ഔറംഗസീബ് കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത വര്‍ഷം 1664 ആണെന്നും, അതല്ല 1669 ആണെന്നും രണ്ട് തരത്തില്‍ രേഖപ്പെടുത്തി കാണുന്നുണ്ട്. ചരിത്രകാരന്മാര്‍ ഇക്കാര്യത്തില്‍ കൃത്യതയും സൂക്ഷ്മതയും പാലിച്ചു കാണുന്നില്ല. യഥാര്‍ത്ഥത്തില്‍ രണ്ടു തവണ ഔറംഗസീബ് കാശി ആക്രമിച്ചു എന്നതാണ് വസ്തുത. ആദ്യ ആക്രമണത്തില്‍ ക്ഷേത്രം തകര്‍ക്കാനാവാതെ പിന്‍വാങ്ങേണ്ടി വന്നു. പതിവിന് വിപരീതമായി എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് അധികമൊന്നും ചര്‍ച്ചകള്‍ നടന്നിട്ടില്ല. മുഗള്‍ ആക്രമണകാരികളുടെ ഈ പിന്മാറ്റത്തെക്കുറിച്ച് അറിയുന്നത് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ ഒന്നായിരിക്കും. മുഗളന്മാരുടെ ഇസ്ലാമിക കടന്നാക്രമണങ്ങള്‍ക്ക് ഹിന്ദുജനത ഏകപക്ഷീയമായി കീഴടങ്ങിക്കൊടുക്കുകയായിരുന്നു എന്ന പൊതുധാരണ തിരുത്തുന്നതാണ് ആദ്യ ആക്രമണത്തില്‍ ഔറംഗസീബിന് കാശിയില്‍നിന്ന് പിന്‍വാങ്ങേണ്ടി വന്ന സംഭവം.
കാശി വിശ്വനാഥക്ഷേത്രം ആക്രമിച്ചു നശിപ്പിക്കാനുള്ള ഔറംഗസീബിന്റെ 1664 ലെ ആദ്യ ശ്രമം പരാജയപ്പെട്ടത് ചരിത്രത്തിലെ ഒരു ഓര്‍മപ്പെടുത്തലാണ്. നാഗാസന്ന്യാസിമാരാണ് ശക്തമായ പ്രതിരോധമുയര്‍ത്തി ഔറംഗസീബിന്റെ പടയാളികളെ തടഞ്ഞ് ക്ഷേത്രം സംരക്ഷിച്ചത്. ശക്തമായ ഏറ്റുമുട്ടലില്‍ ഔറംഗസീബിന്റെ സൈന്യം പരാജയപ്പെട്ടു. ജെയിംസ് ജെ. ലോക്‌ടെഫീല്‍ഡ് തന്റെ ‘ഇല്ലസ്‌ട്രേറ്റഡ് എന്‍സൈക്ലോപീഡിയ ഓഫ് ഹിന്ദുയിസ’ത്തിന്റെ ഒന്നാം വോള്യത്തില്‍ ഇക്കാര്യം വിവരിച്ചിട്ടുണ്ട്. കാശിയിലെ മഹാനിര്‍വാണി അഖാഡയിലെ നാഗാ സംന്യാസിമാരാണ് ഔറംഗസീബിനെ തടഞ്ഞതെന്ന് ഇതില്‍ പറയുന്നു. ഈ വസ്തുത രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥത്തിന്റെ കയ്യെഴുത്ത് പ്രതി മഹാനിര്‍വാണി അഖാഡയില്‍ ലോക്‌ടെഫീല്‍ഡ് കാണുകയുണ്ടായി. ‘ജ്ഞാനവ്യാപിയുടെ പോരാട്ടം’ എന്ന പേരിലായിരുന്നു ഈ ഗ്രന്ഥം. ”മഹാനിര്‍വാണി അഖാഡയിലെ നാഗാ സന്ന്യാസിമാരാണ് കാശിയില്‍ പോരാട്ടം നടത്തിയത്. അഖാഡയുടെ ശേഖരത്തിലുള്ള കയ്യെഴുത്തുപ്രതിയില്‍ പറയുന്നത് 1664 ല്‍ ജ്ഞാനകൂപത്തിനടുത്ത് അഖാഡയുടെ പോരാളികള്‍ മഹത്തായ വിജയം നേടിയെന്നാണ്. സുല്‍ത്താന്റെ പടയാളികള്‍ക്കെതിരെ സന്ന്യാസിമാര്‍ വിജയം നേടി എന്നുമാത്രമാണ് ഈ രേഖയിലുള്ളത്. ഇത് മുഗള്‍ചക്രവര്‍ത്തിയായ ഔറംഗസീബാണെന്ന് പിന്നീട് ചരിത്രകാരന്മാര്‍ ശരിവയ്ക്കുകയുണ്ടായി. 1669 ല്‍ ഔറംഗസീബ് കാശിവിശ്വനാഥ ക്ഷേത്രം ആക്രമിക്കാന്‍ ഇതും ഒരു കാരണമായിട്ടുണ്ടാവാം” എന്നാണ് ലോക്‌ടെഫീല്‍ഡിന്റെ എന്‍സൈക്ലോപീഡിയയില്‍ പറയുന്നത്. ഒരു ആക്രമണത്തില്‍ കാശിവിശ്വനാഥ ക്ഷേത്രം തകര്‍ത്താണ് ജ്ഞാനവ്യാപി മസ്ജിദ് നിര്‍മിച്ചതെന്നും പുസ്തകത്തിലുണ്ട്.
