കാശിയുടെ മഹത്വം സഹസ്രാബ്ദങ്ങളായി ആ പുണ്യഭൂമിയില്‍ സ്ഥിതിചെയ്യുന്ന വിശ്വനാഥ ക്ഷേത്രമാണ്. ശിവഭഗവാന്റെ അനുഗ്രഹം തേടിയാണ് യുഗയുഗാന്തരങ്ങളായി അവിടേക്ക് തീര്‍ത്ഥാടകര്‍ പ്രവഹിക്കുന്നത്. വേദങ്ങൡും ഇതിഹാസങ്ങളിലും പുരാണങ്ങളിലുമൊക്കെ പരാമര്‍ശിക്കപ്പെടുന്ന കാശിയിലെ ശിവന്‍ വിശ്വേശ്വരനാണ്. ക്ഷേത്രത്തിന്റെ കൃത്യമായ ഉത്ഭവം പൗരാണിക ചരിത്രത്തിന്റെ മൂടല്‍മഞ്ഞില്‍ മറഞ്ഞുകിടക്കുകയാണെങ്കിലും കാലപ്പഴക്കം വിളിച്ചോതുന്ന നിരവധി കഥകളുണ്ട്. അവയിലൊന്ന് സ്‌കന്ദപുരാണത്തില്‍ വിവരിക്കുന്നു ണ്ട്. അത് പ്രസിദ്ധവുമാണ്.
ഒരിക്കല്‍ ബ്രഹ്‌മാവും വിഷ്ണു വും തമ്മില്‍ തങ്ങളിലാര്‍ക്കാണ് പ്രാമുഖ്യം എന്നതിനെച്ചൊല്ലി ഒരു തര്‍ക്കം ഉടലെടുത്തു. പ്രപഞ്ചനാഥനായ ശിവന്‍ പ്രത്യക്ഷപ്പെട്ട് തര്‍ക്കം പരിഹരിക്കാന്‍ ഒരു വഴി കണ്ടെത്തി. മൂന്നുലോകങ്ങളെയും പിളര്‍ക്കുന്ന ജ്യോതിര്‍ലിംഗമായി മാറിയ ശിവന്‍ ഇതിന്റെ ദൈര്‍ഘ്യം അളന്നുതിട്ടപ്പെടുത്താന്‍ ഇരുവരോടും കല്‍പ്പിച്ചു. വരാഹരൂപമെടുത്ത് ജ്യോതിര്‍ലിംഗത്തിന്റെ താഴേക്കു പോയ വിഷ്ണു തോല്‍വി സമ്മതിച്ച് തിരിച്ചെത്തി. ശിവഭഗവാന്റെ മേധാവിത്വം അംഗീകരിക്കുകയും ചെയ്തു. അരയന്നത്തിന്റെ രൂപത്തില്‍ മുകളിലേക്കുപോയ ബ്രഹ്‌മാവ് താന്‍ അറ്റം കണ്ടെത്തിയതായി കള്ളം പറഞ്ഞു. തെളിവെന്ന വ്യാജേന ജ്യോതിര്‍ലിംഗത്തിന്റെ മുകളില്‍ അര്‍പ്പിച്ചിരുന്ന കൈതപ്പൂക്കള്‍ കൊണ്ടുവരികയും ചെയ്തുവത്രേ. കോപിഷ്ഠനായ ശിവന്‍ ഭൂമിയില്‍ ഇനിമേല്‍ ആരും ആരാധിക്കില്ലെന്ന് ബ്രഹ്‌മാവിനെ ശപിച്ചു. ഇതുകൊണ്ടാണത്രേ ബ്രഹ്‌മാവിന് ക്ഷേത്രങ്ങളില്ലാത്തത്. അസത്യം പറയാനുപയോഗിച്ച കൈതപ്പൂക്കള്‍ ഇനിമുതല്‍ ആരും പൂജയ്‌ക്കെടുക്കില്ലെന്നും പറഞ്ഞു. ഈ ജ്യോതിര്‍ലിംഗം ആവിര്‍ഭവിച്ചിടത്താണ് കാശി വിശ്വനാഥക്ഷേത്രം ഉയര്‍ന്നുവന്നതെന്നാണ് ഐതിഹ്യം.
