പൂര്‍ണാനദിയുടെ പുണ്യതീരത്തെ പുണര്‍ന്നു നില്ക്കുന്ന വൃഷാചലേശ്വരക്ഷേത്രം. ശ്രീപരമേശ്വരന്റെ ഭൂലിംഗ രൂപത്തിലുളള പ്രതിഷ്ഠയാണ് ഇവിടെയുളളത്. നാടുവാഴുന്ന രാജശേഖരരാജാവ് പലതവണ പരമേശ്വരന്റെ ചൈതന്യസ്വരൂപം സ്വപ്നത്തില്‍ കണ്ടുവത്രെ. തന്റെ സ്വപ്നദര്‍ശനം ഭൂമിയിലേക്കിറക്കിവയ്ക്കാന്‍ രാജാവിന്റെ മനസ്സില്‍ ചിന്തകള്‍ ബഹളം വച്ചു. ദിവാന്‍ ധര്‍മ്മസേനനെ രാജാവു വിളിച്ചു വരുത്തി, തന്റെ ആശയം ക്ഷേത്രശില്പിയോടു ഉണര്‍ത്തിക്കുവാന്‍ കല്പന പുറപ്പെടുവിച്ചു. മൂന്ന് വേനല്‍ക്കാലം പിന്നിട്ടപ്പോള്‍ ശില്പവൈഭവങ്ങള്‍കൊണ്ട് അലംകൃതമായ വൃഷാചലേശ്വര ക്ഷേത്രം കാലടിഗ്രാമത്തിന്റെ ആകാശത്തേക്കുയര്‍ന്നു.
വൃഷാചലേശ്വരന്റെ പ്രതിഷ്ഠാകര്‍മ്മകാലം മുതല്‍ പൂജകളും ഹോമങ്ങളും മറ്റ് അനുഷ്ഠാനങ്ങളും മുടക്കമില്ലാതെ തുടര്‍ന്നു പോന്നു. ആ ചൈതന്യസ്പന്ദനങ്ങളേറ്റാണ് കാലടിഗ്രാമത്തിന് ഐശ്വര്യവും സമ്പത്തും ഉണ്ടായതെന്ന് ഗ്രാമവാസികള്‍ വിശ്വസിച്ചു. കാലടിയുടെ എക്കാലത്തെയും സംരക്ഷകനായി കാലഭൈരവനായ വൃഷാചലേശ്വരന്‍ നിലകൊണ്ടു.
ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നിന്നു തുടങ്ങുന്ന വെട്ടുവഴിയിലൂടെ ഇറങ്ങിയാല്‍ വിസ്തൃതിയേറിയ നെല്‍പ്പാടങ്ങള്‍ക്കിടയില്‍ കോരിയുയര്‍ത്തിയ നടവരമ്പത്ത് ചെന്നെത്താം. പാടത്തു നിന്നു വീശുന്ന ഈര്‍പ്പം പൊടിയുന്ന ശീതളക്കാറ്റേറ്റ് വരമ്പത്തുകൂടി അരനാഴികദൂരം നടന്നു കഴിയുമ്പോള്‍ തെങ്ങിന്‍തോപ്പുകളുടെ തണല്‍ പറ്റി നില്ക്കുന്ന കയ്പ്പിള്ളി ഇല്ലമായി. വേദജ്ഞനും പണ്ഡിതനുമായ വിദ്യാധിരാജന്റെ തറവാട്.
കയ്പ്പിള്ളി ഇല്ലത്തിന്റെ പേരും മഹിമയും പിതാവിന്റെ കാലശേഷവും ശിവഗുരു കാത്തു സൂക്ഷിച്ചു.
”..മ്മക്ക് വൃഷാചലേശ്വരനു മുന്നില്‍ നാല്പത്തിയൊന്നു ദിവസം ഭജനമിരിക്കണം. രാവിലെ പുറപ്പെടുകതന്നെ.”
ആര്യാംബ നന്നേ വെളുപ്പിന്എണീറ്റ് യാത്രയ്ക്ക് തയ്യാറെടുത്തു കൊണ്ട് പറഞ്ഞു. ആര്യാംബയുടെ പുറപ്പാടിന്റെ ബഹളം കേട്ടാണ് ശിവഗുരു ഉണര്‍ന്നത്.
