കാശി വിശ്വനാഥ ക്ഷേത്രം ഹിന്ദുക്കളുടെ മഹത്തായ പ്രതിരോധത്തിന്റെ പ്രതീകം കൂടിയാണ്. പരക്കെ വിശ്വസിക്കപ്പെടുന്നതുപോലെ അവസാനത്തെ മുഗള്‍ ഭരണാധികാരിയായ ഔറംഗസീബ് മാത്രമല്ല കാശി ക്ഷേത്രം തകര്‍ത്തിട്ടുള്ളത്. കാശി ക്ഷേത്രം തച്ചുതകര്‍ത്ത അവസാനത്തെ മുസ്ലിം ആക്രമണകാരിയാണ് ഔറംഗസീബ്. ഇതിനു മുന്‍പ് നിരവധി ആക്രമണങ്ങള്‍ ക്ഷേത്രം നേരിട്ടിട്ടുണ്ട്. ഭാരതത്തിലേക്ക് മുസ്ലിം ആക്രമണകാരികള്‍ കടന്നുവന്ന കാലം മുതല്‍ തുടങ്ങിയതാണ് അത്. ക്ഷേത്രം ഭാഗികമായോ പൂര്‍ണമായോ നശിപ്പിക്കപ്പെട്ട ഓരോ ഘട്ടത്തിലും ഹിന്ദുക്കള്‍ അത് പുനര്‍നിര്‍മിക്കുകയും ആരാധന തുടരുകയും ചെയ്തിട്ടുണ്ട്. അത്ഭുതകരമായ ചെറുത്തുനില്‍പ്പിന്റെ കഥ കൂടിയാണിത്. ചരിത്രഭൂമിയായ കാശിക്കുമേലും വിശ്വനാഥ ക്ഷേത്രത്തിനു മേലുമുള്ള വൈദേശിക ആധിപത്യത്തെ ഒരവസരത്തില്‍പ്പോലും ഹിന്ദുക്കള്‍ അനുവദിച്ചുകൊടുത്തിട്ടില്ല. വിഗ്രഹഭഞ്ജകരുടെ മതഭ്രാന്തിനുമുന്നില്‍ ചിലപ്പോഴൊക്കെ പിന്‍വാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും പരാജയം സമ്മതിച്ചിരുന്നില്ല. കാശിയുടെ സ്വാതന്ത്ര്യത്തിനും വിശ്വനാഥക്ഷേത്രത്തിന്റെ മഹത്വത്തിനും വേണ്ടി പോരാടിയത് അവിടുത്തുകാര്‍ മാത്രമായിരുന്നില്ലെന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. മറ്റിടങ്ങളിലെ രാജാക്കന്മാരും ആചാര്യന്മാരും ഭക്തരുമൊക്കെ അതിന് സന്നദ്ധരാവുകയും, അധികാരവും സമ്പത്തും സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
പതിനൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ഭാരതത്തിലേക്കുള്ള ഇസ്ലാമിക കടന്നാക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. എ.ഡി. 1025 ല്‍ മുഹമ്മദ് ഗസ്‌നിയുടെ മകന്‍ അഹമ്മദ് നിയാല്‍തജിന്‍ കാശി കൊള്ളയടിച്ചു. എന്നാല്‍ മണിക്കൂറുകള്‍ മാത്രമാണ് ഇയാള്‍ക്ക് കാശിയില്‍ തങ്ങാനായത്. കാരണം നദിയിലൂടെയായിരുന്നു ഈ സംഘത്തിന്റെ വരവ്. അധികം കഴിയുന്നതിനു മുന്‍പ് മുഹമ്മദ് ഗസ്‌നിയുടെ സഹോദരീ പുത്രന്‍ സലാര്‍ മസൂദ് ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിനായി അജ്മീറില്‍നിന്ന് ഒരു യാത്ര നടത്തി. മസൂദ് നേരെ പോയത് ഗോണ്ടയിലേക്കാണെങ്കിലും അനുയായികളിലൊരാളായ മാലിക് അഫ്‌സല്‍ ആല്‍വി ബനാറസ് ആക്രമിച്ചു. രൂക്ഷമായ യുദ്ധത്തില്‍ ഈ കടന്നാക്രമണകാരികള്‍ നശിപ്പിക്കപ്പെട്ടു. പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചന്ദ്രദേവന്‍ എന്ന രാജാവ് കാശി കേന്ദ്രീകരിച്ച് ഗഹദവാല സാമ്രാജ്യം സ്ഥാപിച്ച് കാശിയുടെ നിയന്ത്രണം തിരിച്ചുപിടിക്കുകയും, വിശ്വനാഥ ക്ഷേത്രം പുനര്‍നിര്‍മിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് ചന്ദ്രദേവന്‍ പുറപ്പെടുവിച്ച ആറ് താമ്രലിഖിതങ്ങള്‍ ബനാറസിലെ ചന്ദ്രവനിയില്‍നിന്ന് കണ്ടെടുക്കുകയുണ്ടായി. ആദികേശവന്റെ രൂപം സ്ഥാപിച്ച് സ്വര്‍ണാഭരണങ്ങളെക്കൊണ്ട് അലങ്കരിച്ചതായി ഇതില്‍ പറയുന്നുണ്ട്. രാജാവിന്റെ തൂക്കത്തോളം സ്വര്‍ണവും മറ്റ് അമൂല്യവസ്തുക്കളും ആയിരം പശുക്കളെയും ആദികേശവന് സമര്‍പ്പിച്ചതായി മറ്റൊരു ലിഖിതത്തില്‍ കാണുന്നു. ക്ഷേത്രത്തിന്റെ ചെലവുകള്‍ക്കായി ചന്ദ്ര മഹാദേവന്‍ ഒരു ഗ്രാമം തന്നെ വിട്ടുകൊടുത്തതായും പറയുന്നുണ്ട്.
