- നിര്‍വികല്പം
- വൃഷാചലേശ്വരന്‍ (നിര്‍വികല്പം 2)
- ഭിക്ഷാംദേഹി (നിര്‍വികല്പം 3)
- കാമാഖ്യയും ഗാന്ധാരവും (നിര്‍വികല്പം 34)
- മുതലയുടെ പിടി (നിര്‍വികല്പം 4)
- ഗുരുവിനെ തേടി (നിര്‍വികല്പം 5)
- ചണ്ഡാളന്‍(നിര്‍വികല്പം 6)
ബ്രഹ്‌മപുത്രാനദിയുടെ തീരത്തുകൂടിയാണ് ദിഗ്‌വിജയം നീങ്ങിക്കൊണ്ടിരുന്നത്. ബൗദ്ധന്മാരുടെയും ജൈനന്മാരുടെയും സാന്നിദ്ധ്യം കൊണ്ട് ശക്തമായ ഡബാക്കിലെത്തുമ്പോള്‍ എല്ലാവരും ക്ഷീണിതരായിരുന്നു. ബൗദ്ധാചാര്യനായ ശീലഭദ്രന്‍ ഡബാക്കില്‍ ബുദ്ധമതതത്ത്വങ്ങളെ വളരെയേറെ പരിപോഷിപ്പിച്ചിരുന്നതായി കേട്ടു. എങ്കിലും അദ്വൈതദര്‍ശനമറിഞ്ഞപ്പോള്‍ ഡബാക്കിലെ പണ്ഡിതന്മാരില്‍ മിക്കവരും വിസ്മയംകൊണ്ടു, അവര്‍ ക്രമേണ അദ്വൈതത്തിലേക്ക് ആകൃഷ്ടരായി. ഡബാക്കില്‍ സാധാരണ ജനങ്ങള്‍ക്കുവേണ്ടി വിശ്വനാഥശിവലിംഗപ്രതിഷ്ഠ നിര്‍വഹിച്ചു. വൈദികവിധി പ്രകാരം പൂജയും നടത്തി.
ഡബാക്കിലെ തീര്‍ത്ഥസ്ഥാനങ്ങള്‍, ഉന്മേഷം വീണ്ടെടുത്ത ശിഷ്യരും പ്രശിഷ്യരും സംഘാംഗങ്ങളും ഉത്സാഹത്തോടെ ഓടിനടന്ന് കാണുകയായിരുന്നു. ബ്രഹ്‌മപുത്രാനദിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടാണ് കാമരൂപത്തിലേക്കുള്ള യാത്ര തുടര്‍ന്നത്…
വഴിമധ്യേ, പ്രാഗ്‌ജ്യോതിഷ*ത്തിലെത്തി. ശാക്തേയന്മാരായ താന്ത്രികന്മാര്‍ക്ക് ഏറെ പ്രാധാന്യം കല്പിക്കുന്ന പ്രദേശം. അവരില്‍ മിക്കവരും തന്ത്രശാസ്ത്രത്തില്‍ പാണ്ഡിത്യം കൈവരിച്ചവരായിരുന്നു. പ്രാഗ്‌ജ്യോതിഷത്തില്‍നിന്ന് മന്ത്രദീക്ഷ സ്വീകരിച്ചശേഷം നിരവധി സന്ന്യാസിമാര്‍ മറ്റ് ദേശങ്ങളില്‍പോയി മതപ്രചാരം നടത്തിയിരുന്നുവത്രെ. കാമരൂപത്തിന്റെ മഹിമ ഭാരതത്തിലെവിടെയും ഏറെ പ്രസിദ്ധമാണെന്ന് കേട്ടിട്ടുണ്ട്. മിക്ക ആധ്യാത്മികാചാര്യന്മാരുടെയും ഗുരുക്കന്മാരുടെയും ദേശമായാണ് കാമരൂപത്തെ വിലയിരുത്താറുള്ളത്. വളരെ വര്‍ഷങ്ങള്‍ക്കുമുമ്പേ ബുദ്ധമതത്തിന്റെ പ്രഭാവം ഏറിനിന്നിരുന്ന പ്രദേശം. അവിടത്തെ രാജാവായിരുന്ന ഭാസ്‌ക്കരവര്‍മ്മന്‍ തന്റെ രാജ്യത്ത് വൈദികധര്‍മ്മം പുനരുദ്ധരിക്കാനായി അന്യദേശത്തു നിന്ന് വൈദികാചാര്യന്മാരെ ക്ഷണിച്ചു വരുത്തുകയുണ്ടായത്രെ. കന്യാകുബ്ജത്തിലെ അതിപ്രതാപശാലിയായ ഹര്‍ഷവര്‍ദ്ധനമഹാരാജാവിനുപോലും ശക്തനായ ഭാസ്‌ക്കരവര്‍മ്മരാജാവിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹര്‍ഷവര്‍ദ്ധനന്‍ പ്രയാഗയില്‍ വെച്ച് നടത്തിയ മഹാദാനയജ്ഞത്തില്‍ ആയിരക്കണക്കിന് കുതിരകളുടെയും നൂറുകണക്കിന് ആനകളുടെയും അകമ്പടിയോടുകൂടിയാണ് ഭാസ്‌ക്കരവര്‍മ്മന്‍ തന്റെ പ്രതാപം പ്രകടിപ്പിച്ചുകൊണ്ട് പങ്കെടുത്തിരുന്നത്. പ്രാഗ്‌ജ്യോതിഷസാമ്രാജ്യത്തില്‍പ്പെട്ട പല രാജ്യങ്ങളും ഭാസ്‌ക്കരവര്‍മ്മന് കരം കൊടുക്കേണ്ടി വന്നിട്ടുണ്ട്.
