കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ വിമോചനത്തിനെതിരെ ചിലര്‍ കണ്ടുവച്ചിരിക്കുന്നത് ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാസ്സാക്കിയ നിയമമാണ്. കാശി ക്ഷേത്രം ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ പുരാവസ്തു പര്യവേഷണം നടത്താനുള്ള വാരാണസി കോടതിയുടെ ഉത്തരവ് 1991 ലെ ആരാധനാലയ നിയമത്തിന് എതിരാണെന്ന് ചിലര്‍ വാദിക്കുകയുണ്ടായി. ”വാരാണസി കോടതിയുടെ ഉത്തരവ് ഞങ്ങള്‍ അലഹബാദ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യും. ആരാധനാലയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട 1991 ലെ നിയമത്തിനെതിരാണ് ഈ കേസെന്നാണ് ഞങ്ങള്‍ കരുതുന്നത്. അയോധ്യാ കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ നിയമത്തെ ശരിവച്ചിട്ടുണ്ട്. ഗ്യാന്‍വാപി മസ്ജിദിന്റെ ഇപ്പോഴത്തെ നില ചോദ്യംചെയ്യാനാവില്ല. സാങ്കേതിക തെളിവുകള്‍ക്ക് ചില അടിസ്ഥാന വസ്തുതകളെ പിന്തുണയ്ക്കാന്‍ മാത്രമേ കഴിയൂ എന്നതിനാല്‍ പുരാവസ്തു പര്യവേഷണം നടത്താനുള്ള ഉത്തരവ് ചോദ്യം ചെയ്യാനാവുമെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയിട്ടുള്ള നിയമോപദേശം.” ചില മുസ്ലിം നേതാക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക്താക്കളും ഈ വാദമാണ് ഉന്നയിക്കുന്നത്.
യാന്ത്രികമായ ഈ വാദത്തെ ഹിന്ദുക്കളുടെ പക്ഷം അംഗീകരിക്കുന്നില്ല. 1991 ലെ നിയമം കാശിവിശ്വനാഥ ക്ഷേത്രത്തിന് ബാധകമാകില്ലെന്നാണ് കേസിന്റെ അഭിഭാഷകന്‍ വിജയ് ശങ്കര്‍ രസ്‌തോഗി പറയുന്നത്. ”സ്ഥലത്തിന്റെ മതപരമായ സ്വഭാവം ഞങ്ങള്‍ മാറ്റുന്നില്ല. കെട്ടിടത്തില്‍ വരുത്തുന്ന മാറ്റത്തിന് ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവത്തെ മാറ്റാനാവില്ല. കാശിയെ സംബന്ധിച്ചാണെങ്കില്‍ ആദ്യ നിലയുടെ ഭിത്തികളാണ് തകര്‍ത്തത്. അവിടുത്തെ വിഗ്രഹം ആരുംകൊണ്ടുവച്ചതല്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജ്യോതിര്‍ലിംഗം സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടതാണ്.” 1991 ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ പറയുന്നത് ഈ പരാതിക്ക് ഹിന്ദുമതത്തില്‍ വിശ്വസിക്കുകയും, അത് അപകടത്തിലാണെന്ന് കരുതുകയും ചെയ്യുന്ന വളരെയധികം വ്യക്തികളുടെ പ്രാതിനിധ്യ സ്വഭാവമുണ്ട് എന്നാണ്.
കേസ് പരിഗണിച്ച ജഡ്ജ് അശുതോഷ് തിവാരി പുറപ്പെടുവിച്ച ഉത്തരവില്‍ തന്നെ ഇങ്ങനെയാണ് പറയുന്നത്: ”ഇതിനു മുന്‍പ് കേസ് പരിഗണിച്ച കോടതി 1997 ഒക്‌ടോബര്‍ 18 ന് 1991 ലെ ആരാധനാലയ നിയമത്തിന്റെ നാലാം വകുപ്പ് പ്രകാരവും, 1908 ലെ സിവില്‍ പ്രൊസീജര്‍ കോഡിന്റെ റൂള്‍ 11(സി) പ്രകാരവും പരാതിക്കാരന്റെ ഹര്‍ജി നിഷേധാത്മകമായാണോ തടഞ്ഞത് എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. ഈ ഉത്തരവ് ചോദ്യം ചെയ്യപ്പെടുകയും തെളിവുകള്‍ പരിശോധിച്ച് പ്രശ്‌നത്തില്‍ പുതുതായി തീരുമാനമെടുക്കാന്‍ അപ്പീല്‍ കോടതി 1998 നവംബര്‍ 23 ന് ഈ കോടതിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുള്ളതാണ്.” 1991 ലെ ആരാധനാലയ നിയമം വിസ്മരിച്ചുകൊണ്ടല്ല വാരാണസി കോടതി ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ പുരാവസ്തു പര്യവേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഇതില്‍നിന്ന് വ്യക്തമാവുന്നു.
