കാശി വിശ്വനാഥ ക്ഷേത്രം ഏറ്റവും ഒടുവില്‍ തകര്‍ത്തത് അവസാനത്തെ മുഗള്‍ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബാണ്. മതഭ്രാന്തനും അന്യമത വിദ്വേഷിയും, ഹിന്ദുക്കളെയും അവരുടെ ആരാധനാലയങ്ങളെയും സമ്പൂര്‍ണമായി വെറുക്കുകയും ചെയ്തിരുന്ന ഔറംഗസീബിന്റെ പ്രധാന ഭരണ നടപടികളിലൊന്ന് ക്ഷേത്രങ്ങളുടെ ധ്വംസനമായിരുന്നു.
അമേരിക്കന്‍ എഴുത്തുകാരനും ചരിത്രകാരനുമായിരുന്ന വില്‍ഡ്യൂറന്റ് ഭാരതത്തിലെ ഇസ്ലാമിക കടന്നാക്രമണങ്ങളെ ”ഒരുപക്ഷേ ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ കഥ” എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാല്‍ വളച്ചൊടിക്കപ്പെട്ട രീതിയിലാണ് ഈ കടന്നാക്രമണങ്ങള്‍ ചരിത്ര പാഠപുസ്തകങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. 2020 ലെ പോലും എന്‍സിഇആര്‍ടിയുടെ പന്ത്രണ്ടാം ക്ലാസ് ചരിത്ര പാഠപുസ്തകത്തില്‍ ഇങ്ങനെയാണുള്ളത്: ”ഷാജഹാന്റെയും ഔറംഗസീബിന്റെയും ഭരണകാലത്തില്‍നിന്ന് നമുക്ക് അറിയാവുന്നതുപോലെ യുദ്ധകാലത്ത് ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും പിന്നീട് അവയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ പണം അനുവദിക്കുകയായിരുന്നു.” ഷാജഹാനും ഔറംഗസീബും കേടുപാടുകള്‍ തീര്‍ത്ത ക്ഷേത്രങ്ങളുടെ പട്ടിക നല്‍കണമെന്ന് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ ”വകുപ്പിന്റെ ഫയലുകളില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല” എന്നായിരുന്നു മറുപടി. അക്ബര്‍ ഉള്‍പ്പെടെ ബാബര്‍, ഹുമയൂണ്‍, ജഹാംഗീര്‍, ഷാജഹാന്‍, ഔറംഗസീബ് എന്നിങ്ങനെ മുഗള്‍ ചക്രവര്‍ത്തിമാരായ എല്ലാവരും തന്നെ ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടുണ്ട്. ഏതെങ്കിലും ഒരു ക്ഷേത്രം പുനര്‍നിര്‍മിക്കുകയാണെങ്കില്‍ അത് വീണ്ടും പൂര്‍ണമായി തകര്‍ക്കണമെന്ന് ഔറംഗസീബ് ആജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ തന്നെയാണ് പില്‍ക്കാലത്ത് ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിച്ചിട്ടുള്ളത്. ഒരു മുഗള്‍ ഭരണാധികാരിയും അത് ചെയ്തിട്ടില്ല. ഹിന്ദുക്കള്‍ക്ക് സ്ഥലമോ പണമോ നല്‍കിയിട്ടില്ല. തേളിന്റെയും പാമ്പിന്റേയും മറ്റും കടിയേറ്റ് നാസിക്കിലെ ത്രൈയംബകേശ്വര ക്ഷേത്രവും ആല്‍വാറിലെ നീലകണ്ഠ ക്ഷേത്രവും പൂര്‍ണമായും തകര്‍ക്കാനാവാതെ ഔറംഗസീബിന്റെ പടയാളികള്‍ക്ക് പിന്മാറേണ്ടി വന്നിട്ടുണ്ടെന്നു മാത്രം. ഇത് മുഗള്‍ഭരണാധികാരികളുടെ ഉദാരതയ്ക്ക് ഉദാഹരണമല്ലല്ലോ. ഈ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിച്ചതും ഹിന്ദുക്കളാണ്.
