- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- സത്യഗ്രഹത്തിന്റെ ലക്ഷ്യവും സ്വരൂപവും (ആദ്യത്തെ അഗ്നിപരീക്ഷ 17)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
സത്യഗ്രഹത്തിന്റെ ഉദ്ദേശ്യം സ്വയംസേവകര്‍ യാതനയുടെ തീച്ചൂളയില്‍ സ്വയമെരിഞ്ഞ് ജനങ്ങളുടെ ഹൃദയത്തില്‍ സത്യത്തിന്റെയും ന്യായത്തിന്റെയും സാക്ഷാത്ക്കാരം സൃഷ്ടിച്ച് നീതിക്കായുള്ള പ്രവര്‍ത്തനത്തില്‍ സഹകരണം നേടുകയും അതോടൊപ്പം ഭരണാധി കാരികളില്‍ സദ്‌വിവേകം സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരുന്നു. അതിനാല്‍ സത്യഗ്രഹത്തിന്റെ രീതിയും അതനുസരിച്ചുതന്നെയായിരിക്കണമെന്ന് നിശ്ചയിച്ചു. സത്യഗ്രഹത്തിന്റെ ഫലമായി സര്‍ക്കാരിന്റെ കാര്യനിര്‍വ്വഹണത്തിന് ഒരു വിധത്തിലുള്ള വിഷമവുമുണ്ടാകരുതെന്നും പ്രക്ഷോഭം കാരണം സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും തടസ്സമുണ്ടാകരുതെന്നും നിശ്ചയിച്ചിരുന്നു. അതുകൊണ്ട് ശ്രീ ഗുരുജി തന്റെ ആഹ്വാനത്തില്‍ നമ്മുടെ സമരം തികച്ചും ശാന്ത പൂര്‍ണ്ണവും അഹിംസാത്മകവുമായിരിക്കണമെന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. സത്യഗ്രഹത്തിന്റെ ഫലമായി സമൂഹത്തില്‍ വിദ്വേഷത്തിന്റെയോ ശത്രുതയുടെയോ അന്തരീക്ഷം തീരെ സൃഷ്ടിക്കപ്പെടരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു.
കാശ്മീര്‍, ഹൈദരാബാദ് എന്നിവടങ്ങളിലെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ആ പ്രദേശങ്ങളെ സത്യഗ്രഹത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കി. ആ ദിവസങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ അഖില ഭാരതീയ സമ്മേളനം ജയ്പൂരില്‍ നിശ്ചയിച്ചിരുന്നു. അതിന് ഒരു വിഷമവും ഉണ്ടാകരുതെന്ന നിലയ്ക്ക് സമ്മേളന ദിവസങ്ങളില്‍ ജയ്പൂരില്‍ സത്യഗ്രഹം നടത്തേണ്ടതില്ലെന്നും നിശ്ചയിച്ചു. സത്യഗ്രഹ കാലഘട്ടത്തിനിടയ്ക്ക് പണ്ഡിറ്റ് നെഹ്രുവിന്റെ കര്‍ണാടക സന്ദര്‍ശനവേളയില്‍ ബാംഗ്ലൂര്‍ സന്ദര്‍ശനദിവസം അവിടുത്തെ സത്യഗ്രഹം നിറു ത്തിവെയ്ക്കാന്‍ നിശ്ചയിച്ചു.
സത്യഗ്രഹത്തിന്റെ ആരംഭദിവസം തന്നെ ഏതെങ്കിലും കാര്യകര്‍ത്താവ് സ്ഥലത്തെ ഭരണാധികാരിയെക്കണ്ട് സംഘത്തെ പിരിച്ചുവിട്ട ശ്രീ ഗുരുജിയുടെ നിര്‍ദ്ദേശം പിന്‍വലിച്ചതിനാല്‍ സംഘപ്രവര്‍ത്തനം ആരംഭിക്കാന്‍ പോവുകയാണെന്ന കാര്യം എഴുതിയറിയിക്കേണ്ടതാണ്. അതാത് സ്ഥലത്തെ സൗകര്യവും പരിതഃസ്ഥിതിയുമനുസരിച്ച്. നിത്യമോ അഥവാ നിശ്ചിത ദിവസങ്ങളിലോ സത്യഗ്രഹം സംഘടിപ്പിക്കുന്നതായിരിക്കും.
