അയോധ്യയിലെ ബാബറി മസ്ജിദ് അറിയപ്പെട്ടിരുന്നത് ‘ജന്മസ്ഥാന്‍ മസ്ജിദ്’ എന്നായിരുന്നു. ആരുടെ ജന്മസ്ഥാന്‍ എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. ഇന്നത്തെ ഉസ്ബെക്കിസ്ഥാനില്‍പ്പെടുന്ന അന്തിജാന്‍ എന്ന സ്ഥലത്താണ് ബാബര്‍ ജനിച്ചത്. അയോധ്യയില്‍ ജനിച്ചത് അവതാരപുരുഷനായ രാമനാണ്. അതുകൊണ്ടാണ് ജന്മസ്ഥാന്‍ മസ്ജിദ് (മസ്ജിദ്-ഇ-ജന്മസ്ഥാന്‍) എന്ന പേരുവരാന്‍ കാരണം. ഒരുപക്ഷേ ബാബറി മസ്ജിദ് എന്ന് അറിയപ്പെടുന്നതിനു മുന്‍പുതന്നെ ജന്മസ്ഥാന്‍ മസ്ജിദ് എന്ന പേര് പ്രചാരം നേടിയിരുന്നതായി കരുതാം. അയോധ്യയില്‍ സ്ഥിതിചെയ്തിരുന്ന ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചത് എന്നതിന്റെ പ്രത്യക്ഷത്തിലുള്ള തെളിവുകളിലൊന്നായിരുന്നു ജന്മസ്ഥാന്‍ മസ്ജിദ് എന്ന പേര്. അയോധ്യയിലെ ക്ഷേത്രം തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് ബാബറി മസ്ജിദ് നിര്‍മിച്ചതെന്ന് പില്‍ക്കാലത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പുരാവസ്തു ഖനനത്തില്‍ വ്യക്തമാവുകയുണ്ടായി. ഈ തെളിവിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് അലഹബാദ് ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും ശ്രീരാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കിയതും, രാമക്ഷേത്ര നിര്‍മാണത്തിന് അനുമതി നല്‍കിയതും. പക്ഷേ വിചിത്രമെന്നു പറയട്ടെ, വിശ്വാസപരമായും ധാര്‍മികമായും നിയമപരമായും രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതായിരുന്നെങ്കിലും, തെളിവുകള്‍ അവര്‍ക്ക് അനുകൂലമായിരുന്നിട്ടും ബാബറി മസ്ജിദിനു വേണ്ടി വാദിക്കുകയായിരുന്നു ഇസ്ലാമിക മതമൗലികവാദികളും അവരെ പിന്തുണയ്ക്കുന്ന ഇടതു ചരിത്രകാരന്മാരും. അനാവശ്യമായ ചര്‍ച്ചകളിലൂടെ വളരെയധികം ആശയക്കുഴപ്പങ്ങള്‍ ഇക്കൂട്ടര്‍ ഉണ്ടാക്കി.
ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ച കാശിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെ കാര്യത്തില്‍ ചിത്രം വ്യക്തമാണ്. ഈ പേരു വന്നതുപോലും ഹിന്ദുക്കളുടെ ആ പുണ്യഭൂമിയില്‍ ഉണ്ടായിരുന്ന പൗരാണിക ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്. ക്ഷേത്രത്തോട് ചേര്‍ന്ന് നിലനിന്നിരുന്ന ജ്ഞാനകൂപത്തെയാണ് ‘ഗ്യാന്‍വാപി’ എന്ന് ഹിന്ദിയില്‍ ഉച്ചരിക്കുന്നത്. വാപി എന്നാല്‍ കൂപം അല്ലെങ്കില്‍ കിണര്‍ എന്നാണര്‍ത്ഥം. ഔറംഗസീബിന്റെ പടയാളികള്‍ 1669 ല്‍ ക്ഷേത്രം തകര്‍ക്കാന്‍ വന്നപ്പോള്‍ ക്ഷേത്രത്തിലെ പൂജാരി ശിവലിംഗവുമെടുത്ത് ഈ കിണറ്റിലേക്ക് ചാടി ജീവത്യാഗം ചെയ്തെന്നാണ് കരുതപ്പെടുന്നത്. ഈ ശിവലിംഗം ഇപ്പോഴും ജ്ഞാനകൂപത്തില്‍ ഉള്ളതായി ഭക്തര്‍ വിശ്വസിക്കുന്നു. മസ്ജിദ് നിര്‍മിച്ചതോടെ ജ്ഞാനകൂപം ക്ഷേത്രത്തിനും മസ്ജിദിനും ഇടയിലായി. പില്‍ക്കാലത്ത് ഇതിനെ മസ്ജിദുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കാന്‍ തുടങ്ങി. എന്നാല്‍ മുഗള്‍ ഭരണകാലത്തും പിന്നീട് ബ്രിട്ടീഷ് ഭരണകാലത്തും ജ്ഞാനകൂപത്തോടുള്ള ഭക്തി ഹിന്ദുക്കള്‍ നിലനിര്‍ത്തി അത് പ്രത്യേകം ആരാധിച്ചുപോന്നു. ക്ഷേത്രത്തിലെത്തുന്നവര്‍ ജ്ഞാനകൂപത്തിനടുത്തു വന്ന് വണങ്ങും. പൂജാരി ഇതില്‍നിന്ന് തീര്‍ത്ഥമെടുത്ത് ഭക്തര്‍ക്ക് നല്‍കും. മുഗള്‍ഭരണകാലത്ത് വളരെ രഹസ്യമായാണ് ഇത് ചെയ്തിരുന്നതെങ്കില്‍ പില്‍ക്കാലത്ത് പതിവു ക്ഷേത്രദര്‍ശനത്തിന്റെ ഭാഗമായി ഇതുമാറി.
ജ്ഞാനകൂപത്തിന് ഗ്വാളിയോര്‍ രാജാവ് ദൗലത്ത് റാവു സിന്ധ്യയുടെ വിധവ ബെയ്സ ബായ് ഒരു മേല്‍പ്പുര നിര്‍മിച്ചത് നേരത്തെ പരാമര്‍ശിച്ചിട്ടുണ്ടല്ലോ. 1868 ല്‍ കാശി സന്ദര്‍ശിച്ച എം.എ. ഷെറിംഗ് തന്റെ ‘സേക്രട്ട് ഹിസ്റ്ററി ഓഫ് ദി ഹിന്ദൂസ്’ എന്ന ഗ്രന്ഥത്തില്‍ ജ്ഞാനകൂപത്തെക്കുറിച്ച് എടുത്തുപറയുന്നുണ്ട്. നാല് നിരകളിലായി 40 കല്ലുകള്‍ ഉപയോഗിച്ചാണ് പൊക്കം കുറഞ്ഞ മേല്‍ക്കൂര നിര്‍മിച്ചിട്ടുള്ളതെന്നും, ഇതിനു കിഴക്കുഭാഗത്ത് നേപ്പാള്‍ രാജാവ് സമ്മാനിച്ച ഏഴടി ഉയരമുള്ള കല്ലില്‍ തീര്‍ത്ത നന്ദി വിഗ്രഹമുണ്ടെന്നും ഷെറിംഗ് സാക്ഷ്യപ്പെടുത്തുന്നു. ഇതിനു കിഴക്കായി ഹൈദരാബാദിലെ രാജ്ഞി പണി