- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- പത്രങ്ങള്‍ തുറന്നുപറയുന്നു (ആദ്യത്തെ അഗ്നിപരീക്ഷ 15)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
ഗുരുജിയെ ഡല്‍ഹിയില്‍ വീട്ടുതടങ്കലിലാക്കുകയോ അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വ്വം മദ്ധ്യപ്രവിശ്യയിലേയ്ക്ക് തിരിച്ചയയ്ക്കുകയോ ചെയ്യാനുള്ള നീക്കത്തിനെതിരെ പത്രലോകത്ത് ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. നവംബര്‍ ഒന്നിലെ ദൈനിക് ഭാരതിയുടെ (പൂണെ) ലേഖനത്തില്‍ പറയുന്നു:- ”സംഘത്തെ നിരോധിക്കാനായി കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാംതന്നെ തികച്ചും അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് കഴിഞ്ഞ ഒമ്പത് മാസക്കാലത്തിനുള്ളില്‍ വ്യക്തമായിക്കഴിഞ്ഞിരുന്നു. അതേപോലെ നവംബര്‍ 2 ന് ശ്രീഗുരുജി രണ്ട് പ്രസ്താവനകളിലൂടെ സര്‍വ്വ ആരോപണങ്ങളേയും കാര്യകാരണ സഹിതം നിഷേധിച്ചിരിക്കുന്നു. വിവേചനബുദ്ധിയില്ലാത്ത വ്യക്തിക്ക് അയാളുടെ തെറ്റ് ചൂണ്ടിക്കാണിക്കുന്ന വ്യക്തി അനിഷ്ടക്കാരനായിത്തീരുന്നു. ഇതുപോലെ ശ്രീ ഗോള്‍വല്‍ക്കര്‍ കേന്ദ്രസര്‍ക്കാറിന്റെ കണ്ണിലെ കരടായിതീര്‍ന്നിരിക്കുന്നു എന്നതാണ് ഡല്‍ഹി ജില്ലാ അധികാരികളുടെ പുതിയ ആജ്ഞയില്‍കൂടി സ്പഷ്ടമാകുന്നത്.”
നെഹ്രുവിനെ പ്രതീക്ഷിച്ച്
ശ്രീഗുരുജി ഇതുവരെ പണ്ഡിറ്റ് നെഹ്രുവിന്റെ വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ യൂറോപ്യന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയശേഷം നവംബര്‍ 3 നും 8 നും ഗുരുജി രണ്ടു കത്തുകള്‍ നെഹ്രുവിനെഴുതി. അതില്‍ തമ്മില്‍ക്കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നവംബര്‍ 10 ന് പ്രധാനമന്ത്രിയുടെ മറുപടിക്കത്തില്‍ അത്തരം ചര്‍ച്ചകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് വ്യക്തമാക്കുകയും ഈ പ്രശ്‌നം ആഭ്യന്തരവിഭാഗവുമായി ബന്ധപ്പെട്ടതായതുകാരണം തീരുമാനം അവിടെയാണെടുക്കേണ്ടതെന്നും എഴുതിയിരുന്നു. അതോടൊപ്പം സംഘത്തിന്റെ പ്രഖ്യാപിതലക്ഷ്യവും പ്രത്യക്ഷവ്യവഹാരവും തമ്മില്‍ വലിയ അന്തരമുണ്ടെന്നും സംഘം ഭാരതത്തിന്റെ ഭരണഘടനയ്‌ക്കെതിരാണെന്നും സംഘത്തിന്റെ പ്രവര്‍ത്തനം രാഷ്ട്രവിരുദ്ധവും രഹസ്യസ്വഭാവത്തോടെയുള്ളതും ഹിംസാത്മകവുമാണെന്നും മറ്റുമുള്ള അദ്ദേഹത്തിന്റെ സ്ഥിരം ആരോപണങ്ങള്‍ അതില്‍ ആവര്‍ത്തിച്ചിരുന്നു.
