ഔറംഗസീബിന്റെ മതഭ്രാന്തിനെക്കുറിച്ച് പറയുമ്പോള്‍ ഇരുപതാം നൂറ്റാണ്ടിലെ മഹാനായ ചരിത്രകാരന്‍ ആര്‍നോള്‍ഡ് ടോയന്‍ബി നടത്തുന്ന ഒരു നിരീക്ഷണം ശ്രദ്ധേയമാണ്. പ്രകോപനപരമായ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ഔറംഗസീബിന് യഥാര്‍ത്ഥ ശ്രദ്ധ ഉണ്ടായിരുന്നു എന്നാണ് ടോയന്‍ബിയുടെ നിരീക്ഷണം. ഹിന്ദുധര്‍മത്തിന്റെ ഏറ്റവും പുണ്യമായ ഭൂമികള്‍ക്കുമേല്‍ ഇസ്ലാമിക ഭരണമാണ് നിലനില്‍ക്കുന്നതെന്ന് കാണിക്കാനാണ് അവിടങ്ങളില്‍ ഔറംഗസീബ് മസ്ജിദുകള്‍ നിര്‍മിച്ചതെന്നും ടോയന്‍ബി ചൂണ്ടിക്കാട്ടുന്നുണ്ട്. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ അടിത്തറ പൂര്‍ണമായി തകര്‍ക്കാതെ അതിന്റെ ഒരുഭാഗത്ത് മസ്ജിദ് നിര്‍മിച്ചതും ഇതിനുവേണ്ടിയാണ്. ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെന്നു തന്നെ ഹിന്ദുക്കള്‍ക്ക് തോന്നണം. അത് അവരെ ഭയപ്പെടുത്തണം-തങ്ങള്‍ ഹിന്ദുക്കളുടെ യജമാനന്മാരാണെന്ന തോന്നല്‍ മുസ്ലിങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യാം. ഇതായിരുന്നു മുഗള്‍ സാമ്രാജ്യ സ്ഥാപകനായ ബാബറുടെയും മാനസികാവസ്ഥ. അയോധ്യയില്‍ നിലനിന്ന ബാബറി മസ്ജിദിന്റെ തകര്‍ച്ചയെ ന്യായീകരിക്കുമ്പോള്‍ വി.എസ്. നയ്പാളും ഇക്കാര്യം പറയുന്നുണ്ട്. ”അയോധ്യ ഹിന്ദുക്കള്‍ക്ക് എന്തായിരുന്നുവെന്ന് ബാബറിന് നന്നായറിയാമായിരുന്നു. ജനങ്ങള്‍ ഒരു ഇതിഹാസ പുരുഷനെ ഉയര്‍ത്തിക്കൊണ്ടുവന്ന സ്ഥലത്താണ് ബാബര്‍ തന്റെ അഹങ്കാരംകൊണ്ടും മതഭ്രാന്തുകൊണ്ടും മസ്ജിദ് സ്ഥാപിച്ചത്.” ഇതായിരുന്നു നയ്പാളിന്റെ ഇക്കാര്യത്തിലുള്ള കാഴ്ചപ്പാടെന്ന് 2004 ല്‍ മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നാടകകൃത്ത് ഫറൂഖ് ദോണ്ഡി ഔട്ട്‌ലുക്ക് മാസികയില്‍ എഴുതുകയുണ്ടായി. ഒരു ചരിത്രകാരനെന്ന നിലയ്ക്കുള്ള നയ്പാളിന്റെ യോഗ്യതയെ ചോദ്യം ചെയ്ത ബ്രിട്ടീഷ് എഴുത്തുകാരനായ വില്യം ഡാര്‍ളിമ്പിളിനെ നിശിതമായി വിമര്‍ശിക്കുകയായിരുന്നു ദോണ്ഡി.
കാശിയിലെ വൈദേശികാക്രമണത്തിനും, അവിടെ ക്ഷേത്രം തകര്‍ത്ത് മസ്ജിദ് നിര്‍മിച്ചതിനും ഒരു രാഷ്ട്രീയമുണ്ടെന്നും, ആ മസ്ജിദ് നീക്കം ചെയ്ത് കാശിയെ വിമോചിപ്പിക്കേണ്ടതാണെന്നും ബ്രിട്ടീഷ് ചരിത്രകാരനും തത്വചിന്തകനുമായിരുന്ന ആര്‍നോള്‍ഡ് ടോയന്‍ബി ദല്‍ഹിയില്‍ നടത്തിയ ആസാദ് സ്മാരക പ്രഭാഷണത്തില്‍ വ്യക്തമാക്കുകയുണ്ടായി.
