Saturday, January 28, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ക്ഷേത്ര പുനരുദ്ധാരണത്തിന്റെ സുവര്‍ണകാന്തി (11)

മുരളി പാറപ്പുറം

Print Edition: 18 March 2022
മോചനം കാത്ത് മഹാകാശിയും പരമ്പരയിലെ 16 ഭാഗങ്ങളില്‍ ഭാഗം 5

മോചനം കാത്ത് മഹാകാശിയും
  • നിയമപരമായി മസ്ജിദ് ഇപ്പോഴും മഹാക്ഷേത്രം (15)
  • മഹാക്ഷേത്രത്തിന്റെ ഭാഗമായ മസ്ജിദ് (14)
  • വിമോചനത്തിന്റെ അനിവാര്യത (13)
  • ക്ഷേത്ര പുനരുദ്ധാരണത്തിന്റെ സുവര്‍ണകാന്തി (11)
  • സാംസ്‌കാരിക അധിനിവേശത്തിന്റെ പ്രശ്‌നങ്ങള്‍ (12)
  • പ്രതിരോധത്തിന്റെ സന്ന്യാസപര്‍വ്വം (10)
  • മതഭ്രാന്തില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു മസ്ജിദ് (9)

കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് അതിന്റെ സ്ഥാനത്ത് മസ്ജിദ് നിര്‍മിച്ചാല്‍ ഇനിയൊരിക്കലും ക്ഷേത്രം പുനര്‍നിര്‍മിക്കപ്പെടില്ലെന്ന് ഔറംഗസീബ് വിചാരിച്ചു. മുന്‍കാലത്ത് ക്ഷേത്രം തകര്‍ക്കപ്പെട്ട എല്ലാ അവസരങ്ങളിലും ഹിന്ദുക്കള്‍ അത് പുനര്‍നിര്‍മിക്കാന്‍ കാരണം അവിടെ ഒരു മസ്ജിദ് ഇല്ലാതിരുന്നതിനാലാണെന്ന് ഔറംഗസീബിന് തോന്നിയിരിക്കാം. ഈ ധാരണകള്‍ തെറ്റാണെന്ന് ചരിത്രം തെളിയിച്ചു.

ഔറംഗസീബ് മരിക്കുന്നത് 1707 ല്‍ ആണ്. മൂന്നര പതിറ്റാണ്ടായപ്പോള്‍ 1742 ല്‍ മറാത്ത സേനാനായകന്‍ മല്‍ഹര്‍ റാവു ഹോല്‍ക്കര്‍ 20,000 പടയാളികളുമായി കാശിയിലെത്തി. ഔറംഗസീബ് നിര്‍മിച്ച ഗ്യാന്‍വ്യാപി മസ്ജിദ് തകര്‍ക്കുകയായിരുന്നു ഈ വരവിന്റെ ഉദ്ദേശ്യം. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതില്‍ കാശിയിലെ ഹിന്ദുക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നു. അവര്‍ ഒരു പ്രതിനിധി സംഘത്തെ മല്‍ഹര്‍ റാവു ഹോല്‍ക്കറിന്റെ അടുത്തേക്ക് അയച്ചു. മുഗളന്മാര്‍ കാശിയില്‍ ശക്തരാണെന്നും, മറാത്ത സൈന്യം തിരിച്ചുപോകുന്നതോടെ അവര്‍ ഹിന്ദുക്കളെ കൊന്നൊടുക്കാന്‍ തുടങ്ങുമെന്നും പ്രതിനിധിസംഘം മല്‍ഹര്‍ റാവുവിനെ ധരിപ്പിച്ചു. ഈ അപേക്ഷ നിരസിക്കാന്‍ മല്‍ഹര്‍ റാവുവിന് കഴിഞ്ഞില്ല. അങ്ങനെ കാശിയിലെ മസ്ജിദ് തകര്‍ക്കാതെ മനസ്സില്ലാ മനസ്സോടെ ആ രാജാവ് തിരിച്ചുപോയി. എന്നാല്‍ ഇതൊരു റിഹേഴ്‌സല്‍ പോലെയായിരുന്നുവെന്നും, ചരിത്രം മറ്റു ചിലത് കരുതിവച്ചിരിക്കുകയാണെന്നും അപ്പോഴൊന്നും ആരും അറിഞ്ഞില്ല.

