- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- ശ്രീഗുരുജി ഡല്‍ഹിയില്‍ (ആദ്യത്തെ അഗ്നിപരീക്ഷ 14)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
ജയില്‍ മോചനത്തെത്തുടര്‍ന്ന് സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള പ്രതിബന്ധങ്ങള്‍ നീങ്ങിയ ഉടന്‍തന്നെ സര്‍സംഘചാലക് ശ്രീഗുരുജി ഗോള്‍വല്‍ക്കര്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കായി ഒക്‌ടോബര്‍ 16 ന് റെയില്‍മാര്‍ഗ്ഗം ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ടു. അദ്ദേഹം ഡല്‍ഹിയിലെത്തുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ ഒരു പത്രത്തിലും പ്രസിദ്ധീകരിച്ചിരുന്നില്ല. എങ്കിലും കേട്ടുകേട്ടറിഞ്ഞ് ഉത്സാഹഭരിതരായി 17 ന് പുലര്‍ച്ചെ രണ്ടരമണിയോടെതന്നെ ജനങ്ങള്‍ ഡല്‍ഹി റെയില്‍വേസ്റ്റേഷനില്‍ എത്തിത്തുടങ്ങി. പുലര്‍ച്ചെ നാലരമണിക്ക് എത്തേണ്ടിയിരുന്ന വണ്ടി മുക്കാല്‍ മണിക്കൂര്‍ താമസിച്ച് സ്റ്റേഷനിലെത്തിയപ്പോള്‍ ഏകദേശം ഇരുപതിനായിരത്തോളംപേര്‍ ഭക്ത്യാദരങ്ങളോടെ രണ്ടരമണി മുതല്‍തന്നെ തങ്ങളുടെ ആരാധ്യദേവന്റെ ദര്‍ശനത്തിനായി തടിച്ചുകൂടിയിരുന്നു. ജയ് വിളികള്‍ക്കും മുദ്രാവാക്യം വിളിക്കുമെല്ലാം സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സ്റ്റേഷനുള്ളിലും പുറത്തുമായി നിലയുറപ്പിച്ചിരുന്ന ജനസാഗരം മൂകമായിത്തന്നെ ഗുരുജിയെ പുഷ്പവൃഷ്ടിയോടെ സ്വാഗതം ചെയ്തു. സ്റ്റേഷനുവെളിയില്‍ യാത്രയിലുടനീളം ജനസമൂഹം അദ്ദേഹത്തിനുമേല്‍ പുഷ്പവൃഷ്ടി ചൊരിഞ്ഞു. അദ്ദേഹം യാത്രചെയ്ത വഴി മുഴുവന്‍ പുഷ്പമയമായിത്തീര്‍ന്നു. സംഘത്തിനോടുള്ള സര്‍ക്കാരിന്റെ വിരോധത്തെ അവഗണിച്ച് ഇത്രയും രാവിലെ ഇത്രയും പേര്‍ ക്ഷമാപൂര്‍വ്വം അച്ചടക്കത്തോടെ അണിനിരന്ന കാഴ്ച ഒരു വസ്തുത ശക്തമായി ബോദ്ധ്യമാക്കുന്നതായിരുന്നു. കഴിഞ്ഞ് എട്ടുമാസത്തെ അന്യായവും അതിക്രമപൂര്‍ണവുമായ നിരോധനത്തിന്റെ പ്രതികൂല പരിതഃസ്ഥിതിയിലും അവരുടെ മനസ്സിലെ സംഘനിഷ്ഠയ്ക്ക് തെല്ലുപോലും ഉലച്ചില്‍ ഉണ്ടായില്ലെന്നുള്ളതായിരുന്നു അത്. തെറ്റിദ്ധാരണാജനകമായ എല്ലാവിധ കുപ്രചാരണങ്ങള്‍ക്കിടയിലും അവരുടെ മനസ്സില്‍ സംഘത്തോട് മുമ്പുണ്ടായിരുന്ന വൈകാരികത ഒട്ടും കോട്ടം തട്ടാതെ ദൃഢമായി നിലകൊണ്ടു. അസത്യജടിലവും നിരന്തരവുമായ പ്രചാരണത്തിന്റെ കൊടുങ്കാറ്റിനുപോലും അതിനെ ചലിപ്പിക്കാന്‍ കഴിഞ്ഞില്ല.
