- നിര്‍വികല്പം
- വൃഷാചലേശ്വരന്‍ (നിര്‍വികല്പം 2)
- ഭിക്ഷാംദേഹി (നിര്‍വികല്പം 3)
- കേദാര്‍നാഥിലേക്ക് ( നിര്‍വികല്പം 33)
- മുതലയുടെ പിടി (നിര്‍വികല്പം 4)
- ഗുരുവിനെ തേടി (നിര്‍വികല്പം 5)
- ചണ്ഡാളന്‍(നിര്‍വികല്പം 6)
മോഹനസുന്ദരമായ സിന്ധുനദീതീരം പിന്നിട്ടിരിക്കുന്നു.
ചന്ദ്രഭാഗാനദീതീരത്തുകൂടി സമതലഭൂമിയിലേക്ക് ദിഗ്‌വിജയവാഹിനി ഇറങ്ങാന്‍ തുടങ്ങി. ബൗദ്ധന്മാരുടെ പ്രധാന ആവാസഭൂമിയായ തക്ഷശിലയുടെ സമീപത്തു കൂടിയാണ് നടന്നുകൊണ്ടിരുന്നത്.
നിരവധി ആധ്യാത്മികവിദ്യാര്‍ത്ഥികള്‍ ബൗദ്ധാചാര്യന്മാരുടെ ശിക്ഷണത്തില്‍ അധ്യയനവുമായി തക്ഷശിലയിലെ ബൗദ്ധവിഹാരങ്ങളില്‍ കഴിയുന്നുണ്ട്. ശ്രീരാമചന്ദ്രസ്വാമിയുടെ അനുജനായ ഭരതന്റെ പുത്രന്‍ തക്ഷന്‍ ഭരിച്ചിരുന്ന രാജ്യം. പറഞ്ഞിട്ടെന്തുകാര്യം, ബുദ്ധമതത്തിന് ആധിപത്യമുള്ള തക്ഷശിലയില്‍ വൈദികധര്‍മ്മം ദുര്‍ബ്ബലമായിരിക്കുന്നു!
ബൗദ്ധപണ്ഡിതന്മാര്‍ വാദിക്കാനൊന്നും വന്നില്ല. ചില ബൗദ്ധര്‍മാത്രം ജിജ്ഞാസുക്കളായി അരികിലേക്ക് വന്നുകൊണ്ടിരുന്നു. പത്മപാദനും ഹസ്താമലകനും തോടകനും അവരെക്കൊണ്ട് ബ്രഹ്‌മസൂത്രഭാഷ്യം വായിപ്പിക്കുകയും, അവര്‍ക്ക് അദ്വൈതസത്യത്തിലേക്കുള്ള വാതായനം തുറന്നുകൊടുക്കുകയും ചെയ്തു.
ജിജ്ഞാസുക്കള്‍ക്ക് വൈകാതെ വൈദികധര്‍മ്മത്തോടുള്ള ആഭിമുഖ്യം വളര്‍ന്നുവന്നു.
തക്ഷശിലയില്‍നിന്ന് കിഴക്കോട്ടു സഞ്ചരിച്ചാണ് ജ്വാലാമുഖി തീര്‍ത്ഥത്തിലെത്തിയത്. ക്ഷേത്രത്തില്‍ ദര്‍ശനത്തിനായെത്തുമ്പോള്‍ ദേവിയുടെ ജ്യോതിര്‍മയമൂര്‍ത്തിരൂപം വിഗ്രഹത്തില്‍ തിളങ്ങിനിന്നു. ദേവിയോടുള്ള ഭക്തിഭാവത്താല്‍ മനസ്സിലൊരു ശ്ലോകം ഉരുത്തിരിഞ്ഞു വന്നു.
