കാശി വിശ്വനാഥ ക്ഷേത്രവും ജ്ഞാനവാപി മസ്ജിദും നിലനില്‍ക്കുന്ന സ്ഥലത്ത് പുരാവസ്തു പര്യവേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനോട് പലതരം പ്രതികരണങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. സ്വാഭാവികമായും ഹരജിക്കാര്‍ ഇതിനെ സ്വാഗതം ചെയ്തപ്പോള്‍ എതിര്‍കക്ഷികള്‍ വിയോജിച്ചു. വിധിയില്‍ അദ്ഭുതം പ്രകടിപ്പിച്ച ചില കപടമതേതരക്കാര്‍ ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ വാരാണസി കോടതിക്ക് അധികാരമില്ലെന്നുവരെ പറഞ്ഞുവച്ചു. അയോധ്യാ കേസില്‍ ഹിന്ദുക്കള്‍ക്ക് അനുകൂലമായുണ്ടായ കോടതിവിധികളോടും ഇവരുടെ പ്രതികരണം ഇതുപോലെ തന്നെയായിരുന്നു. രാജ്യത്തെ ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം 1947ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ലഭിച്ചപ്പോഴത്തെ തല്‍സ്ഥിതി നിലനിര്‍ത്തിക്കൊണ്ട് പാര്‍ലമെന്റ് പാസ്സാക്കിയ നിയമപ്രകാരം കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ കാര്യത്തില്‍ കോടതിക്ക് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നാണ് ഇക്കൂട്ടര്‍ വാദിച്ചത്. ഇതിലേക്ക് പിന്നീട് വരാം. വാരാണസി കോടതി വിധിക്കെതിരെ അവിടെ മസ്ജിദിനാണ് അവകാശമെന്ന് കരുതുന്ന മുസ്ലിം പക്ഷം മറ്റൊരു വാദവും ഉന്നയിക്കുകയുണ്ടായി. അയോധ്യാ കേസില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ഹിന്ദുക്കള്‍ക്ക് സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി ഉണ്ടായതിനാലാണ് കാശി ക്ഷേത്രത്തിന്റെ പേരില്‍ അവര്‍ പുതിയ അവകാശവാദമുന്നയിക്കുന്നതെന്നായിരുന്നു ഇത്. തീര്‍ത്തും വസ്തുതാവിരുദ്ധമാണ് ഈ വാദമെന്ന് പ്രത്യക്ഷത്തില്‍ത്തന്നെ ആര്‍ക്കും ബോധ്യമാകുന്നതാണ്.
അയോധ്യയുടെ വിമോചനത്തിനുവേണ്ടി നടന്നത് വ്യതിരിക്തമായ ഒരു പ്രക്ഷോഭമായിരുന്നില്ല. ലോകമെമ്പാടുമുള്ള കോടാനുകോടി ഹിന്ദുക്കള്‍ക്ക് പവിത്രമായ രാമജന്മഭൂമിയില്‍ വൈദേശികാക്രമണത്തിന്റെയും വൈദേശികാധിപത്യത്തിന്റെയും പ്രതീകമായി നിലനിന്ന ബാബറി മസ്ജിദ് നീക്കം ചെയ്യണമെന്ന ഹിന്ദുക്കളുടെ ആവശ്യം പൂര്‍ണമായും നീതീകരിക്കപ്പെടുന്നതായിരുന്നു. ഇര്‍ഫാന്‍ ഹബീബിനെപ്പോലുള്ള ഇസ്ലാമിക മതമൗലികവാദികളായ ഇടതുപക്ഷ ചരിത്രകാരന്മാരുടെ പ്രേരണയെ തുടര്‍ന്ന്, കോടതിക്കു പുറത്ത് സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആസൂത്രിതമായി അട്ടിമറിക്കപ്പെട്ടു. തര്‍ക്കം പരിഹരിക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോവുകയും, ഹിന്ദുക്കളെ ഒറ്റപ്പെടുത്തി മുസ്ലിം പ്രീണനവും മതപരമായ ധ്രുവീകരണവും നടത്താനുള്ള അവസരമാക്കി കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളുമൊക്കെ പ്രശ്‌നത്തെ മാറ്റിയെടുത്തപ്പോഴാണ് വന്‍ പ്രതിഷേധത്തിന്റെ രൂപത്തില്‍ അയോധ്യാ പ്രക്ഷോഭം ഉയര്‍ന്നുവന്നത്.
