ചരിത്രം രേഖീയമായി പുരോഗമിക്കുകയല്ല. അനാദിയും അനന്തവുമായ കാലത്തിലൂടെ ചാക്രികമായി സംഭവിക്കുകയാണ്. വിശാലമായ പരിപ്രേക്ഷ്യത്തില്‍ ചരിത്രത്തെ സംബന്ധിക്കുന്ന ഭാരതീയ ദര്‍ശനംതന്നെ ഇതാണെന്നു പറയാം. ആവര്‍ത്തിക്കപ്പെട്ട കടന്നാക്രമണങ്ങളിലൂടെ നാശോന്മുഖമാവുകയോ നിലംപൊത്തുകയോ ചെയ്ത ആത്മീയ കേന്ദ്രങ്ങളും സാംസ്‌കാരിക സ്മാരകങ്ങളുമൊക്കെ നൂറ്റാണ്ടുകള്‍ക്കുശേഷം ഭഗ്നാവശിഷ്ടങ്ങളില്‍നിന്ന് പൂര്‍വകാല മഹിമയോടെ ഉയര്‍ന്നുപൊങ്ങുന്നതില്‍ പ്രതിഫലിക്കുന്നത് ചരിത്രത്തിന്റെ ഈ ചാക്രിക സ്വഭാവമാണ്. ഇസ്ലാമിക വാഴ്ചക്കാലത്ത് മതപരമായ അസഹിഷ്ണുത ഒന്നുകൊണ്ടുമാത്രം തച്ചുതകര്‍ക്കപ്പെട്ടതാണ് അയോധ്യയിലെ രാമക്ഷേത്രം. ശ്രീരാമ ജന്മഭൂമിയില്‍ നാലര നൂറ്റാണ്ടുകാലം നിലനിന്ന ബാബറിമസ്ജിദ് ഇന്നൊരു പഴങ്കഥയാണ്. അതിന്റെ സ്ഥാനത്ത് ഭവ്യമായ രാമക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിന് തുടക്കം കുറിച്ചപ്പോള്‍ അത് ചരിത്രം കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ ആവര്‍ത്തിക്കുന്നതിന്റെ തെളിവായി മാറുകയായിരുന്നു.
ഒരു അറിയപ്പെടാത്ത ഇന്ത്യക്കാരന്റെ ആത്മകഥ (The Autobiography of an unknown Indian) എന്ന വിഖ്യാതഗ്രന്ഥത്തിന്റെ രചയിതാവും, വി.എസ്. നയ്പാളിനെപ്പോലെ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ പ്രമുഖനും, ബുക്കര്‍ പ്രൈസ് ജേതാവുമായിരുന്ന നീരദ് സി.ചൗധരി അയോധ്യ പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞത് ഇവിടെ ഓര്‍ക്കാവുന്നതാണ്. ”അയോധ്യയില്‍ സംഭവിച്ചത് മറ്റിടങ്ങളില്‍ സംഭവിക്കാന്‍ പാടില്ല. പക്ഷേ ഒരു മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് പരാതിപ്പെടാനുള്ള നേരിയ അവകാശം പോലും മുസ്ലിങ്ങള്‍ക്കില്ലെന്ന് ഞാന്‍ പറയുന്നു. എ.ഡി. 