ഭവാനി! ത്വം ദാസേമയി വിതര ദൃഷ്ടീം സകരുണാ –
മിതി സ്‌തോതും വാഞ്ഛന്‍ കഥയതി ഭവാനി! ത്വമിതിയഃ
തദൈവ ത്വം തസ്‌മൈ ദിശസി നിജസായുജ്യപദവീം
മുകുന്ദബ്രഹ്‌മേന്ദ്ര സ്ഫുടമകുടനീരാജിതപദാം…
ജ്വാലാമുഖിയെ പൂജിച്ചശേഷം, ഹിമാലയതാഴ്‌വരയിലുള്ള ജനപദങ്ങളില്‍ കൂടി നിരവധി നാഴിക സഞ്ചരിച്ച് നൈമിഷക്ഷേത്രത്തില്‍ പ്രവേശിച്ചു. ഏറെ തീര്‍ത്ഥസ്ഥാനങ്ങളുള്ള പുണ്യഭൂമി. പക്ഷെ, എല്ലായിടത്തും ബൗദ്ധതാന്ത്രികന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. വേദാന്തതത്ത്വത്തിലേക്ക് പണ്ഡിതന്മാരെ അനുനയിപ്പിക്കാനായി ശിഷ്യന്മാര്‍ നിരന്തരം പ്രയത്‌നിച്ചു കൊണ്ടിരുന്നു.
ശ്രീബുദ്ധന്റെ ജ്ഞാനോപദേശം ഗ്രഹിക്കുവാന്‍ സാമര്‍ത്ഥ്യമില്ലാതിരുന്ന സാധാരണ ജനങ്ങള്‍ ഉപാസനമാര്‍ഗത്തെ അവലംബിച്ചുവെങ്കിലും അത് ക്രമേണ താന്ത്രികാചാരമായി മാറിയിട്ടുണ്ട്. സ്വന്തം കര്‍മ്മാനുഷ്ഠാനങ്ങള്‍ കൂടാതെ ഉപാസന കൊണ്ടുമാത്രം എന്തു പ്രയോജനം?!
”കുറച്ചുനാളുകളെങ്കിലും നാം ഇവിടെ താമസിച്ച് വേദാന്തതത്ത്വമനുസരിച്ചുള്ള കര്‍മ്മമാര്‍ഗവും ഉപാസന മാര്‍ഗവും അവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടതുണ്ട്. എങ്കില്‍മാത്രമെ ജനങ്ങളെ ശരിയായ പാതയിലേക്ക് കൊണ്ടുവരാനാകൂ…”
പത്മപാദനോടു നിര്‍ദ്ദേശിച്ചു.
ദിഗ്‌വിജയം അയോദ്ധ്യയില്‍ പ്രവേശിച്ചു.
ശ്രീരാമചന്ദ്രന്റെ പുണ്യഭൂമി ഓടിനടന്നു കാണാനുള്ള ധൃതിയായി. മനസ്സ് അത്യധികം ആനന്ദംകൊണ്ട് ആകാശവ്യാപ്തമായിരിക്കുന്നു! ദുഃഖം വരുമ്പോള്‍ മനസ്സ് ചുരുങ്ങിപ്പോകുന്നു. ആനന്ദസ്പര്‍ശം കൊണ്ട് മനസ്സ് ആകാശവ്യാപ്തിയിലേക്ക് വികസിക്കുന്നു. മനസ്സ് സങ്കോചിക്കാതെ സദാ സൂക്ഷിക്കുമ്പോള്‍, പുറമെ ദുഃഖങ്ങളുണ്ടെങ്കിലും അത് മനസ്സിലേക്ക് പ്രവേശിക്കുന്നില്ല. അയോദ്ധ്യയിലെ വൈഷ്ണവര്‍ക്ക് ദിഗ്‌വിജയം ആധ്യാത്മികമായൊരു ഉണര്‍വിനു കാരണമായി.
രാജര്‍ഷിയായ ജനകമഹാരാജാവിന്റെ വിദേഹരാജ്യത്ത് പ്രവേശിക്കുമ്പോള്‍ പുതിയൊരനുഭൂതി തലത്തിലേക്ക് മനസ്സ് സഞ്ചരിക്കാന്‍ തുടങ്ങി. പല തീര്‍ത്ഥസ്ഥാനങ്ങളും പിന്നിട്ടാണ് മിഥിലാപുരിയിലെത്തിച്ചേര്‍ന്നത്. ഏറെ ആഹ്ലാദത്തോടെ ദിഗ്‌വിജയവാഹിനിയെ നഗരവാസികള്‍ എതിരേറ്റു.
താന്ത്രികമാര്‍ഗത്തിനു പ്രഭാവമുള്ള മിഥിലാപുരി. വേദാന്തതത്ത്വപ്രചാരം കൊണ്ട് മിഥിലയിലെ പണ്ഡിതന്മാരെ വേഗം വൈദികാചാരാനുഷ്ഠാനങ്ങളിലേക്ക് കൊണ്ടുവരാനായി. അവര്‍ വേദാന്തചര്‍ച്ചയില്‍ മുഴുകാന്‍ തുടങ്ങി.