കഴിപ്പിച്ച ഒരു ശിവക്ഷേത്രവുമുണ്ട്. ജ്ഞാനകൂപത്തിന്റെ തെക്കുഭാഗത്ത് രണ്ട് ചെറിയ ക്ഷേത്രങ്ങള്‍. ഇതിന്റെ ചുറ്റുപാടില്‍ മസ്ജിദില്‍നിന്ന് 150 യാര്‍ഡ് (ഒരു യാര്‍ഡ് = മൂന്നടി) അകലെ 60 അടി ഉയരമുള്ള ആദിവിശ്വേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നതായും ഷെറിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
കാശിവിശ്വനാഥ ക്ഷേത്രം, ഗ്യാന്‍വാപി മസ്ജിദ് എന്നിങ്ങനെ രണ്ടായാണ് പറയപ്പെടുന്നതെങ്കിലും അവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് ഇങ്ങനെയൊരു തെറ്റിദ്ധാരണയുണ്ടാവില്ല. ക്ഷേത്രത്തിന്റെ അടിത്തറയില്‍ തന്നെയാണ് മസ്ജിദ് നിര്‍മിച്ചിട്ടുള്ളത്. അടിത്തറയുടെ ഒരു ഭാഗത്ത് ക്ഷേത്രവും മറ്റൊരു ഭാഗത്ത് മസ്ജിദും. ഇപ്പോഴത്തെ വിശ്വനാഥ ക്ഷേത്രത്തിന്റെ 50 അടി അകലത്തിലാണ് ഗ്യാന്‍വാപി മസ്ജിദ് സ്ഥിതിചെയ്യുന്നത്. മസ്ജിദിന്റെ പിന്‍ഭിത്തി ക്ഷേത്രത്തിന്റെതാണെന്ന് കാണുന്നവര്‍ക്ക് വ്യക്തമാവും. ഔറംഗസീബ് തകര്‍ത്ത ക്ഷേത്രത്തിന്റെ അവശേഷിക്കുന്ന ഭാഗമാണിത്. ഇത് ഖിബ്ല ചുമരിന്റെ ഭാഗമാക്കുകയാണ് ഔറംഗസീബ് ചെയ്തത്. മെക്കയിലെ കാബയിലേക്ക് നോക്കി മുസ്ലിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് ഖിബ്ല ഭിത്തിക്ക് അഭിമുഖമായി നിന്നാണ്. 1822 ല്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജെയിംസ് പ്രിന്‍സിപ് വരച്ച രേഖാചിത്രത്തില്‍ ഈ പിന്‍ഭിത്തിക്ക് വിശ്വേശ്വര ക്ഷേത്രം എന്നു തന്നെയാണ് അടിക്കുറിപ്പ് നല്‍കിയിട്ടുള്ളത്. ഔറംഗസീബ് തകര്‍ത്ത ക്ഷേത്രത്തിന്റെ ‘വലിയ തോതിലുള്ള അവശിഷ്ടങ്ങള്‍’ ഇപ്പോഴും ദൃശ്യമാണെന്നും, മസ്ജിദിന്റെ പടിഞ്ഞാറെ ഭിത്തിയുടെ ഭൂരിഭാഗവും ഇങ്ങനെയാണെന്നും എം.എ. ഷെറിംഗും സാക്ഷ്യപ്പെടുത്തുന്നു. 1909 ലണ്ടന്‍ മിഷണറി സൊസൈറ്റിയുടെ എഡ്വിന്‍ ഗ്രീവ്സ് കാശി സന്ദര്‍ശിക്കുകയുണ്ടായി. ഗ്രീവ്സ് ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്: ”മസ്ജിദിന്റെ പിന്‍ഭാഗത്തും അതിന്റെ തുടര്‍ച്ചയായി വരുന്ന ഭാഗങ്ങളിലും കാണുന്ന ചില തകര്‍ന്ന അവശിഷ്ടങ്ങള്‍ തീര്‍ച്ചയായും പഴയ വിശ്വനാഥ ക്ഷേത്രത്തിന്റേതായിരിക്കും. മസ്ജിദിനകത്തെ കുറച്ചു തൂണുകള്‍ വളരെ പഴക്കമുള്ളതുമാണ്.”