ഹിന്ദുക്കളുടെ പുണ്യകേന്ദ്രങ്ങളെ വൈദേശിക ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ മറാത്ത ശക്തികള്‍ എക്കാലവും താല്‍പ്പര്യം കാണിക്കുകയും, അതിനുവേണ്ടി പോരാട്ടം നടത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഛത്രപതി ശിവാജിക്ക് ഉണ്ടായിരുന്ന ദൃഢനിശ്ചയം പില്‍ക്കാലത്തെ മറാത്ത ഭരണാധികാരികളും മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. ഔറംഗസീബിന്റെ മരണത്തോടെ ഭാരതത്തിന്റെ വലിയൊരു ഭാഗത്തിനു മേലുള്ള മുഗള്‍ സാമ്രാജ്യത്തിന്റെ സ്വാധീനം ഇല്ലാതാവാന്‍ തുടങ്ങി. ”ഔറംഗസീബ് മരിച്ച് അധികം കഴിയുന്നതിനു മുന്‍പേ അയാളുടെ വിശാല സാമ്രാജ്യത്തിലെ ഓരോ കോണും മറാത്തകളുടെ കരുത്തില്‍ വിറകൊള്ളാന്‍ തുടങ്ങി” എന്നാണ് മെക്കാളെ പറഞ്ഞിട്ടുള്ളത്. 1803 ലെ ആംഗ്ലോ-മറാത്ത യുദ്ധം മുതല്‍ ഭാരതത്തിന്റെ മധ്യ-ഉത്തരഭാഗങ്ങള്‍ മറാത്തകളുടെ നിയന്ത്രണത്തിലായി. ഹിന്ദു ആരാധനാ കേന്ദ്രങ്ങളുടെ മോചനം ഇക്കാലത്ത് അവരുടെ രാഷ്ട്രീയ അജണ്ട തന്നെയായിരുന്നു.

മഹാനായ ശിവാജിയുടെ കാലത്താണ് ഇതിന്റെ വേരുകള്‍ കിടക്കുന്നത്. 1669 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളിലായാണ് യഥാക്രമം ഔറംഗസീബ് കാശി-മഥുര ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നത്. ഈ വാര്‍ത്ത ശിവാജിയേയും അമ്മ ജീജാബായിയെയും വല്ലാതെ ദുഃഖിപ്പിച്ചു. ഔറംഗസീബുമായി സമാധാനം സാധ്യമല്ലെന്ന് ഇത് ശിവാജിയെ ബോധ്യപ്പെടുത്തി. ഇതിനെത്തുടര്‍ന്നാണ് ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രങ്ങള്‍ മോചിപ്പിക്കണമെന്ന് ശിവാജി ദൃഢനിശ്ചയമെടുത്തത്. ഔറംഗസീബിന്റെ നയം മാറ്റണമെന്ന ഉദ്ദേശ്യത്തോടെയും, മുഗളന്മാരുമായുള്ള ഭാവിയിലെ പോരാട്ടങ്ങള്‍ മനസ്സില്‍ വച്ചും ശിവാജി ഇങ്ങനെ ഒരു കത്തെഴുതി. ”നിങ്ങളുടെ പ്രപിതാമഹന്‍ സഹിഷ്ണുതയുള്ള ഒരു ഭരണാധികാരിയായിരുന്നു. ഹിന്ദുക്കള്‍ആരാധനയ്ക്കുവേണ്ടി മണി അടിക്കുമ്പോള്‍ മുസ്ലിങ്ങള്‍ ആസാന്‍ പറയുന്നു. എന്താണ് വ്യത്യാസം? രണ്ടും സ്വന്തം നിലയ്ക്ക് സര്‍വേശ്വരനോടുള്ള പ്രാര്‍ത്ഥനയാണ്.” വളരെ ദൂരക്കാഴ്ചയോടെ ശിവാജി ഇതുകൂടി പറഞ്ഞു. ”എന്റെ ഭൂമി പരുപരുത്തതും വിളവു നല്‍കാത്തതുമാണ്. ഈ മണ്ണില്‍ ജനിച്ച മനുഷ്യര്‍ അതിന്റെ പ്രകൃതംപോലെ കരുത്തന്മാരുമാണ്. നിങ്ങളുടെ സേനകള്‍ക്കും വലിയ തോക്കുകള്‍ക്കുമൊന്നും ഇവിടങ്ങളിലൂടെ സുഗമമായി സഞ്ചരിക്കാനാവില്ല. എന്റെ ഈ പാവപ്പെട്ട രാജ്യത്തുനിന്നും വളരെക്കുറച്ച് നേട്ടമേ നിങ്ങള്‍ക്കുണ്ടാവൂ. എന്റെ ജനങ്ങളെ കീഴടക്കാന്‍ ശ്രമിച്ചാല്‍ ഉഗ്രമായ പ്രതിരോധത്തെ നേരിടേണ്ടി വരും. അതുകൊണ്ട് എന്തിനിങ്ങനെ ഒരു വിഡ്ഢിത്തത്തിനിറങ്ങണം?” ശിവാജി മരിച്ച ഉടന്‍തന്നെ ഔറംഗസീബ് ചെയ്തതും ഇതുതന്നെ. അതിന് അയാളും മുഗള്‍ സാമ്രാജ്യവും വലിയ വിലകൊടുക്കേണ്ടിയും വന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മധ്യഭാരതത്തില്‍ മറാത്തകള്‍ കരുത്താര്‍ജിച്ചു. തങ്ങളുടെ സ്വാധീനം എത്രയുണ്ടെന്ന് പരീക്ഷിക്കാനും, തീര്‍ത്ഥാടനത്തിനുള്ള ഹിന്ദുക്കളുടെ അവകാശം സ്ഥാപിക്കാനും മറാത്തകള്‍ തീരുമാനിച്ചു. മറാത്ത സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ബാജിറാവുവിന്റെ അമ്മ രാധാബായ് ഉത്തരഭാരതത്തിലെ പുണ്യകേന്ദ്രങ്ങളില്‍ ഒരു വര്‍ഷം നീളുന്ന തീര്‍ത്ഥാടനത്തിന് തീരുമാനിച്ചു. മുഗള്‍ ചക്രവര്‍ത്തി ഈ തീര്‍ത്ഥാടനത്തെ സ്വാഗതം ചെയ്തു എന്നു മാത്രമല്ല, യാത്രയിലുടനീളം 1,000 സൈനികരെ അംഗരക്ഷകരായി നിയോഗിക്കുകയും ചെയ്തു. അത്രയ്ക്കായിരുന്നു ബാജിറാവുവിന്റെ മേധാവിത്തം. കാശിയില്‍ വളരെക്കാലം തങ്ങിയശേഷമാണ് രാധാബായി പൂനെയില്‍ തിരിച്ചെത്തിയത്.

