- നിര്‍വികല്പം
- വൃഷാചലേശ്വരന്‍ (നിര്‍വികല്പം 2)
- ഭിക്ഷാംദേഹി (നിര്‍വികല്പം 3)
- സര്‍വ്വജ്ഞഭൂമിയില്‍ (നിര്‍വികല്പം 19)
- മുതലയുടെ പിടി (നിര്‍വികല്പം 4)
- ഗുരുവിനെ തേടി (നിര്‍വികല്പം 5)
- ചണ്ഡാളന്‍(നിര്‍വികല്പം 6)
അംബാവനത്തിന് അഭിമുഖമായി നിലകൊള്ളുന്ന പര്‍വ്വതശൃംഗത്തിന്റെ ചെരിവിലുളള ശിലാഗുഹയില്‍ ശിഷ്യന്മാര്‍ കാത്തിരിക്കുകയായിരുന്നു.
കുടജാദ്രിയില്‍നിന്ന് അവര്‍ കുറേക്കൂടി മുകളിലേക്ക് കയറിയിരിക്കുന്നു. ചിത്രമൂലയിലെ പര്‍വ്വതപ്പാറയ്ക്കുള്ളില്‍ പ്രകൃതിയൊരുക്കിയ ഗുഹയില്‍ കഷ്ടിച്ച് നാലഞ്ചുപേര്‍ക്ക് കഴിഞ്ഞുകൂടാം.
കാട്ടുമരത്തില്‍നിന്ന് തൂങ്ങിയിറങ്ങിയ വളളിപ്പടര്‍പ്പില്‍പ്പിടിച്ച്, കീഴ്ക്കാം തൂക്കായ പാറച്ചെരുവില്‍ ചുവടുറപ്പിച്ച് ഗുഹയിലേക്ക് മെല്ലെ നുഴഞ്ഞുകയറിപ്പറ്റി. ചിത്രമൂലഗുഹയിലിരുന്നു നോക്കിയാല്‍ അഗാധമായ താഴ്‌വരയില്‍ അനന്തതയിലേക്ക് വ്യാപിച്ചുകിടക്കുന്ന അംബാവനം കാണാം. സൃഷ്ടിസ്ഥിതിലയങ്ങളുടെ പൊരുള്‍ നിഗൂഢമായി ഗര്‍ഭത്തിലൊളിപ്പിച്ച ഒരു വനദേവതയായി അംബാദേവിയുടെ ആരണ്യകം മുന്നില്‍ ചിരിപൊഴിച്ചുനിന്നു. മൂകനെ വാക്യകുശലനാക്കാന്‍ കഴിവുളള മൂകാംബികാദേവി വാണരുളുന്ന പുണ്യഭൂമി!
കാശിതീര്‍ത്ഥവും അഗ്നിതീര്‍ത്ഥവും അംബാവനത്തിന്റെ ചരിതവുംപേറി കളകളാരവത്തോടെ സൗപര്‍ണ്ണികാനദിയില്‍ചെന്നു ലയിക്കുന്നു. സാത്വികനിഷ്ഠരായ ഭക്തരും സാധകരും, ജ്ഞാനവും ഐശ്വര്യവും വിദ്യയും തേടി മൂകാംബികാദേവിയുടെ സന്നിധിയിലേക്ക് തീര്‍ത്ഥാടനം ചെയ്യുന്നു. ഔഷധസസ്യങ്ങള്‍കൊണ്ട് സമ്പന്നമായ കാനനഭൂമിക്ക് അഭിമുഖമായിരുന്ന് ചിത്രമൂലഗുഹയില്‍ തപസ്സനുഷ്ഠിക്കുമ്പോള്‍ പ്രപഞ്ചം അതിന്റെ പൂര്‍ണ്ണനിറവോടെ ഉളളില്‍ നിറയുന്നതറിഞ്ഞു.
ധ്യാനാനുഷ്ഠാനങ്ങള്‍ മൂന്നുദിവസം പിന്നിട്ടുകഴിഞ്ഞപ്പോള്‍ ഗുഹയുടെ ഇടുങ്ങിയ അന്തരീക്ഷംവിട്ട് പുറത്തിറങ്ങി. സര്‍വ്വജ്ഞഭൂമിയുടെ വിശാലമായ അന്തരീക്ഷത്തിലേക്ക് മെല്ലെ കയറിച്ചെന്നു. ജ്ഞാനത്തിന്റെ ഭൂമികയില്‍ ഒരു ശിലാപീഠം സ്ഥാപിച്ച് ശിഷ്യവൃന്ദങ്ങളോടൊപ്പം ധ്യാനജപങ്ങളില്‍ മുഴുകി.
സര്‍വ്വജ്ഞഭൂമിയിലിരുന്നു കിഴക്കോട്ടു നോക്കുമ്പോള്‍, അഗാധമായ താഴ്‌വരയില്‍ മറ്റൊരു നിബിഡവനം ഇരുണ്ടുകിടന്നു. അത് അംബാവനത്തില്‍ചെന്നു ചേരുകയാണ.് പൂമരങ്ങള്‍ നിറഞ്ഞ അതിരമണീയമായ ദേവിയുടെ പൂങ്കാവനം.
ഗണപതിഗുഹയും കുടജാദ്രിയും പിന്നിട്ട് കാനനഭൂമിയിലൂടെ നടന്നുനീങ്ങുമ്പോള്‍ പ്രകൃതിയുടെ ചേതോഹരമായ കാഴ്ചകള്‍ക്കു മുന്നില്‍ മനസ്സ് കുമ്പിട്ടു.