മിഥിലാപുരിയില്‍നിന്ന് തെക്കോട്ടു യാത്രചെയ്ത ദിഗ്‌വിജയം മഗധയുടെ തലസ്ഥാനമായ പാടലീപുത്രത്തില്‍ പ്രവേശിച്ചു. ബൗദ്ധധര്‍മ്മത്തിന്റെ പ്രഭാവം ഏറെയുള്ള നഗരം. മഹാരാജാവായ വിഷ്ണുഗുപ്തന്‍ ഏറെ ആഹ്ലാദത്തോടെയാണ് വാഹിനിയെ സ്വീകരിച്ചത്. പാടലീപുത്രത്തിലെ പണ്ഡിതന്മാര്‍ വേദസാരത്തെ ഖണ്ഡിക്കാനൊരുമ്പെട്ടില്ല. അദ്വൈതസിദ്ധാന്തം നഗരത്തില്‍ വേഗത്തില്‍ വേരോടിത്തുടങ്ങി.
പ്രസിദ്ധമായ നളന്ദ. അനേകം ബൗദ്ധാചാര്യന്മാരുടെ തപോഭൂമി. ദിഗ്‌വിജയം നളന്ദയിലേക്കു പ്രവേശിക്കുമ്പോള്‍ ബൗദ്ധഭിക്ഷുക്കളും പണ്ഡിതന്മാരും വാദമുഖങ്ങളുമായി മുന്നോട്ടു വന്നില്ല. അദ്വൈതതത്ത്വപ്രചാരണത്തിന് അത് സുഗമമായി. നളന്ദയ്ക്കടുത്താണ് രാജഗൃഹം; പണ്ട് ജരാസന്ധന്റെ രാജധാനിയായിരുന്ന പട്ടണം; ശ്രീബുദ്ധന്റെ കാലത്തെ മഗധയുടെ തലസ്ഥാനം.
രാജഗൃഹത്തിലെ പുരാതനപ്രസിദ്ധമായ പല ക്ഷേത്രങ്ങളിലും ദര്‍ശനം. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട് നിരവധി തീര്‍ത്ഥസ്ഥാനങ്ങളുള്ള നഗരം. ശിഷ്യന്മാരുടെ നിരന്തരമായ പ്രയത്‌നംകൊണ്ട് രാജഗൃഹത്തിലെ ജനങ്ങളുടെയിടയില്‍ ക്രമേണ അദ്വൈതമതം സജീവമായി. വേദാന്തസമ്മതമായ കര്‍മ്മതത്ത്വമെന്തെന്ന് അവരറി ഞ്ഞു തുടങ്ങി.
രാജഗൃഹത്തില്‍ നിന്ന് ഗയയിലേക്ക്.
ശ്രീബുദ്ധന് ബോധോദയമുണ്ടായ പുണ്യഭൂമി! പ്രാചീനകാലംമുതല്‍ ഭാരതത്തിലെ അതിപ്രധാനപിതൃതീര്‍ത്ഥസ്ഥാനം. ബുദ്ധമതത്തിന് ഏറ്റവുമധികം പ്രാധാന്യം കല്‍പ്പിക്കുന്ന ജനത. ഗയയിലെ ബ്രാഹ്‌മണരുടെയിടയില്‍ കപിലന്റെയും ദത്താത്രേയന്റെയും സംഘങ്ങള്‍ക്ക് വലിയ സ്വാധീനമാണുള്ളത്. അദ്വൈതദര്‍ശനങ്ങള്‍ കേട്ടപ്പോള്‍ അവരുടെ മുഖത്ത് ചൈതന്യത്തിന്റെ തിരയിളക്കം കണ്ടു. കപിലന്റെയും ദത്താത്രേയന്റെയും മതസംഘങ്ങള്‍ വേദമാര്‍ഗത്തിലേക്ക് വേഗത്തില്‍ ആകര്‍ഷിക്കപ്പെട്ടു.
ഗയയില്‍വെച്ച് ശ്രീബുദ്ധനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരു ശ്ലോകം രചിക്കണമെന്ന് തോന്നി. അതില്‍ മഹാവിഷ്ണുവിന്റെ അവതാരമായി ബുദ്ധനെ വാഴ്ത്തി. അതുകേട്ട് ഗയാനിവാസികളായ വൈദികപണ്ഡിതന്മാര്‍ ശ്രീബുദ്ധനെ അവതാരമായിക്കണ്ട് ആരാധിച്ചു തുടങ്ങി.