കാശിയെ ശിവന്‍ തന്റെ തൃശൂലത്തില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു എന്നാണ് സ്‌കന്ദപുരാണത്തിലെ സങ്കല്‍പം. തൃശൂലത്തിന്റെ മൂന്നു മുനകള്‍ മൂന്നു കുന്നുകളെ പ്രതിനിധീകരിക്കുന്നു. പുണ്യഭൂമിയായ കാശിയുടെ മൂന്നു മേഖലകളാണിത്. വടക്കുള്ള രാജ്ഘട്ട് ഓങ്കാര കാണ്ഡത്തിലും നടുക്കുള്ളത് വിശ്വേശ്വര കാണ്ഡത്തിലും തെക്ക് കേദാര കാണ്ഡത്തിലും. വിശ്വേശ്വര കാണ്ഡത്തിലാണ് കാശി വിശ്വനാഥ ക്ഷേത്രം വരുന്നത്.
കാശി മറ്റ് എന്തൊക്കെയാണെങ്കിലും ഭാരതത്തിന്റെ ആത്മീയ തലസ്ഥാനമാണ്. ശിവ ഭഗവാനും കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള അഭേദ്യമായ ബന്ധമാണ് ഇതിനു കാരണം. പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ആദ്യത്തേത് കാശിയിലാണെന്നത് ആത്മീയ പ്രാധാന്യത്തിന് അടിവരയിടുന്നു. സോമനാഥം (ഗുജറാത്ത്), ശ്രീശൈലം (ആന്ധ്ര), മഹാകാലേശ്വര്‍(മധ്യപ്രദേശ്), ഓങ്കാരേശ്വര്‍(മധ്യപ്രദേശ്), കേദാര്‍നാഥ് (ഉത്തരാഖണ്ഡ്), ഭിമാശങ്കര്‍(മഹാരാഷ്ട്ര), ത്രൈംബകേശ്വര്‍(മഹാരാഷ്ട്ര), വൈദ്യനാഥം(ഝാര്‍ഖണ്ഡ്), നാഗേശ്വര്‍(ഗുജറാത്ത്), രാമേശ്വരം(തമിഴ്‌നാട്), ഗൃഷ്‌ണേശ്വര്‍(മഹാരാഷ്ട്ര) എന്നിവയാണ് മറ്റ് ജ്യോതിര്‍ലിംഗങ്ങള്‍. മോക്ഷദായകമായ ഏഴ് പുരികളില്‍ ഏറ്റവും പ്രാധാന്യം കാശിക്കാണ്. അയോധ്യ, മഥുര, മായ(ഹരിദ്വാര്‍), കാഞ്ചി, അവന്തിക (ഉജ്ജയിനി), ദ്വാരക എന്നിവയാണ് മറ്റുള്ളവ.
സ്‌കന്ദ പുരാണത്തിലെ കാശി കാണ്ഡത്തില്‍ കാശിയില്‍ 1099 ക്ഷേത്രങ്ങളും തീര്‍ത്ഥസ്ഥാനങ്ങളും ഉള്ളതായി വിവരിക്കുന്നു. ശിവന്‍ (513), വിഷ്ണു(49), ദേവി(75), വിനായകന്‍(71), സ്‌കന്ദന്‍ (3), സൂര്യന്‍(13), ഭൈരവന്‍ (11), വേതാളം(1), യോഗിനിമാര്‍ (64), ശിവഗണങ്ങള്‍ (8), നാഗങ്ങള്‍ (3) എന്നിങ്ങനെയാണ് ക്ഷേത്രങ്ങള്‍. സ്ഥലതീര്‍ത്ഥങ്ങള്‍ (5), സ്തംഭങ്ങള്‍ (2), ഗുഹകള്‍ (2) കുളങ്ങളും തടാകങ്ങളും (151), കിണറുകള്‍(23), കൂപങ്ങള്‍ (6), ഗംഗയുടെ കരയില്‍(99) എന്നിവയാണ് തീര്‍ത്ഥസ്ഥാനങ്ങളുടെ എണ്ണം. കാശിയില്‍ 72 ദേവീക്ഷേത്രങ്ങളുണ്ടായിരുന്നതായും സ്്കന്ദ പുരാണത്തില്‍ പരാമര്‍ശിക്കുന്നു. ഇതില്‍ 16 എണ്ണം പ്രമുഖമാണ്. ക്രിയാതല്‍പ്പതരു എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്ന 24 എണ്ണത്തില്‍ ഇവയും ഉള്‍പ്പെടുന്നു.