പൊതുസ്ഥലത്ത് നിശ്ചയിക്കപ്പെട്ട സത്യഗ്രഹികള്‍ ഒരു നേതാവിന്റെ കീഴില്‍ സംഘശാഖ ആരംഭിക്കുകയും ശാഖാപരിപാടികളും പ്രാര്‍ത്ഥനയും നടത്തുകയും വേണം. പൊതുജനങ്ങളോട് സത്യഗ്രഹനേതാവോ സത്യഗ്രഹികളില്‍പ്പെട്ട മറ്റേതെങ്കിലും പ്രമുഖ വ്യക്തിയോ സത്യഗ്രഹത്തെക്കുറിച്ച് സംസാരിക്കണം. അതോടൊപ്പം സംഘത്തിനെതിരായി നടന്നുകൊണ്ടിരിക്കുന്ന അന്യായം, അതിന്റെ നിവാരണത്തിനായി സംഘം നടത്തിയ പരിശ്രമങ്ങള്‍, സര്‍ക്കാരിന്റെ കടുംപിടുത്തം എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കുന്ന, മുമ്പുതന്നെ തയ്യാറാക്കിയ ലഘുലേഖ എല്ലാവര്‍ക്കും വിതരണം ചെയ്യുക ഇതായിരുന്നു പരിപാടി.
ഇതിനിടയില്‍ പോലീസ് വന്ന് അറസ്റ്റുചെയ്യാന്‍ മുതിര്‍ന്നാല്‍ യാതൊരു എതിര്‍പ്പുംകൂടാതെ അറസ്റ്റിനു വിധേയമാവുക. അഥവാ പോലീസ് എത്തിയില്ലെങ്കില്‍ ജാഥയായി നിശ്ചയിക്കപ്പെട്ട മുദ്രാവാക്യങ്ങള്‍ വിളിച്ച് പോലീസ് വന്ന് അറസ്റ്റുചെയ്യുന്നതുവരെ മു ന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുക. ഇടയ്ക്ക് കവലകളില്‍ സത്യഗ്രഹത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്യണം. ഇതായിരുന്നു സത്യഗ്രഹത്തിന്റെ സാമാന്യരീതി. പോലീസിനുനേരെയോ അന്യരാഷ്ട്രീയ പ്രസ്ഥാനത്തിനുനേരെയോ വിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യം മുഴക്കുകയോ പ്രസംഗിക്കുകയോ ചെയ്യുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരുന്നു. ‘മൂര്‍ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സത്യഗ്രഹത്തിന്റെ ഭാഗമായുണ്ടായിരുന്നില്ല. ‘ശ്രീ ഗുരുജിയെ വിട്ടയയ്ക്കുക’, ‘സംഘത്തിന്റെ നിരോധനം പിന്‍വലിക്കുക’, ‘സംഘം അമര്‍രഹേ’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ ഭാവാത്മക മുദ്രാവാക്യങ്ങള്‍ മാത്രമേ ഉണ്ടാകാവൂ എന്ന വ്യക്തമായ നിര്‍ദ്ദേശമുണ്ടായിരുന്നു.
ദേശവ്യാപകമായി സമ്പര്‍ക്കവ്യവസ്ഥ കൃത്യമായി നടക്കുകയും സത്യഗ്രഹത്തിനുള്ള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയാവുകയും സത്യഗ്രഹത്തിന്റെ ഉദ്ദേശവും രൂപവും നിശ്ചയിക്കപ്പെടുകയും ചെയ്തുകഴിഞ്ഞതോടെ സ്വയംസേവകരുടെ മനസ്സില്‍ വിജയത്തെക്കുറിച്ചുള്ള വിശ്വാസം ദൃഢമായിക്കഴിഞ്ഞു. എന്തു ബലിദാനം വേണ്ടിവന്നാലും അന്യായം സഹിക്കാന്‍ ഒരുക്കമല്ല, സമാജത്തെ സേവിക്കാനുള്ള തങ്ങളുടെ അവകാശം നേടിയെടുക്കുകതന്നെ ചെയ്യും എന്ന മനോഭാവം ശക്തിപ്പെട്ടതോടെ സര്‍ക്കാര്‍ രാപ്പകല്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച തെറ്റിദ്ധാരണകള്‍ക്കുപരി സമാജത്തിനുള്ളില്‍നിന്നുതന്നെ ‘സംഘം ഇനി നിഷ്‌ക്രിയമായിരിക്കരുത്’, ‘സത്യഗ്രഹം ആരംഭിക്കണ’മെന്ന അഭിപ്രായം ഉയര്‍ന്നു. സര്‍ക്കാര്‍ സംഘത്തിനെതിരെ അന്യായമാണ് ചെയ്യുന്നതെന്നും ഭരണാധികാരത്തിന്റെ മൃഗീയ ശക്തിയുപയോഗിച്ച് സംഘത്തെ നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നുമുള്ള കാര്യത്തെക്കുറിച്ച് ജനസമൂഹത്തില്‍ ഉണര്‍വ്വുണ്ടായിക്കഴിഞ്ഞു എന്ന നിലവന്നു. ഇതോടെ സത്യഗ്രഹത്തിനുള്ള ഉചിത സമയമായി എന്ന് കണ്ട് സത്യഗ്രഹം ആരംഭിക്കാനുള്ള തീയതി നിശ്ചയിച്ച് മുന്‍കൂട്ടിത്തന്നെ എല്ലാ പ്രാന്തങ്ങളിലും അറിയിച്ചു. 1948 ഡിസംബര്‍ 9 ആയിരുന്നു സത്യഗ്രഹം ആരംഭിക്കാനായി നിശ്ചയിച്ച തീയതി.