അയോധ്യാപ്രശ്‌നത്തെ ഇസ്ലാമിക പക്ഷത്തുനിന്നുകൊണ്ട് വര്‍ഗീയവല്‍ക്കരിക്കുന്നതിലും ഹിന്ദുത്വപ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിലും ഇര്‍ഫാന്‍ ഹബീബിനെപ്പോലെ രംഗത്തുവന്ന പല ഇടതുപക്ഷ ചരിത്രകാരന്മാരുടെയും അജ്ഞതയും കാപട്യവും സത്യവിരോധവും അലഹബാദ് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ തെളിയുകയുണ്ടായി. രാമജന്മഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്കാണെന്ന് പ്രഖ്യാപിക്കുന്ന അലഹബാദ് ഹൈക്കോടതി വിധിയില്‍ ഈ ചരിത്രപണ്ഡിതന്മാരുടെ മണ്ടത്തരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തനിക്ക് ബാബറി മസ്ജിദിനെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ജെഎന്‍യു പ്രൊഫ. സുവീര ജയ്‌സ്വാള്‍ മൊഴിനല്‍കിയത്. ബാബറി മസ്ജിദ് എന്നാണ് നിലവില്‍ വന്നതെന്ന കാര്യം അറിയില്ലെന്ന് തുറന്നു സമ്മതിക്കേണ്ടിവന്ന സുവീര, മാധ്യമ റിപ്പോര്‍ട്ടുകളില്‍നിന്നുള്ള അറിവേ ഇതിനെക്കുറിച്ച് തനിക്കുള്ളൂ എന്നും പറഞ്ഞു. ബാബറി മസ്ജിദിനുവേണ്ടി വാദിച്ച് സുവീര ഉള്‍പ്പെടെയുള്ള ചരിത്രകാരന്മാര്‍ സമര്‍പ്പിച്ച ‘ഹിസ്റ്റോറിയന്‍സ് റിപ്പോര്‍ട്ട് ടു ദ നേഷന്‍’ എന്ന രേഖ പിന്നീട് സുപ്രീംകോടതി തള്ളുകയുണ്ടായി. ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ”എന്റെ അന്വേഷണത്തിന്റെയോ അറിവിന്റെയോ അടിസ്ഥാനത്തിലല്ല, വ്യക്തിപരമായ അഭിപ്രായങ്ങളാണ് അതില്‍ താന്‍ പ്രകടിപ്പിച്ചത്” എന്നും സുവീരയ്ക്ക് സമ്മതിക്കേണ്ടിവന്നു.
മുഗള്‍ഭരണകാലത്തെ ജസിയ എന്ന മതനികുതിയെക്കുറിച്ച് താന്‍ ബോധവാനല്ലെന്നാണ് മറ്റൊരു ഇടതു ചരിത്രകാരന്‍ എന്‍.സി. മിശ്ര അലഹബാദ് ഹൈക്കോടതിയില്‍ പറഞ്ഞത്. ”ഏതു കാലത്ത്, എന്തിനുവേണ്ടിയാണ് അത് (ജസിയ) ചുമത്തിയതെന്ന് ഇപ്പോള്‍ എനിക്ക് ഓര്‍ക്കാനാവുന്നില്ല. ഹിന്ദുക്കള്‍ക്കുമേല്‍ മാത്രമാണോ ജസിയ ചുമത്തിയിരുന്നതെന്നും ഞാന്‍ ഓര്‍ക്കുന്നില്ല.” ബാബറി മസ്ജിദിന്റെ നിര്‍മാണത്തെക്കുറിച്ച് താന്‍ നിരവധി ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടെന്നും, എന്നാല്‍ ഇപ്പോള്‍ അവയിലൊന്നിന്റെയും പേര് ഓര്‍ക്കുന്നില്ലെന്നും മിശ്രയ്ക്ക് പറയേണ്ടിവന്നു. അറബിയോ പേര്‍ഷ്യനോ എഴുതാനോ വായിക്കാനോ അറിയില്ലെങ്കിലും, സംസ്‌കൃതത്തില്‍ വലിയ ജ്ഞാനമില്ലെങ്കിലും അയോധ്യയില്‍ ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെന്നതിന് തെളിവില്ലെന്നാണ് മറ്റൊരു ചരിത്രകാരനായ അലഹബാദ് സര്‍വകലാശാലയിലെ സുശീല്‍ ശ്രീവാസ്തവ പറഞ്ഞത്. ഇക്കാര്യത്തില്‍ തന്നെ സഹായിച്ചത് ഭാര്യാപിതാവായ എസ്.ആര്‍. ഫറൂഖിയാണെന്നും മിശ്രയ്ക്ക് സമ്മതിക്കേണ്ടിവന്നു. ”എനിക്ക് ശിലാലിഖിത ശാസ്ത്രത്തില്‍ അറിവില്ല. എനിക്ക് നാണയശാസ്ത്രത്തിലും അറിവില്ല. പുരാവസ്തു ഗവേഷണത്തില്‍ സവിശേഷമായ അറിവുകളില്ല. ഭൂമിയുടെ സര്‍വെയെക്കുറിച്ചുള്ള അറിവുമില്ല” മിശ്ര പരിതപിക്കുന്നു. രാമായണം തുളസീദാസ് എഴുതിയതാണെന്നായിരുന്നു കുരുക്ഷേത്ര സര്‍വകലാശാലയിലെ സൂരജ് ബാന്‍ അഭിപ്രായപ്പെട്ടത്! ‘ടേബിള്‍ ആര്‍ക്കിയോളജിസ്റ്റ്’ എന്ന പേരില്‍ കോടതിയില്‍ ഹാജരായ ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ആര്‍.സി. തക്കര്‍ താന്‍ ഈ വിഷയത്തില്‍ (അയോധ്യാ പ്രശ്‌നത്തില്‍) ചരിത്രകാരന്മാര്‍ എഴുതിയ ഒരു പുസ്തകവും വായിച്ചിച്ചിട്ടില്ലെന്ന് ഏറ്റുപറഞ്ഞു.

അലഹബാദ് സര്‍വകലാശാലയിലെ റിട്ട. പ്രൊഫസര്‍ ഡി. മണ്ഡലാണ് കോടതിയില്‍ മൊഴി നല്‍കിയ മറ്റൊരാള്‍. ”ഞാന്‍ ഒരിക്കല്‍പ്പോലും അയോധ്യ സന്ദര്‍ശിച്ചിട്ടില്ല. ബാബറുടെ ചെയ്തികളെക്കുറിച്ച് സവിശേഷമായ വിവരവും എനിക്കില്ല.” ‘യജ്ഞം’ എന്ന വാക്കിന്റെ അര്‍ത്ഥവും തനിക്കറിയില്ലെന്ന് മണ്ഡല്‍ പറഞ്ഞു. രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ ഈ ‘പണ്ഡിതന്മാരുടെ’ അഭിപ്രായങ്ങളെ മുന്‍നിര്‍ത്തിയാണ് ലെഫ്റ്റ്-ലിബറലുകള്‍ കോലാഹലം സൃഷ്ടിച്ചത്. ഇക്കൂട്ടര്‍ വിഹരിക്കുന്ന നമ്മുടെ രാജ്യത്തെ അക്കാദമിക് സ്ഥാപനങ്ങളുടെ നിലവാരമില്ലായ്മയും ഈ വിവരക്കേടുകളിലൂടെ വെളിപ്പെടുകയുണ്ടായി. ഇവിടെയൊന്ന് മലയാളികളായ വിഖ്യാത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്റെയും ആര്‍ക്കിയോളജിസ്റ്റ് കെ.കെ. മുഹമ്മദിന്റെയും ബുദ്ധിപരമായ സത്യസന്ധതയും ധീരതയും പ്രകടമായത്. രാമജന്മഭൂമിയിലെ ബാബറി മസ്ജിദിന് അടിയില്‍ ക്ഷേത്രമുണ്ടെന്ന് പുരാവസ്തു വകുപ്പിന്റെ ഉത്ഖനനം ശരിവച്ചുകൊണ്ട് ഇരുവരും ആവര്‍ത്തിച്ചു വ്യക്തമാക്കുകയുണ്ടായി.