തുടര്‍ന്ന് ആഭ്യന്തരവിഭാഗം സെക്രട്ടറി അയ്യങ്കാറില്‍നിന്ന് നവംബര്‍ 12 ന് ശ്രീഗുരുജിക്ക് ഒരു കത്തുകിട്ടി. അതില്‍ നവംബര്‍ 10 ന് പ്രധാനമന്ത്രിയുടെ കത്തില്‍ വ്യക്തമാക്കിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഘത്തിന്റെമേലുള്ള നിരോധനം കേന്ദ്രസര്‍ക്കാരിന് പിന്‍വലിക്കാന്‍ സാദ്ധ്യമല്ലെന്ന കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ഗുരുജി ഉടന്‍തന്നെ നാഗപ്പൂരിലേയ്ക്ക് തിരിച്ചുപോകണമെന്ന ആഭ്യന്തരവകുപ്പിന്റെ മുന്‍നിര്‍ദ്ദേശം ആവര്‍ത്തിച്ച് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
സംഘത്തിന്റെ ന്യായപൂര്‍ണ്ണമായ ആവശ്യം നേടിയെടുക്കുന്നതുവരെ താന്‍ ഡല്‍ഹി വിട്ടുപോകുന്നതല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് ഗുരുജി ആഭ്യന്തരവകുപ്പിന് നവംബര്‍ 13 ന് മറുപടിക്കത്തെഴുതി. അതില്‍ ആവശ്യപ്പെട്ട ന്യായമായ കാര്യം, ”സംഘത്തിനെതിരായ ആരോപണങ്ങള്‍ പ്രമാണസഹിതം തെളിയിക്കുക. അല്ലെങ്കില്‍ നിരോധനം പിന്‍വലിക്കുക” എന്നതായിരുന്നു. എന്നാല്‍ സ്വതന്ത്ര ഭാരതത്തിലെ ജനാധിപത്യ ഭരണകൂടത്തിന്റെ ആഭ്യന്തരമന്ത്രിയോ പ്രധാനമന്ത്രിയോ ന്യായയുക്തമായ ഈ ആവശ്യം അംഗീകരിക്കാന്‍ സന്നദ്ധരായില്ല.
സത്യഗ്രഹത്തിനുള്ള ആഹ്വാനം
സംഘനിരോധനം നീക്കാന്‍ സാദ്ധ്യമല്ലെന്ന സൂചനയും പ്രധാനമന്ത്രിയുമായി ചര്‍ച്ചകള്‍കൊണ്ടു ഇനിയും യാതൊരു പ്രയോജനവുമില്ലെന്ന അഭിപ്രായവും ഉടന്‍തന്നെ ഡല്‍ഹി വിട്ടുപോകണമെന്ന ഭരണകൂടത്തിന്റെ സ്പഷ്ടമായ നിര്‍ദ്ദേശവും ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് അസന്ദിഗ്ധമായി വന്ന സാഹചര്യത്തില്‍ സാധാരണ മാര്‍ഗ്ഗത്തില്‍കൂടി കാര്യങ്ങള്‍ നേടാന്‍ സാദ്ധ്യമല്ലെന്ന് ഗുരുജിക്ക് സ്പഷ്ടമായി. അതിനാല്‍ ഉചിതമായ സമയംനോക്കി സത്യഗ്രഹം ആരംഭിക്കണമെന്ന കാര്യം തീരുമാനിച്ചു. ഉടന്‍തന്നെ ഡല്‍ഹി വിട്ടു പോകണമെന്ന സര്‍ക്കാരിന്റെ ആജ്ഞ നിരാകരിച്ചതിനാല്‍ ഏതു നിമിഷവും ഗുരുജിയെ അറസ്റ്റുചെയ്യാനുള്ള സാദ്ധ്യതയുമുണ്ടായിരുന്നു. അതുകൊണ്ട് എല്ലാ സ്വയംസേവകര്‍ക്കുമായി സ്വന്തം കയ്യക്ഷരത്തില്‍ എഴുതിയ ഒരുസന്ദേശത്തില്‍ ഇങ്ങനെ പറയുന്നു:- ”സര്‍കാര്യവാഹ്ജി ഭയ്യാജി ദാണി നിര്‍ദ്ദേശിക്കുന്ന സമയത്ത് നമ്മുടെ പവിത്രമായ സംഘപ്രവര്‍ത്തനം പുനരാരംഭിക്കുക. സംഘം പിരിച്ചുവിട്ടതായി ഞാന്‍ നേരത്തെ പുറപ്പെടുവിച്ച നിര്‍ദ്ദേശം ഇതോടുകൂടി പിന്‍വലിച്ചതായി പ്രഖ്യാപിക്കുന്നു.” ഇതായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.