യഥാര്‍ത്ഥത്തില്‍ പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്കെതിരെ ഉദ്ദേശ്യശുദ്ധിയില്ലാതെ തിരക്കിട്ട് കൊണ്ടുവന്നതാണ് 1991 ലെ ആരാധനാലയ കേന്ദ്രങ്ങളുടെ മതപരമായ സ്വഭാവം സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള നിയമം. അയോധ്യാ പ്രക്ഷോഭം ശക്തമായിരിക്കെ തല്‍പ്പരകക്ഷികളുടെ സമ്മര്‍ദ്ദ ഫലമായിരുന്നു ഇത്. നിയമനിര്‍മാണത്തിനെതിരെ പ്രതിപക്ഷമായ ബിജെപി അന്നുതന്നെ രംഗത്ത് വരികയുണ്ടായി. നടപടിക്രമങ്ങള്‍ പാലിച്ചല്ല നിയമഭദേഗതിക്കുള്ള ബില്ലു കൊണ്ടുവന്നിട്ടുള്ളതെന്ന് ബിജെപി അംഗം രാംനായിക് ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
അയോധ്യാ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തയാളും ബിജെപി എംപിയുമായിരുന്ന ഉമാഭാഭാരതി ബില്ലിനെ ശക്തമായി എതിര്‍ക്കുകയുണ്ടായി. പൂച്ചകള്‍ക്കു നേരെ കണ്ണടച്ചാല്‍ രക്ഷപ്പെടുമെന്ന് പ്രാവുകള്‍ കരുതുന്നതുപോലെയാണ് ഈ നിയമനിര്‍മാണമെന്നും, ഇത് ശരിയല്ലെന്നുമാണ് ഉമാഭാരതി പറഞ്ഞത്. ”ആരാധനാലയങ്ങളുടെ കാര്യത്തില്‍ 1947 ലെ തല്‍സ്ഥിതി നിലനിര്‍ത്തുന്നത് പൂച്ചകളുടെ കടന്നാക്രമണങ്ങള്‍ക്കെതിരെ പ്രാവുകള്‍ കണ്ണടക്കുന്നതുപോലെയാണ്. 1947 ലെ തല്‍സ്ഥിതി നിലനിര്‍ത്തുന്നതിനര്‍ത്ഥം വരുംതലമുറകള്‍ക്കുവേണ്ടിയും സംഘര്‍ഷം നിലനിര്‍ത്തുന്നുവെന്നാണ്. ഞാന്‍ ഒരു ഉദാഹരണം ചൂണ്ടിക്കാട്ടട്ടെ. 20 ദിവസം മുന്‍പ് ഞാന്‍ ഗ്യാന്‍വാപി സന്ദര്‍ശിച്ചിരുന്നു. ഇതിനു മുന്‍പ് ഞാന്‍ അവിടെ പോയിട്ടില്ല. ആ സമയത്ത് വാരാണസിയില്‍ കനത്ത മഴയായിരുന്നു. മസ്ജിദ് നിര്‍മിക്കാന്‍ ഔറംഗസീബ് തകര്‍ത്ത കാശിവിശ്വനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ഞങ്ങള്‍ ചെന്നു… തകര്‍ത്ത നിലയിലാണെങ്കിലും ക്ഷേത്രാവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് മസ്ജിദ് പണിതിട്ടുള്ളതെന്ന് ഞാന്‍ കണ്ടു. എന്റെ ശരീരത്തില്‍ രോഷം ഇരച്ചുകയറി. എന്റെ പൂര്‍വികരുടെ ദുര്‍വിധിയോര്‍ത്ത് നിരാശ തോന്നി. അവര്‍ എന്റെ സ്ത്രീത്വത്തെ വെല്ലുവിളിക്കുകയാണെന്നും, കേവലം ഒരു മസ്ജിദ് നിര്‍മിക്കുകയായിരുന്നോ ഔറംഗസീബിന്റെ ഉദ്ദേശ്യമെന്നും, അങ്ങനെയായിരുന്നെങ്കില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ എന്തിന് അവശേഷിപ്പിച്ചുവെന്നും എന്റെ മനഃസാക്ഷി എന്നോട് ചോദിക്കുന്നതായും എനിക്ക് തോന്നി. ഹിന്ദുക്കളെ അവരുടെ ചരിത്രപരമായ ദുര്‍വിധി ഓര്‍മിപ്പിക്കാനും, മുസ്ലിങ്ങളുടെ പുതിയ തലമുറയെ അവരുടെ പൂര്‍വകാല മഹിമയും അധികാരവും ഓര്‍മിപ്പിക്കുന്നതിനുമായിരുന്നില്ലേ ക്ഷേത്രം തകര്‍ത്തതിന്റെ അവശിഷ്ടങ്ങള്‍ മസ്ജിദിന്റെ സ്ഥലത്ത് ഔറംഗസീബ് ഉപേക്ഷിച്ചുപോയത്? ഇത് ഒന്നാമതായി ഔറംഗസീബിന്റെയും രണ്ടാമതായി ബ്രിട്ടീഷുകാരുടെയും പൈശാചിക വേലയായിരുന്നു. ഔറംഗസീബും ബ്രിട്ടീഷുകാരും ചെയ്ത തെറ്റ് നിലനിര്‍ത്താനാണോ ഈ ബില്ല് കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസ്സ് സര്‍ക്കാരില്‍നിന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് തര്‍ക്കം സജീവമായി നിലനിര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നത്? വരുംതലമുറകള്‍ വാരാണസിയിലേക്ക് പോകും. വാരാണസിയുടെ കരകള്‍ പവിത്രമായിരിക്കുന്നിടത്തോളം ജനങ്ങള്‍ അവിടേക്ക് പോവുകയും പഴയ ക്ഷേത്രം കാണുകയും ചെയ്യും. വരുംതലമുറകള്‍ക്കായി പ്രശ്‌നം സജീവമാക്കി നിര്‍ത്തുകയെന്നത് ഔറംഗസീബിന്റെയും ബ്രിട്ടീഷുകാരുടെയും വിനാശകരമായ പദ്ധതിയായിരുന്നു. തര്‍ക്കം സജീവമായി നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് വീണ്ടും 1947 ലെ തല്‍സ്ഥിതിക്കുവേണ്ടി ശ്രമിക്കുന്നത്. ദുരുദ്ദേശ്യമില്ലെങ്കില്‍ തര്‍ക്കം പരിഹരിക്കാനുള്ള ശരിയായ വഴി ഇതായിരുന്നില്ല. ക്ഷേത്രമോ മസ്ജിദോ ആയിക്കൊള്ളട്ടെ, തര്‍ക്കമുള്ള ആരാധനാലയങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഏറ്റവും നല്ല വഴി ഇവയുടെ പാരമ്പര്യ മഹിമ പുനഃസ്ഥാപിക്കലാണ്.”
ഹിന്ദു സംഘടനകളും സംന്യാസിമാരും മുഴുവന്‍ ശ്രദ്ധയും രാമജന്മഭൂമി പ്രക്ഷോഭത്തില്‍ കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ കാശിയും മഥുരയും വിമോചിപ്പിക്കാനുള്ള നീക്കങ്ങളെ തേച്ചുമായ്ച്ചു കളയുക എന്ന ഗൂഢലക്ഷ്യമാണ് ആരാധനാലയ നിയമ നിര്‍മാണത്തില്‍ കോണ്‍ഗ്രസ്സിനുണ്ടായിരുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ വിമോചനത്തെക്കുറിച്ചുള്ള ഉമാഭാരതിയുടെ കത്തിജ്ജ്വലിക്കുന്ന വാക്കുകള്‍ ഇത് തുറന്നുകാണിക്കുന്നു. ഭാരതത്തിലെ ഹിന്ദുക്കള്‍ രാമജന്മഭൂമി മോഡല്‍ പ്രക്ഷോഭം നടത്തുന്നത് തടയുക എന്ന ലക്ഷ്യമായിരുന്നു നരസിംഹറാവുവിന്റെ സര്‍ക്കാരിനുണ്ടായിരുന്നത്. ഏതെങ്കിലും ആരാധനാലയ കേന്ദ്രങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നത് തടയുകയും, ഏത് ആരാധനാലയങ്ങള്‍ക്കും 1947 ആഗസ്റ്റ് 15 ലെ മതപരമായ സ്വഭാവം സംരക്ഷിക്കുകയുമാണ് ഈ നിയമനിര്‍മാണത്തിന്റെ ഉദ്ദേശ്യലക്ഷ്യമായി പറഞ്ഞിരുന്നത്. ഒരു ആരാധനാലയം യഥാര്‍ത്ഥത്തില്‍ ഒരു ക്ഷേത്രമാണെന്നുവരികിലും 1945 ആഗസ്റ്റ് 15 ന് ഒരു മസ്ജിദാണെങ്കില്‍ അത് അങ്ങനെതന്നെ തുടരുമെന്നാണ് ഈ നിയമം പ്രഖ്യാപിക്കുന്നത്. ഏതെങ്കിലും ഒരു മതത്തിന്റെയോ, ഒരേ മതത്തില്‍പ്പെട്ട വ്യത്യസ്ത വിഭാഗങ്ങളുടെയോ ആരാധനാ കേന്ദ്രങ്ങളുടെ സ്വഭാവം മാറ്റുകയോ മാറ്റാന്‍ ശ്രമിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം.
മതേതരത്വത്തിന്റെ പേരു പറഞ്ഞായിരുന്നു ഈ നിയമനിര്‍മാണമെങ്കിലും ഹിന്ദുക്കളെയും ജൈനമതക്കാരെയും ബുദ്ധമതക്കാരെയും തടയുകയായിരുന്നു ലക്ഷ്യം. മുസ്ലിം കടന്നാക്രമണകാരികള്‍ നശിപ്പിക്കുകയും മസ്ജിദുകളാക്കി മാറ്റുകയും ചെയ്ത ആരാധനാലയങ്ങള്‍ വീണ്ടെടുത്ത് അഭിമാനം സംരക്ഷിക്കുന്നതില്‍നിന്ന് ഇവരെ തടയുക. ഹിന്ദുക്ഷേത്രങ്ങളുടെ ഭഗ്നാവശിഷ്ടങ്ങളില്‍നിന്ന് നിര്‍മിച്ച കാശിയിലെയും മഥുരയിലെയും മറ്റിടങ്ങളിലെയും മസ്ജിദുകള്‍ സംരക്ഷിക്കുന്നതിനായിരുന്നു ഈ നിയമം. ഇസ്ലാമിക കടന്നാക്രമണകാരികളുടെ മതതീവ്രവാദത്തെ നിഷേധിക്കാന്‍ നിയമനിര്‍മാണത്തിനുള്ള സ്വന്തം അധികാരം ദുരുപയോഗിക്കുകയായിരുന്നു പാര്‍ലമെന്റ്.