അവസാനശ്രമം
ദേശത്തിന്റെ പരിതഃസ്ഥിതി കണക്കിലെടുത്ത് സത്യഗ്രഹ പരിപാടി അവസാനത്തെ ആയുധമേ ആകാവൂ എന്നായിരുന്നു സംഘ അധികാരികളുടെ ചിന്ത. അതിനാല്‍ സര്‍ക്കാരിന് അന്തിമമായി ഒരവസരംകൂടി നല്‍കാന്‍ അവര്‍ നിശ്ചയിച്ചു.
സത്യഗ്രഹം 9 ന് ആരംഭിക്കണമെന്നു നിശ്ചയിച്ചശേഷവും സര്‍കാര്യവാഹ് ഭയ്യാജി ദാണിയെ ഡല്‍ഹിയിലയച്ച് സര്‍ക്കാരുമായി മുറിഞ്ഞുപോയ സംവാദം പുനരാരംഭിക്കാനുള്ള അന്തിമമായ ഒരു ശ്രമം നടത്താന്‍ നിശ്ചയിച്ചു. അഥവാ സര്‍ക്കാര്‍ സംഭാഷണത്തിന് ഒരുക്കമാണെങ്കില്‍ – അതിനുള്ള സാദ്ധ്യത വിരളമാണെങ്കില്‍ കൂടി – സത്യഗ്രഹം 9 ന് നടത്തുന്നത് നീട്ടിവെയ്ക്കാനും അതല്ല സര്‍ക്കാര്‍ അവരുടെ പിടിവാശിയില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ നിശ്ചയമനുസരിച്ച് 9നു തന്നെ സത്യഗ്രഹം ആരംഭിക്കാനും തീരുമാനമായി. അതിനായി ഡിസംബര്‍ 8ന് ഭയ്യാജി ഡല്‍ഹിയിലെത്തി. ഭരണകൂടത്തിനും ഡല്‍ഹിയിലെ സ്വയംസേവകര്‍ക്കും ഭയ്യാജി വരുന്നതിനെ സംബന്ധിച്ച വിവരം അറിയാമായിരുന്നു.
ഡല്‍ഹിയിലെ സ്വയംസേവകരും അനുഭാവികളുമെല്ലാമായി ഇരുപത്തിനാലായിരത്തിലധികംപേര്‍ ഡല്‍ഹി റെയില്‍വേസ്റ്റേഷനില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യാനെത്തിയിരുന്നു. 8ന് ജി.ടി. എക്‌സ്പ്രസ്സ് സ്റ്റേഷനില്‍ എത്തിയതോടെ പരിസരമാകെ ‘ഭാരതമാതാ കീ ജയ്’ ഘോഷത്താല്‍ മുഖരിതമായി. അഖണ്ഡമായ പുഷ്പവൃഷ്ടി നടന്നു. ഈ സമയത്തിനകംതന്നെ സര്‍വ്വസന്നാഹങ്ങളോടെ പോലീസ് എത്തി. ഭയ്യാജി ദാണിയുടെ ചുറ്റും വലയം സൃഷ്ടിച്ചു. അതോടെ സംഭാഷണത്തിനല്ല ഏറ്റുമുട്ടാനുള്ള മാര്‍ഗ്ഗമാണ് പോലീസ് സ്വീകരിച്ചതെന്നുറപ്പായി.
അതിനാല്‍ അവിടെ ഒത്തുകൂടിയ വിശാലമായ ജനസമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സര്‍സംഘചാലക് ശ്രീ ഗുരുജിയുടെ ആഹ്വാനമനുസരിച്ച് നാളെ മുതല്‍ തന്നെ സംഘപ്രവര്‍ത്തനം പുനരാരംഭിക്കണമെന്നും അതിനായുള്ള സത്യഗ്രഹത്തിന്റെ ശംഖനാദം ദേശം മുഴുവന്‍ മുഴങ്ങുന്നതായിരിക്കുമെന്നും ഭയ്യാജി ദാണി പ്രഖ്യാപിച്ചു. ഭയ്യാജി ദാണിയെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയും അടുത്ത ദിവസംതന്നെ ഭാരതത്തിലെല്ലായിടത്തും സത്യഗ്രഹം ആരംഭിക്കുകയും ചെയ്തു.