ഇല്ലം പൂട്ടി ശിവഗുരുവും ആര്യാംബയും മുറ്റത്തേക്കിറങ്ങുമ്പോള്‍ തെക്കേതിലെ നങ്ങ്യാരമ്മ വെട്ടുകല്ലു കയറി വരുന്നതു കണ്ടു. ”നങ്ങ്യാമ്മേ, എല്ലാം പറഞ്ഞപോലെ. അടിച്ചു തളിയൊന്നും മുടക്കണ്ട…” ഇല്ലത്തിന്റെ താക്കോല്‍ ഏല്‍പ്പിച്ച് ആര്യാംബയും ശിവഗുരുവും വരമ്പത്തുകൂടി പടിഞ്ഞാറേക്ക് നടന്നു.
*** ***
”എന്താ, നിന്റെ ദു:ഖത്തിനു കാരണം?”
പരമേശ്വരന്റെ ചോദ്യത്തിന് ശിവഗുരു ആദ്യം മറുപടിയൊന്നും പറഞ്ഞില്ല.
”വരദാനമായി ഞാന്‍ നിനക്ക് എന്താണ് നല്‍കേണ്ടത്?”
ഭഗവാന്റെ ചോദ്യം വീണ്ടും ശിവഗുരുവിന്റെ കാതുകളില്‍ അമൃതവര്‍ഷമായി പെയ്തു വീണു.
”എനിക്കൊരു കുഞ്ഞ് ഇനിയും പിറന്നിട്ടില്ല…” ശിവഗുരു പരമേശ്വരനു മുന്നില്‍ തലകുമ്പിട്ടു.
”ശരി. നിനക്ക് സര്‍വ്വജ്ഞനും സര്‍വ്വഗുണ സമ്പന്നനുമായ ഒരു പുത്രനാണ് വേണ്ടതെങ്കില്‍ അവന് അല്പായുസ്സായിരിക്കും. എന്താ അത് മതിയോ?… ഇനി ദീര്‍ഘായുസ്സുളള ഒരു പുത്രനെയാണ് വേണ്ടതെങ്കില്‍ അവന്‍ അജ്ഞാനിയായിരിക്കും. ഏതാണ് വേണ്ടത്?”
ശിവഗുരു തലയുയര്‍ത്തി പരമേശ്വരന്റെ മുഖത്തേക്കു നോക്കി. ചന്ദ്രക്കല ചൂടിയ ഭഗവാന്റെ പുഞ്ചിരിയില്‍ നിലാവ് നിറഞ്ഞു നില്‍ക്കുന്നു! ശിവഗുരു അതില്‍ മുഴുകി ഏതാനും നിമിഷം മൗനത്തില്‍ വിശ്രമം കൊണ്ടു.
പരമേശ്വരന്റെ വാക്കുകള്‍ ശിവഗുരുവിനെ കുറച്ചുനേരം ആശയകുഴപ്പത്തില്‍ കുരുക്കിയിട്ടു. ദീര്‍ഘായുസ്സുളള ഒരു മകനെയാണ് തനിക്ക് വേണ്ടത്. എന്നാല്‍ അവന്‍ അജ്ഞാനിയായി ജീവിച്ചിട്ട് എന്ത് പ്രയോജനം? അത്തരം ഒരു ജന്മം കൊണ്ട് തനിക്കും ഈ ലോകത്തിനും എന്താണ് ലഭിക്കാനുളളത്? മിടുക്കനായ, അറിവുളള, സ്വഭാവഗുണങ്ങളുളള ഒരു പുത്രനെയാണ് താന്‍ എന്നും കിനാവ് കണ്ടിരുന്നത്.
”ഭഗവാനെ, എനിക്ക് സര്‍വ്വജ്ഞനും സര്‍വ്വഗുണ സമ്പന്നനുമായ ഒരു പുത്രനെയാണ് വേണ്ടത്. അവന്റെ ആയുസ്സ് അങ്ങ് തന്നെ നിശ്ചയിച്ചുകൊള്‍ക…”
”തഥാസ്തു!”