പതിനെട്ടു പുരാണങ്ങളിലൊന്നായ സ്‌കന്ദപുരാണങ്ങളിലെ കാശികാണ്ഡം വിശ്വനാഥ ക്ഷേത്രത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നതുതന്നെ ക്ഷേത്രത്തിന്റെ പ്രാചീനത വിളിച്ചോതുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ജ്ഞാനകൂപത്തെക്കുറിച്ചും സ്‌കന്ദപുരാണത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ജ്ഞാനകൂപം എങ്ങനെയാണുണ്ടായതെന്നും, ഭക്തര്‍ക്ക് അത് എത്രമേല്‍ പ്രാധാന്യമുള്ളതാണെന്നും സ്‌കന്ദന്‍ പറയുന്നു. ശിവലിംഗവും തൃശൂലവുംകൊണ്ട് ശിവഭഗവാന്‍ ജ്ഞാനകൂപത്തില്‍ മുങ്ങിയപ്പോള്‍ അതിലെ ജലം കവിഞ്ഞൊഴുകിയെന്നും, ശ്രേഷ്ഠരായ മനുഷ്യരുടെ മനസ്സുപോലെ അത് തിളങ്ങിയെന്നും അഗസ്ത്യനോട് വിവരിക്കുന്നു. അതിന്റെ തിളക്കം നിലാവുപോലെ മഹത്തരവും ശിവഭഗവാന്റെ നാമംപോലെ വിശുദ്ധവുമാണ്.
ജ്ഞാനകൂപത്തിലെ ജലം ദിവ്യാമൃതംപോലെ മാധുര്യമുള്ളതാണ്. ഗോവിന്റെ അവയവംപോലെ സ്പര്‍ശിക്കാന്‍ സുഖകരമാണ്. ജലത്തിന് താമരയുടെ സുഗന്ധമാണ്. ഒന്നു തൊടുന്നതുപോലും ഭക്തര്‍ക്ക് അശ്വമേധ യാഗത്തിന്റെ പുണ്യം നല്‍കും. ഈ പുണ്യ ജലം പാപങ്ങളെ നശിപ്പിക്കുന്നു. ശിവന്‍ ജ്ഞാനരൂപത്തില്‍ വസിക്കുന്ന ഈ കിണര്‍ അജ്ഞതയകറ്റി അറിവു പകരുന്നു. ശിവഭഗവാന്‍ പറയുന്നു: ”ഈ കിണറ്റിലെ തീര്‍ത്ഥജലത്തില്‍ കുളിക്കുന്നയാള്‍ എല്ലാ തീര്‍ത്ഥങ്ങളിലും കുളിച്ചതുപോലെയാണ്.” ജ്ഞാനകൂപത്തെ പ്രശംസിച്ച് സ്‌കന്ദപുരാണം പറയുന്നത് ഇങ്ങനെയാണ്: ”ജ്ഞാനകൂപം ശിവന്റെതന്നെ പ്രാപഞ്ചിക രൂപമാണ്. അത് അറിവുണ്ടാക്കുന്നു. ഭക്തരെ പരിശുദ്ധരാക്കുന്ന നിരവധി തീര്‍ത്ഥങ്ങളുണ്ട്. പക്ഷേ അവയൊന്നും ജ്ഞാനകൂപത്തിന്റെ പതിനായിരത്തൊന്നിനു പോലും തുല്യമാവില്ല. ജ്ഞാനകൂപത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ശ്രദ്ധയോടെ ശ്രവിക്കുന്നയാളുടെ പുണ്യം അയാള്‍ മരിച്ചാലും നശിക്കില്ല” എന്നാണ് സ്‌കന്ദന്‍ പുകഴ്ത്തുന്നത്.
സ്‌കന്ദപുരാണത്തില്‍ പറയുന്നത് വെറും സാങ്കല്‍പികമല്ലെന്ന് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രത്തില്‍ തെളിവുണ്ട്. സ്‌കന്ദപുരാണം പറയുന്ന ഇടത്തും അതേ മാതൃകയിലുമാണ് കാശിയിലെ വിശ്വനാഥ ക്ഷേത്രം കാലത്തിന്റെ വെല്ലുവിൡളെ അതിജീവിച്ച് നിലനിന്നത്. ജ്ഞാനകൂപത്തിന്റെ സ്ഥാനത്തിനും മാറ്റമില്ല. ചരിത്രത്തിലെത്തുമ്പോള്‍ ക്ഷേത്രത്തിന്റെ പ്രാചീനത ഇളക്കി പ്രതിഷ്ഠിച്ച് താരതമ്യേന പില്‍ക്കാല നിര്‍മിതിയാണെന്ന് വരുത്തുന്നതിലെ സ്ഥാപിതതാല്‍പ്പര്യം പ്രകടമാകുന്നതു കാണാം. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഏഴാം നൂറ്റാണ്ടിലെ ഹുയാന്‍ സാങ്ങിലേക്കും പതിനൊന്നാം നൂറ്റാണ്ടിലെ കുത്തബ്ദീന്‍ ഐബക്കിലേക്കുമൊക്കെ ചിലര്‍ എടുത്തുചാടുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വത്തെയും തിളക്കത്തെയും കഴിയാവുന്നത്ര കുറച്ചു കാണിക്കാന്‍ തന്നെയാണ്.
