- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- സീതാദേവിയുടെ ചൂഡാരത്‌നം (വീരഹനുമാന്റെ ജൈത്രയാത്ര 12)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
അധികം വൈകാതെ ഹനുമാന്‍ ലങ്കയില്‍ നിന്ന് മടക്കയാത്ര ആരംഭിച്ചു. കുറേദൂരം സഞ്ചരിച്ച ശേഷം മന്ത്രഗിരിയുടെ താഴ്‌വരയിലെത്തി. അപ്പോഴേക്കും നേരം സന്ധ്യമയങ്ങിക്കഴിഞ്ഞിരുന്നു. ‘ഇന്നത്തെ രാത്രി ഇവിടെ ഏതെങ്കിലും മുനിമാരുടെ ആശ്രമത്തില്‍ കഴിഞ്ഞിട്ടുപോകാം’ ഹനുമാന്‍ വിചാരിച്ചു.
ഹനുമാന്‍ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു. അപ്പോഴാണ് കുറച്ചകലെയായി ഒരു സന്ന്യാസിയുടെ പര്‍ണ്ണശാല കണ്ടത്. ആഞ്ജനേയന്‍ വേഗം അവിടേയ്ക്ക് ചെന്നു. അവിടെ ഒരു യോഗീന്ദ്രന്‍ ധ്യാനലീനനായിരിക്കുന്നത് ഹനുമാന്റെ ശ്രദ്ധയില്‍പ്പെട്ടു. ഹനുമാന്‍ മെല്ലെ അങ്ങോട്ടുചെന്നു. പദനിസ്വനം കേട്ട് മുനീന്ദ്രന്‍ തിരിഞ്ഞുനോക്കി: ”ങും എന്തുവേണം?” -അദ്ദേഹം ചോദിച്ചു.
”ഗുരോ, ഞാന്‍ അകലെനിന്നുവരുന്ന ഒരു തീര്‍ത്ഥാടകനാണ്. രാത്രിയില്‍ വനത്തിലൂടെയുള്ള യാത്ര ദുസ്സഹമായിരിക്കും. ഇന്നത്തെ രാത്രി ഇവിടെ കഴിച്ചുകൂട്ടാന്‍ അനുവദിക്കണം” -ഹനുമാന്‍ കൂപ്പുകൈയോടെ അഭ്യര്‍ത്ഥിച്ചു.
”ശരി; ഇവിടെ കൂടിക്കോളൂ” -മുനീന്ദ്രന്‍ അനുവാദം നല്‍കി. അപ്പോള്‍ ഹനുമാന്‍ പറഞ്ഞു: ”ഗുരോ, എന്റെ കയ്യില്‍ വിശേഷപ്പെട്ട ഒരു രത്‌നമുണ്ട്. ഒരു സഹോദരി അവളുടെ ഭര്‍ത്താവിനു നല്‍കാന്‍ വേണ്ടി തന്നയച്ചതാണ്. രാത്രിയില്‍ അത് അങ്ങയുടെ അധീനത്തില്‍ത്തന്നെ സൂക്ഷിക്കണം.”
”എങ്കില്‍ എന്റെ വിശുദ്ധമായ കമണ്ഡലുവില്‍ സൂക്ഷിച്ചോളൂ. അവിടെ ഭദ്രമായി ഇരുന്നോളും” -മുനീന്ദ്രന്‍ ഉറപ്പുനല്‍കി.
ഇതുകേള്‍ക്കേണ്ട താമസം ഹനുമാന്‍ തന്റെ വസ്ത്രാഞ്ചലത്തില്‍ കെട്ടി സൂക്ഷിച്ചിരുന്ന ചൂഡാരത്‌നം അഴിച്ചെടുത്ത് കമണ്ഡലുവില്‍ നിക്ഷേപിച്ചു. അതിനുശേഷം ആഹാരം കഴിച്ച് ഉറങ്ങാന്‍ കിടന്നു.
പിറ്റേന്നുരാവിലെ പോകാനൊരുങ്ങിയപ്പോള്‍ ഹനുമാന്‍ മുനീന്ദ്രനോട് രത്‌നം തിരിച്ചുചോദിച്ചു.
”അത് കമണ്ഡലുവില്‍ത്തന്നെ ഭദ്രമായി ഇരിപ്പുണ്ട്. എടുത്തോളൂ” -മുനിശ്രേഷ്ഠന്‍ ചൂണ്ടിക്കാണിച്ചു.
ഹനുമാന്‍ വേഗം അങ്ങോട്ടുചെന്ന് കമണ്ഡലുവില്‍ കൈയിട്ടു. അത്ഭുതം! അതിനകത്ത് അപ്പോള്‍ ഒന്നല്ല; രണ്ടല്ല; ഒരേമാതിരിയുള്ള അഞ്ചു ചൂഡാരത്‌നങ്ങള്‍! അക്കൂട്ടത്തില്‍നിന്ന് സീതാദേവി നല്‍കിയ രത്‌നം കണ്ടെത്താന്‍ കഴിയാതെ ഹനുമാന്‍ വിഷമിച്ചു.
ഹനുമാന്‍ മഹര്‍ഷിയുടെ അരികിലേക്കു ചെന്നു: ”ഗുരോ, ഇതെന്തുകഥ? ഞാന്‍ ഈ കമണ്ഡലുവില്‍ നിക്ഷേപിച്ചത് ഒരേയൊരു ചൂഡാമണി മാത്രമാണ്. എന്നാലിതാ ഇപ്പോള്‍ ഇതിനകത്ത് ഒരേതരത്തിലുള്ള അഞ്ചുരത്‌നങ്ങള്‍ കാണുന്നു! ഇക്കൂട്ടത്തില്‍ നിന്ന് എന്റെ രത്‌നം കണ്ടെടുക്കാന്‍ അങ്ങെന്നെ സഹായിക്കണം” -ഹനുമാന്‍ അപേക്ഷിച്ചു.