എങ്ങും അസാധാരണമായ ദൃശ്യം
1948 ഡിസംബര്‍ 9 ന് ഭാരതത്തിലെ ഏറെക്കുറെ എല്ലാ നഗരങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും ഗ്രാമങ്ങളിലും ഒരപൂര്‍വ്വദൃശ്യത്തോടെയാണ് പ്രഭാതമെത്തിയത്. ഉറക്കത്തില്‍നിന്നുണര്‍ന്നെഴുന്നേറ്റ ജനങ്ങള്‍ അവിശ്വസനീയവും അവര്‍ണ്ണനീയവുമായ കാഴ്ചയായിരുന്നു ചുറ്റുപാടും കണ്ടത്. തലേന്നാള്‍ ഉറങ്ങാന്‍ പോകുമ്പോള്‍ എല്ലാം സാധാരണമട്ടിലായിരുന്നു. എന്നാല്‍ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ തങ്ങളുടെ വീട്ടിലും ചുറ്റുഭാഗത്തുള്ള വീടുകളിലെ ചുമരുകളിലുമെല്ലാം കൈകൊണ്ടെഴുതിയ മുദ്രാവാക്യങ്ങളടങ്ങുന്ന പോസ്റ്ററുകള്‍കൊണ്ട് നിറഞ്ഞിരുന്നു. ‘ഗുരുജിയെ വിട്ടയയ്ക്കുക’, ‘നിരോധനം പിന്‍വലിക്കുക’, ‘സംഘ് അമര്‍ രഹെ,’ ‘ഇന്നുമുതല്‍ സംഘപ്രവര്‍ത്തനം പുനരാരംഭിക്കുന്നു,’ ‘നീതികിട്ടാനായി സംഘത്തിന്റെ സത്യഗ്രഹം’- ഇത്തരം മുദ്രാവാക്യങ്ങള്‍ സര്‍വ്വത്ര പ്രകടമായിരുന്നു. വീടിന്റെ വാതില്‍ തുറന്ന ഉടനെ അവിടെ കിടന്നുകിട്ടിയ ലഘുലേഖയിലൂടെ സത്യഗ്രഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വായിച്ചറിയാനും അവര്‍ക്കു സാധിച്ചു. ഇത്തരം ലഘുലേഖകള്‍ കൈമാറി കൈമാറി സത്യഗ്രഹം സംബന്ധിച്ച വാര്‍ത്തകള്‍ സാമാന്യം എല്ലാ ജനങ്ങള്‍ക്കും ലഭ്യമായി. തീവണ്ടിയിലും ബസ്സിലും യാത്ര ചെയ്യാനായി രാവിലെ എത്തിയവര്‍ക്കെല്ലാം റെയില്‍വേസ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും തീവണ്ടി ബോഗികളിലുമെല്ലാം ഇത്തരം പോസ്റ്ററുകള്‍ കാണാന്‍ കഴിഞ്ഞു. ഡല്‍ഹിയില്‍നിന്നും ബോംബെയില്‍നിന്നും അഹമ്മദാബാദില്‍നിന്നും പാട്‌നയില്‍ നിന്നും വിവിധഭാഗങ്ങളിലേയ്ക്ക് പോകുന്ന വണ്ടികളിലെല്ലാം പതിച്ചിരുന്ന ഇത്തരം പോസ്റ്ററുകളിലൂടെ, സത്യഗ്രഹാരംഭത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേര്‍ന്നു. സത്യഗ്രഹം നടക്കുന്ന സ്ഥലത്തെ സംബന്ധിച്ച വിവരം ലഘുലേഖയിലും പോസ്റ്ററിലും സൂചിപ്പിച്ചിരുന്നു. ഉത്സുകരായ കുറച്ചേറെ വ്യക്തികള്‍ സംഘ ത്തോടുള്ള തങ്ങളുടെ അനുഭാവം പ്രകടമാക്കാനായി സത്യഗ്രഹം നടക്കുന്നിടത്തേയ്ക്ക് നീങ്ങി.
ആസാം, ബംഗാള്‍, തെക്കുഭാഗത്തെ പ്രാന്തങ്ങള്‍ ഒഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളിലും ഒരേദിവസം, ഒരുമിച്ച് മിക്കവാറും ഒരേസമയത്ത് സംഘത്തിന്റെ പുനരാരംഭം കുറിച്ചു. മറ്റുസംസ്ഥാനങ്ങളില്‍ ഇതേപോലെ ഡിസംബര്‍ 10ന് സത്യഗ്രഹം ആരംഭിച്ചു. കാലത്ത് 8 മണിക്ക് സത്യഗ്രഹികളായ സ്വയംസേവകര്‍ നീതിക്കായുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടു മുന്നേറുന്ന കാഴ്ച എങ്ങും കാണാമായിരുന്നു. ചെറിയ ചെറിയ സംഘങ്ങളായി ഏതെങ്കിലും പൊതുസ്ഥലത്ത് ഒരുമിച്ചുവന്ന് ശാഖ ആരംഭിക്കുകയും കബഡി തുടങ്ങിയ പരിപാടികള്‍ നടത്തുകയും ചെയ്തു. സംഘപ്രാര്‍ത്ഥനയ്ക്കുശേഷം അവിടെ കൂടിയ ജനങ്ങളോട് തങ്ങളുടെ ന്യായപൂര്‍ണ്ണമായ ആവശ്യങ്ങളെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തി ബോധവാന്മാരാക്കി. ഇത്രയുമായിട്ടും പോലീസ് വരാത്ത ഇടങ്ങളില്‍ അവര്‍ ജാഥയായി റോഡില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് ലഘുലേഖാ വിതരണം നടത്തി. ഡല്‍ഹിയില്‍ പ്രത്യേകമായി, അവിടുത്തെ പ്രാന്തപ്രചാരകനായ വസന്തറാവു ഓക്ക് പ്രധാനമന്ത്രിക്കയച്ച ‘സംഘസത്യഗ്രഹം എന്തുകൊണ്ട്?’ എന്ന പ്രസ്താവന അച്ചടിച്ച് ജനങ്ങള്‍ക്കിടയില്‍ വിതരണം നടത്തി. അത്തരം ജാഥകളില്‍ പങ്കെടുത്തവരുടെ സംഖ്യ ആദ്യദിവസം മുതല്‍തന്നെ ആയിരത്തിലധികമുണ്ടായിരുന്നു.
ഉറക്കത്തില്‍പ്പെട്ട ഭരണകൂടം
സംഘം ഏത് സമയത്തും സത്യഗ്രഹം തുടങ്ങുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയും വ്യാപകമായ തോതില്‍ എല്ലായിടത്തും വലിയ സംഖ്യയില്‍ സത്യഗ്രഹം സംഘടിപ്പിക്കാനുള്ള കരുത്ത് സംഘത്തിനുണ്ടെന്ന് സര്‍ക്കാര്‍ തീരെ കരുതിയിരുന്നില്ല. അത് അവരില്‍ ആകെ ഞെട്ടലുണ്ടാക്കി. അവര്‍ കണക്കുകൂട്ടിയത് ഇത്രയും നീണ്ടകാലത്തെ നിരോധനം സംഘത്തിന്റെ ശക്തിയെ പൂര്‍ണ്ണമായും തകര്‍ത്തിരിക്കുമെന്നായിരുന്നു. ഗാന്ധിവധത്തിന്റെ കളങ്കംമൂലം അനവധിപേര്‍ സംഘത്തെ ഉപേക്ഷിച്ചു പുറത്തുപോയിരിക്കുമെ ന്നും അവര്‍ കരുതി. അതുകൊണ്ട് അപവാദമെന്ന നിലയ്ക്ക് കുറച്ച് വലിയ നഗരങ്ങളില്‍ ചിലര്‍ മുന്നോട്ടുവന്നേക്കാം. അവരെ അവഗണിക്കുകയോ അഥവാ ജയിലിലടയ്ക്കുകയോ ചെയ്യുന്നതോടെ പ്രക്ഷോഭം തണുത്തുറഞ്ഞുപോകും. ഭാരതത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി 4000 ത്തില്‍ കൂടുതല്‍ സത്യഗ്രഹികള്‍ ഉണ്ടാവില്ലെന്നായിരുന്നു അവര്‍ കണക്കുകൂട്ടിയത്. അതിനാല്‍ ചുരുക്കം ചില സ്ഥലങ്ങളിലൊഴികെ എല്ലായിടത്തും ഭരണസംവിധാനം ഉറക്കത്തിലായിരുന്നു. സംഘത്തിന്റെ സത്യഗ്രഹപരിപാടിയെ നേരിടാന്‍ പൂര്‍ണ്ണമായും സന്നദ്ധമായിരിക്കുകയാണ് ഭരണകൂടം എന്ന് ഗ്വാളിയോറിലെ പ്രസം ഗത്തില്‍ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ താക്കീത് നല്‍കിയെങ്കിലും ഭരണാധികാരികള്‍ക്ക് സംഘത്തിന്റെ ശക്തിയെ സംബന്ധിച്ച് ശരിയായ ധാരണ ഉണ്ടായിരുന്നില്ലെന്ന കാര്യം സത്യഗ്രഹത്തിന്റെ ആരംഭദിവസങ്ങളില്‍ത്തന്നെ വ്യക്തമായിരുന്നു. അതിനാല്‍ ആദ്യദിവസങ്ങളില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാത്ത നിഷ്‌ക്രിയാവസ്ഥയിലായിരുന്നു പോലീസ് വിഭാഗം. സത്യഗ്രഹികള്‍ മുദ്രാവാക്യം വിളിച്ചും പ്രസംഗിച്ചും ലഘുലേഖകള്‍ വിതരണം ചെയ്തും മണിക്കൂറുകളോളം കറങ്ങി നടന്നിട്ടും അവരെ അറസ്റ്റ് ചെയ്യാനായി ആരും എത്തിയതേയില്ല. തങ്ങളെ അറസ്റ്റ് ചെയ്യണമെന്ന് സത്യഗ്രഹികള്‍ തന്നെ ആവശ്യപ്പെട്ടിട്ടും അനവധി സ്ഥലങ്ങളില്‍ അതുണ്ടായില്ല. ചില സ്ഥലങ്ങളിലെ സത്യഗ്രഹികള്‍ക്ക് മറ്റു സ്ഥലങ്ങളില്‍പോയി സത്യഗ്രഹം നടത്തേണ്ടിവന്നു.
♦ ബീഹാറിലെ ശാഹാബാദിലെ മമുവാ എന്ന സ്ഥലത്ത് സ്വയംസേവകര്‍ തുടര്‍ച്ചയായി മൂന്നുദിവസം സത്യഗ്രഹം നടത്തി. എ.ടി.ഓയെ കണ്ട് തങ്ങളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടിട്ടും അറസ്റ്റ് ചെയ്തില്ല. മൂന്നാം ദിവസം അദ്ദേഹം ”വൈകുന്നേരം വരൂ, പോലീസിനെ അയയ്ക്കാം” എന്നുപറഞ്ഞു. അതനുസരിച്ച് വൈകുന്നേരം സത്യഗ്രഹികള്‍ സ്ഥലത്തെത്തി. പോലീസ് വന്നുചേര്‍ന്നു. അവര്‍ സംഘപരിപാടികള്‍ എല്ലാം കണ്ടു. അതിനുശേഷം അറസ്റ്റ് ചെയ്യുന്നതിനുപകരം പോലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചത് ”നിങ്ങള്‍ ധര്‍മ്മത്തിന്റെയും ന്യായത്തിന്റെയും കാര്യമാണല്ലോ പറയുന്നത്. ദേശഭക്തിഗാനങ്ങള്‍ പാടുന്നു. സംഘത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്യായത്തിനെതിരെ പ്രസംഗിക്കുന്നു. ആര്‍ക്കും എതിരായി നിങ്ങള്‍ ഒന്നുംതന്നെ പ്രസംഗിച്ചില്ല. അതില്‍ വിദ്വേഷജനകമായി ഒന്നും ഉണ്ടായില്ല. പിന്നെ എന്തിനാണ് നിങ്ങളെ അറസ്റ്റ് ചെയ്യേണ്ടത്?” അതിനെത്തുടര്‍ന്ന് സത്യഗ്രഹികള്‍ക്ക് 150 മൈല്‍ ദൂരെയുള്ള പാട്‌നായില്‍ ചെന്ന് സത്യഗ്രഹം നടത്തി അറസ്റ്റ് വരിക്കേണ്ടിവന്നു.
♦ ബംഗാളിലെ വേല്‍ഡാംഗായില്‍ പോലീസ് സത്യഗ്രഹികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. കാലത്തും വൈകുന്നേരവും ശാഖാപരിപാടികള്‍ ഗംഭീരമായി നടന്നു. തങ്ങളെ അറസ്റ്റുചെയ്യണമെന്ന് സത്യഗ്രഹികള്‍ പോലീസിനോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പലതും പറഞ്ഞൊഴിഞ്ഞു. ‘ആദ്യം നിങ്ങള്‍ മധുര പലഹാരം തരൂ, പിന്നെ അറസ്റ്റുചെയ്യാ’മെന്നായിരുന്നു അവ സാനം അവര്‍ പറഞ്ഞത്. വിവശരായ സത്യഗ്രഹികള്‍ ‘വേല്‍ ഡംഗാ സത്യഗ്രഹം വിജയം, ഇനി കല്‍ക്കത്തയ്ക്ക് നീങ്ങാം’ എന്ന് ചുമരുകളില്‍ എഴുതിവെച്ച് കല്‍ക്കത്തയില്‍ പോയി സത്യഗ്രഹമനുഷ്ഠിച്ചു. കൃഷ്ണനഗരത്തിലും ഇതുതന്നെ സംഭവിച്ചു. സത്യഗ്രഹികള്‍ മൂന്നുദിവസം മുദ്രാവാക്യം വിളിച്ചുകൊണ്ട് ശാഖയും ജാഥയും നടത്തി. തങ്ങളെ അറസ്റ്റ് ചെയ്യണമെന്ന് നിര്‍ബന്ധിച്ചിട്ടും പോലീസ് ആരെയും തടവിലാക്കിയില്ല. തങ്ങള്‍ക്ക് നിര്‍ദ്ദേശമൊന്നും കിട്ടിയിട്ടില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. അവസാനം അവിടെയുള്ളവര്‍ നവദ്വീപില്‍ചെന്ന് അറസ്റ്റിന് വിധേയരായി.