”ഞാന്‍ പ്രസംഗിക്കുമ്പോള്‍ ചില ശിഥില ചിത്രങ്ങള്‍ എന്റെ മനക്കണ്ണിലൂടെ മിന്നല്‍പോലെ കടന്നുപോവുകയാണ്. ഇതിലൊന്ന് ആയിരത്തിതൊള്ളായിരത്തി ഇരുപതുകളുടെ അന്ത്യത്തില്‍ പോളണ്ടിലെ നഗരമായ വാഴ്‌സയുടെ പ്രിന്‍സിപ്പല്‍ സ്‌ക്വയറിലുള്ള ചിത്രമാണ്. റഷ്യക്കാര്‍ ആദ്യമായി വാഴ്‌സ കയ്യടക്കിയപ്പോള്‍ അവര്‍ ആ നഗരത്തിന്റെ ഒത്തനടുവില്‍ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സിന്റെ ഒരു ക്രൈസ്തവ ദേവാലയം നിര്‍മിച്ചു. പോളണ്ട് സ്വതന്ത്ര റോമന്‍ കത്തോലിക്കാ രാജ്യമായിരുന്നപ്പോള്‍ ഈ നഗരം രാജ്യതലസ്ഥാനമായിരുന്നു. ഇനി മുതല്‍ ഞങ്ങളാണ് നിങ്ങളുടെ യജമാനന്മാരെന്ന് പോളണ്ടുകാരെ ബോധ്യപ്പെടുത്താനുള്ള റഷ്യക്കാരുടെ പ്രദര്‍ശനമായിരുന്നു ഇത്. 1918 ല്‍ പോളണ്ടിന്റെ സ്വാതന്ത്ര്യം പുനഃസ്ഥാപിച്ച ശേഷം അവിടുത്തെ ജനത ഈ ക്രൈസ്തവ ദേവാലയം ഇടിച്ചുപൊളിച്ചു കളഞ്ഞു. ഞാന്‍ അവിടെ സന്ദര്‍ശിക്കുന്നതിന് തൊട്ടു മുന്‍പാണ് ഈ തകര്‍ക്കല്‍ പൂര്‍ത്തിയായത്. ആ റഷ്യന്‍ പള്ളി തകര്‍ത്തതില്‍ ഞാന്‍ പോളണ്ടിലെ ഭരണകൂടത്തെ കുറ്റപ്പെടുത്തുന്നില്ല. കാരണം റഷ്യക്കാര്‍ അത് നിര്‍മിച്ചതിന്റെ ഉദ്ദേശ്യം മതപരമായിരുന്നില്ല, രാഷ്ട്രീയമായിരുന്നു. അത് ബോധപൂര്‍വം തന്നെ കുറ്റകരവുമായിരുന്നു. അതേസമയം, ഔറംഗസീബിന്റെ മസ്ജിദുകള്‍ തകര്‍ക്കാതിരുന്നതിന് ഭാരത സര്‍ക്കാരിനെ ഞാന്‍ പ്രശംസിക്കുകയും ചെയ്യുന്നു. ബനാറസിലെ തീര്‍ത്ഥഘട്ടിലേക്ക് നോക്കി നില്‍ക്കുന്നതും, മഥുരയിലെ ഗോവര്‍ധന പര്‍വതത്തിലുള്ളതുമായ മസ്ജിദുകളെക്കുറിച്ചാണ് ഞാന്‍ പ്രത്യേകമായി പറയുന്നത്.”
വാഴ്‌സയില്‍ റഷ്യക്കാര്‍ സ്ഥാപിച്ചത് ക്രൈസ്തവ ദേവാലയമായിരുന്നിട്ടും പോളണ്ടിലെ ക്രൈസ്തവര്‍ തന്നെ അത് തകര്‍ത്തതുപോലെ കാശിയിലെയും മഥുരയിലെയും ഔറംഗസീബിന്റെ മസ്ജിദുകള്‍ തകര്‍ക്കാത്തതില്‍ ഭാരത സര്‍ക്കാരിനെ താന്‍ അഭിനന്ദിക്കുകയാണെന്ന് പറയുമ്പോള്‍, ആധിപത്യത്തിന്റെയും അടിമത്തത്തിന്റെയും പ്രതീകമായി ഈ മസ്ജിദുകള്‍ അവിടെ നിലനില്‍ക്കണമെന്നല്ല ടോയന്‍ബി അര്‍ത്ഥമാക്കുന്നത്. ഹിന്ദുക്കളുടെ പുണ്യഭൂമികളില്‍ ഔറംഗസീബ് ഈ മസ്ജിദുകള്‍ എന്തിന് സ്ഥാപിച്ചു എന്നു വിശദീകരിക്കുമ്പോള്‍ ടോയന്‍ബിയുടെ ചിന്താഗതി വ്യക്തമാവുന്നുണ്ട്.
