുമില്ല. കുബേരന്‍ ധനപതിയാണെങ്കിലും ധനംകൊണ്ട് ആര്‍ക്കും ഒരു തൃപ്തിയുമുണ്ടാകുന്നില്ലല്ലോ. ധനലോഭികള്‍ക്ക് തൃപ്തിയെവിടെ? അവര്‍ക്ക് ധാര്‍മ്മികമായ അഭിവൃദ്ധിയും ലഭിക്കുന്നില്ല. പിന്നെയാണോ കുബേരോപാസനകൊണ്ട് മോക്ഷം കൈവരുന്നത്. ധനം പലപ്പോഴും അനര്‍ത്ഥങ്ങള്‍ക്കു കാരണമാകാറുണ്ട്. അതിനാല്‍ ശുഭം കാംക്ഷിക്കുന്നവര്‍ ധനം ആഗ്രഹിക്കുന്നില്ല. എന്ത് ലഭിച്ചാലാണോ പിന്നീട് അതിന്റെ നഷ്ടം ഉണ്ടാകാതിരിക്കുന്നത് അതിനെയാണ് മോക്ഷാര്‍ത്ഥികള്‍ തേടുന്നത്. ധനത്തിനുവേണ്ടി കുബേരനെ ഉപാസിക്കുന്നതെന്തിന്? പൂര്‍വജന്മസുകൃതംകൊണ്ടാണ് ധനാഢ്യരാകുന്നത്. അല്ലാതെ കുബേരോപാസന കൊണ്ടല്ല. ബ്രഹ്‌മാദിദേവന്മാര്‍ കുബേരന്റെ ധനം കൊണ്ട് ഐശ്വര്യം നേടുന്നുവെന്ന ചിന്തയ്ക്ക് ഒരടിസ്ഥാനവുമില്ല. അതിനാല്‍ നിങ്ങള്‍ ഇതുപോലുള്ള തെറ്റായ വിശ്വാസപ്രമാണങ്ങളെ ഉപേക്ഷിക്കുക. ശാസ്ത്ര വിധി പ്രകാരമുള്ള അദ്വൈതചിന്തയാണ് നിങ്ങള്‍ അഭ്യസിക്കേണ്ടത്.”
കുബേരന്മാരുടെ ഹൃദയങ്ങള്‍ തന്റെ വാക്കുകളെ ഉള്‍ക്കൊള്ളുന്നതായി അവരുടെ തുടര്‍ന്നുള്ള സമീപനങ്ങളില്‍നിന്ന് അനുമാനിച്ചു. അവര്‍ അദ്വൈതത്തിന്റെ അനുയായികളാവാന്‍ ക്രമേണ തയ്യാറായി.
മഗധയിലെ ഇന്ദ്രോപാസകന്മാരുടെ ചിന്തകളെക്കൂടി ശാസ്ത്രാടിസ്ഥാനത്തില്‍ നവീകരിച്ചശേഷമാണ് യമപ്രസ്ഥപുരം വഴി പ്രയാഗയിലെത്തിയത്. ത്രിവേണിസംഗമസ്ഥാനത്തു ദിഗ്‌വിജയം ഒരു പുതിയ അധ്യായം കുറിക്കുമ്പോള്‍ ആയിരത്തിലേറെപ്പേരെകൊണ്ട് വാഹിനി സമ്പന്നമായിരുന്നു. നഗരപ്രാന്തത്തിലുള്ള ഗംഗാ – യമുനാ സംഗമസ്ഥാനത്ത് അദൃശ്യമായി നിലകൊള്ളുന്ന സരസ്വതീനദിയെ സ്മരിച്ചുകൊണ്ട് എല്ലാവരും ഒത്തുകൂടി.
പ്രയാഗയിലെ പണ്ഡിതന്മാര്‍ സന്ദര്‍ശിക്കാനും തര്‍ക്കിക്കാനുമായി മുന്നോട്ട് വന്നുകൊണ്ടിരുന്നു. വരുണോപാസകനായ തീര്‍ത്ഥപതിയും വായുഭക്തനായ പ്രാണനാഥനും ജലോപാസകനായ ജീവനഭക്തനും ഭൂമിഭക്തനായ അനന്തനുമെല്ലാം അവരുടെ വിശ്വാസപ്രമാണങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് മുന്നില്‍ നിരന്നു.