ഔറംഗസീബിന്റെ ക്ഷേത്ര വിരോധം എത്രത്തോളമുണ്ടായിരുന്നു എന്നതിനു തെളിവായ ഒരു സംഭവം ഇങ്ങനെയാണ്: ഔറംഗസീബിന്റെ ജ്യേഷ്ഠ സഹോദരനായിരുന്ന പണ്ഡിതനും സമാധാന പ്രേമിയുമായ ദാരാഷിക്കോവ് കാശിയിലെ സംസ്‌കൃത പണ്ഡിതന്മാരുടെ സഹായത്തോടെ ഭഗവദ്ഗീത, പ്രബോധ ചന്ദ്രോദയം എന്ന പതിനൊന്നാം നൂറ്റാണ്ടിലെ നാടകം, യോഗവാസിഷ്ഠം, ഉപനിഷത്തുകള്‍ തുടങ്ങിയവ പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. പിതാവായ ഷാജഹാനെ തടവിലാക്കിയും പിന്‍ഗാമിയാവേണ്ടിയിരുന്ന ദാരാഷിക്കോവിനെ കുതന്ത്രങ്ങള്‍ പ്രയോഗിച്ച് പരാജയപ്പെടുത്തിയുമാണ് ഔറംഗസീബ് അധികാരം പിടിച്ചത്. രാജകുമാരനായിരിക്കെ ദാരാഷിക്കോവ് മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ഒരു കത്ര സംഭാവന ചെയ്യുകയുണ്ടായി. പ്രതിഷ്ഠയെയും ഭക്തരെയും വേര്‍തിരിക്കുന്ന ശിലാപാളികള്‍കൊണ്ടുള്ള അഴിയാണിത്. പൂജാരിമാരെയും ഭക്തരെയും വേര്‍തിരിച്ച് ദര്‍ശനത്തിന് കൂടുതല്‍ സൗകര്യമൊരുക്കാന്‍ ഇത് സ്ഥാപിച്ചതിലൂടെ കഴിഞ്ഞു. നേരത്തെയും ഇങ്ങനെയൊരു സംവിധാനം ഉണ്ടായിരുന്നുവെങ്കിലും അത് മരംകൊണ്ട് നിര്‍മിച്ചതായിരുന്നു.
ദാരാഷിക്കോവിന്റെ സംഭാവനയെക്കുറിച്ച് അറിഞ്ഞ് ക്രുദ്ധനായ ഔറംഗസീബ് ഇങ്ങനെയാണ് പ്രഖ്യാപിച്ചത്: ”മുസല്‍മാന്മാരുടെ മതമനുസരിച്ച് ഒരു ക്ഷേത്രത്തിനു നേര്‍ക്ക് നോക്കുന്നതുപോലും നിഷിദ്ധമാണ്. അപ്പോഴാണ് ദാരാഷിക്കോവ് ക്ഷേത്രത്തില്‍ കത്ര സ്ഥാപിച്ചിരിക്കുന്നത്. ഇത്തരമൊരു പ്രവൃത്തി മുസല്‍മാനില്‍നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഈ അഴികള്‍ ഉടന്‍ തന്നെ പൊളിച്ചു മാറ്റണം.” ഔറംഗസീബിന്റെ ഭരണനടപടികള്‍ വിവരിച്ച് സാഖി മുസ്താദ് ഖാന്‍ എഴുതിയ മാസിര്‍-ഇ-ആലംഗീര്‍ എന്ന ഗ്രന്ഥത്തിലാണ് ഇങ്ങനെ പറയുന്നത്. തന്റെ മതപുരോഹിതനായ അബ്ദുന്‍ നബിഖാനെ പറഞ്ഞയച്ച് കത്ര ഔറംഗസീബ് നീക്കം ചെയ്തു. അധികം വൈകാതെ 1670 ല്‍ ഔറംഗസീബിന്റെ ഉത്തരവ് പ്രകാരം മഥുര ക്ഷേത്രവും തകര്‍ത്തു. ‘മാസിര്‍-ഇ-ആലംഗീറി’ല്‍ ഇതിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്:
”കുറഞ്ഞ സമയത്തിനുള്ളില്‍ സൈനികരുടെ കഠിന പ്രയത്‌നംകൊണ്ട് അവിശ്വാസികളുടെ അതിശക്തമായ അടിത്തറ തകര്‍ക്കുന്നത് പൂര്‍ത്തിയാക്കാനും, അതിന്റെ സ്ഥാനത്ത് വലിയ തുക മുടക്കി ശ്രേഷ്ഠമായ ഒരു മസ്ജിദ് പണികഴിപ്പിക്കാനും കഴിഞ്ഞു.” ചക്രവര്‍ത്തിയുടെ മതവിശ്വാസത്തിന്റെ കരുത്തിലാണ് അസാധ്യമെന്നു തോന്നിച്ച ഈ പ്രയത്‌നം പൂര്‍ത്തിയാക്കിയതെന്നും മാസിര്‍-ഇ-ആലംഗീറിന്റെ കര്‍ത്താവ് രേഖപ്പെടുത്തിയിരിക്കുന്നു. അവിടുത്തെ വിഗ്രഹം ആഗ്രയിലേക്ക് കൊണ്ടുപോയി ബീഗം സാഹിബ് മസ്ജിദിന്റെ ചവിട്ടുപടിക്ക് കീഴിലിട്ടു. ഹിന്ദുക്കളുടെ മതവിശ്വാസത്തെ ചവിട്ടിമെതിക്കുന്നത് തുടരാനായിരുന്നു ഇത്. മഥുരയുടെ പേര് ഇസ്ലാമാബാദ് എന്നു മാറ്റുകയും ചെയ്തു. ഇതായിരുന്നു ഔറംഗസീബ്.