ബ്രിട്ടീഷ് ഭരണകാലത്ത് കാശിയിലെത്തിയിരുന്ന തീര്‍ത്ഥാടകര്‍ ജ്ഞാനകൂപം ദര്‍ശിക്കാന്‍ എത്തുമായിരുന്നുവെന്നാണ് 1824 ല്‍ കാശി സന്ദര്‍ശിച്ച ബ്രിട്ടീഷ് സഞ്ചാരി റെജിനാള്‍ഡ് ഹെബ്ബാര്‍ പറഞ്ഞിട്ടുള്ളത്. ജ്ഞാനകൂപത്തിലെ ജലം ഗംഗാജലത്തെക്കാള്‍ വിശുദ്ധമാണെന്ന് ഹിന്ദുക്കള്‍ കരുതിയിരുന്നതായും ഹെബ്ബാര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഭക്തര്‍ വലിയതോതിലെത്തി അര്‍പ്പിക്കുന്ന പൂജാദ്രവ്യങ്ങള്‍ കൊണ്ട് അത് നിറഞ്ഞുകാണപ്പെട്ടു എന്ന് എം.എ.ഷെറിംഗ് എഴുതുമ്പോള്‍, ജ്ഞാനകൂപത്തിനു ചുറ്റുമുള്ള കല്‍ഭിത്തിയിലിരുന്ന് പൂജാരി അവിടെയെത്തുന്നവര്‍ക്ക് തീര്‍ത്ഥജലം കോരിയെടുത്ത് നല്‍കിയിരുന്നതായി എഡ്വിന്‍ ഗ്രീവ്സ് പറയുന്നു.
‘മഹാദേവന്റെ ഭൂതഗണങ്ങള്‍’ എന്നു വിളിച്ചിരുന്ന ചെറുവിഗ്രഹങ്ങളുടെ വലിയ ശേഖരം പ്രദേശവാസികളായ ഹിന്ദുക്കളുടെ കൈവശം ഉണ്ടായിരുന്നതായും, ഏറെ പഴക്കമുള്ള ഇവ പഴയ വിശ്വേശ്വര ക്ഷേത്രം തകര്‍ത്തതിന്റെ അവശിഷ്ടങ്ങളില്‍നിന്നുള്ളവയാകാം എന്നും ഷെറിംഗ് പറയുന്നുണ്ട്. മസ്ജിദിനു മുന്നില്‍ മുസ്ലിങ്ങള്‍ ഒരു കവാടം നിര്‍മിക്കുകയും ഹിന്ദുക്കളെ അതിലൂടെ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും, സംഘര്‍ഷം ഭയന്ന് ബ്രിട്ടീഷുകാര്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നില്ലെന്നും ഷെറിംഗ് എഴുതുന്നു. ഈ കവാടത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഒരു ആല്‍മരത്തെ ഹിന്ദുക്കള്‍ ആരാധിച്ചിരുന്നുവെന്നും, അതില്‍നിന്ന് ഒരു ഇലപോലും പറിക്കാന്‍ മുസ്ലിങ്ങളെ അനുവദിച്ചിരുന്നില്ലെന്നും ഷെറിംഗ് പറയുന്നുണ്ട്.
ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വളരെക്കുറച്ച് കൊത്തുപണികള്‍ മാത്രമുള്ള ഒട്ടും ആകര്‍ഷകമല്ലാത്തതാണ് മസ്ജിദെന്നും, മോശം കുമ്മായവും കുറച്ചു കളറും ചേര്‍ത്ത് പൂശിയിരിക്കുന്നതാണ് അതിന്റെ ഭിത്തികളെന്നും ഷെറിംഗ് വിശദീകരിക്കുന്നു. ഹിന്ദുക്കള്‍ മനസ്സില്ലാമനസ്സോടെയാണ് മസ്ജിദ് കൈവശം വയ്ക്കാന്‍ മുസ്ലിങ്ങളെ അനുവദിക്കുന്നതെന്നും, മുറ്റവും ഭിത്തിയും ക്ഷേത്രത്തിന്റേതാണെന്ന് അവകാശപ്പെട്ടു പോരുന്നതായും ഷെറിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ പറഞ്ഞ കവാടമാണ് മസ്ജിദിലേക്ക് പ്രവേശിക്കാന്‍ മുസ്ലിങ്ങള്‍ ഉപയോഗിച്ചിരുന്നത്. മുറ്റത്തുകൂടെയുള്ള പ്രവേശനം ഹിന്ദുക്കള്‍ അനുവദിച്ചിരുന്നില്ല. മസ്ജിദ് മുസ്ലിങ്ങള്‍ വലിയ തോതില്‍ ഉപയോഗിച്ചിരുന്നില്ലെന്നും ഗ്രീവ്സ് പറയുന്നത് ശ്രദ്ധേയമാണ്.
