ഒരു പ്രധാന ശിഷ്യനെക്കൂടി ലഭിച്ചിരിക്കുന്നു. ബുദ്ധിമാന്ദ്യം ബാധിച്ചെന്ന് കാഴ്ചയില്‍ തോന്നിക്കുന്ന ഒരു ബ്രാഹ്‌മണയുവാവ്. പേര് ആനന്ദഗിരി.
തന്നെ പരിചരിക്കാനും ശുശ്രൂഷിക്കാനും ആനന്ദഗിരിക്ക് അതീവ താല്പര്യം. അയാളുടെ നിഷ്‌ക്കളങ്കമായ ഭാവവും ചലനങ്ങളും കണ്ടാല്‍ തോന്നും ഗുരുപരിചരണമാണ് അയാളുടെ മുഖ്യധര്‍മ്മമെന്ന്. താന്‍ കുളിക്കാന്‍ പോകുന്നതിനുമുമ്പുതന്നെ അയാള്‍ കുളികഴിഞ്ഞ് എത്തുക പതിവാണ്. തനിക്കുവേണ്ടുന്ന പരിചര്യകള്‍ അതീവ ഭക്തിയോടെ, ശ്രദ്ധയോടെ വിനീതനായ ഒരു ദാസനെപ്പോലെ ചെയ്യുന്നു. ആചാര്യ ശുശ്രൂഷതന്നെയാണ് സര്‍വ്വവിദ്യയും ലഭിക്കാന്‍ അടിസ്ഥാന കാരണമെന്ന് ഗിരി ധരിക്കുന്നുണ്ടാവുമോ? അദ്ദേഹം വളരെ മൃദുവായാണ് സംസാരിക്കുന്നത്. ഉത്സാഹിയുമാണ്. താന്‍ ശിഷ്യന്മാരെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ എല്ലാവരുടെയും പിന്നില്‍പോയി നിന്ന് അതീവ വിനയാന്വിതനായി കൈകൂപ്പിക്കൊണ്ട് പാഠം ശ്രദ്ധിക്കുന്നത് കണ്ടിട്ടുണ്ട്. തന്റെയും മറ്റ് ശിഷ്യന്മാരുടെയും വേദാന്ത പരിചയം കണ്ട് വിസ്മയിക്കുന്നതുകൊണ്ടാവാം, തനിക്ക് ഇതിനൊന്നും കഴിവില്ലല്ലോ എന്ന് ചിന്തിച്ച് അയാള്‍ നിരാശപ്പെടുന്നതുപോലെ തോന്നിയിട്ടുണ്ട്. വേദവിദ്യ അഭ്യസിച്ചിട്ടില്ലെങ്കിലും ആനന്ദഗിരി അത്യന്തം ശ്രദ്ധയുള്ളയാളാണ്. ശ്രദ്ധ എന്ന പൊരുളിന്റെ പ്രാധാന്യം അയാള്‍ക്ക് ശരിക്കും അറിയാം.
ഒരു ദിവസം തന്റെ വസ്ത്രങ്ങള്‍ അലക്കാനായി അയാള്‍ തുംഗാനദിയിലേക്ക് ഇറങ്ങിപ്പോയി. ഗുരുപ്രണാമം നടത്തിയിട്ട് പാഠശാലയില്‍ താന്‍ അങ്ങുമിങ്ങും നോക്കിക്കൊണ്ട് വെറുതെയിരുന്നു. അധ്യാപനം ആരംഭിക്കാത്തതു കണ്ട് ശിഷ്യന്മാര്‍ പരസ്പരം നോക്കി.
”അങ്ങ് എന്താണ് പാഠം തുടങ്ങാത്തത്”
ഒടുവില്‍ പത്മപാദരുടെ ശബ്ദം പുറത്തുവന്നു.
”ആനന്ദഗിരി എത്തിയിട്ടില്ലല്ലോ….അയാള്‍കൂടി വരട്ടെ?
”നിരക്ഷരനായ ഗിരിക്ക് അങ്ങ് പറയുന്നത് ഒന്നും മനസ്സിലാവില്ല ഗുരോ!”
പത്മപാദര്‍ അക്ഷമനായി.
”എന്തിനാണ് നാം അയാളെ കാത്തിരുന്നു സമയം പാഴാക്കുന്നത്?”
സുരേശ്വരനും ധൃതിയായി.