”വാഴ്‌സയിലെ നഗരമധ്യത്തില്‍ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ ക്രൈസ്തവ ദേവാലയം സ്ഥാപിച്ചതുപോലെ കുറ്റകരമാണ് ഔറംഗസീബ് മൂന്ന് മസ്ജിദുകള്‍ സ്ഥാപിച്ചതും. ഹിന്ദുക്കളുടെ പുണ്യകേന്ദ്രങ്ങളും ഇസ്ലാമിക ഭരണത്തിന്റെ ആധിപത്യമാണെന്ന് കാണിച്ചുകൊടുക്കുന്നതിനായിരുന്നു ഇത്. പ്രകോപനപരമായ പ്രദേശങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ഔറംഗസീബിന്റെ പ്രത്യേക ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു തന്നെ ഞാന്‍ പറയും. ഔറംഗസീബും സ്‌പെയിനിലെ ഫിലിപ്പ് രണ്ടാമനും ഒരര്‍ത്ഥത്തില്‍ ഇരട്ടപെറ്റ സന്തതികളാണ്. മതങ്ങളുടെ കൂട്ടത്തിലെ ക്രൈസ്തവ-മുസ്ലിം-ജൂത മതഭ്രാന്തിന്റെ അവതാരങ്ങളാണിവര്‍. വഴിപിഴച്ചവനും ദുര്‍വൃത്തനുമായ ഔറംഗസീബ് ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയ്ത് സ്വന്തം അപകീര്‍ത്തിക്കുവേണ്ടി വലിയ സ്മാരകങ്ങള്‍ പടുത്തുയര്‍ത്തുകയായിരുന്നു. റഷ്യക്കാര്‍ക്ക് സ്വയം അവമതിപ്പുണ്ടാക്കുന്ന വാഴ്‌സയിലെ സ്മാരകം തകര്‍ത്ത പോളണ്ടുകാര്‍ ഒരുപക്ഷേ ഔറംഗസീബിന്റെ മസ്ജിദുകള്‍ ഒഴിവാക്കിയ നിങ്ങളെക്കാള്‍ ദയയുള്ളവരായിരുന്നു. നാഷണല്‍ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ‘വണ്‍ വോയ്‌സ് വണ്‍ ഇന്ത്യ’ എന്ന പുസ്തകത്തിലാണ് ടോയന്‍ബിയുടെ ഈ പ്രസംഗമുള്ളത്.
ഹിന്ദുക്കളുടെ പുണ്യഭൂമിയിലെ മസ്ജിദ് നിര്‍മാണം വിദേശപണ്ഡിതനായ ടോയന്‍ബിയെപ്പോലും വേദനിപ്പിക്കുന്നു. റഷ്യ അടിച്ചേല്‍പ്പിച്ച അപമാനം പോളണ്ടിലെ ജനത നീക്കം ചെയ്തപോലെ ഈ രാഷ്ട്രീയ അപമാനം ഹിന്ദുക്കള്‍ നീക്കം ചെയ്താല്‍ ടോയന്‍ബി അതിനെ എതിര്‍ക്കില്ലായിരുന്നു. ഇവിടെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. ടോയന്‍ബി, മൗലാന ആസാദ് സ്മാരക പ്രഭാഷണം നടത്തുന്നത് 1960 ലാണ്. നെഹ്‌റു യുഗമായി പരിഗണിക്കപ്പെട്ടിരുന്ന അക്കാലത്ത് ഹിന്ദുത്വരാഷ്ട്രീയമോ പ്രസ്ഥാനങ്ങളോ നിയാമക ശക്തിയായി വളര്‍ന്നിരുന്നില്ല. അതിനാല്‍തന്നെ ആരെയെങ്കിലും പ്രീണിപ്പിക്കാനാണ് ടോയന്‍ബി ഇങ്ങനെ പറഞ്ഞതെന്ന് കുറ്റപ്പെടുത്താനുമാവില്ല. അയോധ്യാ പ്രക്ഷോഭത്തെയും ബാബറി മസ്ജിദിന്റെ തകര്‍ച്ചയെയും ‘ചരിത്രപരമായ സമീകരിക്കല്‍’ എന്നു വിശേഷിപ്പിച്ച വി.എസ്. നയ്പാളിനെ കടന്നാക്രമിച്ചവര്‍ ടോയന്‍ബിയുടെ അഭിദര്‍ശനങ്ങളെ സൗകര്യപൂര്‍വം വിസ്മരിച്ചു.