ശിവഭഗവാന്റെ വാഹനമായ നന്ദി ഏറെക്കുറെ എല്ലാ ശിവക്ഷേത്രങ്ങളിലും കാണാവുന്നതാണ്. ശ്രീകോവിലിലെ ശിവപ്രതിഷ്ഠയിലേക്ക് നോക്കിയാവും നന്ദി കിടക്കുക. കാശി വിശ്വനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നവരുടെയെല്ലാം ശ്രദ്ധയാകര്‍ഷിക്കുന്നതാണ് ക്ഷേത്രത്തിനു മുന്നിലെ നന്ദി വിഗ്രഹം. ക്ഷേത്രത്തിനും മസ്ജിദിനും ഇടയിലാണ് ഇതിന്റെ സ്ഥാനം. എന്നാല്‍ ഭക്തരെ അതിശയിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ക്ഷേത്ര ശ്രീകോവിലിന് പുറംതിരിഞ്ഞ് മസ്ജിദിലേക്ക് നോക്കിയാണ് കാശിയില്‍ നന്ദി സ്ഥിതിചെയ്യുന്നത്. എന്തുകൊണ്ട് ഇങ്ങനെ വന്നു എന്നു വ്യക്തമാണ്. ഇപ്പോള്‍ മസ്ജിദ് നില്‍ക്കുന്ന സ്ഥലത്താണ് യഥാര്‍ത്ഥ ക്ഷേത്രം ഉണ്ടായിരുന്നത്. അതിന്റെ ശ്രീകോവിലിന് നേര്‍ക്കു നോക്കിയാണ് നന്ദി കിടക്കുന്നത്. ക്ഷേത്രത്തിലെ നന്ദി വിഗ്രഹത്തെക്കുറിച്ചും, നന്നായി അലങ്കരിച്ചിട്ടുള്ള ഈ വിഗ്രഹത്തെ ഭക്തര്‍ ആരാധിച്ചിരുന്നതിനെക്കുറിച്ചും ഗ്രീവ്‌സ് പരാമര്‍ശിക്കുന്നുണ്ട്. ഔറംഗസീബിന്റെ പടയാളികള്‍ കാശിവിശ്വനാഥ ക്ഷേത്രം ആക്രമിച്ചപ്പോള്‍ നന്ദി വിഗ്രഹം തകര്‍ക്കാനും ആഗ്രഹിച്ചു. എന്നാല്‍ ഒരുപാട് ശ്രമിച്ചിട്ടും അവര്‍ക്കതിന് കഴിഞ്ഞില്ലത്രേ. അന്നത്തെ അതേ നന്ദി വിഗ്രഹമാണ് ഇപ്പോഴും പണ്ടുകാലത്തെ ക്ഷേത്രത്തിന് അഭിമുഖമായി കിടക്കുന്നത്. മസ്ജിദ് എന്നു വിളിക്കപ്പെടുന്നുണ്ടെങ്കിലും ക്ഷേത്രത്തിന്റെ അടിസ്ഥാനപരമായ സ്വഭാവത്തിന് യാതൊരുമാറ്റവും വന്നിട്ടില്ല എന്നാണല്ലോ ഇതില്‍നിന്നെല്ലാം വ്യക്തമാവുന്നത്.
