- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- സൂര്യദേവന്‍ ഒളിവില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 15)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
ലക്ഷ്മണനേയും വാനരന്മാരേയും പുനര്‍ജീവിപ്പിക്കാനായി ഹനുമാന്‍ മൃതസഞ്ജീവനി തേടി ഹിമാലയത്തിലേക്കു പുറപ്പെട്ട കാര്യം രാക്ഷസരാജാവായ രാവണനും അയാളുടെ കിങ്കരന്മാരും അറിഞ്ഞു.
”ഏയ് കൂട്ടരേ, ഹനുമാന്‍ ഔഷധച്ചെടിയുമായി സൂര്യോദയത്തിനുമുമ്പേ വന്നെത്തിയാല്‍ നാം ചെയ്ത പണിയൊക്കെ പാഴാകും. മരിച്ചുവീണ ലക്ഷ്മണനും കുരങ്ങന്മാര്‍ക്കും വീണ്ടും ജീവന്‍ വയ്ക്കും. അങ്ങനെ സംഭവിച്ചുകൂടാ. നമുക്കത് തടസ്സപ്പെടുത്തിയേ തീരൂ”
-രാവണന്‍ തന്റെ കിങ്കരന്മാരോടു പറഞ്ഞു.
”അതിനു നാം എന്താണു ചെയ്യേണ്ടത്? എന്തുചെയ്യാനും ഞങ്ങള്‍ തയ്യാറാണ്.”
-രാക്ഷസവീരന്മാര്‍ ഒരേസ്വരത്തില്‍ അറിയിച്ചു.
“അതിന് ഒറ്റവഴിയേ ഉള്ളു.” രാവണന്റെ മന്ത്രി പറഞ്ഞു
”ആ വഴി എന്താണെന്ന് കേള്‍ക്കട്ടെ?” -രാക്ഷസന്മാര്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു.
”നാളത്തെ ദിവസം സൂര്യനോട് നേരത്തെ ഉദിക്കാന്‍ പറയണം. സൂര്യന്‍ ഉദിച്ചുകഴിഞ്ഞാല്‍പ്പിന്നെ ദിവ്യൗഷധത്തിന്റെ ജീവനശക്തി നശിക്കും” -മന്ത്രി വ്യക്തമാക്കി.
”ഓഹോ, അങ്ങനെയാണല്ലെ? എങ്കില്‍ അക്കാര്യം ഞാനേറ്റു”
-രാവണന്‍ മുന്നോട്ടുവന്നു.
അതോടെ എല്ലാകണ്ണുകളും രാവണന്റെ നേര്‍ക്കായി. രാവണന്‍ സൂര്യനെ നോക്കിക്കൊണ്ട് ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു: ”ഹേ, സൂര്യദേവാ, നാളെ അങ്ങ് വളരെ നേരത്തെ ഉദിക്കണം.”
”ങും? അതെന്തിനാ നേരത്തെ ഉദിക്കുന്നത്? ഞാന്‍ കൃത്യമായിത്തന്നെ എന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയല്ലേ”
-സൂര്യദേവന്‍ ചോദിച്ചു.
“അങ്ങ് നേരത്തെ ഉദിച്ചില്ലെങ്കില്‍ ഹനുമാന്‍ മൃതസഞ്ജീവനിയുമായി നേരത്തെ തന്നെ ലങ്കാപുരിയിലെ യുദ്ധഭൂമിയിലെത്തും. അങ്ങനെ വന്നാല്‍ മരിച്ചുകിടക്കുന്ന ലക്ഷ്മണനും വാനരന്മാരും പുനര്‍ജനിക്കും. അതോടെ ഞങ്ങള്‍ ചെയ്ത പരിശ്രമങ്ങളൊക്കെ വെറുതെ പാഴാകും”
-രാവണന്‍ വിശദമാക്കി.
