പ്രസ്ഥാനത്രയത്തിന്റെ ഭാഷ്യപഠനം എല്ലാവരും പൂര്‍ത്തിയാക്കി. ബ്രഹ്‌മസൂത്രഭാഷ്യവും ഭഗവത്ഗീതാഭാഷ്യവും ഉപനിഷദ്ഭാഷ്യവും കേട്ട് ശിഷ്യന്മാര്‍ സംതൃപ്തരായി. അവരുടെ മുഖം കൂടുതല്‍ പ്രസന്നമായിരിക്കുന്നു. സ്മൃതിയും ശ്രുതിയും സൂത്രവുമൊക്കെക്കൊണ്ട് മനസ്സ് പൂര്‍ണമായും തിളങ്ങി നില്‍ക്കുമ്പോള്‍ ആ തേജസ്സ് മുഖത്തും പ്രതിഫലിക്കും.
സുരേശ്വരന്‍ പര്‍ണ്ണകുടീരത്തിലേക്ക് കടന്നു വന്നിട്ട് പറഞ്ഞു:
”എന്റെ സംശയങ്ങളെല്ലാം ദുരീകരിച്ചിരിക്കുന്നു, ഗുരോ! ഇതിന് കൃപകാട്ടിയ അങ്ങേക്കുവേണ്ടി ഗുരുദക്ഷിണയായി ഞാനെന്താണ് സമര്‍പ്പിക്കേണ്ടത്?”
സുരേശ്വരന്റെ ഭക്തിയും സേവനതാല്പര്യവുമറിഞ്ഞപ്പോള്‍ നിര്‍ദ്ദേശിച്ചു:
”ഞാന്‍ എഴുതിയ സൂത്രഭാഷ്യത്തിന് ഒരു വാര്‍ത്തികം രചിക്കുക. വാര്‍ത്തികം കൂടാതെ ഭാഷ്യത്തിന്റെ ഗുണദോഷങ്ങള്‍ ശരിക്കും ഒരാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുകയില്ല. നിങ്ങളുടെ അടുത്ത ജോലി ഇതായിക്കൊള്ളട്ടെ.”
”ഗുരോ, ഇത് എന്നെക്കൊണ്ട് സാധ്യമാകുമോ? അങ്ങയുടെ ഭാഷ്യത്തെപ്പറ്റി വേണ്ടവിധം ആലോചിച്ച് മനസ്സിലാക്കാന്‍ പോലും കഴിവുള്ളവനല്ല ഞാന്‍.”
”വാര്‍ത്തികം നിര്‍മ്മിക്കാന്‍ നിങ്ങള്‍ തന്നെയാണ് സര്‍വ്വഥാ യോഗ്യനെന്ന് എനിക്ക് തോന്നുന്നു. അതിനുള്ള പ്രതിഭ നിങ്ങള്‍ക്കുണ്ട്.”
സുരേശ്വരന്‍ കൂടുതല്‍ വിനയാന്വിതനായി:
”ശരി. അങ്ങ് ആജ്ഞാപിക്കുന്നതിനാല്‍ ഞാന്‍ കഴിയുന്നത്ര ശ്രമിച്ചു നോക്കാം.”
ഗുരുപരമ്പരയെ നമസ്‌ക്കരിച്ചശേഷം സുരേശ്വരന്‍ പര്‍ണ്ണകുടീരം വിട്ടു. ഇപ്പോള്‍ അയാളെ കാണുമ്പോള്‍ മണ്ഡനമിശ്രന്‍ എന്ന പഴയ അഹംഭാവിയായ പണ്ഡിതശിരോമണി മനസ്സിലേക്കോടി വരുന്നില്ല. അത്രയ്ക്ക് സുരേശ്വരന്‍ മാറിയിട്ടുണ്ട്. അയാളില്‍ ഭക്തിഭാവം നിറഞ്ഞുതുടങ്ങിയിരിക്കുന്നു. ഭക്തിയുടെ കുറവാണ് പലപ്പോഴും പലരേയും പിന്നോട്ടുവലിച്ചുകൊണ്ടു പോകുന്നത്. താന്‍ ഒന്നുമല്ലെന്നറിയാന്‍ കാലത്തിന്റെയും അനുഭവങ്ങളുടേയും പിന്തുണകൂടി അവര്‍ക്ക് വേണ്ടിവരുന്നു.
