പാവം ഒരു ഇന്ത്യന്‍ മുജാഹിദ്ദീന്‍കാരനെ കൂടി വധിശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു! അജ്മല്‍ കസബിനെയും അഫ്‌സല്‍ ഗുരുവിനെയും തൂക്കിക്കൊന്നപോലെ ഈ ‘നിരപരാധി’യെ കൂടി കൊല്ലുന്നേ എന്ന് അലമുറയിട്ടു കരയണ്ടേ? എന്നാല്‍ ബട്‌ലഹൗസ് വ്യാജ ഏറ്റുമുട്ടല്‍ എന്ന് തൊണ്ടപൊട്ടുമാറ് വിളിച്ചുകൂവിയ ഒരു എന്‍.ജി.ഒ ക്കാരനെയും സോണിയ-മമത-യച്ചൂരി പ്രഭൃതികളെയും മഷിയിട്ട് നോക്കിയിട്ടും കാണുന്നില്ല. തങ്ങള്‍ 2008 മുതല്‍ മുറവിളികൂട്ടിയത് തെറ്റായിപ്പോയി എന്ന് പരസ്യമായി കുറ്റസമ്മതം നടത്താന്‍ അവര്‍ തയ്യാറാകുമോ?
2008 സപ്തംബര്‍ 19ന് ന്യൂദല്‍ഹിയില്‍ സ്‌ഫോടനപരമ്പര നടത്തി 26 പേരെ വധിച്ചവര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം കിട്ടിയാണ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ചന്ദ് ശര്‍മ്മയും ഏതാനും പോലീസുകാരും ബട്‌ല ഹൗസില്‍ എത്തിയത്. ഭീകരര്‍ അവര്‍ക്കുനേരെ വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരും മോഹന്‍ ചന്ദും കോണ്‍സ്റ്റബിള്‍ ബല്‍വന്തും കൊല്ലപ്പെട്ടു. വെടിയേറ്റ മോഹന്‍ചന്ദിനെ താങ്ങിയെടുത്തു കൊണ്ടുപോകുന്ന ചിത്രം എടുത്തുകാട്ടി ഏറ്റുമുട്ടലിലല്ല അദ്ദേഹം കൊല്ലപ്പെട്ടത് എന്ന് വാദിക്കാന്‍ എന്‍.ജി.ഒകള്‍ രംഗത്തെത്തി. മുസ്ലിങ്ങളെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലുന്നു എന്ന മുറവിളി ഉയര്‍ന്നു. സോണിയയും മമതയും യച്ചൂരിയും അവര്‍ക്കൊപ്പം ചേര്‍ന്നു. അന്വേഷണം വേണമെന്ന ആവശ്യവുമായി എന്‍.ജി.ഒകള്‍ കോടതിയിലെത്തി. കോടതി നിര്‍ദ്ദേശപ്രകാരം മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം നടത്തി. പോലീസിനു കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ ത്തകരുടെ പങ്ക് കോടതിയില്‍ തെളിയിക്കപ്പെട്ടു. പോലീസിനെ നേരിടാന്‍ തയ്യാറായി ഭീകരര്‍ നില്‍ക്കുകയായിരുന്നു എന്നു വ്യക്തമായി. ഒടുവില്‍ ഷഹ്‌സാദ് അഹമ്മദിനെ തൂക്കിക്കൊല്ലാന്‍ ദല്‍ഹികോടതി വിധിച്ചിരിക്കുന്നു. ഇത്രയൊക്കെയായിട്ടും തങ്ങള്‍ ഭീകരര്‍ക്കു ഓശാനപാടുകയായിരുന്നു എന്ന വസ്തുത തുറന്നു സമ്മതിക്കാന്‍ സോണിയയോ മമതയോ യച്ചൂരിയോ തയ്യാറാവുന്നില്ല. വ്യാജ ഏറ്റുമുട്ടല്‍ വാദക്കാരുടെ മുനയൊടിക്കുന്ന ഈ വാര്‍ത്ത ഒരു മൂലയിലേക്ക് ഒതുക്കുകയാണ് പത്രങ്ങള്‍ ചെയ്തത്. ഇക്കൂട്ടരുടെയെല്ലാം യഥാര്‍ത്ഥ മുഖം തിരിച്ചറിയാനുള്ള അവസരമായി ഈ വിധി മാറി.