കാശിവിശ്വനാഥ ക്ഷേത്രം തകര്‍ത്ത് അതിനോടനുബന്ധിച്ച് ഔറംഗസേബ് നിര്‍മിച്ച മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചില ശിവഭക്തര്‍ വാരാണസി കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും 1991 ലെ ആരാധനാലയ നിയമത്തിന്റെ ഏകപക്ഷീയ സ്വഭാവത്തെ ചോദ്യം ചെയ്യുന്നുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഉറപ്പുനല്‍കുന്ന ഹിന്ദുക്കളുടെ മതപരമായ അവകാശത്തെ മുറിവേല്‍പ്പിച്ച ഒരു കടന്നാക്രമണകാരിയുടെ നിയമവിരുദ്ധമായ പ്രവൃത്തിയെ നിയമനിര്‍മാണത്തിലൂടെ സാധൂകരിക്കാന്‍ പാര്‍ലമെന്റിനാവില്ല. കോടതി നടപടികളിലൂടെ ഹിന്ദുക്കള്‍ തങ്ങളുടെ ആരാധനാലയ കേന്ദ്രങ്ങള്‍ തിരിച്ചെടുക്കുന്നതിനെ തടയാനും പാര്‍ലമെന്റിന് കഴിയില്ല. ഭക്തരില്‍ നിക്ഷിപ്തമായ മതപരമായ അവകാശം എടുത്തുമാറ്റാനോ ചുരുക്കാനോ നിയമനിര്‍മാണത്തിലൂടെ പാര്‍ലമെന്റിനാവില്ല. മുന്‍കാല പ്രാബല്യത്തോടെയുള്ള നിയമനിര്‍മാണവും സാധ്യമല്ല. മറ്റ് മതത്തില്‍പ്പെട്ടവര്‍ അധികാരത്തിന്റെ ബലത്തില്‍ തങ്ങളുടെ ആരാധനാലയങ്ങളിലേക്ക് കടന്നുകയറിയതിനെതിരെ പരിഹാരം തേടാനുള്ള ഹിന്ദുക്കളുടെ അവകാശം നിഷേധിക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ല എന്നൊക്കെയാണ് ഈ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്.
കാശിവിശ്വനാഥ ക്ഷേത്ര വിമോചനത്തെ എതിര്‍ക്കാന്‍ 1991 ലെ ആരാധനാലയ നിയമം ഉപയോഗിക്കാനാണ് പല മുസ്ലിം നേതാക്കളും ആഗ്രഹിക്കുന്നത്. ഈ നിയമം പ്രാബല്യത്തിലുള്ളപ്പോള്‍ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ പുരാവസ്തു പര്യവേഷണം നടത്താനുള്ള വാരാണസി കോടതിയുടെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് ഇവര്‍ വാദിച്ചു. എന്നാല്‍ എല്ലാ മുസ്ലിം നേതാക്കള്‍ക്കും ഈ നിലപാടല്ല ഉള്ളത്. മുസ്ലിങ്ങളെ പ്രീണിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കൊണ്ടുവന്ന ആരാധനാലയ നിയമം റദ്ദാക്കണമെന്ന് ഇവരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വി നിയമം റദ്ദാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയുണ്ടായി. മുഗള്‍ഭരണകാലത്ത് തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കണമെന്നും, അവിടങ്ങളിലുള്ള മസ്ജിദുകള്‍ നീക്കണമെന്നുമാണ് റിസ്‌വിയുടെ നിര്‍ദ്ദേശം. ”മുസ്ലിങ്ങളെ പ്രീണിപ്പിക്കാനും മുഗള്‍ ഭരണകാലത്ത് ക്ഷേത്രങ്ങള്‍ തകര്‍ത്ത് നിയമവിരുദ്ധമായി നിര്‍മിച്ച മസ്ജിദുകള്‍ സംരക്ഷിക്കാനും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം റദ്ദാക്കണമെന്നും” ആവശ്യപ്പെട്ട് റിസ്‌വി പ്രധാനമന്ത്രി മോദിക്ക് കത്തെഴുതുകയുണ്ടായി.