1737 ല്‍ ബാജിറാവു ദല്‍ഹിയിലേക്ക് പട നയിച്ച് മുഗള്‍ സൈന്യത്തെ പരാജയപ്പെടുത്തി. മുഗള്‍ ചക്രവര്‍ത്തിയെ രക്ഷിക്കാന്‍ ശ്രമിച്ച നിസാമുല്‍ മുല്‍ക്കിനെയും ബാജിറാവു തോല്‍പ്പിച്ചു. മാള്‍വ പ്രവിശ്യ മുഗളന്മാര്‍ മറാത്തകള്‍ക്ക് അടിയറവച്ചു. ഗ്വാളിയോറിനെ നോക്കാന്‍ സിന്ധ്യമാരെയും ഇന്‍ഡോറില്‍ ഹോല്‍ക്കര്‍മാരെയും ബാജിറാവു നിയോഗിച്ചു. മാള്‍വയിലെ തട്ടകം ഭദ്രമാക്കിയശേഷം മറാത്തകള്‍ ഗംഗാ സമതലത്തിലേക്ക് നീങ്ങി. ഇതിന്റെ ഭാഗമായിരുന്നു ഗ്യാന്‍വ്യാപി മസ്ജിദ് തകര്‍ത്ത് കാശിവിശ്വനാഥ ക്ഷേത്രത്തെ മോചിപ്പിക്കാന്‍ മല്‍ഹര്‍ റാവു ഹോല്‍ക്കര്‍ നടത്തിയ ശ്രമം.

