- നിര്‍വികല്പം
- വൃഷാചലേശ്വരന്‍ (നിര്‍വികല്പം 2)
- ഭിക്ഷാംദേഹി (നിര്‍വികല്പം 3)
- ശൃംഗേരിയിലെ ഭാഷ്യാവതരണം (നിര്‍വികല്പം 21)
- മുതലയുടെ പിടി (നിര്‍വികല്പം 4)
- ഗുരുവിനെ തേടി (നിര്‍വികല്പം 5)
- ചണ്ഡാളന്‍(നിര്‍വികല്പം 6)
രചനാനുപപത്യധികരണം.
”ബ്രഹ്‌മസൂത്രത്തിലെ രണ്ടാമധ്യായത്തില്‍ പാദം രണ്ടില്‍ ആദ്യം പറയുന്നു, രചനാനുപപത്യധികരണം. ഇതില്‍ ആദ്യം പ്രതിപാദിക്കുന്നത്, രചനാനുപപത്തേശ്ചാനുമാനമാണ്. വേദാന്തവാക്യങ്ങളെല്ലാം, പ്രപഞ്ചകാരണമായി ബ്രഹ്‌മത്തെ കാണിച്ചുതരുന്നു. അല്ലാതെ തര്‍ക്കശാസ്ത്രമെന്നപോലെ കേവലയുക്തികൊണ്ട് എന്തെങ്കിലും സ്ഥാപിക്കാനോ എന്തെങ്കിലും തള്ളിക്കളയാനോ അല്ല നോക്കുന്നത്. വേദാന്തവാക്യങ്ങള്‍ പ്രതിപാദിക്കുമ്പോള്‍ സത്യദര്‍ശനത്തിന് എതിരായി നില്‍ക്കുന്ന സാംഖ്യസിദ്ധാന്തങ്ങളും മറ്റും നിരാകരിക്കപ്പെടേണ്ടതാണല്ലോ. അതിനുവേണ്ടിയാണ് രണ്ടാംപാദം ആരംഭിക്കുന്നത്. വേദാര്‍ത്ഥം ഉറപ്പുവരുത്തുന്നതാണ് സത്യദര്‍ശനം. അത് നിര്‍ണ്ണയിക്കാനാണ് ആദ്യമായി നാം സ്വന്തം പക്ഷം സ്ഥാപിച്ചത്. എതിര്‍പക്ഷത്തെ നിരാകരിക്കുന്നതിനേക്കാള്‍ സ്വന്തം പക്ഷം ഉറപ്പിക്കുന്നതാണല്ലോ ശ്രേഷ്ഠം.”
“ജീവന്‍മുക്തി ആഗ്രഹിക്കുന്നവര്‍ക്ക് മോക്ഷസാധനമായ സത്യദര്‍ശനം നേടിക്കൊടുക്കാന്‍ സ്വന്തംപക്ഷംമാത്രം ഉറപ്പിച്ചാല്‍ മതിയാകുമല്ലോ എന്നൊരു സംശയം നിങ്ങള്‍ക്കുണ്ടാവാം. എന്തിനാണ് അന്യര്‍ക്ക് ദോഷമുണ്ടാക്കുന്ന അവരുടെ പക്ഷത്തെ നാം നിരാകരിക്കാനൊരുങ്ങുന്നത് എന്ന ചോദ്യം ഉയര്‍ന്നുവരാം. നിരവധി ആളുകള്‍ അംഗീകരിച്ചിട്ടുള്ള വലിയ ശാസ്ത്രങ്ങളാണ് സാംഖ്യശാസ്ത്രവും അതുപോലുള്ള മറ്റുചിലതും. സത്യം കാണിച്ചുതരുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അവയൊക്കെ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ചില ആളുകള്‍ ഇവയില്‍ക്കൂടിയും സത്യം ഗ്രഹിക്കാമല്ലോ എന്നുകരുതി അവയെ ആശ്രയിച്ച് അതിന്റെ പിന്നാലെ പോകുന്നു. അവ യുക്തിയില്‍ ഉറപ്പുള്ളവയാണെന്നും, സര്‍വ്വജ്ഞനായ കപിലമഹര്‍ഷി പറഞ്ഞതാണെന്നുമൊക്കെ അവര്‍ കരുതുന്നു. അതുകൊണ്ടാണ് അവ ശ്രേഷ്ഠമല്ലെന്ന് നമുക്ക് പ്രതിപാദിക്കേണ്ടിവരുന്നത്.”