പൊതുസമൂഹത്തില്‍ നിഷ്പക്ഷരും മികച്ച ചരിത്രകാരന്മാരുമായി പ്രത്യക്ഷപ്പെട്ട് ഹിന്ദുക്കളോടും അവരുടെ പ്രശ്‌നങ്ങളോടും ശത്രുതാപരമായ സമീപനം പുലര്‍ത്തുന്ന ഇക്കൂട്ടരെ നയിക്കുന്നത് പാര്‍ട്ടി താല്‍പര്യമാണെന്ന് അയോധ്യാകേസിലെ ഹിന്ദുക്കള്‍ക്കനുകൂലമായ സുപ്രീംകോടതി വിധിയിലൂടെ തെളിയുകയുണ്ടായി. ഇവരിലൊരാള്‍ ഡി.എന്‍.ഝാ എന്നറിയപ്പെട്ട ദ്വിജേന്ദ്ര നാരായണ്‍ ഝാ ആയിരുന്നു. അയോധ്യയിലെ ബാബറി മസ്ജിദിനു അടിയില്‍ രാമക്ഷേത്രമില്ലെന്ന് വീറോടെ വാദിച്ചയാളാണ് ദല്‍ഹി സര്‍വകലാശാലയിലെ ചരിത്രവകുപ്പ് മേധാവിയായിരുന്ന ഝാ. ബാബറി മസ്ജിദോ രാമക്ഷേത്രമോ എന്നു ചോദിച്ച് ‘ഹിസ്റ്റോറിയന്‍സ് റിപ്പോര്‍ട്ട് ടു ദ നേഷന്‍’ എന്ന വ്യാജരേഖ തയ്യാറാക്കിയവരില്‍ ഝായും ഉണ്ടായിരുന്നു. ബാബറി മസ്ജിദിനു അടിയില്‍ ഹിന്ദുക്ഷേത്രമില്ലെന്ന് ഈ രേഖയില്‍ ഝാ വാദിച്ചു. ഈ നുണ പുരാവസ്തു വകുപ്പ് (എഎസ്‌ഐ) നടത്തിയ ഉത്ഖനനത്തില്‍ പൊളിഞ്ഞു. ഇത് പിന്നീട് സുപ്രീംകോടതിയും ഐതിഹാസികമായ വിധിയില്‍ ശരിവച്ചു. കോണ്‍ഗ്രസ്സ് അനുഭാവിയായി പ്രത്യക്ഷപ്പെട്ടിരുന്ന ഡി.എന്‍.ഝാ യഥാര്‍ത്ഥത്തില്‍ സിപിഐയിലെ അംഗമായിരുന്നു. സിപിഐ അനുസ്മരണ പരിപാടി സംഘടിപ്പിച്ചപ്പോള്‍ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.
കാശി വിശ്വനാഥ ക്ഷേത്രം പുനര്‍നിര്‍മിക്കണമെന്ന ആവശ്യത്തോടും ഇടതു ചരിത്രകാരന്മാര്‍ക്ക് യോജിപ്പില്ല. പതിവുപോലെ അവര്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു. ശ്രീരാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നതിനു പുറമെ കാശിവിശ്വനാഥ ക്ഷേത്രവും മഥുരയിലെ കൃഷ്ണ ജന്മസ്ഥാനവും മോചിപ്പിക്കണമെന്നത് അയോധ്യാ പ്രക്ഷോഭകാലത്തെ ആവശ്യമായിരുന്നു. അയോധ്യാ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ ഇക്കാര്യം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. മുസ്ലിം ആക്രമണകാലത്തും ആധിപത്യകാലത്തും നൂറുകണക്കിന് ക്ഷേത്രങ്ങളാണ് തച്ചുതകര്‍ത്തിട്ടുള്ളത്. 2011 ലെ സെന്‍സസ് അനുസരിച്ചു തന്നെ ചെറുതും വലുതുമായ മൂന്നു ദശലക്ഷം ക്ഷേത്രങ്ങളാണ് ഭാരതത്തിലുള്ളത്. ഇതില്‍ 10,000 പ്രാചീന ക്ഷേത്രങ്ങള്‍ പൂര്‍ണമായി തകര്‍ത്ത് അവയ്ക്കുമേല്‍ മസ്ജിദുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണം മാത്രമാണ് തങ്ങള്‍ തിരിച്ചു ചോദിക്കുന്നതെന്ന് അയോധ്യാ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയുണ്ടായി. 