ഇറാനിയന്‍ ഭരണാധികാരിയായ നാദിര്‍ഷ 1739 ല്‍ ദല്‍ഹി ആക്രമിച്ച് കൊള്ളയടിച്ചു. ഈ ആക്രമണത്തിലൂടെയാണ് വിശ്വപ്രസിദ്ധമായ മയൂര സിംഹാസനവും കോഹിനൂര്‍ രത്‌നവും അപഹരിക്കപ്പെട്ടത്. നാദിര്‍ഷായുടെ വരവിനുശേഷം മുഗള്‍ ഭരണം ദുര്‍ബലമായി. മറാത്തകള്‍ കരുത്തു നേടി. മുഗള്‍ ചക്രവര്‍ത്തിമാര്‍ അവരുടെ കളിപ്പാവകളായി. ദല്‍ഹിയിലെ കിംഗ് മേക്കര്‍ പദവി തന്നെ മറാത്തകള്‍ക്ക് ലഭിച്ചു. 1752 ല്‍ മുഗള്‍ ഭരണാധികാരി സഫ്ദര്‍ ജംഗ് മറാത്തകളുടെ സഹായം തേടി. ആവശ്യം അംഗീകരിച്ച മറാത്തകള്‍ കൂടുതല്‍ പ്രവിശ്യകളും ഹിന്ദുക്കളുടെ പുണ്യകേന്ദ്രങ്ങളും മോചിപ്പിക്കണമെന്ന് ഉപാധി വച്ചു. സഫ്ദര്‍ ജംഗ് ഇത് സമ്മതിച്ചെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയി.

ഹിന്ദുക്കളുടെ പുണ്യഭൂമികളായ കാശിയും അയോധ്യയും മഥുരയും തുടര്‍ന്നും കയ്യടക്കിവച്ചിരിക്കുന്നതില്‍ മുസ്ലിങ്ങളിലെ ഷിയാ വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. ഹിന്ദു ധര്‍മത്തിനുമേലുള്ള ഇസ്ലാമിക കടന്നാക്രമണത്തിന്റെ പ്രതീകമായിത്തന്നെയാണ് അവര്‍ ഇതിനെ കണ്ടത്. സുന്നി മുസ്ലിങ്ങളെപ്പോലെയായിരുന്നില്ല അക്കാലത്തും ഷിയാകള്‍. അവര്‍ മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ മടിയില്ലാത്തവരായിരുന്നു.

നാദിര്‍ഷായുടെയും അഹമ്മദ് ഷാ അബ്ദാലിയുടെയും കടന്നാക്രമണങ്ങള്‍ മറാത്തകളെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. വടക്കന്‍ പ്രദേശത്ത് ചെറിയ സൈനിക സാന്നിദ്ധ്യം പോരെന്ന് അവര്‍ക്ക് തോന്നി. 1760 ല്‍ സദാശിവ റാവുവിന്റെ നേതൃത്വത്തില്‍ ഒരു വന്‍പട പൂനെയില്‍നിന്ന് തിരിച്ചു. അഫ്ഗാനില്‍നിന്നുള്ള കടന്നാക്രമണങ്ങളെ നേരിടുന്നതിനായിരുന്നു ഇത്. ആദ്യം ദല്‍ഹിയില്‍ അബ്ദാലിയെ പരാജയപ്പെടുത്തിയശേഷം കിഴക്കോട്ടു നീങ്ങി ഹിന്ദുക്കളുടെ പുണ്യക്ഷേത്രങ്ങളെ മോചിപ്പിക്കുകയായിരുന്നു സദാശിവ റാവുവിന്റെ ലക്ഷ്യം. ബംഗാളിലേക്കുപോയി ഇംഗ്ലീഷുകാരെ തുരത്താനും പദ്ധതിയിട്ടു. ഉത്തര-ദക്ഷിണ ഭാഗങ്ങളില്‍ മറാത്ത ആധിപത്യത്തിനുനേരെ ഇംഗ്ലീഷ് പട ഭീഷണി ഉയര്‍ത്താന്‍ തുടങ്ങിയിരുന്നു.