ജദുനാഥ് സര്‍ക്കാരിന്റെ ‘ദശനാമി നാഗാസന്ന്യാസിമാരുടെ ചരിത്രം’ എന്ന പുസ്തകത്തിലും നാഗാസന്ന്യാസിമാരുടെ പോരാട്ടം വിവരിക്കുന്നുണ്ട്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ പോരാടിയ ദശനാമി സന്ന്യാസിമാര്‍ തങ്ങള്‍ യഥാര്‍ത്ഥ നായകന്മാരാണെന്ന് തെളിയിച്ചെന്നും, കാശി വിശ്വനാഥന്റെ ഇരിപ്പിടത്തിന്റെ അഭിമാനം സംരക്ഷിച്ചു എന്നുമാണ് ജദുനാഥ് സര്‍ക്കാര്‍ പറയുന്നത്. ഈ പോരാട്ടത്തില്‍ 40,000 നാഗാസന്ന്യാസിമാര്‍ കാശിവിശ്വനാഥനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു എന്നാണ് നാടോടിക്കഥയിലുള്ളത്. ഒരു തരത്തിലുള്ള യുദ്ധനീതിയും പാലിക്കാതിരുന്ന മുഗള്‍ സൈന്യം നാഗാസന്ന്യാസിമാര്‍ക്കെതിരെ പല കുതന്ത്രങ്ങളും വഞ്ചനകളും പ്രയോഗിച്ചിരിക്കാം. നാഗാസന്ന്യാസിമാരെ ഭയന്നാണ് പിന്നീട് നാല് വര്‍ഷക്കാലം ഔറംഗസീബ് കാശി വിശ്വനാഥ ക്ഷേത്രം ആക്രമിക്കാതിരുന്നതെന്നാണ് കരുതപ്പെടുന്നത്.
നാഗാസന്ന്യാസിമാരുമായുള്ള പോരാട്ടത്തില്‍ ഔറംഗസീബ് പങ്കെടുത്തുവോ ഇല്ലയോ എന്നതില്‍ തീര്‍ച്ചയില്ലെങ്കിലും മുഗള്‍ സൈന്യത്തിന് കനത്ത പരാജയമേറ്റു എന്നത് തര്‍ക്കമറ്റ കാര്യമാണ്. കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ പ്രാചീനതയും, ഹിന്ദുക്കള്‍ക്ക് ആ ക്ഷേത്രത്തോടുള്ള ആത്മീയവും വൈകാരികവുമായ ബന്ധവും മുന്‍നിര്‍ത്തിയാണ് ക്ഷേത്രത്തിന്റെ സ്ഥാനത്ത് ഔറംഗസീബ് മസ്ജിദ് നിര്‍മിച്ചത്. ഹിന്ദുക്ഷേത്രം പുനര്‍നിര്‍മിക്കാതിരിക്കാനായിരുന്നു ഇത്. 1669 ലെ ആക്രമണത്തിലും മസ്ജിദ് നിര്‍മാണത്തിലും ഔറംഗസീബ് നേരിട്ട് പങ്കെടുത്തു എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. ഔറംഗസീബിനെതിരെ നാഗാസന്ന്യാസിമാര്‍ നേടിയ വിജയം നമ്മുടെ ചരിത്രപുസ്തകങ്ങളിലൊന്നും ഇടംപിടിച്ചില്ല. ഇതിനു പകരം മുഗള്‍ ഭരണാധികാരികളുടെ മഹത്വം വാഴ്ത്തുകയാണ് പല ചരിത്രകാരന്മാരും ചെയ്തത്.
