അടുത്തകാലത്ത് രാജ്യം ഏറെ ചര്‍ച്ചചെയ്ത വിഷയമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച. അടുത്തടുത്ത മാസങ്ങളില്‍ ഒരേ രീതിയില്‍, പരീക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ചോദ്യപേപ്പറുകള്‍ ഏതെങ്കിലുമൊരു സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഇതോടെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വര്‍ഷങ്ങളായുള്ള അധ്വാനം നിമിഷ നേരത്തില്‍ അര്‍ത്ഥശൂന്യമായെന്ന് മനസ്സിലാക്കുന്നു. പ്രതിഷേധം ഉയരുന്നു. അറസ്റ്റുകള്‍ ഉണ്ടാകുന്നു. അന്വേഷണം വരുന്നു. ഏറെ കഴിയും മുന്‍പ് മറ്റൊരു സംസ്ഥാനത്ത് മറ്റൊരു പരീക്ഷയില്‍, ഇതൊക്കെ തന്നെ വീണ്ടും സംഭവിക്കുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചകളോട് പ്രതികരിക്കുന്നത് ഏറെക്കാലമായി നമുക്ക് പരിചിതമായി കഴിഞ്ഞിരിക്കുന്നു. പക്ഷെ ഇത് ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നാം ഇതുവരെ ഗൗരവമായി ചിന്തിച്ചിട്ടില്ല.
ഒരു പരീക്ഷയെന്നത് വെറുമൊരു തെരഞ്ഞെടുപ്പ് പ്രക്രിയ മാത്രമല്ല. ഒരു വിദ്യാര്‍ത്ഥിക്ക് രാജ്യം നല്‍കുന്ന വാഗ്ദാനമാണത്. ചോദ്യപേപ്പറുകള്‍ ചോരുമ്പോള്‍ ആ വാഗ്ദാനം ലംഘിക്കപ്പെടുകയാണ്. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല എല്ലാ വിദ്യാര്‍ത്ഥികളുടേയും മുന്നില്‍ അതൊരു വാഗ്ദാന ലംഘനമാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിശ്വാസ്യതയ്ക്ക് അത് കരിനിഴല്‍ വീഴ്ത്തും. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇതിനു പിന്നില്‍ ഒരിക്കലും പുറത്തുനിന്നുള്ളവരോ ഹാക്കര്‍മാരോ അല്ല. പലപ്പോഴും ഈ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നത് ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകരും ഈ സംവിധാനം പാളിച്ചകളില്ലാതെ കൃത്യമായും വിശ്വാസ്യതയോടെയും സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുമാണ്. അതായത്, യഥാര്‍ത്ഥത്തില്‍ ഒരു വലിയ സംവിധാനത്തെ തകര്‍ക്കുന്നത് പുറത്തുനിന്നല്ല. അതിന്റെ ഉള്ളില്‍ നിന്നു തന്നെയാണ്. ഇതൊക്കെ കേവലമായ അഴിമതിയാണെന്ന് പറഞ്ഞ് മുന്നോട്ടു പോകാന്‍ വളരെ എളുപ്പമാണ്. അങ്ങനെ ചിന്തിക്കുമ്പോള്‍ ഇതൊരു പോലീസ് നടപടി വേണ്ട പ്രശ്‌നവും പോലീസ് പരിഹരിക്കേണ്ട പ്രശ്‌നവും മാത്രമായി ചുരുങ്ങുന്നു. ശിക്ഷ, കൂടുതല്‍ നിരീക്ഷണം എന്നിവയൊക്കെ സര്‍ക്കാരുകള്‍ കടുപ്പിക്കുക തന്നെ വേണം. പക്ഷേ പരീക്ഷകളുണ്ടായ കാലം മുതല്‍ ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എല്ലാ സര്‍ക്കാരുകള്‍ക്കു കീഴിലും ചോദ്യപേപ്പറുകള്‍ ചോരുന്നുണ്ട്. പലപ്പോഴും പുതിയ നിയമങ്ങള്‍ കൊണ്ടുവന്നു. പക്ഷേ ചോര്‍ച്ച തുടര്‍ന്നു. നിയമങ്ങള്‍ നടപ്പിലാക്കുക മാത്രം മതിയായിരുന്നെങ്കില്‍ ഇതിനു മുന്‍പേ ഇത്തരം സംഭവങ്ങള്‍ അവസാനിക്കുമായിരുന്നു.