”അനിത്യവസ്തുക്കളുടെ ഉപാസനകൊണ്ട് ശാശ്വതമായ മോക്ഷം കൈവരുന്നതല്ല. ആത്മജ്ഞാനം ഒന്നു കൊണ്ട് മാത്രമേ ഈശ്വരസാക്ഷാത്ക്കാരം ലഭിക്കുകയുള്ളൂ. അതിനാല്‍ നിങ്ങള്‍ ആത്മജ്ഞാനത്തിനായി ശ്രമിക്കണം.”
തീര്‍ത്ഥപതിയോടും ജീവനഭക്തനോടും പ്രാണനാഥനോടും അനന്തനോടും പറഞ്ഞു.
ഇതെല്ലാം കേട്ടറിഞ്ഞ് മറ്റൊരു പണ്ഡിതന്‍ മുന്നിലെത്തി. പഞ്ചഭൂതങ്ങളില്‍ ശേഷിക്കുന്ന ആകാശത്തെ ഉപാസിക്കുന്ന ശൂന്യവാദി. തന്നെ ഒന്ന് പരീക്ഷിച്ചാല്‍ കൊള്ളാമെന്ന് അയാള്‍ക്കും തോന്നിയിട്ടുണ്ടാവും.
മുന്നില്‍ വന്നുനിന്നിട്ട്, അദ്വൈതസിദ്ധാന്തത്തെ പരിഹസിക്കാനായി അദ്ദേഹം പറഞ്ഞു:
”ഞാന്‍ നടന്നു വരുമ്പോള്‍ ഒരദ്ഭുതം കാണാനിടയായി. ഒരു വന്ധ്യാപുത്രന്‍ മൃഗതൃഷ്ണാജലത്തില്‍ കുളിച്ച് ആകാശകുസുമമാലയും ചാര്‍ത്തി ശശശൃംഗധനുസ്സും കൈയിലേന്തി പോകുന്ന കാഴ്ച! അദ്ദേഹത്തെ ദേവനായിക്കണ്ട് നമസ്‌ക്കരിച്ചിട്ടാണ് ഞാനിവിടെ ആചാര്യരെ കാണാനായി എത്തിയിരിക്കുന്നത്.
ഇത് കേട്ടിട്ട് അയാളോടു മെല്ലെ ചോദിച്ചു:
”പണ്ഡിതശ്രേഷ്ഠാ, നിങ്ങളുടെ പേരെന്താണ്?”
പരിഹസിച്ചിട്ടും അതു മുഖവിലക്കെടുക്കാതിരിക്കുന്ന തന്നോടു അയാള്‍ വേഗം വിനയാന്വിതനായി:
”എന്റെ പേര് നിരാലംബന്‍. എന്റെ പിതാവാണ് ഞങ്ങളുടെ മതാചാര്യന്‍. അദ്ദേഹത്തിന്റെ പേര് ക്ലുപ്തന്‍.”
അയാളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടു പറഞ്ഞു:
”എല്ലാത്തിനും അടിസ്ഥാനം ശൂന്യതയാണെന്ന് പറയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു, ശരിയല്ലേ? എന്നാല്‍ ആ അഭിപ്രായത്തോട് എനിക്ക് യോജിക്കാനാവില്ല. ശൂന്യപദാര്‍ത്ഥത്തില്‍ ബ്രഹ്‌മഭാവം വര്‍ത്തിക്കുകയില്ല.” ”തമേവഭാന്തം അനുഭാതി സര്‍വ്വം”. ആ പരംപ്രകാശത്തില്‍ എല്ലാം പ്രകാശിക്കുന്നുവെന്ന വേദവചനംതന്നെ അത് വ്യക്തമാക്കുന്നുണ്ട്. എല്ലാത്തിനും ആലംബമായി സ്വയം പ്രകാശിക്കുന്ന ഒന്നുണ്ട്. അത് ഒരിക്കലും ശൂന്യമാകുകയില്ല.”