മുഹമ്മദ് ഗോറിയുടെ സേനാനായകന്‍ കുത്തബുദ്ദീന്‍ ഐബക്ക് എ.ഡി.1194 ല്‍ വാരാണസി ആക്രമിച്ചു നശിപ്പിച്ചു. കാശി ഭരിച്ചിരുന്ന ജയചന്ദ്രനെയാണ് അന്ന് പരാജയപ്പെടുത്തിയത്. ആയിരക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും വാളിനു മുന്നില്‍ ഭീഷണിപ്പെടുത്തി മതംമാറ്റുകയും ചെയ്തു. 1000 പുരാതന ക്ഷേത്രങ്ങള്‍ ഐബക്ക് തകര്‍ത്തു. 1400 ഒട്ടകങ്ങള്‍ക്കു ചുമക്കാവുന്ന കൊള്ളമുതലാണ് കടത്തിക്കൊണ്ടുപോയത്. സ്വര്‍ണവും വെള്ളിയും രത്‌നങ്ങളുമൊക്കെ ഉള്‍പ്പെടുന്ന ഈ കൊള്ളമുതല്‍ ദല്‍ഹിയില്‍ തമ്പടിച്ചിരുന്ന ഗോറിക്ക് എത്തിക്കുകയായിരുന്നു. കുത്തബുദ്ദീന്‍ ഐബക്കിനെ രാജാവായി വാഴിച്ച് ഗോറി ഭാരതം വിട്ടു. ഐബക്കിന്റെ ആക്രമണത്തില്‍ കാശിയിലെ ഒരൊറ്റ ക്ഷേത്രം പോലും അവശേഷിച്ചില്ല. ക്ഷേത്രങ്ങളുടെ സ്ഥാനത്ത് മസ്ജിദുകള്‍ നിര്‍മിച്ച് മതത്തിന് അടിത്തറ പാകി. അധികം വൈകാതെ ഹിന്ദുക്കള്‍ കാശി തിരിച്ചുപിടിച്ചെങ്കിലും എ.ഡി. 1197 ല്‍ കുത്തബ്ദീന്‍ ഐബക്ക് വീണ്ടും ആക്രമണം നടത്തി. എന്നാല്‍ എഡി 1212 ല്‍ ശക്തമായ തിരിച്ചടിയെത്തുടര്‍ന്ന് ഐബക്കിന് കാശിയുടെ മേലുള്ള നിയന്ത്രണം ഒരിക്കല്‍ക്കൂടി നഷ്ടമായി. ഐബക്ക് ക്ഷേത്രം തകര്‍ത്തിടത്ത് റസിയ സുല്‍ത്താന (1236-1240) ബീബി റസിയ മസ്ജിദ് നിര്‍മിച്ചു. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇത്. ഈ അവസരത്തില്‍ ബംഗാളിലെ വിശ്വരൂപ സേന കാശിയുടെ മധ്യത്തില്‍ ഒരു വിജയസ്തൂപം സ്ഥാപിക്കുകയും, വിശ്വേശ്വരക്ഷേത്രമാണ് കാശിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വേണ്ടത്ര വിഭവങ്ങള്‍ ഇല്ലാത്തതിനാല്‍ വലിയൊരു ക്ഷേത്രം നിര്‍മിക്കാന്‍ വിശ്വരൂപന് കഴിഞ്ഞില്ല.