1000 തൊട്ട് കത്യവാര്‍ മുതല്‍ തിഹാര്‍ വരെയും ഹിമാലയം മുതല്‍ വിന്ധ്യ പര്‍വതം വരെയുമുള്ള ഓരോ ക്ഷേത്രവും തച്ചുതകര്‍ക്കപ്പെടുകയുണ്ടായി. ഉത്തരേന്ത്യയിലൊരിടത്തും ഒരൊറ്റ ക്ഷേത്രം പോലും ആക്രമിക്കപ്പെടാതിരുന്നിട്ടില്ല. പതിനെട്ടാം നൂറ്റാണ്ടിലെ ജെസ്യൂട്ട് പാതിരിയും ഗണിതജ്ഞനുമായിരുന്ന ടിപ്പന്‍താലെര്‍ പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്; മാള്‍വയില്‍ നിന്ന് സഞ്ചരിക്കുമ്പോള്‍ ഒരു സായാഹ്നത്തില്‍ ചില ഗ്രാമവാസികള്‍ സ്വജീവന്‍ അപകടപ്പെടുത്തിക്കൊണ്ട് (ഒരുകാലത്ത് ക്ഷേത്രം നിലനിന്നിരുന്നിടത്ത്) കത്തിച്ചുവച്ച ചെറു മണ്‍ചിരാതുകളിലെ മങ്ങിയ തീനാളങ്ങള്‍ കാണുകയുണ്ടായി…. മുസ്ലിങ്ങളുടെ അധികാരം വ്യാപിക്കാതിരുന്ന നിബിഡ വനങ്ങളിലെ ക്ഷേത്രങ്ങള്‍ മാത്രമാണ് തകര്‍ക്കപ്പെടാതിരുന്നത്. മറിച്ചായിരുന്നെങ്കില്‍ കിരാത വാഴ്ചയുടെ തുടര്‍ച്ചയാവുമായിരുന്നു. അല്‍പ്പമെങ്കിലും ആത്മാഭിമാനമുള്ള ഒരു രാജ്യത്തിനും വിസ്മരിക്കാനാവാത്ത കാര്യമാണിത്. അവര്‍ നമ്മുടെ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. ജസിയ എന്ന മത നികുതി ചുമത്തി. എന്തിന് നാം ഇതൊക്കെ മറക്കുകയും പൊറുക്കുകയും ചെയ്യണം? ചരിത്രപരമായ ഈ വാദഗതി ഒരിക്കലെങ്കിലും മുസ്ലിങ്ങള്‍ അംഗീകരിച്ചിരുന്നെങ്കില്‍ അയോധ്യയില്‍ സംഭവിച്ചത് ഉണ്ടാകുമായിരുന്നില്ല. നിരന്തര വിപ്ലവമെന്നത് ആദ്യം കണ്ടുപിടിച്ചത് മുസ്ലിങ്ങളാണ്. കമ്മ്യൂണിസ്റ്റുകള്‍ അവരില്‍നിന്ന് അത് ഏറ്റെടുത്തു. അമുസ്ലിങ്ങളുടെ രാഷ്ട്രീയ അധികാരത്തിന് കീഴില്‍ ഒരു മുസ്ലിമിനും ജീവിക്കാനാവില്ല. മുസ്ലിങ്ങള്‍ ലോകത്തെ രണ്ട് മേഖലകളായി വിഭജിക്കുന്നു-സമാധാനത്തിന്റെ മേഖലയും സംഘര്‍ഷത്തിന്റെ മേഖലയും. ആദ്യത്തേതിനെ ഇസ്ലാമിന്റെ കൂട്ടത്തിലേക്ക് കൊണ്ടുവരേണ്ടത് ഓരോ മുസ്ലിമിന്റെയും കടമയാണ്. അറബിയില്‍ ഖലീഫ എന്നതിന് ‘വിശ്വാസികളുടെ കമാന്റര്‍’ എന്നാണ് അര്‍ത്ഥം. ജിഹാദ് എന്നത് അയാളുടെ കടമയുമാണ്.”