ഗയയില്‍ താമസിക്കുമ്പോള്‍, വംഗദേശത്ത് വൈദികധര്‍മ്മത്തിന് സംഭവിച്ച ദുരവസ്ഥയെപ്പറ്റി കേള്‍ക്കാനിടയായി. ബുദ്ധമതത്തിനും ബൗദ്ധതന്ത്രങ്ങള്‍ക്കുമാണത്രെ വംഗരാജ്യത്തെ മിക്ക പ്രദേശങ്ങളിലും പ്രാധാന്യം കല്പിച്ചിരുന്നത്. ശൈവന്മാരുടെയും ശാക്തേയന്മാരുടെയും സാന്നിദ്ധ്യം ചില സ്ഥലങ്ങളിലുണ്ടെങ്കിലും അവരുടെ ആചാരങ്ങള്‍ ദുഷിച്ചതായിരുന്നു. വേദം എന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് പ്രയാസം. അതുകൊണ്ടാവണം സാധാരണജനങ്ങള്‍ ബൗദ്ധശാസ്ത്രങ്ങളെ ആശ്രയിച്ചു.
”പത്മപാദര്‍, നമുക്ക് വംഗദേശത്തേക്ക് ഉടനെ പുറപ്പെടേണ്ടതുണ്ട്. അവിടത്തെ ആചാരങ്ങള്‍ അതിദയനീയമാണത്രെ.”
പത്മപാദര്‍ക്കാണ് വൈദികധര്‍മ്മപ്രചരണത്തില്‍ ഏറെ ഉത്സാഹം. തന്റെ നിര്‍ദ്ദേശം കേട്ട് വംഗദേശത്തേക്കുള്ള യാത്രയ്ക്കായി പത്മപാദര്‍ സംഘാംഗങ്ങളെ പ്രോല്‍സാഹിപ്പിച്ചു.
ഗയയില്‍നിന്ന് വംഗദേശത്തേക്കുള്ള യാത്രാമധ്യേ വിരാടരാജ്യത്തു ദിഗ്‌വിജയവാഹിനി പ്രവേശിച്ചു. അവിടത്തെ ഗോഗൃഹത്തിലൂടെയാണ് താമ്രലിപ്തനഗരത്തിലെത്തിയത്. ബൗദ്ധപ്രഭാവം ശക്തമായ പ്രദേശം. വൈദികധര്‍മ്മദര്‍ശനം വേഗത്തില്‍ പ്രചരിപ്പിക്കുവാന്‍ താമ്രലിപ്തനഗരത്തില്‍ പത്മപാദര്‍ക്കും കൂട്ടര്‍ക്കും കഴിഞ്ഞു.
ബൗദ്ധമതത്തിന്റെ പ്രഭാവം താമ്രലിപ്തനഗരിയില്‍ ക്രമേണ മങ്ങിത്തുടങ്ങി. ജനങ്ങള്‍ വൈദികധര്‍മ്മത്തിലേക്ക് മടങ്ങിവരികയാണ്. മടങ്ങിവരാതിരിക്കാന്‍ കഴിയില്ലല്ലോ!
താമ്രലിപ്തത്തില്‍നിന്ന് ഭഗീരഥിനദികടന്ന് സമതലത്തിലൂടെ ദിഗ്‌വിജയം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. ബൗദ്ധന്മാര്‍ക്കും ജൈനന്മാര്‍ക്കും സ്വാധീനമുള്ള പ്രദേശങ്ങള്‍. ആദിശൂരന്റെ രാജ്യം.
അദ്വൈതവേദാന്തതത്ത്വങ്ങള്‍ കേട്ട് ആദിശൂരമഹാരാജാവ് വളരെയേറെ സന്തുഷ്ടനായി കാണപ്പെട്ടു. രാജാവ് തെല്ലകലെയുള്ള കന്യാകുബ്ജത്തില്‍നിന്ന് സദാചാരസമ്പന്നരായ ബ്രാഹ്‌മണരെ ക്ഷണിച്ചുവരുത്തി. നാട്ടില്‍ വൈദികധര്‍മ്മം പുനഃസ്ഥാപിക്കാന്‍ ആദിശൂരമഹാരാജാവ് കല്പന പുറപ്പെടുവിച്ചത് പെട്ടെന്നായിരുന്നു.