അഗ്നിതീര്‍ത്ഥക്കരയിലുളള മൂകാംബികാ ദേവിയുടെ ക്ഷേത്രം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ത്രസിച്ചു നില്‍ക്കുകയായിരുന്നു. ആ ഭക്തിസ്പന്ദനങ്ങളുടെ അലൗകികാകര്‍ഷണത്തില്‍ മുങ്ങി ഹൃദയം നിറഞ്ഞുതുളുമ്പി. ദേവിയുടെ വിഗ്രഹത്തിനു മുന്നില്‍ ദര്‍ശനത്തിനായി നില്‍ക്കുമ്പോള്‍ ആനന്ദാശ്രുക്കള്‍ കവിളുകളില്‍ ചാലുകള്‍ തീര്‍ത്തു. സാക്ഷിഭാവത്തില്‍ സദാ നിലകൊണ്ടിരുന്ന തനിക്ക് ഇപ്പോള്‍ ഹൃദയഭാവത്തെ തടയാനാവുന്നില്ല. ഭാവാവേശത്തില്‍ ദേവിയെപ്പറ്റി ഒരു പദ്യംരചിച്ച് ആ തൃപ്പാദങ്ങളില്‍ നോക്കി ചൊല്ലി.
വിരിഞ്ചാദിഭിഃ പഞ്ചഭിര്‍ലോകപാലൈഃ
സമൂഢേ മഹാനന്ദപീഠേ നിഷണ്ണം
ധനുര്‍ബാണപാശാങ്കുശ പ്രോതഹസ്തം
മഹസ്‌ത്രൈപുരം ശങ്കരാദ്വൈതമപ്യാല്‍.
ജഗജ്ജാലമേതത് ത്വയൈവാംബ സൃഷ്ടം
ത്വമേവാദ്യയാസീന്ദ്രിയൈരര്‍ഥജാലം
ത്വമേകൈവകര്‍ത്രീത്വമേവൈക ഭോക്ത്രീ
നമേപുണ്യപാപേ നമേബന്ധമോക്ഷൗ
ഇതി പ്രേമഭാരേണ കിംചിന്മയോക്തം
നബുദ്‌ധൈ്വവതത്ത്വം മദീയംത്വദീയം
വിനോദായ ബാലസ്യമൗഖ്യം ഹിമാത-
സ്തദേതത് പ്രലാപസ്തുതിം മേ ഗൃഹാണ
മൂകാംബികയിലെത്തിയ ജിജ്ഞാസുക്കളായ ഭക്തര്‍ തന്റെ ഹ്രസ്വമായ ജ്ഞാനപ്രഭാഷണം കേട്ട് സംശയമുക്തരാകുന്നതറിഞ്ഞു. എല്ലാവര്‍ക്കും സന്തോഷവും ശാന്തിയും അനുഭവപ്പെടട്ടെ! പണ്ഡിത ശിരോമണികളില്‍ പലര്‍ക്കും വിദ്യാഗര്‍വ്വിന്റെ വികലജ്ഞാനഭാരം. മൂകാംബികയിലെ പണ്ഡിതന്മാരുടെ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം പറഞ്ഞെങ്കില്‍ മാത്രമെ ക്ഷേത്രാങ്കണത്തിലുളള സരസ്വതീ പീഠത്തില്‍ കയറിയിരിക്കുവാന്‍ പാടുളളൂവത്രെ. അങ്ങനെയൊരു വ്യവസ്ഥ അവര്‍ മുന്നോട്ടുവെച്ചിരിക്കുന്നു.
പണ്ഡിതന്മാരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി. പക്ഷേ, ഒരു വൃദ്ധപണ്ഡിതന്റെ കൈയിലിരുന്ന ഓട്ടുവളയത്തില്‍ പെട്ടെന്ന് ശ്രദ്ധ പതിഞ്ഞപ്പോള്‍ അദ്ദേഹം കൗശലപൂര്‍വ്വം ഒരു ചോദ്യമെടുത്തിട്ടു.
”ഈ സഭാസ്ഥാനത്ത് ഒരിടത്ത് ഞാന്‍ ഒരു ഇരുമ്പുദണ്ഡ് രഹസ്യമായിവെച്ചിട്ടുണ്ട്. ആ ദണ്ഡില്‍ ഈ വളയത്തിന്റെ കേന്ദ്രം എത്തത്തക്കവിധം നിങ്ങള്‍ക്ക് ഇത് നിക്ഷേപിക്കാനാവുമോ?”
അയാളുടെ കൈയില്‍നിന്ന് ആ വളയം വാങ്ങി ധ്യാനപൂര്‍വ്വം കണ്ണടച്ച് മേല്‌പോട്ടെറിഞ്ഞു… വളയത്തിന്റെ കേന്ദ്രസ്ഥാനത്ത് ദണ്ഡ് കോര്‍ക്കപ്പെട്ടു!
”ശരി, സമ്മതിച്ചു. സരസ്വതീ പീഠത്തില്‍ ആരോഹണം ചെയ്യാന്‍ താങ്കള്‍ സര്‍വ്വഥാ യോഗ്യനാണ്!”