ശിവന്‍ പൊടുന്നനെ ശിവഗുരുവിന്റെ കണ്ണുകളില്‍നിന്ന് മാഞ്ഞു. ശിവഗുരുവിന്റെ ഹൃദയം കൃതജ്ഞതയാല്‍ നിറഞ്ഞു തുളുമ്പി. അദ്ദേഹത്തിന്റെ കവിളുകളിലൂടെയൊഴുകുന്ന കണ്ണീര്‍ക്കണം കണ്ട്, ആര്യാംബ വിരല്‍ത്തുമ്പുകൊണ്ട് അത് ഒപ്പിയെടുക്കാനൊരുങ്ങി…
ഭാര്യയുടെ വിരല്‍സ്പര്‍ശമേറ്റ് ശിവഗുരു ലോകത്തിലേക്കു പൊടുന്നനെ കണ്ണുമിഴിച്ചു… താന്‍ ഇതുവരെ കണ്ടുകൊണ്ടിരുന്നത് വെറുമൊരു സ്വപ്നമായിരുന്നുവോ!
നോക്കുമ്പോള്‍ ആര്യാംബ കിടക്കയില്‍ തൊട്ടരികത്ത് മുഖം കുമ്പിട്ട് ഇരിക്കുകയായിരുന്നു. അവരുടെ മുഖത്ത് അപ്പോള്‍ ദൃശ്യമായ തേജസ് ശിവഗുരു ശ്രദ്ധിച്ചു.
”ആര്യേ, സ്വപ്നത്തില്‍ ഞാന്‍ ഭഗവാനെ ദര്‍ശിച്ചു. ഞങ്ങള്‍ തമ്മില്‍ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.”
ആനന്ദംകൊണ്ട് ശിവഗുരു ആര്യാംബയുടെ കരങ്ങള്‍ കവര്‍ന്നെടുത്തു. ആ കൈപ്പടങ്ങള്‍ തന്റെ നെഞ്ചില്‍ വിശ്രമിക്കവെ ശിവഗുരു പറഞ്ഞു:
”ഭഗവാന്‍ ശിവന്‍ എന്റെ അഭിലാഷത്തിനുമേല്‍ അനുഗ്രഹത്തിന്റെ പുഷ്പദലങ്ങള്‍ വര്‍ഷിച്ചിരിക്കുന്നു!”
ആര്യാംബയുടെ മുഖം ആനന്ദംകൊണ്ട് കൂടുതല്‍ തിളങ്ങുന്നത് ശിവഗുരു കണ്ടു…
ശിവാനുഗ്രഹത്താല്‍ ലഭിച്ച കൃതജ്ഞതയുമായി ശിവഗുരുവും ആര്യാംബയും വ്രതം പൂര്‍ത്തിയാക്കി, വൃഷാചലേശ്വരക്ഷേത്രത്തില്‍നിന്ന് ഇല്ലത്തേക്കു മടങ്ങി. കൂടുതല്‍ നിഷ്ഠയോടെ, ഭക്തിയോടെ ശിവധ്യാനത്തിലും ശിവചിന്തയിലും ആര്യാംബ മുഴുകി. സകലതും ശിവമയമായി അവര്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. ഈ ലോകം മുഴുവന്‍ ശിവമയം. ഈശ്വരനല്ലാതെ മറ്റൊന്നുംതന്നെ ഈ ലോകത്ത് ആര്യാംബയ്ക്കു കാണാന്‍ കഴിഞ്ഞില്ല. സര്‍വ്വം ബ്രഹ്‌മമയം!
* * *
ആര്യാംബ ഗര്‍ഭവതിയായി. ഗര്‍ഭം വളര്‍ന്നുവരുന്തോറും ആര്യാംബയുടെ തേജസ്സും വര്‍ദ്ധിച്ചുവന്നു. ഗര്‍ഭാലസ്യം പേറിയ ദേവിയുടെ ചലനങ്ങള്‍ മന്ദഗതിയിലായി.