സദാശിവ റാവുവിന്റെ സൈനിക നീക്കങ്ങള്‍ക്ക് അപ്രതീക്ഷിതമായ ചില തിരിച്ചടികള്‍ നേരിട്ടു. ഹിന്ദുക്കളുടെ പുണ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുമെന്നതിനാല്‍ കാര്യക്ഷമതയില്ലാത്ത നിരവധിപേര്‍ മറാത്ത സൈന്യത്തില്‍ ചേര്‍ന്നു. കരുത്തുറ്റ സേനയെ വാര്‍ത്തെടുത്ത ബാജിറാവുവിന്റെ ശൈലിക്ക് വിരുദ്ധമായിരുന്നു ഇത്. 1761 ലെ പാനിപ്പത്ത് യുദ്ധത്തില്‍ അബ്ദാലിയെ നേരിട്ട സദാശിവ റാവുവിന്റെ മറാത്ത സൈന്യം പരാജയപ്പെട്ടു. അഫ്ഗാന്‍ സേനയ്ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു. അധികം വൈകാതെ അബ്ദാലി അഫ്ഗാനിലേക്കു തിരിച്ചുപോയി. ഇതുണ്ടാക്കിയ അധികാര വിടവ് ബ്രിട്ടീഷുകാര്‍ നികത്തി. ബംഗാളില്‍നിന്ന് മുന്നേറിയ അവര്‍ ഗംഗ-യമുന തടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളും കയ്യടക്കി. കരുത്തനായ മഹത്ജി ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മറാത്തകള്‍ 1765 ല്‍ ദല്‍ഹി പിടിച്ചടക്കിയെങ്കിലും ഉത്തരഭാരതത്തിന്റെ മറ്റ് പ്രദേശങ്ങള്‍ കീഴടക്കാനുള്ള കരുത്ത് ഇവര്‍ക്ക് ലഭിച്ചില്ല. 1803 ല്‍ ദല്‍ഹിയിലും അലിഗഢിലും മറ്റും നടന്ന ആംഗ്ലോ-മറാത്ത യുദ്ധത്തില്‍ ഇംഗ്ലീഷുകാര്‍ ആധിപത്യം നേടി. മുഗള്‍ ഭരണാധികാരികളെപ്പോലെയാണ് ഇംഗ്ലീഷുകാരും പെരുമാറിയത്. ബാബര്‍ മുതല്‍ ഔറംഗസീബ് വരെയുള്ള മുഗള്‍ ചക്രവര്‍ത്തിമാര്‍ പിടിച്ചടക്കിയ ഹിന്ദുക്കളുടെ പുണ്യകേന്ദ്രങ്ങള്‍ അവര്‍ക്ക് മടക്കി നല്‍കാന്‍ ബ്രിട്ടീഷുകാരും തയ്യാറായില്ല. ആരാധനാലയങ്ങളുടെ തല്‍സ്ഥിതി നിലനിര്‍ത്താന്‍ അവര്‍ തീരുമാനിച്ചു. 1947 വരെ ഈ നില തുടര്‍ന്നു.

ഇതിനിടെ അഭിമാനകരമായ മറ്റൊരു സംഭവം നടന്നിരുന്നു. മഹല്‍റാവു ഹോല്‍ക്കര്‍ ആഗ്രഹിച്ചത് മരുമകള്‍ ചെയ്തു. ഗ്യാന്‍വാപി മസ്ജിദിനോട് ചേര്‍ന്നുനില്‍ക്കുന്ന ഇന്നത്തെ കാശിവിശ്വനാഥ ക്ഷേത്രം ഈ ധീരവനിതയാണ് പണികഴിപ്പിച്ചത്. 1776 ലായിരുന്നു ഇത്. മുഗള്‍ ഭരണം നിലനിന്ന കാലത്ത് ക്ഷേത്രനിര്‍മാണം സാധ്യമായിരുന്നോയെന്ന് ആരും സ്വാഭാവികമായി ചിന്തിച്ചുപോകും. പക്ഷേ അഹല്യാബായ് ഹോല്‍ക്കര്‍ ആരെന്നറിയുമ്പോള്‍ ഈ ചിന്തതന്നെ അസ്ഥാനത്താകും. രാജകുടുംബത്തില്‍ ജനിക്കാതിരുന്നിട്ടും രാജ്ഞിയായി മാറിയ അഹല്യയുടെ കഥ ഭാരത ചരിത്രത്തിലെ അധികം അറിയപ്പെടാത്ത ചരിത്രമാണ്. അതേസമയം കോരിത്തരിപ്പിക്കുന്നതുമാണ്.