ആ ദണ്ഡാണ് ഒരാളുടെ യോഗ്യതയളക്കാനുളള അവരുടെ മാനദണ്ഡമെന്നോര്‍ത്തപ്പോള്‍ വിദ്യാരൂപിണിയായ ദേവിയുടെ മുഖം മനസ്സിലേക്കോടി വന്നു. മഹാപണ്ഡിതന്മാരും അര്‍ദ്ധപണ്ഡിതന്മാരും പാണ്ഡിത്യമില്ലാത്തവരുമായ നിരവധിപേര്‍ മൂകാംബികയിലുണ്ട്. അവര്‍ ശിഷ്യത്വം സ്വീകരിക്കുവാനായി അരികിലേക്ക് വന്നുകൊണ്ടിരുന്നു…
ശിഷ്യവൃന്ദങ്ങളോടൊപ്പം മൂകാംബികയില്‍ നിന്ന് ശ്രീവേലിയിലേക്ക്.
രണ്ടായിരത്തോളം അഗ്നിഹോത്രികളായ ബ്രാഹ്‌മണര്‍ താമസിക്കുന്ന ഗ്രാമമാണ് ശ്രീവേലി. അവിടെ നടക്കുന്ന യജ്ഞത്തില്‍ ഹോമിക്കപ്പെടുന്ന നെയ്യുടെ സൗരഭ്യം അന്തരീക്ഷമാകെ നിറഞ്ഞുനിന്നു. വേദമന്ത്രങ്ങളുടെ സ്പന്ദനങ്ങള്‍കൊണ്ട് ശ്രീവേലിഗ്രാമം ഭക്തിനിര്‍ഭരമായിരുന്നു. ഗ്രാമത്തിന്റെ മധ്യത്തില്‍ ശ്രീപാര്‍വ്വതീപരമേശ്വരന്മാരുടെ ക്ഷേത്രങ്ങള്‍ തലയുയര്‍ത്തി നില്പുണ്ട്.
ക്ഷേത്രദര്‍ശനം കഴിഞ്ഞ് വിജനമായ സ്വാസ്ഥ്യസ്ഥാനം തേടിയെത്തി. യാത്രാക്ഷീണംകൊണ്ട് എല്ലാവരും മയങ്ങിത്തുടങ്ങിയിരിക്കുന്നു. ഉണരുമ്പോഴേയ്ക്കും തങ്ങളുടെ ഗ്രാമസന്ദര്‍ശനമറിഞ്ഞ് ഭക്തജനങ്ങള്‍ നാനാദിക്കില്‍ നിന്നും ദര്‍ശനത്തിനായി അരികിലേക്ക് പ്രവഹിക്കുകയായിരുന്നു.
ശ്രീവേലിയിലെ ബ്രാഹ്‌മണര്‍ കര്‍മ്മകാണ്ഡത്തില്‍ താല്പര്യമുളളവരും മീമാംസകമതം അവലംബിക്കുന്നവരുമാണ്. സുരേശ്വരനോടും പത്മപാദനോടും അവര്‍ക്കുവേണ്ടുന്ന അറിവുകള്‍ പകര്‍ന്നുനല്‍കുവാന്‍ നിര്‍ദ്ദേശം കൊടുത്തു.
അദ്വൈതമതത്തില്‍ കര്‍മ്മകാണ്ഡത്തിനു സ്ഥാനമുണ്ടെന്നും അധികാരിഭേദമനുസരിച്ച് കര്‍മ്മകാണ്ഡം പ്രയോജനകരമാണെന്നും മനസ്സിലായപ്പോള്‍ അവര്‍ക്ക് തര്‍ക്കിക്കുവാന്‍ പഴുതില്ലാതെയായി. വേദാന്തത്തിന്റെ പരമതാല്പര്യം ബ്രഹ്‌മജ്ഞാനമാണെന്ന് മനസ്സിലാക്കിയ അവര്‍ സ്വന്തം ധര്‍മ്മാനുഷ്ഠാനങ്ങളില്‍ കൂടുതല്‍ നിഷ്ഠയുളളവരായി കാണപ്പെട്ടു.
വേദശാസ്ത്രജ്ഞനും ധര്‍മ്മനിഷ്ഠനുമായ ഒരു ബ്രാഹ്‌മണനെ ശ്രീവേലിയിലെ ഭക്തരുടെയിടയില്‍ കാണാനിടവന്നു. അദ്ദേഹം വളരെയേറെ ധനസമ്പത്തുളളയാളാണത്രെ. പക്ഷേ, ഭൗതിക സമ്പത്തിനോടൊപ്പംതന്നെ അതീവ ദു:ഖിതനുമായിരുന്നു. അദ്ദേഹത്തിന്റെ ഒരേയൊരു പുത്രന് പതിമൂന്നുവയസ്സു പ്രായം. എന്നിട്ടും ഇതുവരെ സംസാരിച്ചു തുടങ്ങിയിട്ടില്ല. ആഹാരം ആരെങ്കിലും വാരിക്കൊടുത്താല്‍ മാത്രം കഴിക്കും. കിടത്തിയാല്‍ കിടക്കും. ഇരുത്തിയാല്‍ ഇരിക്കും. നിര്‍ത്തിയാല്‍ നില്ക്കും… അവന് ഒരുകാര്യവും സ്വന്തമായി ചെയ്യാനാവുന്നില്ല. തേജോമാന്ദ്യത്തിന്റെ ആള്‍രൂപം! ഊര്‍ജ്ജപ്രസരണം തീരെയില്ലാത്തൊരു കുട്ടി.