ആചാര്യരുടെ ശിഷ്യവാത്സല്യത്തിന്റെ വ്യാപ്തിയെക്കുറിച്ച് സുരേശ്വരന്‍ ചിന്തിച്ചു: ടീക എഴുതാന്‍ പറയാതെ വാര്‍ത്തികം രചിക്കാനാണ് അദ്ദേഹം തന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഗുരുകൃതിയിലെ ഗുണദോഷങ്ങള്‍ വിമര്‍ശിക്കാന്‍ ഒരു ശിഷ്യനെ ഗുരുതന്നെ അധികാരപ്പെടുത്തിയിരിക്കുന്നു! അതിനുവേണ്ടി ഗുരു പ്രോത്സാഹിപ്പിക്കുകയാണ്. അതുവഴി ശിഷ്യന് വലിയ സ്ഥാനം നല്‍കാന്‍ എന്തൊരാഗ്രഹമാണ് ഗുരു പ്രകടിപ്പിക്കുന്നത്! ഇത് അദ്ദേഹത്തിന്റെ മനസ്സിന്റെ വിശാലതയെ വെളിപ്പെടുത്തുന്നു. ഏതായാലും ഗുരു ഏല്‍പ്പിച്ച ജോലി ഭംഗിയായി, പൂര്‍ണ മനസ്സര്‍പ്പിച്ച്, സത്യസന്ധതയോടെ നിര്‍വഹിക്കണം…
ഏകാഗ്രചിത്തനായി, ധ്യാനനിരതനായി, സുരേശ്വരന്‍ ക്രമേണ വാര്‍ത്തിക രചന ആരംഭിച്ചു.
സുരേശ്വരന്റെ വാര്‍ത്തികരചനയെക്കുറിച്ചുള്ള വാര്‍ത്തയറിഞ്ഞ് പത്മപാദന്‍ അസ്വസ്ഥനായി. ഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കുന്നതിനുമുമ്പ് കര്‍മകാണ്ഡതല്‍പ്പരനായിരുന്നുവല്ലോ സുരേശ്വരന്‍. അദ്ദേഹം വാര്‍ത്തികം രചിച്ചാല്‍ അതില്‍ പക്ഷപാതം കാണിക്കാതിരിക്കില്ലെന്ന് പത്മപാദന്‍ കണക്കുകൂട്ടി. ഗുണദോഷ നിരൂപണമാണല്ലോ വാര്‍ത്തികം. സുരേശ്വരന്റെ മുന്‍കാല സംസ്‌കാരമനുസരിച്ച് ദോഷാവിഷ്‌ക്കരണത്തിനാണ് അയാള്‍ മുന്‍തൂക്കം കൊടുക്കാന്‍ സാധ്യത. ഗുണത്തെക്കുറിച്ച് പ്രതിപാദിക്കാന്‍ അയാള്‍ക്ക് താല്‍പര്യം കുറയാനിടയുണ്ട്.
സുരേശ്വരനോടുള്ള പത്മപാദന്റെ സംശയം ഉള്ളില്‍നിന്ന് മുളപൊട്ടി വേഗം പുറത്തുവന്നു:
”വാര്‍ത്തികരചന സുരേശ്വരനെ ഏല്‍പ്പിച്ചിരിക്കുന്നത് ഒരിക്കലും ഗുണം ചെയ്യാന്‍ പോകുന്നില്ല.”
പത്മപാദന്‍ സ്വന്തം ശിഷ്യന്മാരോടു മനസ്സു തുറന്നു:
”ഞാനിത് പറഞ്ഞവിവരം ഗുരുവിനെ അറിയിക്കാനൊന്നും പോകണ്ട. എന്റെ അഭിപ്രായം നിങ്ങളോട് പങ്കുവച്ചെന്ന് മാത്രം.”
പത്മപാദന്‍ തുടര്‍ന്നു:
”ഗുരു ഇക്കാര്യമറിഞ്ഞാല്‍ ഞാന്‍ വാര്‍ത്തികം രചിക്കാനാഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വിചാരിച്ചേക്കാം. ഇനി ഗുരു അങ്ങനെ ധരിച്ചില്ലെങ്കില്‍പ്പോലും സുരേശ്വരന്‍ അങ്ങനെ വിചാരിക്കാനിടയുണ്ട്. അതിനാല്‍ ആചാര്യര്‍ ഇക്കാര്യമറിയേണ്ട.”
”അങ്ങനെ നാം മൗനമവലംബിക്കേണ്ട കാര്യമുണ്ടോ? ആചാര്യരെ ഇക്കാര്യം അറിയിക്കുക തന്നെ വേണം. സത്യം അദ്ദേഹം അറിയണമല്ലോ. വാര്‍ത്തികരചന ഉചിതമായ കരം കൊണ്ട് നിര്‍വഹിക്കപ്പെടേണ്ടതല്ലേ!”
തങ്ങളുടെ വിയോജിപ്പ് ആചാര്യരെ അറിയിക്കണമെന്ന് ശിഷ്യന്മാര്‍ പത്മപാദനോട് ശഠിച്ചു. സ്വശിഷ്യന്മാരുടെ നിര്‍ബന്ധത്തിനുമുന്നില്‍ പത്മപാദന്‍ മൗനം പൂണ്ടു. വാര്‍ത്തികരചനയുടെ കാര്യം ചര്‍ച്ച ചെയ്യാനായി അവര്‍ ആചാര്യരെ സമീപിക്കാന്‍ പോകുന്നതു നോക്കി പത്മപാദന്‍ ഒന്ന് ദീര്‍ഘമായി നിശ്വസിച്ചു. ആചാര്യര്‍ ഇനി തന്നെക്കുറിച്ച് എന്താണാവോ ചിന്തിക്കാന്‍ പോകുന്നത്?!
കുറേക്കഴിഞ്ഞ് ശിഷ്യന്മാര്‍ പര്‍ണ്ണകുടീരത്തില്‍നിന്ന് മടങ്ങിവരുന്നതു കണ്ടപ്പോള്‍ പത്മപാദന്റെ ഹൃദയം ശക്തിയായി മിടിക്കാന്‍ തുടങ്ങി.
”ഗുരുവിനെ ആചാര്യര്‍ പര്‍ണ്ണകുടീരത്തിലേക്ക് വിളിച്ചിരിക്കുന്നു.”
പത്മപാദന്‍ മെല്ലെ എണീറ്റ് ആചാര്യസമക്ഷത്തിലേക്ക് ചുവടുവച്ചു.
കുടീരത്തിലേക്കു കടന്നുവന്ന പത്മപാദനോട് ചോദ്യമെടുത്തിട്ടു:
”സുരേശ്വരനെ ഞാന്‍ വാര്‍ത്തികരചനയ്ക്കായി ചുമതലപ്പെടുത്തിയതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും വിയോജിപ്പോ സംശയമോ പറയാനുണ്ടോ?”
”എന്നോടു ക്ഷമിക്കണം ഗുരോ. എനിക്ക് പൂര്‍ണമായും അതിനോടു യോജിപ്പില്ല. കര്‍മ്മകാണ്ഡത്തില്‍ വിശ്വസിച്ചിരുന്ന മണ്ഡനാചാര്യനാണല്ലോ വാദത്തില്‍ തോറ്റ് അങ്ങയുടെ ശിഷ്യനായി അദ്വൈതമതം സ്വീകരിച്ചത്. കര്‍മ്മത്തോടുള്ള ആസക്തി അദ്ദേഹത്തിന് ഇപ്പോഴും ഉണ്ടെന്നാണ് തോന്നുന്നത്. അങ്ങനെ നോക്കുമ്പോള്‍ സുരേശ്വരന്‍ രചിക്കുന്ന വാര്‍ത്തികം കര്‍മ്മപരമാകുവാനിടയുണ്ട്. അങ്ങയുടെ ഭാഷ്യം അതല്ലല്ലോ വ്യക്തമാക്കുന്നത്. സുരേശ്വരനേക്കാള്‍ ആനന്ദഗിരി എന്ന തോടകനാണ് വാര്‍ത്തികരചനയ്ക്ക് യോഗ്യനെന്ന് എനിക്ക് തോന്നുന്നു. അതേസമയം വാര്‍ത്തികം ഉണ്ടാക്കുവാന്‍ ഹസ്താമലകനും കഴിവുണ്ട്. കരതലാമലകം പോലെ സിദ്ധാന്തങ്ങളെല്ലാമറിയുന്ന ആളാണല്ലോ ഹസ്താമലകന്‍…”
”പത്മപാദാ, ഹസ്താമലകന്‍ സ്ഥിതപ്രജ്ഞനായൊരു വേദാന്തിയാണ്. പക്ഷേ, എപ്പോഴും അയാള്‍ സമാധിയിലാണ്. അയാള്‍ക്ക് ബാഹ്യവ്യാപാരങ്ങളിലൊന്നും താല്‍പര്യമില്ല. അച്ഛന്‍ ഉപനയിച്ചുവെങ്കിലും അക്ഷരാഭ്യാസമൊന്നും അയാള്‍ക്കില്ല. വേദം ഗുരുവില്‍നിന്ന് അഭ്യസിച്ചിട്ടുമില്ല…”
പത്മപാദന്‍ മൗനംപൂണ്ട് നില്‍ക്കുന്നതു കണ്ടപ്പോള്‍ വ്യക്തമാക്കി:
”വാര്‍ത്തികമുണ്ടാക്കുവാന്‍ വേണ്ട പാണ്ഡിത്യവും അറിവും മണ്ഡനനായ സുരേശ്വരനുണ്ട്. അയാള്‍ വാര്‍ത്തികം രചിക്കുന്നത് നിങ്ങള്‍ക്കിഷ്ടമില്ലെങ്കില്‍ വേണ്ട; ഞാനത് ചെയ്യിക്കുന്നില്ല. എങ്കിലും രചനയോടുള്ള ഉത്സാഹം അയാളില്‍ ഇപ്പോള്‍ കടന്നുകൂടിയ സ്ഥിതിക്ക് മറ്റൊരു സ്വതന്ത്രഗ്രന്ഥം സുരേശ്വരന്‍ രചിക്കട്ടെ.” വാര്‍ത്തികരചന എന്ന ആശയം നിര്‍ത്തിവെച്ചതില്‍ പത്മപാദന് ആശ്വാസമായി. പ്രതീക്ഷിക്കാതെയാണ് പെട്ടെന്ന് സുരേശ്വരന്‍ കൂടാരത്തിലേക്ക് കടന്നുവന്നത്. സതീര്‍ത്ഥ്യനെ കണ്ടതും പത്മപാദന്റെ മുഖം മ്ലാനമാകുന്നതു ശ്രദ്ധിച്ചു. സനന്ദനന്‍ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.
”സുരേശ്വരാ, നിങ്ങള്‍ ഇപ്പോള്‍ വാര്‍ത്തികം രചിക്കണ്ടാ. മറ്റ് ശിഷ്യന്മാര്‍ക്ക് ഇക്കാര്യത്തില്‍ അത്ര യോജിപ്പ് പോരാ. പണ്ട് കര്‍മ്മമാര്‍ഗ്ഗത്തില്‍ വ്യാപരിച്ചിരുന്ന നിങ്ങള്‍ ബ്രഹ്‌മസൂത്രഭാഷ്യത്തിന് വാര്‍ത്തികമെഴുതിയാല്‍ അതില്‍ സ്വന്തം സിദ്ധാന്തം കൂടി കൂട്ടിക്കലര്‍ത്തും എന്നവര്‍ കരുതുന്നു. അതിനാല്‍ ആധ്യാത്മികമായൊരു സ്വതന്ത്രകൃതി തല്ക്കാലം രചിക്കുക. മറ്റ് ശിഷ്യന്മാര്‍ക്ക് താങ്കളോട് നല്ല മതിപ്പും വിശ്വാസവുമുണ്ടാവട്ടെ.”
സുരേശ്വരാചാര്യന്റെ മുഖമൊന്നു വാടിയപോലെ! അദ്ദേഹത്തിന് അല്പം ഇച്ഛാഭംഗം തോന്നിയിട്ടുണ്ടാകും. വാര്‍ത്തികരചന അദ്ദേഹം ഇതിനകം ആരംഭിച്ചുകഴിഞ്ഞതായിരുന്നുവല്ലോ. ഏതായാലും തന്റെ നിര്‍ദ്ദേശാനുസരണം കാലതാമസം കൂടാതെതന്നെ ഒരു സ്വതന്ത്രഗ്രന്ഥത്തിന്റെ രചനയില്‍ സുരേശ്വരന്‍ ഏര്‍പ്പെട്ടു: ”നൈഷ്‌ക്കര്‍മ്മ്യസിദ്ധി!”
രചന പൂര്‍ത്തിയാക്കി ഗ്രന്ഥം തന്റെ മുന്നില്‍ കൊണ്ടുവന്നുവെച്ചപ്പോള്‍ സുരേശ്വരന്റെ മുഖത്ത് ആത്മസംതൃപ്തിയുടെ പ്രകാശം തെളിഞ്ഞുനിന്നു. നൈഷ്‌ക്കര്‍മ്മ്യസിദ്ധിയുടെ താളുകള്‍ ഏറക്കുറെ മറിഞ്ഞുകഴിഞ്ഞപ്പോഴാണ് മറ്റ് ശിഷ്യന്മാര്‍ കുടീരത്തിലേക്ക് കടന്നുവന്നത്.
”പ്രശസ്തിക്കുവേണ്ടിയോ ധനത്തിനുവേണ്ടിയോ അല്ല ഗുരോ ഞാന്‍ നൈഷ്‌ക്കര്‍മ്മ്യസിദ്ധി എഴുതിയത്. അങ്ങയുടെ ആജ്ഞ നിറവേറ്റാന്‍വേണ്ടി മാത്രമായിരുന്നു ഞാനിതിന് മുതിര്‍ന്നത്. ആദ്യം ഗൃഹസ്ഥനായിരുന്ന എനിക്ക് സന്ന്യാസിയായിക്കഴിഞ്ഞതിനുശേഷം വീണ്ടും ഗൃഹസ്ഥനാകുവാന്‍ താല്പര്യമുണ്ടാകുമോ?! നാട്ടുകാരുടെ വായ
മൂടിക്കെട്ടാന്‍ കഴിയുകയില്ലല്ലോ!”
സുരേശ്വരാചാര്യന്റെ വാക്കുകള്‍ തങ്ങള്‍ക്കു നേരെയുള്ള വിമര്‍ശനമായി പത്മപാദനും കൂട്ടരും വിലയിരുത്തുമെന്നറിഞ്ഞപ്പോള്‍ വിഷയം മാറ്റിപ്പിടിക്കാനായി മറ്റു ശിഷ്യരുടെ നേര്‍ക്ക് ഗ്രന്ഥം നീട്ടിക്കൊണ്ട് പറഞ്ഞു:
”നോക്കൂ, ശ്രേഷ്ഠമായൊരു കൃതി സുരേശ്വരാചാര്യന്‍ രചിച്ചിരിക്കുന്നു. ഈ ഗ്രന്ഥം നിങ്ങളെല്ലാവരും വായിച്ചു നോക്കിയിട്ട് അഭിപ്രായം അറിയിക്കണം.”
പത്മപാദന്‍ പുസ്തകം അര്‍ദ്ധമനസ്സോടെയാണെങ്കിലും സ്വീകരിച്ചു… അടുത്തദിവസം ഹസ്താമലകനെയും തോടകനേയും കൂട്ടി ആചാര്യസമക്ഷമെത്തി ഗ്രന്ഥത്തെ പ്രശംസിച്ചുകൊണ്ട് പത്മപാദന്‍ പറഞ്ഞു:
”സുരേശ്വരാചാര്യന്റെ പാണ്ഡിത്യത്തെയും ജ്ഞാനനിഷ്ഠയേയും ഞങ്ങള്‍ ആദരിക്കുന്നു, ഗുരോ! ‘നൈഷ്‌ക്കര്‍മ്മ്യസിദ്ധി’ ഒരു നല്ല ഗ്രന്ഥമാണ്. പക്ഷേ, അങ്ങയുടെ സൂത്രഭാഷ്യത്തില്‍ ഒരു ദോഷവുമില്ലാത്തതിനാല്‍ ഒരു വാര്‍ത്തികത്തിന്റെ ആവശ്യം അതിനില്ല എന്നാണ് ഞങ്ങളുടെ വിനീതമായ അഭിപ്രായം.”
പത്മപാദനും മറ്റും വാര്‍ത്തികത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തതുകണ്ട് പറഞ്ഞു:
”നിങ്ങള്‍ എല്ലാവരും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായത്തില്‍ത്തന്നെ നില്ക്കുകയാണെങ്കില്‍ സൂത്രഭാഷ്യത്തിന് തല്ക്കാലം വാര്‍ത്തികം രചിക്കുന്നില്ല, പോരേ? പകരം എന്റെ ബൃഹദാരണ്യകോപനിഷത്ത് ഭാഷ്യത്തിനും തൈത്തിരീയോപനിഷത്ത് ഭാഷ്യത്തിനും സുരേശ്വരാചാര്യന്‍ വാര്‍ത്തികം എഴുതട്ടെ…”
പത്മപാദനും കൂട്ടരും ഒന്നും മിണ്ടുന്നില്ല. അദ്ദേഹത്തെ ഒന്ന് പ്രസന്നനാക്കാനായി പറയേണ്ടി വന്നു:
”നിങ്ങള്‍ക്ക് ഒരു മികച്ചഗ്രന്ഥത്തിന്റെ പണി തരാം….”
എല്ലാവരും ആകാംക്ഷയോടെ നോക്കുകയാണ്.
”ബ്രഹ്‌മസൂത്രത്തിന് നിങ്ങള്‍ ഒരു ടീക* എഴുതുക.”
രചനയുടെ കാര്യത്തില്‍ ഗുരുതന്നെ അംഗീകരിച്ചതില്‍ സന്തുഷ്ടനായ പത്മപാദന്‍ ടീക എഴുതാന്‍ ആരംഭം കുറിച്ചു. ആദ്യത്തെ നാല് സൂത്രങ്ങളുടെ ഭാഷ്യത്തിന് ടീക എഴുതിക്കഴിഞ്ഞപ്പോള്‍ അത് വായിച്ചു കേള്‍പ്പിക്കാനായി അദ്ദേഹം വീണ്ടും മുന്നിലേക്ക് കടന്നു വന്നു.
പത്മപാദന്റെ ടീക വായിച്ചു കേട്ടു കഴിഞ്ഞപ്പോള്‍ ആ ഗ്രന്ഥം വാങ്ങി നോക്കിയിട്ട് അദ്ദേഹത്തെ പ്രശംസിക്കണമെന്ന് തോന്നി:
”നിങ്ങളുടെ രചന വളരെ നന്നായിരിക്കുന്നു, പത്മപാദന്‍. ഈ ടീകയുടെ പ്രചാരത്തില്‍ തീര്‍ച്ചയായും വേദാന്തത്തിന്റെ വിജയഡിണ്ഡിമം മുഴങ്ങും! പക്ഷേ….”
തന്റെ സംശയം കേട്ട് പത്മപാദന് ഉത്കണ്ഠയായി:
”എന്റെ ടീകയുടെ ഭാവി എന്താവും ഗുരോ?”
അദ്ദേഹം വേവലാതിപൂണ്ട് നില്‍ക്കുന്നതു കണ്ട് പറഞ്ഞു:
”ടീകയുടെ ഭാവി അത്ര ശുഭകരമായി തോന്നുന്നില്ല. ഇതിന്റെ പ്രചാരത്തിന് പലവിധ തടസ്സങ്ങളും നേരിടാന്‍ സാധ്യത കാണുന്നു.”
പത്മപാദന്‍ അസ്വസ്ഥനാകുന്നതു ശ്രദ്ധിച്ചു.
”എനിക്കെല്ലാം മനസ്സിലാകുന്നു, ഗുരോ. സുരേശ്വരന്റെ വാര്‍ത്തികരചനയ്ക്ക് ഞാന്‍ തടസ്സം നിന്നതുകൊണ്ടാവാം എന്റെ ടീകയുടെ ഭാവി അത്ര സുഖകരമാകാതെ പോകുന്നത്. എനിക്ക് അങ്ങനെ വിശ്വസിക്കേണ്ടി വരുന്നു. ഇതിന് പ്രായശ്ചിത്തമായി രാമേശ്വരം വരെ എനിക്ക് തീര്‍ത്ഥയാത്ര പോകണമെന്നുണ്ട്. അങ്ങ് യാത്രയ്ക്കുള്ള അനുമതി തന്ന് അനുഗ്രഹിക്കണം.”
”കാലം ഇപ്പോള്‍ നിങ്ങള്‍ക്ക് അനുകൂലമല്ല, പത്മപാദന്‍. തല്ക്കാലം തീര്‍ത്ഥാടനസങ്കല്‍പം ഉപേക്ഷിക്കുന്നതാണ് ഉചിതം.”
തീര്‍ത്ഥയാത്രയെ ഗുരു നിരുത്സാഹപ്പെടുത്തിയപ്പോള്‍ പത്മപാദനില്‍ കടുത്ത കുറ്റബോധവും നിരാശയും പടര്‍ന്നു കയറാന്‍ തുടങ്ങി.
”ഗുരുസന്നിധിയില്‍ താമസിക്കുന്നവര്‍ക്ക് തീര്‍ത്ഥയാത്രയുടെ ആവശ്യമില്ല. അവര്‍ സദാ തീര്‍ത്ഥംകരനായിരിക്കും!”
പത്മപാദനെ സമാധാനിപ്പിക്കാനായി ഓര്‍മ്മിപ്പിക്കേണ്ടി വന്നു. പക്ഷേ, അദ്ദേഹത്തെ പിടികൂടിയ കഠിനമായ കുറ്റബോധവും നിരാശയും പെട്ടെന്നൊന്നും മാഞ്ഞുപോകാന്‍ തയ്യാറാകുന്നില്ല. പത്മപാദന്റെ മനസ്സറിഞ്ഞപ്പോള്‍ തീര്‍ത്ഥയാത്രയ്ക്ക് അനുമതി നല്കുന്നതാണ് അഭികാമ്യമെന്നു തോന്നി.
”നിങ്ങള്‍ സൂക്ഷിക്കുക, പത്മപാദന്‍. വഴിയില്‍ പല ആപത്തുകളും പതുങ്ങിയിരുപ്പുണ്ട്. നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ മാത്രം തീര്‍ത്ഥയാത്രയാകാം. പക്ഷേ, ഏറെ കരുതലോടെ, ജാഗരൂകതയോടെ വേണം പോകേണ്ടത്…”
ശൃംഗേരിയോടു വിട പറയാന്‍ പത്മപാദന്റെ മനസ്സ് ബഹളം വെച്ചു…
*നിബന്ധം
(തുടരും)