എ.ഡി. നാലാം നൂറ്റാണ്ടു മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെ ശിവഭഗവാന്റെ മുഖ്യപ്രതിഷ്ഠയുള്ള ക്ഷേത്രം കാശിയില്‍ നിലനിന്നിരുന്നു എന്നാണ് ചരിത്ര രേഖകളില്‍നിന്ന് മനസ്സിലാക്കേണ്ടത്. ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സംസ്‌കൃത പണ്ഡിതനായ ദണ്ഡിനിയുടെ ദശകുമാര ചരിതത്തിലും, പന്ത്രണ്ടാം നൂറ്റാണ്ടിലെ പണ്ഡിറ്റ് ലക്ഷ്മി ധാരയുടെ പുരാണ മാഹാത്മ്യ, തീര്‍ത്ഥ വിവേചന കാണ്ഡ എന്നീ കൃതികളിലും ഇതു സംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. കാശിയില്‍ ജ്യോതിര്‍ലിംഗം പ്രത്യക്ഷപ്പെടാനുണ്ടായ കാരണത്തെക്കുറിച്ച് മറ്റൊരു കഥയാണ് പുരാണ മാഹാത്മ്യത്തിന് പറയാനുള്ളത്. രാജാവായ ദിവോദാസന്റെ ഭരണകാലത്ത് ശിവന്‍ മന്ദാര പര്‍വതത്തിലേക്കു പോയത്രേ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെ സംഭവിച്ചിട്ടില്ല, ജ്യോതിര്‍ലിംഗമായി മാറി കാശിയില്‍ തന്നെ കഴിയുകയായിരുന്നുവത്രേ. ഇക്കാരണത്താലാണ് അവിമുക്തേശ്വരന്‍(ഒരിക്കലും ഉപേക്ഷിച്ചു പോകാത്തവന്‍) എന്ന പേരുണ്ടായത്. മിത്രമിശ്രയുടെ തീര്‍ത്ഥപ്രകാശം എന്ന കൃതിയിലും ക്ഷേത്രത്തെക്കുറിച്ചും പ്രതിഷ്ഠകളുടെ സ്ഥാനത്തെക്കുറിച്ചും വ്യക്തമായി പറയുന്നുണ്ട്.
ഐതരേയ ബ്രാഹ്‌മണത്തിലും മഹാഭാരതത്തിലും മാര്‍ക്കണ്ഡേയ പുരാണത്തിലും ദേവീഭാഗവതത്തിലുമൊക്കെ പ്രകീര്‍ത്തിക്കപ്പെടുന്ന, വിശ്വാമിത്ര മഹര്‍ഷിക്ക് കൊടുത്ത വാക്കുപാലിക്കുന്നതിനുവേണ്ടി രാജ്യവും കുടുംബവും ഉപേക്ഷിച്ച് അടിമയായി ജീവിക്കാന്‍ സമ്മതിച്ച ഇക്ഷ്വാകു വംശത്തിലെ സത്യവചസ്സായ ഹരിശ്ചന്ദ്രന്‍ കാശിയിലെ വിശ്വനാഥ ക്ഷേത്രം പുനരുദ്ധരിച്ചതായി പറയപ്പെടുന്നു. പുനരുദ്ധരിച്ചു എന്നു പറയുമ്പോള്‍ ഇതിനു മുന്‍പും ക്ഷേത്രം ഉണ്ടായിരുന്നു എന്നാണല്ലോ വരുന്നത്. ബി.സി. പതിനൊന്നാം നൂറ്റാണ്ടാണ് ഹരിശ്ചന്ദ്രന്റെ കാലം. ഹരിശ്ചന്ദ്രനുശേഷം ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന വിക്രമാദിത്യരാജാവും ക്ഷേത്രം നവീകരിച്ചതായി കഥകളുണ്ട്.