മകനെയും കൊണ്ടാണ് പ്രഭാകരന്‍ അരികിലേക്ക് വന്നത്. വന്നപാടെ അദ്ദേഹം കാല്‍ച്ചുവട്ടില്‍വീണ് സാഷ്ടാംഗം നമസ്‌ക്കരിച്ചു. പുത്രനെക്കൊണ്ടും നമസ്‌ക്കരിപ്പിച്ചു.
പക്ഷേ, നമസ്‌ക്കാരശയനത്തില്‍നിന്ന് എണീക്കാനാവാതെ അതേ കിടപ്പില്‍ത്തന്നെ കുട്ടി കിടക്കുന്നു. അതുകണ്ട് പ്രഭാകരന്‍ പറഞ്ഞു:
”ഇവന്‍ ജഡപിണ്ഡംപോലെ കിടക്കും ഗുരോ. ഇരുത്തിയാല്‍ ഇരിക്കും. കിടത്തിയാല്‍ കിടക്കും. ഊട്ടിയാല്‍ ഉണ്ണും. പതിമൂന്ന് വയസ്സായിട്ടും ഇതുവരെ ഒരു വാക്കുപോലും ഉച്ചരിച്ചിട്ടില്ല. ഉപനയനം നടത്തിയിട്ടുണ്ടെങ്കിലും ഒരനുഷ്ഠാനവും ഇയാളെക്കൊണ്ട് ചെയ്യിക്കാന്‍ സാധിക്കുന്നില്ല. കൂട്ടുകാര്‍ വിളിച്ചാല്‍ കളിക്കാന്‍ കൂടി പോകില്ല. ദുഷ്ടന്മാര്‍ ഉപദ്രവിച്ചാലും അനങ്ങാതെയിരിക്കും. കോപം, സന്തോഷം, സങ്കടം തുടങ്ങിയ വികാരങ്ങളൊന്നുമില്ല. ഇവന്റെ ജഡത്വം മാറ്റിത്തന്ന് എന്റെ കുട്ടിയെ അങ്ങ് രക്ഷിക്കണം.”
കാല്‍പ്പാദത്തില്‍ കമിഴ്ന്നുകിടക്കുന്ന കുട്ടിയെ പിടിച്ചെഴുന്നേല്‍പ്പിച്ചുകൊണ്ട് ചോദിച്ചു:
”കസ്ത്വം ശിശോ കസ്യ കുതോƒസി ഗന്താ
കിം നാമ തേ ത്വം കുത ആഗതോƒസി
ഏതന്മയോക്തം വദ ചാര്‍ഭക ത്വം
മത് പ്രീതയേ പ്രീതിവിവര്‍ദ്ധനോƒസി.”
ബാലാ, നീ ആരാണ്? നിന്റെ പേരെന്താണ്? നീ എവിടെനിന്നു വന്നു? എവിടേക്ക് പോകുന്നു? നിനക്ക് എന്താണ് വേണ്ടത്? എന്റെ ഈ ചോദ്യങ്ങള്‍ക്ക് നീ ഉത്തരം നല്‍കിയാല്‍ ഞാന്‍ സന്തുഷ്ടനാകും.
പെട്ടെന്ന് അവന്‍ ഉണര്‍ന്ന്, കുറെ പദ്യങ്ങള്‍ ചൊല്ലാന്‍ തുടങ്ങി:
”നാഹം മനുഷ്യോ ന ച ദേവ യക്ഷൗ
ന ബ്രാഹ്‌മണ ക്ഷത്രിയ വൈശ്യശുദ്രാഃ
ന ബ്രഹ്‌മചാരീ ന ഗൃഹീ വനസ്ഥോ
ഭിക്ഷുര്‍ ന ചാഹം നിജബോധരൂപഃ
ഞാന്‍ മനുഷ്യനല്ല ഗുരോ. ദേവനുമല്ല, യക്ഷനുമല്ല. ഞാന്‍ ബ്രാഹ്‌മണനല്ല, ക്ഷത്രിയനല്ല, വൈശ്യനല്ല, ശൂദ്രനുമല്ല. ഞാന്‍ ബ്രഹ്‌മചാരി, ഗൃഹസ്ഥന്‍, വാനപ്രസ്ഥന്‍, സന്ന്യാസി എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ആശ്രമിയും അല്ല. ഞാന്‍ ബോധസ്വരൂപനായ ആത്മാവാകുന്നു.
”നിമിത്തം മനശ്ചക്ഷുരാദി പ്രവൃത്തൗ
നിരസ്താഖിലോപാധിരാകാശ കല്പഃ
രവിര്‍ ലോക ചേഷ്ടാ നിമിത്തം യഥാ യഃ
സ നിത്യോപലബ്ധി സ്വരൂപോƒഹമാത്മാ”
സൂര്യോദയം, പ്രവൃത്തിപഥത്തിലേക്ക് മനുഷ്യരെ നയിക്കുന്നതിന് കാരണമാകുന്നതുപോലെ, മനസ്സ്, ബുദ്ധി, അഹം, ചിത്തം എന്നീ നാല് അന്തരിന്ദ്രിയങ്ങളുടെയും അഞ്ച് ജ്ഞാനേന്ദ്രിയങ്ങളുടെയും പ്രവൃത്തികള്‍ക്ക് കാരണമായ ആത്മാവ് തന്നെയാണ് ഞാന്‍. നിത്യസത്യബോധ സ്വരൂപനായ ആത്മാവ്. ശരീരത്തേയും ഇന്ദ്രിയങ്ങളെയും തളളിയാല്‍പ്പിന്നെ ഞാന്‍ ആകാശംപോലെ സര്‍വ്വവ്യാപിയായിരിക്കും.