സംഘനിരോധനം നീക്കാനായി ചെയ്യപ്പെട്ട സര്‍വ്വ പ്രവര്‍ത്തനങ്ങളേയും സംക്ഷിപ്തമായി വിവരിച്ചുകൊണ്ട് അദ്ദേഹം കത്തില്‍ ഇങ്ങനെ എഴുതി, ”സമാജത്തില്‍ വിദ്വേഷവും, കലഹവും ഉണ്ടാകരുത് എന്ന ഉദ്ദേശ്യത്താല്‍ നമ്മുടെ ദേശഭക്തിപൂര്‍ണ്ണമായ സഹജസ്വഭാവം കാരണം അനവധി അന്യായം നമുക്ക് സഹിക്കേണ്ടതായിവന്നു. ന്യായപൂര്‍ണ്ണമായ ഒത്തുതീര്‍പ്പിനായി സമാധാനപൂര്‍ണ്ണമായി ചെയ്യാവുന്ന പരിശ്രമങ്ങള്‍ എല്ലാം നാം ചെയ്തു. എന്നാല്‍ ഭരണാധികാരികള്‍ നമ്മുടെ വികാരത്തെ തെല്ലും മാനിക്കാതെ കൂടുതല്‍ ഏകാധിപത്യമനോഭാവത്തോടെ അന്യായം പ്രവര്‍ത്തിക്കാനാണ് സന്നദ്ധരായത്. സ്വന്തം രാജനൈതിക നേട്ടത്തിനായും സ്വാര്‍ത്ഥ താല്പര്യം സംരക്ഷിക്കാനുമായി അവര്‍ നമ്മുടെ ദേശഭക്തിയെ ദുരുപയോഗിക്കുകയാണ് ചെയ്യുന്നത്. ഉത്തമമായ ദേശീയ ചിന്തയാല്‍ നാം സ്വീകരിച്ച സംയമനം നമ്മുടെ ദുര്‍ബലതയായിട്ടാണ് അവര്‍ കാണുന്നത്. ഭരണാധികാരികളുടെ ഇത്തരം നീചമായ മനോഭാവത്തെ തഴച്ചുവളരാനനുവദിക്കുകയും അത് സഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത് നാടിന് അത്യന്തം അപകടകരമായ കാര്യമാണ്. തങ്ങളുടെ പ്രഭാവം മാത്രം നിലനില്‍ക്കണമെന്നും മറ്റെല്ലാറ്റിനെയും നശിപ്പിക്കണമെന്നുമുള്ള സര്‍ക്കാറിന്റെ സങ്കുചിതചിന്ത കാരണം നാം ആഗ്രഹിക്കുന്നില്ലെങ്കില്‍പോലും പ്രക്ഷോഭ ത്തിന്റെതായ മാര്‍ഗ്ഗം സ്വീകരിക്കാന്‍ നാം നിര്‍ബന്ധിതരായിരിക്കുകയാണ്. അതിനാല്‍ നമ്മുടെ സര്‍കാര്യവാഹ് ഭയ്യാജി ദാണി നിര്‍ദ്ദേശിക്കുന്ന ദിവസം മുതല്‍ സംഘപ്രവര്‍ത്തനം പുനരാരംഭിക്കേണ്ടതാണ്.” അതോടൊപ്പം ഒരു കാരണവശാലും വിദ്വേഷത്തിന്റേതായ അന്തരീക്ഷം സൃഷ്ടിക്കപ്പെടാതിരിക്കാനും പൂര്‍ണ്ണമായ ശാന്തിയും സമാധാനവും നിലനിര്‍ത്താനുമായി കര്‍ക്കശപൂര്‍ണ്ണമായ പരിശ്രമം വേണമെന്നും സ്വയംസേവകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
