- നിര്‍വികല്പം
- വൃഷാചലേശ്വരന്‍ (നിര്‍വികല്പം 2)
- ഭിക്ഷാംദേഹി (നിര്‍വികല്പം 3)
- സര്‍വജ്ഞപീഠത്തില്‍ (നിര്‍വികല്പം 35)
- മുതലയുടെ പിടി (നിര്‍വികല്പം 4)
- ഗുരുവിനെ തേടി (നിര്‍വികല്പം 5)
- ചണ്ഡാളന്‍(നിര്‍വികല്പം 6)
തിബറ്റിന് പടിഞ്ഞാറുള്ള കാംബോജ രാജ്യം. ബൗദ്ധതന്ത്രമതത്തിന് പ്രബലമായ വേരുകളുള്ള പ്രദേശം. എന്തുകൊണ്ടോ ആരും തര്‍ക്കിക്കാനായി മുന്നോട്ടു വന്നില്ല. അരികിലേക്കു വന്ന ജിജ്ഞാസുക്കള്‍ക്ക് അദ്വൈതദര്‍ശനം നല്‍കിയശേഷം തെക്കുഭാഗത്തുള്ള ദരദദേശത്തേക്ക് തിരിച്ചു. കാശ്മീരത്തിന് വടക്കുപടിഞ്ഞാറായാണ് ദരദദേശസാമ്രാജ്യത്തിന്റെ കിടപ്പ്. ചന്ദ്രാപീഡനാണ് അവിടത്തെ രാജാവ്. തുഷാരകിരീടങ്ങള്‍ചൂടിയ അത്യുന്നതങ്ങളായ പര്‍വതശൃംഗങ്ങള്‍ നാലുപാടും ആകാശത്തെ ചുംബിച്ചുകൊണ്ട് നില്‍ക്കുന്നു. ഇടയ്ക്കിടെമാത്രം ചെറിയ സമതലഭൂമി. ബൗദ്ധമതത്തിന്റെ പ്രഭാവത്താല്‍ അവിടെ വൈദികധര്‍മം പേരിനുമാത്രം. നാട്ടുകാരായ ജനങ്ങളെ വൈദികധര്‍മം പരിപാലിക്കാനായി പ്രോല്‍സാഹിപ്പിക്കേണ്ടി വന്നു…
കൃഷ്ണഗംഗാതീരത്ത് താമസിക്കുമ്പോള്‍ ഒരു കോലാഹലം കേട്ടു:
”ഞങ്ങള്‍ ശങ്കരാചാര്യരുടെ മതം സ്വീകരിക്കില്ല. അദ്ദേഹം ശാരദാപീഠത്തിലെ പണ്ഡിതന്മാരെ തോല്പിച്ചിട്ടില്ലല്ലോ! സരസ്വതീദേവി അദ്ദേഹത്തിന്റെ അദ്വൈതസിദ്ധാന്തത്തെ ഇതുവരെ അനുമോദിച്ചിട്ടുമില്ല. അപ്പോള്‍പ്പിന്നെ അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ നാം എങ്ങനെ സ്വീകരിക്കും?” പത്മപാദനും ഹസ്താമലകനും തോടകനും അരികിലേക്ക് വന്നിട്ട് വിഷമവൃത്താന്തം അറിയിച്ചു:
”നമുക്ക് ശാരദാപീഠത്തിലേക്ക് പോകണം, ഗുരോ…അവര്‍ പറയുന്നത് അങ്ങ് കേള്‍ക്കുന്നില്ലേ? സരസ്വതീദേവി നമ്മുടെ ദര്‍ശനങ്ങളെ അംഗീകരിച്ചിട്ടില്ല എന്നാണവര്‍ പറയുന്നത്. ”
ശിഷ്യരെ നോക്കി വെറുതെ ഒന്ന് പുഞ്ചിരിക്കുകമാത്രം ചെയ്തു. ശാരദാപീഠത്തിലേക്കുള്ള തീര്‍ത്ഥയാത്രയുടെ അനുമതിപത്രമായി തന്റെ മന്ദസ്മിതത്തെ അവര്‍ അടയാളപ്പെടുത്തിയിട്ടുണ്ടാവും.