ബ്രഹ്‌മ വിഷ്ണു മഹേശ്വരന്മാരുടെ അവതാരമായി കണക്കാക്കപ്പെടുന്ന ദത്താത്രേയനാണ് നാഗാസന്ന്യാസിമാരുടെ ഗുരു. പശുപതി നാഥനായ ശിവനെ ആരാധിക്കുന്ന ഇവരെക്കുറിച്ചുള്ള നിരവധി പരാമര്‍ശങ്ങള്‍ വൈദിക ഗ്രന്ഥങ്ങളില്‍ കാണാം. ദിഗംബരരായ ഇവര്‍ക്ക് ആയിരത്താണ്ടുകളുടെ പാരമ്പര്യമുണ്ട്. മരണത്തെ ഭയക്കാത്ത നാഗാസന്ന്യാസിമാരുടെ ആയുധം തൃശൂലവും വാളുമാണ്. ശരീരം മുഴുവന്‍ ചുടല ഭസ്മം പുശുന്ന ഇവരെ മറ്റു സന്ന്യാസിമാരില്‍നിന്ന് പെട്ടെന്ന് തിരിച്ചറിയാം. സംസ്‌കൃതത്തില്‍ നാഗാ എന്ന വാക്കിന് പര്‍വതമെന്നും അര്‍ത്ഥമുണ്ട്. പര്‍വതങ്ങളില്‍ വസിക്കുന്നതിനാലാണ് ഇവര്‍ക്ക് നാഗാസന്ന്യാസിമാര്‍ എന്ന പേരുവന്നത്. ഹിമാലയ-കൈലാസയാത്രകള്‍ നടത്തിയിട്ടുള്ള പലരും നാഗാസന്ന്യാസിമാരെ കണ്ടുമുട്ടിയിട്ടുള്ളതിനെക്കുറിച്ചും, അവരുടെ അത്ഭുത സിദ്ധികളെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. ഹരിദ്വാറിലും പ്രയാഗ്‌രാജിലുമൊക്കെ നടക്കാറുള്ള കുംഭമേളകളില്‍ പങ്കെടുക്കാന്‍ പര്‍വ്വതങ്ങളില്‍ നിന്ന് ഇവര്‍ കൂട്ടത്തോടെ എത്തുന്നു. പരമശിവനെപ്പോലെ കഴുത്തില്‍ പാമ്പുകളുമായി പ്രത്യക്ഷപ്പെടാറുണ്ട് നാഗാസന്ന്യാസിമാര്‍. പ്രായം എത്രയെന്ന് തിട്ടപ്പെടുത്താനാവാത്ത ഇവരില്‍ പലരും നൂറ്റാണ്ടുകളുടെ ആയുസ്സുള്ളവരായി വിശ്വസിക്കപ്പെടുന്നു. കുംഭമേളകളിലെത്തുന്ന ഇവര്‍ കാണിക്കുന്ന അഭ്യാസങ്ങളും അത്ഭുത വിദ്യകളും ഭക്തരെയും തീര്‍ത്ഥാടകരെയും വിസ്മയഭരിതരാക്കാറുണ്ട്. രൗദ്രഭാവം കൂടപ്പിറപ്പായ ഇവര്‍ പക്ഷേ ആരെയും ഉപദ്രവിക്കാറില്ല. ഭാരതത്തിലെത്തിയ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി നാഗാസന്ന്യാസിമാരുമായി കൂടിക്കാഴ്ച നടത്തിയതായി പറയപ്പെടുന്നു. ബുദ്ധനും മഹാവീരനുമൊക്കെ നാഗാസന്ന്യാസിമാരുടെ മാതൃരാജ്യത്തോടുള്ള സ്‌നേഹത്തിലും ധീരതയിലും അഭിമാനിച്ചിരുന്നുവത്രേ. ചതുര്‍ധാമങ്ങള്‍ സ്ഥാപിച്ച് സനാതനധര്‍മത്തെ പുനരുദ്ധരിച്ച ആദിശങ്കരാചാര്യരാണ് അതിന്റെ സംരക്ഷണത്തിനായി കാശി കേന്ദ്രീകരിച്ച് നാഗാസ ന്ന്യാസിമാരെ ആദ്യമായി സംഘടിപ്പിച്ചത്. നാഗാസന്ന്യാസിമാരെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള വിഷ്ണു ദത്ത് രാകേഷ് എന്ന എഴുത്തുകാരന്‍ ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ”നിരഞ്ജനി, ജുന, മഹാനിര്‍വാണി, അടല്‍ അഗ്നി, ആനന്ദ്, ആവാഹന്‍ എന്നിങ്ങനെ ഏഴ് അഖാഡകള്‍ ചേര്‍ത്ത് ആദിശങ്കരാചാര്യരാണ് ദശനാമി സമ്പ്രദായം സ്ഥാപിച്ചത്. ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതിനാലും, രാജ്യത്തിനു വേണ്ടിയും ധര്‍മത്തിനുവേണ്ടിയും ജീവന്‍ ബലിയര്‍പ്പിക്കാന്‍ ഇതിലെ അംഗങ്ങള്‍ തയ്യാറാവുന്നതിനാലുമാണ് അഖാഡകള്‍ എന്ന പേരു വന്നത്.”