മഹാരാഷ്ട്രയില്‍ ഇന്നത്തെ അഹമ്മദ് നഗര്‍ ജില്ലയില്‍പ്പെടുന്ന ചൗണ്ടിയില്‍ ധങ്കാര്‍ എന്ന അധഃസ്ഥിത സമുദായത്തിലാണ് അഹല്യ ജനിച്ചത്. ആട്ടിടയ സമുദായമാണിത്. ഇന്‍ഡോര്‍ കേന്ദ്രമാക്കിയുള്ള മാള്‍വാ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന മല്‍ഹര്‍ റാവു ഹോല്‍ക്കര്‍ വളരെ യാദൃച്ഛികമായാണ് അഹല്യയെ കണ്ടുമുട്ടുന്നത്. അക്കാലത്തും വിദ്യാഭ്യാസം നേടിയിരുന്ന ഈ പെണ്‍കുട്ടി പാവങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതുകണ്ട് മല്‍ഹാര്‍ റാവുവിന് വലിയ മതിപ്പു തോന്നി. ഈ പെണ്‍കുട്ടിയില്‍ രാജാവ് തന്റെ മകന്റെ ഭാവി വധുവിനെ കണ്ടു. അധികം വൈകാതെ മല്‍ഹാര്‍ റാവുവിന്റെ മകന്‍ ഖാണ്ഡേ റാവുവും അഹല്യയും തമ്മിലുള്ള വിവാഹം നടന്നു. അപ്പോള്‍ അഹല്യയ്ക്ക് എട്ട് വയസ്സേ ആയിരുന്നുള്ളൂ. 1754 ല്‍ രാജസ്ഥാനില്‍ നടന്ന ഒരു യുദ്ധത്തില്‍ ഖാണ്ഡേറാവു കൊല്ലപ്പെട്ടു. ഭര്‍ത്താവിന്റെ ചിതയില്‍ ചാടി സതി അനുഷ്ഠിക്കാന്‍ തയ്യാറായ അഹല്യയെ മല്‍ഹര്‍ റാവു വിലക്കി. 1765 ല്‍ മല്‍ഹര്‍ റാവു മരിച്ചു. അഹല്യബായ് റീജന്റായി രാജാധികാരമേറ്റിരുന്ന ഖാണ്ഡേറാവുവിന്റെ മകനും അകാലത്തില്‍ മരണമടഞ്ഞു. ഇതേ തുടര്‍ന്നാണ് 1767 ല്‍ അഹല്യാബായ് ഇന്‍ഡോറിലെ രാജ്ഞിയായത്.

മൂന്നു പതിറ്റാണ്ടു കാലമാണ് അഹല്യബായ് ഹോല്‍ക്കര്‍ മാള്‍വാ സാമ്രാജ്യത്തിന്റെ രാജ്ഞിയായി ഭരണം നടത്തിയത്. ഭരണകാര്യങ്ങളില്‍ അതിസമര്‍ത്ഥയായിരുന്ന ഇവര്‍ ഹിന്ദുധര്‍മത്തിന്റെ സംരക്ഷകയുമായിരുന്നു. സോമനാഥം മുതല്‍ കാശി വരെയുള്ള ക്ഷേത്രങ്ങളുടെ സംരക്ഷണം രാജ്ഞി ഏറ്റെടുത്തു. കാലപ്പഴക്കംകൊണ്ട് ജീര്‍ണിക്കുകയും മുഗള്‍ ചക്രവര്‍ത്തിമാരുടെ ആക്രമണത്തില്‍ തകരുകയും ചെയ്ത ക്ഷേത്രങ്ങള്‍ നവീകരിക്കുന്നതിനും പുനര്‍നിര്‍മിക്കുന്നതിനും നേതൃത്വം നല്‍കി. കാശിവിശ്വനാഥ ക്ഷേത്രത്തിനു പുറമെ ഗുജറാത്തിലെ സോമനാഥം, നാഗേശ്വര്‍, മഹാരാഷ്ട്രയിലെ ഗൃഷ്‌ണേശ്വര്‍, ഭിമാശങ്കര്‍ എന്നീ ജ്യോതിര്‍ലിംഗങ്ങളും അഹല്യാബായ് പുനര്‍നിര്‍മിച്ചു. ശ്രീനഗര്‍, ഹരിദ്വാര്‍, കേദാര്‍നാഥ്, ബദരിനാഥ്, ഋഷികേശ്, പ്രയാഗ, നൈമിശാരണ്യം, പുരി, രാമേശ്വരം, സോമനാഥം, നാസിക്, ഓങ്കാരേശ്വര്‍, മഹാമണ്ഡലേശ്വര്‍, പൂനെ, ഇന്‍ഡോര്‍, ശ്രീശൈലം, ഉഡുപ്പി, ഗോകര്‍ണം, കാഠ്മണ്ഡു എന്നിവിടങ്ങളിലെ മഹാക്ഷേത്രങ്ങള്‍ അഹല്യാബായ് ഹോല്‍ക്കര്‍ പുനര്‍നിര്‍മിച്ചവയാണ്. ഗംഗോത്രിയില്‍നിന്നുള്ള പവിത്രമായ ഗംഗാജലം ശേഖരിച്ച് ഭാരതമെമ്പാടുമുള്ള ക്ഷേത്രങ്ങളിലെ പൂജാദി കാര്യങ്ങള്‍ക്കായി എത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതും ഈ രാജ്ഞിയാണ്. കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും കേരളത്തിലെയും ക്ഷേത്രങ്ങള്‍ ഇതില്‍പ്പെടുന്നു.