കൃഷ്ണഗംഗാതീരത്തുകൂടിയാണ് ശിഷ്യരോടൊപ്പം ശാരദാപീഠത്തിലേക്കുള്ള യാത്ര തുടര്‍ന്നത്. വഴിമധ്യേ നാരദ, വസിഷ്ഠ, വൈകുണ്ഠ തുടങ്ങിയ തീര്‍ത്ഥസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു. വൈകുണ്ഠത്തില്‍ വിശ്രമിക്കവെ, ശിഷ്യരോടു പറഞ്ഞു:
”എന്റെ ഈ ശരീരത്തിന്റെ പ്രാരബ്ധം അവസാനിക്കാറായി! ഇനി നിങ്ങളുടെ കര്‍ത്തവ്യങ്ങളുടെ നാളുകളാണ് മുന്നിലുള്ളത്…. ”
ഇതുകേട്ട് ശിഷ്യരുടെ മുഖം വാടുന്നതു കണ്ടു. അവര്‍ക്ക് പെട്ടെന്ന് ഒന്നും പറയാന്‍ കഴിയാത്തപോലെ. കുറേക്കഴിഞ്ഞപ്പോള്‍ പത്മപാദന്റെ വാക്കുകള്‍ കൃതജ്ഞതയോടെ പുറത്തുവന്നു:
‘ഞങ്ങള്‍ക്ക് അറിയേണ്ടതായി ഇനി ഒന്നും വേണ്ടതില്ല. ഗുരുവിന്റെ അനുഗ്രഹത്താല്‍ ഞങ്ങള്‍ ധന്യരായിരിക്കുന്നു! ”
ക്ഷണനേരത്തെ മൗനത്തിനുശേഷം എല്ലാവരോടുമായി പറഞ്ഞു:
”ഭാരതത്തിന്റെ നാല് ദിക്കിലും അദ്വൈതമഠങ്ങള്‍ യാഥാര്‍ത്ഥ്യമാകണം. ശാരദാമഠം ദ്വാരകയിലും, ഗോവര്‍ദ്ധനമഠം ജഗന്നാഥപുരിയിലും, ജ്യോതിര്‍മഠം ഹിമാലയത്തിലെ ജ്യോതിര്‍ധാമത്തിലും, ശൃംഗേരിമഠംപോലെ ധര്‍മപ്രതിഷ്ഠിതമാകണം. സുധന്വാവ് എഴുതിയെടുത്ത ”മഠാമ്‌നായം ”എന്ന ഗ്രന്ഥത്തില്‍ മഠങ്ങളുടെ വ്യവസ്ഥയെപ്പറ്റി ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ. ”
ശിഷ്യന്മാര്‍ മൗനമവലംബിച്ചുകൊണ്ട് തന്നെത്തന്നെ നോക്കിയിരിക്കുകയാണ്. അവരുടെ മനസ്സിലുദിച്ച സംശയങ്ങള്‍ തനിയേ അലിഞ്ഞില്ലാതാവുകയായിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ സുധന്വാവിന് ഒരാഗ്രഹം ജനിച്ചു. അദ്ദേഹം പറഞ്ഞു:
”അദ്വൈതവേദാന്തസിദ്ധമായ ബ്രഹ്‌മത്തിന്റെ സ്വരൂപം എന്താണെന്ന് അങ്ങേക്ക് ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് പറഞ്ഞുതരാമോ? ഞങ്ങള്‍ക്ക് പ്രത്യേകം മനനം ചെയ്യാന്‍ വേണ്ടിയാണത്. ”
സുധന്വാവിനോടുള്ള മറുപടി മറ്റ് ശിഷ്യന്മാര്‍ക്കും വേണ്ടിയായിരുന്നു:
”ഈ ചോദ്യം എന്റെ ഗുരുനാഥനായ ഗോവിന്ദാചാര്യര്‍, അദ്ദേഹത്തിന്റെ മഹാസമാധിക്കുമുമ്പ് എന്നോട് ചോദിക്കുകയുണ്ടായി. അതിനു ഞാന്‍ നല്‍കിയ ഉത്തരം നിങ്ങളെ കേള്‍പ്പിക്കാം. നിത്യവും മനനം ചെയ്യുകയാണെങ്കില്‍ അതില്‍ അദ്വൈതദര്‍ശനത്തിലെ എല്ലാ തത്ത്വങ്ങളും അടങ്ങിയിരിക്കുന്നത് നിങ്ങള്‍ക്കറിയാനാകും:
”ന ഭൂമിര്‍ ന തോയം ന തേജോ ന വായുര്‍-
ന ഖം നേന്ദ്രിയം വാ ന തേഷാം സമൂഹഃ
അനൈകാന്തിക ത്വാത് സുഷുപ്‌ത്യേക സിദ്ധ-
സ്തദേകോƒവശിഷ്ടഃ ശിവഃ കേവലോƒഹം.