ഗുരുജിയുടെ താമസം
ശ്രീഗുരുജിക്ക് ഡല്‍ഹി സംഘചാലക് ലാലാ ഹംസരാജ് ഗുപ്തയുടെ വീട്ടിലാണ് താമസം ഏര്‍പ്പാട് ചെയ്തിരുന്നത്. നിത്യം കാലത്തും വൈകിട്ടുമായി ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരുമടക്കം ആബാലവൃദ്ധം ജനങ്ങള്‍ അദ്ദേഹത്തിന്റെ ദര്‍ശനാര്‍ത്ഥം എത്തിയിരുന്നു. ഗുരുജിയുടെ ദര്‍ശനം തന്നെ എല്ലാവര്‍ക്കും അത്യധികമായ ആനന്ദം നല്‍കുന്നതായിരുന്നു. രാജസ്ഥാന്‍, പഞ്ചാബ്, സംയുക്തപ്രാന്ത്, മദ്ധ്യഭാരത് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളില്‍നിന്നെല്ലാം സംഘ കാര്യകര്‍ത്താക്കളും മറ്റു സംഘ ബന്ധുക്കളും വികാരവായ്‌പോടെ ഗുരുജിയുടെ ദര്‍ശനത്തിനായി എത്തി. വിശ്രമമെന്യേ എല്ലാവരെയും കാണാനും സംസാരിക്കുവാനും ഗുരുജി സന്നദ്ധനായി. അദ്ദേഹവുമായുള്ള സമ്പര്‍ക്കംകൊണ്ട് അവരുടെ മനസ്സിലെ ആശങ്കകള്‍ പൂര്‍ണ്ണമായും മാറിയതോടൊപ്പം നവ്യമായൊരു പ്രേരണ ഉള്‍ക്കൊണ്ടായിരുന്നു എല്ലാവരും തിരിച്ചുപോയത്. ആ പ്രേരണ, പോയിടത്തെല്ലാം അവര്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്തു.
ഗുരുജിയെ കാണാനായി സ്വയംസേവകര്‍ക്കും സംഘത്തോട് കേവലമായ അനുഭാവംമാത്രം വെച്ചുപുലര്‍ത്തുന്നവര്‍ക്കും സംഘവിരോധികള്‍ക്കും എന്നല്ല ആര്‍ക്കുവേണമെങ്കിലും വരാമായിരുന്നു. സംഘത്തിന്റെ ഭാവി നടപടികളെക്കുറിച്ച് ചോദിച്ചവരോട് ശ്രീഗുരുജി പറഞ്ഞ മറുപടി ഇതായിരുന്നു ”ഇന്ന് സംഘത്തിന്മേലുള്ള നിരോധനം അനുചിതവും അന്യായപൂര്‍ണ്ണവുമാണ്. എന്നിരുന്നാലും സര്‍ക്കാര്‍ നമ്മുടേതാണ്. അതുകൊണ്ട് നിരോധനം നീക്കാനായി ശാന്തപൂര്‍ണ്ണവും നിയമവിധേയവുമായ മാര്‍ഗ്ഗംമാത്രമേ നാം സ്വീകരിക്കുകയുള്ളൂ. അതുകാരണം നമ്മുടെ ഉദ്ദേശ്യസാദ്ധ്യത്തിന് കുറച്ച് കാലതാമസം നേരിടേണ്ടിവന്നാലും നിയമവിരുദ്ധമായ ഒരു കാര്യവും നമുക്ക് സ്വീകാര്യമല്ല. അതിനര്‍ത്ഥം നാം കയ്യുംകെട്ടി നിഷ്‌ക്രിയരായിരിക്കും എന്നല്ല. കഴിഞ്ഞ 23 വര്‍ഷമായി നാം നിരന്തരം പഠിപ്പിച്ച സമാജത്തോടുള്ള സ്‌നേഹം, സാമൂഹ്യസേവാ മനോഭാവം എന്നിവയെല്ലാം ആത്മാര്‍ത്ഥതയോടെ ജീവിതത്തില്‍ പാലിച്ചുകൊണ്ട് സമൂഹവുമായി നമ്മുടെ സ്‌നേഹബന്ധം തുടര്‍ന്നുകൊണ്ട് ക്ഷുദ്രമായ സംഘടനാ ആസക്തി മാറ്റിവെച്ച് എത്ര ഭീഷണമായ വെല്ലുവിളികള്‍ ഒന്നിച്ചുവന്നാലും നമ്മുടെ സാമൂഹ്യജീവിതത്തിന്റെ പരിശുദ്ധിയും നിസ്വാര്‍ത്ഥതയും ശക്തിയും അധികാധികം വളര്‍ത്താന്‍ നാം പരിശ്രമിച്ചുകൊണ്ടേയിരിക്കും. സംഘത്തിന്റെ ഭാവിയെ സംബന്ധിച്ച് എന്തുതന്നെ സംഭവിച്ചാലും സംഘം സത്യത്തിന്റെ ശക്തമായ വേരുകളില്‍ ഊന്നിയാണ് നിലനില്‍ക്കുന്നതെന്നതിനാല്‍ അതിന്റെ വിജയത്തെ സംബന്ധിച്ച് എനിക്ക് തെല്ലുപോലും ആശങ്കയില്ല.”