സ്‌കന്ദ പുരാണത്തിലെ കാശി കാണ്ഡമനുസരിച്ച് വാരാണസിയിലുള്ളത് 1079 ക്ഷേത്രങ്ങളാണ്. ഇതില്‍ 513 ശിവക്ഷേത്രങ്ങള്‍. കാശി വിശ്വനാഥ ക്ഷേത്രത്തിന് അഞ്ച് മണ്ഡപങ്ങളാണുള്ളത്. ശിവലിംഗമുള്ള ഗര്‍ഭഗൃഹം, മറ്റ് നാല് മണ്ഡപങ്ങള്‍ ക്ഷേത്രത്തിന്റെ നാല് വശങ്ങളിലാണ്. കിഴക്ക് ജ്ഞാനമണ്ഡപം, പടിഞ്ഞാറ് രംഗമണ്ഡപം, വടക്ക് ഐശ്വര്യമണ്ഡപം, തെക്ക് മുക്തി മണ്ഡപം എന്നിങ്ങനെയാണിവ. ഈ വിശദാംശങ്ങള്‍ ക്ഷേത്രത്തിന്റെ പ്രാചീനതയ്ക്ക് തെളിവാണ്.
കാശിയുടെ അധിദേവന്‍ ശിവനാണെന്ന് ആദിശങ്കരന്‍ പല രൂപത്തില്‍ പറഞ്ഞിട്ടുണ്ട്. കാശിയില്‍ താമസിച്ചാണ് ആചാര്യന്‍ കാശി പഞ്ചകം എഴുതുന്നത്. വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോകുന്ന വഴിയ്ക്കാണ് ശിവന്‍ ചണ്ഡാല രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് അദ്വൈതത്തിന്റെ മഹത്വവും, ആത്മാവിന്റെ തലത്തില്‍ മനുഷ്യര്‍ക്കു തമ്മില്‍ വ്യത്യാസമില്ലെന്നും ആദിശങ്കരനെ ബോധ്യപ്പെടുത്തിയത്. ‘നമേ മൃത്യു ശങ്ക നമേ ജാതിഭേദാ’ എന്ന വരികള്‍ ഉള്‍ക്കൊള്ളുന്ന നിര്‍വാണാഷ്ടകത്തിന്റെ ഓരോ ചരണവും ‘ചിദാനന്ദരൂപ ശിവോഹം ശിവോഹം’ എന്നാണല്ലോ അവസാനിക്കുന്നത്. ഗംഗാ തരംഗ രമണീയ ജടാ കലാപം/ഗൗരീ നിരന്തര വിഭൂഷിത വാമ ഭാഗം/നാരായണ പ്രിയമനംഗ മദാപഹാരം/വാരാണസീ പുരപതിം ഭജ വിശ്വനാഥം എന്നു തുടങ്ങുന്ന വിശ്വനാഥാഷ്ടകത്തിലും കാശിവിശ്വനാഥനെ കണ്‍കണ്ട ദൈവമായി ശ്രീശങ്കരന്‍ പുകഴ്ത്തുന്നുണ്ട്. ഇവയെല്ലാം അതിപ്രാചീനമായ ക്ഷേത്രത്തിന്റെ അസ്തിത്വത്തെയാണ് സ്ഥിരീകരിക്കുന്നത്.
10000 വര്‍ഷത്തിലേറെ പഴക്കമുള്ള കാശിയുടെ ചരിത്രത്തില്‍ പരമശിവനും കാശി വിശ്വനാഥ ക്ഷേത്രത്തിനുമുള്ള പ്രാധാന്യം മറ്റൊന്നിനുമില്ല. ശിവന്‍ ക്ഷേത്രത്തിനകത്തു മാത്രമല്ല കാശിയിലെ ഓരോ തരി മണലിലും വസിക്കുന്നു എന്നാണ് വിശ്വാസം. ‘ഹരഹര മഹാദേവ’ എന്ന മന്ത്രം കാശിയുടെ അന്തരീക്ഷത്തില്‍ മുഴങ്ങാന്‍ തുടങ്ങിയിട്ട് സഹസ്രാബ്ദങ്ങളായി. ശിവനെ വന്ദിച്ചുകൊണ്ടാണ് കാശിയില്‍ വസിക്കുന്ന ഓരോ കുടുംബത്തിന്റെയും ദിവസം ആരംഭിക്കുന്നത്. കാശിയുടെ ഹൃദയത്തില്‍ വിശ്വേശ്വരന്‍ കുടികൊള്ളുന്നു.