ഹിന്ദുക്കള്‍ നേടിയ ഈ വിജയം അധികനാള്‍ നീണ്ടുനിന്നില്ല. കാശി കീഴടക്കിയ മുസ്ലിംസേന ഹിന്ദുക്കള്‍ക്കുമേല്‍ ജസിയ എന്ന മതനികുതി ഏര്‍പ്പെടുത്തി. ഈ സാഹചര്യം കണക്കിലെടുത്ത് എ.ഡി. 1299 ല്‍ കര്‍ണാടകയിലെ ഹൊയ്‌സാല രാജാവായ നരസിംഹ മൂന്നാമന്‍ കാശിയിലെ ഹിന്ദുക്കളോട് ഐക്യം പ്രഖ്യാപിച്ചു. കാശി വിശ്വേശ്വരന്റെ അഭിമാനം സംരക്ഷിക്കുന്നതിനും ജസിയ നികുതി അടയ്ക്കുന്നതിനുമായി ഒരു ഗ്രാമംതന്നെ വിട്ടു നല്‍കി. കര്‍ണാടക, തെലുങ്കാന, തുളു, ബീഹാര്‍ മേഖലകളില്‍ നിന്നുള്ളവരും ഇതിനായി പണം നല്‍കി. ഇവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് കാശിയില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി. വിശ്വേശ്വരനെ ആരാധിക്കാനെത്തുന്നവര്‍ക്കായി ഗുജറാത്തിലെ വസ്തുപാല്‍ സേത് അന്നത്തെ നിലയ്ക്കുള്ള ഒരുലക്ഷം രൂപ അയച്ചു. കാശി നിവാസികളുടെ മാത്രമല്ല, മുഴുവന്‍ ഭാരതത്തിലുള്ളവരുടെയും ആരാധനാ മൂര്‍ത്തിയായിരുന്നു കാശിവിശ്വനാഥന്‍ എന്നാണിത് കാണിക്കുന്നത്. എ.ഡി. 1376 ല്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ ആക്രമണത്തില്‍ നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്തു. ജാന്‍പൂരിലെ അപലദേവി ക്ഷേത്രം നശിപ്പിച്ച് അതിന്റെ സ്ഥാനത്ത് അപല മസ്ജിദ് സ്ഥാപിച്ചു. അലാവുദ്ദീന്റെ ഗവര്‍ണര്‍ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്ത് അര്‍ഹായ് കനാര, ചൗക്കമ്പ, ഗോലഘട്ട് എന്നീ മസ്ജിദുകള്‍ സ്ഥാപിച്ചു.
കാശിയിലെ ഇസ്ലാമിക സ്മാരകങ്ങളെല്ലാം നിര്‍മിച്ചത് തകര്‍ന്ന ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍കൊണ്ടാണെന്ന് ലാല്‍ദല്‍വാസ മസ്ജിദിലെ പത്മേശ്വര ശിലകളും ലിഖിതങ്ങളും കാണിച്ചുതരുന്നു. അപല മസ്ജിദിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചത് ഫിറോസ് തുഗ്ലക് ആണെങ്കിലും മറ്റുള്ളവരാണ് പൂര്‍ത്തീകരിച്ചത്. ജാന്‍പൂരിലെ പത്മേശ്വര ശിലകള്‍ ഒരു വസ്തുത തെൡയിക്കുന്നു. കാശിയില്‍ തകര്‍ന്ന ക്ഷേത്രങ്ങളുടെ തൂണുകള്‍ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. കുറേനാള്‍ കഴിഞ്ഞതോടെ കാശിയിലെ ഹിന്ദുക്കള്‍ക്ക് ആശ്വാസം ലഭിച്ചു. പണ്ടത്തെ പ്രതാപത്തോടെയല്ലെങ്കിലും ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ തുടങ്ങി. വിഗ്രഹഭഞ്ജകര്‍ മറ്റൊരു മുന്നേറ്റത്തിലൂടെ തച്ചുതകര്‍ക്കുമെന്നതിനാല്‍ മനോഹരമായ ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാവില്ലെന്ന് ഹിന്ദുക്കള്‍ക്ക് മനസ്സിലായി. ഇത് ശരിയായിരുന്നു. എ.ഡി. 1496 ല്‍ സിക്കന്ദര്‍ ലോധി രാജാവായശേഷം ആദ്യം ഉത്തരവിട്ടത് കാശിയിലെ മുഴുവന്‍ ക്ഷേത്രങ്ങളും തകര്‍ക്കാനാണ്. ഇതോടെ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കുന്നതില്‍നിന്ന് ഹിന്ദുക്കള്‍ പിന്‍വാങ്ങി. തൊണ്ണൂറു വര്‍ഷത്തോളം ഈ നില തുടര്‍ന്നു എന്നാണ് തീര്‍ത്ഥലിസേതു എന്ന ഗ്രന്ഥത്തില്‍ നാരായണ ഭട്ടന്‍ പറയുന്നത്. ഇക്കാലമത്രയും വിശ്വേശ്വര ക്ഷേത്രമോ മറ്റ് ക്ഷേത്രങ്ങളോ ഉണ്ടായിരുന്നില്ല.
പതിനാറാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ‘തീര്‍ത്ഥലിസേതു’വില്‍ ഒരു പ്രത്യേക അധ്യായം തന്നെ ഭട്ടന്‍ കാശിയെക്കുറിച്ച് വിവരിക്കാന്‍ നീക്കിവച്ചിട്ടുണ്ട്. വിശ്വനാഥ ക്ഷേത്രം നിരന്തരം തകര്‍ക്കപ്പെട്ടു എന്നാണതില്‍ പറയുന്നത്. ഒരു ശിവലിംഗം നീക്കം ചെയ്യപ്പെട്ടാല്‍ പുതിയതൊന്ന് അവിടെ വിധിയാംവണ്ണം സ്ഥാപിക്കപ്പെടും. ശിവലിംഗത്തിനു ചുറ്റും നടന്നിരുന്ന പ്രദക്ഷിണത്തെക്കുറിച്ചും ഭട്ടന്‍ പരാമര്‍ശിക്കുന്നുണ്ട്. കടന്നാക്രമണകാരികള്‍ ക്ഷേത്രം തകര്‍ത്തപ്പോള്‍ ശൂന്യമായ ആ സ്ഥലത്തും ഹിന്ദുക്കള്‍ ആരാധന തുടര്‍ന്നു. ക്ഷേത്രധ്വംസനം, അത് നിലനിന്നിരുന്ന സ്ഥലത്തിന്റെ പവിത്രത ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യില്ലെന്നും, പതിറ്റാണ്ടുകള്‍ ആരാധന തുടര്‍ന്നു എന്നുമാണ് നാരായണ ഭട്ടന്‍ പറയുന്നത്. തീര്‍ത്ഥലിസേതു എന്ന ഗ്രന്ഥത്തിന്റെ രചന നടന്നത് ക്ഷേത്രം തകര്‍ക്കപ്പെട്ടതിനു ശേഷമാണെന്ന് ഈ വിവരണത്തില്‍നിന്ന് വ്യക്തമാവുന്നു. തെലുങ്കു ഭാഷയില്‍ ‘കാശിയാത്ര ചരിത്ര’ എന്ന ഗ്രന്ഥമെഴുതിയ എനുഗുല വീരസ്വാമി താന്‍ കാശി സന്ദര്‍ശിച്ചതായും അവിടെ പുതിയ ക്ഷേത്രത്തിന്റെ നിര്‍മാണം നടക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ബ്രിട്ടീഷ് ഭരണം ആരംഭിക്കുന്നതിനും തൊട്ടുമുന്‍പാണിത്.