അതേ സന്ദര്‍ഭത്തില്‍ അന്തരീക്ഷം സംഘത്തിന് അനുകൂലമായിത്തീരാന്‍ സഹായകമായ ഒരു പ്രധാന കോടതിവിധിയുമുണ്ടായി. 1947-ല്‍ ഉത്തരപ്രദേശിലെ കംധലായില്‍ നടന്ന ഭീഷണമായ ജാതീയ കലാപത്തിന്റെ ഉത്തരവാദികളെന്നാരോപിച്ച് സാമര്‍ദാസ് തുടങ്ങിയ സംഘ കാര്യകര്‍ത്താക്കളെ തടവിലാക്കിയിരുന്നു. ഗാന്ധിജിയുടെ വധത്തിനുശേഷം തല്‍പരകക്ഷികള്‍ ഈ വിഷയം ഊതിവീര്‍പ്പിച്ചു. സംഘം ഹിംസയുടെ പൂജാരികളാണ്, വര്‍ഗ്ഗീയവാദികളാണ് തുടങ്ങിയ പ്രചാരണങ്ങളിലൂടെ ജനങ്ങളെ ഉത്തേജിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. കോടതിയില്‍ ഈ കേസ്സിനെ സംബന്ധിച്ച വിചാരണനടന്നശേഷം 1948 നവംബര്‍ 8 ലെപറഞ്ഞ വിധിയില്‍ സംഘ കാര്യകര്‍ത്താക്കളെയെല്ലാം നിരപരാധികളാണെന്ന് കണ്ട് വിട്ടയയ്ക്കുകയും അതോടൊപ്പം പോലീസ് കോഴവാങ്ങി കെട്ടിച്ചമച്ച കേസാണ് അതെന്ന് ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഈ വിധിയുടെ ഫലമായി കംധാലകേസ് ഉയര്‍ത്തിക്കാട്ടി സംഘത്തിനെതിരെ ഉന്നയിച്ച എല്ലാ കുപ്രചാരണങ്ങളും കാറ്റുപോയ ബലൂണിന്റെ സ്ഥിതിയിലായി.