നാഗാസന്ന്യാസിയാവാന്‍ തീരുമാനിക്കുന്നവര്‍ വര്‍ഷങ്ങളോളം അതികഠിനമായ ജീവിതചര്യകളിലൂടെ കടന്നുപോകണം. മനസ്സും ശരീരവും പരുവപ്പെടുത്തിക്കൊണ്ട് ഒരാള്‍ ദീക്ഷ സ്വീകരിക്കാന്‍ തയ്യാറായാല്‍ അഞ്ച് ഗുരുക്കന്മാര്‍ ചേര്‍ന്ന് പഞ്ചസംസ്‌കാര ചടങ്ങുകള്‍ നടത്തും. പ്രമുഖ ഗുരു ബ്രഹ്‌മചര്യം സ്വീകരിക്കുന്നയാളുടെ മുടിമുറിക്കും. ഭഗവഗുരു കാവി വസ്ത്രം സമ്മാനിക്കും. രുദ്രാക്ഷഗുരു രുദ്രാക്ഷമാല നല്‍കും. വിഭൂതി ഗുരു ദേഹത്ത് ഭസ്മം പൂശും. ലങ്കോട്ട് ഗുരു ശരീരത്തിലെ വസ്ത്രം മാറ്റി ദിഗംബരനാക്കും. ദീക്ഷയെടുക്കുന്നയാള്‍ മാതാപിതാ പരമ്പരയില്‍പ്പെടുന്ന പൂര്‍വികരുടേയും തന്റെ തന്നെയും പിണ്ഡദാനം സ്വയം ചെയ്യണമെന്നാണ്. ആറാമത്തെ ഗുരു നാഗ ദീക്ഷ നല്‍കുന്നതോടെ നാഗാസന്ന്യാസിയായി പ്രഖ്യാപിക്കപ്പെടും. പത്ത് വര്‍ഷത്തെ ആത്മീയചര്യയിലൂടെ ഒരു നാഗാസന്ന്യാസി സ്വന്തം അഖാഡയിലെ മഹന്തായി മാറും. ഇതിനുശേഷം മഹാമണ്ഡലേശ്വറും ഒടുവില്‍ ആചാര്യ മഹാമണ്ഡലേശ്വരുമായിത്തീരും. ഇതാണ് ഏറ്റവും ഉയര്‍ന്ന പദവി.
ഞാനെന്ന ഭാവത്തെയും ലൈംഗിക കാമനകളെയും പിഴുതുകളയുകയെന്നത് ഏറ്റവും ശ്രമകരമാണ്. സ്വന്തം ശരീരം ഉപയോഗിച്ച് നാഗാസന്ന്യാസിമാര്‍ ചെയ്യുന്ന ക്രിയകള്‍ സാധാരണക്കാര്‍ക്ക് അദ്ഭുതകരമായി തോന്നാം. ഔറംഗസീബിന്റെ കരുത്തന്മാരും ക്രൂരന്മാരുമായ പടയാളികളോട് സാധുക്കളായ സന്ന്യാസിമാര്‍ എങ്ങനെ പൊരുതി എന്നു ചിന്തിക്കുന്നവരുണ്ടാവാം. നാഗാസന്ന്യാസിമാര്‍ ഔറംഗസീബിനെ തോല്‍പ്പിച്ചു എന്നുള്ളത് വെറും കെട്ടുകഥയാണെന്ന് ചിലരൊക്കെ കരുതുന്നതിന്റെ കാരണമിതാണ്. എന്നാല്‍ നാഗാസന്ന്യാസിമാരുടെ മേല്‍വിവരിച്ച കഠിന പ്രയത്‌നങ്ങളെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും അറിയാത്തവരാണ് ഇവര്‍. കുംഭമേളകളില്‍ പ്രത്യക്ഷപ്പെടുന്ന നഗ്നരായ സന്ന്യാസിമാര്‍ എന്നു മാത്രമാണ് പലര്‍ക്കും നാഗാസന്ന്യാസിമാരെക്കുറിച്ചുള്ള ധാരണ. ഇവരുടെ ചരിത്രവും പാരമ്പര്യവും അറിയുമ്പോള്‍ ഈ ധാരണ മാറും. നാഗാസന്ന്യാസിമാരും പല അഖാഡകളും എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ നിലവില്‍ വന്നതാണ്.