മതഭ്രാന്തനായിരുന്ന ഔറംഗസീബിന്റെ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണ ചരിത്രമൊന്നും അറിയാത്തയാള്‍ക്കും ഗ്യാന്‍വാപി മസ്ജിനു നേര്‍ക്ക് ഒന്നു കണ്ണയച്ചാല്‍തന്നെ അത് ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതാണെന്ന് വ്യക്തമാവും. അയോധ്യയില്‍ നിലനിന്നിരുന്ന ബാബറി മസ്ജിദില്‍നിന്ന് വ്യത്യസ്തമായി പൗരാണിക ശിവക്ഷേത്രം നിലനിന്നിരുന്നതിന്റെ പ്രത്യക്ഷ തെളിവുകള്‍ ഗ്യാന്‍വാപി മസ്ജിദില്‍ കാണാം. ഔറംഗസീബിന്റെ ആജ്ഞയെ തുടര്‍ന്നുള്ള ആക്രമണത്തിനുശേഷം ക്ഷേത്രത്തില്‍ എന്താണ് സംഭവിച്ചതെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പ്രാചീന ചരിത്രവിഭാഗം മേധാവിയായിരുന്ന ഡോ.എ.എസ്. അല്‍തേക്കര്‍ തന്റെ ‘ഹിസ്റ്ററി ഓഫ് ബനാറസ്’ എന്ന ഗ്രന്ഥത്തില്‍ ആധികാരികമായി വിവരിക്കുന്നുണ്ട്. അത് ഇങ്ങനെ സംഗ്രഹിക്കാം:
1) മസ്ജിദ് എന്നു പറയപ്പെടുന്നതിന്റെ കിഴക്കുഭാഗത്തെ തുറസ്സായ സ്ഥലം രൂപപ്പെടുത്തിയിരിക്കുന്നത് 125 അടി നീളമുള്ള വിശാലമായ ഹിന്ദു മണ്ഡപം ശിലാപാളികള്‍കൊണ്ട് മറച്ചാണ്. ഇതിന്റെ ഒരു ഭാഗം ഹിന്ദുക്കളുടെ കൈവശമാണ്.
2) ഗ്യാന്‍വാപി മസ്ജിദിന്റെ മുറ്റത്താണ് ക്ഷേത്ര മണ്ഡപത്തിന്റെ ഒരു ഭാഗം നിലനില്‍ക്കുന്നത്. ഇതും ഹിന്ദുക്കളുടെ കൈവശമാണ്.
3) ഏറിയ കൂറും പ്രാചീന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് ഔറംഗസീബിന്റെ കാലത്ത് മസ്ജിദിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്.
4) ഗ്യാന്‍വാപി മസ്ജിദിന്റെ പടിഞ്ഞാറെ ഭിത്തിയില്‍ സ്മരണാതീതകാലം മുതല്‍ തുടര്‍ച്ചയായി ഹിന്ദുക്കള്‍ ആരാധിച്ചുപോരുന്ന ശൃംഗാര്‍ ഗൗരിയുടെ (പാര്‍വതീദേവി) രൂപമുണ്ട്.
5) മസ്ജിദിന്റെ പടിഞ്ഞാറുഭാഗത്ത് വിഗ്രഹത്തെ ഗുപ്ത രൂപത്തില്‍ സങ്കല്‍പ്പിച്ച് ഹിന്ദുക്കള്‍ ആരാധിച്ചുപോരുകയാണ്. മസ്ജിദിന്റെ പടിഞ്ഞാറെ ഭിത്തിയില്‍ പാര്‍വതി ദേവിയുടെയും മകന്‍ ഗണേശന്റെയും ആവാസസ്ഥാനമായി ഹിന്ദുക്കള്‍ തുടര്‍ന്നും ആരാധിച്ചുപോരുന്നു. പഞ്ചമണ്ഡപത്തിനും അവര്‍ ആരാധനയര്‍പ്പിക്കുന്നു.
6) യഥാര്‍ത്ഥത്തില്‍ വിശ്വേശ്വര ഭഗവാന്റെ പ്രാചീന ക്ഷേത്രം തന്നെയാണ് ഔറംഗസീബിന്റെ നിര്‍മാണ വിദഗ്ദ്ധര്‍ ഇപ്പോഴത്തെ ഘടനയിലേക്ക് മാറ്റിയത്. പഴയ ക്ഷേത്രഭാഗങ്ങള്‍ കഴിയാവുന്നത്ര അവര്‍ നിലനിര്‍ത്തി.
7) ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലും അതിനോട് ചേര്‍ന്നുള്ള ഉപക്ഷേത്രവും ഇടിച്ചുനിരത്തിയശേഷം അവശിഷ്ടങ്ങള്‍ ഉപയോഗിക്കുകയായിരുന്നു. അതിന്റെ ഒരു ഭാഗം മോശമായ രീതിയില്‍ നിലനിര്‍ത്തുകയും ചെയ്തു.
8) പടിഞ്ഞാറെ മണ്ഡപത്തിന്റെ തകര്‍ന്നഭാഗം ഇപ്പോഴും കാണാം.
9) മണ്ഡപവും അതിനോട് ചേര്‍ന്നുള്ള ക്ഷേത്രവും തകര്‍ത്ത ശേഷം ക്ഷേത്ര സങ്കേതത്തിന്റെ പടിഞ്ഞാറെ വാതില്‍ വരെയുള്ള ഭാഗം കൊട്ടിയടച്ചു. തെക്കെ മണ്ഡപവും വടക്കെ മണ്ഡപവും ഇതുപോലെ ചെയ്താണ് മസ്ജിദിന്റെ പടിഞ്ഞാറെ ഭിത്തി രൂപപ്പെടുത്തിയിരിക്കുന്നത്. ഈ ഭിത്തിയുടെ പിന്‍ഭാഗത്തുനിന്ന് നോക്കിയാല്‍ മൂന്നു വാതിലുകളും അടച്ചുകളഞ്ഞിട്ടുള്ളത് കാണാനാവും. മിനാരങ്ങള്‍ ആരംഭിക്കുന്നിടത്ത് ഇപ്പോഴും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഭിത്തി കാണാം.
10) വിശ്വേശ്വര ക്ഷേത്രത്തിന്റെ തെക്കും വടക്കുമുള്ള മണ്ഡപങ്ങളാണ് മസ്ജിദിന്റെ വശങ്ങളിലെ സഭാഗൃഹമാക്കി മാറ്റിയിട്ടുള്ളത്. 16 അടി വീതിയും 16 അടി നീളവുമുള്ള വളരെ ചെറുതായ ഇത് ഒട്ടും സൗകര്യപ്രദമല്ലാത്തതിനാല്‍ സെന്‍ട്രല്‍ ഹാളിലേക്ക് നീട്ടിയെടുത്ത് 20 അടി ചതുരത്തിലുള്ള ഹാള്‍ നിര്‍മിച്ചിരിക്കുന്നു.
11) ക്ഷേത്രത്തിന്റെ പിന്‍ഭാഗം അതേപോലെ ഉപയോഗിക്കാനാവാത്തതിനാല്‍ ഇടിച്ചുനിരത്തി ഇതിന്റെ ഒരു ഭാഗം മസ്ജിദിന്റെ മുന്‍വശത്തെ വിശാലമായ വരാന്തയാക്കിയിരിക്കുന്നു. പഴയ ക്ഷേത്രത്തിന്റെ തൂണുകളാണ് ഇതിന് ഉപയോഗിച്ചിട്ടുള്ളത്. അതില്‍ ഇപ്പോഴും താമര അടയാളങ്ങള്‍ കാണാം.
12) മസ്ജിദെന്നു പറയപ്പെടുന്നതിന്റെ പടിഞ്ഞാറും വടക്കും തെക്കുമുളള അതിരുകള്‍ ക്ഷേത്രവുമായി ചേര്‍ന്നു കിടക്കുന്നു. ഇതിന്റെ കിഴക്കുവശത്തെ മുറ്റത്താണ് പതിനഞ്ചാം നൂറ്റാണ്ടില്‍ പുനര്‍നിര്‍മിച്ച ക്ഷേത്രത്തിന്റെ രംഗമണ്ഡപമുള്ളത്.