സംഘവിരോധികള്‍ വിഭ്രാന്തിയില്‍
ഗുരുജിയുടെ ഡല്‍ഹിയിലെ താമസത്തിന്റെ ഫലമായി സംഘത്തിന് അനുകൂലമായ അന്തരീക്ഷം സംജാതമായി. സ്വയംസേവകരെല്ലാം ആത്യന്തം ഉത്സാഹഭരിതരായി. ഓരോ സ്ഥലത്തും സര്‍വ്വസാധാരണജനങ്ങളും പ്രമുഖവ്യക്തികളും മുന്നോട്ടുവന്ന് സംഘത്തിന്റെ നിരോധനം നീക്കാനും സംഘത്തിന് നീതി കിട്ടാനുമായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. കംധലാ സംഭവം പോലെയുള്ള കേസുകളില്‍ നീതിന്യായപീഠത്തില്‍നിന്നുള്ള വിധികള്‍ കാരണം സംഘത്തെ സംബന്ധിച്ച തെറ്റിദ്ധാരണ ജനഹൃദയങ്ങളില്‍നിന്ന് പൂര്‍ണ്ണമായും നീങ്ങി. സംഘത്തിനനുകൂലമായ വര്‍ത്തമാനപത്രങ്ങളുടെ പ്രചാരണം ജനങ്ങളുടെ മനസ്സ് സജ്ജമാക്കാന്‍ വളരെ സഹായകമായി. ഇതിന്റെയെല്ലാം ഫലമായി സംഘത്തിന്റെ മേലുള്ള നിരോധനം നീക്കുമെന്നും പരസ്പരം സഹകരണത്തിന്റേതായ പുതിയ അദ്ധ്യായം ആരംഭിക്കുമെന്നുമുള്ള അന്തരീക്ഷം സംജാതമായി. എല്ലായിടത്തും രൂപപ്പെട്ടുവന്ന സംഘാനുകൂലമായ ഈ അന്തരീക്ഷം സംഘവിരോധികള്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. അതിനാല്‍ അവര്‍ പരിഭ്രാന്തരായി. ഉടന്‍തന്നെ നാട്ടിലെങ്ങും സംഘത്തിനെതിരായ അന്തരീ ക്ഷം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ സക്രിയരായി.
ഡല്‍ഹി സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റി ഒക്‌ടോബര്‍ 31 ന് ഒരു പ്രമേയത്തിലൂടെ സംഘത്തിന്റെ നിലപാടില്‍ യാതൊരു മാറ്റ വും വന്നിട്ടില്ലാത്തതിനാല്‍ സംഘത്തിന്റെ മേലുള്ള നിരോധനം നീക്കരുതെന്നഭ്യര്‍ത്ഥിച്ചു. ”നിരോധനത്തിനുശേഷവും അവര്‍ രഹസ്യമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവരുടെ പ്രവര്‍ത്തനം ഒട്ടും സന്തോഷജനകമല്ല.” ഇത്തരത്തില്‍ മറ്റു പല സംസ്ഥാനസമിതികളും പ്രമേയം അംഗീകരിച്ച് സര്‍ക്കാറിനയച്ചു കൊടുക്കുകയുണ്ടായി.”
കോണ്‍ഗ്രസില്‍ സംഘ അനുകൂലികളും വിരോധികളുമായ ആ ളുകളുണ്ടായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് തുടങ്ങിയ പാര്‍ട്ടികളില്‍പ്പെട്ടവരുടെ സംഘവിരോധം കോണ്‍ഗ്രസ്സിലെ സംഘ വിരോധികളെ അപേക്ഷിച്ച് എത്രയോ അധികമായിരുന്നു. സംഘത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ അവരെല്ലാവരും ഒന്നായിനിന്നു പ്രവര്‍ത്തിക്കാന്‍ ഒരുക്കമായിരുന്നു. സംഘാനുകൂലമായ അന്തരീക്ഷം തകര്‍ക്കാനായി ഗാന്ധിവധം നടന്നശേഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടന്ന അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള ആലോചനയില്‍ അവരേര്‍പ്പെട്ടു. സംഘം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചാല്‍ ജനങ്ങള്‍ ഒരിക്കലും അത് അനുവദിക്കില്ലെന്നും ഗാന്ധിവധത്തിനുശേഷം നടന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും പരസ്യമായി പ്രസംഗിക്കാനും പത്രങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനും അവര്‍ മുന്നോട്ടുവന്നു. അത്തരത്തില്‍ ജനങ്ങളെ പ്രകോപിതരാക്കാനുള്ള പദ്ധതികള്‍ക്ക് ഒരുക്കംകൂട്ടി.
