- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- മുന്നൊരുക്കങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 16)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
സത്യഗ്രഹസംബന്ധമായ സത്യസന്ധവും വിശ്വസനീയവുമായ പൂര്‍ണ്ണവിവരം സര്‍വത്ര ജനങ്ങളില്‍ എത്തിക്കാത്ത അവസ്ഥയില്‍ ഒരു സത്യഗ്രഹവും വിജയിക്കുകയില്ല. ഒട്ടനവധി വാര്‍ത്താപത്രങ്ങ ളുടെ നിലപാട് സംഘത്തിന് അനുകൂലമാണെങ്കിലും സത്യഗ്രഹം ആരംഭിച്ചുകഴിഞ്ഞാല്‍ സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ ഭയന്ന് അവര്‍ സ്വന്തം നിലപാട് മാറ്റാനും സാദ്ധ്യതയുണ്ട്. അത്തരം അവസ്ഥയില്‍ അവര്‍ സംഘവാര്‍ത്തകള്‍ വിശദമായി പ്രസിദ്ധീകരിക്കാന്‍ സന്നദ്ധരായെന്ന് വരില്ല. അതിനാല്‍ പത്രത്തിന് പകരമായി ലഘുലേഖകളും ചെറുപുസ്തകങ്ങളും പ്രസ്താവനകളുമെല്ലാം സജ്ജീകരിക്കേണ്ടിയിരുന്നു. അതില്ലെങ്കില്‍ സര്‍ക്കാറിന്റെ കള്ളപ്രചാരണത്തിന് വിധേയരായി സംഘാനുകൂലരായ ജനങ്ങളുടെ മനസ്സില്‍പോലും തെറ്റിദ്ധാരണയുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. അതുകാരണം സംഘ കാര്യകര്‍ത്താക്കളുടെ ആത്മവിശ്വാസം നശിച്ച് മനോബലം നഷ്ടപ്പെടുന്ന സ്ഥിതിയും സംജാതമായേക്കാം. സ്വയംസേവകര്‍ ഇത്തരം കാര്യങ്ങളില്‍ തീര്‍ത്തും പരിചയമില്ലാത്തവരാണ്. അതുകൊണ്ട് ഇത്തരം സാഹിത്യങ്ങള്‍ ഉണ്ടാക്കാനും വിതര ണം നടത്താനും കുറ്റമറ്റ ഏര്‍പ്പാടുകള്‍ ചെയ്യേണ്ടതാവശ്യമാണ്.
സത്യഗ്രഹികളുടെ കുടുംബങ്ങള്‍ക്കുള്ള വ്യവസ്ഥയും ചെയ്യേണ്ടിയിരുന്നു. സത്യഗ്രഹികള്‍ ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടി വരുമെന്നതിനാല്‍ സ്വന്തം കുടുംബത്തെക്കുറിച്ചുള്ള ചിന്ത അവരുടെ മനസ്സിനെ അലട്ടാതിരിക്കേണ്ടത് ആവശ്യമാണ്. സത്യഗ്രഹികളില്‍ വലിയൊരു ശതമാനം യുവാക്കളായിരുന്നു. എങ്കിലും ഇത്തരം ഒരു വ്യവസ്ഥ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. സത്യഗ്രഹികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കേണ്ടിയിരുന്നു. അതോടൊപ്പം ദേശവ്യാപകമായി ദൃഢമായ സമ്പര്‍ക്കവ്യവസ്ഥയും ചെയ്യേണ്ടതാവശ്യമായിരുന്നു. അതിനാല്‍ സത്യഗ്രഹം നിശ്ചയിച്ചുകഴിഞ്ഞതോടെ ഇത്തരം ഓരോ കാര്യങ്ങള്‍ക്കും ഓരോ മുതിര്‍ന്ന അധികാരിയെ ചുമതലപ്പെടുത്തി. സത്യഗ്രഹകാര്യങ്ങള്‍ സംഘടിപ്പിക്കുന്നതിനായി ഓരോ പ്രാന്തത്തിലും ഒരു അധികാരിയെ ചുമതലപ്പെടുത്തി. ഓരോ സ്ഥലത്തും സ്വയംസേവകരുടെ ബൈഠക്കുകള്‍ സംഘടിപ്പിക്കപ്പെട്ടു. അത്തരം ബൈഠക്കുകളില്‍ മാര്‍ഗ്ഗദര്‍ശനം നല്‍കാനായി സംഘ അധികാരിമാരുടെ യാത്രകള്‍ നടന്നു. ഓരോ ബൈഠക്കിലും നൂറിനും നൂറ്റമ്പതിനും ഇടയ്ക്കുള്ള സ്വയംസേവകര്‍ പങ്കെടുക്കേണ്ടിയിരുന്നു. ബൈഠക്കിന്റെ വിവരമറിയിക്കലും എത്തിച്ചേരലുമെല്ലാം മറ്റാരുടേയും ശ്രദ്ധയില്‍പ്പെടാതെ വളരെ ജാഗ്രതയോടെ ചെയ്യേണ്ടിയിരുന്നു. അത്തരം ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി ദേശമെമ്പാടും സത്യഗ്രഹത്തിനുള്ള മുന്നൊരുക്കങ്ങള്‍ വ്യാപകമായി നടന്നു. ആയിരക്കണക്കിന് ബൈഠക്കുകള്‍ നടന്നെങ്കിലും സര്‍ക്കാറിന് ഒരു വിവരവും കിട്ടിയില്ല. കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരുമെല്ലാം സ്വയംസേവകരുടെ നീക്കങ്ങള്‍ സശ്രദ്ധം വീക്ഷിച്ചിരുന്നെങ്കിലും സത്യഗ്രഹ വിവരങ്ങളെ സംബന്ധിച്ച് അവര്‍ പൂര്‍ണ്ണമായും ഇരുട്ടിലായിരുന്നു. സ്വയംസേവകരില്‍ വ്യക്തിബന്ധവും പരസ്പര വിശ്വാസവും ദേശത്തോടുള്ള ഭക്തിയും ധ്യേയനിഷ്ഠയും ആഴത്തില്‍ വളര്‍ത്തിയെടുക്കുന്ന സംഘത്തിന്റെ അനന്യമായ കാര്യപദ്ധതി കാരണമാണ് ഇതെല്ലാം സാദ്ധ്യമായത്.
കാര്യകര്‍തൃ യോഗങ്ങള്‍ – ചില ഉദാഹരണങ്ങള്‍
ഏതേതെല്ലാം സാഹചര്യങ്ങളിലാണ് കാര്യകര്‍തൃ യോഗങ്ങള്‍ നടന്നത് എന്നതിന് ചില ഉദാഹരണങ്ങള്‍ വിവരിക്കട്ടെ:-
♦ യാദവറാവുജി (കര്‍ണാടക പ്രാന്തപ്രചാരക്) സന്ന്യാസിവേഷത്തിലായിരുന്നു. സത്യഗ്രഹികളെ ഒരുക്കാനായി അദ്ദേഹത്തിന്റെ യാത്ര നടന്നുവരികയായിരുന്നു. അത്തരം ഒരു ബൈഠക്കിനായി അദ്ദേഹം ബീജാപൂരില്‍ എത്തി. അവിടെ ബൈഠക് ഏര്‍പ്പാടു ചെയ്തിരുന്നത് ഇബ്രാഹിംറോജ് എന്ന മസ്ജിദിന്റെ രണ്ടാമത്തെ നിലയിലായിരുന്നു. ഏകദേശം നൂറു സ്വയംസേവകര്‍ പങ്കെടുത്ത ബൈഠക്കില്‍ സ്വാമിജി എത്തി. സത്യഗ്രഹം അനിവാര്യമായിത്തീര്‍ന്നത് എന്തുകൊണ്ടെന്ന വിഷയത്തെക്കുറിച്ച് അരമണിക്കൂര്‍ നേരത്തെ പ്രേരണാത്മകമായ മാര്‍ഗ്ഗദര്‍ശനം കഴിഞ്ഞ് കുറച്ചുകഴിയുമ്പോഴേയ്ക്കും പോലീസ് യൂണിഫോമില്‍ ഒരു യുവാവ് അവിടെയെത്തി. അദ്ദേഹത്തെ കണ്ടയുടനെ സ്വാമിജി തന്റെ വിഷയം മാറ്റി. ഗീതയെ ആസ്പദമാക്കിയുള്ള തന്റെ പ്രഭാഷണം ആരംഭിച്ചു. ”ഭഗവാന്‍ അര്‍ജ്ജുനനോട് ഇങ്ങനെ പറഞ്ഞു” എന്നത് കേട്ടതോടെ ഇത്തരം പ്രവചനങ്ങള്‍ പല സ്ഥലത്തും നടക്കുന്നതാണെന്ന ആത്മഗതത്തോടെ പോലീസുകാരന്‍ അവിടെനിന്നും സ്ഥലംവിട്ടു.
♦ മദ്ധ്യഭാരതത്തിലെ ഇന്‍ ഡോര്‍ നഗരത്തില്‍ അസാധാരണമായ അന്തരീക്ഷത്തില്‍ സത്യഗ്രഹ മുന്നൊരുക്കത്തിനുള്ള ബൈഠക്കുകള്‍ നടന്നു. അതിനിടയില്‍ കാപ്‌സെ എന്ന കാര്യകര്‍ത്താവിന്റെ മുത്തശ്ശിയുടെ മരണം സംഭവിച്ചു. രാത്രിതന്നെ എല്ലായിടത്തും വിവരമറിയിച്ചു. കാര്യകര്‍ത്താക്കളെല്ലാം സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ശ്മശാനത്തിലെത്തിയ ഉടനെ നിര്‍ദ്ദേശമനുസരിച്ചു വന്ന ഒരുകൂട്ടം ആളുകള്‍ ഒരിടത്ത് മാറിയിരുന്നു. അവരെല്ലാം ബൈഠക്കിനായി നിര്‍ദ്ദേശം കിട്ടി വന്നവരായിരുന്നു. സത്യഗ്രഹം സംബന്ധിച്ച ചര്‍ച്ചകളെല്ലാം അവിടെ നടത്തി മുഴുവന്‍ പദ്ധതിയും ആസൂത്രണം ചെയ്ത് അവരെല്ലാം തിരിച്ചുപോയി.
♦ ഉത്തര്‍പ്രദേശിലെ വിന്ധ്യാചലിലെ സ്വയംസേവകര്‍ ഇത്തരം ബൈഠക്കിന് ഒരു നവീനപദ്ധതി ആസൂത്രണംചെയ്തു. അവിടുത്തെ കാര്യകര്‍ത്താവായ വ്രജലാല്‍ പാണ്ഡെയുടെ അനുജന്‍ പ്രേംലാല്‍ പാണ്ഡെയുടെ വിവാഹമായിരുന്നു. വിവാഹത്തിനുശേഷം സത്യനാരായണ കഥാപ്രവചനവും സദ്യയും അവിടുത്തെ സാധാരണ സമ്പ്രദായമായിരുന്നു. അന്നേദിവസം സ്ഥലത്തെ ‘ഖത്രി ധര്‍മ്മശാല’യില്‍ സത്യനാരായണ കഥാപ്രവചനത്തില്‍ പങ്കെടുക്കാനായി നഗരത്തിലെ പ്രമുഖരെയെല്ലാം ക്ഷണിച്ചു. കാശിയില്‍നിന്നുള്ള ഒരു പണ്ഡിതന്‍ കഥാപ്രവചനത്തിനെത്തുമെന്നുള്ള വിവരവും എല്ലാവര്‍ക്കും കിട്ടി. ആബാലവൃദ്ധം ജനങ്ങളെ അതില്‍ പങ്കെടുപ്പിക്കണമെന്ന് സ്വയംസേവകര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിരുന്നു. കഥാപ്രവചനത്തിനെത്തിയ കാവിവസ്ത്രധാരിയായ തേജസ്വിയായ യുവാവിന്റെ അതിഗംഭീരമായ പ്രവചനം എല്ലാവരുടെയും മനംകവര്‍ന്നു. തുടര്‍ന്ന് പ്രസാദ ഊട്ടും കഴിഞ്ഞ് എല്ലാവരും സന്തോഷപൂര്‍വ്വം തിരിച്ചുപോയി. നിശ്ചയിക്കപ്പെട്ട സ്വയംസേവകര്‍ പ്രസാദവിതരണത്തിനുശേഷം അവിടെത്തന്നെനിന്നു. കഥാപ്രവചനം നട ത്താനെത്തിയത് ആ (സംഘ)ക്ഷേത്രത്തിന്റെ പ്രചാരക് യാദവ റാവു ദേശ്മുഖായിരുന്നു. അദ്ദേഹം സ്വയംസേവകരോട് സത്യഗ്രഹസംബന്ധിയായ വിവരങ്ങളെല്ലാം നല്‍കി. ഇത്തരം ഒരു പരിപാടിയെക്കുറിച്ച് സംശയം തോന്നി പോലീസ് എത്തുമ്പോഴേയ്ക്കും എല്ലാവരും അവരവരുടെ സ്ഥലങ്ങളില്‍ എത്തിക്കഴിഞ്ഞിരുന്നു.