യമഗ്ന്യുഷ്ണ വന്നിത്യബോധസ്വരൂപം
മനശ്ചക്ഷുരാദീന്യ ബോധാത്മകാനി
പ്രവര്‍ത്തന്ത ആശ്രിത്യനിഷ്‌കമ്പമേകം
സ നിത്യോപലബ്ധി സ്വരൂപോƒഹമാത്മാ
ഇന്ദ്രിയങ്ങള്‍ അതതുവിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് നിശ്ചലനും നിത്യജ്ഞാന സ്വരൂപനുമായ ആത്മാവിനെ ആശ്രയിച്ചാണ്. തീയുടെ ചൂട് തീയില്‍നിന്ന് ഭിന്നമല്ലാതിരിക്കുന്നതുപോലെ, ആത്മാവില്‍നിന്ന് ആത്മചൈതന്യത്തിന്റെ സ്ഥിതിയും വേറെയല്ല. നിത്യജ്ഞാനസ്വരൂപനായി, ഉണ്മയായി എന്നില്‍ അന്തര്‍ലീനമായിരിക്കുന്ന ആത്മാവാണ് ഞാന്‍.
മുഖാഭാസകോ ദര്‍പ്പണേ ദൃശ്യമാനോ
മുഖത്വാത് പൃഥക്‌ത്വേന നൈവാസ്തി വസ്തു
ചിദാഭാസകോ ധീഷു ജീവോƒപിതദ്വത്
സനിത്യോപലബ്ധിസ്വരൂപോƒഹമാത്മാ.
കണ്ണാടിയില്‍ പ്രതിഫലിച്ചുകാണുന്ന മുഖത്തിന്റെ പ്രതിബിംബംപോലെ ഓരോ ബുദ്ധിയിലും ജീവരൂപത്തില്‍ പ്രതിഫലിക്കുന്ന നിത്യസത്യബോധസ്വരൂപനായ ആത്മാവാകുന്നു ഞാന്‍. കണ്ണാടിയില്‍ പ്രതിഫലിച്ചു കാണപ്പെടുന്ന മുഖത്തിന്റെ പ്രതിബിംബത്തിന് ബിംബമായ മുഖത്തില്‍നിന്ന് ഭിന്നമായ അസ്തിത്വമില്ല. അതുപോലെ ബുദ്ധിയിലെ പ്രതിബിംബവും ചിദാഭാസനെന്നു വിളിക്കപ്പെടുന്നവനുമായ ജീവന് പരമാത്മാവില്‍നിന്ന് ഭിന്നമായ അസ്തിത്വമില്ല. ബുദ്ധിയാകുന്ന കണ്ണാടിയെ തളളിയാല്‍ ശേഷിക്കുന്ന നിത്യസത്യബോധസ്വരൂപനായ ആത്മാവാകുന്നു ഞാന്‍.
യഥാ ദര്‍പ്പണാഭാവ ആഭാസഹാനൗ
മുഖം വിദ്യതേ കല്പനാഹീന മേകം
തഥാ ധീവിയോഗേ നിരാഭാസകോ യഃ
സ നിത്യോപലബ്ധി സ്വരൂപോƒഹമാത്മാ.
കണ്ണാടിയില്ലെങ്കില്‍ പ്രതിബിംബമില്ലാതെ ബിംബമായ മുഖംമാത്രം ശേഷിക്കും. അത് കല്പനാഹീനമാണുതാനും. അതുപോലെ അന്തഃകരണമാകുന്ന കണ്ണാടിയെ തള്ളിയാല്‍ ശേഷിക്കുന്ന യഥാര്‍ത്ഥവും നിത്യസത്യബോധസ്വരൂപനുമായ ആത്മാവാകുന്നു ഞാന്‍.
മനശ്ചക്ഷുരാദേര്‍നിയുക്തഃ സ്വയം യോ
മനശ്ചക്ഷുരാദേര്‍മനശ്ചക്ഷുരാദിഃ
മനശ്ചക്ഷുരാദേരഗമ്യസ്വരൂപഃ
സനിത്യോപലബ്ധി സ്വരൂപോƒഹമാത്മാ.
മനസ്സ്, ഇന്ദ്രിയങ്ങള്‍ മുതലായവയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നിമിത്തമായി സ്വയം നിയുക്തനായവനും, മനസ്സിന് മനസ്സായും കണ്ണിന് കണ്ണായും കാതിനു കാതായും മറ്റും വര്‍ത്തിക്കുന്നവനും മനസ്സിനോ ഇന്ദ്രിയങ്ങള്‍ക്കോ ഗൃഹിക്കാനാവാത്തവനുമായ നിത്യസത്യബോധ സ്വരൂപനായ ആത്മാവാകുന്നു ഞാന്‍.
യ ഏകോ വിഭാതി സ്വതഃ ശുദ്ധചേതാഃ
പ്രകാശസ്വരൂപോƒപി നാനേവ ധീഷു,
ശരാവോദകസ്ഥോ യഥാ ഭാനുഭരേകഃ
സ നിത്യോപലബ്ധി സ്വരൂപോƒഹമാത്മാ.