ബോംബെയില്‍ നിന്നുള്ള ‘ബ്ലിറ്റ്‌സ്’ വാരിക ഈ കാര്യത്തില്‍ മുന്‍പന്തിയിലായിരുന്നു. എന്നാല്‍ സ്വതന്ത്രമായി ചിന്തിക്കുന്ന പ്രബുദ്ധരായ പ്രമുഖ വ്യക്തികളും വാര്‍ത്താ പത്രങ്ങളും, ഇക്കൂട്ടരുടെ ദുരുദ്ദേശപൂര്‍ണ്ണമായ ആസൂത്രണങ്ങളെ തുറന്നുകാണിക്കാന്‍ സന്നദ്ധരായി. കാശിയില്‍നിന്നുള്ള ‘ചേതന’ എന്ന ഹിന്ദി വാരിക സംഘത്തിനെതിരെ ജനങ്ങളെ ഇളക്കിവിടാനുള്ള ദുഷ്ടശക്തികളുടെ പദ്ധതികളെ ശക്തമായി വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്നു.
സര്‍ദാര്‍ പട്ടേലുമായുള്ള കൂടിക്കാഴ്ച
ഈ അന്തരീക്ഷത്തില്‍ ഗുരുജി കേന്ദ്ര ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലുമായി രണ്ടുപ്രാവശ്യം കൂടിക്കാഴ്ച നടത്തി. ഗുരുജി അദ്ദേഹത്തിനുമുന്നില്‍ സംഘത്തിന്റെ നിരപരാധിത്വത്തെക്കുറിച്ചും ദേശീയ നന്മയ്ക്കായുള്ള സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു മെല്ലാം വിശദമായി പ്രതിപാദിച്ചു. ഗുരുജി പറഞ്ഞ കാര്യങ്ങളോട് സര്‍ദാര്‍ പട്ടേല്‍ പൂര്‍ണ്ണമായി യോജിപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ കോണ്‍ഗ്രസ്സില്‍ ധാരാളം സംഘവിരോധികള്‍ ഉണ്ടെന്നും തനിക്ക് സംഘത്തിന്റെ മേലുള്ള നിരോധനം നീക്കണമെന്നുണ്ടെങ്കിലും നെഹ്രുവാണ് സമ്മതിക്കാത്തത് എന്നും പട്ടേല്‍ വ്യക്തമാക്കി. അതുകൊണ്ട് സംഘം പൂര്‍ണ്ണമായും കോണ്‍ഗ്രസില്‍ ചേര്‍ന്ന് തന്റെ കരങ്ങള്‍ക്ക് ശക്തികൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുജി സംഘനിരോധനം നീക്കണമെന്ന കാര്യത്തിലൂന്നി സംസാരിച്ചപ്പോള്‍ പട്ടേല്‍ അതൊന്നും ശ്രദ്ധിക്കാതെ സംഘം കോണ്‍ഗ്രസ്സില്‍ ലയിച്ച് പ്രവര്‍ത്തിക്കണമെന്ന കാര്യമായിരുന്നു ആവര്‍ത്തിച്ചാവശ്യപ്പെട്ടത്. എങ്കിലും തുടര്‍ന്നുള്ള സംഭാഷണങ്ങളില്‍ സംഘനിരോധനം നീക്കുന്ന കാര്യത്തില്‍ പട്ടേല്‍ നിശ്ചയമായും അനുകൂലമാകുമെന്ന് ഗുരുജി പ്രതീക്ഷിച്ചു. എന്നാല്‍ ഗുരുജിയുടെ പ്രതീക്ഷയ്ക്ക് വിപരീതമായി പിന്നീ ട് സംസാരിക്കാന്‍ ഒരവസരം നല്‍കാതെ ആഭ്യന്തരമന്ത്രി ഡല്‍ഹി വിട്ടുപോയി. ഗുരുജി പണ്ഡിറ്റ് നെഹ്രുവുമായി സംഭാഷണം നടത്ത ണമെന്നാഗ്രഹിച്ചു. ആ അവസരത്തില്‍ അദ്ദേഹം യൂറോപ്പില്‍ പര്യടനത്തിലായിരുന്നു. അദ്ദേഹം തിരിച്ചുവരുന്നതുവരെ ഡല്‍ഹിയില്‍ തന്നെ താമസിക്കാന്‍ ഗുരുജി തീരുമാനിച്ചു. എന്നാല്‍ ഭരണാധികാരികളുടെ മനസ്സ് സംഘത്തിനെതിരാണെന്നും അവര്‍ സത്യം മനസ്സിലാക്കി സംഘത്തിനുമേലുള്ള നിരോധനം നീക്കാനുള്ള സാദ്ധ്യതയില്ലെന്നും അദ്ദേഹത്തിനു ബോദ്ധ്യപ്പെട്ടു.