ശിഷ്യന്മാരുടെ അഭിലാഷമനുസരിച്ച് വീണ്ടും ബദരികാശ്രമത്തിലേക്ക്…
ഗുപ്തകാശിയും രുദ്രപ്രയാഗും പിന്നിട്ട് കര്‍ണ്ണപ്രയാഗിലൂടെ ദിഗ്‌വിജയവാഹിനി കടന്നുപോയി. പിനാരിഹിമാനികളില്‍ നിന്നുത്ഭവിച്ച് ഒഴുകിയെത്തുന്ന പിണ്ഡാര്‍നദിയും ബദരികാശ്രമഭൂമിയില്‍നിന്ന് വരുന്ന അളകനന്ദയും സംഗമിക്കുന്ന സ്ഥാനം.
ഒരു ദിവസത്തെ വിശ്രമത്തിനുശേഷമാണ് ദിഗ്‌വിജയയാത്ര കര്‍ണ്ണപ്രയാഗില്‍ നിന്ന് നന്ദപ്രയാഗില്‍ പ്രവേശിച്ചത്. നന്ദപര്‍വതത്തിലെ ഹിമാനികളില്‍ നിന്ന് കുതിച്ചെത്തുന്ന നന്ദാകിനിനദിയുടെയും അളകനന്ദയുടെയും സംഗമസ്ഥാനം. യാത്ര ചാമോളി പിന്നിട്ട് പിപ്പല്‍ക്കൊടിയിലൂടെ ജ്യോതിര്‍ധാമത്തില്‍ പ്രവേശിക്കുമ്പോള്‍ എല്ലാവരും ആകെ തളര്‍ന്നിരുന്നു.
പക്ഷെ, തോടകന്റെ മുഖം പൊടുന്നനെ പ്രകാശിച്ചു! അദ്ദേഹത്തിനാണല്ലോ നിര്‍ദ്ദിഷ്ട ജ്യോതിര്‍മഠത്തിന്റെ ചുമതല. ഉത്തരഭാരതത്തിനായി സങ്കല്‍പ്പിച്ചു വച്ചിരിക്കുന്ന ജ്യോതിര്‍ധാമഭൂമിയില്‍ എല്ലാവരും വിശ്രമത്തിന്റെ പരിപൂര്‍ണത നുണഞ്ഞുകൊണ്ട് ദിവസങ്ങള്‍ കഴിഞ്ഞു. വിനയഭാവം മൂര്‍ത്തിപൂണ്ട ഒരു ആതിഥേയനെപ്പോലെ തോടകാചാര്യന്‍ ദിഗ്‌വിജയവാഹിനിയുടെ മുന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
കത്ത്യൂരിവംശത്തില്‍പ്പെട്ട രാജാവാണ് ജ്യോതിര്‍ധാമം ഭരിക്കുന്നത്. നേരത്തെതന്നെ രാജാവ് ശിഷ്യത്വം സ്വീകരിച്ചിരുന്നതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. രാജാവിന്റെ സഹായത്തോടെ ജ്യോതിര്‍ധാമത്തില്‍ നരസിംഹമൂര്‍ത്തിയെ പ്രതിഷ്ഠിച്ചുകൊണ്ട് ഒരു ക്ഷേത്രം സ്ഥാപിക്കാനായി.
ബദരികാശ്രമത്തിലേക്ക് യാത്ര തുടരുമ്പോള്‍ രാജാവ് ദിഗ്‌വിജയവാഹിനിയുടെ ഭാഗമായി…
പ്രകൃതിയുടെ നിസ്സീമമായ സൗന്ദര്യംകൊണ്ട് സമ്പന്നമാണ് ബദരികാശ്രമം. ഹിമാനികള്‍ നിറഞ്ഞ കൊടുമുടികളും പ്രശാന്തമായ താഴ്‌വരകളും നിറഞ്ഞ മനോഹരഭൂമിക. ബദരിയുടെ താഴ്‌വരകളിലൂടെ അളകനന്ദ പുണ്യതീര്‍ത്ഥമായി ഒഴുകിക്കൊണ്ടിരിക്കുന്നു. സ്വാസ്ഥ്യത്തിലേക്കും ആനന്ദത്തിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന അളകനന്ദാതീരം!