തന്റെ സഹോദരന്‍ മതവിരുദ്ധമായി പ്രവര്‍ത്തിച്ച് ക്ഷേത്രത്തിന് സംഭാവന ചെയ്തതുകൊണ്ടാണ് ഔറംഗസീബ് മഥുര ക്ഷേത്രം തകര്‍ത്തതെന്ന് ആരെങ്കിലും കരുതിയാല്‍ അത് യുക്തിഹീനമായിരിക്കും. ഇത്തരം കാരണങ്ങളൊന്നുമില്ലാതെതന്നെ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ ഔറംഗസീബ് തകര്‍ത്തിട്ടുണ്ട്. മഥുരയിലെ തന്നെ ഗോവിന്ദദേവ് ക്ഷേത്രം, ഗുജറാത്തിലെ സോമനാഥ ക്ഷേത്രം, വിദിശയിലെ വിജയ് ക്ഷേത്രം, ഹരിയാനയിലെ ഭീമാദേവി ക്ഷേത്രം, മഹാരാഷ്ട്രയിലെ എല്ലോറ ത്രയംബകേശ്വര ക്ഷേത്രം തുടങ്ങിയവയൊക്കെ ഇതില്‍പ്പെടുന്നു. കടുത്ത മതവിദ്വേഷമാണ് ഇത്തരം നീചവൃത്തികള്‍ ചെയ്യാന്‍ ഔറംഗസീബിനെ പ്രേരിപ്പിച്ചത്. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ കാര്യത്തിലും സംഭവിച്ചത് മറ്റൊന്നല്ല.
ഔറംഗസീബിന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് കാശിയിലെ വിശ്വനാഥ ക്ഷേത്രം തകര്‍ത്തത്. 1669 ആഗസ്റ്റ് മാസത്തിലായിരുന്നു ഈ ധ്വംസനം. ”ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം സ്വന്തം പടയാളികള്‍ കാശിയിലെ വിശ്വനാഥക്ഷേത്രം തകര്‍ത്തിരിക്കുന്നു” എന്നാണ് ‘മാസിര്‍-ഇ-ആലംഗീറി’ല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ഉത്തരവ് ഇപ്പോഴും ബംഗാളിലെ ഏഷ്യാറ്റിക് സൊസൈറ്റി ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത്തരം ആധികാരിക രേഖകള്‍ മറച്ചുപിടിച്ചുകൊണ്ടാണ് ഔറംഗസീബിനെ അടുത്തകാലത്ത് ചിലര്‍ വിശുദ്ധനും മതസൗഹാര്‍ദ്ദത്തിന്റെ വക്താവുമൊക്കെയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്.
ഔറംഗസീബിന്റെ മതഭ്രാന്തിനും ക്ഷേത്രധ്വംസനങ്ങള്‍ക്കും മറയിടാന്‍ നിരവധി കള്ളക്കഥകള്‍ പില്‍ക്കാലത്ത് ചിലര്‍ പ്രചരിപ്പിക്കുകയുണ്ടായി. ഔറംഗസീബിന്റെ ഭരണകാലത്തെ ഔദ്യോഗിക രേഖകള്‍തന്നെ ഇതിന് വിരുദ്ധമാണെങ്കിലും മുഗള്‍ ഭരണത്തിന്റെ തിന്മകളെ വെള്ളപൂശുന്നതിനും, ആധുനികകാലത്തെ ഹിന്ദുത്വ മുന്നേറ്റങ്ങളെ അപകീര്‍ത്തിപ്പെടുത്താനുമായി ഈ പ്രചാരവേല തുടര്‍ന്നു. കാശി വിശ്വനാഥ ക്ഷേത്രം ഔറംഗസീബ് തകര്‍ത്തതിനെക്കുറിച്ചുമുണ്ട് അടിസ്ഥാനരഹിതവും പരിഹാസ്യവുമായ ഇത്തരമൊരു കഥ. അത് ഇങ്ങനെയാണ്:
ഒരിക്കല്‍ ബംഗാളിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങിയിരിക്കുന്ന ഔറംഗസീബിനോട് ഒപ്പമുണ്ടായിരുന്നഹിന്ദു രാജാക്കന്മാര്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്രേ. യാത്ര ഒരു ദിവസം വൈകിപ്പിക്കുകയാണെങ്കില്‍ തങ്ങളുടെ രാജ്ഞിമാര്‍ക്ക് വാരാണസിയിലേക്കു പോയി ഗംഗാസ്‌നാനം നടത്തി കാശി വിശ്വനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്താനാവുമെന്നായിരുന്നു ഈ അഭ്യര്‍ത്ഥന. ഔറംഗസീബ് ഉടന്‍തന്നെ ഇതു സമ്മതിച്ചു. വാരാണസിയിലേക്കുള്ള അഞ്ച് മൈല്‍ ദൂരം സൈന്യത്തിന്റെ കാവല്‍ ഏര്‍പ്പെടുത്തി. ഇന്നത്തെ ഗുജറാത്തില്‍പ്പെടുന്ന കച്ചിലെ രാജ്ഞിയൊഴികെ മറ്റെല്ലാ രാജ്ഞിമാരും ഗംഗാസ്‌നാനവും ക്ഷേത്ര ദര്‍ശനവും നടത്തി തിരിച്ചെത്തി. കച്ച് മഹാറാണിക്ക് എന്തു സംഭവിച്ചു എന്നന്വേഷിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു. ക്ഷേത്ര പരിസരം മുഴുവന്‍ പരിശോധിച്ചെങ്കിലും രാജ്ഞിയെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് ഔറംഗസീബ് വല്ലാതെ ക്ഷുഭിതനായത്രേ. ചക്രവര്‍ത്തി മുതിര്‍ന്ന ഉദ്യോഗസ്ഥനെ ക്ഷേത്രത്തിലേക്ക് അയച്ചു. വിശദമായ പരിശോധന നടത്തിയപ്പോള്‍ ക്ഷേത്രഭിത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഗണേശ വിഗ്രഹം മാറ്റാവുന്നതാണെന്ന് മനസ്സിലായി. ഈ വിഗ്രഹം മാറ്റി നോക്കിയപ്പോള്‍ ക്ഷേത്രത്തിന്റെ അടിത്തറയിലേക്കുള്ള ചവിട്ടുപടികള്‍ കണ്ടു. അതിലൂടെ ഇറങ്ങി പരിശോധിച്ചു. പ്രതിഷ്ഠയ്ക്ക് താഴെയായി വരുന്ന രഹസ്യ അറയില്‍ രാജ്ഞിയെ കണ്ടെത്തി. ആഭരണങ്ങളൊക്കെ അപഹരിക്കപ്പെട്ട് അവര്‍ കരയുകയായിരുന്നുവത്രേ. ക്ഷുഭിതരായ രാജാക്കന്മാര്‍ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ശിവലിംഗ പ്രതിഷ്ഠ മറ്റൊരിടത്തേക്ക് മാറ്റി ക്ഷേത്രം ഇടിച്ചുനിരത്താനും, രാജ്ഞിയെ അപമാനിച്ച പൂജാരിയെ ശിക്ഷിക്കാനും ഔറംഗസീബ് ഉത്തരവിടുകയായിരുന്നുവത്രേ.
ഈ കഥയില്‍ പ്രത്യക്ഷത്തില്‍ത്തന്നെ പല പൊരുത്തക്കേടുകളുമുണ്ട്. ഒന്നാമതായി കഥയില്‍ പറയുന്നതുപോലെ ഔറംഗസീബ് ഒരിക്കലും ബംഗാള്‍ യാത്ര നടത്തിയിട്ടില്ലെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഔറംഗസീബിന്റെ ജീവചരിത്രങ്ങളിലൊന്നും ഇങ്ങനെയൊരു യാത്ര രേഖപ്പെടുത്തിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ വാരാണസിയുടെ കിഴക്കോട്ട് ഔറംഗസീബ് യാത്ര നടത്തിയിട്ടില്ല. ചക്രവര്‍ത്തിയുടെ ചില സൈനിക ജനറല്‍മാര്‍ ബംഗാള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നു മാത്രം. ഔറംഗസീബിനു ചുറ്റും ഹിന്ദുക്കളായ രാജാക്കന്മാരൊന്നും ഒരിക്കലും ഉണ്ടായിരുന്നില്ല. കഥയില്‍ പറയുന്ന രാജാക്കന്മാര്‍ സൈനിക പര്യടനത്തിനിടയില്‍ സ്വന്തം ഭാര്യമാരെ ഒപ്പം കൂട്ടുമായിരുന്നുവെന്നും വിശ്വസിക്കാനാവില്ല. രാജ്ഞിമാരുടെയും, രക്ഷാഭടന്മാര്‍ ഉള്‍പ്പെടെയുള്ള പരിവാരങ്ങളുടെയും ഇടയില്‍നിന്ന് ഒരു രാജ്ഞിയെ മാത്രം പൂജാരി തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത തീരെയില്ല. കഥ സത്യമാണെന്ന് സമ്മതിച്ചാല്‍തന്നെ ഇതിനുള്ള ധൈര്യം ഏത് പൂജാരിക്കാണ് ഉണ്ടാവുക? ഇങ്ങനെ ചെയ്തുവെന്നു തന്നെയിരിക്കട്ടെ, പൂജാരിയെ ശിക്ഷിക്കാനുള്ള അധികാരം രാജാക്കന്മാര്‍ക്ക് ഉണ്ടായിരുന്നല്ലോ? അവര്‍ എന്തിന് ഔറംഗസീബ് രോഷാകുലനാകുന്നതും നടപടിയെടുക്കുന്നതിനും വേണ്ടി കാത്തുനിന്നു?