ബാബ രാംപുരിയുടെ ‘ഓട്ടോബയോഗ്രഫി ഓഫ് എ സാധു: എ ജേര്‍ണി ഇന്‍ ടു മിസ്റ്റിക് ഇന്ത്യ’ എന്ന ഗ്രന്ഥത്തില്‍ നാഗാസന്ന്യാസിമാരെക്കുറിച്ചും അഖാഡകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കുന്നുണ്ട്. അമേരിക്കക്കാരനായ വില്യം എ.ഗാന്‍സ് ആണ് നാഗാസന്ന്യാസിമാരെക്കുറിച്ച് പഠിച്ച മറ്റൊരാള്‍. ഭാരതീയമായ തത്വചിന്തയില്‍നിന്നും ആത്മീയതയില്‍നിന്നും തന്റെ സംശയങ്ങള്‍ക്ക് ഉത്തരം ലഭിച്ചതിനെ തുടര്‍ന്ന് സത്യാന്വേഷിയായ ഗാന്‍സ് പിന്നീട് നാഗാസന്ന്യാസിയാവുകയും ജുന അഖാഡയിലെ മഹന്തായി മാറുകയും ചെയ്തു.
വില്യം ആര്‍. പിഞ്ച് എഴുതിയ ‘വാരിയര്‍ അസെറ്റിക്‌സ് ആന്‍ഡ് ഇന്ത്യന്‍ എംബയര്‍’ എന്ന പുസ്തകത്തിലും നാഗാസന്ന്യാസിമാരുടെ ധീരതയെക്കുറിച്ച് പറയുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ജീവിച്ചിരുന്ന അനൂപ് ഗിരി എന്ന സന്ന്യാസി നല്‍കിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. കാശി വിശ്വനാഥ ക്ഷേത്രവും സമീപത്തെ ക്ഷേത്രങ്ങളും കൊള്ളയടിക്കുകയെന്ന ലക്ഷ്യവും 1664 ലെ ആക്രമണത്തില്‍ ഔറംഗസീബിന് ഉണ്ടായിരുന്നു. പടത്തലവനായ മിര്‍സ അലി തുരംഗിന്റെ നേതൃത്വത്തില്‍ ക്ഷേത്രം ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് മഹാനിര്‍വാണി അഖാഡയിലെ നാഗാസന്ന്യാസിമാര്‍ ചെറുത്തത്. ആദി ശങ്കരാചാര്യര്‍ സ്ഥാപിച്ച ഏഴ് അഖാഡകളില്‍ ഒന്നാണ് മഹാനിര്‍വാണി. ഈ പോരാട്ടത്തില്‍ ഔറംഗസീബ് പങ്കെടുത്തിരുന്നോ എന്ന കാര്യം വ്യക്തമല്ല. 1669 ല്‍ ക്ഷേത്രം തകര്‍ത്ത് ജ്ഞാനവ്യാപി മസ്ജിദ് നിര്‍മിച്ച ആക്രമണത്തില്‍ ഔറംഗസീബ് നേരിട്ട് പങ്കെടുത്തിരുന്നു എന്നാണ് കരുതേണ്ടത്. ഇതിനെതിരെയും നാഗാസന്ന്യാസിമാര്‍ പൊരുതിയിട്ടുണ്ട്. 1757 ല്‍ അഫ്ഗാന്‍ കടന്നാക്രമണകാരിയായ സര്‍ദാര്‍ഖാന്‍ ഉത്തര്‍പ്രദേശിലെ ഗോകുല്‍ ആക്രമിക്കാന്‍ നടത്തിയ ശ്രമത്തെയും നാഗാ സന്ന്യാസിമാര്‍ പരാജയപ്പെടുത്തിയിരുന്നു.
അഫ്ഗാന്‍ ചക്രവര്‍ത്തിയായ അഹമ്മദാ ഷാ അബ്ദാലി തുടര്‍ച്ചയായി നാല് തവണ ഭാരതം ആക്രമിക്കുകയുണ്ടായി. അക്കാലത്ത് മുഗള്‍ ഭരണാധികാരികള്‍ ദുര്‍ബലരായിരുന്നു. ഇസ്ലാമിക കടന്നാക്രമണകാരികളെ ചെറുക്കാനുള്ള ശേഷി ഹിന്ദുക്കള്‍ക്ക് ഉണ്ടായിരുന്നുമില്ല. ഈ അവസരം അഫ്ഗാന്‍ ആക്രമണകാരികള്‍ മുതലെടുത്തു. ദല്‍ഹി കൊള്ളയടിക്കാനുള്ള കരാര്‍ മുഗള്‍ ഭരണാധികാരികളില്‍നിന്ന് അബ്ദാലി നേടിയെടുത്തു. 1757 ല്‍ ദല്‍ഹി കൊള്ളയടിക്കുകയും ക്ഷേത്രങ്ങള്‍ ഇടിച്ചുനിരത്തുകയും ചെയ്തു. എന്നാല്‍ കൊള്ള മുതലില്‍ തൃപ്തി വന്നില്ല. 20,000 അഫ്ഗാന്‍ പടയാളികളുമായി ചേര്‍ന്ന് വല്ലഭ്ഗഢ്, മഥുര, ആഗ്ര, വൃന്ദാവന്‍ എന്നിവിടങ്ങള്‍ ആക്രമിക്കാന്‍ അബ്ദാലി തന്റെ കമാന്റര്‍മാരായ നജീബ് ഖാന്‍, ജഹാന്‍ ഖാന്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.