”ആര്യയ്ക്ക് ഉണ്ണിയപ്പം ഇഷ്ടല്ല്യേ..” നങ്ങ്യാരമ്മ ഒരു മണ്‍ചട്ടി നിറയെ ഉണ്ണിയപ്പവുമായി ഇല്ലത്തേക്ക് കയറി വന്നു. വാട്ടിയ വാഴയിലകൊണ്ട് ചട്ടിമൂടിയിട്ടുണ്ടായിരുന്നു. നങ്ങ്യാരമ്മ തന്റെ വയറിലൂടെ കണ്ണുഴിയുന്നതുകണ്ട് ആര്യാംബ പുഞ്ചിരിച്ചു.
നങ്ങ്യാരമ്മ വാഴയില മാറ്റിയപ്പോള്‍ നല്ല മൊരിഞ്ഞ ഉണ്ണിയപ്പത്തിന്റെ മണം. ആര്യാംബയുടെ മൂക്ക് വേഗം അത് പിടിച്ചെടുത്തു. വലിയൊരു വെള്ളക്കാളയുടെ പുറത്ത് സഞ്ചരിക്കുന്നതായി അന്ന് രാത്രി ആര്യാംബ സ്വപ്നം കണ്ടു. വിദ്യാധരന്മാരുടെ പാട്ടും കൂത്തും കൂടി അവര്‍ സ്വപ്നത്തില്‍ കണ്ടു രസിച്ചു.
ലൗകിക കാര്യങ്ങളില്‍ ആര്യാംബയ്ക്ക് താല്പര്യം കുറഞ്ഞു കുറഞ്ഞു വരികയായിരുന്നു. പരമേശ്വരനോടുളള അവരുടെ ഭക്തി വര്‍ദ്ധിച്ചു വരികയുംചെയ്തു. പലപ്പോഴും ശ്രീപരമേശ്വരന്‍ വടവൃക്ഷത്തിന്റെ ചുവട്ടില്‍ ചന്ദ്രക്കലചൂടി സുന്ദരനായ യുവാവിന്റെ രൂപത്തില്‍ ശിഷ്യഗണങ്ങളോടൊപ്പം ഇരിക്കുന്നത് ദേവി സ്വപ്നം കണ്ടു. സ്വപ്നത്തില്‍ നിന്നുണര്‍ന്നാലുടന്‍ അവര്‍ പരമേശ്വരനെ ഭജിക്കാനായി തയ്യാറാവും. തന്റെ ഉദരത്തിലുളള ശിശു സാക്ഷാല്‍ പരമേശ്വരന്‍ തന്നെ! ആര്യാംബ അങ്ങനെതന്നെ വിശ്വസിച്ചു. ആ വിശ്വാസത്തിന്റെ ദൃഢതയില്‍ അവര്‍ കൂടുതല്‍ സന്തുഷ്ടയായി.
”ആര്യേ, എന്റെ മനസ്സും അതുതന്നെ പറയുന്നു. നിന്റെ ഗര്‍ഭത്തില്‍ വളരുന്നത് സാക്ഷാല്‍ പരമേശ്വരന്‍ തന്നെ!”
ശിവഗുരു ഭാര്യയുടെ കണ്ണുകളില്‍ നോക്കി. ആ നയനങ്ങളിലെ അപൂര്‍വ്വമായ തിളക്കം അദ്ദേഹം ശ്രദ്ധിച്ചു.
ഒരു വര്‍ഷത്തിനുള്ളില്‍ കയ്പ്പിള്ളി ഇല്ലത്തെ തെക്കേമുറിയില്‍ ആര്യാദേവിക്ക് ഉണ്ണി പിറന്നു; തേജസ്വിയായ ഒരാണ്‍കുഞ്ഞ്!
”ഒടുവില്‍ പരമേശ്വരന്റെ കൃപയാല്‍ ഞാന്‍ കൃതാര്‍ത്ഥനായി. എനിക്കൊരു ഉണ്ണിയെ വൈകിയെങ്കിലും ലഭിച്ചുവല്ലോ.” ശിവഗുരുവിന്റെ കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ പുളകം കൊണ്ടു.