സത്യഗ്രഹം അനിവാര്യമാണെന്ന കാര്യം ശ്രീഗുരുജിക്ക് ഉറപ്പായിരുന്നു. അതോടൊപ്പം സത്യഗ്രഹം ഉടന്‍തന്നെ ആരംഭിക്കാന്‍ സാദ്ധ്യമല്ലെന്ന കാര്യവും ബോദ്ധ്യമായിരുന്നു. സത്യഗ്രഹത്തിന് സജ്ജരാകാനുള്ള സമയം സ്വയംസേവകര്‍ക്ക് ആവശ്യമാണെന്നതിനാലാണ് സര്‍കാര്യവാഹ് ഉചിതമായ സമയം നിശ്ചയിക്കുമ്പോള്‍ സംഘശാഖകള്‍ പുനരാരംഭിക്കണമെന്ന ആഹ്വാനം നല്‍കാന്‍ കാരണം. അതോടൊപ്പം സംഘത്തിന്റെ പുറത്ത് ദേശഹിതത്തെക്കുറിച്ച് ചിന്തിക്കുന്ന ചില മഹദ്‌വ്യക്തികള്‍ ഒരേറ്റുമുട്ടല്‍ ഒഴിവാക്കാനാഗ്രഹിച്ച് പലശ്രമങ്ങളും നടത്തുന്ന കാര്യവും അദ്ദേഹം പരിഗണിച്ചു. പൂണെയിലെ കേസരി പത്രത്തിന്റെ പത്രാധിപരായിരുന്ന ഗ.വി. കേത്ക്കര്‍ സത്യഗ്രഹം ആരംഭിക്കുന്നതിനുമുമ്പ് അയച്ച കത്ത് ഇതിനുദാഹരണമാണ്.
ആ സന്ദേശം യഥാസമയം ലഭിച്ചിരുന്നെങ്കില്‍
സത്യഗ്രഹത്തെക്കുറിച്ചുള്ള ചിന്ത നിര്‍ത്തിവെയ്ക്കാനും സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടുപോകാനുള്ള സമയം നല്‍കണമെന്നും ഒരു കമ്പിസന്ദേശത്തിലൂടെ ശ്രീ കേത്ക്കര്‍ ഗുരുജിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ഒരു കത്തും അദ്ദേഹം ഗുരുജിക്കയച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ചുവപ്പുനാടയില്‍ കുടുങ്ങി ഈ കമ്പിസന്ദേശവും കത്തും സത്യഗ്രഹം ആരംഭിച്ച് പത്ത് ദിവസത്തിനുശേഷമാണ് ജയിലില്‍ ഗുരുജിയുടെ കൈവശം കിട്ടിയത്. ഒരുപക്ഷേ ആ കത്ത് യഥാസമയം ഗുരുജിക്ക് കിട്ടിയിരുന്നെങ്കില്‍ സത്യഗ്രഹത്തെക്കുറിച്ച് പുനര്‍ചിന്തനത്തിന് അദ്ദേഹം സന്നദ്ധനാകുമായിരുന്നു.