നൂറുകണക്കിന് ക്ഷേത്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും തീര്‍ത്ഥഘട്ടങ്ങളും ധര്‍മശാലകളും നിര്‍മിച്ചിട്ടുള്ള അഹല്യാബായ് ഹോല്‍ക്കറുടെ ഏറ്റവും മഹത്തായ സംഭാവനയാണ് കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം. 1669 ല്‍ കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത ഔറംഗസീബ് ക്ഷേത്രത്തിന്റെ അടിത്തറ നിലനിര്‍ത്തിയിരുന്നു. അതിന്റെ ഒരു ഭാഗത്താണ് ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചത്. ഒന്നേകാല്‍ നൂറ്റാണ്ടോളം അവിടെ ക്ഷേത്രം ഉണ്ടായിരുന്നില്ല. ഇന്നു നാം കാണുന്ന ഗംഭീരമായ കാശി വിശ്വനാഥ ക്ഷേത്രം 1776-1780 വരെയുള്ള മൂന്നുവര്‍ഷംകൊണ്ട് അഹല്യാബായ് പണി കഴിപ്പിച്ചതാണ്. കാശിയിലെ ദശാശ്വമേധഘട്ട്, ഗംഗാ ആരതി നടക്കുന്ന സ്ഥലം, മണികര്‍ണികാ ഘട്ട് എന്നിവയും ഈ അനശ്വര രാജ്ഞി പുനര്‍നിര്‍മിച്ചു.

ആധുനിക കാലത്ത് ഹിന്ദുക്കളുടെ പുണ്യക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും അഹല്യ ബായ് ഹോല്‍ക്കറെപ്പോലെ സംഭാവന ചെയ്ത മറ്റൊരാളെ ചൂണ്ടിക്കാട്ടാനാവില്ല. ഇന്ന് സനാതന ധര്‍മത്തിന്റെ അവിഭാജ്യഘടകങ്ങളായ പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനും അതില്‍ അഭിമാനിക്കാനും ഹിന്ദുക്കള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ അതിന്റെ ബഹുമതിയിലേറെയും അഹല്യാബായ് ഹോല്‍ക്കര്‍ക്കുള്ളതാണ്. മൂന്നു പതിറ്റാണ്ടുകാലത്തോളം മാള്‍വ സാമ്രാജ്യം ഭരിച്ച അഹല്യാബായ് ഹോല്‍ക്കര്‍ എഴുപതാമത്തെ വയസ്സിലാണ് മരിച്ചത്. ഹിന്ദുധര്‍മത്തിനുവേണ്ടി അവര്‍ ചെയ്ത മഹത്തായ കാര്യങ്ങള്‍ വേണ്ടവണ്ണം ഇനിയും അനുസ്മരിക്കപ്പെട്ടിട്ടില്ല എന്നത് ഒരു വസ്തുതയാണ്. ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയും ചിലരുടെ അഹന്തയും ചില മുന്‍വിധികളുമൊക്കെ ഇതിന് കാരണമായിട്ടുണ്ടാവാം. ചരിത്ര പുസ്തകങ്ങളിലെ മുഗള്‍-ബ്രിട്ടീഷ് ഇതര ആഖ്യാനങ്ങളുടെ അഭാവം മറ്റൊരു കാരണമാണ്.