മുറ്റത്തെ പൂമരത്തില്‍നിന്ന് തനിയെ പൂക്കള്‍ പൊഴിയാന്‍ തുടങ്ങി. പൂര്‍ണാനദി തികച്ചും പ്രശാന്തമായി ഒഴുകി. സമുദ്രംപോലും തിരയടങ്ങി ശാന്തമാകുന്ന പോലെ. വിവിധയിനം പുഷ്പങ്ങളുടെ സുഗന്ധം പേറി ഇളംകാറ്റ് വീശിക്കൊണ്ടിരുന്നു. ശിവഗുരുവിനും ആര്യാംബയ്ക്കും മാത്രമല്ല ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുംവരെ അളവറ്റ സന്തോഷം.
”കുട്ടി വളര്‍ന്ന് വളരെയേറെ പ്രശസ്തിയിലേക്കുയരും…”
ജ്യോത്സ്യന്‍ കവടി നിരത്തി പ്രവചിച്ചു.
ആര്യാംബ പ്രസവിച്ചത് മേടമാസത്തിലാണ്. വൈശാഖ ശുക്ലപക്ഷം. പഞ്ചമി. തിരുവാതിര നക്ഷത്രം. കര്‍ക്കിടക ലഗ്നം. സൂര്യനും ബുധനും മേടരാശിയില്‍. കുജന്‍ മകരത്തില്‍. ശനി തുലാത്തില്‍. ചന്ദ്രന്‍ മിഥുനത്തില്‍. ഉച്ചത്തില്‍ ശുക്രന്‍. കേന്ദ്രത്തില്‍ വ്യാഴം. ജനനം മധ്യാഹ്നനേരത്ത്. ജ്യോത്സ്യന്‍ വിശദമായ ജാതകം കുറിച്ചു. ശിവഗുരു ദക്ഷിണ നല്‍കി ജാതകം സ്വീകരിച്ചു. കുഞ്ഞു ജനിച്ച സന്തോഷത്തില്‍ ശിവഗുരുവിന്റെ മനസ്സില്‍ ചൈതന്യത്തിന്റെ തിരയിളക്കം.
പന്ത്രണ്ടാം ദിവസം ശിവഗുരു മകനെ മടിയില്‍ കിടത്തി മനസ്സിലുദിച്ച നാമം ആ പിഞ്ചുകാതുകളില്‍ മന്ത്രിച്ചു: ”ന്റ ശങ്കരന്‍!” ശിവഗുരു മന്ത്രിച്ചുനടന്ന ശങ്കരനാമം ആര്യാംബയുടെ കാതുകളിലുമെത്തി. ശങ്കരന്‍ മുലകുടിച്ചുകൊണ്ട് ദേവിയുടെ ചൂടില്‍ വിശ്രമിക്കുകയായിരുന്നു അപ്പോള്‍. ആര്യാംബ ശങ്കരന്റെ നിറുകയില്‍ വിരലുകളോടിച്ചുകൊണ്ട് വിളിച്ചു: ”കുട്ടി ശങ്കരന്‍.”
”സാക്ഷാല്‍ പരമേശ്വരന്‍ നമുക്കു തന്ന കുഞ്ഞാണിത്.” മരക്കട്ടിലില്‍ തന്നോടു ചേര്‍ന്നിരിക്കുന്ന ആര്യാംബയോടു ശിവഗുരു പറഞ്ഞു. സൂര്യന്റെ തേജസ്സും ചന്ദ്രന്റെ ശീതളിമയും ഒത്തു ചേര്‍ന്ന കുട്ടി. ആര്യാംബയുടെ ശിവഭക്തി ഇപ്പോള്‍ ഏറെ വര്‍ദ്ധിച്ചിരിക്കുന്നു. ശിവഗുരു ശ്രദ്ധിച്ചു.