ശ്രീരാമജന്മഭൂമിയിലെ കളങ്കം ശാശ്വതവല്‍ക്കരിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള ചരിത്രപരമായ തിരിച്ചടിയായിരുന്നു 1992 ലെ ബാബറി മസ്ജിദിന്റെ തകര്‍ച്ച. അയോധ്യയിലെ ഐതിഹാസികമായ മുന്നേറ്റം ആദ്യത്തെയോ അവസാനത്തെയോ അല്ല. മുസ്ലിം ആക്രമണകാരികള്‍ പലവട്ടം ആക്രമിച്ചു തകര്‍ത്ത ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സ്വതന്ത്ര ഭാരതത്തില്‍ പുനര്‍നിര്‍മിച്ചതിന്റെ തുടര്‍ച്ചയായി അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ കാണാം. അടുത്തത് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മോചനമാണെന്ന് തീര്‍ച്ചപ്പെട്ടിരിക്കുന്നു. കാശിവിശ്വനാഥ ക്ഷേത്രവും ജ്ഞാനവാപി മസ്ജിദും നിലനില്‍ക്കുന്ന സ്ഥലത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് (എഎസ്‌ഐ) സമഗ്രമായ ഒരു പുരാവസ്തു പര്യവേഷണം നടത്താന്‍ വാരാണസി ജില്ലാ കോടതി ഉത്തരവിട്ടത് ചരിത്രപരമായ പ്രാധാന്യം അര്‍ഹിക്കുന്നു.
വാരാണസി ജില്ലാ കോടതിയുടെ ഈ ഉത്തരവ് ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. നിയമപ്പോരാട്ടത്തിന്റെ ഒരു നീണ്ട ചരിത്രം അതിനുണ്ട്. 1991 ലാണ് ജ്ഞാനവാപി മസ്ജിദിന്റെ സ്ഥല ഉടമസ്ഥതയുമായി ബന്ധപ്പെട്ട പരാതി വാരാണസി കോടതിയിലെത്തുന്നത്. മൂന്നുപേരായിരുന്നു പരാതിക്കാര്‍. കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ പൂജാരിയുടെ പിന്മുറക്കാരന്‍ പണ്ഡിറ്റ് സോമനാഥ് വ്യാസ്, സംസ്‌കൃത പ്രൊഫസര്‍ രാംരംഗ് ശര്‍മ, സാമൂഹ്യ പ്രവര്‍ത്തകനായ ഹരിഹര്‍ പാണ്ഡ. വിജയ് ശങ്കര്‍ രസ്‌തോഗിയായിരുന്നു ഇവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍.
ശരിക്കുള്ള ക്ഷേത്രം 2050 വര്‍ഷം മുന്‍പ് വിക്രമാദിത്യ രാജാവ് നിര്‍മിച്ചതാണ്. 1669 ല്‍ ഔറംഗസീബ് ഈ ക്ഷേത്രം തകര്‍ത്തു. ക്ഷേത്രാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് ക്ഷേത്രത്തിന്റെ സ്ഥലത്തുതന്നെയാണ് ജ്ഞാനവാപി മസ്ജിദ് നിര്‍മിച്ചത്. അതിനാല്‍ ക്ഷേത്ര ഭൂമി ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പൊളിച്ചുകളഞ്ഞ ക്ഷേത്രത്തിന്റെ ഒരു ഭാഗം ഇപ്പോഴും നിലനില്‍ക്കുന്നതായും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആരാധനാലയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട 1991 ലെ നിയമനിര്‍മാണ പ്രകാരം തര്‍ക്കം കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്നു പറഞ്ഞ് ജ്ഞാനവാപി മസ്ജിദിന്റെ ഭരണച്ചുമതലയുള്ള അന്‍ജുമാന്‍ ഇന്തസാമിയ 1998 ല്‍ വാരാണസി ജില്ലാ കോടതിയിലെ ഹര്‍ജിക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. കീഴ്‌ക്കോടതിയുടെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേയുടെ കാലാവധി കഴിഞ്ഞതിനാല്‍ 2019 ല്‍ ഹര്‍ജിക്കാരുടെ അഭിഭാഷകനായ രസ്‌തോഗി ജ്ഞാനവാപി മസ്ജിദ് വളപ്പില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വേ നടത്തണമെന്ന ആവശ്യമുന്നയിച്ച് മറ്റൊരു ഹര്‍ജിയും വാരാണസി കോടതിയില്‍ നല്‍കി. ഇങ്ങനെ മാത്രമേ പ്രശ്‌നം പരിഹരിക്കാനാവൂ എന്ന നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. മൂന്നു കക്ഷികളാണ് കേസിലുള്ളത്. ഒന്ന്: അയോധ്യയിലെ രാംലാലയെപ്പോലെ വിശ്വേശ്വരനായ ശിവഭഗവാന്‍. അഭിഭാഷകനായ രസ്‌തോഗിയെ കോടതി ‘ശിവഭഗവാന്റെ സുഹൃത്തായി’ പ്രഖ്യാപിച്ചു. രണ്ട്: സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. മൂന്ന്: അന്‍ജുമാന്‍ ഇന്തസാമിയ മസ്ജിദ് കമ്മറ്റി.