ഇസ്ലാമിക ആക്രമണങ്ങളില്‍ കാശിയിലെ വിജ്ഞാന കേന്ദ്രങ്ങളെല്ലാം തകരുകയും, പണ്ഡിതന്മാര്‍ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുകയുമുണ്ടായി. ചിലര്‍ ഉള്‍പ്രദേശങ്ങളിലേക്കു പോയി. മുസ്ലിം ആക്രമണം ദക്ഷിണ ഭാരതത്തിലേക്കും വ്യാപിച്ചതോടെ അവിടെയും പണ്ഡിതന്മാര്‍ക്ക് രക്ഷയില്ലാതായി. എന്നാല്‍ 50 വര്‍ഷത്തിനുശേഷം മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും പണ്ഡിതന്മാര്‍ കാശിയില്‍ തിരിച്ചെത്തി സംസ്‌കൃത പഠന കേന്ദ്രങ്ങള്‍ പുനരുജ്ജീവിപ്പിച്ചു. എ.ഡി. 1567 ല്‍ അക്ബറിന്റെ ഭരണത്തില്‍ കുറച്ചുകാലം താരതമ്യേന സമാധാനപരമായിരുന്നു. കാശിയിലെ ക്ഷേത്രങ്ങളും തീര്‍ത്ഥഘട്ടങ്ങളും പുനര്‍നിര്‍മിക്കാനുള്ള അവസരമായി രജപുത്ര രാജാവായ മാന്‍സിംഗ് ഇക്കാലം വിനിയോഗിച്ചു. എന്നാല്‍ മാന്‍സിംഗിന്റെ ക്ഷേത്രനിര്‍മാണവുമായി ഹിന്ദുക്കള്‍ സഹകരിച്ചില്ല. മുഗളന്മാരുമായി വിവാഹബന്ധം സ്ഥാപിച്ചതിനാലാണിത്. മറാഠാ ഭരണാധികാരിയായിരുന്ന മല്‍ഹര്‍ റാവു ഹോല്‍ക്കര്‍ മസ്ജിദ് തകര്‍ത്ത് ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ ആഗ്രഹിച്ച് സൈന്യവുമായി കാശിയിലേക്ക് തിരിച്ചെങ്കിലും ലക്‌നൗ നവാബിന്റെ ഭരണകാലത്തായതിനാല്‍ അത് വിജയിച്ചില്ല. എന്നാല്‍ നാരായണഭട്ടിന്റെ നിര്‍ദേശപ്രകാരം 1585 ല്‍ രാജ ടോഡര്‍മാള്‍, അംബേറിലെ രാജാവ് എന്നിവര്‍ ചേര്‍ന്ന് വിശ്വേശ്വരക്ഷേത്രം പുനര്‍നിര്‍മിച്ചു. അക്ബറിനുശേഷം ഷാജഹാന്‍ മുഗള്‍ ഭരണാധികാരിയായതോടെ കാശിയില്‍ പുനര്‍നിര്‍മിക്കപ്പെട്ട 76 ക്ഷേത്രങ്ങള്‍ പിന്നെയും തകര്‍ത്തു.
മധ്യകാലത്തെ മുസ്ലിം കടന്നാക്രമണകാരികളുടെ ക്ഷേത്ര ധ്വംസനങ്ങളെക്കുറിച്ച് ഇസ്ലാമിക സാഹിത്യത്തില്‍ തന്നെ എത്രവേണമെങ്കിലും തെളിവുകളുണ്ട്. ഇന്നത്തെ ചൈനയില്‍പ്പെടുന്ന വടക്ക് സിങ്കിയാങ്ങു മുതല്‍ തെക്ക് തമിഴ്‌നാടുവരെയും, ഇന്നത്തെ ഇറാഖില്‍പ്പെടുന്ന പടിഞ്ഞാറ് സിസ്താന്‍ മുതല്‍ കിഴക്ക് അസം വരെയും ഈ ധ്വംസനങ്ങള്‍ അരങ്ങേറി. ഹിന്ദു സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായി കരുതപ്പെടുന്ന വിസ്തൃതമായ ഈ പ്രദേശത്ത് ബുദ്ധ, ജൈന, ശൈവ, ശാക്തേയ, വൈഷ്ണവ എന്നിങ്ങനെ സനാതന ധര്‍മത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആരാധനാലയങ്ങളുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞുകിടന്നു. ഈ പ്രദേശങ്ങളില്‍ ഉയര്‍ന്നുവന്ന മസ്ജിദുകളും സിയാറത്തുകളും ദര്‍ഗകളും ഹൈന്ദവ ആരാധനാലയങ്ങളുടെ അവശിഷ്ടങ്ങള്‍കൊണ്ട് നിര്‍മിച്ചതാണെന്ന് ആധുനികകാലത്തെ പുരാവസ്തു ഗവേഷണങ്ങളും ഉല്‍ഖനനങ്ങളും സംശയാതീതമായി തെളിയിക്കുന്നുണ്ട്. ഹിന്ദുക്കളുടെ മാതൃഭൂമിയിലേക്ക് ഒന്നിനു പുറകെ ഒന്നായി കടന്നുവന്ന തങ്ങളുടെ യജമാനന്മാരായ കടന്നാക്രമണകാരികള്‍ ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍ വേണ്ടി ചെയ്തുകൂട്ടിയകാര്യങ്ങളെക്കുറിച്ച് മുസ്ലിം ചരിത്രകാരന്മാര്‍ തന്നെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് കഴിയാവുന്നിടങ്ങളിലൊക്കെ ഈ കടന്നാക്രമണകാരികള്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തു. ഈ പ്രകടനത്തെക്കുറിച്ച് ചില ചരിത്രകാരന്മാര്‍ നിശ്ശബ്ദത പാലിക്കുന്നുണ്ടെങ്കിലും ഇവരുടെ പേരുവിവരം സഹിതം മുസ്ലിം ചരിത്രകാരന്മാര്‍ വേണ്ടുവോളം തെളിവുകള്‍ നല്‍കുന്നുണ്ട്.
പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇറ്റാലിയന്‍ ചരിത്രകാരനായ നിക്കോളോ മാനുസി, ഫ്രഞ്ചുകാരനായ ഫ്രാങ്കോയ്‌സ്, ഫ്രഞ്ച് കച്ചവടക്കാരനായ ബെര്‍ണിയര്‍, ഫ്രഞ്ച് സഞ്ചാരിയായ ജിന്‍-ബാപ്ടിസ്റ്റെ ടവര്‍ണിയര്‍ എന്നിവര്‍ കാശിയിലെ മുഖ്യ ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തങ്ങളുടെ സഞ്ചാരക്കുറിപ്പുകളില്‍ നല്‍കുന്നുണ്ട്. ബ്രിട്ടീഷ് രത്‌ന വ്യാപാരിയും സഞ്ചാരിയുമായ പീറ്റര്‍ മുണ്ടിയുടെ വിവരണം ശ്രദ്ധേയമാണ്. 1632 ല്‍ കാശി സന്ദര്‍ശിച്ച മുണ്ടി അവിടുത്തെ ജനസാന്ദ്രതയെക്കുറിച്ചും ഹിന്ദുക്ഷേത്രങ്ങളെക്കുറിച്ചും പറയുന്നു. ‘കാസിബിസ്വ’ എന്നാണ് മുണ്ടി വിശ്വേശ്വരനെ വിശേഷിപ്പിക്കുന്നത്. ശ്രീകോവിലിന്റെ രേഖാചിത്രവും തയ്യാറാക്കുകയുണ്ടായി. ശ്രീകോവിലിനകത്ത് അല്‍പ്പം ഉയര്‍ത്തിവച്ച നിലയിലാണ് മുണ്ടി ശിവലിംഗം കണ്ടത്. ഔറംഗസീബ് ക്ഷേത്രം തകര്‍ക്കുന്നതിനുമുമ്പുള്ള വിവരണമാണിത്.
1822 ല്‍ ബ്രിട്ടീഷ് പണ്ഡിതനായ ജയിംസ് പ്രിന്‍സെപ്പ് വാരാണസിയുടെ ഒരു ഭൂപടം തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും നഗരത്തിലെ സെന്‍സസ് എടുക്കുകയും ചെയ്തു. 1000 ക്ഷേത്രങ്ങളുടെ പട്ടികയാണ് പ്രിന്‍സെപ്പ് നല്‍കുന്നത്. വിശ്വനാഥ ക്ഷേത്രത്തിന്റെ വിശദമായ രൂപരേഖ തയ്യാറാക്കുകയും, അതിന്റെ വാസ്തു ശാസ്ത്രത്തെക്കുറിച്ചും ശില്‍പഭംഗിയെക്കുറിച്ചും വിവരിക്കുകയും ചെയ്യുന്നുണ്ട്. ലണ്ടനിലെ റോയല്‍ സൊസൈറ്റി അംഗമായിരുന്ന ജെയിംസ് വാസ്തു ശില്‍പി, എഞ്ചിനീയര്‍, ഭാഷാ വിദഗ്ദ്ധന്‍, കലാകാരന്‍, നഗരാസൂത്രകന്‍ എന്നീ നിലകളിലൊക്കെ പ്രഗത്ഭനായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥനായി ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ കൊല്‍ക്കത്തയിലെത്തിയ ജെയിംസ് ലോഹ പരിശോധകന്‍ എന്ന നിലയില്‍ കാശിയില്‍ നിയമിക്കപ്പെട്ടു. അടുത്ത പത്ത് വര്‍ഷം കാശിയില്‍ കഴിഞ്ഞ ഈ ഉദ്യോഗസ്ഥന്‍ ആ നഗരത്തെ വല്ലാതെ ഇഷ്ടപ്പെട്ടു. ”മുഖമണ്ഡപം ബന്ധിപ്പിക്കുന്ന രണ്ട് പ്രതിഷ്ഠകള്‍ ഉള്‍ക്കൊള്ളുന്നതാണ് കാശി വിശ്വനാഥ ക്ഷേത്രം. മഹാദേവന്റെ വിഗ്രഹമാണ് മുഖ്യ പ്രതിഷ്ഠ. ദണ്ഡപാണി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ വിഗ്രഹം മറ്റേതിനെക്കാള്‍ വിശിഷ്ടമാണ്. ഇത് അതിസൂക്ഷ്മമായി കൊത്തിയെടുത്തിട്ടുള്ളതുമാണ്” എന്നാണ് ജെയിംസ് നല്‍കുന്ന വിവരണം.