നിരാലംബന്‍ വിടുന്ന മട്ടില്ല. അയാള്‍ പറഞ്ഞു:
”ഖം ബ്രഹ്‌മ അഥവാ, ആകാശം ബ്രഹ്‌മമാണെന്നാണല്ലോ വേദം പറയുന്നത്. ആകാശം സര്‍വ്വഭൂതങ്ങളില്‍വെച്ച് ഏറ്റവും പ്രധാനമല്ലേ. ഭൂമി, ജലം, വായു, അഗ്നി ഇവയേക്കാള്‍ പ്രധാനം ആകാശംതന്നെ. ആകാശം എല്ലാറ്റിനും ആശ്രയമാണ്. എല്ലാം ആകാശത്തില്‍ നിലകൊള്ളുന്നു. സര്‍വ്വവും ആകാശത്തില്‍ ലയിക്കുന്നു. ബ്രഹ്‌മസൂത്രത്തിലും പറയുന്നുണ്ടല്ലോ, ”ആകാശസ്തല്ലിംഗാത് ” എന്ന്. ആകാശം തന്നെയാണ് ബ്രഹ്‌മം!
നിരാലംബന്റെ സംശയത്തിനു മറുപടി നല്‍കണമല്ലോ:
”ആകാശം സഗുണ വസ്തുവാണ്. ശബ്ദമാണ് അതിന്റെ ഗുണം. അതിനാല്‍ ആകാശം ബ്രഹ്‌മമാകുന്നില്ല. ബ്രഹ്‌മം നിര്‍ഗുണമാണല്ലോ. ബ്രഹ്‌മം ആകാശത്തേക്കാള്‍ പ്രധാനമാണെന്നറിയുക. ബ്രഹ്‌മത്തില്‍നിന്ന് ആകാശം ഉല്‍ഭവിച്ചു എന്ന് വേദം പറയുന്നു. ബ്രഹ്‌മസൂത്രത്തില്‍ ആകാശത്തെ ബ്രഹ്‌മമെന്ന് പറഞ്ഞിട്ടില്ല. ആകാശം എന്ന ശബ്ദം വേദത്തിലെ ചില ഭാഗങ്ങളില്‍ ബ്രഹ്‌മത്തെ സൂചിപ്പിക്കുന്നുവെന്ന് മാത്രമാണ് ആ ബ്രഹ്‌മസൂത്രവാക്യം അര്‍ത്ഥമാക്കുന്നത്. ബ്രഹ്‌മം സച്ചിദാനന്ദ സ്വരൂപമാണ്. അത് ഏകവും അദ്വിതീയവുമാണ്! ”
നിരാലംബന്റെ മനസ്സ് സംശയങ്ങളൊഴിഞ്ഞ് തെളിഞ്ഞിരിക്കുന്നു. ആദ്ദേഹം അദ്വൈതസത്യം ഗ്രഹിക്കാനായി ഉത്സാഹം പ്രകടിപ്പിച്ചു തുടങ്ങി. നിരാലംബന്‍ ഒരു യഥാര്‍ത്ഥ ജിജ്ഞാസുവാണെന്നു കണ്ടപ്പോള്‍ തുടര്‍ന്നു:
”വേദത്തില്‍ ആകാശത്തെ ബ്രഹ്‌മമായി സൂചിപ്പിച്ചിട്ടുള്ളതിന്റെ അര്‍ത്ഥം, ബ്രഹ്‌മത്തെ ആകാശം പോലെ അനന്തമായി ഉപാസിക്കണമെന്നാണ്. ബ്രഹ്‌മം നമ്മുടെ ആത്മാവായി ഹൃദയത്തില്‍ അന്തര്‍ലീനമായിരിക്കുന്നു. അതിനാല്‍ ഹൃദയത്തില്‍ ആകാശരൂപിയായ ബ്രഹ്‌മത്തെ ഉപാസിക്കാനാണ് വേദം ഉദ്‌ഘോഷിക്കുന്നത്…”
പ്രയാഗയില്‍ നിന്ന് കിഴക്കോട്ടു സഞ്ചരിച്ച ദിഗ്‌വിജയസംഘം ഒരാഴ്ച കഴിഞ്ഞ് കാശിയിലെത്തിച്ചേര്‍ന്നു.
പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് വീണ്ടും വാരാണസിയിലെത്തുന്നത്. കാശിവിശ്വനാഥന്റെ ആജ്ഞയായി സങ്കല്‍പ്പമെടുത്താണ് ദിഗ്‌വിജയയാത്രയ്ക്കായി പുറപ്പെടാനൊരുങ്ങിയതു തന്നെ. സാക്ഷാല്‍ കാശിവിശ്വേശ്വരനു മുന്നില്‍ വീണ്ടുമെത്തിച്ചേരുമ്പോള്‍ മനസ്സില്‍ പഞ്ചാക്ഷരമന്ത്രം മുഴങ്ങി: ഓം നമഃശിവായ!