ശാലസ്തംഭവംശത്തില്‍പ്പെട്ട ശ്രീഹര്‍ഷനാണ് ഇപ്പോള്‍ കാമരൂപത്തിന്റെ രാജാവെന്നു കേട്ടു. ദിഗ്‌വിജയവാര്‍ത്തയറിഞ്ഞ് ശ്രീഹര്‍ഷന്‍ ഭക്ത്യാദരവോടെയാണ് വാഹിനിയെ സ്വീകരിച്ചത്. പുരാണപ്രസിദ്ധമായ കാമാഖ്യാദേവീക്ഷേത്രത്തിലേക്കുള്ള യാത്രയില്‍ രാജാവും പങ്കാളിയായി.
മനോഹരമായൊരു പര്‍വതത്തിന്റെ ശൃംഗത്തിലാണ് കാമാഖ്യാദേവിയുടെ സ്ഥാനം. ബ്രഹ്‌മപുത്രാനദിയില്‍ കുളിച്ച് എല്ലാവരും ക്ഷേത്രദര്‍ശനനിര്‍വൃതിയില്‍ അലിഞ്ഞുചേരാനായി പര്‍വതം കയറിത്തുടങ്ങി.
ക്ഷേത്രസന്നിധിയില്‍നിന്ന് താഴ്‌വാരത്തിലേക്കുള്ള കാഴ്ച അതിചേതോഹരമായൊരു അനുഭൂതിയായി മനസ്സിലലിഞ്ഞു ചേരുമ്പോള്‍ കാമാഖ്യാദേവിയുടെ മാഹാത്മ്യവും പുണ്യപര്‍വതത്തിന്റെ മഹിമയും ഇഴചേര്‍ന്നു നില്ക്കുന്ന ഈ തീര്‍ത്ഥാടനകേന്ദ്രം ദിഗ്‌വിജയയാത്രയ്ക്ക് ഒരു സുവര്‍ണമുദ്ര ചാര്‍ത്തുകയായിരുന്നു.
കാമാഖ്യാദേവീസന്നിധിയിലേക്ക് എത്തിക്കൊണ്ടിരുന്ന പണ്ഡിതന്മാര്‍ക്കും ഭക്തജനങ്ങള്‍ക്കും അദ്വൈതദര്‍ശനം വൈരാഗ്യപ്രധാനമായതുകൊണ്ട് അത്ര രുചിക്കുന്നില്ല. അവരുടെ ലക്ഷ്യം വെറും ആനന്ദാനുഭവം മാത്രമാണല്ലോ. നിര്‍ഗുണബ്രഹ്‌മത്തില്‍ അവര്‍ക്ക് താല്പര്യം പോരാ. ശക്തിസമന്വിതമായ സഗുണബ്രഹ്‌മമാണ് അവര്‍ക്ക് വേണ്ടതെന്ന് തോന്നി. കാമരൂപത്തിലെ സാധകപ്രമുഖരില്‍ ചിലര്‍ തര്‍ക്കിക്കാനായി മുന്നോട്ടുവന്നു. അദ്വൈതതത്ത്വത്തിന്റെ യുക്തിഭദ്രതയെ ഖണ്ഡിക്കുവാന്‍ അവര്‍ക്കു സാധിച്ചില്ലെങ്കിലും ഈ മഹത്ദര്‍ശനം സ്വീകരിക്കുവാന്‍ അവര്‍ വിമുഖത പ്രകടിപ്പിക്കുന്നു. എന്നാല്‍, സാധാരണജനങ്ങളാകട്ടെ വൈദികധര്‍മ്മങ്ങളോട് താല്‍പര്യം കാണിക്കുന്നുണ്ട്. പാണ്ഡിത്യം കൂടുമ്പോള്‍ ചിലര്‍ ചിലതിനെ മാത്രം മുറുകെപ്പിടിക്കുന്നു. സാധാരണജനങ്ങള്‍ അങ്ങനെയല്ലല്ലോ. ശരിയായ അറിവിലേക്ക് വരാനായി അവരുടെ ചെറിയ അറിവുകളുള്ള മനസ്സ് വേഗം വഴങ്ങാന്‍ തയ്യാറാകുന്നു.
