നാര്‍ക്കോട്ടിക് ജിഹാദ് എന്ന് കേട്ടപ്പോള്‍ വാലിനു തീപിടിച്ച പോലെ ഹാലിളകി വന്ന ഇസ്ലാമിക സംഘടനകള്‍ ‘മാര്‍ക്ക് ജിഹാദ്’ എന്നു കേട്ടപ്പോള്‍ മിണ്ടാട്ടമില്ലാതിരിക്കയാണ്. ‘ജിഹാദ്’ എന്ന് മിണ്ടിപ്പോകരുത് എന്നു ആക്രോശിക്കുന്നവര്‍ക്കും പ്രതികരണമില്ല. രാകേഷ് പാണ്ഡേ എന്ന ദില്ലിയിലെ ഒരു കോളേജദ്ധ്യാപകനാണ് സാമൂഹ്യമാധ്യമത്തിലെ തന്റെ കുറിപ്പില്‍ ‘മാര്‍ക്ക് ജിഹാദ്’ എന്ന പരാമര്‍ശം നടത്തിയത്. കേരളത്തില്‍ നിന്നും നൂറുശതമാനം മാര്‍ ക്കും വാങ്ങി ദില്ലിയി ലെ കോളേജുകളില്‍ ചേക്കേറുന്ന പ്രവണതയെയാണ് അദ്ദേഹം ഇങ്ങനെ വിശേഷിപ്പിച്ചത്. നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ചു ഇടയലേഖനത്തില്‍ പരാമര്‍ശിച്ച പാലാബിഷപ്പിനെക്കൊണ്ട് ആ പരാമര്‍ശം പിന്‍വലിപ്പിക്കാന്‍ ഞാഞ്ഞൂല്‍ മുതല്‍ രാജവെമ്പാലവരെയുള്ള മുസ്ലിം സംഘടനകള്‍ ഫണം വിരിച്ചാടിയിരുന്നു. കേരളാ കോണ്‍ഗ്രസ്സിന്റെ പിന്തുണയുള്ള ബിഷപ്പ് കുലുങ്ങിയില്ല. ഒടുക്കം ഇസ്ലാമിസ്റ്റുകള്‍ പിന്‍വാങ്ങി. ഇതല്ല ഹിന്ദുക്കളുടെ സ്ഥിതി. ലൗജിഹാദിന്റെ പേരില്‍ ഇസ്ലാമിസ്റ്റുകള്‍ ഹിന്ദുസംഘടനകളെ വളഞ്ഞിട്ടാക്രമിച്ചപ്പോള്‍ വടിയെടുത്തുകൊടുക്കാന്‍ കൂടെ നിന്നത് ഇടത്-വലതു മുന്നണി നേതാക്കളായിരുന്നു. അതിനാല്‍ ദല്‍ഹി കോളേജദ്ധ്യാപകനെ കൊണ്ട് മൂക്കുകൊണ്ടു ക്ഷ വരപ്പിക്കും എന്നാണ് ഇത് വാര്‍ത്തയാക്കിയ പത്രക്കാര്‍ ധരിച്ചത്. എന്നാല്‍ ഫലം തിരിച്ചായിരുന്നു.
‘മാര്‍ക്ക് ജിഹാദ്’ വിവാദമായാല്‍ പൊള്ളുക ഇസ്ലാമിസ്റ്റു സംഘടനകള്‍ക്കുതന്നെയാണ്. അവരുടെ റിക്രൂട്ടിങ്ങ് അജണ്ട എന്ന പദ്ധതി പുറത്താകും ഇക്കാര്യം മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ രാജ്യസഭാംഗം എളമരം കരീം പച്ചയ്ക്ക് പറഞ്ഞപ്പോഴും ഇസ്ലാമിസ്റ്റുകള്‍ വായതുറന്നില്ല. ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികളെ റിക്രൂട്ടു ചെയ്യാന്‍ ജമാഅത്തെ ഇസ്ലാമിക്ക് പദ്ധതിയുണ്ടെന്നും അതിനുള്ള പ്രച്ഛന്നവേഷമാണ് കോഴിക്കോട് ചേവായൂരിലെ ‘സിജി’ എ ന്നും കരീം പറഞ്ഞു. ‘മലയാളി ഹല്‍ക്ക’ എന്ന സംഘടനയുടെ പേരില്‍ റിക്രൂട്ടു ചെയ്യുന്നവരെ ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തിലേയ്ക്ക് എത്തിക്കാനാണ് ശ്രമമെന്നും കരീം മുന്നറിയിപ്പു നല്‍കിയത് 2021 ഫെബ്രുവരി 22ന് കോഴിക്കോട്ട്് ഒരു പുസ്തകപ്രകാശനവേളയിലാണ്. ദല്‍ഹിയില്‍ പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ ഇത്തരം റിക്രൂട്ടുകളുടെ പ്രകടനം നാം കണ്ടതാണ്. ഇത്തരം ജിഹാദി പ്രച്ഛന്നവേഷങ്ങളെക്കുറിച്ച് ചര്‍ച്ച നടക്കാന്‍ പാടില്ല; മലയാളി തിരിച്ചറിയാനും പാടില്ല. അതിനാല്‍ അവര്‍ മൗനത്തിലാണ്.