വര്‍ത്തമാനകാലത്തെ സാന്ത്വനപ്പെടുത്താന്‍ ഭൂതകാലത്തിന്റെ മുറിവുകളെ എതിരിടേണ്ടത് ആവശ്യമാണെന്ന ഉറച്ചതും ധീരവുമായ നിലപാടാണ് ബാബറി മസ്ജിദിന്റെ കാര്യത്തില്‍ നയ്പാള്‍ സ്വീകരിച്ചത്. ഒരുകാലത്തെ ഇസ്ലാമിക മതമൗലികവാദികളുടെ പ്രവൃത്തികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടികൊടുക്കുകയായിരുന്നു കര്‍സേവകര്‍ എന്നുതന്നെ പറയാന്‍ നയ്പാള്‍ മടിച്ചില്ല. ”ബാബര്‍ അയോധ്യയില്‍ മസ്ജിദ് നിര്‍മിച്ചത് വെറുപ്പിന്റെ പ്രവൃത്തിയായിരുന്നു. ബാബര്‍ ഭാരതത്തെ സ്‌നേഹിച്ചിരുന്നില്ല. ഭാരതത്തെയും ഭാരതത്തിലെ ജനങ്ങളെയും അവരുടെ വിശ്വാസ പ്രമാണങ്ങളെയും നിന്ദിക്കുകയാണ് ബാബര്‍ ചെയ്തതെന്ന് പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്ന് ഞാന്‍ കരുതുന്നു” എന്നാണ് വിഖ്യാത ഗ്രന്ഥകാരനായിരുന്ന ഖുശ്‌വന്ത് സിംഗുമായി നടത്തിയ സംഭാഷണത്തില്‍ നയ്പാള്‍ തുറന്നടിച്ചത്. അതിനാല്‍ ബാബറി മസ്ജിദിന്റെ തകര്‍ച്ച ഹിന്ദുക്കളുടെ അമര്‍ഷത്തിന്റെ പ്രകടനമായിരുന്നുവെന്ന നിലപാടാണ് നയ്പാള്‍ സ്വീകരിച്ചത്. പതിനാലാം നൂറ്റാണ്ടില്‍ ഭാരതം സന്ദര്‍ശിച്ച ഇബിന്‍ ബത്തൂത്തയുടെ സഞ്ചാരക്കുറിപ്പുകള്‍ പോലുള്ള പ്രാഥമിക ചരിത്ര രേഖകള്‍ പരിശോധിച്ചാണ് നയ്പാള്‍ ഈ നിലപാടുകളില്‍ എത്തിച്ചേര്‍ന്നത്. അത് പ്രകോപനപരമെന്നു തോന്നുമെങ്കിലും സത്യസന്ധമായിരുന്നു. പില്‍ക്കാലത്ത് വിശ്വസിക്കാന്‍ പഠിപ്പിക്കപ്പെട്ട വിശുദ്ധീകരിച്ച ഭാഷ്യങ്ങളെ അപേക്ഷിച്ച് ഭാരത ചരിത്രത്തെക്കുറിച്ചുള്ള മുസ്ലിം കാഴ്ചപ്പാട് വസ്തുതാപരമായിരുന്നു. ”ഭാരതത്തെ കീഴടക്കിയതിനെക്കുറിച്ചുള്ള മുസ്ലിങ്ങളുടെ കാഴ്ചപ്പാട് ശരിയാണ്. അവര്‍ സ്വന്തം മതവിശ്വാസത്തിന്റെ വിജയത്തെക്കുറിച്ചാണ് പറയുന്നത്. ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തച്ചുതകര്‍ത്തതിനെക്കുറിച്ചും കൊള്ളയെക്കുറിച്ചും തുച്ഛമായ തുകയ്ക്ക് ജനങ്ങളെ വാങ്ങി അടിമകളാക്കി കൊണ്ടുപോയതിനെക്കുറിച്ചുമാണ് പറയുന്നത്. വാസ്തുവിദ്യാപരമായ തെളിവുകള്‍-ഉത്തരഭാരതത്തിലെ ഹിന്ദുസ്മാരകങ്ങളുടെ അഭാവം വിശ്വാസ്യയോഗ്യമാണ്. ഇക്കാലത്തെ ഹിന്ദു രേഖകള്‍ കാണുന്നില്ല. കീഴടക്കപ്പെട്ട ജനത ഒരിക്കലും ചരിത്രമെഴുതില്ല. വിജയികളാണ് ചരിത്രം രചിക്കുന്നത്” തരുണ്‍ തേജ്പാലിന് നല്‍കിയ അഭിമുഖത്തില്‍ നയ്പാള്‍ വിശദീകരിക്കുന്നു. 