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ചരിത്രപരതയെക്കുറിച്ച് പറയുന്നവരൊക്കെ ചൈനീസ് സഞ്ചാരിയായ ഹുയാന്‍ സാങ്ങില്‍ നിന്നാണ് തുടങ്ങാറുള്ളത്. താന്‍ സന്ദര്‍ശിക്കുന്ന കാലത്ത് കാശിയില്‍ 20 ക്ഷേത്രങ്ങളുണ്ടായിരുന്നതായി രേഖപ്പെടുത്തുന്ന ഹുയാന്‍ സാങ് കടഞ്ഞെടുത്ത ശില്‍പ്പങ്ങള്‍കൊണ്ടും കൊത്തുപണി ചെയ്ത ശിലകള്‍കൊണ്ടും ഈ ക്ഷേത്രങ്ങളുടെ മകുടങ്ങളും ഭിത്തികളും അലങ്കരിച്ചിട്ടുള്ളതായി പറയുന്നുണ്ട്. നദിയുടെ കരയിലെ ക്ഷേത്രങ്ങള്‍ക്കു ചുറ്റും ശുദ്ധജല പ്രവാഹമാണെന്നും രേഖപ്പെടുത്തുന്നു. കാശിയിലെ മഹേശ്വരനെക്കുറിച്ച് ഹുയാന്‍ സാങ് എടുത്തുപറയുന്നുണ്ട്. എന്നാല്‍ ഗുപ്ത സാമ്രാജ്യത്തില്‍പ്പെടുന്ന പുരുഗുപ്തന്റെ മകനും രാജാധിരാജന്‍ എന്നറിയപ്പെടുകയും ചെയ്തിരുന്ന വിനയ ഗുപ്തന്‍ അഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് യഥാര്‍ത്ഥ വിശ്വനാഥ ക്ഷേത്രം എന്നു കരുതുന്ന ചരിത്രകാരന്മാരുണ്ട്. വലിയ ശിവഭക്തനായിരുന്നു വിനയഗുപ്തന്‍.
കാശിയിലെ ശിവാരാധന അതിപ്രാചീന കാലം മുതല്‍ തുടങ്ങുന്നതാണ്. മഹേശ്വരനായ ശിവന്‍ ക്ഷേത്രപാലകന്മാരെയും യക്ഷന്മാരെയുമൊക്കെ നിയോഗിച്ചിരുന്നതായി ഐതിഹ്യങ്ങളുണ്ട്. ഒന്നാം നൂറ്റാണ്ടിലെ കുശാണ രാജാക്കന്മാരുടെ കാലത്തെ നാണയങ്ങളില്‍ തൃശൂലമേന്തി സ്വന്തം വാഹനമായ കാളയ്ക്കരികെ നില്‍ക്കുന്ന ശിവരൂപമുണ്ട്. മഹേശ്വരന്‍ എന്നുതന്നെയാണ് ഇതിലുള്ളത്. കാശിയുടെ നാടോടി പാരമ്പര്യത്തിന്റെ കാലത്തെ ശിവാരാധന ഗുപ്ത സാമ്രാജ്യ ഭരണകാലത്ത് ശക്തിപ്പെട്ടതായി ചില ചരിത്രകാരന്മാര്‍ കരുതുന്നു. അവിമുക്തേശ്വരന്റെ രൂപത്തിലാണിത്. 1959-69 കാലയളവില്‍ രാജ്ഘട്ടില്‍ നടന്ന ഉല്‍ഖനനത്തിലും അവിമുക്തേശ്വര എന്നു രേഖപ്പെടുത്തിയ ശിലാലിഖിതം കണ്ടെടുക്കുകയുണ്ടായി. എട്ട്, ഒന്‍പത് നൂറ്റാണ്ടിലെ ഗുപ്ത ഭരണകാലത്തേതാണ് ഇത്.