ന വര്‍ണ്ണാ ന വര്‍ണ്ണാശ്രമാചാരധര്‍മ്മാ
ന മേ ധാരണാധ്യാന യോഗാദയോങ്കപി
അനാത്മാശ്രയാƒഹം മമാധ്യാസഹാനാത്
തദേകോƒവശിഷ്ടഃ ശിവഃ കേവലോƒഹം.
ന മാതാ പിതാ വാ ന ദേവാ ന ലോകാഃ
ന വേദാ ന യജ്ഞാ ന തീര്‍ത്ഥം ബ്രുവന്തി
സുഷുപ്തൗ നിരസ്താതി ശൂന്യാത്മകത്വാത്
തദേകോƒവശിഷ്ടഃ ശിവഃ കേവലോƒഹം.
ന സാംഖ്യം ന ശൈവം ന തത് പാഞ്ചരാത്രം
ന ജൈനം ന മീമാംസകാദേര്‍മതം വാ
വിശിഷ്ടാനുഭൂത്യാ വിശുദ്ധാത്മകത്വാത്
തദേകോƒവശിഷ്ടഃ ശിവഃ കേവലോƒഹം.
ന ചോര്‍ദ്ധ്വം ന ചാധോ ന ചാന്തര്‍ന്ന ബാഹ്യം
ന മദ്ധ്യം ന തിര്യങ് ന പൂര്‍വാപരാ ദിക്
വിയദ്‌വ്യാപകത്വാദഖണ്‌ഡൈകരൂപഃ
തദേകോƒവശിഷ്ടഃ ശിവഃ കേവലോƒഹം.
ന ശുക്ലം ന കൃഷ്ണം ന രക്തം ന പീതം
ന കുബ്ജം ന പീനം ന ഹ്രസ്വം ന ദീര്‍ഘം
അരൂപം തഥാ ജ്യോതിരാകാരകത്വാത്
ന ശാസ്താ ന ശാസ്ത്രം ന ശിഷ്യോ ന ശിക്ഷാ
ന ചത്വം ന ചാഹം ന ചായം പ്രപഞ്ചഃ
സ്വരൂപാവബോധോ വികല്പാസഹിഷ്ണു –
സത്‌ദേകോƒവശിഷ്ടഃ ശിവഃ കേവലോƒഹം.
ന ജാഗ്രന്ന മേ സ്വപ്നകോ വാ സുഷുപ്തിര്‍ –
ന വിശ്വോ ന വാ തൈജസഃ പ്രാജ്ഞകോ വാ
അവിദ്യാത്മകത്വാത്്ത്രയാണാം തുരിയഃ
തദേകോƒവശിഷ്ടഃ ശിവഃ കേവലോƒഹം.
അപി വ്യാപകത്വാദ്ധി തത്ത്വപ്രയോഗാത്
സ്വതഃസിദ്ധഭാവാദനന്യാശ്രയത്വാത്
ജഗത്തുച്ഛമേതത് സമസ്തം തദന്യത്
തദേകോƒവശിഷ്ടഃ ശിവഃ കേവലോƒഹം
ന ചൈകം യദന്യദ്ദ്വിതീയം കുതഃ സ്യാത്
ന വാ കേവലത്വം ന ചാ കേവലത്വം
ന ശൂന്യം ന ചാശൂന്യമദ്വൈതകത്വാത്
കഥം സര്‍വവേദാന്തസിദ്ധം ബ്രവീമി.”
ശാരദാക്ഷേത്രത്തിലെത്തിച്ചേര്‍ന്നിരിക്കുന്നു.
ക്ഷേത്രഭൂമിയുടെ ശൈത്യവും സൗന്ദര്യവും അനുപമമാണ്. നിത്യമായി മഞ്ഞണിഞ്ഞുനില്‍ക്കുന്ന ഏഴ് പര്‍വതങ്ങള്‍ ശാരദാപീഠത്തിന്റെ പടുകൂറ്റന്‍ കാവല്‍ക്കാരെപ്പോലെ ആകാശത്തേക്കുയര്‍ന്നു നില്ക്കുകയാണ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തു കൂടിയാണ് കൃഷ്ണഗംഗ ദക്ഷിണഭാഗത്തേക്കൊഴുകുന്നത്. കിഴക്കുവശത്തുള്ള മധുമതീ നദിപ്രവാഹം തൊട്ടപ്പുറത്ത് കൃഷ്ണഗംഗയുമായി ചേരുന്നു. സംഗമസ്ഥാനത്തിനു വടക്കുകിഴക്കുഭാഗം താരതമ്യേന ഉയര്‍ന്നുകിടക്കുന്ന സമതലപ്രദേശങ്ങള്‍. അതിന്റെ മധ്യഭാഗത്തായാണ് ശാരദാക്ഷേത്രം.
ക്ഷേത്രാങ്കണത്തില്‍ പവിത്രവും നിര്‍മ്മലവുമായ മൂന്നുചെറിയ ജലകുണ്ഡങ്ങള്‍. ഒരു കുണ്ഡത്തില്‍ ശ്രീശാരദാദേവിയുടെ സാന്നിദ്ധ്യം ശക്തമാണെന്ന് വിശ്വസിക്കപ്പെടുന്നു. ചില ഭക്തന്മാര്‍ക്ക് ദേവിയുടെ പ്രത്യക്ഷദര്‍ശനവും ലഭിക്കുന്നു. ചില സമയം സാധാരണഭക്തജനങ്ങള്‍ക്കുപോലും ദേവിയുടെ അശരീരിവചനങ്ങള്‍ അവിടെ കേള്‍ക്കാമത്രെ! ആ കുണ്ഡത്തിലെ തീര്‍ത്ഥജലം കുടിച്ചാല്‍ സര്‍വ ഐശ്വര്യങ്ങളും സിദ്ധിക്കുമെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.
അതിവിശിഷ്ടമായ വിദ്യാപീഠമായാണ് ശാരദാക്ഷേത്രത്തെ സങ്കല്‍പ്പിച്ചിരിക്കുന്നത്. ഭാരതത്തിന്റെ പല ദേശങ്ങളില്‍ നിന്നും പ്രശസ്തരായ പണ്ഡിതന്മാര്‍ ഇവിടെ വന്ന് പരീക്ഷിക്കപ്പെടുന്നു. ആധ്യാത്മികമണ്ഡലത്തില്‍ പല സ്ഥാനമാനങ്ങള്‍ അവര്‍ കരസ്ഥമാക്കുന്നു. ‘സര്‍വജ്ഞന്‍’ എന്ന ബഹുമതിയാണ് ശാരദാപീഠത്തിലെ പരമോന്നതമായ സ്ഥാനം. എന്നാല്‍ ആ സ്ഥാനം ലഭിക്കാന്‍ വളരെ പ്രയാസവുമാണ്.
ശാരദാക്ഷേത്ര മന്ദിരത്തിന്റെ നാലു ദിക്കുകളെ നാല് ശ്രേണികളായി വിഭജിച്ചിരിക്കുന്നു. അവിടെ എത്തുന്നവര്‍ ക്ഷേത്രപണ്ഡിതന്മാരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്കണം. എല്ലാ പണ്ഡിതന്മാരും സമ്മതിച്ചാല്‍ മാത്രം ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാം. അകത്ത് പ്രവേശിച്ചുകഴിഞ്ഞാല്‍ സരസ്വതീദേവിയുടെ അശരീരി ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണം. ഉത്തരങ്ങള്‍ തൃപ്തികരമാണെങ്കില്‍ മാത്രം സര്‍വജ്ഞസ്ഥാനം ദേവി നല്കും. തുടര്‍ന്ന് കുണ്ഡജലം സ്പര്‍ശിക്കണം. ഇതിനൊന്നും കഴിഞ്ഞില്ലെങ്കില്‍ പണ്ഡിതന്മാര്‍ കൊണ്ടുവരുന്ന തീര്‍ത്ഥജലം കുടിച്ച് ദൂരെ മാറിനിന്ന് ദര്‍ശനം നല്കി മടങ്ങാം.
ദിഗ്‌വിജയവാഹിനി വരുന്നുവെന്നറിഞ്ഞ് ശാരദാക്ഷേത്രത്തിലെ പണ്ഡിതന്മാരെല്ലാം പീഠത്തിലെത്തി കാത്തിരിക്കുകയായിരുന്നു. ക്ഷേത്രകവാടങ്ങളിലെ നാല് മണ്ഡപങ്ങളിലും നാല് വ്യത്യസ്ത പണ്ഡിതസഭകള്‍ സജീവമായിട്ടുണ്ട്.
പ്രധാനശിഷ്യരോടൊപ്പം ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിലാണ് ആദ്യമെത്തിയത്. അവിടേക്ക് പ്രവേശിക്കുമ്പോള്‍ ന്യായമതത്തേയും വൈശേഷികമതത്തേയും പ്രതിനിധീകരിക്കുന്ന പണ്ഡിതന്മാരുടെ ശിരസ്സുകള്‍ സ്വയം ഹൃദയാഭിമുഖമായി താണു. അവര്‍ മനസ്സുകൊണ്ട് വണങ്ങുകയായിരുന്നു. പണ്ഡിതരുടെ സംശയങ്ങള്‍ക്ക് മറുപടി ലഭിച്ചപ്പോള്‍ അവര്‍ സന്തുഷ്ടരായി.
രണ്ടാമത്തെ കവാടത്തില്‍ സാംഖ്യന്മാരും പാതഞ്ജലവിഭാഗക്കാരെയുമാണ് കണ്ടത്. അവരുടെ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കി. ജൈനന്മാരും ബുദ്ധമതക്കാരുമാണ് മൂന്നാമത്തെ കവാടത്തില്‍. സ്വാഗതം ചെയ്തശേഷം അവരുടെ ചോദ്യങ്ങളും സംശയങ്ങളും അവതരിപ്പിച്ചു. അതിനു മറുപടി നല്കിയശേഷം നാലാമത്തെ സഭയിലെത്തി. ജൈമിനീയമതം ആചരിക്കുന്ന മീമാംസകരാണവര്‍. ആദരവോടെ സ്വീകരിച്ചശേഷം അവരും ചോദ്യങ്ങളെടുത്തിട്ടു. അവര്‍ക്കും മറുപടി നല്കിയശേഷം, വലതുവശത്ത് ഒപ്പംനടന്നിരുന്ന പത്മപാദന്റെ കൈപിടിച്ചുകൊണ്ട് ഒരു ചെറുപുഞ്ചിരിയോടെ ക്ഷേത്രത്തിലേക്ക് ചുവടുവച്ചു. പുറകില്‍ ഹസ്താമലകനും തോടകനുമുണ്ട്. നാലുവശത്തും വാദ്യഘോഷങ്ങള്‍ മുഴങ്ങി: ”ശങ്കരാചാര്യര്‍ വിജയിക്കട്ടെ!””
ഉദ്‌ഘോഷം എവിടെയും ഉയര്‍ന്നു കേട്ടു.