കഠിനമായ മനോവേദന
സംഘകാര്യം പുനരാരംഭിക്കാനുള്ള ആഹ്വാനം കൊടുക്കുമ്പോള്‍ നമ്മുടെ തന്നെ സര്‍ക്കാറുമായി സംഘര്‍ഷത്തിലേര്‍പ്പെടേണ്ടിവരുന്നു എന്നകാര്യം ഗുരുജിക്ക് എത്രമാത്രം മനോവേദനയുണ്ടാക്കുന്ന കാര്യമായിരുന്നു എന്നത് അദ്ദേഹം നവംബര്‍ 5ന് സര്‍ദാര്‍ പട്ടേലിനും നവംബര്‍ 12ന് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിനും എഴുതിയ കത്തുകളില്‍ പ്രകടമാകുന്നു. പട്ടേലിനെഴുതിയ കത്തില്‍ അദ്ദേഹം പറയുന്നു, ”ഭരണാധികാരം കയ്യാളുന്ന കോണ്‍ഗ്രസും സാംസ്‌കാരിക മേഖലയില്‍ അസാമാന്യ ആത്മീയതയും ദൃഢമായ രാഷ്ട്രഭക്തിയും നിസ്വാര്‍ത്ഥഭാവവും നിരന്തരം വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ വിജയം കൈവരിക്കാന്‍ സാധിച്ച രാഷ്ട്രീയ സ്വയംസേവക സംഘവും തമ്മില്‍ വിരോധമില്ലാതെ പരസ്പരം പൂരകമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമാറ് ഒന്നുചേര്‍ന്നു മുന്നേറാന്‍ സാധിക്കണമെന്നാഗ്രഹിച്ചു. അതിനായി സമ്പൂര്‍ണ്ണശക്തിയും നല്‍കി സഹകരണത്തിന്റെ കരങ്ങള്‍ നീട്ടാന്‍ ഞാന്‍ മുന്നിട്ടിറങ്ങി. എന്നാല്‍ അത്യന്തം വേദനാജനകമെന്നു പറയട്ടെ താങ്കള്‍ എന്റെ ഈ സദ്ഭാവത്തെ പൂര്‍ണ്ണമായും നിരാകരിക്കുകയാണുണ്ടായത്.”
അതേപോലെ ശ്രീഗുരുജി പണ്ഡിറ്റ് നെഹ്രുവിന് അവസാനമായെഴുതിയ കത്തിലും തന്റെ മനോവ്യഥ വ്യക്തമാക്കിയിരുന്നു. ”സംഘത്തിനുനേരേ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള പ്രത്യേക നിലപാട് വളരെയേറെ അന്യായപൂര്‍ണ്ണമായതാണ്. അത് ഭാവിയില്‍ വളരെ മോശമായ സ്ഥിതിയിലേയ്ക്ക് മാറിയേക്കാമെന്ന് ഞാന്‍ ഭയപ്പെടുന്നു. ഇത് ക്രമേണ നമ്മുടെ നാട്ടില്‍ പരസ്പര അവിശ്വാസത്തിന്റേയും നിരന്തരകലഹത്തിന്റേയും അന്തരീക്ഷത്തിലേയ്ക്ക് നീങ്ങാനുള്ള സാദ്ധ്യത ഞാന്‍ കാണുന്നു. കഴിഞ്ഞ കുറേ ശതാബ്ദിങ്ങളിലെ അവസ്ഥയില്‍നിന്നും നമ്മുടെ നാട് ആദ്യമായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. നമ്മുടെ വിവേകപൂര്‍ണ്ണമായ പ്രയത്‌നങ്ങളാല്‍ ഈ നാടിന്റെ ചരിത്രം വീണ്ടും നിര്‍ഭാഗ്യകരമായ പഴയ സ്ഥിതിയിലേയ്ക്ക് വീണുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.”
”താങ്കളുമായി നേരില്‍കാണാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ സന്തോഷമായേനെ. എന്നാല്‍ താങ്കളുടെ നിശ്ചയം മറിച്ചായിരുന്നല്ലോ. നാം സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തമായിരിക്കാം. അമ്മയ്ക്കായുള്ള പൂജ ഭിന്നഭിന്നവഴികളിലാകാം. ഇന്നല്ലെങ്കില്‍ നാളെ എല്ലാ വഴികളും അമ്മയുടെ പാദാരവിന്ദങ്ങളില്‍ത്തന്നെ എത്തിച്ചേരുന്നതാണ്. ഞാന്‍ നമ്മുടെ രണ്ടുപേരുടെയും വഴികള്‍ വളരെവേഗം ഒന്നായിച്ചേരണമെന്നാഗ്രഹിക്കുകയും അതിനുവേണ്ടി പ്രയത്‌നിക്കുകയും ചെയ്തുവന്നു. എന്നാല്‍ മാതൃദേവിയുടെ ഇച്ഛ അതല്ലെന്ന് തോന്നുന്നു. ഞാന്‍ അമ്മയുടെ ആജ്ഞ സ്വീകരിക്കുന്നു. താങ്കളോട് എനിക്ക് നേരത്തെയുണ്ടായിരുന്ന ആദരവും സ്‌നേഹവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ജഗദംബയുടെ നിര്‍ദ്ദേശമനുസരിച്ചുള്ള മാര്‍ഗ്ഗം ഞാന്‍ സ്വീകരിക്കുന്നതാണ്.”