1984 ല്‍ ദല്‍ഹിയില്‍ ചേര്‍ന്ന 500 ലേറെ സന്ന്യാസിമാരുടെയും വിശ്വഹിന്ദു പരിഷത്ത് നേതാക്കളുടെയും യോഗം പുണ്യക്ഷേത്രങ്ങളായ അയോധ്യയും കാശിയും മഥുരയും ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടതാണ്. രാജ്യത്തെ മുസ്ലിങ്ങളുടെ ആരാധനാലയങ്ങള്‍ മുഴുവന്‍ പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് അയോധ്യാ പ്രക്ഷോഭമെന്ന് ചില ഇടതുപക്ഷ ബുദ്ധിജീവികളും മുസ്ലിം നേതാക്കളും ആരോപണമുന്നയിച്ചപ്പോഴൊക്കെ ഈ ആരോപണം നിഷേധിച്ച്, അയോധ്യയും മഥുരയും കാശിയും മാത്രമാണ് തങ്ങള്‍ക്ക് തിരിച്ചുനല്‍കേണ്ടതെന്ന് വിശ്വഹിന്ദു പരിഷത്തും മറ്റും വ്യക്തമാക്കിയിരുന്നു. രാമജന്മഭൂമിയിലെ രാമക്ഷേത്രത്തിന് അനുകൂലമായി 2010 ല്‍ അലഹബാദ് ഹൈക്കോടതിയും 2019 ല്‍ സുപ്രീംകോടതിയും വിധിപറഞ്ഞപ്പോള്‍ അയോധ്യാ തോ ബസ് ഝാന്‍കി ഹെ കാശി മഥുര ബാക്കി ഹെ(അയോധ്യ ഒരു ആമുഖം മാത്രം, കാശിയും മഥുരയും ബാക്കിയാണ്) എന്ന മുദ്രാവാക്യമുയര്‍ന്നത് ഈ പശ്ചാത്തലത്തിലാണ്. യഥാര്‍ത്ഥത്തില്‍ അതൊരു പുതിയ മുദ്രാവാക്യമായിരുന്നില്ല. ഇതിനാല്‍ അയോധ്യാവിധി ഹിന്ദുക്കള്‍ക്ക് അനുകൂലമായതുകൊണ്ടുമാത്രമാണ് കാശിയുടെ പേരില്‍ അവകാശവാദമുന്നയിക്കുന്നതെന്ന് പറയുന്നത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്.
യഥാര്‍ത്ഥത്തില്‍ അയോധ്യാപ്രക്ഷോഭത്തിന്റെ കാര്യത്തിലെന്നപോലെ കാശിവിശ്വനാഥക്ഷേത്രത്തിന്റെ വിമോചനത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഹിന്ദുത്വ സംഘടനകള്‍ അങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതിനും വളരെ മുന്‍പേ, വിശ്വഹിന്ദുപരിഷത്തിനെപ്പോലുള്ള സംഘടനകള്‍ രൂപംകൊള്ളുന്നതിനും മുന്‍പ് കാശിവിശ്വനാഥ ക്ഷേത്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭം ഹിന്ദുക്കള്‍ നടത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് 1809 ല്‍ കാശിയില്‍ രക്തരൂഷിതമായ ഒരു ഹിന്ദു-മുസ്ലിം വര്‍ഗീയ കലാപം നടക്കുകയുണ്ടായി. ഇതിന്റെ കാരണമെന്തെന്ന് കല്‍ക്കട്ട ഇന്‍ കൗണ്‍സിലിലെ വൈസ് പ്രസിഡന്റ് വാരാണസിയിലെ മജിസ്‌ട്രേറ്റായിരുന്ന വാട്‌സനോട് ആരായുകയുണ്ടായി. ഔറംഗസീബ് തകര്‍ത്ത കാശിവിശ്വനാഥ ക്ഷേത്രത്തെ ചൊല്ലിയാണ് കലാപം നടന്നതെന്നാണ് വാട്‌സണ്‍ റിപ്പോര്‍ട്ട് നല്‍കിയത്. തര്‍ക്കം തീര്‍ക്കാന്‍ മുസ്ലിങ്ങളെ ജ്ഞാനവാപി മസ്ജിദില്‍നിന്ന് നീക്കണമെന്നും വാട്‌സണ്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശം കല്‍ക്കട്ട ഇന്‍ കൗണ്‍സില്‍ നിരാകരിക്കുകയായിരുന്നു. കാരണം തര്‍ക്കം തീരണമെന്ന് ബ്രിട്ടീഷുകാര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. ഈ വസ്തുതകള്‍ 1936 ല്‍ വാരാണസി കോടതിയില്‍ ഹാജരാക്കുകയുണ്ടായി. കാശിയും മഥുരയും ചേര്‍ത്തുവച്ചാണ് അയോധ്യാ ക്ഷേത്രവിമോചനത്തെക്കുറിച്ച് ഹിന്ദുസംഘടനകള്‍ പറഞ്ഞിരുന്നത്. അയോധ്യാപ്രക്ഷോഭം വിജയം കണ്ടപ്പോഴും ഈ നിലപാടിന് മാറ്റമുണ്ടായിട്ടില്ല. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം നടക്കുന്നതിനിടെ 2020 സപ്തംബറില്‍ 14 അഖാഡകളെ പ്രതിനിധീകരിക്കുന്ന അഖില ഭാരതീയ അഖാഡ പരിഷത്ത് യുപിയിലെ പ്രയാഗ്‌രാജില്‍ ചേര്‍ന്ന് കാശിവിശ്വനാഥക്ഷേത്രം മോചിപ്പിക്കണമെന്ന് പ്രമേയം പാസ്സാക്കുകയുണ്ടായി. കാശിയില്‍ ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിക്കപ്പെട്ടതെന്ന് പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു. ജ്ഞാനവാപി മസ്ജിദ് സമുച്ചയത്തില്‍ പുരാവസ്തു പര്യവേഷണം നടത്താന്‍ വാരാണസി കോടതി ഉത്തരവിട്ടതിനും ആറുമാസം മുന്‍പാണ് സന്ന്യാസിമാരുടെ ഈ യോഗം നടന്നത്.
500 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചിരിക്കുകയാണെന്നും, കാശിയെയും മഥുരയെയും മോചിപ്പിക്കേണ്ട സമയമാണിതെന്നും, അതിനായി വേണ്ടിവന്നാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹേന്ദ്രഗിരി സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറയുകയുണ്ടായി. കാശിയും മഥുരയും മോചിപ്പിക്കാന്‍ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ മാതൃകയില്‍ സമരം ആരംഭിക്കണമെന്നും, ഇതിനായി ആര്‍എസ്എസ്സിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും സഹായം തേടണമെന്നും മഹേന്ദ്ര ഗിരി അഭിപ്രായപ്പെട്ടു. ”അയോധ്യയ്ക്കുവേണ്ടി സന്ന്യാസിമാര്‍ സമരം ചെയ്ത് വിജയം വരിച്ചതുപോലെ കാശിക്കും മഥുരയ്ക്കുംവേണ്ടി പോരാടാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്… ജ്ഞാനവാപി മസ്ജിദിലെ ഉത്ഖനനത്തിലൂടെ പുറത്തുവരുന്ന പുരാവസ്തു അവശിഷ്ടങ്ങള്‍ അവിടെ ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന് തെളിയിക്കും. മഥുരയിലും ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചിട്ടുള്ളത്. അഖാഡ പരിഷത്ത് കേസില്‍ കക്ഷി ചേര്‍ന്ന് നിയമയുദ്ധം നടത്തും. നിയമവിരുദ്ധ മാര്‍ഗങ്ങളൊന്നും അവലംബിക്കില്ല. കോടതികളുടെ തീരുമാനം അനുകൂലമാവുമെന്ന ആത്മവിശ്വാസമുണ്ട്” ഇതാണ് മഹേന്ദ്ര ഗിരിക്ക് പറയാനുള്ളത്. ”കാശിയും മഥുരയും മോചിപ്പിക്കാന്‍ ഹിന്ദുസംഘടനകളായ ആര്‍എസ്എസില്‍നിന്നും വിശ്വഹിന്ദു പരിഷത്തില്‍നിന്നും, ഹിന്ദുക്കളും മുസ്ലിങ്ങളുമായ സാധാരണക്കാരില്‍നിന്നും അഖാഡ പരിഷത്ത് സ്വമേധയായുള്ള പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഈ ആവശ്യത്തില്‍ സമവായത്തിലൂടെ തീരുമാനമുണ്ടാകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതില്‍ പരാജയപ്പെട്ടാല്‍ സുപ്രീംകോടതിയെ സമീപിക്കും” മഹേന്ദ്ര ഗിരി അഭിപ്രായപ്പെട്ടു. 2020 ജനുവരിയില്‍ ഗുജറാത്തിലെ സര്‍സയില്‍ ചേര്‍ന്ന സന്ന്യാസിമാരുടെ യോഗവും കാശി-മഥുര ക്ഷേത്രങ്ങളുടെ പേരിലുള്ള അവകാശവാദം കയ്യൊഴിയാന്‍ മുസ്ലിങ്ങളോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.