ഇതിനിടെ ശിവഭക്തരായ സത്യം ത്രിപാഠി, ആശിഷ് കുമാര്‍ ശുക്ല, പവന്‍ കുമാര്‍ പഥക് എന്നിവര്‍ അഭിഭാഷകരായ ഹരിശങ്കര്‍ ജയിന്‍, വിഷ്ണു ശങ്കര്‍ ജയിന്‍ എന്നിവര്‍ മുഖേന വാരാണസി കോടതിയില്‍ മറ്റൊരു ഹര്‍ജിയും സമര്‍പ്പിച്ചു. പുരാതനമായ കാശിവിശ്വനാഥ ക്ഷേത്രം തകര്‍ത്ത് അതിനോട് ചേര്‍ന്ന് ഔറംഗസീബ് നിര്‍മിച്ചിട്ടുള്ള ജ്ഞാനവാപി മസ്ജിദ് നീക്കം ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ”വാരാണസി നഗരത്തിന്റെ ഹൃദയഭാഗമായ ദശാശ്വമേധ ഘട്ടില്‍ വരുന്ന പ്ലോട്ട് നമ്പര്‍ 9130 ല്‍ സ്ഥിതി ചെയ്യുന്ന ദേവീമാതാവായ ശ്രംഗാര്‍ ഗൗരി, ഗംഗാദേവി, ഭഗവാന്‍ ഹനുമാന്‍, ഗണപതി ഭഗവാന്‍, നന്ദികേശന്‍ എന്നിവര്‍ക്കൊപ്പം ആദിവിശ്വേശ്വരനെയും ദര്‍ശിക്കാനും പൂജ നടത്താനും അനുവദിച്ചുകൊണ്ടുള്ള കോടതിയുടെ പ്രഖ്യാപനം വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. മുസ്ലിങ്ങളുടെ നിയമവിരുദ്ധമായ നിര്‍മാണ പ്രവര്‍ത്തനമുണ്ടെങ്കിലും ശ്രംഗാര്‍ ദേവിയുടെ സ്വയംഭൂ വിഗ്രഹവും, മറ്റ് നിരവധി ദേവീദേവന്മാരുടെ വിഗ്രഹങ്ങളുമുള്ള തര്‍ക്ക കെട്ടിടം അതിപുരാതന കാലം മുതല്‍ ഹിന്ദു ആരാധനാ കേന്ദ്രമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. അതിനാല്‍ മുഴുവന്‍ പ്രദേശവും ആസ്ഥാന ദേവനായ ആദിവിശ്വേശ്വരന്റേതായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുകയുണ്ടായി. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, വാരാണസി ജില്ലാ മജിസ്‌ട്രേറ്റ്, യുപി മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ജ്ഞാനവാപി മസ്ജിദ് മാനേജ്‌മെന്റായ അന്‍ജുമാന്‍ ഇന്തസാമിയ, കാശിവിശ്വനാഥ ക്ഷേത്രം ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.