ചരിത്രപ്രസിദ്ധമായ രണ്ട് പ്രസ്താവനകള്‍
സര്‍ക്കാരിന്റെ നയമെന്താണെന്ന് മനസ്സിലാക്കിയ ഗുരുജി നവംബര്‍ 2 ന് രണ്ട് പ്രസ്താവനകള്‍ പത്രങ്ങള്‍ക്ക് നല്‍കി. അവയില്‍ സംഘത്തിനെതിരായി പഴയതും പുതിയതുമായ ആരോപണങ്ങള്‍ ക്കെല്ലാം ഉചിതമായ മറുപടി നല്‍കിയിരുന്നു. അതോടൊപ്പം സംഘത്തിന്റെ സിദ്ധാന്തം, പ്രവര്‍ത്തനം എന്നിവയെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുകയും ചെയ്തിരുന്നു. സംഘത്തിനുനേരെയുള്ള അന്യായപൂര്‍ണ്ണമായ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് സ്വയംസേവകരോട് സംഘത്തിനു സ്വീകരിക്കാവുന്ന രണ്ടു മാര്‍ഗ്ഗങ്ങളെക്കുറിച്ച് സൂചിപ്പിച്ചു. 1. നിരോധനത്തെ തുറന്ന് എതിര്‍ത്തുകൊണ്ട് സംഘശാഖകള്‍ പുനരാരംഭിക്കുക. 2. ശാന്തരായി സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുകൊണ്ട് സംഘത്തിന് നേരെ നടന്നുകൊണ്ടിരിക്കുന്ന അന്യായത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി സംഘത്തിന്റെ നിരോധനം നീക്കാനായുള്ള പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുക. ഇവയില്‍ രണ്ടാമത്തെ മാര്‍ഗ്ഗം സ്വീകരിക്കാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.
സര്‍ക്കാരിന്റെ അന്യായമായ നിബന്ധനകള്‍ക്കെതിരെ
ഇതേസമയത്ത് ”താങ്കള്‍ക്ക് ഡല്‍ഹിയില്‍ വരാന്‍ തന്ന അനുവാദത്തിന്റെ ഉദ്ദേശ്യം കഴിഞ്ഞതിനാല്‍ ഉടന്‍തന്നെ നാഗപ്പൂരിലേയ്ക്ക് തിരിച്ചുപോകണം” എന്ന നിര്‍ദ്ദേശം കേന്ദ്ര ആഭ്യന്തരവകുപ്പില്‍ നിന്ന് ഗുരുജിക്ക് കിട്ടി. സംഘത്തിന്റെ മേലുള്ള നിരോധനം നീക്കുന്നതു സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളോട് അഭിപ്രായം ആരാഞ്ഞപ്പോള്‍ എല്ലാ സംസ്ഥാനങ്ങളും എതിരഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഡല്‍ഹിയില്‍വന്ന് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍വേണ്ടി മാത്രമാണ് താങ്കളുടെ മേലുള്ള നിബന്ധനകള്‍ നീക്കിയതെന്നും ആ കാര്യം പൂര്‍ത്തിയായ നിലയ്ക്ക് ഉടനെ തിരിച്ചു പോകണം എന്നുകൂടി ആ നിര്‍ദ്ദേശത്തില്‍ സൂചിപ്പിച്ചിരുന്നു. അതേദിവസം, നവംബര്‍ 2 ന് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയതായുള്ള വിവരം ഡല്‍ഹി ജില്ലാ അധികാരിയില്‍നിന്ന് ലഭിച്ചു.