ഗംഗാ സ്‌നാനം കഴിഞ്ഞ് വിശ്വനാഥസന്നിധിയിലേക്ക് ശിഷ്യരോടൊപ്പം നടന്നു. പഴയകാല സന്ദര്‍ശനാനുഭവങ്ങള്‍ ഓര്‍മ്മയിലൂടെ ചലിക്കാന്‍ തുടങ്ങി. കാശി നഗരവാസികള്‍ ദിഗ്‌വിജയവാഹിനി കണ്ട് ഏറെ സന്തുഷ്ടരായിരിക്കുന്നു.
ക്ഷേത്രാങ്കണത്തില്‍ അല്പനേരത്തെ വിശ്രമശേഷം എല്ലാവരും വിശ്വനാഥപൂജയില്‍ പങ്കാളികളായി.
മണികര്‍ണ്ണികയ്ക്കു സമീപമാണ് താവളമുറപ്പിച്ചത്. ശിഷ്യവൃന്ദങ്ങളും അനുയായികളും ഗംഗാതീരത്ത് പലയിടങ്ങളിലായി അവരുടെ താമസസ്ഥലം തിരഞ്ഞെടുത്തു. കാശിയിലെ കര്‍മ്മവാദികളായ ചന്ദ്രോപാസകന്മാരും മംഗളാദിവിഗ്രഹോപാസകന്മാരും തര്‍ക്കിക്കാനായി ആവേശംകൊണ്ട് മുന്നോട്ടുവന്നു. പക്ഷേ, ക്രമേണ എല്ലാവരും വാദപ്രതിവാദങ്ങളില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നപ്പോള്‍ അനുയായികളായി മാറാന്‍ അവര്‍ തയ്യാറായി.
മൂന്നുമാസം കാശിയില്‍. പവിത്രനഗരിയിലെ നല്ലൊരു വിഭാഗം ജനങ്ങള്‍ അദ്വൈതസിദ്ധാന്തത്തെ വരവേറ്റു. അദ്വൈതം സ്വീകരിക്കുവാന്‍ വിസമ്മതം പ്രകടിപ്പിച്ചവരില്‍ പലരും അതിലെ തത്ത്വങ്ങള്‍ ഉള്‍ക്കൊണ്ട് തങ്ങളുടെ സ്വന്തം മതങ്ങളെ പരിഷ്‌ക്കരിക്കുവാന്‍ തയ്യാറായി. കാശിയിലെ വിദ്യാലയങ്ങളില്‍ വേദാന്തപഠനം നിലവില്‍ വന്നു. സാധാരണ ജനങ്ങള്‍പോലും വേദാന്തസിദ്ധാന്തങ്ങള്‍ കേള്‍ക്കാന്‍ ഉത്സാഹം പ്രകടിപ്പിക്കുന്നു. താന്‍ രചിച്ച ഭാഷ്യങ്ങള്‍ കാശിയിലെ പണ്ഡിതന്മാരുടെയിടയില്‍ പ്രധാന ചര്‍ച്ചാവിഷയമായി. ചെറിയൊരു കാലയളവുകൊണ്ട് അദ്വൈതസിദ്ധാന്തം കാശിയുടെ പുണ്യഭൂമിയില്‍ വേരോടിത്തുടങ്ങി. ഈ വേഗത മറ്റൊരിടത്തും കൈവരികയുണ്ടായില്ലല്ലോ. വിശ്വേശ്വരന്റെ ആജ്ഞ പരിപാലിച്ചുകഴിഞ്ഞ സംതൃപ്തിയും ആനന്ദവും മനസ്സില്‍ കളിയാടുകയായി.
ഗംഗാനദിയുടെ തീരത്ത് വളരെനേരം നിര്‍വികല്പസമാധിയില്‍ ആണ്ടിരിക്കും. ധ്യാനത്തില്‍ നിന്നുണര്‍ന്നാല്‍ അന്നപൂര്‍ണ്ണാവിശ്വനാഥന്റെ സ്വരൂപത്തെ സദാകീര്‍ത്തിച്ചു കൊണ്ടിരിക്കും.
ശിഷ്യരും പ്രശിഷ്യരും കാശിയില്‍ തങ്ങളുടെ ജന്മസാഫല്യം നിറവേറ്റുകയായിരുന്നു.