”ആനന്ദഗിരിക്ക് മനസ്സിലാകുന്നില്ലെങ്കിലും അത്യന്തം ശ്രദ്ധയോടുകൂടി അയാള്‍ എല്ലാം കേട്ടിരിക്കുന്നുണ്ടല്ലോ!”
പത്മപാദരുടെയും മറ്റും ഗര്‍വ്വ് കണ്ടപ്പോള്‍ ആ പാണ്ഡിത്യഭാരത്തെ ഒന്ന് ശമിപ്പിക്കണമെന്നു തീരുമാനിച്ചു.
നദിക്കരയില്‍ ഗുരുവിന്റെ വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരുന്ന ആനന്ദഗിരിക്ക് ഭാഗ്യോദയമുണ്ടായി. ഗുരുമനസ്സുകൊണ്ട് പകര്‍ന്നു കിട്ടിയ ശ്ലോകങ്ങള്‍ അയാള്‍ വേഗം പഠിച്ചു. ഗുരുവിനോടുള്ള ഗിരിയുടെ ഏകാഗ്രമായ ഭക്തികൊണ്ട് വിദ്യകള്‍ പലതും അയാള്‍ക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞിരിക്കുന്നു. ഗ്രഹണധാരണകള്‍ക്കുള്ള സാമര്‍ത്ഥ്യവും അതിയായ ഗുരുഭക്തിയും കൊണ്ടാണ് ആനന്ദഗിരിക്ക് അത് സാധ്യമായത്. ഗുരുവിന്റെ വാക്കുകള്‍ ഗ്രഹിക്കാന്‍ കഴിവില്ലാത്തവനും ഗുരുവിനോടും അദ്ദേഹത്തിന്റെ വാക്കുകളോടും ശ്രദ്ധയില്ലാത്തവനും അവ സ്വീകരിക്കുവാന്‍ കഴിയുകയില്ല. ഗ്രഹണസാമര്‍ത്ഥ്യം രണ്ടുവിധമാണല്ലോ. ലൗകികവും ശാസ്ത്രീയവും. സംസ്‌കൃതഭാഷാജ്ഞാനവും ബുദ്ധിയുമൊക്കെ ഉണ്ടായിരുന്നാല്‍ വിദ്യാഗ്രഹണത്തിന് ലൗകികസാമര്‍ത്ഥ്യമുണ്ടാകും. എന്നാല്‍, ശാസ്ത്രാനുസരണമുള്ള സംസ്‌ക്കാരം ഇല്ലെങ്കില്‍ വിദ്യാഗ്രഹണത്തിനുള്ള ശാസ്ത്രീയസാമര്‍ത്ഥ്യം ഉണ്ടാകില്ല. ബുദ്ധിയും സംസ്‌കൃതഭാഷാജ്ഞാനവും ഇല്ലാതിരുന്നതുകൊണ്ടുമാത്രം ആനന്ദഗിരിക്ക് വിദ്യാഗ്രഹണത്തിന് ആവശ്യമുള്ള ലൗകികസാമര്‍ത്ഥ്യം ഇല്ലാതെപോയി. ഉപനയനാദികള്‍ നടന്നിരുന്നതുകൊണ്ട് വൈദികോപദേശ ഗ്രഹണത്തിനുള്ള ശാസ്ത്രീയസാമര്‍ത്ഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോള്‍ അത്യുത്കൃഷ്ടമായ ഗുരുഭക്തിയാകുന്ന ശ്രദ്ധകൊണ്ട് ഗിരിക്ക് ബുദ്ധിവികാസത്തിനുള്ള സമയമായിരിക്കുന്നു. ശ്രദ്ധകൊണ്ട് അയാളില്‍ ലൗകിക സാമര്‍ത്ഥ്യം ഉദയം ചെയ്തുകഴിഞ്ഞിരിക്കുന്നു.
ഗുരുഭക്തിയുടെ മാഹാത്മ്യം എല്ലാവര്‍ക്കും മനസ്സിലാക്കിക്കൊടുക്കുവാനും മറ്റ് ശിഷ്യന്മാരുടെ വിദ്യാഗര്‍വ്വ് കുറയ്ക്കാനും ബുദ്ധിശൂന്യനെന്നു പറഞ്ഞ് ഇനിയെങ്കിലും അവര്‍ ആരെയും അവഗണിക്കാതിരിക്കാനുമായി മനസ്സുകൊണ്ട് ഗിരിക്ക് സര്‍വ്വവിദ്യകളും പകര്‍ന്നുനല്‍കി. തങ്ങള്‍ തമ്മിലുള്ള മൗനാശയവിനിമയത്തിലൂടെ പതിനാല് ശ്ലോകങ്ങള്‍ ആനന്ദഗിരി ഹൃദിസ്ഥമാക്കി. മറ്റ് ശിഷ്യര്‍ ഇക്കാര്യമൊന്നുമറിയാതെ ഗിരിയെ തരംതാഴ്ത്തി അവരുടെ മനസ്സില്‍ പ്രതിഷ്ഠിച്ചുവച്ചിരിക്കുകയാണ്.