ആ കത്തിന്റെ ഓരോ വരിയിലും ഓരോ വാക്കിലും ശ്രീ ഗുരുജിയുടെ വിവശതയും മാനസികവേദനയും പ്രകടമാകുന്നു. ദൗര്‍ഭാഗ്യകരമായ കാര്യം അതു മനസ്സിലാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല ശക്തിയുപയോഗിച്ച് അടിച്ചമര്‍ത്തുന്ന സമീപനം സ്വീകരിക്കുകയുമാണ് ചെയ്തത്.
ആശങ്കപ്പെട്ടതുപോലെതന്നെ, 1818 ല്‍ ബ്രിട്ടീഷ് അടിമത്തകാലത്ത് നടപ്പിലാക്കിയ കരിനിയമമനുസരിച്ച് നവംബര്‍ 13 ന് രാത്രി ശ്രീഗുരുജിയെ തടവിലാക്കി. അടുത്തദിവസം കാലത്തുതന്നെ വിമാനമാര്‍ഗ്ഗം നാഗപ്പൂരില്‍കൊണ്ടുവന്ന് അവിടെ ജയിലിലാക്കി.
സര്‍ക്കാറിന്റെ അന്യായപൂര്‍ണ്ണവും ഏകാധിപത്യപരവുമായ ഇത്തരം നടപടിക്കെതിരെ നാടെങ്ങും പ്രതിഷേധമുയര്‍ന്നു. പൂണെയിലെ ‘കേസരി’ എഴുതി, ”വിദേശഭരണത്തിന്‍ കീഴില്‍ കുപ്രസിദ്ധമായ ക്രിമിനല്‍ നിയമം 124, 144 വകുപ്പുകള്‍ അനുസരിച്ചാണ് ലാലാ ലജ്പത് റായ്, അജിത്‌സിംഗ്, അശ്വനീകുമാര്‍ ദത്ത്, മറ്റു ഏഴ് ബംഗാ ളി യുവാക്കള്‍ എന്നിവരെ ബംഗാള്‍വിഭജന പ്രക്ഷോഭകാലത്ത് റഗുലേഷന്റെ പേരില്‍ തടവിലാക്കിയത്. അന്ന് ദേശവ്യാപകമായി ഈ കാടന്‍നിയമം സമൂലം വലിച്ചെറിയണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായ ഒച്ചപ്പാടുയര്‍ത്തി. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷവും അതേ കാടന്‍നിയമം സ്വരാജ്യഭരണകൂടം പ്രയോഗിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും അപമാനകരമായ കാര്യം. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും ഈ നിയമം ഉപയോഗപ്പെടുത്തുമെന്ന് 1947 ന് മുമ്പ് ഏതെങ്കിലും സ്വാതന്ത്ര്യസമര പോരാളിയോട് പറഞ്ഞിരുന്നെങ്കില്‍ നിശ്ചയമായും അവരാരും അത് വിശ്വസിക്കുമായിരുന്നില്ല.”
”മൗലികാവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് സ്വന്തം ജനതയെ തടവിലാക്കാനുള്ള സാഹസം കാണിക്കുന്ന ഭരണകൂടം എഴുത്തുകാരുടെ പേനയുടെയും കലാകാരന്മാരുടെ തൂലികയുടെയും മേല്‍ നിരോധനം ഏര്‍പ്പെടുത്തി തങ്ങളുടെ സിംഹാസനം ഉറപ്പിക്കാന്‍ മുതിരുമെന്നതില്‍ സംശയമില്ല. അത്തരം സന്ദര്‍ഭത്തില്‍ പ്രബുദ്ധരായ ജനത ഭാവിമുന്നേറ്റത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കേണ്ടിവരും” എന്നാണ് ഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് മുംബൈ യില്‍ നിന്നുള്ള ‘വിക്രമ’ നവംബര്‍ 21 ന് എഴുതിയത്.