ജ്ഞാനവാപി മസ്ജിദ് സ്ഥിതിചെയ്യുന്ന പ്രദേശത്ത് പുരാവസ്തു വകുപ്പ് പര്യവേഷണം നടത്തണമെന്ന രസ്‌തോഗി നല്‍കിയ രണ്ടാം ഹര്‍ജിയിലെ ആവശ്യത്തോട് എതിര്‍കക്ഷികള്‍ വിയോജിപ്പ് അറിയിച്ചു. പ്രശ്‌നത്തിന്റെ രണ്ടു വശവും പരിഗണിച്ചാണ് ജഡ്ജ് അശുതോഷ് തിവാരി ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജിക്കാരുടെ വാദമനുസരിച്ച് ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണ്. ക്ഷേത്രധ്വംസനത്തിനുശേഷവും ഈ ശിവലിംഗം പീഠത്തോടൊപ്പം അതേസ്ഥാനത്ത് നിലവിലുണ്ടെന്നും ഹര്‍ജിക്കാര്‍ പറയുന്നു. തങ്ങള്‍ക്കും മറ്റ് ഹിന്ദുക്കള്‍ക്കും വിശ്വേശ്വരനെ ആരാധിക്കാനും പ്രദക്ഷിണം വയ്ക്കാനും കഴിയുന്നുണ്ടെങ്കിലും ശിവലിംഗത്തില്‍ ജലാഭിഷേകം നടത്താനുള്ള അവകാശം നിഷേധിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നതും ഉത്തരവില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
ഹര്‍ജിയെ ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡും മസ്ജിദ് അധികൃതരും എതിര്‍ത്തു. ജ്ഞാനവാപി മസ്ജിദിന്റെ ഇപ്പോഴത്തെ നിലയെ ചോദ്യം ചെയ്യാനാവില്ലെന്നും, മസ്ജിദായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നിടം പുരാവസ്തു പര്യവേഷണത്തിന് വിധേയമാക്കാന്‍ പാടില്ലെന്നും ഇവര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ട വസ്തുതകളും വാദഗതികളും ആവശ്യങ്ങളും പരിഗണിച്ചാണ് ജ്ഞാനവാപി മസ്ജിദ് സ്ഥിതിചെയ്യുന്നിടത്ത് സമഗ്രമായ പുരാവസ്തു പര്യവേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.
അതില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: ”രണ്ട് മതങ്ങളിലും ഉള്‍പ്പെട്ട ഭാരതീയരും അല്ലാത്തവരുമായ വളരെയധികം ആളുകള്‍ക്ക് പരാതിക്കാരുടെയും എതിര്‍കക്ഷികളുടെയും പ്രവൃത്തിയുടെ കാരണം ഒന്നുപോലെ അറിയാവുന്നതാണ്… കക്ഷികളിലാര്‍ക്കും തന്നെ തങ്ങളുടെ വാദഗതികള്‍ സാധൂകരിക്കാന്‍ നേരിട്ടുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഈ കേസിനുള്ളത്. അതുപോലെ തന്നെ അക്കാലത്ത് ജീവിച്ചിരുന്ന ആര്‍ക്കും കോടതിയിലെത്തി മൊഴി നല്‍കാനുമാവില്ല. തര്‍ക്ക സ്ഥലത്തെ വിശ്വേശ്വര ഭഗവാന്റെ ക്ഷേത്രം ഔറംഗസീബിന്റെ ആജ്ഞയ്ക്കനുസരിച്ച് തകര്‍ക്കുകയും തുടര്‍ന്ന് അത് മസ്ജിദാക്കി മാറ്റുകയും ചെയ്തുവെന്ന വാദം എതിര്‍ കക്ഷികള്‍ സമ്പൂര്‍ണമായി നിരാകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സത്യം കണ്ടെത്തേണ്ട ബാധ്യത കോടതിക്ക് വന്നിരിക്കുന്നത്.”