മത്സ്യപുരാണത്തിലും ദേവദേവ അവിമുക്തക്ഷേത്രത്തെക്കുറിച്ച് പറയുന്നുണ്ട്. എട്ട്-ഒന്‍പത് നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതും, കശ്മീരിലെ ജലപീട രാജാവിന്റെ മന്ത്രിയുമായിരുന്ന ദാമോദര ഗുപ്തന്‍ എഴുതിയ കുട്ടനിമതം എന്ന കൃതിയില്‍ ഋഷഭധ്വജ ക്ഷേത്രത്തെക്കുറിച്ചു പറയുന്നത് കാശിയിലെ വിശ്വനാഥ ക്ഷേത്രത്തെക്കുറിച്ചാണെന്ന നിഗമനമാണ് പണ്ഡിതന്മാര്‍ക്കുള്ളത്. ഉജ്ജയിനിയിലെ രാജകുമാരന്‍ ഋഷഭ ധ്വജ ക്ഷേത്രം സന്ദര്‍ശിച്ചതിന്റെയും, ക്ഷേത്ര സങ്കേതത്തിലുള്ളവര്‍ രാജകുമാരന് വെറ്റിലയും സുഗന്ധ ദ്രവ്യങ്ങളും സമ്മാനിച്ചതായും ഈ കൃതിയില്‍ വിവരണമുണ്ട്. കാശിക്കു പുറത്ത് ഉജ്ജയിനിയിലും കശ്മീരിലുമൊക്കെ ക്ഷേത്രത്തിന്റെ കീര്‍ത്തി പരന്നിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മഹാരാഷ്ട്രയില്‍നിന്നു പോയി വാരാണസിയില്‍ വാസമുറപ്പിച്ച നാരായണ ഭട്ടന്‍ തീര്‍ത്ഥലിസേതു എന്ന കൃതിയില്‍ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ പ്രാചീനതയെക്കുറിച്ച് പറയുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പതിനാറാം നൂറ്റാണ്ടിലെ വിശ്വനാഥ ക്ഷേത്രത്തിനു മുന്‍പും ഹിന്ദുക്കള്‍ അവിടെ ആരാധന നടത്തിയിരുന്നു. ഒരു ക്ഷേത്രമോ അതല്ലെങ്കില്‍ ശിവലിംഗമോ ഉണ്ടായിരുന്നതായാണ് ഇത് കാണിക്കുന്നത്. ചരിത്രകാരനും പുരാവസ്തു ശാസ്ത്രജ്ഞനുമായ എം.എസ്. അല്‍തേകറും ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. രാജ്ഘട്ടില്‍ നടന്ന ഉല്‍ഖനനത്തില്‍ ബിസി 800 മുതല്‍ എ.ഡി. 1200 വരെ കാശി ഒരു ജനവാസമേഖലയായിരുന്നതിന്റെ തെളിവ് ലഭിച്ചതാണ് ഇതിനു കാരണം. പുരാണങ്ങളിലും ഇതിഹാസങ്ങളിലും ബുദ്ധ-ജൈന സാഹിത്യങ്ങളിലുമൊക്കെയുള്ള വിവരണങ്ങള്‍ ഇതുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.
പ്രാചീന സംസ്‌കൃത സാഹിത്യത്തില്‍ കാശിയെ പ്രശംസിക്കുന്ന പരാമര്‍ശങ്ങള്‍ സമൃദ്ധമാണ്. പുരാണങ്ങള്‍ ശിവന് കാശിയുമായുള്ള ബന്ധങ്ങളെക്കുറിച്ച് നിരവധി കഥകള്‍ പറയുന്നു. ശിവന്‍ കാശിയിലെത്തുന്നതും യക്ഷന്മാരെ തോല്‍പ്പിക്കുന്നതും പിന്നീട് ഈ യക്ഷന്മാരെ രാജാവായ ദിവോദാസനുമായി യുദ്ധം ചെയ്യാനയയ്ക്കുന്നതും വായുപുരാണത്തിലും ബ്രഹ്‌മാണ്ഡ പുരാണത്തിലും പറയുന്നുണ്ട്. കാശിയുടെ മാഹാത്മ്യം വര്‍ണിക്കുന്ന മത്സ്യപുരാണം പ്രാചീനമായ ശിവലിംഗങ്ങളെക്കുറിച്ചും ഗംഗാതീരത്തിലെ അഞ്ച് പ്രധാന തീര്‍ത്ഥഘട്ടങ്ങളെക്കുറിച്ചും പറയുന്നു. ദശാശ്വമേധ, ലോലാര്‍ക്ക, ആദികേശവ, പഞ്ചഗംഗ, മണികര്‍ണിക എന്നിവയാണിത്. ഭൂമിയും ജലവുമൊന്നും ഇല്ലാതിരിക്കെ ശിവന്‍ കാശി സൃഷ്ടിച്ചതിന്റെ വര്‍ണനകള്‍ സ്‌കന്ദ പുരാണത്തിലുണ്ട്. ശിവന്റെ 324 രൂപങ്ങളെക്കുറിച്ചും ഈ കൃതി പറയുന്നു. ദേവിമാരുടെ ഭര്‍ത്താക്കന്മാരെല്ലാം ഇതിലാരെങ്കിലുമാണ്. ദേവി ആരാധനയുമായി ബന്ധപ്പെട്ട ശിലാഭരണങ്ങള്‍ രാജ്ഘട്ടിലെ ഉല്‍ഖനനത്തില്‍ നിന്ന് കണ്ടെടുക്കുകയുണ്ടായി. കാശി നിലനില്‍ക്കുന്നത് ഭൂമിയിലല്ല, ശിവന്റെ ത്രിശൂലത്തിലാണെന്ന വിശ്വാസത്തിന് ഭൂമിശാസ്ത്രവുമായും ബന്ധമുണ്ട്. പ്രാചീന കാശിയിലെ കുന്നുകളാണ് ഇവയെന്ന് രാജ്ഘട്ട് ഉല്‍ഖനനം തെളിയിച്ചു.
