- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- ഹനുമാന്‍ ഹിമാലയത്തിലേക്ക് (വീരഹനുമാന്റെ ജൈത്രയാത്ര 14)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
രാമേശ്വരത്തെ ശിവലിംഗ പ്രതിഷ്ഠ കഴിഞ്ഞപ്പോള്‍ ശ്രീരാമന്‍ തന്റെ വിശ്വസ്തദാസനായ ഹനുമാനോടു ചോദിച്ചു: ”പ്രിയ ആഞ്ജനേയാ, ഇപ്പോള്‍ നമ്മള്‍ക്കിവിടെ പൂജനടത്താനും പ്രാര്‍ത്ഥിക്കാനും ഒരു ക്ഷേത്രമായി. പക്ഷേ അതുകൊണ്ടുമാത്രം എന്തുകാര്യം? നമുക്ക് ലങ്കയില്ലേക്കു കടക്കണ്ടേ? അതിനെന്താണു വഴി? വായുപുത്രനായതുകൊണ്ട് താങ്കള്‍ക്ക് ആകാശമാര്‍ഗ്ഗേ അവിടെ എത്താന്‍ കഴിഞ്ഞേക്കും. പക്ഷേ എല്ലാവര്‍ക്കും അങ്ങനെ ലങ്കാപുരിയിലെത്താന്‍ പറ്റില്ലല്ലോ.”
”പിന്നെ എന്താണൊരു വഴി?” -ഹനുമാന്‍ തിരിച്ചുചോദിച്ചു.
”എല്ലാവര്‍ക്കും ലങ്കയിലെത്തിച്ചേരണമെങ്കില്‍ കടലിലൂടെ അവിടേയ്ക്ക് കടക്കാന്‍ പറ്റിയ ഒരു ചിറ പണിയേണ്ടതായിവരും” -ശ്രീരാമന്‍ അഭിപ്രായപ്പെട്ടു.
”അതെങ്ങനെ സാധിക്കും?” -ഹനുമാന്‍ ശ്രീരാമന്റെ മുഖത്തേക്കു നോക്കി.
”സമുദ്രദേവനായ വരുണന്റെ സഹായമുണ്ടെങ്കില്‍ നമുക്കതിനു സാധിക്കും. ഏതായാലും ഞാനൊന്നു വരുണനെ പ്രാര്‍ത്ഥിച്ചു നോക്കട്ടെ”
-ശ്രീരാമന്‍ അപ്പോള്‍ത്തന്നെ സമുദ്രതീരത്ത് ധ്യാനനിരതനായി നിന്ന് അകമഴിഞ്ഞ് വരുണനെ ധ്യാനിച്ചു. പക്ഷേ കഷ്ടമെന്നല്ലാതെ എന്തുപറയാന്‍! ഏറെനേരം പ്രാര്‍ത്ഥിച്ചിട്ടും വരുണഭഗവാന്‍ പ്രത്യക്ഷനായില്ല.
അതോടെ ശ്രീരാമദേവന്‍ വല്ലാതെ കോപിഷ്ഠനായി. ദേവന്‍ തന്റെ വില്ലുകയ്യിലെടുത്ത് സമുദ്രാന്തര്‍ഭാഗത്തേയ്ക്ക് ഒരു ആഗ്നേയാസ്ത്രം തൊടുത്തുവിട്ടു. അസ്ത്രം പാഞ്ഞുചെന്നതോടെ സമുദ്രം ഇരമ്പിമറിഞ്ഞു. വലിയൊരു കാറ്റും കോളുമുണ്ടായി. ആ നിമിഷംതന്നെ വരുണന്‍ ശ്രീരാമന്റെ മുന്നില്‍ പ്രത്യക്ഷനായി.
”പ്രഭോ, എന്താണ് അങ്ങേയ്ക്കു വേണ്ടത്? കല്‍പ്പിച്ചാലും” വരുണന്‍ തൊഴുകൈയോടെ ആരാഞ്ഞു.
”സമുദ്രത്തിലൂടെ ലങ്കയിലേക്കു കടക്കാനുള്ള ഒരു ചിറ പണിയാന്‍ സഹായിക്കണം”
-ശ്രീരാമന്‍ അറിയിച്ചു.
”ഓഹോ, അതിനുവേണ്ട സന്നാഹങ്ങള്‍ തുടങ്ങിക്കോളൂ. അങ്ങു വിചാരിക്കുന്നമാത്രയില്‍ത്തന്നെ അതിന്റെ പണിപൂര്‍ത്തിയാകും”
-വരുണന്‍ വാക്കുപറഞ്ഞു.