മഥുരയിലെത്തിയ ഈ മതഭ്രാന്തന്മാര്‍ ക്ഷേത്രങ്ങള്‍ നശിപ്പിക്കാനും ഹിന്ദു വനിതകളെ ബലാത്സംഗം ചെയ്യാനും പുരുഷന്മാരെ കൊന്നൊടുക്കാനും തുടങ്ങി. കുട്ടികളെ അടിമകളാക്കിപ്പിടിച്ചു. ജനങ്ങള്‍ അഭയം തേടി പരക്കം പാഞ്ഞു. വളരെയധികം ഹിന്ദുക്കള്‍ ശീതളമാതാ ക്ഷേത്രത്തിനു പിന്നിലെ ഗുഹയില്‍ ഒളിച്ചു. അഫ്ഗാന്‍ ആക്രമണകാരികള്‍ ഇവരെ കണ്ടെത്തി നിര്‍ദ്ദയം കൊന്നൊടുക്കി. മഥുരയ്ക്കുശേഷം വൃന്ദാവനിലും ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിച്ചു. പിന്നീട് മഹാവനിലെത്തി ഹിന്ദുക്കളെ കൊലചെയ്യുകയും, ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. അടുത്ത ലക്ഷ്യമായ ആഗ്ര ആക്രമിക്കുന്നതിനു പകം സര്‍ദാര്‍ ഖാന്റെ നേതൃത്വത്തില്‍ ഒന്‍പത് കിലോമീറ്റര്‍ അകലെയുള്ള ഗോകുല്‍ ആക്രമിക്കാന്‍ തീരുമാനിച്ചു. 10,000 പടയാളികളുമായി ഇയാള്‍ അവിടെയെത്തിയപ്പോള്‍ 4000 നാഗാസന്ന്യാസിമാര്‍ യുദ്ധത്തിന് തയ്യാറെടുത്ത് നില്‍ക്കുന്നതാണ് കണ്ടത്. അഫ്ഗാന്‍ പടയുടെ ആക്രമണ വിവരമറിഞ്ഞ് ഹരിദ്വാര്‍, ഉജ്ജയിനി തുടങ്ങിയ ഇടങ്ങളില്‍നിന്ന് ആയിരക്കണക്കിന് നാഗാസന്ന്യാസിമാര്‍ ഗോകുലിലേക്ക് നീങ്ങിയെങ്കിലും ദൂരം അധികമായതിനാല്‍ എത്തിച്ചേരാന്‍ താമസിച്ചു.
യുദ്ധം തുടങ്ങിയപ്പോള്‍ അഫ്ഗാന്‍ ആക്രമണകാരികള്‍ കരുതിയത് നാഗാ സന്ന്യാസിമാരെ തങ്ങള്‍ക്ക് എളുപ്പം കീഴടക്കാമെന്നാണ്. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. അഫ്ഗാന്‍ സേനയ്ക്ക് കനത്ത നാശമുണ്ടായി. ഇതറിഞ്ഞ അബ്ദാലി കൂടുതല്‍ പടയാളികളെ അങ്ങോട്ടേക്ക് അയച്ചെങ്കിലും അവരുടെ ആത്മവീര്യം നശിച്ചിരുന്നു. ഇതിനിടെ കൂടുതല്‍ നാഗാസന്ന്യാസിമാര്‍ യുദ്ധഭൂമിയില്‍ എത്തുകയും ചെയ്തു. അഫ്ഗാന്‍ സേനയ്ക്ക് പിന്മാറേണ്ടി വന്നു. കാബൂള്‍ മുതല്‍ മഥുര വരെ വിജയക്കൊടി പാറിച്ച് മുന്നേറിയ അഫ്ഗാന്‍ പടയ്ക്ക് ഗോകുലില്‍ നാഗാസന്ന്യാസിമാരുടെ പോരാട്ടവീര്യത്തിനു മുന്നില്‍ കീഴടങ്ങേണ്ടി വന്നു. 1280 ല്‍ മഹന്ത് ഭഗവന്ത്ഗിരിയുടെ നേതൃത്വത്തിലുള്ള 26000 വരുന്ന നാഗാസന്ന്യാസിമാര്‍ വലിയ പോരാട്ടം നടത്തി കശ്മീരിലെ കന്‍ഹാല്‍ ക്ഷേത്രം കടന്നാക്രമണകാരികളില്‍ നിന്ന് സംരക്ഷിച്ചിട്ടുണ്ട്.