തര്‍ക്കസ്ഥലത്തല്ല മസ്ജിദ് ഉള്ളതെന്ന് റവന്യൂ രേഖകള്‍ തെളിയിക്കുന്നുണ്ടെന്ന എതിര്‍കക്ഷികളുടെ വാദം കോടതി തള്ളിക്കളഞ്ഞു. ”… പേരില്‍ മാറ്റം വരുത്തിയ വ്യക്തിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ ഒരു റവന്യൂ രേഖ മതിയായ തെളിവാകില്ല… കടുത്ത സമ്മര്‍ദ്ദമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ രേഖകളില്‍ മാറ്റം വരുത്തുന്ന സാഹചര്യമുണ്ടാകാം…”
വളരെ കൃത്യവും വിശദവുമായ നിര്‍ദ്ദേശങ്ങളാണ് സര്‍വെ എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ കോടതി നല്‍കിയത്. കാശിയില്‍ ക്ഷേത്രം പൊളിച്ചാണോ ക്ഷേത്ര ഭാഗങ്ങള്‍ ഉപയോഗിച്ചാണോ മസ്ജിദ് നിര്‍മിച്ചിരിക്കുന്നതെന്നു കണ്ടെത്തുകയാണ് സര്‍വെയുടെ ഉദ്ദേശ്യം. സര്‍വെ വിവരങ്ങള്‍ ഒരു വിധത്തിലും പുറത്തുവിടരുതെന്ന് നിര്‍ദ്ദേശിച്ച കോടതി, പ്രശ്‌നം വളരെ വൈകാരികമാണെന്നു മനസ്സിലാക്കി ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണമെന്നും നിഷ്‌കര്‍ഷിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വെയുടെ ചെലവു വഹിക്കേണ്ടത് ഉത്തര്‍പ്രദേശ് സര്‍ക്കാരാണെന്ന് ഉത്തരവില്‍ എടുത്തുപറയുന്നുണ്ട്.
ജ്ഞാനവാപി മസ്ജിദിന്റെ കൈവശമുള്ള സ്ഥലത്ത് വിശദമായ സര്‍വെ നടത്താന്‍ എഎസ്എ ഡയറക്ടര്‍ ജനറലിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇതിനു പുറമെ പ്രമുഖരെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന അഞ്ചംഗ സമിതിയില്‍ പുരാവസ്തു വിദഗ്ദ്ധരും ഉണ്ടായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചു. സമിതിയിലെ രണ്ടംഗങ്ങള്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍നിന്നുള്ളവരാകുന്നത് അഭികാമ്യമാണ്. സമിതിയെ നിരീക്ഷിക്കാന്‍ ഒരു വിദഗ്ദ്ധനെ നിയമിക്കണം. സര്‍വെ ഫലം സമിതി കോടതിക്കാണ് സമര്‍പ്പിക്കേണ്ടത്.
അഞ്ചംഗ സമിതിയുടെ ചുമതല ഇനി പറയുന്നതാണ്: ”തര്‍ക്ക സ്ഥലത്തെ മതപരമായ കെട്ടിടം മറ്റൊന്നിന് മുകളിലാണോ സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിന് മാറ്റംവരുത്തിയതാണോ കൂട്ടിച്ചേര്‍ത്തതാണോ. ഏതെങ്കിലും മതപരമായ കെട്ടിടത്തിന് മുകളിലൂടെയാണോ പില്‍ക്കാല നിര്‍മിതി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സമിതി പരിശോധിക്കണം. പുരാവസ്തു സര്‍വേയിലൂടെ പഴയ കെട്ടിടം കണ്ടെത്തി അതിന്റെ കാലപ്പഴക്കം, വലിപ്പം എന്നിവ കണക്കാക്കുക. പുരാവസ്തുവാണോ എന്നു രൂപകല്‍പ്പനയും നിര്‍മാണശൈലിയും വിലയിരുത്തി നിര്‍ണയിക്കുക. നിര്‍മാണത്തിന് ഉപയോഗിച്ച