ശുക്ലപക്ഷത്തെ ചന്ദ്രനെപ്പോലെയാണ് ശങ്കരന്‍ വളര്‍ന്നത്. മെല്ലെമെല്ലെ മുട്ടിന്മേല്‍ നടക്കാന്‍ തുടങ്ങി… പിന്നെ മുറ്റത്തിറങ്ങി പിച്ചവെച്ചു.. മറ്റു കുട്ടികളോടൊത്ത് കളിക്കാന്‍ തുടങ്ങി. ഒരു വയസ്സായപ്പോള്‍ മലയാളവും സംസ്‌കൃതവും സംസാരിക്കാന്‍ പഠിച്ചു. മൂന്നു വയസ്സിനുള്ളില്‍ സംസ്‌കൃത ഗ്രന്ഥങ്ങള്‍ വായിച്ച് ഹൃദിസ്ഥമാക്കാന്‍ ശങ്കരനു കഴിഞ്ഞു. ക്രമേണ കൂട്ടുകാരുടെ നേതാവായി.
ശാന്തമായ സ്വഭാവവും തീക്ഷ്ണമായ ബുദ്ധിയുമുളള ശങ്കരന്‍. പക്ഷേ, ജ്യോത്സ്യന്റെ വാക്കുകള്‍ ആര്യാംബയെ ഇടയ്‌ക്കൊക്കെ വിഷമത്തിലാഴ്ത്തി. ”സൂര്യനും ചന്ദ്രനും എന്നതുപോലെ വ്യാഴവും ശനിയും ഉച്ചത്തില്‍ തന്നെ. അല്പായുസ്സെന്ന ഒരൊറ്റ ദോഷമേയുളളു.” ജ്യോത്സ്യന്‍ ഓര്‍മ്മിപ്പിച്ചു.
വൃഷാചലേശ്വരനെ വന്ദിക്കാന്‍ ശിവഗുരുവും ആര്യാംബയും മകനെ നിത്യവും ക്ഷേത്രത്തിലേക്കു കൊണ്ടുപോയി. ശങ്കരന് മൂന്നുവയസ്സുള്ളപ്പോള്‍ ജ്യോത്സ്യന്മാര്‍ നിശ്ചയിച്ച ശൂഭമുഹൂര്‍ത്തത്തില്‍ ദ്രാവിഡാചാരപ്രകാരം ചൗളകര്‍മം. അത് ശിവഗുരു തന്നെ നിര്‍വ്വഹിച്ചു.
വിദ്യാഭ്യാസത്തിന്റെ ആദ്യചടങ്ങായി അക്ഷരപഠനം. നദീമുഖത്തു കൂടി സമുദ്രത്തിലെത്തിയാല്‍ പിന്നെ എവിടെയും പോകാം. നദീമുഖത്തുകൂടിയുളള സഞ്ചാരമാണ് അക്ഷരാഭ്യാസം. അക്ഷരപഠനം കഴിഞ്ഞാല്‍ ഏതു ഗ്രന്ഥവും വായിക്കാം.
”കലകളും ശാസ്ത്രങ്ങളും കോശങ്ങളും സ്‌തോത്രങ്ങളും ഉണ്ണി വേഗം പഠിച്ചുവല്ലോ!” ശിവഗുരുവിന്റെ അഭിനന്ദനം കേട്ട് ശങ്കരന്‍ ചിരിച്ചു.
”ഗുരുവിനെ ഒരിക്കലും വിഷമിപ്പിക്കരുത്.” ശിവഗുരു ഓര്‍മ്മപ്പെടുത്തി.
”ഒരിക്കല്‍ കേട്ടത് ഞാന്‍ മറക്കില്ലച്ഛാ” ശങ്കരന്‍ തുടര്‍ന്നു:
”കൂടെ പഠിക്കുന്നവര്‍ക്ക് ഞാന്‍ പാഠങ്ങള്‍ പറഞ്ഞു കൊടുക്കും. അങ്ങനെയെങ്കിലും എനിക്ക് ഗുരുവിനെ സഹായിക്കാനാവുന്നുണ്ട്. അതും എന്റെ ഒരു ഗുരുദക്ഷിണയെന്ന് കണക്കാക്കിക്കോളൂ.”
”അഞ്ചാമത്തെ വയസ്സില്‍ ശങ്കരനെ ഉപനയനം ചെയ്യിക്കണം. ബ്രഹ്‌മവര്‍ച്ചസ് വേണം. അതിനാല്‍ അഞ്ച് വയസ്സില്‍ ഉപനയിക്കാമെന്ന് ശാസ്ത്രവിധിയുണ്ട്.”ശിവഗുരു ആര്യാംബയോട് ഇടയ്ക്കിടെ സൂചിപ്പിച്ചു.
