നെയ്യൊട്ടും ചേര്‍ക്കാത്ത നെയ്യപ്പം പോലെ,
നെയ്യൊട്ടും തേക്കാത്ത നെയ്ദോശ പോലെ,
മലമാഞ്ഞുപോയൊരു മലയാളം വന്നേ,
അക്ഷരം പോയ്പോയ മൊഴിയാളം വന്നേ!
കേരം വളര്‍ത്താത്ത കേരളം പോലെ
പേപ്പര്‍ലസ്സാകുന്നൊരാപ്പീസു പോലെ
വിദ്യയില്ലാത്തതാം അഭ്യാസംപോലെ
പല പല മന്ത്രിമാര്‍ കലിതുള്ളി വന്നേ!
സാക്ഷര കേരളം ഉണ്ടാക്കുവാനായ്
പണിചെയ്തു പാടിപ്പുകഴ്ത്തിയോര് നമ്മള്
ഇന്നു നിരക്ഷരകേരളം തീര്‍ക്കാന്‍
പണി ചെയ്വു രാക്ഷസര്‍, കാണുന്നു നമ്മള്!
ശരിയൊക്കെ തെറ്റായി മാറുമിക്കാലം
തലകീഴായൊക്കെയും മറിയുന്ന കാലം
മലനാടിന് മലയൊക്കെ പോകുന്ന കാലം
മലയാള ഭാഷയ്ക്കും തലപോകും കാലം!