വസ്തുക്കള്‍ എന്തൊക്കെയെന്ന് തിരിച്ചറിയുക. മസ്ജിദ് പണിയും മുന്‍പ് ക്ഷേത്രം നിലനിന്നിരുന്നോ, അതോ ക്ഷേത്രത്തിനു മുകളിലാണോ മസ്ജിദ് പണിതത് എന്നും കണ്ടെത്തുക. അവിടെ ഏത് മൂര്‍ത്തിയായിരുന്നു എന്നും കണ്ടെത്തണം.” സര്‍വെയില്‍ ലഭിക്കുന്ന പുരാവസ്തുക്കള്‍-വാദിഭാഗത്തിന്റെതായാലും പ്രതിഭാഗത്തിന്റെതായാലും-ഭദ്രമായി സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വൈകിട്ട് അഞ്ചുമണി മുതല്‍ ഒന്‍പത് വരെയാണ് സര്‍വെ നടത്തേണ്ടത്. സര്‍വെയുടെ ഭാഗമായി നമാസ് തടയരുതെന്ന് കോടതി ഉത്തരവില്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് അപ്രായോഗികമാണെങ്കില്‍ സമിതി ഇടപെട്ട് നമാസിന് പ്രത്യേക സ്ഥലം ഒരുക്കണം. പ്രശ്‌നത്തിന്റെ വൈകാരിക സ്വഭാവം മനസ്സിലാക്കി രണ്ടു മതവിഭാഗങ്ങള്‍ക്കും സമിതി തുല്യ പ്രാധാന്യം നല്‍കണം. സമിതിയുടെ പ്രവര്‍ത്തനം എങ്ങനെ വേണമെന്ന് ഒരു കക്ഷിയും നിര്‍ദ്ദേശം നല്‍കേണ്ടതില്ല. സര്‍വേ സ്ഥലത്ത് ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനം നല്‍കരുത്. സമിതി അംഗങ്ങള്‍ മാധ്യമങ്ങളെ കാണുകയോ വിവരങ്ങള്‍ വെളിപ്പടുത്തുകയോ ചെയ്യരുത്.
കോടതിയുടെ ഈ നടപടികള്‍ നിര്‍ണായകമാണെങ്കിലും അതില്‍ അസാധാരണത്വമൊന്നുമില്ല. കാരണം ജ്ഞാനവാപി സമുച്ചയത്തിന്റെ മതപരമായ സ്വഭാവമാണ് ആദ്യം നിര്‍ണയിക്കേണ്ടതെന്ന് 1998 ല്‍ തന്നെ വാരാണസി കോടതി നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ അലഹബാദ് ഹൈക്കോടതി ഇത് സ്റ്റേ ചെയ്യുകയായിരുന്നു. 2008 ല്‍ കേസിന്റെ വാദം കേള്‍ക്കല്‍ പുനരാരംഭിച്ചപ്പോഴും മുസ്ലിം പക്ഷം സ്റ്റേ ഉത്തരവ് നേടി.
ജ്ഞാനവാപി മസ്ജിദിന്റെ ഭിത്തി മറ്റ് ഭിത്തികളില്‍നിന്ന് വ്യത്യസ്തമാണെന്ന വാദമാണ് ഹിന്ദു പക്ഷം മുഖ്യമായും ഉന്നയിക്കുന്നത്. മസ്ജിദ് സമുച്ചയത്തിന്റെ നിരവധി ചിത്രങ്ങള്‍ തെളിവായി കോടതിയില്‍ ഹാജരാക്കിയിട്ടുമുണ്ട്. രാജ്യം സ്വാതന്ത്ര്യം നേടുമ്പോള്‍ തര്‍ക്കസ്ഥലത്ത് ഉണ്ടായിരുന്നത് ക്ഷേത്രമോ മസ്ജിദോ എന്ന കാര്യമാണ് ആദ്യം തീരുമാനിക്കേണ്ടതെന്ന് വാരാണസി കോടതി അഭിപ്രായപ്പെടുകയുണ്ടായി. കാശിവിശ്വനാഥ ക്ഷേത്രത്തിന് പ്രാചീന ചരിത്രമുണ്ടെന്നും, പ്രശ്‌നം ജനങ്ങളുടെ മതവികാരവുമായി ബന്ധപ്പെട്ടതാണെന്നും കോടതി കരുതുന്നു. അതിനാല്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തര്‍ക്കം കഴിയുന്നത്ര വേഗത്തില്‍ പരിഹരിക്കണമെന്നും കോടതി ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി.