ഈ കഥയുടെ വേരുകള്‍ അന്വേഷിക്കുമ്പോള്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ് അതെന്ന് ബോധ്യമാവും. ഒറീസ്സയിലെ മുന്‍ ഗവര്‍ണറും ഗാന്ധിദര്‍ശന്‍ സമിതി അധ്യക്ഷനുമായിരുന്ന ബി.എന്‍. പാണ്ഡെയാണ് കഥ പ്രചരിപ്പിച്ചത്. കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക ചരിത്രകാരനായി ചിലര്‍ കരുതുന്ന പട്ടാഭി സീതാരാമയ്യയില്‍നിന്നാണ് ‘തെളിവുസഹിതമുള്ള’ ഈ കഥ തനിക്ക് കിട്ടിയതെന്നാണ് പാണ്ഡെ പറഞ്ഞിട്ടുള്ളത്. പട്ടാഭിയുടെ ‘ഫെതേഴ്‌സ് ആന്റ് സ്റ്റോണ്‍സ്’ എന്ന പുസ്തകത്തിലാണ് ഇതുള്ളത്. ഒരു മുള്ളയുടെ കൈവശമുള്ള ഈ രേഖയെക്കുറിച്ച് തന്റെ ഒരു സുഹൃത്തില്‍നിന്നാണത്രേ പട്ടാഭി അറിഞ്ഞത് (പേരില്ലാത്ത ഈ സുഹൃത്ത് ആരെന്ന് വ്യക്തമാക്കിയിട്ടില്ല). ഈ രേഖ കൈമാറാമെന്ന് മുള്ള വാക്കു കൊടുത്തിരുന്നെങ്കിലും അതിനു കഴിയാതെ മരിച്ചുപോയത്രേ. ഇതാണ് ഔറംഗസീബിനെ മഹത്വവല്‍ക്കരിക്കാനും, കാശി വിശ്വനാഥ ക്ഷേത്രം തകര്‍ക്കാന്‍ ഈ മുഗള്‍ ഭരണാധികാരി നിര്‍ബന്ധിതനായതാണെന്നും വരുത്തിത്തീര്‍ക്കാനുള്ള കഥ വന്ന വഴി.
ഔറംഗസീബ് എങ്ങനെയുള്ള ആളായിരുന്നുവെന്ന് വിഖ്യാത ചരിത്രകാരനായ ജദുനാഥ് സര്‍ക്കാര്‍ തന്റെ വിഖ്യാതമായ ഹിസ്റ്ററി ഓഫ് ഔറംഗസീബ് എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ ചെയ്തികളെക്കുറിച്ചും, അതിനു പിന്നിലെ താല്‍പ്പര്യത്തെക്കുറിച്ചും അത് ഹിന്ദുക്കള്‍ക്കേല്‍പ്പിച്ച പ്രഹരത്തെക്കുറിച്ചും കര്‍ത്തവ്യബോധത്തോടെ ഔറംഗസീബ് രേഖപ്പെടുത്തിയിട്ടുണ്ട്. ജദുനാഥ് സര്‍ക്കാര്‍ എഴുതിയ ജീവചരിത്രം വായിക്കുമ്പോള്‍ ഔറംഗസീബിന്റെ വിഗ്രഹഭഞ്ജകത്വം തുടക്കം മുതലേ ഉള്ളതാണെന്നും, ജീവിതകാലം മുഴുവന്‍ അത് പിന്തുടര്‍ന്നിരുന്നതായും മനസ്സിലാവും. ഔറംഗസീബിന്റെ കാലത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള മാസിര്‍-ഇ-ആലംഗീര്‍ എന്നറിയപ്പെടുന്ന രേഖകള്‍ ഉദ്ധരിച്ചാണ് ജദുനാഥ് സര്‍ക്കാരും ഇക്കാര്യം വിവരിക്കുന്നത്. 1669 സപ്തംബര്‍ രണ്ടിലെ രേഖ കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്തതിനെക്കുറിച്ചാണ്. ”നിര്‍ദ്ദേശമനുസരിച്ച് ചക്രവര്‍ത്തിയുടെ സൈനികര്‍ ബനാറസിലെ വിശ്വനാഥ ക്ഷേത്രം തകര്‍ത്ത വാര്‍ത്ത കൊട്ടാരത്തിലെത്തിയിരിക്കുന്നു” എന്ന രേഖയാണിത്. ഹിന്ദു വിരുദ്ധരായ ബുദ്ധിജീവികള്‍ നടത്തുന്ന കുപ്രചാരണത്തില്‍പ്പെട്ട് ഔറംഗസീബിന്റെ ക്ഷേത്രധ്വംസനം ഒറ്റപ്പെട്ട സംഭവമാണെന്നും, ഭരണച്ചെലവിനു വേണ്ടിയുള്ള സമ്പത്ത് സമാഹരിക്കുന്നതിനായാണ് ഇത് ചെയ്തതെന്നും വായനക്കാര്‍ തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ഹിസ്റ്ററി ഓഫ് ഔറംഗസീബിന്റെ മൂന്നാം ഭാഗത്തില്‍ ജദുനാഥ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചക്രവര്‍ത്തിയുടെ മറ്റ് ഉത്തരവുകള്‍ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുത്തും.