പ്രമുഖ ചരിത്രകാരനായ കെ.എസ്.ലാല്‍ തന്റെ ‘തിയറി ആന്റ് പ്രാക്ട്രീസ് ഓഫ് മുസ്ലിം സ്റ്റേറ്റ് ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തില്‍ എ.ഡി 1000 ല്‍ ഭാരത ഉപവന്‍കരയിലെ ജനസംഖ്യ 200 ദശലക്ഷം ആയിരുന്നത് എ.ഡി. 1500 ആയപ്പോള്‍ 170 ദശലക്ഷമായി കുറഞ്ഞു എന്നു പറയുന്നത് ഇവിടെ ഓര്‍മിക്കാം. കൊലപാതകങ്ങള്‍, നാടുകടത്തല്‍, യുദ്ധങ്ങള്‍, പട്ടിണി എന്നിവയൊക്കെയാണ് ഇതിന് കാരണം. ചിതറിപ്പോയിരിക്കുന്ന ഹിന്ദുക്കളുടെ സംസ്‌കാരം തകര്‍ന്നിരിക്കുകയാണെന്നും, അവര്‍ വടക്കുപടിഞ്ഞാറുനിന്ന് പലായനം ചെയ്യുകയാണെന്നും എ.ഡി. 1025 ല്‍ മുഹമ്മദ് ഗസ്‌നിക്കൊപ്പം വന്ന ചരിത്രകാരനായ അല്‍ബറൂണി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൊണ്ടാണ് ചരിത്രകാരനായ വില്‍ ഡ്യൂറന്റ് ”ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ കഥ”യെന്ന് ഇസ്ലാമിക കടന്നാക്രമണങ്ങളെ വിശേഷിപ്പിച്ചത്. ഔറംഗസീബിന്റെ ഭരണകാലത്ത് ഈ ക്രൂരത അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. മാത്യു വൈറ്റ് എന്ന ചരിത്രകാരന്‍ തന്റെ ‘ആട്രോസിറ്റോളജി ഓഫ് ഹ്യുമാനിറ്റീസ്: 100 ഡെഡ്‌ലിയസ്റ്റ് അച്ചീവ്‌മെന്റ്‌സ്’ എന്ന പുസ്തകത്തില്‍ മനുഷ്യ ചരിത്രത്തിലെ 100 പൈശാചിക സംഭവങ്ങളില്‍ 23 എണ്ണവും മുഗള്‍ ഭരണകാലത്തെ ഭാരതത്തില്‍ നടന്നതാണെന്ന് പറയുന്നു. സനാതന ധര്‍മത്തിന്റെ സംരക്ഷണത്തിനുവേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെയും നാഗാസന്ന്യാസിമാര്‍ പോരാടിയിട്ടുണ്ട്.
നാഗാസന്ന്യാസിമാരെ പില്‍ക്കാലത്ത് സംഘടിപ്പിച്ചത് ബംഗാളിലെ മധുസൂദന സരസ്വതിയാണ്. മുഗള്‍ ആക്രമണകാരികളില്‍നിന്ന് ഹിന്ദുക്കളെ രക്ഷിക്കാനായിരുന്നു ഇത്. അദ്വൈത ചിന്താഗതിക്കാരനായിരുന്ന മധുസൂദന സരസ്വതി മുഗള്‍ചക്രവര്‍ത്തി അക്ബറുടെ സമകാലികനുമായിരുന്നു. ഹിന്ദുക്കളെയും സന്ന്യാസിമാരെയും മുസ്ലിങ്ങള്‍ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരിക്കല്‍ മധുസൂദന സരസ്വതി കൊട്ടാരത്തിലെത്തി അക്ബറിനെ നേരില്‍ കാണുകയുണ്ടായി. ഈ പരാതിയില്‍ നടപടിയൊന്നും ഉണ്ടാകാതിരുന്നപ്പോഴാണ് ആക്രമണങ്ങള്‍ക്കെതിരെ നാഗാസന്ന്യാസിമാരെ സംഘടിപ്പിച്ച് മധുസൂദന സരസ്വതി രംഗത്തിറങ്ങിയത്. പല ചരിത്രകാരന്മാരും ഇക്കാര്യം അംഗീകരിക്കുന്നില്ലെങ്കിലും അമേരിക്കന്‍ ചരിത്രകാരനായ വില്യം പിഞ്ച് ഇത് സമ്മതിക്കുന്നുണ്ട്. മധുസൂദന സരസ്വതി ആഗ്രയില്‍നിന്ന് മടങ്ങിയശേഷം നാഗാസന്ന്യാസിമാര്‍ കാശിയില്‍ സംഘടിച്ച് ഹിന്ദുക്കളെ രക്ഷിക്കാന്‍ പ്രതിജ്ഞയെടുത്തു എന്നതിന് തെളിവുണ്ട്. നാഗാസന്ന്യാസിമാരില്‍നിന്നുണ്ടായ തിരിച്ചടിക്കുശേഷം വര്‍ഷങ്ങളോളം ബംഗാളിലെ മുസ്ലിങ്ങള്‍ ഹിന്ദുക്കളെ ആക്രമിക്കാറില്ലായിരുന്നു. 