കുടം, ചിരാത് തുടങ്ങിയ വൈവിധ്യമാര്‍ന്ന ജലപാത്രങ്ങളിലെ ജലത്തില്‍ ഏകനായ സൂര്യന്‍ അനേകം സൂര്യന്മാരായി കാണപ്പെടുന്നതു പോലെ, ശുദ്ധബോധസ്വരൂപനും ഏകനും പ്രകാശസ്വരൂപനുമായ ആ ചൈതന്യം പ്രാണികളുടെ അന്തഃകരണഭേദം കൊണ്ട് നാനാത്വമുളളവനെപ്പോലെ വിവിധശരീരങ്ങളില്‍ വിളങ്ങുന്നു. ആ നിത്യസത്യബോധസ്വരൂപനായ ആത്മാവാകുന്നു ഞാന്‍.
യഥാനേക ചക്ഷുഃ പ്രകാശോ രവിര്‍ന
ക്രമേണ പ്രകാശീകരോതി പ്രകാശ്യം
അനേകാ ധിയോ യസ്തഥൈകഃ പ്രബോധഃ
സ നിത്യോപലബ്ധിസ്വരൂപോƒഹമാത്മാ.
സ്വയം പ്രകാശിക്കുന്ന സൂര്യന്‍ അനേകം കണ്ണുകള്‍ക്ക് ഒരേസമയത്തുതന്നെ ക്രമത്തിലല്ലെങ്കില്‍പ്പോലും പ്രകാശ്യവസ്തുക്കളെ പ്രകാശിപ്പിച്ചുകൊടുക്കുന്നു. അതുപോലെ ഏകനും പ്രബോധസ്വരൂപനുമായ ഏതൊരു ചൈതന്യമാണോ സകല അന്തഃകരണങ്ങള്‍ക്കും ഇന്ദ്രിയങ്ങള്‍ക്കും ഒരേസമയത്തുതന്നെ പ്രകാശ്യവസ്തുക്കളെ പ്രകാശിപ്പിക്കുന്നത് ആ നിത്യസത്യബോധസ്വരൂപനായ ആത്മാവാകുന്നു ഞാന്‍.
വിവസ്വത് പ്രഭാതം യഥാരൂപമക്ഷം
പ്രഗൃഹ്ണാതി നാഭാത മേവം വിവസ്വാന്‍
യദാഭാത ആഭാസ യത്യക്ഷമേകഃ
സ നിത്യോപലബ്ധി സ്വരൂപോƒഹമാത്മാ.
സൂര്യകിരണങ്ങളാല്‍ പ്രകാശിതമായരൂപം കണ്ണ് ഗ്രഹിക്കുന്നു. പ്രകാശം വീഴാത്തരൂപം ഗ്രഹിക്കാറുമില്ല. അതുപോലെ ആത്മസൂര്യന്‍ സ്വന്തം ചൈതന്യത്തിന്റെ തേജസ്സുകൊണ്ട് പ്രകാശിതനായി രൂപങ്ങളെ പ്രകാശിപ്പിക്കുന്നു. സര്‍വ്വപ്രകാശകനും നിത്യജ്ഞാനസ്വരൂപനും ആയ ആ ചൈതന്യം ഞാനാകുന്നു.
യഥാ സൂര്യ ഏകോƒപ്‌സ്വനേകശ്ചലാസു
സ്ഥിരാസ്വപ്യ നന്യദ്വിഭാവ്യ സ്വരൂപഃ
ചലാസു പ്രഭിന്നഃ സുധീഷ്വേക ഏവ
സ നിത്യോപലബ്ധി സ്വരൂപോƒഹമാത്മാ.
ജ്യോതിസ്വരൂപനായ സൂര്യന്‍ ഇളകിക്കൊണ്ടിരിക്കുന്ന ചഞ്ചലമായ ജലത്തില്‍ പലരൂപത്തില്‍ കാണപ്പെടുന്നു. എന്നാല്‍ നിശ്ചല ജലത്തിലാകട്ടെ ഏകസ്വരൂപനായി കാണപ്പെടുന്നു. അതുപോലെ ഏകനായ ആത്മാവും ചഞ്ചലസ്വഭാവത്തോടുകൂടിയ നാനാ ബുദ്ധികളില്‍ വിവിധ പ്രകാരത്തില്‍ കാണപ്പെടുന്നു. നിത്യജ്ഞാന സ്വരൂപനായ ആ ആത്മാവ് ഞാന്‍ തന്നെയാണ്.
ഘനച്ഛന്ന ദൃഷ്ടിര്‍ ഘനച്ഛന്നമര്‍കം
യഥാ നിഷ്പ്രഭം മന്യതേ ചാതിമൂഢഃ
തഥാ ബദ്ധവദ്ഭാതി യോ മൂഢദൃഷ്‌ടേഃ
സ നിത്യോപലബ്ധി സ്വരൂപോƒഹമാത്മാ.
മേഘംകൊണ്ട് ആവരണം ചെയ്യപ്പെട്ട സൂര്യനെ നോക്കുന്ന ഒരാള്‍ക്ക് സൂര്യന്‍ നിഷ്പ്രഭനാണെന്നു തോന്നുന്നു. യഥാര്‍ത്ഥത്തില്‍ അയാളുടെ കണ്ണ് മേഘാവൃതമായിരിക്കുന്നതുകൊണ്ടാണ് സൂര്യന്‍ അയാള്‍ക്ക് നിഷ്പ്രഭനാകുന്നത്. ഏതൊരു ചൈതന്യമാണോ മൂഢനായവന് ബദ്ധനെപ്പോലെ തോന്നിക്കുന്നത് ആ നിത്യസത്യബോധസ്വരൂപനായ ആത്മാവാകുന്ന ഞാന്‍.