”മഹാരാജന്‍, അങ്ങനെ ചെയ്യുന്നത് അനീതിയും അധര്‍മ്മവുമല്ലേ? നീതിക്കു നിരക്കാത്തകാര്യം ചെയ്യാന്‍ എന്റെ മനഃസാക്ഷി സമ്മതിക്കുന്നില്ല”
-സൂര്യദേവന്‍ അറിയിച്ചു.
”ഹേ സൂര്യാ, താങ്കള്‍ നാം പറയുന്നതനുസരിച്ചാല്‍ മതി. നിരവധി ദേവന്മാരെ തോല്‍പ്പിച്ച കരുത്തനായ നമ്മോട് എതിരുപറയാന്‍ നില്‍ക്കേണ്ട”
-രാവണന്‍ സൂര്യദേവനെ കണ്ണുരുട്ടിക്കാണിച്ച് ഭയപ്പെടുത്തി.
അതുകേട്ട് ഭയചകിതനായ സൂര്യദേവന്‍ പിറ്റേന്ന് നേരത്തെ ഉദിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഹനുമാന്‍ ഹിമാലയത്തില്‍ മൃതസഞ്ജീവിനി തേടി അലയുന്ന സമയമായിരുന്നു അത്. നേരത്തെ ഉദിക്കുന്നതിന്റെ മുന്നോടിയായി സൂര്യദേവന്‍ പൂര്‍വ്വദിക്കില്‍ ചെഞ്ചായം പൂശാന്‍ തുടങ്ങി.
കിഴക്കേ ചക്രവാളം വളരെ നേരത്തെതന്നെ ചുവന്നുതുടുക്കുന്നത് രാവണനും രാക്ഷസകിങ്കരന്മാരും കണ്ടു.
”ഹായ് ഹായ്! കണ്ടില്ലേ? എന്റെ ഭീഷണി ഫലിച്ചിരിക്കുന്നു. സൂര്യന്‍ വളരെ നേരത്തെതന്നെ ഉദിക്കാന്‍ പോവുകയാണ്. അതിനുമുമ്പായി മൃതസഞ്ജീവിനിയുംകൊണ്ട്
ഹനുമാന്‍ വന്നെത്തുന്ന പ്രശ്‌നമില്ല. ലക്ഷ്മണനും കൂട്ടരും ഒരു കാലത്തും പുനര്‍ജനിക്കാന്‍ പോകുന്നില്ല. അവരുടെ കഥ ഇതോടെ തീര്‍ന്നതുതന്നെ.
ഇനി നാം വിജയത്തിലേക്കു കുതിക്കാന്‍ പോവുകയാണ്”
-രാവണന്‍ ഉച്ചത്തില്‍ പ്രഖ്യാപിച്ചു.
അതുകേട്ട് അവിടെ ഉണ്ടായിരുന്ന രാക്ഷസന്മാര്‍ സന്തോഷം കൊണ്ട് ആര്‍പ്പുവിളിക്കുകയും ലങ്കയിലെ കൊട്ടാരമുറ്റത്ത് ഒരുമിച്ചുകൂടി നിന്ന് അലറിത്തുള്ളുകയും ചെയ്തു.
എന്നാല്‍ കിഴക്കന്‍ ചക്രവാളത്തില്‍ പെട്ടെന്നുണ്ടായ ഈ മാറ്റം ഹനുമാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
‘പതിവിനു വിപരീതമായി സൂര്യന്‍ നേരത്തെ ഉദിക്കാന്‍ ഒരുങ്ങുകയാണല്ലൊ. ഇതില്‍ എന്തോ ചതിയുണ്ട്.’ ഹനുമാന്‍ കണക്കുകൂട്ടി. പതിവിനു നിരക്കാത്ത ഈ സൂര്യോദയം തടഞ്ഞില്ലെങ്കില്‍ ലക്ഷ്മണനേയും വാനരശ്രേഷ്ഠന്മാരേയും ഒരിക്കലും പുനര്‍ജനിപ്പിക്കാന്‍ കഴിയില്ലെന്ന് ഹനുമാന് ബോധ്യമായി. ‘സൂര്യനെ നേരത്തെ ഉദിക്കാന്‍ യാതൊരു കാരണവശാലും അനുവദിച്ചുകൂടാ’
-ഹനുമാന്‍ മനസ്സില്‍ ഉറപ്പിച്ചു.