പച്ചപ്പുല്ലണിഞ്ഞ മനോഹരമായ നാരായണപര്‍വതമാണ് തൊട്ടപ്പുറത്ത്. അതിപുരാതനകാലം മുതല്‍ സത്യാന്വേഷികളുടെയും ജ്ഞാനികളുടെയും സന്ന്യാസിമാരുടെയും യോഗികളുടെയും ഋഷികളുടെയും തപോഭൂമി!
ബദരികാശ്രമക്ഷേത്രാങ്കണത്തിനുള്ളില്‍ രണ്ട് തപ്തകുണ്ഡുകള്‍. പ്രകൃതി ചൂടാക്കി വിടുന്ന ജലം ഭൂഗര്‍ഭത്തിലൂടെ ഒഴുകി കുണ്ഡുകളില്‍ വീണുനിറയുന്നു. ബദരിയിലെത്തുന്ന തീര്‍ത്ഥാടകന് ചൂടുവെള്ളം വേണമെന്ന് ആദിമകാലം മുതല്‍ ഇവിടത്തെ പ്രകൃതി തിരിച്ചറിഞ്ഞിരിക്കുന്നു!
തപ്തകുണ്ഡിലെ സ്‌നാനം കഴിഞ്ഞ്, ദിഗ്‌വിജയവാഹിനിയിലെ തീര്‍ത്ഥാടകര്‍ ബദരീനാഥനെ ദര്‍ശിക്കാനായി ക്ഷേത്രപടവുകള്‍ കയറിത്തുടങ്ങി…
ദിഗ്‌വിജയം കേദാര്‍നാഥ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. പര്‍വതാരോഹണം തുടരവെ, മഴപെയ്യാന്‍ തുടങ്ങി. മഴമേഘങ്ങള്‍ കേദാര്‍നാഥിന്റെ മാനത്ത് എപ്പോള്‍ വേണമെങ്കിലും വന്നെത്താം.
പര്‍വതപാതയുടെ വലതുവശത്ത് മന്ദാകിനിനദി അലച്ചും ചിരിച്ചും ഒഴുകുകയായിരുന്നു. ചിലപ്പോള്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ കലിതുള്ളിക്കൊണ്ട് ചാടിപ്പതിക്കുന്ന നദിയുടെ ഭാവങ്ങള്‍ കേദാറിന്റെ മാനം മാറുന്നപോലെ മാറിക്കൊണ്ടിരുന്നു.
മന്ദാകിനിക്കപ്പുറം, തൊട്ടരികെയായി ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന പടുകൂറ്റന്‍ പര്‍വതത്തിന്റെ നിമ്‌നോന്നതദൃശ്യം. ഏതാണ്ടൊരു ആകാശക്കോട്ട പോലെയാണ് പര്‍വതത്തിന്റെ നില്‍പ്പ്. ഏറെക്കുറെ കീഴ്ക്കാംതൂക്കായി, ആകാശനീലിമയിലുരുമ്മി, നീളത്തില്‍ നിറഞ്ഞങ്ങനെ നില്‍ക്കുന്ന ഹരിതപര്‍വതത്തിന്റെ ദര്‍ശന നിര്‍വൃതി! അത്യപൂര്‍വമായ പ്രകൃതിലാവണ്യത്തില്‍ മുങ്ങിനില്‍ക്കുന്ന ഹിമവല്‍സാനു. പ്രകൃതിയെ നമിച്ചുകൊണ്ട് കുറച്ചുനേരം ദിഗ്‌വിജയവാഹിനി അനങ്ങാതെ നിന്നുപോയി!
”ഈ പ്രകൃതിദൃശ്യങ്ങള്‍ കാണുമ്പോള്‍ ആരും നമിച്ചു പോകും. വിഗ്രഹാരാധനയുടെ പൊരുളെന്തെന്ന് നിങ്ങള്‍ ഇടയ്ക്ക് ചോദിക്കാറില്ലേ? ഈ ദൃശ്യങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്കത് ബോധ്യമാകും.”
തൊട്ടരികില്‍ നില്‍ക്കുകയായിരുന്ന പത്മപാദരോടു തുടര്‍ന്നു:
”ഇളംകാറ്റിന്റെ ശീതളസ്പര്‍ശമേറ്റുകൊണ്ട് ഈ പര്‍വതഗരിമയുടെ ചേതോഹരമായ കാഴ്ച ആകെയൊന്നു വീക്ഷിക്കുമ്പോള്‍, പ്രകൃതിയും അതിന്റെ സ്രഷ്ടാവും ഇവിടെ ഒന്നാവുകയാണെന്ന് നാം അനുഭവിച്ചറിയുന്നു! അത് ദര്‍ശിക്കുന്ന തീര്‍ത്ഥാടകന്‍ പ്രകൃതിയുമായി ചേര്‍ന്ന് ആ ദിവ്യതയില്‍ അറിയാതെ ലയിച്ചു പോകുന്നു. ദൃശ്യവും ദൃക്കും ഒന്നാകുന്ന അനുഭൂതി!”