അഹൈന്ദവ മതക്കാര്‍ നടത്തിയ കടന്നാക്രമണങ്ങളുടെയും പീഡനങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും ആരാധനാലയ ധ്വംസനങ്ങളുടെയും പാപപങ്കിലമായ കഥകള്‍ നിറഞ്ഞ ചരിത്രത്തിലെ തെറ്റുകള്‍ തിരുത്തേണ്ടതില്ലെന്നും, ഹിന്ദു ജനത അപമാനം സഹിച്ച് കഴിഞ്ഞുകൂടേണ്ടവരാണെന്നുമുള്ള നെഹ്‌റൂവിയന്‍ മതേതരത്വത്തിന്റെ സൃഷ്ടിയായ നിരവധി നിയമനിര്‍മാണങ്ങള്‍ സ്വതന്ത്ര ഭാരതത്തില്‍ നടക്കുകയുണ്ടായി. തങ്ങള്‍ ജീവിക്കുന്നത് മുഗള്‍ഭരണകാലത്തോ ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചക്കാലത്തോ എന്ന് ഹിന്ദുക്കള്‍ സംശയിച്ചുപോകുന്ന സ്ഥിതിയായിരുന്നു. ഇസ്ലാമിക ഭരണാധികാരികള്‍ കൊണ്ടുവന്ന ജസിയയെയും, ബ്രിട്ടീഷ് ആധിപത്യം അംഗീകരിക്കാതിരുന്ന യുദ്ധോത്സുകരായ ചില ഗോത്രവര്‍ഗ ജനതകളെ ക്രിമിനല്‍ വിഭാഗങ്ങളായി പ്രഖ്യാപിക്കുന്ന നിയമത്തെയും അനുസ്മരിപ്പിക്കുന്നതായിരുന്നു കോണ്‍ഗ്രസ്സ് ഭരണകാലത്തെ ഹിന്ദു വിരുദ്ധ നിയമനിര്‍മാണങ്ങള്‍. ഹിന്ദുക്കള്‍ക്ക് ജാതിക്കതീതമായ ഐക്യമോ വോട്ടു ബാങ്കിന്റെ പിന്‍ബലമോ രാഷ്ട്രീയാധികാരമോ ഇല്ലാതിരുന്നതിനാല്‍ ഇത്തരം നിയമനിര്‍മാണങ്ങള്‍ അവര്‍ക്കുമേല്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞു.
വര്‍ഗീയ കലാപങ്ങള്‍ തടയാനെന്ന പേരില്‍ 2011 ല്‍ സോണിയ നേതൃത്വം നല്‍കുന്ന ദേശീയ ഉപദേശക സമിതി രൂപം നല്‍കുകയും, ഡോ. മന്‍മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്ത ബില്ല് ഹിന്ദുവിരുദ്ധ നിയമനിര്‍മാണങ്ങളോടുള്ള കോണ്‍ഗ്രസ്സിന്റെ തീവ്രമായ ആഭിമുഖ്യം പ്രകടമാക്കുന്ന ഒന്നായിരുന്നു. വര്‍ഗീയ കലാപത്തിലെ ഇരകള്‍ മത-ഭാഷാ ന്യൂനപക്ഷങ്ങളില്‍പ്പെടുന്നവരും പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരുമാണെന്ന നിര്‍വചനമാണ് ഈ ബില്ലില്‍ ഉണ്ടായിരുന്നത്. വര്‍ഗീയ കലാപമുണ്ടാക്കുന്നത് ഭൂരിപക്ഷ സമുദായത്തില്‍പ്പെടുന്നവരാണ്, ഒരിക്കലും ന്യൂനപക്ഷ സമുദായക്കാരല്ല എന്ന മുന്‍ധാരണയോടെയുള്ള നിയമനിര്‍മാണത്തിനാണ് ശ്രമം നടന്നത്. കോണ്‍ഗ്രസ്സിന്റെ വോട്ടുബാങ്ക് രാഷ്ട്രീയം ബില്ലിന്റെ രൂപമെടുക്കുകയായിരുന്നു. മന്‍മോഹന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നതോടെ നിയമനിര്‍മാണം സാധ്യമായില്ല.