ഉദിക്കാന്‍ വെമ്പിനിന്ന സൂര്യന് നേരെ വീരഹനുമാന്‍ കുതിച്ചുചാടി. എന്നിട്ട് എന്താണു ചെയ്തതെന്നോ? മേഘങ്ങള്‍ക്കിടയിലൂടെ ഉയര്‍ന്നുയര്‍ന്ന് സൂര്യന്റെ അരികിലെത്തി. ഹനുമാന്‍ വരുന്നതുകണ്ട് സൂര്യന്‍ പതുക്കെ തെന്നിമാറാന്‍ നോക്കി.
ആ നിമിഷംതന്നെ ഹനുമാന്‍ സൂര്യനെ പിടികൂടി തന്റെ കക്ഷത്തില്‍ ബലമായി ഒളിപ്പിച്ചുവച്ചു. അതോടെ സൂര്യനെ ആര്‍ക്കും കാണാന്‍ പറ്റാതായി.
”ഹൊ! എന്താണിത്? സൂര്യന്‍ ഉടനെ ഉദിച്ചുവരുമെന്നു കേട്ടിട്ട് ഇപ്പോള്‍ ഒരു വിവരവുമില്ലല്ലൊ” -രാക്ഷസന്മാര്‍ വേവലാതിപ്പെട്ടു.
”ശരിയാണല്ലോ. സൂര്യന്‍ നമ്മെ ചതിച്ചെന്നാണു തോന്നുന്നത്. ഉദിച്ചുപൊങ്ങാന്‍ തയ്യാറെടുത്ത മാന്യന്‍ എവിടെപ്പോയി ഒളിച്ചിരിക്കുന്നോ ആവോ?” -രാവണനും നിരാശയോടെ മാനത്തേക്കു നോക്കി നെടുവീര്‍പ്പിട്ടു.
സൂര്യദേവന്‍ ഇപ്പോള്‍ ഉദിച്ചുവരുമെന്നു കരുതി മലര്‍ന്നു കിടന്നിരുന്ന രാക്ഷസന്മാര്‍ അപ്പോഴാണ് വടക്കേ മാനത്ത് ആ കാഴ്ച കണ്ടത്:
”ഹായ്! അങ്ങകലെയ്ക്കു നോക്കൂ. എന്തൊക്കെയോ ചുമന്നുകൊണ്ട് അതാ, വായുപുത്രനല്ലേ ആ വരുന്നത്?”
– ഒരു രാക്ഷസവീരന്‍ നടുക്കത്തോടെ ചോദിച്ചു.
-രാവണനും കൂട്ടരും ഞെട്ടിത്തിരിഞ്ഞ് ആകാശത്തിന്റെ വടക്കുഭാഗത്തേക്കു നോക്കി. അപ്പോഴാണ് കയ്യില്‍ ഒരു പച്ചത്തുരുത്തും ചുമന്ന് ഒരു പരുന്തിനെപ്പോലെ പറന്നു പറന്നു വരുന്ന ഹനുമാനെ അവര്‍ കണ്ടത്.
”ഹൊ! സൂര്യനുദിക്കും മുമ്പുതന്നെ ഹനുമാനെത്തിക്കഴിഞ്ഞല്ലൊ! ഇനി നമ്മുടെ കാര്യം വട്ടപ്പൂജ്യം തന്നെ!” -രാവണന്റെ മന്ത്രി നെഞ്ചത്തടിച്ചുകരഞ്ഞു. അതോടെ രാവണനും രാക്ഷസവൃന്ദങ്ങളും ആകെ പരിഭ്രാന്തരായി!
(തുടരും)