ചരിത്രത്തിലേക്കു വരുമ്പോള്‍ ഏഴാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ കാശി സന്ദര്‍ശിച്ച ഹുയാന്‍ സാങ്ങില്‍നിന്ന് പലരും വിശ്വനാഥക്ഷേത്രത്തെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നതില്‍ പൊരുത്തക്കേടുകളുണ്ട്. ഇതിനും 10-15 നൂറ്റാണ്ടുമുന്‍പെങ്കിലും ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് തെളിവുണ്ട്. കാശിയെക്കുറിച്ചും അവിടുത്തെ പൗരാണിക ശിവക്ഷേത്രത്തെക്കുറിച്ചും വളരെയധികം എഴുതിയിട്ടുള്ളയാളാണ് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പ്രൊഫ.റാണ പി.ബി. സിംഗ്. രാജ്ഘട്ടില്‍ നടന്ന പുരാവസ്തു ഖനനത്തില്‍ ക്രിസ്തുവിന് മുന്‍പ് ഒന്‍പതാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന അവിമുക്തേശ്വരന്റെ മുദ്ര കണ്ടെടുക്കുകയുണ്ടായല്ലോ. ”ക്രിസ്തുവിന് മുന്‍പ് ഒമ്പതാം നൂറ്റാണ്ടില്‍ ശിവക്ഷേത്രം നിലനിന്നിരുന്നതായി രാജ്ഘട്ടിലെ ഉല്‍ഖനനത്തില്‍ അതിന്റെ തെളിവുകള്‍ ലഭിച്ചതിനുശേഷം നമുക്ക് ഉറപ്പിച്ചു പറയാം” എന്നാണ് റാണ സിംഗ് നിരീക്ഷിച്ചിട്ടുള്ളത്. ബി.സി. 19-ാം നൂറ്റാണ്ടു മുതല്‍ വാരാണസി തുടര്‍ച്ചയായി ജനവാസ മേഖലയായിരുന്നു എന്നത് തെളിയിക്കപ്പെട്ടിട്ടുണ്ട്. ”ഇതിനാലാണ് ഭൂമുഖത്തെ ഏറ്റവും പ്രാചീന ജനവാസ മേഖലയെന്ന് ഇതിനെ വിളിക്കാന്‍ കാരണം” സിങ് പറയുന്നു. ജൈന തീര്‍ത്ഥങ്കരനായ പാര്‍ശ്വനാഥന്‍ ക്രിസ്തുവിന് മുന്‍പ് എട്ടാം നൂറ്റാണ്ടില്‍ വാരാണസിയില്‍ ജനിച്ചതും, അവസാന തീര്‍ത്ഥങ്കരനായ മഹാവീരന്‍ ക്രിസ്തുവിന് മുന്‍പ് 599-527 ല്‍ ഇവിടെ ജനിച്ചതും ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഗുപ്ത സാമ്രാജ്യത്തിന്റെ ഭരണകാലമായ എ.ഡി. 320-550 ല്‍ കാശി നഗരം വലിയ മാറ്റത്തിന് വിധേയമാവുകയുണ്ടായി. ഇക്കാലത്തായിരിക്കണം സഹസ്രാബ്ദങ്ങളുടെ കഥ പറയുന്ന അതിഗംഭീരമായ വിശ്വനാഥ ക്ഷേത്ര സമുച്ചയം പണികഴിപ്പിച്ചതെന്ന് വിലയിരുത്താവുന്നതാണ്.
അടുത്തത്: ആക്രമണ പരമ്പരയെ അതിജീവിച്ച ഹിന്ദുവീര്യം