♦ ഗുജറാത്തില്‍ നവസാര്‍ ജില്ലയിലെ എം.എല്‍.സിയായ ശ്രീ കര്‍വേയുടെ നേതൃത്വത്തില്‍ സത്യഗ്രഹം നടന്നു. സത്യഗ്രഹികളെ അറസ്റ്റ് ചെയ്യിക്കാന്‍ രാഷ്ട്രസേവാദളിന്റെ പ്രവര്‍ത്തകര്‍ വളരെ പരിശ്രമിച്ചെങ്കിലും പോലീസ് ആരെയും അറസ്റ്റ് ചെയ്തില്ല. ഡിസംബര്‍ 11 നും അതുതന്നെ സംഭവിച്ചു. വലിയ സംഖ്യയില്‍ പ്രകടനം നടത്തി. പരിപാടികളെല്ലാം നടത്തി. സേവാദള്‍ പ്രവര്‍ത്തകര്‍ പോലീസിനെ വിവരങ്ങള്‍ അറിയിച്ചെങ്കിലും പരിപാടികള്‍ സമാപിച്ചുകഴിഞ്ഞു മാത്രമാണ് അവരെത്തിയത്. സംഘസ്വയംസേവകരെ അറസ്റ്റുചെയ്യണമെന്ന് അടുത്തദിവസം നവസാരി പ്രജാമണ്ഡലിന്റെ അദ്ധ്യക്ഷന്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ ”ദയവുചെയ്ത് താങ്കള്‍ താങ്കളുടെ ജോലി ചെയ്താലും” എന്നുപറഞ്ഞ് പോലീസ് ഉദ്യോഗസ്ഥന്‍ തിരിച്ചയച്ചു.
♦ ഒറീസ്സയില്‍ സംഘപ്രവര്‍ത്തനം പുതുതായി ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ സത്യഗ്രഹത്തിന്റെ ഉത്സാഹം ഒട്ടും കുറവായിരുന്നില്ല. സത്യഗ്രഹത്തിനായി ബ്രഹ്‌മപൂരിലും കട്ടക്കിലുമായി രണ്ടുകേന്ദ്രങ്ങള്‍ നിശ്ചയിച്ചിരുന്നു. പ്രാന്തത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള സ്വയംസേവകര്‍ രണ്ടു സ്ഥലങ്ങളിലുമായി വന്ന് അറസ്റ്റ് വരിച്ചിരുന്നു. കട്ടക്ക് കേന്ദ്രത്തില്‍ സത്യഗ്രഹികള്‍ ഗംഭീരമായി മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പരിപാടി നടത്തുകയും ചെയ്തിട്ടും പോലീസ് അനങ്ങിയില്ല. സത്യഗ്രഹികള്‍ പ്രകടനം നടത്തി, ശാഖ നടത്തി, ലഘുലേഖ പ്രചരിപ്പിച്ചു – ഇതെല്ലാം ചെയ്തിട്ടും സത്യഗ്രഹികളെ അറസ്റ്റുചെയ്യാനുള്ള നിര്‍ദ്ദേശം തങ്ങള്‍ക്ക് കിട്ടിയില്ലെന്ന് പറഞ്ഞ് പോലീസ് ഒഴിഞ്ഞുമാറി. ഒടുവില്‍ എല്ലാവരും ബ്രഹ്‌മപൂരില്‍പോയി അറസ്റ്റു വരിച്ചു.