സമസ്‌തേഷു വസ്തുഷ്വനുസ്യൂതമേകം
സമസ്താനി വസ്തൂനി യന്ന സ്പൃശന്തി
വിയദ്‌വത്സദാ ശുദ്ധമച്ഛ സ്വരൂപം
സ നിത്യോപലബ്ധി സ്വരൂപോƒഹമാത്മാ.
ഏകനെങ്കിലും സര്‍വ്വപദാര്‍ത്ഥങ്ങളിലും അന്തര്യാമിയായി കുടികൊള്ളുന്നവനും, ആ വസ്തുക്കള്‍ക്കൊന്നിനും സ്പര്‍ശിക്കാന്‍ കഴിയാത്തവനും, ആകാശത്തെപ്പോലെ സര്‍വ്വവ്യാപിയായിരിക്കുന്നവനുമായ ആ നിത്യസത്യസ്വരൂപനായ പരമാത്മാവാകുന്നു ഞാന്‍.
ഉപാധൗ യഥാ ഭേദതാ സന്മണീനാം
തഥാ ഭേദതാ ബുദ്ധിഭേദേഷു ദേƒപി
യഥാ ചന്ദ്രികാണാം ജലേ ചഞ്ചലത്വം
തഥാ ചഞ്ചലത്വം തവാപീഹ വിഷ്‌ണോ.
ഉപാധികളിലുളള ഭേദമനുസരിച്ച് രത്‌നങ്ങളുടെ പ്രതിഫലനങ്ങളിലും വ്യത്യാസമുണ്ടായിരിക്കും. അതുപോലെ ഉപാധികളാകുന്ന ബുദ്ധികളുടെ അഥവാ, അന്തഃകരണങ്ങളുടെ വ്യത്യാസമനുസരിച്ച് പലപ്രകാരത്തില്‍ ആ ചൈതന്യത്തെ കാണപ്പെടുന്നു. സര്‍വ്വവ്യാപിയും അദ്വിതീയനുമായ ആത്മാവ് ബുദ്ധിയുടെ ചാഞ്ചല്യംകൊണ്ട് ചഞ്ചലനെന്നു തോന്നിക്കുന്നു. ജലത്തിന്റെ ഇളക്കം മാറുമ്പോള്‍ ചന്ദ്രന്റെ പ്രതിബിംബം ഏകവും സ്ഥിരവുമാണെന്ന അറിവ് ലഭിക്കുന്നു. ബുദ്ധിയുടെ ചാഞ്ചല്യം മാറി പരമാര്‍ത്ഥമായ ജ്ഞാനമുണ്ടാകുമ്പോള്‍ അദ്വിതീയസ്വരൂപനായ പരമാത്മാവ് ഞാനാണെന്ന് ബോധ്യപ്പെടുന്നു… കുട്ടിയുടെ ശ്ലോകംചൊല്ലല്‍ കേട്ട് എല്ലാവരും അത്ഭുതസ്തബ്ധരായി! അപ്രതീക്ഷിതമായിക്കണ്ട ഒരു കിനാവില്‍നിന്ന് ഉണരാനാവാതെ പ്രഭാകരന്‍ തരിച്ചു നില്‍ക്കുകയാണ്. മകനെ കെട്ടിപ്പിടിച്ചുകൊണ്ട് ആ പിതാവ് നിമിഷങ്ങളോളം അങ്ങനെ
നിന്നുപോയി… പിന്നെ, നിറകണ്ണുകള്‍ തുടച്ചുകൊണ്ട് അയാള്‍ നിലത്തേക്ക് കുനിഞ്ഞ് തന്റെ പാദങ്ങള്‍ക്കു ചുവട്ടിലെ പൂഴിമണല്‍ത്തരികള്‍ നുള്ളി കൈയിലെടുത്തു. അത് കുട്ടിയുടെ തലയില്‍ പവിത്രതയോടെ അണിയിച്ചു.
പ്രഭാകരന്‍ മകനെ ചേര്‍ത്തുപിടിച്ചു നില്‍ക്കുമ്പോള്‍ ശിഷ്യന്മാരോടായി പറഞ്ഞു:
”ഏറെ പ്രസിദ്ധവും പവിത്രവുമായ ഹസ്താമലകസ്‌തോത്രമാണ് ഈ കുട്ടി ഇപ്പോള്‍ ചൊല്ലിയത്. ഇതിന്റെ അര്‍ത്ഥം നിങ്ങളെല്ലാവരും ഗ്രഹിച്ചാല്‍ നന്നായിരിക്കും. ഉള്ളംകൈയിലെ നെല്ലിക്കപോലെ ബ്രഹ്‌മജ്ഞാനം സ്വായത്തമാകും. അതുകൊണ്ടാണ് ഇതിന് ‘ഹസ്താമലകസ്‌തോത്രം’ എന്ന് പേരിട്ടിരിക്കുന്നത്. നിര്‍ഗുണോപാസകന്മാരായ ജ്ഞാനികള്‍ ഇതിനെ അത്യധികം ആദരിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്നു. നിങ്ങളും ഇത് പാലിക്കുക.”