ഔറംഗസീബ് തകര്‍ത്ത കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ സ്ഥാനത്ത് 4.65 ചതുരശ്രമീറ്റര്‍ ചുറ്റളവിലും 15.5 മീറ്റര്‍ ഉയരത്തിലുമാണ് അഹല്യാബായ് പുതിയ ക്ഷേത്രം പണി കഴിപ്പിച്ചത്. താമരയുടെ ആകൃതിയിലുള്ള ഗോപുരങ്ങളും താഴികക്കുടവും ഇതിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. ചെമ്പ് പൂശിയതായിരുന്നു ഇവ. വിധിപ്രകാരവും വാസ്തു ശാസ്ത്രം അടിസ്ഥാനമാക്കിയുമാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലും ശിവലിംഗവുംപണികഴിപ്പിച്ചത്. രാജ്ഞിയുടെ നേരിട്ടുള്ള മേല്‍നോട്ടം ഇതിനുണ്ടായിരുന്നു. 1839 ല്‍ പഞ്ചാബിലെ മഹാരാജാവ് രഞ്ജിത് സിംഗ് സംഭാവനയായി നല്‍കിയ 1000 കിലോ സ്വര്‍ണം ഉപയോഗിച്ചാണ് ഗോപുരങ്ങളില്‍ രണ്ടെണ്ണം സ്വര്‍ണം പൂശിയത്. സിഖ്-ഹിന്ദു മതങ്ങള്‍ തമ്മിലെ ഐക്യവും രഞ്ജിത് സിംഗിന്റെ ഈ സംഭാവനയിലൂടെ വ്യക്തമാവുന്നുണ്ട്. പില്‍ക്കാലത്ത് ‘സുവര്‍ണക്ഷേത്രം’ എന്നുപോലും കാശി വിശേഷിപ്പിക്കപ്പെടാനുള്ള കാരണം ഇതാണ്. ബ്രിട്ടീഷുകാരുടെ വരവിനു ശേഷമാണ് സിഖുകാരും ഹിന്ദുക്കളും വേറെയാണെന്ന തോന്നല്‍ ശക്തിപ്പെട്ടത്. 1828 ല്‍ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ജ്ഞാനകൂപത്തിന് മണ്ഡപം നിര്‍മിച്ചത് ഗ്വാളിയാറിലെ റാണി ബയ്ജുബായ് ആണെന്നതും ഇവിടെ ഓര്‍ക്കാം. ക്ഷേത്രത്തിലേക്കു വേണ്ട ഒന്‍പത് മണികളും ക്ഷേത്രസങ്കേതത്തിലെ ഏഴടി ഉയരമുള്ള നന്ദിയും നേപ്പാള്‍ രാജാവ് സംഭാവന ചെയ്തതാണ്. കാഠ്മണ്ഡുവിലെ പശുപതി നാഥനെ ദര്‍ശിക്കാതെയുള്ള കാശിവിശ്വനാഥ ദര്‍ശനവും നേരെമറിച്ചുള്ള ദര്‍ശനവും അപൂര്‍ണമാണെന്ന വിശ്വാസം നേപ്പാളുമായുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ പൗരാണിക ബന്ധത്തെയാണ് കാണിക്കുന്നത്.

വാരാണസിയിലെ ഒരു ലിഖിതം കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തില്‍ അഹല്യാ ബായ് ഹോല്‍ക്കറുടെ സംഭാവനകളിലേക്ക് വെളിച്ചം വീശുന്നതാണ്. ”…തന്റെ നന്മകൊണ്ട് ദേവി അഹല്യ മനുഷ്യ ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടി… കാശിവിശ്വനാഥന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ക്ഷേത്രം വീണ്ടും നിര്‍മിക്കാന്‍ അവരോട് ആവശ്യപ്പെട്ടു. ഇതിനുശേഷം ദേവി മഹത്തായ കാശിവിശ്വനാഥ ക്ഷേത്രം നിര്‍മിച്ചു. പൂജാദി കര്‍മങ്ങള്‍ക്കുശേഷം ആഘോഷത്തോടെ ശകവര്‍ഷം 1712 ശ്രാവണമാസത്തില്‍ വിഗ്രഹപ്രതിഷ്ഠ നടന്നു.” കാശിവിശ്വനാഥ ക്ഷേത്രത്തിന് അഹല്യാബായ് രാജ്ഞിയുടെ സംഭാവന അതുല്യമാകുന്നു എന്നാണ് കാശിയെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള പ്രൊഫ. റാണ വി.പി. സിംഗ് പറയുന്നത്. കാശിയുടെ ഇന്നു കാണുന്ന മഹത്വത്തിന് ചരിത്രം ആ മഹാവനിതയോട് കടപ്പെട്ടിരിക്കുന്നു.

അടുത്തത്: സാംസ്‌കാരിക അധിനിവേശത്തിന്റെ പ്രശ്‌നങ്ങള്‍

Series Navigation<< സാംസ്‌കാരിക അധിനിവേശത്തിന്റെ പ്രശ്‌നങ്ങള്‍ (12)പ്രതിരോധത്തിന്റെ സന്ന്യാസപര്‍വ്വം (10) >>
Tags: കാശികാലം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാശി ധാംമോചനം കാത്ത് കാശിയും മഥുരയുംമോചനം കാത്ത് മഹാകാശിയും
Share6TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

രാഹുലിന്റെ അനുകരണയാത്ര

റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും

ലഹരിക്കടത്തിന്റെ ആഗോള ഇടനാഴികള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies