ഗ്യാന്‍വാപി മസ്ജിദ് സ്ഥിതിചെയ്യുന്നിടത്ത് പുരാവസ്തു സര്‍വെ നടത്തണമെന്ന വാരാണസി കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന പരാതിയില്‍ അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വിശദീകരണം തേടിയതിനൊപ്പം നിര്‍ണായകമായ മറ്റൊരു സംഭവം കൂടി നടന്നു. കാശിയിലെ പ്രാചീനമായ വിശ്വനാഥ ക്ഷേത്രത്തില്‍ അതായത് ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന നടത്താനുള്ള അവകാശം പുനഃസ്ഥാപിക്കണമെന്ന് അപേക്ഷിച്ച് അഞ്ച് ഹിന്ദു വനിതകള്‍ വാരാണസി കോടതിയെ സമീപിച്ചതാണിത്. മുഗള്‍ഭരണകാലത്ത് ക്ഷേത്രസങ്കേതം മസ്ജിദാക്കി മാറ്റിയതാണെന്ന് ഈ അപേക്ഷയില്‍ പറയുന്നുണ്ട്. പ്രാചീനമായ കാശിവിശ്വനാഥ ക്ഷേത്രത്തില്‍ പ്രത്യക്ഷത്തിലോ അദൃശ്യരൂപത്തിലോ ഉള്ളതായ ദേവീദേവന്മാരെ ആരാധിക്കാനുള്ള അവകാശം ഹര്‍ജിക്കാരായ വനിതകള്‍ക്കുണ്ടെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിക്കുകയുണ്ടായി. ഗണപതി ഭഗവാന്‍, ഹനുമാന്‍, ഗൗരി, നന്ദി എന്നിവരുടെ വിഗ്രഹങ്ങളെ അലങ്കരിക്കുന്നതുള്‍പ്പെടെ ഹര്‍ജിക്കാരുടെ മൗലികമായ ആരാധനാവകാശങ്ങളില്‍ എതിര്‍കക്ഷികള്‍ ഇടപെടുന്നത് തടഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യവും അഭിഭാഷകന്‍ ഉന്നയിച്ചു. ഈ വിഗ്രഹങ്ങള്‍ നശിപ്പിക്കരുതെന്ന് എതിര്‍കക്ഷികളോട് നിര്‍ദ്ദേശിക്കുന്ന ഇടക്കാല ഉത്തരവ് വേണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ്, ഗ്യാന്‍വാപി മസ്ജിദ് മാനേജ്‌മെന്റ് കമ്മറ്റി എന്നിവയോട് വിശദീകരണം തേടുകയും ചെയ്തു.
കോടതിയുടെ നടപടി സ്വാഭാവികമായും വലിയ തോതില്‍ വാര്‍ത്താപ്രാധാന്യം നേടി. ചില കോണുകളില്‍നിന്ന് എതിര്‍പ്പുയരുകയും, മറ്റു ചിലര്‍ അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. മസ്ജിദിനകത്ത് ആരെങ്കിലും ഇങ്ങനെയൊരു അവകാശവാദം ഉന്നയിച്ചാല്‍ കോടതി അത് പരിഗണിക്കേണ്ടതുണ്ടോ എന്നതാണ് ഇതിനു കാരണം. എന്നാല്‍ ഭാരതത്തിന്റെ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ പ്രയോഗസാധ്യത പരിശോധിക്കുമ്പോള്‍ ഗ്യാന്‍വാപി മസ്ജിദിലെ ഹിന്ദു ദേവീദേവന്മാരെ ആരാധിക്കാനുള്ള തങ്ങളുടെ അവകാശം പുനഃസ്ഥാപിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം വിചാരണ കൂടാതെ നിരസിക്കാന്‍ ഒരു കോടതിക്കും കഴിയില്ല.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ല്‍ പറയുന്നതനുസരിച്ച് ഓരോ പൗരനും താന്‍ വിശ്വസിക്കുന്ന മതത്തിന്റെ രീതിക്കനുസരിച്ച് പൂജ നടത്താനും ആരാധിക്കാനും മൗലികമായ അവകാശമുണ്ട്. ഭരണഘടന നിലവില്‍ വന്ന 1950 ജനുവരി 26 ന് മുന്‍പ് ഇതിനുണ്ടായ തടസ്സം ആര്‍ട്ടിക്കിള്‍ 31(1)പ്രകാരം റദ്ദാക്കപ്പെട്ടിരിക്കുന്നു. ഒരു വിഗ്രഹാരാധകനെ സംബന്ധിച്ചിടത്തോളം ആരാധനാ മൂര്‍ത്തികളില്ലാതെ തന്റെ പൂജപൂര്‍ത്തിയാക്കാനോ ആത്മീയ പുരോഗതിയാര്‍ജിക്കാനോ കഴിയില്ല. പൂജ നടത്തുന്നതിന് എന്തെങ്കിലും വിധത്തിലുള്ള തടസ്സമുണ്ടാക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ നിഷേധമായിരിക്കും.
കാശി വിശ്വനാഥ ക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗം 1669 ല്‍ ഔറംഗസീബ് തകര്‍ത്തുവെങ്കിലും പാര്‍വതീദേവിയും ഗണപതിയുമൊക്കെ ഉള്‍പ്പെടുന്ന ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍ പ്രാചീന ക്ഷേത്രത്തില്‍ ഇപ്പോഴുമുണ്ട്. ഈ ക്ഷേത്രം ഗ്യാന്‍വാപി മസ്ജിദിന്റെ ഭാഗമാണെന്ന് മുസ്ലിങ്ങള്‍ അവകാശപ്പെടുന്നുവെന്നു മാത്രം. അതിനാല്‍ സനാതന ധര്‍മത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ദേവീദേവന്മാരുടെ താല്‍പ്പര്യത്തെ മുന്‍നിര്‍ത്തിയും, ഭക്തരുടെ ആവശ്യം പരിഗണിച്ചും അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാന്‍ കോടതികളെ സമീപിക്കാവുന്നതാണ്. ഇങ്ങനെ നോക്കുമ്പോള്‍ ശിവഭഗവാനും മറ്റ് ഉപദേവന്മാര്‍ക്കും പഞ്ചകോശി പരിക്രമയ്ക്കരികില്‍ വരുന്ന മുഴുവന്‍ പ്രദേശത്തും പൂജ, ദര്‍ശനം, ആരതി എന്നിവ നടത്താനുള്ള ഭക്തരുടെ അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഉറപ്പുനല്‍കുന്നു. ഇതില്‍ ഇടപെടാനോ തടസ്സപ്പെടുത്താനോ ഒരു വ്യക്തിക്കും അധികാരമില്ല.
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ആരാധനയുമായി ബന്ധപ്പെട്ട് അവിടുത്തെ മുഖ്യ പ്രതിഷ്ഠയ്ക്കും ഉപപ്രതിഷ്ഠകള്‍ക്കുമുള്ള പ്രാധാന്യം സുപ്രീംകോടതിതന്നെ ശരിവച്ചിട്ടുള്ളതാണ്. കാശി വിശ്വനാഥ ടെമ്പിള്‍ ആക്ട്-1983 ന്റെ ഭരണഘടനാപരമായ സാധുത അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുണ്ട്. വേദങ്ങളിലും മറ്റും കാശിവിശ്വേശ്വരനുള്ള പ്രാധാന്യം ഈ വിധിയില്‍ സുപ്രീംകോടതി എടുത്തു പറയുകയും ചെയ്യുന്നു. അത് ഇങ്ങനെയാണ്: ”…അവിമുക്തേശ്വര ക്ഷേത്രത്തെ വലം ചുറ്റുമ്പോള്‍ ജ്ഞാനകൂപത്തിന്റെ വടക്കായാണ് ശിവലിംഗം പ്രത്യക്ഷപ്പെട്ട സ്ഥാനം. ദണ്ഡപാണിയുടെ ക്ഷേത്രം, താരക ക്ഷേത്രം, മഹാകാല്‍ ക്ഷേത്രം എന്നിവയെല്ലാം ജ്ഞാനവാപിയുടെയും വിശ്വനാഥ ക്ഷേത്രത്തിന്റെയും അടുത്താണ്. പുരാണ മാഹാത്മ്യവും സ്‌കന്ദ പുരാണത്തിലെ കാശികാണ്ഡവും അനുസരിച്ച് ദിവോദാസന്റെ ഭരണകാലത്ത് മന്ദാരപര്‍വതത്തിലേക്കു പോകുമ്പോള്‍ ശിവഭഗവാന്‍ തന്നെയാണ് ജ്യോതിര്‍ലിംഗം സ്ഥാപിച്ചത്. ശിവലിംഗ രൂപത്തിലേക്ക് സ്വയം മാറിയതിനാല്‍ ഭഗവാന്‍ ഒരിക്കലും ക്ഷേത്രസങ്കേതം വിട്ടുപോയിരുന്നില്ല. അതിനാലാണ് അവിമുക്തേശ്വരന്‍ എന്ന പേരു വന്നത്. വാചസ്പതി മിശ്രന്റെ പ്രസിദ്ധ പുരാണകൃതിയായ ‘തീര്‍ത്ഥചിന്താമണി’യില്‍ (1460) ഇക്കാര്യം പറയുന്നുണ്ട്. വിശ്വേശ്വരന്‍, അവിമുക്തേശ്വരന്‍ എന്നത് ജ്യോതിര്‍ലിംഗത്തിന്റെ രണ്ട് പേരുകള്‍ മാത്രമാണെന്ന് ഈ കൃതിയില്‍ വ്യക്തമാക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ നാരായണ ഭട്ടന്റെ ‘തീര്‍ത്ഥലിസേതു’വിലും ഇതേ കാര്യം പറയുന്നുണ്ട്.”
ശ്രംഗാര്‍ ഗൗരിയുടെ സ്വയംഭൂവിഗ്രഹം പഴയ ക്ഷേത്രത്തിലെ (ഗ്യാന്‍വാപി മസ്ജിദ്) ജ്യോതിര്‍ലിംഗത്തോട് ചേര്‍ന്നാണുള്ളത്. ശിവഭഗവാന്റെ ‘അര്‍ദ്ധാഗ്നി’യാണ് ഈ ദേവി. ശ്രംഗാര്‍ദേവിയെ ആരാധിക്കാതെയുള്ള ശിവാരാധന അപൂര്‍ണമായിരിക്കും. ശ്രംഗാര്‍ ഗൗരിയെ അന്നപൂര്‍ണയായും ആരാധിക്കുന്നു. പഴയ കാശി ക്ഷേത്രത്തിന്റെ പിന്‍ഭാഗത്തായി ഈശാന കോണിലാണ് ശ്രംഗാര്‍ ദേവി ക്ഷേത്രം വരുന്നത്. ദേവിയുടെ രൂപം ചുവന്നപട്ടുകൊണ്ട് മറച്ചിരിക്കുകയാണ്. ശിവനെ ആരാധിക്കുന്നതിന്റെ ഫലം ലഭിക്കണമെന്നുണ്ടെങ്കില്‍ ശ്രംഗാര്‍ ഗൗരിയെയും ആരാധിക്കണമെന്നുണ്ട്. പഴയക്ഷേത്രത്തിന്റെ വടക്കുകിഴക്കെ കോണിലുള്ള (ഈശാന കോണ്‍) ശ്രംഗാര്‍ ഗൗരിയെ ഭക്തര്‍ നിത്യേന ആരാധിച്ചു വരികയായിരുന്നു. എന്നാല്‍ 1990 കളില്‍ അയോധ്യ പ്രക്ഷോഭകാലത്ത് മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്നതിനായി അന്നത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതിന് നിയന്ത്രണങ്ങളേര്‍പ്പടുത്തി. 1993 മുതല്‍ ശ്രംഗാര്‍ ഗൗരിയെയും മറ്റ് ഉപദേവതകളെയും ആരാധിക്കുന്നതിന് അധികൃതര്‍ കൂടുതല്‍ കടുത്ത വ്യവസ്ഥകള്‍ കൊണ്ടുവന്നു. ഇപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ വാസന്ത നവരാത്രി ദിവസമാണ് ഇവിടെ ഭക്തരെ തൊഴാന്‍ അനുവദിക്കുന്നത്. ഈ ദിവസം ആയിരക്കണക്കിന് ഭക്തരാണ് ശ്രംഗാര്‍ ദേവിയെ തൊഴാന്‍ എത്തിച്ചേരുന്നത്. ഇതിലൂടെ ഭക്തരുടെ ജീവിതത്തില്‍ സന്തോഷവും പുരോഗതിയും കൈവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ മറ്റ് ദിവസങ്ങളിലും ഭക്തരെ തടയാന്‍ സര്‍ക്കാരിന് യാതൊരു അധികാരവുമില്ല. ശ്രംഗാര്‍ ഗൗരിയെ തൊഴാന്‍ എല്ലാ ദിവസവും ഭക്തര്‍ക്ക് അവകാശവുമുണ്ട്.
1936 ല്‍ ദീന്‍ മുഹമ്മദ് എന്നൊരാള്‍ ഗ്യാന്‍വാപി മസ്ജിദ് നില്‍ക്കുന്ന പ്രദേശത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് ബനാറസ് ജില്ലാ മജിസ്‌ട്രേറ്റിനു മുന്നില്‍ ഒരു പരാതി സമര്‍പ്പിച്ചിരുന്നു. ഹിന്ദുപക്ഷത്തെ ആരെയും കക്ഷി ചേര്‍ക്കാതെയാണ് ഇതില്‍ വിധി പറഞ്ഞത്. ഇത് അനുസരിക്കാനുള്ള യാതൊരു ബാധ്യതയും ഹിന്ദുക്കള്‍ക്കില്ലായിരുന്നു. എന്നാല്‍ കേസിലെ വിധി ഹിന്ദുക്കള്‍ക്ക് അനുകൂലമാവുകയും ചെയ്തു. മസ്ജിദ് നില്‍ക്കുന്നിടം വഖഫ് സ്വത്താണെന്നും, മുസ്ലിങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അവകാശമുണ്ടെന്നുമായിരുന്നു കേസിലെ പരാതിക്കാരന്റെ വാദം. എന്നാല്‍ ഈ കേസില്‍ ഇന്ത്യാ കൗണ്‍സില്‍ സ്റ്റേറ്റ് സെക്രട്ടറി രേഖാമൂലം സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നത് മസ്ജിദിന്റെ ഉടമസ്ഥാവകാശം മുസ്ലിങ്ങള്‍ക്കില്ലെന്നാണ്. ”മസ്ജിദ് നില്‍ക്കുന്ന മുഴുവന്‍ പ്രദേശവും, വളപ്പിലെ സാധാരണ ശ്മശാനവും പ്രവേശന കവാടത്തിലെ കോണിപ്പടിയും ചുറ്റുമുള്ള വേലിക്കെട്ടുകളും ആല്‍മരവുമൊക്കെ സര്‍ക്കാരിന്റെതാണ്. ഇവയൊന്നും ഒരിക്കലും മസ്ജിദിന് നല്‍കിയിട്ടില്ല. നല്‍കാനുമാവില്ല… അവിടെയുള്ള ക്ഷേത്രവും വിഗ്രഹങ്ങളും മുസ്ലിങ്ങള്‍ ഭാരതത്തിലേക്ക് വരുന്നതിനും വളരെ മുന്‍പു മുതല്‍ നിലനില്‍ക്കുന്നതാണ്. അമുസ്ലിങ്ങള്‍ തങ്ങളുടെ അവകാശമെന്ന നിലയ്ക്ക് ഈ ഭൂമി മതപരമായ ആവശ്യത്തിന് ഉപയോഗിച്ചുപോരുന്നുണ്ട്. മസ്ജിദിന്റെ ചുമതലക്കാര്‍ ഇതിന് അനുവദിച്ചതാണെന്ന വാദം അടിസ്ഥാനരഹിതമാണ്. തര്‍ക്കസ്ഥലം ഒരിക്കലും വഖഫ് ഭൂമിയായി പ്രഖ്യാപിച്ചിട്ടില്ല. അത് ദൈവത്തിന് സമര്‍പ്പിച്ചിട്ടുള്ളതല്ല. ഇങ്ങനെ നല്‍കാനുമാവില്ല.”
ദീന്‍ മുഹമ്മദ് നല്‍കിയ കേസില്‍ പ്രതിഭാഗം സാക്ഷികളായി നിരവധി പേരെ വിസ്തരിക്കുകയുണ്ടായി. ഇവരുടെ മൊഴികള്‍ ഇങ്ങനെ സംഗ്രഹിക്കാം: പ്രാചീന ക്ഷേത്രസങ്കേതത്തില്‍ ശ്രംഗാര്‍ ഗൗരി ദേവിയെയും മറ്റ് മൂര്‍ത്തികളെയും ആരാധിച്ചുപോരുകയാണ്. അവിമുക്തേശ്വരനും സ്വന്തം സ്ഥാനത്ത് അദൃശ്യരൂപത്തില്‍ ആരാധിക്കപ്പെടുന്നു. ഭക്തര്‍ അവിമുക്തേശ്വരനെ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നുണ്ട്. പഞ്ചമണ്ഡപത്തിനടുത്താണ് ശ്രംഗാര്‍ഗൗരി ആരാധിക്കപ്പെടുന്നത്. ജ്ഞാനമണ്ഡപം, മുക്തിമണ്ഡപം, വരോജ് മണ്ഡപം, ശോഭ മണ്ഡപം, ശ്രംഗാര്‍ മണ്ഡപം എന്നിവയും പഴയക്ഷേത്രത്തിന്റെ (ഗ്യാന്‍വാപി മസ്ജിദ്)ഭാഗമായുണ്ട്. ഭൂമിക്കടിയിലുള്ള മാരകേശ്വരനെയും ഭക്തര്‍ ആരാധിക്കുന്നുണ്ട്. പഴയക്ഷേത്രം നിലനില്‍ക്കുന്ന മുഴുവന്‍ സ്ഥലത്തിന്റെയും ഉടമസ്ഥര്‍ ഹിന്ദുക്കളാണ്. മതിലിനകത്തുള്ള സ്ഥലം മുഴുവന്‍ ഹിന്ദുക്കളുടെ കൈവശമാണ്. ഭക്തര്‍ പഞ്ചകോശി പരിക്രമ നടത്താറുണ്ട്. പൂജയും ആരാധനയുമൊക്കെ നടന്നുകൊണ്ടിരിക്കുന്നു. പഴയ ക്ഷേത്രം ഭാഗികമായി നശിപ്പിക്കുകയും അതിന്റെ സ്ഥാനത്ത് തിടുക്കത്തില്‍ ഒരു നിര്‍മിതി ഉണ്ടാക്കുകയും ചെയ്തു എന്നത് ശരിയാണ്. എന്നാല്‍ ആ സ്ഥലം ഒരിക്കലും വഖഫ് സ്വത്താവുകയില്ല. അവിടെ മുസ്ലിങ്ങള്‍ നടത്തിയിട്ടുള്ള നിര്‍മിതിയെ മസ്ജിദായി സങ്കല്‍പ്പിക്കാനും കഴിയില്ല.
പഴയ ക്ഷേത്രം സംബന്ധിച്ച ഈ സാക്ഷിമൊഴികളെ മുസ്ലിം പക്ഷം കോടതിയില്‍ ചോദ്യം ചെയ്യുകയുണ്ടായില്ല. ശ്രംഗാര്‍ ഗൗരിയെയും ആദിവിശ്വേശ്വരനെയും സ്മരണാതീതകാലം മുതല്‍ ഭക്തര്‍ ആരാധിച്ചുപോരുകയാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. സിവില്‍ ജഡ്ജിന്റെ വിധിന്യായത്തില്‍ ഇങ്ങനെ പറയുന്നുണ്ട്: ”വടക്കുഭാഗത്തെ ഗൗരി ക്ഷേത്രം വളരെക്കാലമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്ന് മനസ്സിലാവുന്നു. 1843 ല്‍ വടക്കു തെക്കായി വീരബലേശ്വര്‍ വിഗ്രഹവും, 1899 ല്‍ വടക്കുഭാഗത്തായി അവിമുക്തേശ്വര്‍ ക്ഷേത്രവും ഉള്ളതായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്…” വിചാരണക്കോടതിയുടെ വിധിക്കെതിരെ പരാതിക്കാരനായ ദീന്‍ മുഹമ്മദ് 1937 ല്‍ നല്‍കിയ അപ്പീല്‍ അലഹബാദ് ഹൈക്കോടതി നിരസിക്കുകയും ചെയ്തു.
1669 ല്‍ ഔറംഗസീബ് ക്ഷേത്രം തകര്‍ത്തത് തന്നിഷ്ടപ്രകാരമുള്ള ഒരു പ്രവൃത്തിയായിരുന്നു. അതിനാല്‍ തര്‍ക്കപ്രദേശത്തിന്റെ പരോക്ഷമായ ഉടമസ്ഥന്‍ ആദിവിശ്വേശ്വരനും മറ്റ് ദേവീദേവന്മാരും തന്നെയാണ്. മുഗള്‍ഭരണത്തിന്റെ തകര്‍ച്ചയ്ക്കുശേഷം സ്ഥലത്തിന്റെ ഉടമസ്ഥത ബ്രിട്ടീഷുകാര്‍ക്കായി. 1950 നു ശേഷം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 294 പ്രകാരം ഉടമസ്ഥത ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിക്ഷിപ്തമായി. മസ്ജിദ് എന്നു പറയപ്പെടുന്നതിന്റെ നിയമപരമായ അവകാശം ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതിനുമേല്‍ മുസ്ലിങ്ങള്‍ക്ക് അവകാശവും നിഷേധിച്ചിരുന്നു. 1936 ലെ കേസില്‍ സ്റ്റേറ്റ് സെക്രട്ടറി കോടതിയില്‍ ഹാജരാക്കിയ സത്യവാങ്മൂലത്തില്‍നിന്നു തന്നെ ഇക്കാര്യം വ്യക്തമാണ്.
1983 ല്‍ പാസ്സാക്കിയ ഉത്തര്‍പ്രദേശ് കാശിവിശ്വനാഥ ടെമ്പിള്‍ ആക്ടിന്റെ സെക്ഷന്‍ 4, 9 എന്നിവയില്‍ എന്താണ് കാശിവിശ്വനാഥ ക്ഷേത്രമെന്ന് നിര്‍വചിച്ചിട്ടുണ്ട്. കാശി നഗരത്തില്‍ സ്ഥിതിചെയ്യുന്നതും പൊതു ആരാധന നടത്തുന്നതും, ഹിന്ദുക്കള്‍ അത് തങ്ങളുടെ അവകാശമായി കരുതിപ്പോന്നിട്ടുള്ളതും, ജ്യോതിര്‍ലിംഗവും അനുബന്ധ ക്ഷേത്രങ്ങളും മറ്റ് വിഗ്രഹങ്ങളും മൂര്‍ത്തികളും മണ്ഡപങ്ങളും കിണറുകളും അവശ്യനിര്‍മിതികളും ഉള്‍പ്പെടുന്നതാണ് ക്ഷേത്രം എന്നാണ് ഈ നിയമത്തില്‍ പറയുന്നത്. പഴയ ക്ഷേത്രസങ്കേതത്തിലെ കാലാതീതമായ ജ്യോതിര്‍ലിംഗവും ഉപദേവതകളും, ഹിന്ദുക്കള്‍ക്ക് അവിടെ ആരാധന നടത്താനുള്ള അവകാശവും ഉത്തര്‍പ്രദേശ് നിയമസഭ അംഗീകരിച്ചിട്ടുണ്ട് എന്നര്‍ത്ഥം. ഇവ കൈകാര്യംചെയ്യാനുള്ള അവകാശം ക്ഷേത്രട്രസ്റ്റിനാണ്. ആദിവിശ്വേശ്വരന് അവകാശപ്പെട്ടതും, എന്നാല്‍ അന്‍ജുമാന്‍ ഇന്തസാമിയ മസ്ജിദ് കമ്മറ്റി കയ്യടക്കി വച്ചിട്ടുള്ളതുമായ വസ്തു സര്‍ക്കാരും ട്രസ്റ്റും ചേര്‍ന്ന് വീണ്ടെടുക്കേണ്ടതുണ്ട്. വസ്തു ക്ഷേത്ര ട്രസ്റ്റിന് കൈമാറാന്‍ വഖഫ് ബോര്‍ഡിന് ബാധ്യതയുണ്ട്.
തര്‍ക്കമുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മുസ്ലിങ്ങള്‍ക്ക് ഒരിക്കലും ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. മുസ്ലിങ്ങളാരുംതന്നെ വസ്തു ദൈവത്തിന് സമര്‍പ്പിച്ചിട്ടുള്ളതല്ല. കാരണം അത് കാശി വിശ്വനാഥന്റേതാണ്. വൈദേശിക വാഴ്ചക്കാലത്ത് ക്ഷേത്രം ഭാഗികമായി നശിപ്പിക്കപ്പെട്ടു എന്നതുകൊണ്ട് ദേവന് ഈ അവകാശം നഷ്ടമാകുന്നില്ല. ഹിന്ദുക്കളുടെ ആരാധാനാവകാശവും ഇല്ലാതാകുന്നില്ല. ഇതാണ് ഹിന്ദുനിയമം പറയുന്നത്. ക്ഷേത്രസങ്കേതം ഉള്‍പ്പെടുന്ന വസ്തു ഒരു വഖഫിന്റേതുമല്ല. ക്ഷേത്രഭൂമിയില്‍ അങ്ങനെയൊരു വഖഫ് സൃഷ്ടിക്കാനുമാവില്ല. ക്ഷേത്രം തകര്‍ത്ത ഔറംഗസീബ് വഖഫ് സൃഷ്ടിച്ചതായി മുസ്ലിം ചരിത്രകാരന്മാര്‍പോലും പറയുന്നില്ല. ഔറംഗസീബിനുശേഷവും ഇതുണ്ടായിട്ടില്ല. അതിനാല്‍ തര്‍ക്കസ്ഥലത്തിന്റെ ഒരു ഭാഗവും വഖഫ് ഭൂമിയായി കണക്കാക്കി രജിസ്റ്റര്‍ ചെയ്യാന്‍ വഖഫ് ബോര്‍ഡിനാവില്ല. ഇനി അങ്ങനെ ചെയ്താല്‍ ഹിന്ദുക്ഷേത്രം മസ്ജിദായി മാറുകയുമില്ല. വസ്തുവിന്റെ ഉടസ്ഥനായ വ്യക്തിയെ വഖിഫ് എന്നാണ് പറയുന്നത്. ഇയാള്‍ സമ്മാനിക്കുന്ന ഭൂമിയാണ് വഖഫ് സ്വത്താവുക. അതിലാണ് മസ്ജിദ് നിര്‍മിക്കാനാവുക. ഒരു ക്ഷേത്രഭൂമിയില്‍ മുസ്ലിം ഭരണാധികാരിയോ ഏതെങ്കിലും മുസ്ലിമോ പണിയുന്ന നിര്‍മിതി മസ്ജിദായി കണക്കാക്കാനാവില്ല. വഖിഫ് വഖഫിനു നല്‍കുന്ന ഭൂമിയില്‍ മാത്രമേ മസ്ജിദ് നിര്‍മിക്കാനാവൂ.
ഇസ്ലാമിക വിശ്വാസിയായ ഒരാള്‍ മതകാര്യങ്ങള്‍ക്കു വേണ്ടി സ്ഥിരമായി നല്‍കുന്നതിനെയാണ് വഖഫ് സ്വത്തായി വഖഫ് നിയമപ്രകാരം കണക്കാക്കാനാവൂ. വസ്തു സംഭാവന നല്‍കുന്ന സമയത്ത് അതിന്റെ ഉടമസ്ഥത വഖിഫിന് ഉണ്ടായിരിക്കണം. വസ്തു സമര്‍പ്പിക്കപ്പെട്ടതിന് തെളിവൊന്നുമില്ലെങ്കിലും സ്മരണാതീതകാലം മുതല്‍ മതപരമായ കാര്യങ്ങള്‍ക്ക് ഉദാഹരണത്തിന് മസ്ജിദ്, ശ്മശാനം എന്നിവയായി ഉപയോഗിച്ചു പോരുന്നുണ്ടെങ്കില്‍ വഖഫ് സ്വത്തായി കണക്കാക്കാമെന്നുണ്ട്. കാശിയുടെ കാര്യത്തില്‍ ഇതും ബാധകമാവുന്നില്ല. കാശി വിശ്വനാഥന്റെ ഭൂമി ഭരണാധികാരിയെന്ന നിലയ്ക്ക് ഔറംഗസീബ് പിടിച്ചെടുക്കുകയായിരുന്നു. വസ്തു അയാളുടെതല്ല. അത് ദൈവത്തിന് സമര്‍പ്പിക്കപ്പെട്ടതാണെന്നതിന് യാതൊരു തെളിവുമില്ല. ഗ്യാന്‍വാപി മസ്ജിദ് എന്നുപറയുന്നത് ഒരു നിര്‍മിതി മാത്രമാണ്. യഥാര്‍ത്ഥ മസ്ജിദല്ല. വഖഫ് ഭൂമിയിലല്ല ഇത് നിര്‍മിച്ചിട്ടുള്ളതും. ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചിട്ടുള്ളതിനാല്‍ ഉപയോഗത്തിലൂടെ വഖഫ് ഭൂമിയായി മാറുന്നുമില്ല.
ചുരുക്കത്തില്‍ ഗ്യാന്‍വാപി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യത്തെ ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം 1947-ലെ സ്ഥിതിയില്‍ നിലനിര്‍ത്തണമെന്ന നിയമം മുന്‍നിര്‍ത്തി ഒരു വിഭാഗം മുസ്ലിങ്ങള്‍ എതിര്‍ക്കുന്നത് മതപരമായും നിയമപരമായും ധാര്‍മികമായും ശരിയല്ല. കാരണം കാശിയിലെ മസ്ജിദ് ക്ഷേത്രം തന്നെയാണ്.
അടുത്തത്:
ഇനി വീണ്ടെടുപ്പിന്റെ കാലം