ആശീര്‍വാദം നല്‍കുന്നയാളിന്റെ ശക്തികൊണ്ട് ചിലപ്പോള്‍ അത് സ്വീകരിക്കുന്നയാള്‍ക്ക് പ്രയോജനം ചെയ്യും. ആശീര്‍വാദം സ്വീകരിക്കുന്നയാളിന്റെ ശക്തികൊണ്ടും അയാളില്‍ അതിന്റെ പ്രയോജനം ലഭിക്കും. ഇവിടെ രണ്ടും ചേര്‍ന്നിരിക്കുന്നു. അതിനാല്‍, ഗിരിയുടെ ഹൃദയത്തിലെ ഇരുട്ട് പെട്ടെന്ന് അപ്രത്യക്ഷമായി! ഗുരുകൃപയാല്‍ ഗിരി ബ്രഹ്‌മവിദ്യയ്ക്ക് അധികാരിയായി. ആനന്ദഗിരിയുടെ ഹൃദയാകാശം ബ്രഹ്‌മവിദ്യാപ്രകാശംകൊണ്ട് ഉജ്ജ്വലമായി….
വസ്ത്രങ്ങളുമായി പുഴയില്‍ നിന്ന് മടങ്ങിവന്ന ആനന്ദഗിരി അവ പാഠശാലയുടെ പിന്നാമ്പുറത്ത് കൊണ്ടുപോയി ഉണങ്ങാനിട്ടു. എല്ലാവരും തന്റെ വരവിനായി കാത്തിരിക്കുകയായിരുന്നുവെന്നൊന്നും അയാള്‍ കരുതിയിരുന്നില്ല. സ്വതസിദ്ധമായ ഭാവചലനങ്ങളോടെ, പുഞ്ചിരിയോടെ, ആദരവോടെ പാഠശാലയിലേക്ക് കയറിവന്ന് തോടകവൃത്തത്തില്‍ ഗിരി ശ്ലോകങ്ങള്‍ ചൊല്ലാന്‍ തുടങ്ങി:
വിദിതാഖില ശാസ്ത്ര സുധാജലധേ
മഹിതോപനിഷത്കഥിതാര്‍ത്ഥ നിധേ
ഹൃദയേ കലയേ വിമലം ചരണം
ഭവ ശങ്കരദേശിക മേ ശരണം.
കരുണാവരുണാലയ പാലയമാം
ഭവസാഗര ദുഃഖ വിദൂനഹൃദം
രചയാഖിലദര്‍ശന തത്ത്വവിദം
ഭവ ശങ്കരദേശിക മേ ശരണം.
ഭവതാ ജനതാ സുഹിതാ ഭവിതാ
നിജ ബോധ വിചാരണ ചാരുമതേ
കലയേശ്വര ജീവ വിവേകവിദം
ഭവ ശങ്കരദേശിക മേ ശരണം.
ഭവ ഏവ ഭവാനിതി മേ നിതരാം
സമജായത ചേതസി കൗതുകിതാ
മമ വാരയ മോഹ മഹാജലധിം
ഭവ ശങ്കരദേശിക മേ ശണം.
സുകുതേധികൃതേ ബഹുധാ ഭവതോ
ഭവിതാ സമദര്‍ശന ലാലസതാ
അതിദീനമിമം പരിപാലയമാം
ഭവ ശങ്കരദേശിക മേ ശരണം.
ജഗതീമവിതും കലിതാകൃതയോ
വിചരന്തി മഹാ-മഹ-സച്ഛലതഃ
അഹിമാംശുരിവാത്ര വിഭാസി ഗുരോ
ഭവ ശങ്കരദേശിക മേ ശരണം.
ഗുരുപുംഗവ പുംഗവകേതന തേ
സമതാമയതാം നഹി കോപി സുധിഃ
ശരണാഗത വത്സല തത്ത്വനിധേ
ഭവ ശങ്കരദേശിക മേ ശരണം.
വിദിതാ ന മയാ വിശദൈകകലാ
ന ച കിംചന കാഞ്ചനമസ്തിഗുരോ
ദ്രുതമേവ വിധേഹി കൃപാം സഹജാം
ഭവ ശങ്കരദേശിക മേ ശരണം.
മനോഹരമായ സ്‌തോത്രം ഗിരിയുടെ നാവില്‍നിന്ന് ഒഴുകിവരുന്നതു കണ്ട് മറ്റ് ശിഷ്യന്മാരെല്ലാം വിസ്മയം കൊണ്ടു. സംസ്‌കൃതവാക്യം ഉച്ചരിക്കാന്‍പോലും അറിയാത്ത ഇയാള്‍ ഇതുപോലെ ഒരു പദ്യം രചിക്കുകയോ? എല്ലാവരും അത്ഭുതസ്തബ്ധരായിരിക്കുന്നു!
ആനന്ദഗിരി തന്റെ അരികിലേക്ക്‌വന്ന് പാദങ്ങളില്‍ നമസ്‌ക്കരിച്ചു. പൊടുന്നനെ പത്മപാദന്റെ ക്ഷമാപണം ഉയര്‍ന്നുവന്നു:
”ഞങ്ങളോടു പൊറുക്കണം, ഗുരോ….!”
”ആനന്ദഗിരിയെ തരംതാഴ്ത്തി കണ്ടതില്‍ ഞങ്ങളെല്ലാം ഖേദിക്കുന്നു.”
സുരേശ്വരനിലും കുറ്റബോധം നിറഞ്ഞിരിക്കുന്നു.
”ശരി. നിങ്ങളെല്ലാവരും ഗിരിയെപ്പോലെ ശ്രദ്ധയുള്ളവരാകണം. ശ്രദ്ധയുടെ സൂക്ഷ്മാര്‍ത്ഥവും പ്രാധാന്യവും നിങ്ങള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ലെന്ന് തോന്നുന്നു. ശ്രദ്ധകൊണ്ട് ഏകാഗ്രത ലഭിക്കും. മനസ്സിന്റെ ചാഞ്ചല്യം മാറും. ചിത്തം ശുദ്ധമാകും. ഏകാഗ്രമായ മനസ്സില്‍ യാതൊന്നിനെപ്പറ്റി ധ്യാനിക്കുന്നുവോ അതിന്റെ സവിശേഷമായ ജ്ഞാനം ഉദിക്കും. അവിടെ വിസ്മൃതിയോ സംശയമോ ഭ്രമമോ ഉണ്ടാകുന്നില്ല. ശ്രദ്ധതന്നെയാണ് സകല വിദ്യകള്‍ക്കും മൂലകാരണം. നിഷ്‌കപടമായ ശ്രദ്ധ പൂര്‍ണ്ണമായുണ്ടെങ്കില്‍ ഒരു ന്യൂനതയും അവശേഷിക്കുകയില്ല. വേദാന്തജ്ഞാനത്തിന് അധികാരിയാകാന്‍ ആവശ്യമുള്ള സാധനാചതുഷ്ടയവും, ശ്രദ്ധയുള്ളയാള്‍ക്ക് അനായാസേന ലഭിക്കും.”
ഗിരിയുടെ ശിരസ്സില്‍ കൈവച്ച് അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു:
”നിന്റെ നിസ്സീമമായ ഗുരുഭക്തികൊണ്ട് ഇന്ന് നീ സര്‍വ്വ വിദ്യകള്‍ക്കും അധികാരിയായിത്തീര്‍ന്നിരിക്കുന്നു! നിന്റെ ഗുരുഭക്തി ലോകത്തിന് ആദര്‍ശമായി പ്രകാശിക്കും.”
ആനന്ദഗിരി തലകുമ്പിട്ട് നില്ക്കുകയാണ്. ഇതുകണ്ട് പത്മപാദനും സുരേശ്വരനും ഹസ്താമലകനും എണീറ്റു മുന്നോട്ടുവന്നു. അവര്‍ ഗിരിയുടെ മുന്നില്‍ വന്നു നിന്ന് തലകുമ്പിട്ട് നമിച്ചു. ഗിരിയുടെ പഴയ ഭാവമെല്ലാം മാറിയിരിക്കുന്നത് അവര്‍ ശ്രദ്ധിച്ചു. ആ മുഖത്ത് അപൂര്‍വ്വമായ ഒരു തിളക്കം അവര്‍ ദര്‍ശിച്ചു.