ശങ്കരന്റെ ഉപനയനത്തിനായി ശിവഗുരു ദിവസമെണ്ണി കാത്തിരുന്നു. എന്നാല്‍, കാലം ആ കാത്തിരിപ്പിനെ വെല്ലുവിളിച്ചു. ശിവഗുരുവിന് ശങ്കരന്റെ ഉപനയനം കാണാന്‍ ഭാഗ്യമുണ്ടായില്ല. ശങ്കരന് നാലു വയസ്സ് എത്തുന്നതിനുമുമ്പ് ശിവഗുരു ഇല്ലത്തുനിന്നും ഈ ലോകത്തു നിന്നും വിടവാങ്ങി. കാലധര്‍മ്മത്തിന് നിഷ്‌ക്കളങ്കമായി വിധേയനായ ശിവഗുരുവിന്റെ അന്ത്യകര്‍മ്മങ്ങള്‍ ബന്ധുക്കളുടെ സഹായത്തോടെ ആര്യാംബതന്നെ നിര്‍വ്വഹിച്ചു.
ശിവഗുരുവിന്റെ അചഞ്ചലമായ ശിവഭക്തിയെക്കുറിച്ച് ആര്യാംബ ഇടയ്ക്കിടെ ഓര്‍മ്മിക്കും. ഒപ്പം അദ്ദേഹം ദേവീഭക്തനുമായിരുന്നുവല്ലോ. ഇല്ലത്തിന്റെ തെക്കുഭാഗത്ത് ഒരു ദേവീക്ഷേത്രമുണ്ട്. അവിടെച്ചെന്ന് ദിവസവും പാല്‍ നിവേദിച്ചുകൊണ്ടുവന്ന് ശിവഗുരു ശങ്കരനു കൊടുക്കുമായിരുന്നു.
”എനിക്ക് ദേശംവിട്ട് കുറച്ചുനാള്‍ ദൂരേയ്ക്ക് പോകേണ്ടിയിരിക്കുന്നു ആര്യേ. ഞാന്‍ വരുന്നതുവരെ ഭഗവതിക്കുളള പാലുനിവേദ്യം നീ മുടങ്ങാതെ നോക്കണം.” ശിവഗുരുവിന്റെ ഗാഢമായ സ്‌നേഹംനിറഞ്ഞ വാക്കുകള്‍ ആര്യാംബയുടെ കാതുകളില്‍ ഇപ്പോഴും മുഴങ്ങിക്കേള്‍ക്കുന്നു.
ആദ്യദിവസം ആര്യാംബതന്നെ നിവേദ്യം നടത്തി. രണ്ടാം ദിവസം രജസ്വലയായതിനാല്‍ അവര്‍ക്ക് അതിന് കഴിയാതെയായി.
”ഇന്നുമുതല്‍ ഭഗവതിക്ക് പാല്‍ നിവേദിക്കാനായി ഉണ്ണി പോകണം.”
ആര്യാംബ ശങ്കരനെ ചട്ടം കെട്ടി.
ശങ്കരന്‍ പാല്‍ നിറച്ച ഓട്ടുപാത്രവുമായി ദേവിയുടെ സന്നിധിയിലേക്കു നടന്നു.
പുഷ്പാലംകൃതമായ ദേവീവിഗ്രഹത്തിനു മുന്നില്‍ പാല്‍ നിവേദിച്ചിട്ട് ശങ്കരന്‍ പറഞ്ഞു:
”ദേവി ഇത് മുഴുവന്‍ കുടിക്കണം.”