സര്‍ക്കാരിന്റെ ഈ നടപടി അദ്ദേഹത്തെ ആശ്ചര്യഭരിതനാക്കി. കാരണം, സര്‍വ്വസാധാരണപൗരനെന്ന നിലയ്ക്ക് തന്റെ പൗരസ്വാ തന്ത്ര്യത്തിനുമേലുള്ള അനുചിതമായ അതിക്രമമായും യാതൊരു ന്യായീകരണവുമില്ലാത്ത നടപടിയുമായിട്ടാണ് അദ്ദേഹം അതിനെ കണ്ടത്. അതുകൊണ്ട് ആഭ്യന്തരവകുപ്പിന്റെ കല്‍പന നിരാകരിക്കാന്‍ അദ്ദേഹം നിശ്ചയിച്ചു. അതോടൊപ്പം നവംബര്‍ 3 ന് പണ്ഡിറ്റ് നെഹ്രുവിന് കടുത്ത ഭാഷയില്‍ രണ്ട് കത്തുകളെഴുതി. അതില്‍ അതേവരെ സംഘത്തിനെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളെയെല്ലാം യുക്തിയുക്തം അദ്ദേഹം നിരാകരിച്ചു. സര്‍ക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രമാണസഹിതം തെളിയിക്കാന്‍ സന്നദ്ധമാകണമെന്നും ആവശ്യപ്പെട്ടു.
നവംബര്‍ 5 ന് അദ്ദേഹം സര്‍ദാര്‍ പട്ടേലിന് മറ്റൊരു കത്തെഴുതി. അതില്‍, എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യത്തിനായിട്ടാണ് തന്നെ നാഗപ്പൂര്‍ ജയിലില്‍നിന്ന് വിമുക്തനാക്കിയതെന്നത് ശരിയല്ല, ഡല്‍ഹിയില്‍ പോകാനായി മാത്രമായോ മറ്റെന്തെങ്കിലും നിബന്ധനകള്‍വെച്ചോ ജയില്‍മോചനം ആവശ്യമില്ലെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രിയോട് മുന്‍കൂട്ടിത്തന്നെ പറഞ്ഞിരുന്നു, യാതൊരു നിബന്ധനകളുമില്ലാതെയാണ് മോചിപ്പിക്കുന്നതെന്ന സന്ദേശം വായിച്ചശേഷമാണ് താന്‍ ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ടത് എന്നീ കാര്യങ്ങള്‍ വളരെ വ്യക്തമായി അദ്ദേഹം വിശദീകരിച്ചു. അതോടൊപ്പം ആ കത്തില്‍ ഇത്രയുംകൂടി വ്യക്തമാക്കി, ”എന്റെ പൗരസ്വാതന്ത്ര്യത്തെ തടയുന്നത് അന്യായ നടപടിയാണെന്നതിനാല്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന്റേയും ഡല്‍ഹി ജില്ലാ അധികാരികളുടെയും നിബന്ധനകള്‍ അംഗീകരിക്കേണ്ടതില്ലെന്ന് നിശ്ചയിച്ചിരിക്കുന്നു.”
ശ്രീ ഗുരുജിയെ തടവില്‍നിന്ന് മോചിപ്പിക്കുന്നതായി മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ യാതൊരു നിബന്ധനയും സൂചിപ്പിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് യുപിഐ തുടങ്ങിയ വാര്‍ത്താ ഏജന്‍സികള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളിലും ഏതെങ്കി ലും നിബന്ധനകളുള്ളതായി വ്യക്തമാക്കിയിരുന്നില്ല. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കു വേണ്ടിമാത്രമാണ് അദ്ദേഹത്തെ മോചിപ്പിച്ചതെന്ന കാര്യം സര്‍ക്കാരിന്റെ വൈകിവന്ന ഭാവനയില്‍ ഉടലെടുത്തതായിരുന്നു.
സംഘ നിരോധനം നീക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ എതിരാണെന്ന വാദത്തിന് ശ്രീഗുരുജിയുടെ മറുപടി ഇതായിരുന്നു, ”സംഘത്തെ നിരോധിക്കാന്‍ ഉത്തരവിട്ടത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരുകള്‍ അത് നടപ്പിലാക്കുക മാത്രമാണുണ്ടായത്. അതിനാല്‍ നിരോധനം പിന്‍വലിക്കാന്‍ ആദ്യം കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. അതിന് സംസ്ഥാന സര്‍ക്കാരുകളുടെ അനുവാദം തേടേണ്ട ആവശ്യമില്ല.”
(തുടരും)