”ഈശ്വരന് ഇങ്ങനെയൊക്കെയേ തന്റെ സാന്നിദ്ധ്യം നമുക്ക് അനുഭവവേദ്യമാക്കിത്തരാന്‍ കഴിയുകയുള്ളൂ.”തോടകന്‍ പറഞ്ഞു.
”അതെ. ആ മഹാചൈതന്യത്തിന്റെ സാക്ഷാത്ക്കാരം പ്രകൃതിയിലൂടെ ദൃശ്യമാവുകയാണിവിടെ. അദ്വൈതാനുഭൂതിയുടെ ഈഷദര്‍ശനം!”
പര്‍വതാരോഹണം തുടര്‍ന്നു. കേദാരഭൂമി പകര്‍ന്നുതരുന്ന പുണ്യദര്‍ശനത്തില്‍ നിന്ന് ദൃഷ്ടിയും മനസ്സും പിന്‍വലിച്ചുകൊണ്ട് ദിഗ്‌വിജയം ഉയരങ്ങളിലേക്ക് ചുവടുവച്ചു.
മുന്നില്‍ മറ്റൊരു പര്‍വതത്തിന്റെ മറവ് മാഞ്ഞപ്പോള്‍ മഞ്ഞണിഞ്ഞു നില്‍ക്കുന്ന സുമേരുവിന്റെ പുണ്യദര്‍ശനമായി! വെള്ളിമഞ്ഞണിഞ്ഞങ്ങനെ നില്‍ക്കുകയാണ് നീലസുമേരു. ചൈതന്യവത്തായ സുമേരുദര്‍ശനത്തില്‍ എല്ലാവരും സ്തംഭിച്ചങ്ങനെ നിന്നുപോയി!
സുമേരുപര്‍വതത്തിനു ചുവട്ടില്‍ സാക്ഷാല്‍ കേദാര്‍നാഥ്‌ക്ഷേത്രം! ഒരു പര്‍വ്വതത്തിന്റെ മറ മാറിയപ്പോള്‍ പൊടുന്നനെ ദൃശ്യമായ പ്രകൃതിയുടെ അപൂര്‍വചൈതന്യത്തിന്റെ സാക്ഷാത്ക്കാരമായാണ് കേദാര്‍നാഥ്‌ക്ഷേത്രം ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്നത്.
സുമേരുവിനെ ലക്ഷ്യമാക്കി യാത്ര തുടരുമ്പോള്‍, ഇടതുവശത്ത് പാത ഒരുക്കിയിരിക്കുന്ന പര്‍വതം പലനിറങ്ങള്‍ ചൂടി ആകാശത്ത് ലയിച്ചുനില്‍ക്കുന്നത് ആസ്വദിച്ചു. പര്‍വതച്ചെരിവില്‍ ചില ഗുഹകളുടെ മുഖം ദൃശ്യമാകുന്നുണ്ട്. അവിടെ ഏതോ ഋഷികള്‍ തപസ്സനുഷ്ഠിക്കുകയാവാം.
മന്ദാകിനി നദിക്കപ്പുറത്തുള്ള ഹരിതപര്‍വതനിര സുമേരുവരെ നീണ്ടുകിടക്കുന്നു. ചെമ്മരിയാടുകളും കുതിരകളും മറ്റും പര്‍വതച്ചെരിവില്‍ മേഞ്ഞുനടക്കുന്നു. കൂറ്റന്‍ ശിലകള്‍ കൊണ്ട് പണിതുയര്‍ത്തിയിരിക്കുന്ന ക്ഷേത്രത്തിനു മുന്നിലെ പാറപ്പരപ്പിലൂടെ മന്ദാകിനിനദി കുതിച്ചൊഴുകുകയായിരുന്നു.നദിയുടെ ആഴം കുറഞ്ഞഭാഗം ക്ഷേത്രത്തിനുമുന്നിലായതു നന്നായി. എല്ലാവര്‍ക്കും നദിമുറിച്ച് ക്ഷേത്രത്തിലെത്താന്‍ അത് സഹായകമായി.