ഇത്തരം ബൈഠക്കുകളില്‍ സത്യഗ്രഹത്തിന്റെ ഒരുക്കങ്ങളെ സംബന്ധിച്ച് വിശദവും സൂക്ഷ്മവുമായ വിവരങ്ങള്‍ നല്‍കിയിരുന്നു. സത്യഗ്രഹത്തില്‍ പങ്കാളികളാകാന്‍ സന്നദ്ധരായ സ്വയംസേവകരോട് പോലീസിന്റെ പെരുമാറ്റം അത്യന്തം ക്രൂരമായിരിക്കുമെന്ന് വളരെ വ്യക്തമായ സൂചന നല്‍കിയിരുന്നു. ജയിലിലും അനവധി യാതനകള്‍ സഹിക്കേണ്ടിവന്നേയ്ക്കും, ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടിവരും. ഇതിന്റെ ഫലമായി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്നു മാത്രമല്ല, അവരുടെ ഭാവി ജീവിതത്തേയും സാരമായി ബാധിക്കാനുള്ള സാദ്ധ്യതയുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് അവരുടെ ജോലി നഷ്ടപ്പെട്ടേക്കാം. കച്ചവടവും മറ്റു ജോലിയുമെല്ലാം നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട്. സ്വത്തുക്കള്‍ ജപ്തിചെയ്തു പോകാം. മറ്റു ബന്ധുക്കള്‍ക്കും അനവധി കഷ്ടപ്പാടുകള്‍ ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ട്. ഈ രീതിയില്‍ സംഭവിക്കാവുന്ന വിഷമതകളെക്കുറിച്ചെല്ലാം സ്വയംസേവകര്‍ക്ക് വ്യക്തമായ ധാരണ നല്‍കിയിരുന്നു. ചില സ്ഥലങ്ങളില്‍ ശാരീരിക യാതന സഹിക്കാനുള്ള പരിശീലനവും നല്‍കിയിരുന്നു.
സത്യഗ്രഹികളെ പങ്കെടുപ്പിക്കുന്നതോടൊപ്പം സത്യഗ്രഹം സംഘടിപ്പിക്കാനായി ഒളിവില്‍ പ്രവര്‍ത്തിക്കാനുള്ള കാര്യകര്‍ത്താക്കന്മാരെയും നിശ്ചയിക്കേണ്ടിയിരുന്നു. ഒളിസാഹിത്യം രചിക്കാനും അത് വിതരണം ചെയ്യാനുമുള്ള വ്യവസ്ഥയോടൊപ്പം അത് അച്ചടിക്കാനുള്ള ‘കല്ലച്ചി’ന്റേയും ഏര്‍പ്പാട് ചെയ്യേണ്ടിയിരുന്നു. ചില അച്ചടിശാലക്കാരെയും സമ്പര്‍ക്കം ചെയ്തുവെച്ചിരുന്നു. ചില സംഘ പ്രചാരകന്മാരെ പുറമേനിന്ന് ഇത്തരം കാര്യങ്ങള്‍ സംഘടിപ്പിക്കാനുള്ള ചുമതല ഏല്‍പിച്ചിരുന്നു. സമാജത്തില്‍ അംഗീകാരമുള്ള സംഘകാര്യകര്‍ത്താക്കള്‍ക്ക് സമൂഹത്തിലെ പ്രമുഖ വ്യക്തികളെക്കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് അവരെ സംഘാനുകൂലികളാക്കിത്തീര്‍ക്കാനുള്ള ചുമതലയും നല്‍കിയിരുന്നു.