സന്ന്യാസിമാരുടെ മാര്‍ഗദര്‍ശനത്തില്‍ അയോധ്യാ പ്രക്ഷോഭത്തെ നയിച്ച വിശ്വഹിന്ദു പരിഷത്തിന്റെ നേതാക്കള്‍ എല്ലാവരും കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ വിമോചനത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയിട്ടുള്ളവരാണ്. അശോക് സിംഗാള്‍, ഉമാ ഭാരതി, വിഷ്ണു ഹരി ഡാല്‍മിയ, വിനയ് കത്ത്യാര്‍ എന്നിവര്‍ കാശിയുടെ വിമോചനം തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. 2008 ജൂണില്‍ ഹരിദ്വാറില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്തിന്റെ മാര്‍ഗദര്‍ശക് മണ്ഡല്‍ രാമേശ്വരം മുതല്‍ ശ്രീലങ്കയിലെ ധനുഷ്‌കോടി വരെ കടലിന്നടിയില്‍ സ്ഥിതിചെയ്യുന്ന രാമസേതു സംരക്ഷിക്കണമെന്ന് പ്രമേയത്തിലൂടെ അന്നത്തെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. ഈ പ്രമേയത്തിലും അയോധ്യയും കാശിയും മഥുരയും ഹിന്ദുക്കളുടെ പുണ്യസങ്കേതങ്ങളാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അയോധ്യാ കേസില്‍ ഹിന്ദുക്കള്‍ക്ക് അനുകൂലമായ വിധിയുണ്ടായതോടെ കാശിക്കുവേണ്ടിയുള്ള പ്രക്ഷോഭം വിശ്വഹിന്ദുപരിഷത്തിന്റെ അജണ്ടയിലില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയുണ്ടായി. ഏതെങ്കിലുമൊരു നേതാവിനെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഹിന്ദുത്വ മുന്നേറ്റത്തിന്റെ വിശ്വാസ്യത നശിപ്പിക്കാം എന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍.
അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം കഴിഞ്ഞ് ക്ഷേത്രനിര്‍മാണം നടന്നുകൊണ്ടിരിക്കെയാണ് കാശിക്ഷേത്ര വിമോചനത്തില്‍ നിര്‍ണായകമായേക്കാവുന്ന ഉത്തരവ് വാരാണസി കോടതിയില്‍നിന്നുണ്ടായത്. സ്ഥാപിത താല്‍പ്പര്യത്തോടെ ഇക്കാര്യത്തില്‍ വിശ്വഹിന്ദുപരിഷത്തിന്റെ പ്രതികരണം അറിയാന്‍ മാധ്യമങ്ങള്‍ തിരക്കുകൂട്ടി. ”ചരിത്ര വസ്തുതകള്‍ കണ്ടെത്താനാണ് വാരാണസി കോടതിയുടെ ഉത്തരവ്. ആ വസ്തുതകള്‍ സുവിദിതമാണ്. വിശ്വഹിന്ദു പരിഷത്തിനെ സംബന്ധിച്ചിടത്തോളം 2024 മുന്‍പ് ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കില്ല. ഈ സമയത്തിനുമുന്‍പ് രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഒരു ദൗത്യം നമുക്ക് പൂര്‍ത്തീകരിക്കാം. അതിനുശേഷം മറ്റേത് (കാശി വിമോചനം) പരിഗണിക്കും.” വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാറിന്റെ ഈ വാക്കുകളില്‍ എല്ലാം വ്യക്തമാണ്.
അടുത്തത്: ഹിന്ദുക്കളെ നിരായുധരാക്കാന്‍ ഒരു നിയമനിര്‍മാണം