1666 ഔറംഗസീബിന്റെ സേന ഹരിദ്വാര്‍ ആക്രമിച്ചപ്പോഴും നാഗാസന്ന്യാസിമാര്‍ അതിനെ പ്രതിരോധിക്കുകയുണ്ടായി. വില്യം ആര്‍. സ്‌ക്വീസ് എഴുതിയ ‘സോള്‍ജിയേഴ്‌സ് മങ്ക് ആന്‍ഡ് മിലിറ്റന്റ് സാധൂസ്’ എന്ന പുസ്തകത്തില്‍ നാഗാസന്ന്യാസിമാര്‍ മധുസൂദന സരസ്വതിയുടെ നേതൃത്വത്തില്‍ ബംഗാളിലെ ഹിന്ദുക്കള്‍ക്കുവേണ്ടി പോരാടിയ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
മുഗള്‍ ആക്രമണകാരികളില്‍നിന്ന് സ്വന്തം ഭൂമിയും ക്ഷേത്രങ്ങളും സംരക്ഷിക്കാന്‍ ഹിന്ദുക്കളായ പടയാളികളും പ്രാദേശിക ജനവിഭാഗങ്ങളും നടത്തിയിട്ടുള്ള പോരാട്ടങ്ങളുടെ വളരെക്കുറച്ച് രേഖകള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഈ പ്രതിരോധങ്ങളുടെയും വിജയങ്ങളുടെയും തെളിവുകള്‍ നശിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ പല രേഖകളും തീവച്ചു നശിപ്പിച്ചു കളഞ്ഞതായും പറയപ്പെടുന്നു. തലമുറകളിലൂടെ കൈമാറി വന്ന നാടോടിക്കഥകളിലൂടെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നത്. ബുന്ദേല്‍ഖണ്ഡിലെ പോരാളികള്‍ തുര്‍ക്കികളെ പരാജയപ്പെടുത്തിയതിന്റെയും, ഗഢ്‌വാളിലെ കര്‍ണാവതി മുഗള്‍ചക്രവര്‍ത്തിയായ ഷാജഹാന്റെ പടയാളികളെ തോല്‍പ്പിച്ചതിന്റെയും, ഗുജറാത്തിലെ നൈകി ദേവി, മുഹമ്മദ് ഗോറിയെ പരാജയപ്പെടുത്തിയതിന്റെയുമൊക്കെ തെളിവുകള്‍ നാടോടിക്കഥകളില്‍നിന്നാണ് ലഭിക്കുന്നത്.
അരനൂറ്റാണ്ടോളമാണ് ഔറംഗസീബിന്റെ ഭരണം ഭാരതത്തില്‍ നിലനിന്നത്. ഏറ്റവും വലിയ മുഗള്‍ സാമ്രാജ്യവും ഔറംഗസീബിന്റേതായിരുന്നു. കാശിവിശ്വനാഥ ക്ഷേത്രം തകര്‍ത്തതിനുശേഷവും 38 വര്‍ഷം ഔറംഗസീബായിരുന്നു ഭരണാധികാരി. ക്ഷേത്രം തകര്‍ത്ത് അതിന്റെ സ്ഥാനത്ത് മസ്ജിദ് നിര്‍മിച്ചതോടെ ഇനിയൊരിക്കലും ക്ഷേത്രം പുനര്‍നിര്‍മ്മിക്കപ്പെടില്ലെന്ന ഔറംഗസീബിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. കാശിയുടെ കരുത്തും വിശ്വനാഥ ക്ഷേത്രത്തിന്റെ ചൈതന്യവും നശിച്ചുപോയില്ല. പുണ്യഭൂമിയായ കാശിയോടുള്ള ഹിന്ദുക്കളുടെ ആഭിമുഖ്യം വര്‍ദ്ധിക്കുകയാണുണ്ടായത്. പഴയ പ്രതാപത്തോടെ ക്ഷേത്രം വീണ്ടും ഉയര്‍ന്നുകാണാന്‍ അവര്‍ ആഗ്രഹിച്ചു. ഏഴ് പതിറ്റാണ്ടുകാലം താലോലിച്ച ആ സ്വപ്‌നം അഭിമാനിയും ഉദാരമതിയുമായ ഒരു ധീരവനിതയിലൂടെ സാക്ഷാത്കരിക്കപ്പെട്ടു.
അടുത്തത്: ക്ഷേത്ര പുനരുദ്ധാരണത്തിന്റെ സുവര്‍ണ കാന്തി