ശിഷ്യരോടൊപ്പം, വിശിഷ്ടവസ്ത്രങ്ങള്‍കൊണ്ട് അലംകൃതമായ പവിത്രകുണ്ഡം ദര്‍ശിച്ചു. നിര്‍മ്മലവും മാണിക്യമണികള്‍കൊണ്ട് ആലേഖനം ചെയ്തതുമായ ജലകുണ്ഡം. കുണ്ഡത്തിന്റെ വശത്തുള്ള വിശിഷ്ടപീഠത്തില്‍ കയറിയിരിക്കുവാനൊരുങ്ങുമ്പോള്‍, സരസ്വതീദേവിയുടെ അശരീരി കേട്ടു:
‘യതീശ്വരനായ ഹേ ശങ്കരാ, ഈ പീഠത്തില്‍ കയറിയിരിക്കാന്‍ പാണ്ഡിത്യം മാത്രം പോരാ, വിശുദ്ധിയും വേണം. സന്ന്യാസിയായ അങ്ങ് രാജകൊട്ടാരത്തിലെ അന്തഃപുരസ്ത്രീകളുമായി രതികേളികളില്‍ മുഴുകി ജീവിച്ചില്ലേ? ആ നിലയ്ക്ക് ഈ പീഠത്തില്‍ കയറിയിരിക്കുവാന്‍ അങ്ങേക്ക് യോഗ്യതയുണ്ടോ?’”
ദേവിയുടെ ചോദ്യത്തിനുമുന്നില്‍ ഒരുനിമിഷം കണ്ണുകളടച്ചു.
‘അമ്മേ, ജനിച്ചനാള്‍തൊട്ട് ഇതുവരെയും ഞാന്‍ ഒരുതെറ്റും ചെയ്തിട്ടില്ല. മറ്റൊരു ശരീരത്തെ സ്വീകരിച്ചാണ് കാമശാസ്ത്രത്തില്‍ ഞാന്‍ അറിവ് നേടിയത്. അതിന് ഈ ശരീരം പാപമേല്‍ക്കണമോ?’
ദേവിക്ക് എല്ലാമറിയാം. എങ്കിലും തന്റെ ഉത്തരം വിലയിരുത്താന്‍വേണ്ടി മാത്രമായിരുന്നു ചോദ്യം. സര്‍വജ്ഞപീഠത്തിലിരുന്ന് സദ്യോരചിതമായ സ്‌തോത്രം കൊണ്ട് ദേവിയെ അര്‍ച്ചിച്ചു. പത്മപാദനും തോടകനും ഹസ്താമലകനും ഷോഡശോപചാരങ്ങളില്‍ ദേവിയെ പൂജിച്ചു.
കുണ്ഡത്തിലെ തീര്‍ത്ഥജലം കൈനീട്ടി സ്പര്‍ശിച്ചു. അപ്പോള്‍ സരസ്വതീദേവിയുടെ അശരീരി വീണ്ടും കേട്ടു: ‘പ്രിയപുത്രാ, ഞാന്‍ സന്തുഷ്ടയായിരിക്കുന്നു. നിന്റെ ചരിത്രം ശരത്ക്കാലത്തെ പൂര്‍ണചന്ദ്രനെപ്പോലെ എന്നും പ്രകാശിക്കും. നിന്റെ നിര്‍മലാദ്വൈതം യതികള്‍ക്കു പോലും ആദര്‍ശമായി ഭവിക്കും. അദ്വൈതസത്യത്തെ ധ്യാനിക്കുന്നവര്‍ പരിശുദ്ധരായി മാറും. ഞാന്‍ നല്‍കുന്ന സര്‍വജ്ഞാനത്താല്‍ നീ ഈ ലോകത്ത് കുറച്ചുകാലം കൂടിയുണ്ടാകും. നിന്റെ ജീവിതദൗത്യം ഏറക്കുറെ പൂര്‍ത്തിയായിരിക്കുന്നു!’”
ഇപ്പോള്‍ ദേവിയുടെ വാക്കുകളില്‍ വാത്സല്യവും അതിരറ്റ സ്‌നേഹവും നിറഞ്ഞുനില്‍ക്കുന്നതറിഞ്ഞു. ഭക്തിപൂര്‍ണമായ ഹൃദയത്തോടെ സരസ്വതീദേവിയെ സാഷ്ടാംഗം നമസ്‌ക്കരിച്ചു. പത്മപാദന്റെയും തോടകന്റെയും ഹസ്താമലകന്റെയും കവിളുകളിലൂടെ ആനന്ദത്തിന്റെ കുഞ്ഞരുവി ഒഴുകിയിറങ്ങി…
”ജയ ശങ്കര!”
ശാരദാമന്ദിരം ശങ്കരധ്വനികള്‍കൊണ്ട് അഭിഷിക്തമായി!