പടവുകള്‍ കയറി, ക്ഷേത്രമുറ്റത്തെ നന്ദിയുടെ കരിങ്കല്‍വിഗ്രഹം കടന്ന് ക്ഷേത്രാങ്കണത്തില്‍ പ്രവേശിച്ചു.
കരിങ്കല്‍ മണ്ഡപത്തിനുള്ളില്‍ ശ്രീകൃഷ്ണനും കുന്തീദേവിയും ദ്രൗപദിയും പാണ്ഡവരും വിഗ്രഹങ്ങളായി നില്‍ക്കുന്നു. മധ്യത്തില്‍ വീണ്ടും നന്ദിയുടെ കല്‍വിഗ്രഹം. ശ്രീകോവിലിനുള്ളില്‍ ശിവപ്രതിഷ്ഠ. സ്വയംഭൂവായ ശിവലിംഗം നന്ദിയുടെ പുറംപോലെ! പാണ്ഡവരാല്‍ സ്ഥാപിക്കപ്പെട്ട കേദാര്‍നാഥ് ക്ഷേത്രത്തില്‍ ത്രിമാനമുഖമുള്ള ശിവലിംഗവിഗ്രഹമാണ് ദര്‍ശനവിരുന്ന് നല്‍കുന്നത്.
രണ്ടാംദിവസം പ്രഭാതം വിടരുമ്പോള്‍, സുമേരുവിലേക്ക് അറിയാതെ കണ്ണുകള്‍ സഞ്ചരിച്ചു. ശിവന്റെ ജടമുടിക്ക് മുകളില്‍ ഉദിച്ചുനില്ക്കുന്ന ചന്ദ്രനെപ്പോലെ, സുമേരുപര്‍വതത്തിന്റെ കൊടുമുടിക്കു മുകളില്‍ പ്രഭാതസൂര്യന്‍ സുവര്‍ണ്ണരശ്മികള്‍ കൊണ്ടൊരു ചന്ദ്രക്കല തീര്‍ത്തുവച്ചിരിക്കുന്നു! സുമേരുവിന്റെ ശൃംഗത്തില്‍ തൊട്ടുതൊടാതെ നില്ക്കുന്ന ഈ ദൃശ്യവിരുന്ന് കണ്ട് ദിഗ്‌വിജയവാഹിനിയിലെ അംഗങ്ങള്‍ അദ്ഭുതംകൂറി. കേദാര്‍നാഥിന്റെ മണ്ണിലേക്ക് സ്വര്‍ഗം ഇറങ്ങിനില്‍ക്കുകയാണ്. അദ്വൈതത്തിന്റെ ആനന്ദഭൂമിക. ഹിമാനിയേറ്റ് കുളിരണിഞ്ഞ തീര്‍ത്ഥാടകഹൃദയങ്ങളെ പുളകം കൊള്ളിക്കുന്ന പറുദീസ!
ശിഷ്യരുടെയും പ്രശിഷ്യരുടെയും മുഖങ്ങളില്‍ ഭക്തിഭാവം സാന്ദ്രമായിരിക്കുന്നു.
”ഗുരോ, ഈ പുണ്യഭൂമിയിലെ ശൈത്യം അതികഠിനം തന്നെ! അല്ലായിരുന്നുവെങ്കില്‍, ഈ തീര്‍ത്ഥസ്ഥാനം വിട്ട് നമുക്ക് എവിടേക്കും പോകേണ്ടതില്ലായിരുന്നു. നിര്‍വികല്പസമാധിയില്‍ മുഴുകി, ഒടുവില്‍ ഈ ശരീരത്തെ ഇവിടെത്തന്നെ ഉപേക്ഷിക്കാമായിരുന്നു! ”
തണുപ്പേറ്റു വിറയ്ക്കുന്ന പത്മപാദന്റെ വാക്കുകള്‍ ഇടര്‍ച്ചയോടെ മുറിഞ്ഞു വീണു. തൊട്ടരികില്‍ നില്ക്കുകയായിരുന്ന ഹസ്താമലകന്റെയും തോടകന്റെയും പല്ലുകള്‍ ശൈത്യാധിക്യമേറ്റ് കൂട്ടിമുട്ടി ശബ്ദം പുറപ്പെടുവിച്ചു.