13) ഭൂഗര്‍ഭ കൊട്ടാരമായ തര്‍ഖാനയുടെ ഒരു ഭാഗം ഇപ്പോഴും ഹിന്ദുക്കളുടെ കൈവശമാണ്.
മസ്ജിദെന്നു പറയപ്പെടുന്നതിന്റെ പിന്‍ഭാഗത്തെ ഭിത്തിയില്‍ കാണുന്ന ക്ഷേത്ര നിര്‍മിതിയെക്കുറിച്ച്, ഇത് യഥാര്‍ത്ഥ കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ അവശിഷ്ടമായാണ് വിശ്വസിക്കപ്പെട്ടുപോരുന്നതെന്ന് ജയിംസ് പ്രിന്‍സിപ് തന്റെ ‘ബനാറസ് ഇല്ലസ്ട്രേറ്റഡി’ല്‍ വ്യക്തമായി പറയുന്നുണ്ട്. ”മസ്ജിദിന്റെ അടിത്തറയെ പ്രാചീന കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ അടിത്തറയായാണ് ഹിന്ദുക്കള്‍ കരുതുന്നതും ആരാധിക്കുന്നതും.”
ഗംഗയുടെ കരയിലെ ദശാശ്വമേധ ഘട്ടിലേക്ക് നോക്കിയാണ് ഗ്യാന്‍വാപി മസ്ജിദ് നില്‍ക്കുന്നത്. പ്രാചീന ക്ഷേത്രം തകര്‍ത്ത് ഔറംഗസീബ് നിര്‍മിച്ച ആലംഗീര്‍ മസ്ജിദ് പഞ്ചഗംഗാ ഘട്ടിലക്ക് നോക്കിയും. ബേനീമാധവ് കാ ദഹര എന്നാണ് മസ്ജിദ് അറിയപ്പെടുന്നത്. കാശിധാമിന്റെ നിര്‍മാണത്തിനു മുന്‍പുള്ള ക്ഷേത്ര സങ്കേതമല്ല ഇപ്പോഴുള്ളത്. കാശി ധാം നിര്‍മിക്കുന്നതിനായി മസ്ജിദിനു ചുറ്റുമുള്ള അനധികൃതവും അല്ലാത്തതുമായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയപ്പോള്‍ അതുവരെ മറഞ്ഞിരുന്ന ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ആധുനികകാല ചരിത്രത്തില്‍ ഇപ്പോഴാണ് കാശി വീണ്ടും ഒരു ക്ഷേത്രസങ്കേതമായി മാറിയിരിക്കുന്നത്. ചരിത്രത്തിന്റെ നിയോഗമെന്നു പറയാം, മറ്റൊന്നുകൂടി സംഭവിച്ചിരിക്കുന്നു. ഇതുവരെ മസ്ജിദിന്റെ ഭാഗമായി തോന്നിച്ചിരുന്ന ജ്ഞാനകൂപവും നന്ദി വിഗ്രഹവും കാശിധാമില്‍ ഉള്‍പ്പെട്ടിരിക്കുന്നു. മൂന്നര നൂറ്റാണ്ടിനുശേഷമാണ് ഈ അത്ഭുതം സംഭവിച്ചിരിക്കുന്നത്. മസ്ജിദായി നിലനില്‍ക്കുന്ന പൗരാണിക ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്കു നോക്കിയുള്ള ഇപ്പോഴത്തെ നന്ദിയുടെ കിടപ്പ് അര്‍ത്ഥപൂര്‍ണമാണ്. അധിദേവനായ ശിവന്‍ കുടികൊള്ളുന്ന ശ്രീകോവിലിന്റെ മോചനം തന്നെയല്ലേ നന്ദിയുടെ മനസ്സിലുള്ളത്? കാലഭൈരവന്റെ മനസ്സ് വായിക്കാന്‍ സാക്ഷാല്‍ നന്ദിക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക.
അടുത്തത്: നിയമപരമായി മസ്ജിദ് ഇപ്പോഴും ക്ഷേത്രം