1565 ല്‍ തെക്കുഭാഗത്തെ വിജയനഗര സാമ്രാജ്യം തകര്‍ത്തതിന്റെയും, 1592 ല്‍ അക്ബര്‍ ഇന്നത്തെ ഒഡിഷയില്‍ സര്‍വനാശം വിതച്ചതിന്റെയും ദുരന്തപൂര്‍ണമായ ചിത്രങ്ങള്‍ വരച്ചുകാട്ടിക്കൊണ്ട് നയ്പാള്‍ പറഞ്ഞുനിര്‍ത്തുന്നത് ഇങ്ങനെയാണ്- ”ഹൈന്ദവ ഭാരതത്തെ നിലംപരിശാക്കുക എന്നതായിരുന്നു വിഷയം.”
മുഗള്‍ ഭരണാധികാരികളുടെ മഹത്വം വാഴ്ത്തിപ്പാടുന്നവര്‍ അവര്‍ നിര്‍മിച്ച സ്മാരകങ്ങളുടെ ഭംഗിയില്‍ മയങ്ങുന്നവരാണ്. മഹാക്ഷേത്രങ്ങള്‍ തകര്‍ത്ത് ഔറംഗസീബ് സ്ഥാപിച്ച മസ്ജിദുകള്‍ നീക്കം ചെയ്യപ്പെടേണ്ടത് ചരിത്രപരമായ അനിവാര്യതയാണെന്നു വിശ്വസിച്ച ആര്‍നോള്‍ഡ് ടോയന്‍ബി പോലും മുഗള്‍ ഭരണകാലത്തെ സ്മാരകങ്ങളുടെ വാസ്തു ശില്‍പ ഭംഗിയെക്കുറിച്ചും, സ്വതന്ത്ര ഭാരതത്തിലെ സര്‍ക്കാരുകള്‍ അവ ശ്രദ്ധയോടെ സംരക്ഷിക്കുന്നതിനെക്കുറിച്ചും വാചാലനാവുന്നതു കാണാം. യഥാര്‍ത്ഥത്തില്‍ ദ ‘സ്‌റ്റോറി ഓഫ് സിവിലൈസേഷന്‍’ എന്ന ഗ്രന്ഥത്തില്‍ ”ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ കഥ” എന്ന് വില്‍ഡ്യൂറന്റ് വിശേഷിപ്പിക്കുന്ന ഭാരതത്തിലെ ഇസ്ലാമിക പടയോട്ടം സൃഷ്ടിച്ച അടിച്ചമര്‍ത്തലുകളുടെയും കൂട്ടക്കൊലകളുടെയും ഉണങ്ങാത്ത മുറിവുകളെ കുത്തിനോവിക്കുന്നതാണ് ഈ സ്മാരകങ്ങള്‍. പൂര്‍വികരുടെ വേദനകള്‍ ഓര്‍മകളായി കൊണ്ടു നടക്കുന്ന പുതിയ തലമുറകള്‍ക്ക് മുഗള്‍ സ്മാരകങ്ങളുടെ ഭംഗിയില്‍ മയങ്ങാനാവില്ല. ഭൂതകാലത്തിന്റെ തെറ്റുകള്‍ക്ക് വര്‍ത്തമാനകാലത്ത് പരിഹാരം തേടുന്നത് ശരിയല്ലെന്ന യാന്ത്രിക സമീപനം ഇവിടെ സ്വീകാര്യമാവില്ല. നീതി ഹിന്ദു ജനതയുടെ പക്ഷത്തായതുകൊണ്ട് ഇക്കാര്യങ്ങളൊന്നും മനസ്സിലാകാതിരിക്കുകയോ മനസ്സിലായില്ലെന്ന് നടിക്കുകയോ ചെയ്യുകയായിരുന്നു നെഹ്‌റൂവിയന്‍-ഇടതുപക്ഷ ചരിത്രകാരന്മാര്‍. ഇവരെ പിന്‍പറ്റുന്ന ഇടത്-ലിബറലുകള്‍ക്കും ചരിത്രത്തോട് സത്യസന്ധരായിരിക്കണമെന്ന് നിര്‍ബന്ധമില്ല. ഹിന്ദുക്കള്‍ക്ക് ഓര്‍മകള്‍ ഉണ്ടായിരിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന കുറ്റമായാണ് ഇവര്‍ കാണുന്നത്. മുഗള്‍ ഭരണകാലത്തെ കൊടിയ പീഡനങ്ങളെല്ലാം ഇക്കൂട്ടര്‍ ഷാജഹാന്‍ നിര്‍മിച്ച പ്രണയസ്മാരകമായ താജ്മഹലിനെ പ്രകീര്‍ത്തിച്ച് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഉറുദു കവിയും കടുത്ത മതേതരവാദിയുമായിരുന്ന സഹീര്‍ ലുധിയാന്‍വി ‘താജ്മഹല്‍’ എന്ന ഗദ്യ കവിതയില്‍ ഈ കാപട്യം തുറന്നുകാട്ടുന്നുണ്ട്. അതിലെ രണ്ട് ഈരടികള്‍ മലയാളത്തിലേക്ക് ഇങ്ങനെ പകര്‍ത്താം:
രാജകീയമായ ഈ കോട്ടകളുടെ
അതിഗംഭീരമായ ശ്മശാനങ്ങളും
ഉത്തുംഗമായ ഭിത്തികളും
ഏകാധിപതിയുടെ
നൃശംസതയുടെ സ്തംഭങ്ങളാണ്.
അതിന്റെ പിളര്‍പ്പുകള്‍
ലോകത്തിന്റെ മാറിടത്തിലെ
പ്രാചീന മുറിവുകളാണ്.
അതില്‍ നമ്മുടെ പൂര്‍വികരുടെ
ഒലിച്ചിറങ്ങുന്ന ചോരയും
വൃത്തികെട്ട ചലവും കൂടിക്കലര്‍ന്നിരിക്കുന്നു.
കഥകളും ഉപകഥകളും കൃത്രിമമായി മെനഞ്ഞെടുത്ത് മുഗള്‍ ഭരണകാലത്തിന്റെ പ്രതാപത്തെ വാഴ്ത്തിക്കൊണ്ടിരിക്കുന്നവരുടെ ബോധപൂര്‍വമായ മറവികളെ ലുധിയാന്‍വിയുടെ വരികളിലെ നിര്‍ദ്ദയമായ സത്യസന്ധത കുത്തിയിളക്കുന്നു. വെണ്ണക്കല്ലില്‍ രചിച്ച കവിതയെന്നും മറ്റും താജ്മഹലിനെ വിശേഷിപ്പിക്കുന്നവരെ ലുധിയാന്‍വിയുടെ വരികളില്‍ ഉറയുന്ന വേദന പശ്ചാത്താപമുള്ളവരാക്കും. അസുഖകരമായ സത്യങ്ങള്‍ വിളിച്ചു പറയുന്നവരെ വിദ്വേഷ പ്രചാരകരായി മുദ്രകുത്തി നിശ്ശബ്ദരാക്കുന്നവര്‍ സഹീര്‍ ലുധിയാന്‍വിയെ എന്തുചെയ്യും? താജ്മഹലിനെ അനശ്വര പ്രണയകുടീരമായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെയാവാം. അതിന്റെ വാസ്തുശാസ്ത്രപരവും സൗന്ദര്യശാസ്ത്രപരവുമായ ഗാംഭീര്യത്തില്‍ മതിമറക്കാം. പക്ഷേ താജ്മഹല്‍ എന്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വി.എസ്. നയ്പാള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