1670 ജനുവരിയിലെ കല്‍പ്പന ഇങ്ങനെയാണ്: ”ഈ റംസാന്‍ മാസത്തില്‍ മഥുരയിലെ കേശവറായ് ക്ഷേത്രം തകര്‍ക്കാന്‍ ചക്രവര്‍ത്തി കല്‍പ്പന പുറപ്പെടുവിച്ചിരിക്കുന്നു. ചക്രവര്‍ത്തിയുടെ പടയാളികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ അത് പൂര്‍ത്തീകരിച്ചിരിക്കുന്നു. അതേ സ്ഥാനത്ത് വലിയ തുക ചെലവഴിച്ച് ബൃഹത്തായ ഒരു മസ്ജിദ് നിര്‍മിച്ചിരിക്കുന്നു.” 1670 ഏപ്രില്‍ ഏഴ്- ”ഉജ്ജയിനിയിലെ എല്ലാ ക്ഷേത്രങ്ങളും തകര്‍ക്കാന്‍ ഗുഡാബേഗ് എന്ന അടിമയ്‌ക്കൊപ്പം 400 പടയാളികളെ മാള്‍വയില്‍നിന്ന് വസീര്‍ഖാന്‍ അയച്ചതായി വാര്‍ത്ത വന്നിരിക്കുന്നു.” 1679 മെയ് 25- ”ജോധ്പൂരിലെ ക്ഷേത്രങ്ങള്‍ തകര്‍ത്ത് കാളവണ്ടികള്‍ നിറയെ വിഗ്രഹങ്ങളുമായി ഖാന്‍-ഇ-ജഹന്‍ ബഹാദൂര്‍ മടങ്ങിയെത്തിയിരിക്കുന്നു. അധികവും സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവയിലും ശിലകളിലും നിര്‍മിച്ചവയും, ആഭരണങ്ങള്‍കൊണ്ട് അലങ്കരിച്ചവയുമായ ഈ വിഗ്രഹങ്ങള്‍ കൊട്ടാരത്തിന്റെ അങ്കണത്തിലിടാനും ജുമാ മസ്ജിദിന്റെ ചവിട്ടുപടികളായി ഉപയോഗിക്കാനും ചക്രവര്‍ത്തി കല്‍പ്പിച്ചിരിക്കുന്നു.”
ഔറംഗസീബിന്റെ വളരെക്കാലം നീണ്ടുനിന്ന ഭരണത്തിന്‍ കീഴില്‍ ഔദ്യോഗിക നിര്‍ദേശപ്രകാരം ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ തച്ചുതകര്‍ക്കപ്പെട്ടതിന്റെ അപൂര്‍വം ഉദാഹരണങ്ങള്‍ മാത്രമാണിത്. കാലത്തെ അതിജീവിച്ച് നിലനിന്നതും, വിദ്യാഭ്യാസത്തിന്റെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയുമൊക്കെ കേന്ദ്രമായി പരിലസിക്കുകയും ചെയ്തിരുന്ന ക്ഷേത്രങ്ങള്‍ ഒരു മതഭ്രാന്തന്റെ ക്രൂരമായ ഇഷ്ടാനിഷ്ടങ്ങള്‍കൊണ്ട് നശിപ്പിക്കപ്പെടുകയായിരുന്നു. ഔറംഗസീബിന്റെ ഔദ്യോഗിക നയം തന്നെ ഇതായിരുന്നുവെന്ന് മാസിര്‍-ഇ-ആലംഗീറില്‍ വ്യക്തമാക്കിയിട്ടുള്ളത് ഇങ്ങനെയാണ്: ”ഇസ്ലാം സ്ഥാപിക്കുന്നതിനുവേണ്ടി തങ്ങളുടെ പ്രവിശ്യയിലുള്ള അവിശ്വാസികളുടെ എല്ലാ പാഠശാലകളും ക്ഷേത്രങ്ങളും തകര്‍ക്കാനും, അവിശ്വാസികളുടെ മതം പഠിപ്പിക്കുന്നതും ആചരിക്കുന്നതും ഇല്ലാതാക്കാനും ചക്രവര്‍ത്തി എല്ലാ ഗവര്‍ണര്‍മാര്‍ക്കും ഉത്തരവ് നല്‍കിയിരിക്കുന്നു.”