♦ ദക്ഷിണഭാരതത്തിലെ സംസ്ഥാനങ്ങളിലും ഏറെക്കുറെ ഇതുതന്നെയായിരുന്നു അവസ്ഥ. ഇവിടങ്ങളില്‍ സത്യഗ്രഹം നിശ്ചയിച്ചതനുസരിച്ച് ഡിസംബര്‍ 10-ാം തീയതിയാണ് ആരംഭിച്ചത്. ആദ്യദിവസങ്ങളില്‍ (10, 11) മദിരാശി പ്രസിഡന്‍സിയിലൊഴിച്ച് മറ്റൊരിടത്തും അറസ്റ്റു നടന്നില്ല. നൂറുകണക്കിന് സ്വയംസേവകര്‍ ഒത്തുചേര്‍ന്ന് ജാഥ നയിക്കുകയും ശാഖ നടത്തുക യും ചെയ്തു. വൈകുന്നേരങ്ങളിലും പ്രകടനം നടത്തി യോഗങ്ങള്‍ സംഘടിപ്പിച്ചു. എന്നാല്‍ പോലീസ് ഒരിടത്തും എത്തിയില്ല. ദോദ്ദാബല്ലാപൂര്‍ (ബാംഗ്ലൂര്‍), അനേകല്‍, ചിന്താമണി, തും കൂര്‍, സിരാ, മദുഗിരി തുടങ്ങിയ സ്ഥലങ്ങളിലും രണ്ടുദിവസത്തേയ്ക്ക് അറസ്റ്റ് ഉണ്ടായില്ല. തുംകൂറില്‍ 10 ന് രാവിലെ 400-ലേറെ സ്വയംസേവകര്‍ മുദ്രാവാക്യം വിളിച്ച് ജാഥ നയിച്ചു. മിക്കവാറും നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും കറങ്ങി. ഒരിടത്തും പോലീസിനെ കാണാന്‍പോലും കിട്ടിയില്ല. വൈകുന്നേരം പ്രകടനവും പൊതുയോഗവും ഏര്‍പ്പാടുചെയ്തിരുന്നു. പ്രസ്തുത സമ്മേളനത്തില്‍ അഡ്വക്കേറ്റ് സീതാറാം ശാസ്ത്രിയുടേയും ബി.എസ്സ്.സി. വിദ്യാര്‍ത്ഥിയായിരുന്ന ജി.ആര്‍. നാരായണന്റെയും ഗംഭീരമായ പ്രസംഗങ്ങള്‍ നടന്നു. എന്നിട്ടും പോലീസെത്തിയില്ല, അറസ്റ്റുമുണ്ടായില്ല. സീതാറാം ശാസ്ത്രി പല സ്ഥലത്തുംചെന്ന് പ്രസംഗങ്ങള്‍ നടത്തി. ഒരിടത്തും പോലീസിന്റെ ഇടപെടലുണ്ടായില്ല.
♦ വിദര്‍ഭയില്‍ ഡിസംബര്‍ 9 ന് സത്യഗ്രഹം ആരംഭിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ അധികാരികള്‍ക്ക് വിവരം നല്‍കിയിരുന്നെങ്കിലും എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലായിരുന്നു അവര്‍. ഒന്നിനുപുറകെ ഒന്നായിനടക്കുന്ന സത്യഗ്രഹത്തെ എങ്ങനെ തടയണമെന്നതിനെക്കുറിച്ച് ഒരു രൂപവും അവര്‍ക്കുണ്ടായിരുന്നില്ല. സംഘം സാധാരണനിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞെന്ന രീതിയിലായിരുന്നു ആരംഭദിവസങ്ങളിലെ സ്ഥിതി. സ്വയംസേവകര്‍ പരസ്യമായിത്തന്നെ പ്രചരണവും ശാഖയും നടത്തിക്കൊണ്ടിരുന്നു. അതിനെ തടയാന്‍ ആരുംതന്നെയുണ്ടായിരുന്നില്ല.
♦സംഘത്തിന്റെ കേന്ദ്രമായ നാഗപ്പൂരിലും ഇതേ ദൃശ്യമായിരുന്നു. ധരംപേട്ട് സംഘസ്ഥാനിലും ധന്തോളിയിലെ കോണ്‍ഗ്രസ് പാര്‍ക്കിലും ഡിസംബര്‍ 9 ന് തന്നെ ശാഖകള്‍ ആരംഭിച്ചു. രണ്ട് സ്ഥലത്തും ശാഖ ആരംഭിക്കാന്‍ പോകുന്നതു സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയിരുന്നു. പോലീസിന്റെ ഉത്തരം ”ഹാ നിങ്ങളാരും ഓടിപ്പോകുന്നവരല്ല എന്ന് നമുക്കറിയാം. ഞങ്ങള്‍ വന്നുകൊള്ളാം” എന്നായിരുന്നു. ഒരു മണിക്കൂര്‍ നേരം ശാഖാപരിപാടികള്‍ നടന്നു. നൂറുകണക്കിന് കാഴ്ചക്കാരുമുണ്ടായിരുന്നു. എന്നാല്‍ പോലീസ് വരികയോ അറസ്റ്റ് നടക്കുകയോ ഉണ്ടായില്ല.
(തുടരും)