കൊല്‍ക്കത്ത ബിഷപ് ആയിരുന്ന റെജിനാള്‍ഡ് ഹെബറും 1852 ല്‍ കാശി സന്ദര്‍ശിക്കുകയുണ്ടായി. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു മാത്രമല്ല, നേപ്പാളില്‍നിന്നും ടിബറ്റില്‍നിന്നും ബര്‍മയില്‍നിന്നും (ഇപ്പോഴത്തെ മ്യാന്‍മര്‍) തീര്‍ത്ഥാടകര്‍ കാശിയിലെത്തി ഗംഗാസ്‌നാനം നടത്തുകയും വിശ്വനാഥനെ വണങ്ങുകയും ചെയ്തിരുന്നതായി ഹെബര്‍ സാക്ഷ്യപ്പെടുത്തുന്നു. കാശിയില്‍ വര്‍ഷങ്ങളോളം താമസിച്ചിരുന്നയാളാണ് നേരത്തെ പരാമര്‍ശിച്ച പ്രൊട്ടസ്റ്റന്‍ഡ് മിഷണറിയായ മാത്യു അറ്റ്‌മോര്‍ ഷെറിംഗ്. ഔറംഗസീബ് തകര്‍ത്ത കാശി വിശ്വനാഥ ക്ഷേത്രത്തെക്കുറിച്ചാണ് ഷെറിംഗ് പറയുന്നത്. തകര്‍ക്കപ്പെട്ട ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ വച്ചുകൊണ്ട് ഷെറിംഗ് വിലയിരുത്തുന്നത് പില്‍ക്കാലത്ത് പുനര്‍നിര്‍മിച്ച ക്ഷേത്രത്തെക്കാള്‍ ഗംഭീര ക്ഷേത്രമായിരുന്നു മുന്‍പത്തേത് എന്നാണ്. 1897 ല്‍ കാശി സന്ദര്‍ശിച്ച സ്‌കോട്ടിഷ് ക്രൈസ്തവ പുരോഹിതന്‍ ജോണ്‍ മുര്‍ഡോക് അവിടെ പുരാതനമായ കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 51 അടിയാണ് ക്ഷേത്ര ഗോപുരത്തിന്റെ ഉയരമെന്നും മുര്‍ഡോക് കണക്കാക്കുന്നു.
മുഗള്‍ ആക്രമണകാരികളും ഭരണാധികാരികളും വാരാണസിയില്‍ നടത്തിയ ക്ഷേത്ര ധ്വംസനങ്ങളെക്കുറിച്ചും ഹിന്ദുക്കളുടെ അവസ്ഥയെക്കുറിച്ചും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായിരുന്ന അമേരിക്കക്കാരി ഡിയാന എല്‍.എക്ക്. വിമര്‍ശനാത്മകമായി പരിശോധിക്കുന്നുണ്ട്. ഭാരതത്തിലെമ്പാടുമുള്ള ശിവക്ഷേത്രങ്ങളുടെ ആദിരൂപമാണ് കാശിവിശ്വനാഥ ക്ഷേത്രം എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ മുഖ്യക്ഷേത്രമായിരിക്കുമ്പോഴും ഭാരതത്തില്‍ മറ്റിടങ്ങളിലുള്ള ക്ഷേത്രങ്ങളുടെ വാസ്തു മാതൃകകളുമായി താരതമ്യം ചെയ്യുമ്പോള്‍ കാശി ക്ഷേത്രത്തിന് അത്ര മികവില്ല. മുഗള്‍ ഭരണകാലത്ത് നിരന്തരമായി തകര്‍ക്കപ്പെട്ടതും, ആഗ്രഹിക്കുന്ന രീതിയില്‍ പുനര്‍നിര്‍മിക്കാന്‍ ഹിന്ദുക്കള്‍ക്ക് പരിമിതികള്‍ ഉണ്ടായിരുന്നതുമാണ് ഇതിനു കാരണമെന്ന് ഭാരതപഠനങ്ങളില്‍ അവഗാഹമുള്ള, കാശിയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുള്ള ഡിയാന ചൂണ്ടിക്കാട്ടുന്നു. ഔറംഗസീബിന്റെ ആക്രമണത്തിനുശേഷം ഒരു നൂറ്റാണ്ടു കഴിഞ്ഞ് ക്ഷേത്രം പുനര്‍നിര്‍മിച്ചപ്പോള്‍ ശ്രീകോവിലിലെ ശിവലിംഗത്തിന്റെ സ്ഥാനത്തിന് ചെറിയ മാറ്റം സംഭവിച്ചതായും അവര്‍ പരാമര്‍ശിക്കുന്നുണ്ട്. കാശി നൂറ്റാണ്ടുകളോളം ഒരു പോരാട്ട ഭൂമിയായി തുടര്‍ന്നത് അവിടുത്തെ ക്ഷേത്രങ്ങള്‍ സംരക്ഷിക്കാനും പുനര്‍നിര്‍മിക്കാനുമുള്ള ഹിന്ദുക്കളുടെ ഇച്ഛാശക്തികൊണ്ടാണ്. ഇങ്ങനെ സംരക്ഷിക്കപ്പെട്ട വിവിധ ദേവീദേവന്മാരും ആരാധനാ രീതികളുമുള്ള ക്ഷേത്രങ്ങള്‍ ഭാരത ഉപവന്‍കരയിലാകെ പുതിയ ക്ഷേത്രനിര്‍മാണത്തിനും ആത്മീയ മുന്നേറ്റത്തിനും വഴിയൊരുക്കി.