മതഭ്രാന്തന്മാരായ മുഗള്‍ ഭരണാധികാരികളില്‍ നിന്ന് അതിനു മുന്‍പ് നേരിടാത്ത കടുത്ത ആക്രമണമാണ് ഔറംഗസീബില്‍നിന്ന് കാശിക്ക് അനുഭവിക്കേണ്ടി വന്നത്. കാശി വിശ്വനാഥ ക്ഷേത്രം തകര്‍ക്കുക മാത്രമല്ല, അതിന്റെ സ്ഥാനത്ത് ഒരു മസ്ജിദ് നിര്‍മിക്കുകയും ചെയ്തു. ബിന്ദുമാധവ ക്ഷേത്രം തകര്‍ത്ത് ദരഹര മസ്ജിദും, കീര്‍ത്തി വാസേശ്വര ക്ഷേത്രം തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍കൊണ്ട് ആലംഗീര്‍ മസ്ജിദും ഔറംഗസീബ് നിര്‍മിച്ചു. ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രങ്ങള്‍ക്കുമേല്‍ ഇസ്ലാമിക ആധിപത്യം സ്ഥാപിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നു ഇത്. ഓങ്കാര ക്ഷേത്രം, മധ്യമേശ്വര ക്ഷേത്രം, കാലഭൈരവ ക്ഷേത്രം എന്നിങ്ങനെ മറ്റ് നിരവധി ക്ഷേത്രങ്ങളും ആക്രമണങ്ങളില്‍ നിലംപൊത്തി. ഇതില്‍ പലതിന്റെയും സ്ഥാനത്ത് മസ്ജിദുകള്‍ ഉയര്‍ന്നുവന്നു. ഹിന്ദുക്കള്‍ക്ക് അവരുടെ പുണ്യഭൂമി അനഭിഗമ്യമായി. 1852 മുതല്‍ പത്ത് വര്‍ഷം കാശിയില്‍ താമസിച്ച പ്രൊട്ടസ്റ്റന്റ് മിഷണറി എം.എ. ഷെറിംഗ് അഭിപ്രായപ്പെട്ടിട്ടുള്ളത് ഇങ്ങനെയാണ്: ”ഭാരതത്തിലെ മുസ്ലിം ഭരണം വരച്ചുകാട്ടുന്നതുപോലെ കാശിയിലെ പൗരാണികമായ നിര്‍മിതികളെല്ലാം മുസ്ലിങ്ങള്‍ സ്വന്തമാക്കുകയും, അവ മസ്ജിദുകളായും മൗസോളിയങ്ങളായും ദര്‍ഗകളായും മറ്റും ഉപയോഗിക്കപ്പെടുകയും ചെയ്തു. ചുരുക്കത്തില്‍ അഹമ്മദ് നിയാല്‍തിജിനില്‍നിന്ന് തുടക്കംകുറിച്ച അതിക്രമങ്ങളുടെ അവസാനം പുണ്യനഗരമായ കാശിയും മറ്റൊന്നായി മാറി.”
ക്രുദ്ധനും മതവെറിയനുമായ ഔറംഗസീബ് മറ്റൊന്നുകൂടി ചെയ്തു. കാശിയുടെ മഹിമ തുടച്ചുനീക്കുന്നതിനായി ‘മുഹമ്മദാബാദ്’ എന്ന് നാമകരണം നടത്തി ആ പേരില്‍ നാണയങ്ങള്‍ പുറത്തിറക്കി. കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത ഔറംഗസീബിന്റെ നടപടി ഭാരതത്തിലെ മുഴുവന്‍ ഹിന്ദുക്കളെയും നടുക്കി. ഈ അപമാനത്തില്‍ ശിവാജിയുടെ അമ്മ ജീജാബായ് ഏറെ ക്ഷുഭിതയായി. ഔറംഗസീബിന്റെ കാടത്തത്തെ വെല്ലുവിളിക്കുന്നതിനായി സിംഹഗഡ് കോട്ട പിടിക്കാന്‍ അവര്‍ മകനെ പ്രേരിപ്പിച്ചു. ഇത് ഭാരതത്തിന്റെ ചരിത്രത്തില്‍ തന്നെ നിര്‍ണായക വഴിത്തിരിവായി.