നാഗപ്പൂരില്‍നിന്നുള്ള ഇംഗ്ലീഷ് ദിനപത്രം ‘ഹിതവാദ’ നവംബര്‍ 21 ന്റെ മുഖപ്രസംഗത്തില്‍ 1942 നെയും 1948 നെയും താരതമ്യപ്പെടുത്തിക്കൊണ്ട് ഇങ്ങനെയെഴുതി:- ”സംഘത്തിനെതിരെയുള്ള ആരോപണം തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കൂ, അല്ലെങ്കില്‍ നിരോധനം പിന്‍വലിക്കൂ” എന്ന ഗോള്‍വല്‍ക്കറുടെ ആവശ്യം തികച്ചും യുക്തിസഹവും ന്യായയുക്തവുമാണ്. ഈ ആവശ്യത്തെ കണ്ടില്ലെന്ന് നടിച്ച് തള്ളിക്കളയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് സാദ്ധ്യമല്ല. 1942- ലെ കോണ്‍ഗ്രസിന്റെ അവസ്ഥ ഇന്നത്തെ സംഘത്തിന്റേതിന് തുല്യമായിരുന്നു. 1942-ലെ പ്രക്ഷോഭത്തിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്ര സുകാരാണെന്നാരോപിച്ച് ബ്രിട്ടീഷ്ഭരണകൂടം അവരുടെമേല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിനെതിരെ ആരോപിക്കപ്പെട്ട കുറ്റം നീതിന്യായ കോടതിയുടെ സമക്ഷം കൊണ്ടുവന്ന് തെളിയിക്കാനായിരുന്നു അന്ന് മഹാത്മജി ഭരണാധികാരികളോട് വിനയപൂര്‍വ്വം ആവശ്യപ്പെട്ടത്.”
ഈ സന്ദര്‍ഭത്തില്‍ നാഗപ്പൂരിലെ ഒരു മറാഠി വാരികയായ ‘സമാധാനി’ല്‍ കോണ്‍ഗ്രസ് അനുഭാവിയും സര്‍വ്വോദയപ്രവര്‍ത്തകനുമായ പത്രാധിപര്‍ ബനഹട്ടി ”സംഘം ധാര്‍മ്മികവിജയം നേടിക്കഴിഞ്ഞു” എന്ന തലക്കെട്ടില്‍ അതിന്റെ മുഖപ്രസംഗത്തില്‍ എഴുതി, ”ശ്രീഗുരുജി-പട്ടേല്‍-നെഹ്രു കത്തിടപാടുകളില്‍നിന്ന് വ്യക്തമാകുന്നത് സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളും മറ്റ് മന്ത്രിമാരും സംഘത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ ശ്രീ ഗോള്‍വല്‍ കര്‍ ആവര്‍ത്തിച്ചാവശ്യമുന്നയിച്ചിരുന്നു എന്നാണ്. എന്നാല്‍ അവര്‍ക്കതിന് കഴിഞ്ഞില്ല. അതിന് വിപരീതമായി കരിനിയമം ഉപയോഗിച്ച് ശ്രീഗുരുജിയെ ജയിലിലടയ്ക്കാനാണ് അവര്‍ ഒരുങ്ങിയത്. അതോടൊപ്പം ആ കത്തിടപാടുകള്‍ പ്രസിദ്ധീകരിച്ച ഡല്‍ഹിയിലെ ‘ഓര്‍ഗനൈസര്‍’ വാരികയെ ഡല്‍ഹി ഭരണകൂടം നിരോധിച്ചതായറിയുന്നു. അതുകൊണ്ട് ഈ പോരാട്ടത്തില്‍ ധാര്‍മ്മികമായ വിജയം സംഘത്തിന്റേതാണെന്ന് പറയേണ്ടിയിരിക്കുന്നു.”