ശങ്കരന്‍ കണ്ണുകളടച്ചു പ്രാര്‍ത്ഥിച്ചു. ദേവീസ്തുതി മനസ്സില്‍ ചൊല്ലി. കണ്ണു തുറന്നു നോക്കുമ്പോള്‍ നിവേദിച്ച പാല്‍ അതുപോലെ പാത്രത്തിലുണ്ട്. ദേവി അല്പം പോലും കുടിച്ചിട്ടില്ല. ഇതുകണ്ട് ശങ്കരന് സങ്കടം വന്നു. അവന്‍ കരയാന്‍ തുടങ്ങി.”ദേവി അല്പംപോലും പാല്‍ കുടിച്ചില്ലല്ലോ…” ശങ്കരന്‍ ഏങ്ങിയേങ്ങി കരഞ്ഞു. പിന്നെ കണ്ണുകള്‍ പൂട്ടി കണ്ണുനീര്‍ പുറം കൈകൊണ്ട് തുടച്ചു. മെല്ലെ കണ്ണുകള്‍ തുറന്നു നോക്കുമ്പോള്‍ ദേവി സചേതനയായി മുന്നില്‍ നില്‍ക്കുന്നു!
”ശരി. ഞാന്‍ പാല്‍ കുടിക്കാം. ഉണ്ണി കരയണ്ടാ…” ദേവി പറഞ്ഞു.
ഒറ്റവലിക്ക് പാല്‍ മുഴുവന്‍ ദേവി കുടിച്ചു കഴിഞ്ഞപ്പോള്‍ ശങ്കരനു വീണ്ടും സങ്കടമായി.
”എനിക്ക് കുടിക്കാനായി ഇത്തിരി ബാക്കിവച്ചില്ലല്ലോ!”
ഇതുകേട്ടതും ദേവിക്കും സങ്കടം വന്നു. ദേവി ശങ്കരനെ എടുത്ത് മടിയില്‍ ഇരുത്തി. സ്വന്തം മുല കൈയിലെടുത്ത് ദേവി ശങ്കരന്റെ ചുണ്ടില്‍ വെച്ചു കൊടുത്തു:
”തവസ്തന്യം മന്യേ ധരണിധരകന്യേ ഹൃദയതഃ
പയഃ പാരാവാരം പരിവഹതി സാരസ്വതമിവ
ദയാവത്യാദത്തം ദ്രവിഡശിശുരാ സാദ്യതവയത്
കവീനാം പ്രൗഢാനാമജനി കമനീയഃ കവയിതാ”
ശങ്കരനു വേണ്ടുന്ന എല്ലാ പ്രതിഭയും പാണ്ഡിത്യവും ജ്ഞാനവും ഈ മുലപ്പാലില്‍ അടങ്ങിയിരുന്നുവോ? ദേവിയുടെ മുലപ്പാല്‍ കുടിച്ച് ശങ്കരന്‍ കവിത്വശക്തി ആര്‍ജ്ജിക്കുകയായി.
”ഹിമവല്‍ പുത്രിയായ അല്ലയോ പാര്‍വ്വതീദേവി, അവിടുത്തെ മുലപ്പാല്‍, സരസ്വതീവിലാസമായ അവിടുത്തെ ഹൃദയത്തില്‍നിന്ന് ഒഴുകിവരുന്ന പാല്‍പ്പുഴയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. കാരുണ്യവതിയായ അവിടുന്നു നല്‍കിയ ഈ സ്തന്യം ആസ്വദിച്ചുകൊണ്ട് പ്രൗഢകവികളുടെ കൂട്ടത്തില്‍ ഒരു കവിയായിത്തീരുവാന്‍ ഈ ദ്രാവിഡ ശിശുവിനു ഭാഗ്യമുണ്ടാവില്ലേ!”
ഇല്ലത്തേക്ക് ശങ്കരന്‍ മടങ്ങിയെത്തുമ്പോള്‍ മുറ്റത്തേക്ക് നോക്കിയിരിക്കുകയായിരുന്ന ആര്യാംബ ചോദിച്ചു:
”അച്ഛന്റെ സങ്കല്പവും ആഗ്രഹവുമനുസരിച്ച് അഞ്ചാംവയസ്സില്‍ത്തന്നെ ഉണ്ണി ഉപനയനം ചെയ്യണം. എന്താ കുട്ടീ അതല്ലേ വേണ്ടത്?”
അമ്മയുടെ വാക്കുകള്‍ കേട്ട് ശങ്കരന്‍ തലയാട്ടി.
(തുടരും)