”വത്സാ, നീ ഇതിനകത്ത് നിക്ഷേപിച്ച രത്‌നം ഏതാണെന്ന് ഞാന്‍ കണ്ടിരുന്നില്ലല്ലൊ. പിന്നെ ഞാനെങ്ങനെ നിന്റെ രത്‌നം കണ്ടെടുത്തുതരും?” -മുനീന്ദ്രന്‍ ചോദിച്ചു.
അത്രയുമായപ്പോള്‍ സത്യം തുറന്നുപറയാതെ നിവൃത്തിയില്ലെന്ന് ഹനുമാനു തോന്നി. ഹനുമാന്‍ പറഞ്ഞു: ”ഗുരുശ്രേഷ്ഠാ, ലങ്കയില്‍ ചെന്ന് ഞാന്‍ സീതാദേവിയെ നേരില്‍ കണ്ടതിന്റെ തെളിവായി ദേവി തന്നയച്ച മുദ്രാരത്‌നമാണത്. അത് സാക്ഷാല്‍ ശ്രീരാമദേവന്റെ കയ്യില്‍ ഏല്പിക്കാനുള്ളതാണ്. അതു നഷ്ടപ്പെട്ടെന്നു പറഞ്ഞ് എനിക്ക് അദ്ദേഹത്തിന്റെ പക്കല്‍ തിരിച്ചുചെല്ലാന്‍ കഴിയില്ല” -ഹനുമാന്‍ മഹര്‍ഷിയുടെ നേര്‍ക്ക് കൈകൂപ്പി.
”എന്ത്! നീ ലങ്കാപുരിയില്‍ ചെന്ന് സീതയെ നേരില്‍ കണ്ടെന്നോ? നിനക്കുമുമ്പ് ദേവിയെ കാണാന്‍ വേറെ ചില വാനരന്മാര്‍ ലങ്കയില്‍ പോയിരുന്നല്ലൊ. അവര്‍ക്കും സീതാദേവി ഇതുപോലുള്ള രത്‌നങ്ങള്‍ സമ്മാനിച്ചിട്ടുണ്ടാകും. ഒരുപക്ഷേ ദേവി അവര്‍ക്കു കൊടുത്ത അടയാള രത്‌നങ്ങളായിരിക്കും കമണ്ഡലുവില്‍ അധികമായികണ്ടത്” -മുനീന്ദ്രന്‍ വിശദീകരിക്കാന്‍ നോക്കി.
മുനിയുടെ ഈ വെളിപ്പെടുത്തല്‍ കേട്ട് ഹനുമാന്‍ ഒരു നിമിഷം നടുങ്ങി. സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തിച്ചേരാന്‍ തനിക്കു മാത്രമേ കഴിയൂ എന്നായിരുന്നു ഹനുമാന്‍ അഹങ്കരിച്ചിരുന്നത്. ‘ഇപ്പോള്‍ തന്നെ തോല്പിച്ചുകൊണ്ട് വേറെ ചില വാനരവീരന്മാര്‍ രംഗത്തു വന്നിരിക്കുന്നു!’ അതോടെ ഹനുമാന്റെ മനസ്സില്‍ നിന്ന് അഹങ്കാരം പറന്നകന്നു. ഹനുമാന്‍ കൂപ്പുകൈയോടെ കണ്ണടച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി: ”രാമാ, ശ്രീരാമാ എനിക്കു തെറ്റുപറ്റി. എന്നേക്കാള്‍ മിടുക്കന്മാരായ വാനരന്മാര്‍ വേറെയുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. എനിക്കു മാപ്പുനല്‍കണം.”
പെട്ടെന്ന് മിന്നല്‍പ്പിണരുപോലെ ഒരു വെളിച്ചം അവിടെ പ്രത്യക്ഷമായി. ഹനുമാന്‍ ഒരു ഞെട്ടലോടെ കണ്ണുതുറന്നുനോക്കി. അപ്പോള്‍ താന്‍ നിന്നിരുന്ന ആശ്രമവും അരികില്‍ നിന്ന മുനീന്ദ്രനുമൊന്നും അവിടെ ഉണ്ടായിരുന്നില്ല. കൈതുറന്നു നോക്കിയപ്പോള്‍ സീതാദേവി നല്‍കിയ ചൂഡാരത്‌നം മാത്രമേ ഹനുമാന്റെ കയ്യിലുണ്ടായിരുന്നുള്ളു.
തന്റെ അഹങ്കാരം ശമിപ്പിക്കാന്‍ ശ്രീരാമചന്ദ്രന്‍ നടത്തിയ പരീക്ഷണമായിരുന്നു അവിടെ നടന്നതെന്ന് ഹനുമാന് മനസ്സിലായി. സാക്ഷാല്‍ ശ്രീരാമന്‍ തന്നെയാണ് മഹര്‍ഷിയു ടെ രൂപത്തില്‍ തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്നും ഹനുമാന് ബോധ്യമായി. പിന്നെ ”ജയ് ജയ് രാമാ ശ്രീരാമാ!” എന്നു ജപിച്ചുകൊണ്ട് ആ വാനരശ്രേഷ്ഠന്‍ രാമലക്ഷ്മണന്മാരെത്തേടി ഒരോട്ടമായിരുന്നു.
(തുടരും)