കാമരൂപത്തിലെ ശ്രേഷ്ഠസാധകന്മാരില്‍ പ്രമുഖനായ അഭിനവഗുപ്തന്‍ അപാരപാണ്ഡിത്യമുള്ളയാളാണെന്നു കേട്ടു. ബ്രഹ്‌മസൂത്രഗ്രന്ഥത്തിന് ഒരു ശാക്തേയഭാഷ്യംതന്നെ രചിച്ചയാളാണത്രെ. താന്ത്രികമതക്കാരെ താന്‍ വാദത്തില്‍ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നുവെന്നറിഞ്ഞ് അഭിനവഗുപ്തന് തന്നോട് കടുത്ത വിദ്വേഷം!
”ഗുരോ, അങ്ങ് വളരെയേറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അഭിനവഗുപ്തന്‍ അങ്ങയുടെ ജീവന്‍ അപായപ്പെടുത്താനുള്ള മാര്‍ഗം അന്വേഷിക്കുന്നതായി ഞങ്ങള്‍ക്ക് രഹസ്യവിവരം ലഭിച്ചിട്ടുണ്ട.് ”
പത്മപാദന്റെ വേവലാതിപൂണ്ട വാക്കുകളില്‍ വിറയല്‍ അനുഭവപ്പെട്ടിരുന്നു. അദ്ദേഹത്തോടു പറഞ്ഞു:
”നിങ്ങള്‍ ഭയപ്പെടേണ്ട. ഒന്നും സംഭവിക്കില്ല”.
അഭിഭനവഗുപ്തന്റെ ചതിപ്രയോഗത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെന്നുമാത്രം. അയാള്‍ ശിഷ്യത്വം സ്വീകരിക്കുവാനെന്ന ഭാവേന അടുത്തുകൂടുമ്പോഴേക്കും പത്മപാദനും കൂട്ടരും കരുതലോടെ കരുക്കള്‍ നീക്കാന്‍ തുടങ്ങി. അഭിനവഗുപ്തന് ശിഷ്യത്വം നല്കുന്നതില്‍ മറ്റു ശിഷ്യര്‍ക്ക് തീരെ താല്പര്യമില്ലായിരുന്നു. അയാളുടെ പുറം ഭംഗിയായി ചിരിച്ചു! ആ വക്രമനസ്സിനുള്ളിലെ ഗൂഢലക്ഷ്യം പത്മപാദന്റെയും മറ്റും ജാഗരൂകതയില്‍ തട്ടി ശിഥിലമായി…
പല തീര്‍ത്ഥസ്ഥാനങ്ങളിലൂടെ വീണ്ടും കടന്നുപോകുകയായിരുന്നു. ഗ്രാമങ്ങളും പട്ടണങ്ങളും പര്‍വതങ്ങളും പിന്നിട്ട് വടക്കുള്ള ഗാന്ധാരനഗരത്തില്‍ ദിഗ്‌വിജയയാത്ര എത്തിച്ചേര്‍ന്നിരിക്കുന്നു.
നൂറ്റാണ്ടുകളായി രാഷ്ട്രീയവിപ്ലവങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങള്‍. അതുകൊണ്ടാവണം, ജനങ്ങള്‍ക്കിടയില്‍ ആധ്യാത്മികനിഷ്ഠ അകന്നു നില്ക്കുന്നു. യവനര്‍, പാരസികര്‍, ശകന്മാര്‍ തുടങ്ങിയവരുടെ നിരന്തരമായ ആക്രമണങ്ങള്‍ കൊണ്ട് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാനാവാതെ മരവിച്ചുപോയ ജനത! സ്വന്തം ജീവന്റെ രക്ഷയില്‍മാത്രം അവരുടെ മനസ്സ് വ്യാകുലതയോടെ സഞ്ചരിച്ചു. ഈ മനുഷ്യരുടെയിടയില്‍വേണം അദ്വൈതധര്‍മ്മരഹസ്യം പ്രചരിപ്പിക്കേണ്ടത്.