ഈ തരത്തില്‍ ഭാരതത്തിലെമ്പാടും സത്യഗ്രഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. സത്യഗ്രഹത്തിനായുള്ള സംഘത്തിന്റെ പ്രവര്‍ത്തനം വളരെ ശ്രദ്ധയോടെയും രഹസ്യമായുമാണ് നടന്നിരുന്നതെങ്കിലും സംഘകാര്യകര്‍ത്താക്കള്‍ വളരെ സക്രിയരാണെന്നും പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള സന്നദ്ധതയോടെ മുന്നേറുകയുമാണെന്ന കാര്യം സര്‍ക്കാറിനും ജനങ്ങള്‍ക്കും അറിവുണ്ടായിരുന്നു. അവര്‍ക്കതില്‍ അത്ഭുതമുണ്ടായി. സത്യഗ്രഹം എപ്പോള്‍ തുടങ്ങുമെന്നും ആയതിന്റെ രൂപമെന്തായിരിക്കുമെന്നും ആര്‍ക്കുംതന്നെ വ്യക്തമായിരുന്നില്ല. എന്നാല്‍ സംഘം അന്യായം സഹിച്ച് നിഷ്‌ക്രിയമായിരിക്കുമെന്ന തോന്നല്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. നിശ്ചയമായും സംഘത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നുതന്നെ അവര്‍ വിശ്വസിച്ചു. പല പത്രങ്ങളും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ സംഘം സത്യഗ്രഹം ആരംഭിക്കുന്ന തീയതിയും പ്രസിദ്ധീകരിച്ചു. ചിലര്‍ ഡിസംബര്‍ 11 ന് ആരംഭിക്കുമെന്നും മറ്റുചിലര്‍ ഡിസംബര്‍ 15 ന് ആണെന്നും പ്രഖ്യാപിച്ചു. ഇതിന്റെയെല്ലാം ഫലമായി സര്‍ക്കാറും സത്യഗ്രഹം ആരംഭിക്കുന്നതിനുമുമ്പ് അതിനെ തകര്‍ക്കാനുള്ള പദ്ധതികള്‍ സ്വീകരിക്കാന്‍ സജ്ജമായി.
വിരോധികളുടെ ദുഷ്‌ചെയ്തികള്‍
സംഘവിരോധികള്‍ നടക്കാന്‍പോകുന്ന സത്യഗ്രഹ പരിപാടി യെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ അനവധി കഥകള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കാനുള്ള നീക്കങ്ങളിലേര്‍പ്പെട്ടു. വര്‍ത്തമാനപത്രങ്ങളില്‍ അസത്യജടിലമായ ആ രോപണങ്ങള്‍ ഉന്നയിച്ചുള്ള മത്സരം വീണ്ടും ആരംഭിച്ചു. കശ്മീര്‍ പ്രശ്‌നം പോലെയുള്ള കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംഘം രാജ്യ ത്തിന്റെ വിഷമഘട്ടത്തില്‍ നാട്ടില്‍ അസ്ഥിരത സൃഷ്ടിച്ച് വിദേശശക്തി കളുടെ കയ്യിലെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ് എന്നവര്‍ പ്രചരിപ്പിച്ചു. മറുവശത്ത് സംഘ കാര്യകര്‍ത്താക്കളെ ഭയപ്പെടുത്താനായി പോലീസിന്റെയും സൈന്യത്തിന്റെയും ശക്തിയെ സംബന്ധിച്ച് ഭീതിജനകമായ വിവരണങ്ങള്‍ നിരത്തി. സര്‍ദാര്‍ പട്ടേല്‍ സ്വയം ഈ പരിശ്രമത്തില്‍ പങ്കാളിയായി. 1948 ഡിസംബര്‍ 5 ന് ഗ്വാളിയോറില്‍ വെച്ച് സ്വയംസേവകര്‍ക്കുള്ള താക്കീതെന്ന നിലയില്‍ അദ്ദേഹം പറഞ്ഞു:- ”സംഘത്തിന്റെ ആളുകളുടെ ഹൃദയം വെറുപ്പിന്റെ വിഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവര്‍ക്ക് സത്യഗ്രഹ പ്രക്ഷോഭം വിജയിപ്പിക്കാന്‍ സാദ്ധ്യമല്ല.” അതോടൊപ്പം സംഘപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുമാറ് പറഞ്ഞു:- ”അവരുടെ വെല്ലുവിളി നേരിടാന്‍ സര്‍ക്കാറിന്റെ കൈവശം ആവശ്യമായത്രയും സംവിധാനങ്ങളുണ്ട്. ആ വെല്ലുവിളി നേരിടാന്‍ നാം പൂര്‍ണ്ണമായും സന്നദ്ധരാണ്.”