പ്രഭാകരന്റെ നേര്‍ക്ക് തിരിഞ്ഞിട്ട് പറഞ്ഞു:
”നിങ്ങള്‍ക്ക് ഈ പുത്രനെക്കൊണ്ട് ലൗകിക ജീവിതം നയിപ്പിക്കുവാന്‍ കഴിയുകയില്ല. ഇവനില്‍ ബ്രഹ്‌മജ്ഞാനം പൂര്‍ണ്ണമായി വികസിച്ചിരിക്കുന്നു! ഇയാള്‍ ബ്രഹ്‌മജ്ഞാനികള്‍ക്ക് ആദര്‍ശമാകുന്നു. പ്രാരബ്ധം അനുഭവിക്കാന്‍വേണ്ടി മാത്രമാണ് ഇയാള്‍ ശരീരം സ്വീകരിച്ചിരിക്കുന്നത്. ഈ കുട്ടിയെക്കൊണ്ട് നിങ്ങള്‍ പ്രതീക്ഷിക്കുന്ന ലൗകികമായ ഒരു പ്രയോജനവും ഉണ്ടാകില്ല. അതുകൊണ്ട് ഇവനെ നിങ്ങള്‍ എനിക്കു തരണം; ദാനമായി..! എന്താ, തരില്ലേ?”
പ്രഭാകരന്‍ ഒന്നും മിണ്ടുന്നില്ല. അയാളുടെ മുഖം പെട്ടെന്ന് വിഷാദംകൊണ്ട് മൂടപ്പെട്ടു. തന്റെ ഒരേയൊരു പുത്രനെ എങ്ങനെ അയാള്‍ ഉപേക്ഷിക്കും?! പിതൃവാത്സല്യത്തിന്റെ പരകോടിയില്‍ നില്‍ക്കുന്ന പ്രഭാകരന്റെ മനസ്സ് കണ്ടപ്പോള്‍ ആ കഥ അയാളെക്കൊണ്ട് പറയിക്കേണ്ടിവന്നു.
”നിങ്ങളുടെ ഈ പുത്രന് രണ്ടുവയസ്സുളളപ്പോള്‍ ദാരുണമായ ഒരു സംഭവം നടക്കുകയുണ്ടായത് ഓര്‍മ്മയില്‍ വരുന്നുണ്ടോ?”
പ്രഭാകരന്‍ ഓര്‍മ്മകളുടെ താളുകള്‍മറിച്ച് പിന്നോട്ട് പോയിട്ടുണ്ടാകും. അയാള്‍ പറഞ്ഞുതുടങ്ങി:
”ശരിയാണ് ഗുരോ. ഇവന് രണ്ടുവയസ്സുളളപ്പോള്‍ ഞാനും ഭാര്യയും കൂടി ഒരു തീര്‍ത്ഥയാത്ര നടത്തി. യാത്രാമധ്യേ, ഒരു സന്ന്യാസിയുടെ അടുക്കല്‍ കുട്ടിയെ ഇരുത്തിയിട്ട് ഞങ്ങള്‍ കുളിക്കാനായി സ്‌നാനഘട്ടത്തിലേക്കു പോയി. തിരിച്ചുവന്നപ്പോള്‍ കുട്ടിയെ കാണുന്നില്ല. ഞങ്ങളുടെ പുത്രന്‍ നദിയിലേക്ക് നടന്നുനീങ്ങിക്കഴിഞ്ഞിരുന്നു… ഓടി അടുത്തെത്തുമ്പോഴേക്കും അവന്‍ നദിയില്‍ പതിച്ചു! ഞാന്‍ നദിയിലേക്കു ചാടി അവനെ ഉയര്‍ത്തിയെടുക്കുമ്പോള്‍ കുട്ടി ജഡമായിക്കഴിഞ്ഞിരുന്നു! ഞങ്ങള്‍ കുട്ടിയുമായി സന്ന്യാസിയുടെ അരികിലെത്തി. അദ്ദേഹം നിസ്സംഗനായി ഒന്നും സംഭവിക്കാത്തപോലെ ഇരിക്കുകയായിരുന്നു. ഇവന്റെ ജീവനുവേണ്ടി സന്ന്യാസിയോട് കേണുകരഞ്ഞ് അപേക്ഷിച്ചു. സന്ന്യാസി ഉണര്‍ന്നു. അദ്ദേഹത്തിന്റെ ചൈതന്യം കുട്ടിയുടെ ശരീരത്തില്‍ പ്രവേശിച്ചു. എന്റെ പുത്രന് ജീവന്‍ തിരിച്ചുകിട്ടി…!”
ഓര്‍മ്മകളില്‍ നിന്ന് മടങ്ങിവന്ന പ്രഭാകരനോടു പറഞ്ഞു:
”ഹസ്താമലകസ്‌തോത്രം ചൊല്ലിയ നിങ്ങളുടെ മകന്‍ ഹസ്താമലകന്‍ എന്ന പേരില്‍ അറിയപ്പെടും. പത്മപാദനെയും സുരേശ്വരനേയും പോലെ ഹസ്താമലകനും എന്റെ പ്രധാന ശിഷ്യന്മാരില്‍ ഒരുവനായി വിരാജിക്കും…”
ഒടുവില്‍ സന്തോഷത്തോടെ, പൂര്‍ണ്ണമനസ്സോടെ പ്രഭാകരന്‍ പ്രഖ്യാപിച്ചു:
”എന്റെ പ്രിയപുത്രനെ ഞാന്‍ ഗുരുവിന് സമര്‍പ്പിച്ചിരിക്കുന്നു!”
(തുടരും)