ഒട്ടും താമസിയാതെ ഹനുമാന്റേയും സുഗ്രീവന്റേയും നേതൃത്വത്തില്‍ സേതുബന്ധനത്തിനു തുടക്കം കുറിച്ചു. വിശ്വകര്‍മ്മാവിന്റെ മകനായ നളനും അഗ്നിദേവന്റെ പുത്രനായ നീലനുമെല്ലാം ചിറകെട്ടാനുള്ള വിദഗ്‌ദ്ധോപദേശങ്ങള്‍ നല്‍കി. ഇതേതുടര്‍ന്ന് അവിടെ തയ്യാറായി നിന്ന വാനരന്മാരും പണിയാളക്കൂട്ടവും ചേര്‍ന്ന് കരിങ്കല്ലുകളും കരിമ്പാറകളും മലകളും മണല്‍ക്കുന്നുകളുമെല്ലാം അവിടേയ്ക്ക് കൊണ്ടുവരാന്‍ തുടങ്ങി. സേതുബന്ധന പരിപാടികള്‍ തകൃതിയായി മുന്നേറിക്കൊണ്ടിരുന്നു.
ഇതറിഞ്ഞ രാവണനും കിങ്കരന്മാരും ചേര്‍ന്ന് ശുകന്‍, സാരണന്‍ എന്നീ രണ്ടു ദുഷ്ട രാക്ഷസന്മാരെ ചാരപ്രവൃത്തികള്‍ക്കായി ശ്രീരാമലക്ഷ്മണന്മാരുടെ പാളയത്തിലേക്ക് പറഞ്ഞുവിട്ടു. ചാരന്മാരുടെ കെട്ടും മട്ടും മുഖഭാവവും തിരിച്ചറിഞ്ഞ ഹനുമാനും ജാംബവാനും ചേര്‍ന്ന് അവരെ പിടികൂടി സുഗ്രീവന്റെ മുന്നില്‍ ഹാജരാക്കി:
”വേഷം മാറിവന്ന ഈ കള്ളപ്പരിഷകളെ നമുക്ക് മുക്കാലിയില്‍ കെട്ടി മുന്നൂറടികൊടുത്തുവിടണം” -സുഗ്രീവന്‍ അഭിപ്രായപ്പെട്ടു. അതുകേട്ടതോടെ വാനരന്മാര്‍ ഓടിവന്ന് ഇരുവരേയും ചണക്കയറുകൊണ്ട് വലിയൊരു തൂണില്‍ ബന്ധിച്ചു.
ബന്ധനസ്ഥരായ ശുകനും സാരണനും പേടിച്ച് ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി. അവര്‍ പറഞ്ഞു:
”രാമാ, ശ്രീരാമാ ഞങ്ങളോട് പൊറുക്കണം. മേലില്‍ ഞങ്ങള്‍ ഇത്തരം ചാരപ്രവൃത്തികള്‍ ചെയ്യില്ല. ഞങ്ങളെ സദയം വിട്ടയക്കണം.”
ദയാസിന്ധുവായ ശ്രീരാമന്‍ ഇരുവരേയും വിട്ടയക്കാന്‍ കല്‍പ്പിച്ചു. ശുകനും സാരണനും തങ്ങളുടെ ജീവനുംകൊണ്ട് രാവണന്റെ കൊട്ടാരത്തിലേക്ക് പറപറന്നു! അവര്‍ ഉണ്ടായ സംഭവങ്ങളെല്ലാം രാവണനെ അറിയിച്ചു. ശ്രീരാമന്റെ
കൃപാവയ്പിനെ വാനോളം പുകഴ്ത്തിക്കൊണ്ടാണ് അവര്‍ സംസാരിച്ചത്.
ഇതിനിടയില്‍ ഹനുമാന്റെ നേതൃത്വത്തില്‍ ശ്രീരാമലക്ഷ്മണന്മാരും വാനരസേനയും മറ്റു സഹായികളും സമുദ്രത്തില്‍ അവരുണ്ടാക്കിയ ചിറയിലൂടെ യാത്ര ചെയ്ത് ലങ്കാപുരിയില്‍ എത്തിക്കഴിഞ്ഞിരുന്നു.