സര്‍ദാര്‍ പട്ടേലിന്റെ ഗ്വാളിയോറില്‍ നിന്നുള്ള പ്രസ്താവന ജനങ്ങളില്‍ വന്‍തോതില്‍ തെറ്റിദ്ധാരണ ഉളവാക്കാന്‍ തക്കതായിരുന്നു. അതുകൊണ്ട് ഉത്തര്‍പ്രദേശ് പ്രാന്തസംഘചാലക് ബാരിസ്റ്റര്‍ നരേന്ദ്രജിത്ത് സിംഗ് ഉടന്‍തന്നെ സംഘത്തിന്റെ നിലപാട് വിശദീകരിച്ചുകൊണ്ട് ഒരു പ്രസ്താവന പുറപ്പെടുവിച്ചു. അതില്‍ അദ്ദേഹം പറഞ്ഞു ”സംഘത്തോട് സര്‍ക്കാര്‍ കടുത്ത അന്യായമാണ് ചെയ്തത്” എന്നത് എല്ലാവര്‍ക്കും വ്യക്തമായി അറിയാവുന്നതാണ്. മറിച്ച് ”കള്ളന്‍ പോലീസിനെ അസഭ്യം പറഞ്ഞു” എന്ന ചൊല്ലുപോലെയുള്ള സമീപനം സ്വീകരിച്ച് സര്‍ക്കാര്‍ ചാരിതാര്‍ത്ഥ്യമടയുകയാണ്. സംഘത്തിന്റെ വെല്ലുവിളി നേരിടാനുള്ള സംവിധാനം സര്‍ക്കാരിന്റെ കൈവശമുണ്ടെന്ന് സര്‍ദാര്‍പട്ടേല്‍ സ്വയംസേവകരെ താക്കീത് ചെയ്തുകൊണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. സംഘത്തിന്റെ സ്വയംസേവകര്‍ സര്‍ക്കാറിനെതിരെ വെല്ലുവിളി ഉയര്‍ത്തുന്നതില്‍ വിശ്വസിക്കുന്നവരല്ല എന്നതാണ് ഇത് സംബന്ധിച്ച് ഞങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നത്. സംഘത്തിനെതിരെയുണ്ടായ അന്യായങ്ങളുടെ പരിഹാരത്തിനായി നടത്തിയ പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന്റെ ഫലമായി സത്യഗ്രഹം ആരംഭിക്കാന്‍ തീരുമാനമെടുത്തതാണ്. എന്നാല്‍ അത് സര്‍ക്കാറിനെതിരെ വെല്ലുവിളി ഉയര്‍ത്താനുള്ള ഉദ്ദേശ്യത്തോടെയല്ല. മറിച്ച് യാതനകള്‍ സഹിച്ചുകൊണ്ട് ജനങ്ങളുടെ അന്തരാത്മാവിനേയും ഭരണാധികാരികളുടെ വിവേകത്തേയും ഉണര്‍ത്താനുള്ള ഉദ്ദേശ്യത്തോടെയാണ്.”
സത്യഗ്രഹം ആരംഭിക്കാനായി ശ്രീ ഗുരുജി ആഹ്വാനം ചെയ്ത പ്രസ്താവനയിലും ഈ ധ്വനി തന്നെയാണ് വ്യക്തമാക്കിയിരുന്നത്.
ഇത്തരം ഭീഷണിയോടൊപ്പം സര്‍ക്കാര്‍ സംഘത്തിന്റെ കാര്യകര്‍ത്താക്കന്മാരെ അറസ്റ്റുചെയ്യുന്ന നടപടികളും ആരംഭിച്ചു. ഡല്‍ഹിയിലെ പ്രാന്തസംഘചാലക് ലാലാ ഹംസരാജ് ഗുപ്ത, ഡല്‍ഹി പ്രചാരക് വസന്തറാവ് ഓക്ക്, നാഗപ്പൂരില്‍നിന്ന് ബാളാസാഹേബ് ദേവറസ് എന്നിവരെയെല്ലാം തടവിലാക്കി. സര്‍ക്കാറിന്റെ ഈ സമീപനം തിരിച്ചറിഞ്ഞ അനവധി പ്രമുഖകാര്യകര്‍ത്താക്കന്മാര്‍ ഒളിവില്‍പോയി. ഭരണകൂടം സംഘത്തിന്റെ പ്രമുഖകാര്യകര്‍ത്താക്കളെ തടവിലാക്കുന്നതോടൊപ്പം സംഘത്തിന് അനുകൂലമായി നിര്‍ഭയമായി നിലകൊണ്ടിരുന്ന ഹിന്ദി ദിനപത്രമായ ‘ഭാരതവര്‍ഷ’ എന്ന പത്രത്തിന്റെ പ്രകാശനം നിരോധിക്കുകയും അവരുടെ ഭാരത് അച്ചടിശാല അടച്ചുപൂട്ടി മുദ്രവെയ്ക്കുകയും ചെയ്തു.
(തുടരും)