മുറിവേറ്റ നാഗരികത എന്ന വിഖ്യാത ഗ്രന്ഥത്തില്‍ വി.എസ്. നയ്പാള്‍ പറയുന്നത് ഏറ്റവും ബാധകമാവുന്നത് കാശിക്കാണ്. ”ഭാരതം ഇസ്ലാമിക ഹിംസകൊണ്ട് മുറിവേറ്റ ഒരു നാഗരികതയാണ്. പാകിസ്ഥാനികള്‍ക്ക് ഇത് അറിയാം. തീര്‍ച്ചയായും അവര്‍ അതില്‍ അത്യാനന്ദം കണ്ടെത്തുകയും ചെയ്യുന്നു. റൊമീള ഥാപ്പറെപ്പോലുള്ള നെഹ്‌റൂവിയന്മാര്‍ മാത്രമാണ് ഇസ്ലാമിക വാഴ്ച ഉദാരമായിരുന്നു എന്നു ഭാവിക്കുന്നത്. നമ്മള്‍ വസ്തുതകളെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഭാരതത്തിലെ ഇസ്ലാമിക വാഴ്ച കുറഞ്ഞപക്ഷം പില്‍ക്കാലത്തെ ക്രൈസ്തവ ഭരണത്തെപ്പോലെയെങ്കിലും വിപത്കരമായിരുന്നു. അത്യന്തം അഭിവൃദ്ധി നേടിയിരുന്ന ഒരു രാജ്യത്ത് ക്രൈസ്തവര്‍ വലിയ പട്ടിണിയുണ്ടാക്കി. എക്കാലത്തെയും മികച്ചതായിരുന്ന ഒരു സംസ്‌കാരത്തെ ഭീകരവല്‍ക്കരിക്കുകയാണ് മുസ്ലിങ്ങള്‍ ചെയ്തത്. മതഭ്രാന്തന്മാരും, കീഴടക്കപ്പെട്ട ജനതയുടെ മതത്തോട് വെറുപ്പുള്ളവരുമായ കടന്നാക്രമണകാരികള്‍ ഭാരതത്തെ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു; ഒരു തവണയല്ല, പല തവണ. ആളുകള്‍ ഇതിനെക്കുറിച്ചൊക്കെ വായിക്കുന്നുണ്ട്. പക്ഷേ വിഗ്രഹഭഞ്ജകരായ മതക്കാരുടെ വിജയം സൃഷ്ടിച്ച ആഘാതങ്ങള്‍ അവര്‍ക്ക് സങ്കല്‍പിക്കാവുന്നതിനുമപ്പുറമാണ്.”
മനുഷ്യന് ചരിത്രം വേണമെന്നും, തങ്ങള്‍ ആരായിരുന്നു എന്നറിയാന്‍ അതവരെ സഹായിക്കുമെന്നും ആഗമനത്തിന്റെ പ്രഹേളിക(Enigma of Arrival) എന്ന ഗ്രന്ഥത്തില്‍ നയ്പാള്‍ ഓര്‍മിപ്പിക്കുമ്പോള്‍ കാശിയുടെ ചരിത്രം ആര്‍ക്കും അവഗണിക്കാനാവില്ല.
അടുത്തത്: മതഭ്രാന്തില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു മസ്ജിദ്