നാഗപ്പൂരിലെ ദിനപത്രമായ ‘തരുണ്‍ഭാരത്’ കാശിയില്‍നിന്നുള്ള ‘ആജ്’, ദക്ഷിണഭാരതത്തിലെ ‘ഹിന്ദു’, ‘അമൃതബസാര്‍ പത്രിക’, ‘ഫ്രീ പ്രസ്സ്’ തുടങ്ങിയ പത്രങ്ങളും ഇതുസംബന്ധിച്ച ശക്തമായ പ്രതികരണങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
പ്രധാന കാര്യകര്‍ത്താക്കളുടെ യോഗം
ശ്രീഗുരുജിയെ അറസ്റ്റുചെയ്ത് തടവിലാക്കിയതിനെത്തുടര്‍ന്ന് സംഘത്തിന്റെ പ്രമുഖ കാര്യകര്‍ത്താക്കളെല്ലാം ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. ശ്രീഗുരുജി തന്റെ സന്ദേശത്തിലൂടെ സത്യഗ്രഹപരിപാടിക്ക് പച്ചക്കൊടി കാണിച്ചെങ്കിലും പ്രത്യക്ഷ സമരപരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ തുടരുന്നതോടൊപ്പംതന്നെ ജനപ്രതിനിധികളെ ഇടപെടുത്തിക്കൊണ്ട് നീതിനേടാനുള്ള പരിശ്രമം ഒരിക്കല്‍കൂടി ചെയ്യാന്‍ നിശ്ചയിച്ചു. അതിനുവേണ്ടി ശ്രീഗുരുജിയെ അന്യായമായി തടവിലാക്കിയതിനെതിരെയും സംഘത്തിനുമേലുള്ള നിരോധനം നീക്കാനായും പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാനായി ചില അംഗങ്ങളെ പ്രേരിപ്പിച്ചെങ്കിലും ആ പരിശ്രമം വിഫലമായി. ചില പാര്‍ലമെന്റ് അംഗങ്ങളെ കണ്ട് സംസാരിക്കാന്‍ ചെന്ന സംഘകാര്യകര്‍ത്താക്കളോട് ”ഇനി സംഘത്തിന്റെ നിരോധനം പിന്‍വലിക്കേണ്ട ആവശ്യമെന്താണ്. സംഘം എന്നന്നേയ്ക്കുമായി അവസാനിച്ച് കഴിഞ്ഞല്ലോ” എന്നായിരുന്നു അവര്‍ പറഞ്ഞത്.
അന്തിമപരിശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സംഘടനാപ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രീഗുരുജിയുടെ ആഹ്വാനത്തെ കാര്യകര്‍തൃയോഗം ഏകകണ്ഠമായി അംഗീകരിച്ചു. സത്യഗ്രഹം ആരംഭിക്കാന്‍ നിശ്ചയിച്ച വിവരം എല്ലാ സ്ഥലങ്ങളിലും എത്തിച്ചു. എന്നാല്‍ സത്യഗ്രഹം ആരംഭിക്കുന്ന തീയതി നിശ്ചയിച്ചില്ല. കാരണം പെട്ടെന്നുതന്നെ സത്യഗ്രഹം ആരംഭിക്കാന്‍ സാദ്ധ്യമായിരുന്നില്ല. അതിനുവേണ്ടി പലവിധത്തിലുള്ള മുന്നൊരുക്കങ്ങള്‍ ആവശ്യമായിരുന്നു. സത്യഗ്രഹത്തിനായി യോഗ്യരും ധ്യേയനിഷ്ഠരുമായ സത്യഗ്രഹികളെ വ്യാപകമായി സന്നദ്ധരാക്കേണ്ടിയിരുന്നു. അതോടൊപ്പം സംഘത്തിന്റെ ന്യായമായ നിലപാടിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ തോതില്‍ ബോധവല്‍ക്കണം നടക്കേണ്ടിയിരുന്നു. നാടിലെമ്പാടും ഒരേ ദിവസം ഒരുമിച്ച് സത്യഗ്രഹം ആരംഭിക്കാനുള്ള ഏര്‍പ്പാടുകളും ആവശ്യമായിരുന്നു.
(തുടരും)