”ആനന്ദഗിരിയുടെ ഗുരുഭക്തി ധന്യമാണ്”
എല്ലാവരും ഒരുമിച്ച് ഗിരിയെ വാഴ്ത്താന്‍ തുടങ്ങി.
”തോടകവൃത്തത്തില്‍ ശ്ലോകം രചിച്ച് ചൊല്ലിയ ആനന്ദഗിരി ഇനി മുതല്‍ ‘തോടകാചാര്യന്‍’ എന്ന് അറിയപ്പെടും. എന്റെ പ്രധാനശിഷ്യരില്‍ ഒരുവനായി നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാന്‍ ഇയാള്‍ക്ക് സന്ന്യാസദീക്ഷ നല്‍കുകയാണ്….”
കൂപ്പുകൈയോടെ മുന്നില്‍ നില്‍ക്കുന്ന ഗിരി നിഷ്‌ക്കളങ്കമായി പുഞ്ചിരിക്കുന്നു. തോടകാചാര്യനുവേണ്ടി വീണ്ടും ആദ്യം മുതല്‍ ഭാഷ്യം പഠിപ്പിച്ചു തുടങ്ങി. പത്മപാദനും സുരേശ്വരനും ഹസ്താമലകനും അവരുടെ ശിഷ്യന്മാരോടൊപ്പം ഭാഷ്യപഠനത്തില്‍ ഒരിക്കല്‍ക്കൂടി പങ്കാളികളായി. എല്ലാവരും വിദ്യയുടെ ആനന്ദം അനുഭവിച്ചറിയുന്നതു കണ്ടപ്പോള്‍ സന്തോഷമായി…
”നമുക്ക് പവിത്രമായ ഹിമാലയസാനുക്കളില്‍ ഒരു മഠം സ്ഥാപിക്കേണ്ടതല്ലേ?”
തോടകന്റെ മുഖത്തുനോക്കിയാണ് ചോദിച്ചത്.
”തീര്‍ച്ചയായും വേണം ഗുരോ. ഭാരതത്തിന്റെ പരിശുദ്ധഭൂമിയായ ഹിമാലയത്തില്‍ ഒരു മഠം അത്യാവശ്യമാണ.്”
തോടകന്‍ പറഞ്ഞു.
”ശരി. തോടകാചാര്യനായിരിക്കും ഹിമാലയത്തിലെ മഠത്തിന്റെ അധിപതി. ബദരികാശ്രമത്തിലേക്കുള്ള പര്‍വ്വതപാതയോരത്ത് സ്ഥാപിക്കുന്ന മഠത്തിന് ‘ജ്യോതിര്‍മഠം’ എന്ന് നാമകരണം ചെയ്യാം. ഉത്തരഭാരതത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയുള്ളതാകണം ജ്യോതിര്‍മഠം. അവിടത്തെ സന്ന്യാസിമാരുടെ പേരിനോടൊപ്പം ഗിരി, പര്‍വ്വതം, സാഗരം എന്നീ സ്ഥാനപ്പേരില്‍ ഒന്ന് ചേര്‍ക്കാം. ബ്രഹ്‌മചാരികള്‍ക്ക് ”ആനന്ദ” എന്ന ബിരുദം നല്‍കി പേരിനോട് ബന്ധിപ്പിക്കാം. അഥര്‍വ്വവേദമായിരിക്കും അവരുടെ മുഖ്യവേദം. ”അയമാത്മാബ്രഹ്‌മ” എന്ന മഹാവാക്യമാണ് അവര്‍ക്ക് അനുസന്ധാനവാക്യം!”
ശൃംഗേരിക്കു പുറമെ ഭാരതത്തിന്റെ വടക്കും കിഴക്കും ദിക്കുകളില്‍ രൂപംകൊള്ളേണ്ട മഠങ്ങള്‍ എല്ലാവരുടെയും സങ്കല്പമണ്ഡലങ്ങളില്‍ ഉദയം ചെയ്തു കഴിഞ്ഞിരിക്കുന്നു. ഇനി കാലത്തിന്റെ പരിലാളനയേറ്റ് അവ യാഥാര്‍ത്ഥ്യമാകണമെന്നു മാത്രം.
(തുടരും)
Comments