കേസിന്റെ പുതിയ വിചാരണ ആരംഭിച്ചത് 1991 ലാണെങ്കിലും നിയമപരമായ തര്‍ക്കം ആരംഭിച്ചത് 1936 ലാണ്. അന്ന് മുസ്ലിം പക്ഷം വാരാണസി ജില്ലാ കോടതിയില്‍ ഒരു പരാതി സമര്‍പ്പിക്കുകയായിരുന്നു. ജ്ഞാനവാപി സമുച്ചയം മുഴുവന്‍ മസ്ജിദിന്റെ സ്ഥലമായി പ്രഖ്യാപിക്കണം എന്നായിരുന്നു ദീന്‍ മുഹമ്മദ് എന്നയാള്‍ നല്‍കിയ പരാതിയിലെ ആവശ്യം. 1937 ല്‍ കോടതി ഇത് നിരസിച്ചെങ്കിലും തര്‍ക്കസ്ഥലത്ത് നമാസ് നടത്താന്‍ അനുവദിക്കുകയായിരുന്നു. ഈ കേസില്‍ ഹിന്ദുക്കള്‍ കക്ഷിയല്ലായിരുന്നുവെങ്കിലും കോടതി മുന്‍പാകെ സമര്‍പ്പിക്കപ്പെട്ട തെളിവുകള്‍ ഇപ്പോഴും പ്രസക്തമാണ്. കേസിന്റെ വിചാരണക്കിടെ, 1585 ല്‍ നിര്‍മിക്കപ്പെട്ട പ്രാചീനമായ വിശ്വനാഥ ക്ഷേത്രം ഉള്‍ക്കൊള്ളുന്ന ഭൂപടം ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കി. ക്ഷേത്രത്തിന്റെ ചില ഭാഗങ്ങള്‍ ഉപയോഗിച്ചാണ് മസ്ജിദ് നിര്‍മിച്ചതെന്ന് ഈ ഉദ്യോഗസ്ഥര്‍ കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു.
ജ്ഞാനവാപി മസ്ജിദില്‍ പുരാവസ്തു പര്യവേഷണം നടത്താനുള്ള വാരാണസി കോടതിയുടെ ഉത്തരവ് മുസ്ലിം പക്ഷത്തിന്റെ അപ്പീലിനെ തുടര്‍ന്ന് അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയുണ്ടായി. ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കുന്ന കേസില്‍ കീഴ്‌ക്കോടതി വിധി പറയുന്നത് ശരിയല്ല എന്ന നിയമപരമായ നടപടിക്രമങ്ങളിലെ സാങ്കേതിക കാരണം പറഞ്ഞായിരുന്നു ഇത്. ഹൈക്കോടതിയുടെ തീരുമാനം ഹിന്ദുപക്ഷത്തിനേറ്റ തിരിച്ചടിയായി ചിത്രീകരിക്കപ്പെടുകയുണ്ടായി. എന്നാല്‍ ഇത് വസ്തുതാപരമായി ശരിയല്ല. യഥാര്‍ത്ഥ കേസിന്റെ മെറിറ്റിലേക്ക് കടന്ന ഒരു വിധിയല്ല ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണ്. ഒരു കേസ് ഒരേസമയം രണ്ട് കോടതികള്‍ പരിഗണിക്കുന്നതിലെ അനൗചിത്യമാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത് ജ്ഞാനവാപി മസ്ജിദില്‍ പുരാവസ്തു പര്യവേഷണം നടത്താനുള്ള വാരാണസി കോടതിയുടെ തീരുമാനത്തെയല്ല എന്നു ചുരുക്കം. അഥവാ അലഹബാദ് ഹൈക്കോടതിയുടെ വിധിയില്‍ പുരാവസ്തു പര്യവേഷണം പാടില്ലെന്നാണ് പറയുന്നതെങ്കില്‍ നിയമപോരാട്ടങ്ങള്‍ തുടരും എന്നു മാത്രമേ കരുതേണ്ടതുള്ളൂ.
(അടുത്തത്: അയോധ്യയ്ക്കുമപ്പുറം കാശിയും മഥുരയും)