ഓരോ കോണ്‍ഗ്രസ് നേതാവിനെ യും എ.ഐ.സി.സി. ഓഫീസിലെ ഒരു മുറിയില്‍ ഒറ്റയ്ക്ക് ഇരുത്തുക. ആര്‍.എസ്.എസ്സിന്റെ മുഖംമൂടിവെച്ച് ഒരു രൂപം അയാള്‍ക്കു മുമ്പിലേക്ക് ചാടിവീഴുക. അതുകണ്ട് നേതാവ് പേടിച്ചു മൂത്രമൊഴിച്ചാല്‍ തീര്‍ച്ച അയാളുടെ ചീട്ട് കീറിയതുതന്നെ. മസിലുപിടിച്ചു ധൈര്യം അവലംബിച്ചു നിന്നാല്‍ നേതൃത്വ പദവി ഉറപ്പ്. ഇതു തമാശയല്ല; രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്താന്‍ പോകുന്ന കോണ്‍ഗ്രസ്സുകാരുടെ മാറ്റുരയ്ക്കല്‍ പരീക്ഷയാണ്. ആര്‍.എസ്.എസ്. ഭയമില്ലാത്തവനുമാത്രമേ ഇനി കോണ്‍ഗ്രസ്സില്‍ സ്ഥാനമുള്ളൂ എന്ന് രാഹുല്‍മോന്‍ തീര്‍ത്തു പറഞ്ഞു കഴിഞ്ഞു. കോണ്‍ഗ്രസ്സിന്റെ സാമൂഹ്യമാധ്യമ പ്രവര്‍ത്തക വിഭാഗത്തിലുള്ളവരുമായി വീഡിയോ കോണ്‍ഫ്രന്‍സ് വഴി ചര്‍ച്ച നടത്തവെയാണ് രാഹുല്‍ ഈ പദ്ധതി വെളിപ്പെടുത്തിയത്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിരാദിത്യസിന്ധ്യയോടും ജിതേന്ദ്രപ്രസാദിനോടുമുള്ള അമര്‍ഷം കൊണ്ടാണ് രാഹുല്‍മോന്‍ ഇങ്ങനെ പറഞ്ഞത് എന്നാണ് ചില പത്രക്കാര്‍ വ്യാഖ്യാനിക്കുന്നത്. എ.ഐ.സി.സി ആപ്പിലെത്തുന്ന രാഹുലിന് ഏതു നേതാവിന്റെ മുഖത്തുനോക്കുമ്പോഴും സംശയം; അവന്‍ നാളെ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുമോ എന്ന്. അതു മാനസിക രോഗമായി മാറിയതോടെ താന്‍ കാണുന്ന കോണ്‍ഗ്രസ്സുകാരിലെല്ലാം ആര്‍.എസ്.എസ്. പേടി കലശലായി ദര്‍ശിക്കാന്‍ തുടങ്ങി. യഥാര്‍ത്ഥത്തില്‍ രാഹുലിനാണ് കനത്ത ആര്‍.എസ്.എസ് ഭീതി ഉള്ളത്. അമേരിക്കന്‍ നയതന്ത്രപ്രതിനിധിയോടു പോലും ആര്‍.എസ്.എസ്സിനെക്കുറിച്ച് പേടിയോടെയാണ് രാഹുല്‍ സംസാരിച്ചത്. ഏതുപ്രസംഗത്തിലും ആര്‍.എസ്.എസ്സിനെ തിരെ രണ്ടു വാക്കു പറയാന്‍ രാഹുല്‍ മോന്‍ മടി കാണിക്കാറില്ല. രാഹുലിന്റെ പുതിയ പരീക്ഷണം അദ്ദേഹത്തില്‍ തന്നെ നടത്തിയാല്‍ ആദ്യം കോണ്‍ഗ്രസ്സിനു പുറത്താകുക അദ്ദേഹമായിരിക്കും. അതുതന്നെയാണ് അമ്മ സോണിയ മൈനോയുടെ ആശങ്കയും.
നേതൃത്വപരിശീലന പരിപാടി, പരീക്ഷയെഴുതിക്കല്‍, യുവരക്തത്തെ നേതൃത്വത്തിലെത്തിക്കല്‍ തുടങ്ങിയ ഇതിനുമുമ്പുള്ള രാഹുലിന്റെ കായകല്പചികിത്സയെല്ലാം കഴിഞ്ഞിട്ടും കോണ്‍ഗ്രസ്സിന് ശ്വാസം നേരെ വലിക്കാനുള്ള ആരോഗ്യം തിരിച്ചു കിട്ടിയിട്ടില്ല.
പുതിയ പരീക്ഷണം വഴി പല നേതാക്കളും പാര്‍ട്ടിക്കു പുറത്താകുക കൂടി ചെയ്താല്‍ കോണ്‍ഗ്രസ് എന്നത് പുരാവസ്തുവായി മാറും. കോണ്‍ഗ്രസ്സിന്റെ ശേഷക്രിയ രാഹുലിന്റെ കൈകൊണ്ടുവേണം എന്നതാണ് കാലത്തിന്റെ കാവ്യനീതി.