ആസന്നമായ യുദ്ധത്തില്‍ നിന്ന് രാവണനെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമം നടത്തുന്നുണ്ടായിരുന്നു. സീതയെ ശ്രീരാമനു തിരിച്ചുനല്‍കി യുദ്ധം ഒഴിവാക്കണമെന്ന് ആദ്യം രാവണനെ ഉപദേശിച്ചത് അയാളുടെ സ്വന്തം മാതാമഹനായ മാല്യവാനായിരുന്നു. പക്ഷേ രാവണന്‍ അതിനൊന്നുംതന്നെ ചെവി കൊടുത്തില്ല. സമാധാന കാംക്ഷിയായ ശ്രീരാമനും ഒരു ദൂതനെ രാവണന്റെ പക്കലേയച്ച് യുദ്ധം ഇല്ലാതാക്കണമെന്നപേക്ഷിച്ചു. പക്ഷേ എന്തുചെയ്യാം? രാവണന്റെ ദുര്‍വാശിയും ദുര്‍മോഹവും നിമിത്തം അതെല്ലാം പരാജയപ്പെട്ടു.
താമസിയാതെ അതിഭയങ്കരമായ രാമരാവണയുദ്ധം ആരംഭിച്ചു. ആദ്യദിവസംതന്നെ തടിമിടുക്കന്മാരായ പല രാക്ഷസപ്രമാണികളും യുദ്ധക്കളത്തില്‍ ചത്തുവീണു!
യുദ്ധം വീണ്ടും മുറുകി.
ലക്ഷ്മണനും ഹനുമാനും സുഗ്രീവനും ശ്രീരാമന്റെ സഹായികളായി മുന്നില്‍ത്തന്നെ ഉണ്ടായിരുന്നു. തീപാറുന്ന പോരാട്ടത്തിനിടയില്‍ രാവണന്റെ മകനായ മേഘനാദന്റെ ഒളിയമ്പേറ്റ് ലക്ഷ്മണകുമാരനും കുറേ വാനര വീരന്മാരും
മരിച്ചുവീണു. അപ്പോള്‍ ജാംബവാന്‍ പറഞ്ഞു: “ആരെങ്കിലും വേഗം പോയി നാളെ സൂര്യോദയത്തിനുമുമ്പ് മൃതസഞ്ജീവിനി എന്ന ദിവൗഷധം കൊണ്ടു വരികയാണെങ്കില്‍ ലക്ഷ്മണനേയും കൂട്ടരേയും ജീവിപ്പിക്കാന്‍ കഴിയും.”
ഇതുകേള്‍ക്കേണ്ട താമസം ഹനുമാന്‍ പെട്ടെന്ന് പാഞ്ഞെത്തി: ”നിങ്ങള്‍ ആശങ്കപ്പെടേണ്ട; ലക്ഷ്മണനേയും നമ്മുടെ വാനരശ്രേഷ്ഠരേയും എന്തുവിലകൊടുത്തും നമുക്ക് ജീവിപ്പിച്ചേ പറ്റൂ. അതിനായി ഹിമാലയത്തിലേക്കു പുറപ്പെടാന്‍ ഞാന്‍ തയ്യാറാണ്.”
”എങ്കില്‍ വേഗം പുറപ്പെട്ടോളൂ; നാളെ സൂര്യനുദിക്കും മുമ്പേ ഹനുമാന്‍ ‘മൃതസഞ്ജീവിനി’ ഇവിടെ എത്തിച്ചിരിക്കണം” -ജാംബവാന്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തി.
”ഹനുമാന് ജീവനുണ്ടെങ്കില്‍ നാളെ നിശ്ചിത സമയത്തുതന്നെ മൃതസഞ്ജീവിനി ഇവിടെ എത്തിയിരിക്കും. അതില്‍ ഒരു മാറ്റവും ഉണ്ടാവുകയില്ല” -വീരഹനുമാന്‍ എല്ലാവര്‍ക്കും ഉറപ്പുകൊടുത്തു. ഹനുമാന്റെ വാക്കുകള്‍ ഏവര്‍ക്കും ഉണര്‍വ്വും ഉന്മേഷവും പകര്‍ന്നു നല്‍കി.
അടുത്ത നിമിഷം തന്നെ എല്ലാവരുടേയും അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് വീരഹനുമാന്‍ ഹിമാലയത്തിലേക്ക് പറന്നു. മേഘമാലകള്‍ക്കിടയിലൂടെ ഒരു മിന്നല്‍പ്പിണറുപോലെ ആ ശക്തിമാന്‍ മുന്നോട്ടുകുതിച്ചു.
(തുടരും)