വര്‍ഗീയ കലാപം തടയല്‍ ലക്ഷ്യമിട്ട ഈ ബില്ല് നിയമമായിരുന്നെങ്കില്‍ സമുദായ സൗഹാര്‍ദ്ദം വഷളാകുമായിരുന്നു. എന്നു മാത്രമല്ല, രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനവും തകരുമായിരുന്നു. ബില്ലിന്റെ വര്‍ഗീയ സ്വഭാവം പ്രത്യക്ഷത്തില്‍തന്നെ പ്രകടമാവുകയുണ്ടായി. പഞ്ചാബിലെ ജനസംഖ്യയില്‍ സിഖുകാര്‍ക്കാണ് ഭൂരിപക്ഷം. എന്നാല്‍ ഇവരില്‍നിന്ന് പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെ നീക്കിയാല്‍ സിഖുകാര്‍ വളരെ ചെറിയ വിഭാഗമാകും. കേരളത്തിന്റെ കാര്യമെടുത്താലും ഇത് ശരിയാണ്. ഹിന്ദു ഭൂരിപക്ഷം എന്നു പറയുന്നത് 55 ശതമാനത്തിന് താഴെ മാത്രമാണ് വരുന്നത്. ഇവരില്‍നിന്ന് പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെ ഒഴിവാക്കുന്നതോടെ ന്യൂനപക്ഷങ്ങളുടെ അപ്രമാദിത്വമാണ് നിലവില്‍ വരിക. ബില്ലിലെ നിര്‍വചനപ്രകാരം ഭൂരിപക്ഷം എന്നുപറയുന്നവര്‍ ഇരകളാക്കപ്പെടും. വര്‍ഗീയത തടയാനല്ല, ജനങ്ങളിലെ ഭൂരിപക്ഷ-ന്യൂനപക്ഷ വേര്‍തിരിവ് ഒന്നുകൂടി വലുതാക്കി രണ്ടാമത്തെ വിഭാഗത്തെ മാത്രം അക്രമങ്ങളുടെ ഇരകളായി കണ്ട് സംരക്ഷിക്കുകയെന്ന തന്ത്രമാണ് പ്രയോഗിച്ചത്. രാജ്യത്തെ പല വര്‍ഗീയ കലാപങ്ങളും നടന്നത് കോണ്‍ഗ്രസ്സ് ഭരണകാലത്തായിരുന്നു. ഗുജറാത്ത് കലാപമടക്കം പല കലാപങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളുടെ ഗൂഢാലോചനയുടെ ഫലമായിരുന്നു. 1992 ലെ മുംബൈ കലാപവും 1993 ലെ മുംബൈ ബോംബു സ്‌ഫോടനപരമ്പരയും ആരുടെ സൃഷ്ടിയായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഇതേ മനഃസ്ഥിതിയോടെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കൊണ്ടുവന്നതാണ് ആരാധനാലയങ്ങളുടെ 1947 ലെ സ്ഥിതിയില്‍ മാറ്റം വരുത്തുന്നത് കുറ്റകരമാക്കിക്കൊണ്ടുള്ള നിയമവും.
അയോധ്യാ പ്രശ്‌നം നിയമവ്യവഹാരത്തില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടാണ് 1991 ലെ ആരാധനാലയ നിയമം പാര്‍ലമെന്റ് കൊണ്ടുവന്നത്. കേസും നിയമവ്യവഹാരവും നിലനില്‍ക്കുന്നു എന്ന കാരണം പറഞ്ഞായിരുന്നു ഇത്. അയോധ്യയ്ക്ക് ബാധകമായ ഈ ഉപാധി കാശിക്കും ബാധകമാണ്. എന്തെന്നാല്‍ 1991 നും 75 വര്‍ഷം മുന്‍പുതന്നെ കാശിവിശ്വനാഥക്ഷേത്രം വീണ്ടെടുക്കാനുള്ള നിയമവ്യവഹാരത്തിന് തുടക്കമിട്ടതാണ്. 1669 ല്‍ ക്ഷേത്രം തകര്‍ക്കപ്പെട്ടതിനുശേഷം ഒരു ഘട്ടത്തിലും ഹിന്ദുക്കള്‍ അതിന്‍മേലുള്ള അവകാശം ഉപേക്ഷിച്ചില്ല. 1936 ല്‍ തന്നെ വാരാണസി കോടതിയില്‍ തര്‍ക്ക പ്രശ്‌നം എത്തിയതാണ്. എന്തു ന്യായത്തിലാണോ അയോധ്യയെ ആരാധനാലയ നിയമത്തില്‍നിന്ന് ഒഴിവാക്കിയത്, അതേ ന്യായം വച്ച് കാശിവിശ്വനാഥക്ഷേത്രത്തെയും ഒഴിവാക്കേണ്ടതാണ്. അതുണ്ടായില്ല. തുല്യനീതിയുടെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്.
അടുത്തത്: അയോധ്യാ കോടതിവിധിയും കാശിയിലെ അനീതിയും