”മുഗള്‍ നിര്‍മിതികളുടെ പെരുമ ക്രൂരമാണ്. യൂറോപ്പിന് അതിന്റേതായ സൂര്യ രാജാക്കന്മാരുടെ സ്മാരകങ്ങളും അതിന്റെ സ്വന്തം കുംഭഗോപുരങ്ങളും പ്രഭുമന്ദിരങ്ങളുമുണ്ട്. പക്ഷേ അത് ഒരു രാജ്യത്തിന്റെ ആത്മവികാസത്തിന്റെ ഭാഗമാണ്; അത് ഒരു രാജ്യത്തിന്റെ സംവേദനക്ഷമതയുടെ ശുദ്ധീകരണം പ്രകടമാക്കുന്നു; അത് രാഷ്ട്രത്തിന്റെ ഖ്യാതി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഭാരതത്തിലെ എണ്ണമറ്റ മസ്ജിദുകളും പൊള്ളയായ ശവകുടീരങ്ങളും രാജധാനികളും വ്യക്തിപരമായ കൊള്ളയെക്കുറിച്ചും, കൊള്ളയടിക്കപ്പെടാനുള്ള ഒരു രാജ്യത്തിന്റെ അനന്തമായ ശേഷിയെക്കുറിച്ചുമാണ് പറയുന്നത്. മുഗള്‍ ഭരണാധികാരി തന്റെ അധീനതയിലുള്ള ഇടങ്ങളില്‍ എല്ലാം സ്വന്തമാക്കി. ഇതാണ് മുഗള്‍ വാസ്തുവിദ്യ നല്‍കുന്ന സന്ദേശം. വ്യക്തിപരമായ ആര്‍ഭാടം പ്രകടിപ്പിക്കുന്ന ഇത്തരത്തിലുള്ള ഒരേയൊരു നിര്‍മിതിയേ ഞാന്‍ ഇംഗ്ലണ്ടില്‍ കണ്ടിട്ടുള്ളൂ-ബ്ലെനം കൊട്ടാരം. 500 വര്‍ഷത്തിലേറെക്കാലം നിരന്തരം നിര്‍മിക്കുകയും നശിപ്പിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്ത കൊട്ടാരമാണിത്. ഇംഗ്ലണ്ടിനെ ഒരു രാഷ്ട്രമെന്ന നിലയില്‍ ഈ കൊട്ടാരത്തിന്റെതായി സങ്കല്‍പ്പിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല… സ്വേച്ഛാധിപത്യമല്ലാതെ മറ്റൊന്നുമല്ല ഇത്. താജ്മഹല്‍ അതിശയകരമാണ്… പക്ഷേ ഭാരതത്തില്‍ ഒരു പ്രയോജനവുമില്ലാത്ത ഈ കെട്ടിടം തീര്‍ത്തും അനാവശ്യമാണ്. ഇത് ഒരു ഏകാധിപതി ഭാരതത്തിന് നല്‍കിയതല്ല, വര്‍ഷംതോറും ഒരു കുട്ടിയെന്ന നിലയ്ക്ക് 15 വര്‍ഷം തുടര്‍ച്ചയായി പ്രസവിച്ച സ്ത്രീയ്ക്ക് അയാള്‍ സമ്മാനിച്ചതാണ്. 22 വര്‍ഷമെടുത്തു ഇത് പണി കഴിപ്പിക്കാന്‍. എത്ര ദശലക്ഷം ചെലവായെന്ന് ഗൈഡ് നിങ്ങള്‍ക്ക് പറഞ്ഞുതരും.” ദ ഇന്ത്യന്‍ ട്രിലജി എന്ന പുസ്തകത്തിലാണ് നയ്പാള്‍ പലരുടെയും മിഥ്യാ ധാരണകളെ തകര്‍ക്കുന്ന ഈ വിമര്‍ശനം ഉന്നയിക്കുന്നത്.
മിതമായ ഭാഷയില്‍ പറഞ്ഞാല്‍ താജ്മഹല്‍ നല്‍കുന്നത് പ്രണയത്തിന്റെ മായക്കാഴ്ച മാത്രമാണ്. ഭാരതീയ പാരമ്പര്യത്തില്‍ സ്‌നേഹവും പ്രണയവും പോലുള്ള മൃദുല വികാരങ്ങള്‍ ജീവിതത്തില്‍നിന്ന് ഉറന്നൊഴുകുന്നതാണ്. മരിച്ചുപോയ ഒരാള്‍ക്കുവേണ്ടി നിര്‍മിച്ച സ്മാരകം അതിനാവശ്യമില്ല. പേരില്ലാത്തതും മുഖമില്ലാത്തതുമായ ആയിരക്കണക്കിന് മനുഷ്യരുടെ ചോരയും വിയര്‍പ്പും ഉപയോഗിച്ച് പടുത്തുയര്‍ത്തിയ ഒരു ശവകുടീരം എങ്ങനെ അനശ്വര പ്രണയത്തിന്റെ പ്രതീകമാകും?