എല്ലാ പരീക്ഷാ ചോര്‍ച്ചയും ഒരു ഇടപാടാണ്. ആ ഇടപാടിന് ആവശ്യക്കാരുമുണ്ട്. ഈ ആവശ്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കുറുക്കു വഴിയെന്ന സംസ്‌ക്കാരത്തിലൂടെയാണ്. കുറുക്കുവഴി തേടുന്ന കുറച്ച് കുട്ടികളും കുറെയധികം മാതാപിതാക്കളുമുണ്ട്. പരിശീലനത്തേക്കാളുപരിയായി തെരഞ്ഞെടുക്കപ്പെടുമെന്ന ഉറപ്പും പഠനത്തേക്കാള്‍ ഉപരിയായി പരീക്ഷാഫലത്തേയും വിപണനം ചെയ്യുന്ന പരിശീലനകേന്ദ്രങ്ങളടങ്ങുന്ന ആവാസ വ്യവസ്ഥയാണ് ഇതിനെല്ലാം വളംവെച്ചുകൊടുക്കുന്നത്. മികവ് അളക്കാനായി രൂപകല്പന ചെയ്തിട്ടുള്ള പ്രക്രിയയില്‍ ഒരു വ്യവസായം മുഴുവന്‍ ഉറപ്പ് എന്ന കാര്യമാണ് വില്‍ക്കുന്നത്. അപ്പോള്‍ ഈ വ്യവസായത്തിലെ ചിലരെങ്കിലും ഈ ഉറപ്പ് നേടാനായി അനധികൃതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ഇടയുണ്ട്. അത്തരമൊരു മൊത്തക്കച്ചവട ശൃംഖലയിലെ ചെറുകിട വ്യാപാരമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച.
എന്തുകൊണ്ടാണ് ചില രാജ്യങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാത്തതെന്ന് പരിശോധിച്ചിട്ടുണ്ടോ? അത്തരമൊരു രാജ്യമാണ് ജപ്പാന്‍. അവരുടെ നിയമങ്ങള്‍ കര്‍ശനമായതുകൊണ്ടു മാത്രമല്ല, പരീക്ഷ ജയിക്കാന്‍ കുറുക്കുവഴി തേടുന്നത് വലിയ നാണക്കേടായി അവര്‍ കരുതുന്നു. പരീക്ഷകനില്‍ നിന്നും പരീക്ഷാര്‍ത്ഥിയില്‍ നിന്നും അവര്‍ സത്യസന്ധത പ്രതീക്ഷിക്കുന്നു. അതൊരു രാജ്യത്തിന്റെ സംസ്‌ക്കാരമാണ്. അതിന്, ഒരു കുട്ടിയുടെ മികവ് ഒരു ദിവസം രാവിലെ ഒരു പരീക്ഷയിലെ ഒറ്റ അക്കത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നതല്ല എന്ന് തിരിച്ചറിയണം.
വില കൊടുത്തു വാങ്ങിയ ചോദ്യപേപ്പര്‍ വഴി പരീക്ഷ പാസ്സായ ഒരു വിദ്യാര്‍ത്ഥി പഠിക്കുന്ന ഒരു കാര്യമുണ്ട്. സ്വപ്രയത്‌നത്തേക്കാള്‍ നല്ലത് സ്വാധീനമാണെന്ന്. ഇത് പഠിക്കുന്നത് പാഠങ്ങള്‍ ഉറയ്ക്കുന്ന സമയത്തു തന്നെയാണ്. മുന്നോട്ടുള്ള ജീവിതത്തിലും മികവ് ഒഴിവാക്കാന്‍ കഴിയാത്ത തൊഴില്‍ മേഖലകളിലേക്കു കടക്കുന്നവര്‍ ഒപ്പം കൂട്ടുന്ന അപകടകരമായ ചിന്തയാണിത്. പക്ഷെ ഇതിനേക്കാള്‍ ആഴത്തില്‍ മുറിവേല്‍ക്കുന്നത് മറ്റൊരു കുട്ടിക്കാണ്. ഈ സംവിധാനം തന്നോട് നീതി പുലര്‍ത്തുമെന്ന് ഉറച്ച് വിശ്വസിച്ച് ഒരു ചെറിയ പട്ടണത്തില്‍ പണമോ സ്വാധീനമോ ഇല്ലാതെ രാവ് വെളുക്കുവോളം ഉറക്കമൊഴിഞ്ഞ് പഠിച്ച കുട്ടി ഈ അനുഭവത്തില്‍ നിന്നും സത്യസന്ധത അനുഭവജ്ഞാനമില്ലാത്തതാണെന്ന് മനസ്സിലാക്കുന്നു. അതുകൊണ്ട് നമ്മള്‍ ഇതേക്കുറിച്ച് ആത്മപരിശോധന നടത്തിയേ തീരൂ.