ആധുനിക കാലത്തെ മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ വച്ചുകൊണ്ട് ഔറംഗസീബിന്റെ ചെയ്തികളെ വിലയിരുത്താനാവില്ലെന്ന വാദവുമായി ചില ചരിത്രകാരന്മാര്‍ രംഗത്തുവരികയുണ്ടായി. മുഗള്‍ ഭരണകാലത്തെ കൊടുംക്രൂരതകള്‍ പുതിയ തലമുറയില്‍ നിന്ന് മറച്ചുപിടിക്കുന്നതിനുവേണ്ടിയാണിത്. സാമൂഹ്യ ജീവിതത്തില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവേല്‍പ്പിച്ച ഔറംഗസീബിന്റെ ചെയ്തികള്‍ അന്നത്തെ കാലത്തും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഔറംഗസീബിനൊപ്പം വളര്‍ന്ന അയാളിലെ മതഭ്രാന്ത് സമാനതകളില്ലാത്തതാണ്. ഇടക്കാലത്ത് നിര്‍ത്തലാക്കിയ ജസിയ നികുതി ഹിന്ദുക്കള്‍ക്കെതിരെ വീണ്ടും ഏര്‍പ്പെടുത്തിയത് ഔറംഗസീബായിരുന്നു. മതപരമായ പ്രേരണയോടെയായിരുന്നു ഇതെന്ന് ‘മാസിര്‍-ഇ-ആലംഗീറി’ന്റെ കര്‍ത്താവ് വ്യക്തമായി പറയുന്നുണ്ട്. ”മതവിശ്വാസിയായ ചക്രവര്‍ത്തിയുടെ എല്ലാ ലക്ഷ്യങ്ങളും ഇസ്ലാമിക നിയമം പ്രചരിപ്പിക്കലും അവിശ്വാസികളുടെ രീതികളെ പുറന്തള്ളലുമായിരുന്നു. വളരെ എളിമയോടെ ഹിന്ദുക്കള്‍ ജസിയ നല്‍കുന്നതുവരെ ഖുറാനിലെ നിര്‍ദ്ദേശപ്രകാരമായിരുന്നു എല്ലാ ഉത്തരവുകളും.” തങ്ങള്‍ തരംതാണവരാണെന്ന ബോധം ഹിന്ദുക്കളില്‍ ഉണ്ടാക്കുന്നതിനുവേണ്ടിയായിരുന്നു ജസിയ ഏര്‍പ്പെടുത്തിയിരുന്നത്. ഇതേ മനോഭാവംതന്നെയാണ് ക്ഷേത്രധ്വംസനങ്ങള്‍ നടത്താന്‍ ഔറംഗസീബിനെ പ്രേരിപ്പിച്ചതും. കാശി ഇതിന്റെ ഒരു നേര്‍സാക്ഷ്യമാണ്. മുന്‍ഗാമികളില്‍നിന്നും വ്യത്യസ്തമായി ഔറംഗസീബ് കാശിവിശ്വനാഥ ക്ഷേത്രം തകര്‍ക്കുക മാത്രമല്ല, അതിന്റെ സ്ഥാനത്ത് ഒരു മസ്ജിദ് പണി കഴിപ്പിക്കുകയും ചെയ്തു. ഇത് വളരെ ബോധപൂര്‍വമായിരുന്നു.
കാശിയിലെ പവിത്രമായ ക്ഷേത്രം തകര്‍ത്ത് അതിന്റെ സ്ഥാനത്ത് നിര്‍മിച്ചതാണ് ജ്ഞാനവാപി എന്നു പേരുള്ള മസ്ജിദ്. ഈ പള്ളി സ്ഥിതിചെയ്യുന്നത് ഇന്നും ക്ഷേത്ര ഭിത്തിയോട് ചേര്‍ന്നാണ്. മസ്ജിദിന്റെ അടിത്തറയും തൂണുകളും പിന്‍ഭാഗവും ക്ഷേത്രത്തിന്റെ തന്നെയാണ്. ജ്ഞാനവാപി എന്ന പേരില്‍നിന്നു തന്നെ ക്ഷേത്രവുമായുള്ള ബന്ധം വ്യക്തമാകുന്നു. പുരാതനമായ ശിവക്ഷേത്രത്തിന്റെ ഭാഗമായിരുന്ന ജ്ഞാനകൂപത്തില്‍നിന്നാണ് ഈ പേരുണ്ടായത്. ക്ഷേത്രം തകര്‍ത്തപ്പോള്‍ ശിവലിംഗവുമെടുത്ത് മുഖ്യ പൂജാരി ഈ കിണറ്റിലേക്ക് ചാടിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. വിഗ്രഹം ഇപ്പോഴും ഈ കിണറ്റിലുണ്ടെന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിനു മുന്നിലുള്ള നന്ദി പ്രതിമ ഇപ്പോഴും മസ്ജിദിലേക്ക് നോക്കിയാണ് സ്ഥിതിചെയ്യുന്നത്. ശിവന്റെ വാഹനമാണ് നന്ദികേശന്‍. ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ നന്ദിയെയും വണങ്ങുന്നു. ക്ഷേത്രത്തിന്റെ ഒരു ഭാഗമാണ് മസ്ജിദാക്കി മാറ്റിയിരിക്കുന്നത് എന്നതിന് മറ്റൊരു തെളിവ് ആവശ്യമില്ല.
അടുത്തത്: പ്രതിരോധത്തിന്റെ സന്ന്യാസപര്‍വ്വം