ഇനി ആരായിരുന്നു ഈ ഷാജഹാനെന്നും, എത്രത്തോളമായിരുന്നു അയാളുടെ മതപരമായ അസഹിഷ്ണുതയെന്നും നോക്കുക. ”ഭരണത്തിന്റെ അവസാനകാലത്ത് അവിശ്വാസികളുടെ(ഹിന്ദുക്കളുടെ) ശക്തികേന്ദ്രമായ വാരാണസിയില്‍ നിരവധി ക്ഷേത്രങ്ങളുടെ പണി തുടങ്ങിയിട്ടുള്ളതും, എന്നാല്‍ പൂര്‍ത്തീകരിച്ചിട്ടില്ലെന്നുമുള്ള വിവരം ചക്രവര്‍ത്തിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വിശ്വാസികള്‍ ആഗ്രഹിച്ചു. (ഇസ്ലാമിക) വിശ്വാസ സംരക്ഷകനായ ചക്രവര്‍ത്തി ബനാറസിലെയും തന്റെ അധീനതയിലുള്ള ഓരോ പ്രദേശങ്ങളിലെയും എല്ലാ ക്ഷേത്രങ്ങളും തകര്‍ക്കാന്‍ ഉത്തരവിട്ടു. അലഹബാദ് പ്രവിശ്യയില്‍ 76 ക്ഷേത്രങ്ങള്‍ തകര്‍ത്തതായി വിവരം ലഭിച്ചു.” മഹാനായി വാഴ്ത്തപ്പെടുന്ന ഷാജഹാന്റെ ഭരണകാലത്തെ ഔദ്യോഗിക ചരിത്രം വിവരിക്കുന്ന ബാദ്ഷാനാമ എന്ന ഗ്രന്ഥത്തിലുള്ളതാണിത്. ഇങ്ങനെ ചെയ്തയാളെയാണ് താജ്മഹലിന്റെ പേരില്‍ പ്രകീര്‍ത്തിക്കുന്നത്.
വിശുദ്ധ പ്രണയത്തിന്റെ വിശ്വോത്തര മാതൃകയായ ഇതേ ഷാജഹാന്‍ സ്ത്രീകളോട് എങ്ങനെ പെരുമാറിയെന്നു നോക്കാം. രജപുത്രരായ ബുന്ദേല രാജകുടുംബത്തില്‍ നിന്ന് ചില വനിതകളെ ഷാജഹാന്റെ പടയാളികള്‍ പിടിച്ചുകൊണ്ടുവന്നു. ഈ അമ്മമാരെയും മക്കളെയും മതംമാറ്റിയശേഷം മുഗള്‍ വേശ്യാലയത്തില്‍ കൊണ്ടുപോയി തള്ളുകയായിരുന്നുവെന്നാണ് ചരിത്രകാരനായ ജദുനാഥ് സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. താജ്മഹലിന്റെ ആരാധകര്‍ ആത്മാവില്‍ കൊണ്ടുനടക്കുന്ന വിശുദ്ധവും കാവ്യാത്മകവുമായ ഷാജഹാന്‍-മുംതാസ് മഹല്‍ പ്രണയം എന്തായിരുന്നു എന്നുകൂടി നോക്കാം. മുംതാസ് മഹലിന് എന്താണ് സംഭിച്ചതെന്ന് ഈ ആരാധകര്‍ ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? പതിമൂന്നാമത്തെ വയസ്സില്‍ വിവാഹ നിശ്ചയം കഴിഞ്ഞ് പത്തൊന്‍പതാം വയസ്സില്‍ ഷാജഹാന്റെ നാലാമത്തെ ഭാര്യയായെത്തുന്നു. തുടര്‍ന്ന് മൂന്നു സ്ത്രീകളെക്കൂടി ഷാജഹാന്‍ ഭാര്യമാരാക്കി. എണ്ണമറ്റ വെപ്പാട്ടികള്‍ വേറെയും. ഷാജഹാന്റെ പതിനാല് കുട്ടികളെയാണ് മുംതാസ് പ്രസവിച്ചത്. പതിനാലാമത്തെ പ്രസവത്തിനുശേഷം അവര്‍ മരിക്കുകയും ചെയ്തു. ഇതായിരുന്നുവത്രേ ആ അലൗകിക പ്രണയം! ഇതിന്റെ പ്രതീകമാണത്രേ താജ്മഹല്‍! വിരോധാഭാസത്തിന്റെ ലോകാത്ഭുതം എന്നല്ലാതെ എന്തുപറയാന്‍!!
അടുത്തത്: മഹാക്ഷേത്രത്തിന്റെ ഭാഗമായ മസ്ജിദ്