സര്‍ക്കാരിന് ഈ പ്രശ്‌നത്തില്‍ വ്യക്തമായ ഉത്തരവാദിത്തമുണ്ട്. പ്രൊഫഷണലായ, ഉത്തരവാദിത്തമുള്ള പരീക്ഷാ ഏജന്‍സികള്‍, ക്രമരഹിതമായ ചോദ്യപേപ്പര്‍ വിതരണം, രഹസ്യസാങ്കേതിക സുരക്ഷയുളള ചോദ്യപേപ്പറുകള്‍, സ്വതന്ത്ര പരിശോധനയ്ക്ക് വിധേയമാക്കാവുന്ന ചോദ്യപേപ്പര്‍ വിതരണ സംവിധാനം എന്നിവ ഉറപ്പാക്കണം. വിശ്വാസലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി, കോച്ചിംഗ് സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ കഴിയുന്ന വാഗ്ദാനങ്ങളേയും ഉറപ്പുകളേയും സംബന്ധിച്ച് സുതാര്യവും സത്യസന്ധവുമായ നിയന്ത്രണങ്ങള്‍ എന്നിവയെല്ലാം ആവ ശ്യമാണ്. എന്നാല്‍ അതുമാത്രം മതിയാവില്ല. ഇതിലെ എല്ലാ പ്രക്രിയയും മനുഷ്യരുടെ കൈകളിലൂടെ കടന്നുപോകണം എന്നതിനാല്‍ ഒരു പരീക്ഷാ സംവിധാനവും ചോര്‍ച്ചയില്ലാതെ കുറ്റമറ്റതാക്കാന്‍ കഴിയില്ല. നിയമസംവിധാനമല്ല, അത് കൈകാര്യം ചെയ്യുന്ന കൈകള്‍ ശുദ്ധമാണോ എന്നുള്ളതാണ് പ്രധാനം. അത് ഒരു വീട്ടില്‍ പഠിപ്പിക്കുന്നതാണ്. ഒരു ചുറ്റുവട്ടത്തില്‍ പരിചയിക്കുന്നതാണ്. പരീക്ഷയിലെ മാര്‍ക്കുകളാണ് എല്ലാമെന്നു പറയുന്ന രക്ഷിതാക്കള്‍ കൊടുക്കുന്ന ഒരു നിശബ്ദ സന്ദേശം കൂടിയാണ് അത്.
അതുകൊണ്ട് രക്ഷിതാക്കള്‍ എന്ന നിലയിലും വിദ്യാഭ്യാസം നല്‍കുന്നവര്‍ എന്ന നിലയിലും നമ്മള്‍ ഒരു കാര്യം മനസ്സിലാക്കണം. കഠിനാധ്വാനവും പ്രതിബദ്ധതയും വിജയം നിര്‍ണ്ണയിക്കുന്ന ഒരു അന്തരീക്ഷമാണ് നമ്മുടെ കുട്ടികള്‍ക്കു വേണ്ടത്. അല്ലാതെ കുറുക്കുവഴികളിലൂടെയും നേരില്ലാത്ത ബന്ധങ്ങളിലൂടെയുമുള്ള നേടുന്ന വിജയങ്ങളല്ല വേണ്ടത് എന്ന് അവരെ മനസ്സിലാക്കിക്കണം. മികവിന് പ്രത്യേക ഇടമുണ്ട്. കുറുക്കുവഴി ബുദ്ധിപരമല്ല. അപമാനകരമാണ്. ഏതു കുട്ടിയേയാണോ സഹായിക്കുന്നത് അവനു തന്നെയാണ് അത് അപമാനകരമായി മാറുന്നത്. യുവഭാരതത്തിനായി തുറന്ന ചര്‍ച്ചകള്‍ നടക്കട്ടെ. അത് നിരന്തരം തുടരുകയും വേണം. പരീക്ഷാചോര്‍ച്ച സാധ്യമാകുന്ന അന്തരീക്ഷവും അതിന് വളംവെയ്ക്കുന്ന സംസ്‌ക്കാരവുമാണ് ആത്യന്തികമായി ഇല്ലാതാക്കപ്പെടേണ്ടത്.




