”ഒന്നാമധ്യായത്തില്‍ പലയിടത്തും നാം സാംഖ്യപക്ഷത്തെ നിരാകരിച്ചതാണ്. ഇനിയെന്തിനാണ് രണ്ടാമധ്യായത്തിലും ഇവ വീണ്ടും പരാമര്‍ശിക്കുന്നത് എന്ന സംശയം നിങ്ങള്‍ക്കുണ്ടാകും. സാംഖ്യന്മാരും മറ്റും അവരുടെ പക്ഷം സ്ഥാപിക്കാനായി നമ്മുടെ വേദാന്തവാക്യങ്ങളെ ഉദാഹരണമായി പലയിടത്തും നിരത്താറുണ്ട്. എന്നിട്ട് അവരുടെ ശാസ്ത്രത്തിന് യോജിക്കുന്ന രീതിയില്‍ അവര്‍ അവയെ തെറ്റായി വ്യാഖ്യാനിക്കുന്നു. അത്തരം തെറ്റായ വ്യാഖ്യാനങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. അതുകൊണ്ടാണ് വേദദര്‍ശനങ്ങളെ സ്ഥാപിച്ചെടുക്കാനായി സാംഖ്യന്മാരുടെയും മറ്റും തെറ്റായ രീതികളെ നമ്മുക്കു വീണ്ടും പരാമര്‍ശിക്കേണ്ടിവരുന്നത്.”
ശിഷ്യന്മാരും പ്രശിഷ്യന്മാരും ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ട്. അവര്‍ക്ക് ശൃംഗേരിയിലെ കാനനാന്തരീക്ഷം വേദപഠനത്തിന് കൂടുതല്‍ ഇണക്കമുള്ളതായി അനുഭവപ്പെടുന്നുണ്ടാവണം.
ഏകസ്മിന്നസംഭവാധികരണം.
”ബ്രഹ്‌മസൂത്രം മുപ്പത്തിമൂന്നില്‍ പറയുന്നതുനോക്കാം. നൈകസ്മിന്നസംഭവാത്. ന, ഏകസ്മിന്‍; അസംഭവാത് എന്നാണ് പദഛേദം. ജൈനമതം ജനങ്ങള്‍ക്ക് അംഗീകാര്യമാകുമോ? ഒരിടത്തും സംഭവിക്കുകയില്ലെന്നുള്ളതുകൊണ്ട്, എന്നാണ് പദത്തിന്റെ അര്‍ത്ഥംതന്നെ സൂചിപ്പിക്കുന്നത്. ഒരേയിടത്ത് തികച്ചും പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കാമെന്ന് ജൈനന്മാര്‍ കരുതുന്നു. അത് അസാധ്യമായതുകൊണ്ട് ആ വിശ്വാസം ഉപേക്ഷിക്കപ്പെടേണ്ടതാണെന്ന് ബ്രഹ്‌മസൂത്രതാല്പര്യം. ദിഗംബരമതമാണ് നാം ഇവിടെ നിരാകരിക്കപ്പെടുന്നത്. ഏഴു പദാര്‍ത്ഥങ്ങള്‍ ഉണ്ടെന്ന് ജൈനമതം കരുതുന്നു. ജീവന്‍, അജീവം, ആസ്രവം, സംവരം, നിര്‍ജരം, ബന്ധം, മോക്ഷം എന്നിവയാണവ. ഇവിടെ ജീവന്‍ ഭോക്താവാണ്; അതേസമയം ഭോഗ്യവിഷയമാണ് അജീവം. ഇന്ദ്രിയങ്ങളുടെ വിഷയാഭിമുഖ്യമാണ് ആസ്രവം. അതിനെ നിയന്ത്രിക്കുന്ന യമനിയമാദിയാണ് സംവരം. പാപത്തെ നശിപ്പിക്കുന്ന കഠിനസാധനകളാണ് നിര്‍ജരം. കര്‍മ്മമാണ് ബന്ധം. കര്‍മ്മപാശം നശിക്കുമ്പോള്‍ ലോകമില്ലാത്ത ആകാശത്തില്‍ ഉയര്‍ന്നുയര്‍ന്നു പോകുന്നതാണ് മോക്ഷം! ഇവയെ ചുരുക്കിപ്പറഞ്ഞാല്‍ ജീവനെന്നും അജീവമെന്നും രണ്ട് പദാര്‍ത്ഥങ്ങളില്‍ ഒതുക്കാവുന്നതുമാണ്. ബാക്കിയെല്ലാം ആ രണ്ടിന്റേയും അപ്പോഴപ്പോഴുള്ള അന്യോന്യയോഗം കൊണ്ട് വന്നുചേരുന്നവയാണ്”.
”അഞ്ച് അസ്തികായങ്ങള്‍ ചേര്‍ന്ന് മറ്റൊരു സംവിധാനം ഉണ്ടെന്ന് അവര്‍ പറയുന്നു. അസ്തികായ ശബ്ദത്തിന് പദാര്‍ത്ഥമെന്നേ അര്‍ത്ഥമുള്ളൂ, കേട്ടോ. ജീവാസ്തികായം, പുദ്ഗലാസ്തികായം, ധര്‍മാസ്തികായം, അധര്‍മാസ്തികായം, ആകാശാസ്തികായം ഇവയാണ് പഞ്ചകാസ്തികായങ്ങള്‍. ജീവന്‍ തന്നെയാണ് ജീവാസ്തികായം. പരമാണു സംഘാതമാണ് പുദ്ഗലാസ്തികായം. ഈ ഓരോന്നിനും അവാന്തരവിഭാഗങ്ങളായ അനേകതരം വിഭാഗങ്ങള്‍ വീണ്ടും കല്പിക്കപ്പെടുന്നു. ഇതുകൂടാതെ ജൈനന്മാര്‍ എല്ലായിടത്തും സപ്തഭംഗീനയം അംഗീകരിക്കുന്നു. ഏഴ് പദാര്‍ത്ഥങ്ങളുടെയും ഉണ്മയ്ക്കും മറ്റും വന്നുചേരുന്ന മാറ്റങ്ങളുടെ കൂട്ടത്തെക്കാണിക്കുന്ന യുക്തിയാണ് സപ്തഭംഗീനയം. ഉണ്ടായിരിക്കാം, ഇല്ലാതിരിക്കാം, ഉണ്ടായിരിക്കുകയും ഇല്ലാതിരിക്കുകയുമാവാം, അവര്‍ണ്യമായിരിക്കാം, ഉണ്ടായിരിക്കവെ അവര്‍ണ്യമായിരിക്കാം, ഇല്ലാതിരിക്കവെ അവര്‍ണ്യമായിരിക്കാം. തീര്‍ന്നില്ല, ഉണ്ടായിരിക്കുകയും ഇല്ലാതിരിക്കുകയും ചെയ്യവെ അവര്‍ണ്യമായിരിക്കാം എന്നിവയാണ് സപ്തഭംഗീനയം. ഇങ്ങനെ ഏകത്തിലും നിത്യത്തിലുമൊക്കെ അവര്‍ ഈ സപ്തഭംഗീനയം അംഗീകരിക്കുന്നു.”
”ഈ സിദ്ധാന്തം എങ്ങനെ ശരിയാകും? ഒരേയിടത്ത് ഇതെല്ലാംകൂടി ഒരിക്കലും സംഭവിക്കുകയില്ല. ഒരു വസ്തുവില്‍ ഒരുമിച്ച് ഉണ്ടായിരിക്കുക, ഇല്ലാതിരിക്കുക എന്നിങ്ങനെയുള്ള വിരുദ്ധധര്‍മ്മങ്ങള്‍ സാധ്യമല്ല. തണുപ്പും ചൂടും ഒരിടത്ത് ഒരുമിച്ചിരിക്കുമോ? അവര്‍ ഏഴുപദാര്‍ത്ഥങ്ങളെ വേറെ വേറെയായി നിര്‍ദ്ദേശിച്ചിട്ടുണ്ടല്ലോ. എന്നിട്ട് അവര്‍ പറയുന്നതോ, അവ അങ്ങനെയുള്ളവയുമാകാം, അങ്ങനെയല്ലാത്തവയുമാകാം. അല്ലെങ്കില്‍പ്പോലും അങ്ങനെയുമാകാം, അങ്ങനെയല്ലാതെയുമാകാം എന്നിങ്ങനെ തീരുമാനമില്ലാത്ത ജ്ഞാനം സംശയജ്ഞാനംപോലെ ഒരിക്കലും പ്രമാണയുക്തമാവുകയില്ല. വസ്തു അനേകതരത്തിലുള്ളതാണെന്ന് ഉറപ്പുവന്നതിന്റെ ഫലമായി തീര്‍ച്ചപ്പെടുത്തി ഉണ്ടാകുന്ന ജ്ഞാനം ഒരിക്കലും സംശയജ്ഞാനംപോലെ പ്രമാണമല്ലാതായിത്തീരുകയില്ല. ഒരു സംശയവുമില്ലാതെ വസ്തു അനേകരൂപത്തിലുള്ളതാണെന്ന് അവര്‍തന്നെ സ്വയം തീരുമാനിക്കുകയല്ലേ! അപ്പോള്‍ അവരുടെ തീരുമാനവും വസ്തുവില്‍പ്പെടും. അതിനും സപ്തഭംഗീനയം ഏര്‍പ്പെടും. അങ്ങനെയായാല്‍ തീരുമാനം ഉണ്ടെന്നു വരാം, ഇല്ലെന്നുംവരാം എന്നു തുടങ്ങിയ വികല്പങ്ങള്‍ വന്നുചേരും. അതോടെ തീരുമാനം തീരുമാനമല്ലാതായിത്തീരും. ഇങ്ങനെ തീരുമാനിച്ചാലും, തീരുമാനവും ചിലപ്പോള്‍ ഉള്ളതാകാം ചിലപ്പോള്‍ ഇല്ലാത്തതുമാകാം. അപ്പോള്‍പ്പിന്നെ മറ്റുള്ളവര്‍ക്ക് വഴികാട്ടേണ്ട തീര്‍ത്ഥംകരന്‍, പ്രമാണം, പ്രമേയം, പ്രമാതാവ്, പ്രമാണക്രിയ എന്നിവയില്‍ മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കാന്‍ എങ്ങനെ കഴിവുള്ളവനാകും? എങ്ങനെയാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ഒരു തീരുമാനവുമില്ലാതെ അദ്ദേഹം ഉപദേശിക്കുന്ന കാര്യത്തില്‍ പ്രവര്‍ത്തിക്കുക? സ്ഥിരമായ ഒരു ലക്ഷ്യം നിര്‍ദ്ദേശിച്ചാലല്ലേ അതുനേടാനുള്ള സാധനാനുഷ്ഠാനങ്ങളുമായി ജനങ്ങള്‍ക്ക് സംശയമില്ലാതെ മുന്നോട്ടുപോകാനാകൂ. ഒരു നിശ്ചയവുമില്ലാതെ ശാസ്ത്രം രചിച്ചാല്‍ അത് ആളുകള്‍ വിശ്വസിക്കുകയില്ല.”
”പഞ്ചാസ്തികായങ്ങള്‍ക്ക് അഞ്ച് എന്ന സംഖ്യ നിര്‍ദ്ദേശിക്കുന്നുണ്ടല്ലോ. ആ അഞ്ച് എന്ന സംഖ്യ ഉണ്ടെന്നും വരാം ഇല്ലെന്നും വരാം. ഒരുപക്ഷത്തിലുള്ളതാകാം, മറുപക്ഷത്തില്‍ ഇല്ലാത്തതുമാകാം. അങ്ങനെ സംഖ്യ കൂടിയെന്നുംവരാം കുറഞ്ഞെന്നും വരാം. അതുപോലെ ഈ പദാര്‍ത്ഥങ്ങള്‍ക്ക് അവര്‍ണ്യത്വം സാധ്യമല്ല. അവര്‍ണ്യമാണെങ്കില്‍ അവയെ വര്‍ണ്ണിക്കുമായിരുന്നില്ലല്ലോ. അവയെ വിവരിക്കുന്നു, ഒപ്പം അവര്‍ണ്യങ്ങളാണെന്നു പറയുകയും ചെയ്യുന്നു. ഇത് പരസ്പരവിരുദ്ധമല്ലേ? വര്‍ണ്ണിക്കപ്പെടുന്നവ അതുപോലെ ധരിക്കപ്പെടുന്നു; എന്നാല്‍ ധരിക്കപ്പെടുന്നില്ല എന്നു പറയുന്നതും വിരുദ്ധമല്ലേ? ഇനി ഇവയൊക്കെ ധരിക്കുന്നതിന്റെ ഫലമായി ശരിയായ അറിവുണ്ടാകുന്നുണ്ടോ, അതോ ഉണ്ടാകുന്നില്ലേ? അതിനു വിപരീതമായ തെറ്റായ ജ്ഞാനം ഉണ്ടാകുന്നോ, അതോ ഉണ്ടാകുന്നില്ലേ? ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍ ഭ്രാന്തുപിടിക്കുകയേയുള്ളൂ. അല്ലാതെ വിശ്വസിപ്പിക്കുന്നവന്റെ പക്ഷത്തെത്താനേ സാധ്യമല്ല. സ്വര്‍ക്ഷത്തിന്റെയും മോക്ഷത്തിന്റെയും കാര്യത്തിലൊക്കെ അവ ഉള്ളവയാകാം ഇല്ലാത്തവയുമാകാം, നിത്യമാണെന്നുവരാം, അനിത്യമാണെന്നും വരാം. അങ്ങനെ വ്യക്തമായ തീരുമാനമില്ലെങ്കില്‍ അവയ്ക്കുവേണ്ടി ആരു പ്രയത്‌നിക്കും?!”
”അനാദിസിദ്ധമെന്നു കരുതുന്ന അവരുടെ ശാസ്ത്രത്തിലെ ജീവാദി പദാര്‍ത്ഥങ്ങള്‍ക്ക് അവയുടെ സ്വഭാവം ഇങ്ങനെയിങ്ങനെയൊക്കെയാണെന്ന് നിശ്ചയിക്കാനേ കഴിയാതെ വരും. ഇതുപോലെ ജീവന്‍ തുടങ്ങിയ അനേക പദാര്‍ത്ഥങ്ങളില്‍ ഓരോന്നിലും ഉണ്മ, ഇല്ലായ്മ തുടങ്ങിയ വിരുദ്ധധര്‍മ്മങ്ങള്‍ വന്നുചേരുന്നത് ഒരിക്കലും സംഭവിക്കാവുന്നതല്ല. അതുപോലെയുള്ള ഒരു ധര്‍മ്മത്തില്‍ ഇല്ലായ്മ എന്ന വിരുദ്ധധര്‍മ്മം ഒരിക്കലും സംഭവിക്കുകയില്ല; അതുപോലെ ഇല്ലായ്മയില്‍ ഉണ്മയും. അതിനാല്‍ ഈ സിദ്ധാന്തം ഒരു തരത്തിലും യുക്തിഭദ്രമല്ലെന്ന് നാം അറിയേണ്ടതാണ്. ഈ പറഞ്ഞതില്‍നിന്ന് ഒന്ന്, അനേകം, നിത്യം, അനിത്യം തുടങ്ങി അനേകകാര്യങ്ങളില്‍ ഒരുമിച്ചുണ്ടാകാമെന്ന സിദ്ധാന്തം പൂര്‍ണ്ണമായും നിരാകരിക്കപ്പെട്ടിരിക്കുന്നു ഇവിടെ. ഇനി ജൈനന്മാര്‍ പുദ്ഗലം എന്ന് പേരിട്ടിരിക്കുന്ന, അണുക്കളില്‍ നിന്നും പദാര്‍ത്ഥങ്ങള്‍ രൂപം കൊള്ളാമെന്ന വാദം നേരത്തേതന്നെ അണുവാദ നിരാകരണത്തില്‍ നാം നിരസിച്ചു കഴിഞ്ഞതുകൊണ്ട് അതിനായി വേറെ ശ്രമമൊന്നും ഇവിടെ നടത്തുന്നില്ല….”
ഭാഷ്യാവതരണ വിഷയത്തില്‍ വരള്‍ച്ചയുടെ മുരടിപ്പ് അനുഭവപ്പെട്ടതുകൊണ്ടാവാം, മിക്കവരും ആലസ്യത്തിലേക്ക് ചേക്കേറിക്കഴിഞ്ഞപോലെ!
”ശരി. ഇന്നത്തേക്ക് നിര്‍ത്താം. ഇനി ഈ വിഷയം നിങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു.”
(തുടരും)