എന്താണീ മനുഷ്യാവകാശം? ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം. ആശയവിനിമയത്തിനുളള അവകാശം. നിയമത്തിനു മുമ്പിലുള്ള തുല്യതാവകാശം തുടങ്ങി സമത്വത്തിനും നീതിക്കുമുള്ള അവകാശമാണ് മനുഷ്യാവകാശം എന്ന് കേട്ടിട്ടുണ്ട്. ചിലരൊക്കെ പറയുന്നത് ഇതിനൊപ്പം മറ്റു ചില അവകാശങ്ങള്‍ കൂടിയുണ്ടെന്നാണ്. അത് രാജ്യത്ത് ഭിന്നതയുണ്ടാക്കാനുളള അവകാശം, സമുദായങ്ങള്‍ക്കിടയിലെ വിശ്വാസ്യത തകര്‍ക്കാനുള്ള അവകാശം, കളള പ്രമാണം ഉണ്ടാക്കാനുള്ള അവകാശം, കള്ളസാക്ഷികളെ തയ്യാറാക്കാനുളള അവകാശം, നുണക്കഥകള്‍ പ്രചരിപ്പിക്കാനുള്ള അവകാശം, കലാപബാധിതരുടെ കണ്ണീര്‍ കാണിച്ച് ഫണ്ടുണ്ടാക്കി സ്വന്തം അക്കൗണ്ടിലേക്ക് വെട്ടിച്ചെടുക്കാനുള്ള അവകാശം തുടങ്ങിയവയാണ്. മനുഷ്യാവകാശത്തിന്റെ പേരില്‍ ഇത്തരം പണികള്‍ ഒപ്പിച്ചു എന്നു സുപ്രീം കോടതി കണ്ടെത്തുക മാത്രമല്ല ക്രിമിനല്‍ കുറ്റത്തിന് കേസ്സെടുക്കണം എന്നു കൂടി പറഞ്ഞു ടീസ്റ്റ സെത്തല്‍ വാദിന്റെയും ആര്‍.ബി.ശ്രീകുമാറിന്റെയും പേരില്‍.
ഐക്യരാഷ്ട്രസഭാ ലേബലും ഇസ്ലാമിസ്റ്റ് വേരും കമ്മ്യൂണിസ്റ്റ് ചില്ലകളുമുള്ള മനുഷ്യാവകാശ ഗ്രൂപ്പുകള്‍ക്ക് സുപ്രീം കോടതിയുടെ വിധി ബാധകമല്ല. രാജ്യം കുട്ടിച്ചോറാക്കാനുള്ള മനുഷ്യാവകാശം തടഞ്ഞാല്‍, അതിനു വേണ്ടി പണിയെടുക്കുന്നവരെ ജയിലിലിട്ടാല്‍ അവര്‍ പ്രതിഷേധിക്കും. മതവികാരം വ്രണപ്പെടുത്താന്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് അവകാശമുണ്ട് എന്നതിനാല്‍ അയാളെ അറസ്റ്റു ചെയ്യാന്‍ പോലീസിനോ കസ്റ്റഡിയില്‍ വിടാന്‍ കോടതിക്കോ അവകാശമില്ല. ടീസ്റ്റയ്ക്കും ശ്രീകുമാറിനും സുബൈറിനും വേണ്ടി രംഗത്തു വരുന്നവര്‍ ആരൊക്കെ എന്നു നിരീക്ഷിച്ചാല്‍ ഭാരത വിരുദ്ധ ശൃംഖലയിലെ കണ്ണികള്‍ എത്ര വ്യാപകമാണ് എന്ന് തെളിഞ്ഞു വരും. സിറ്റിസണ്‍സ് ഫോര്‍ പീസ് ആന്റ് ജസ്റ്റിസ് എന്നു വെച്ചാല്‍ ചില്ലറയല്ല എന്നു സാരം.