ഗാന്ധാരനഗരത്തില്‍ ബൗദ്ധന്മാര്‍ക്ക് പ്രബലമായ സാന്നിദ്ധ്യമാണുള്ളത്. നിരവധി ബൗദ്ധവിഹാരങ്ങള്‍ നിറഞ്ഞ പ്രദേശം. എങ്കിലും തര്‍ക്കിക്കാനും വാദിക്കാനുമായി ഒരു ബൗദ്ധന്‍ പോലും ആവേശക്കൊടുങ്കാറ്റുയര്‍ത്തി മുന്നോട്ടു വരികയുണ്ടായില്ല. അതേസമയം തെല്ലപ്പുറത്തുള്ള പുരുഷപുരവാസികള്‍ സത്യാന്വേഷികളായിരുന്നു. അവര്‍ അദ്വൈതം കേള്‍ക്കാനായി അരികിലേക്ക് വന്നുകൊണ്ടിരുന്നു. പുരുഷപുരത്തെ ജനങ്ങളുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് ഗാന്ധാരനഗരത്തില്‍നിന്ന് ദിഗ്‌വിജയം നീങ്ങിത്തുടങ്ങി…
വീണ്ടും വടക്കുപടിഞ്ഞാറേക്ക് സഞ്ചരിച്ച് ബാഹ്‌ളികദേശത്തേക്ക്.
കര്‍ക്കോതവംശത്തില്‍പ്പെട്ട കാശ്മീരരാജാക്കന്മാരാണ് ബാഹ്ലികദേശം ഭരിക്കുന്നത്. അവിടേക്കുള്ള ദിഗ്‌വിജയയാത്ര ഏറെ ആനന്ദകരമായി അനുഭവപ്പെട്ടു. പ്രകൃതി ഇത്രയും മനോഹരിയാണെന്ന് ഒരിക്കല്‍ക്കൂടി അറിയുകയാണ്. പരമരമണീയമായ പര്‍വതശൃംഗങ്ങള്‍ ആകാശനീലിമയില്‍ ലയിക്കുന്നു. മിക്കപ്പോഴും സിന്ധുനദീതീരത്തുകൂടിയാണ് ദിഗ്‌വിജയയാത്ര കടന്നുപോയത്. പുഷ്പവൃക്ഷങ്ങള്‍കൊണ്ട് ചേതോഹരമായ സമതലഭൂമി. ഇളംകാറ്റിന്റെ മൃദുസ്പര്‍ശത്താല്‍ ആലിംഗനം ചെയ്യുന്ന അന്തരീക്ഷം! ഭാരതവര്‍ഷത്തിലെ മറ്റ് പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായ പ്രകൃതി. സുന്ദരഭൂമിക പകര്‍ന്നുനല്‍കിയ സ്വര്‍ഗീയതയില്‍ ദിഗ്‌വിജയം ആനന്ദം കൊണ്ടു!
ബാഹ്ലികരാജ്യത്തുള്ള ജൈനന്മാര്‍ അടങ്ങിയിരുന്നില്ല. അവരുടെ പണ്ഡിതന്മാര്‍ വാദിക്കാനായി വാശിയോടെ മുന്നോട്ടു വന്നുകൊണ്ടിരുന്നു. എന്നാല്‍, ജൈനമതത്തിലെ ചില പൊരുത്തക്കേടുകള്‍ വിദഗ്ധമായി ചൂണ്ടിക്കാണിച്ചപ്പോള്‍ അവര്‍ വായടക്കി. അവരുടെ വാദയമ്പുകളുടെ മുനയൊടിഞ്ഞു! ജൈനമതം ക്രമേണ ദുര്‍ബലമായിത്തുടങ്ങി. അദ്വൈതസിദ്ധാന്തം ബാഹ്ലികദേശത്തും ആഴത്തില്‍ വേരുപിടിച്ചു.
ജൈനമതപണ്ഡിതന്മാരുടെ പരാജയ വാര്‍ത്തയറിഞ്ഞ് പ്രബലരായ ബൗദ്ധപണ്ഡിതന്മാര്‍ക്ക് അടങ്ങിയിരിക്കാനായില്ല. അവര്‍ക്കും വാദമോഹമുദിച്ചു. എന്നാല്‍, ദിഗ്‌വിജയവാഹിനിയുടെ തേജസ്സിനുമുന്നില്‍ ബൗദ്ധന്മാരും മെല്ലെ ശിരസ്സ് കുനിച്ചു. തങ്ങളുടെ പ്രതിഭയ്ക്കുമുന്നില്‍ അവരുടെ പ്രകാശം മങ്ങി. ബൗദ്ധന്മാരില്‍ ഭൂരിപക്ഷവും സമാധിസിദ്ധമായ വേദാന്തമതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു…
* ഇന്നത്തെ ആസാം
(അടുത്ത ലക്കത്തില്‍ അവസാനിക്കും)