പാലാ ബിഷപ്പിനെയും താമരശ്ശേരി ബിഷപ്പിനെയും തിരുത്തി കത്തോലിക്കരെ നന്നാക്കിയെടുക്കാന്‍ തിരുവനന്തപുരം എം.എന്‍. മന്ദിര അരമനയില്‍ കാനം തിരുമേനി എഴുന്നള്ളിയിരിക്കുന്നു. ഈ ബിഷപ്പന്മാര്‍ മാത്രമല്ല കേരളത്തിലെ ക്രിസ്ത്യാനികള്‍ മൊത്തത്തില്‍ എങ്ങനെ ചിന്തിക്കണം, പ്രവര്‍ത്തിക്കണമെന്ന് ഈ ചുകപ്പന്‍ തിരുമേനി തിരുവചനങ്ങള്‍ ഇറക്കിയിട്ടുണ്ട്. അതുകേട്ട് അനുസരിച്ച് നസ്രാണികളായ നസ്രാണികളൊക്കെ തങ്ങളുടെ ചുകപ്പന്‍ ഭരണത്തില്‍ കഴിഞ്ഞുകൂടിക്കൊള്ളണം എന്നു പറയാതെ പറഞ്ഞിരിക്കയാണ് കാനം സഖാവ്. പാലാ ബിഷപ്പ് കല്ലറക്കാട് അച്ചന്‍ നാര്‍ക്കോട്ടിക്ക് ജിഹാദിനെയും ലൗ ജിഹാദിനെയും കുറിച്ച് പറഞ്ഞതൊക്കെ തെറ്റായിപ്പോയി എന്നതാണ് കാനത്തിന്റെ ഒന്നാം തിരുവചനം. ബിഷപ്പ് ലൗ ജിഹാദും നാര്‍ക്കോട്ടിക്ക് ജിഹാദും ഉണ്ടെന്നു പറഞ്ഞത് ബി.ജെ.പിയ്ക്ക് ഊര്‍ജ്ജം പകരും എന്നതാണ് രണ്ടാമത്തെ തിരുവചനം. ഭിന്നത ഉണ്ടാക്കുന്ന പ്രസ്താവന ഇറക്കരുത് എന്ന് മാര്‍പാപ്പ മുന്നറിയിപ്പ് തന്നിട്ടില്ലേ എന്ന ഓര്‍മ്മപ്പെടുത്തലാണ് മൂന്നാമത്തെ തിരുവചനം. ഇതൊന്നും കൊണ്ട് ബിഷപ്പും കൂട്ടരും സമാധാനിക്കുന്നില്ലെങ്കില്‍ അവരെ സ്വന്തം പാരമ്പര്യവും പൈതൃകവും ഓര്‍മ്മിപ്പിക്കാനുള്ളതാണ് നാലാമത്തെ തിരുവചനം.
കത്തോലിക്കാ പുരോഹിതന്മാര്‍ ബി.ജെ.പി.ക്കാരുമായി ലോഹ്യത്തിലാകുമോ എന്ന ആശങ്കമൂത്ത് കാനം തിരുമേനി ഒറീസയിലെ കണ്ഡമാലും ഉഡുപ്പിയിലെ ക്രിസ്ത്യന്‍ പള്ളിയുമൊക്കെ അവരെ ഓര്‍മ്മിപ്പിക്കുകയാണ്. സംഘപരിവാറുകാര്‍ ക്രിസ്ത്യാനികളെ അക്രമിക്കുന്നവരാണ്, അവരെ അരമനയുടെ നാലയലത്തുപോലും അടുപ്പിച്ചുപോകരുതേ എന്ന ഉപദേശവും നല്‍കുന്നു. മതേതരത്വത്തിനും മതസൗഹാര്‍ദ്ദത്തിനും വേണ്ടി നിലകൊള്ളുന്നതാണ് കേരളത്തിലെ ക്രിസ്ത്യാനികളുടെ പാരമ്പര്യം എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നതോടെ ആ പാരമ്പര്യത്തിന്റെ വീര്യം ഉള്‍ക്കൊണ്ട് ബിഷപ്പന്മാര്‍ തങ്ങളുടെ ഇടവകകളിലെ മുഴുവന്‍ പെണ്‍കുട്ടികളെയും ജിഹാദികള്‍ക്ക് ലൗജിഹാദിനും നാര്‍ക്കോട്ടിക് ജിഹാദിനും കാഴ്ചവെച്ച് പോകും. അത്ര കേമമാണ് കാനം തിരുമേനിയുടെ ഉദ്‌ബോധനം. അതുകേട്ട് ബിഷപ്പന്മാര്‍ തന്റെ മുമ്പില്‍ കുമ്പസാരിക്കുന്നതും സ്വപ്‌നം കണ്ട് എം.എന്‍.ഭവന്‍ അരമനയിലെ സിംഹാസനത്തില്‍ സഖാവ് കാനം തിരുമേനി ആലസ്യത്തിലിരിക്കുമ്പോഴാണ് മുഖ്യന്‍ വിജയന്‍ സഖാവിന്റെയും വലിയേട്ടന്‍ വിജയരാഘവന്‍ (സി.പി.എം) സഖാവിന്റെയും വെളിപ്പെടുത്തല്‍ – പാലാ ബിഷപ്പിന്റെ പ്രഖ്യാപനത്തില്‍ ഒരു തെറ്റുമില്ലെന്ന്. കൂടാതെ മന്ത്രി വി.എന്‍. വാസവന്‍ അരമനയിലെത്തി ബിഷപ്പിന്റെ ഇടയലേഖനത്തിന് ‘സഹകരണം’ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതോടെ കാനം തിരുമേനിയുടെ തിരുവചനങ്ങള്‍ ചെവിക്കൊള്ളാന്‍ കമ്മ്യൂണിസ്റ്റു സഖാക്കളെ പോലും കിട്ടാതായി. നോക്കണേ ഒരു കമ്മ്യൂണിസ്റ്റ് തിരുമേനിയുടെ ഗതികേട്!