ഈ ഭൂമിമലയാളത്തില് ‘സെക്കുലറിസം’ എന്താണെന്ന് അറിയുന്ന ഒരു നേതാവും ഒരു പാര്ട്ടിയുമേ ഉള്ളൂ. ആ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്; പാര്‍ട്ടി മുസ്ലിംലീഗും. മുസ്ലിംലീഗ് എന്ന പേര് തന്നെ സെക്കുലറല്ലേ? ഇ.എം.എസ് നമ്പൂതിരിപ്പാടിനു സെക്കുലറിസം എന്താണെന്നു അറിയില്ലായിരുന്നു. സി.എച്ച്. മുഹമ്മദ് കോയ ഒരു സ്റ്റഡിക്ലാസ് കൊടുത്തു. ലീഗ് ഇടതു മുന്നണിയില്‍ ചേരുകയും ചെയ്തു. അതോടെ ആ മുന്നണി സെക്കുലറായി. അതിന്റെ ലക്ഷണമാണ് മുസ്ലിങ്ങള്‍ക്കായി ഒരു ജില്ല – മലപ്പുറം ജില്ല – അനുവദിച്ചത്. അന്ന് ലീഗു പഠിപ്പിച്ച സെക്കുലറിസം ഇപ്പോഴും മാര്‍ക്സിസ്റ്റു പാര്‍ട്ടി കസ്തൂരിമാമ്പഴം പോലെ കാത്തുസൂക്ഷിക്കുന്നുണ്ട്. പാലൊളി കമ്മറ്റി റിപ്പോര്‍ട്ടു മുതല്‍ കെ.ടി. ജലീലിന്റെ ഖുറാന് വിതരണവും സ്വര്‍ണ്ണ ഈന്തപ്പഴം വിതരണവും വരെയുള്ളതിലെല്ലാം ഈ സെക്കുലറിസം മുഴച്ചു നില്‍ക്കുന്നത് കാണാം.
മാര്‍ക്സിസ്റ്റു പാര്‍ട്ടിയ്ക്ക് കൊടുത്ത ട്യൂഷന് അടുത്ത തിരഞ്ഞെടുപ്പില്‍ കെ.കരുണാകരനും കിട്ടി, ലീഗില്‍ നിന്ന്. ഇതിന്റെ ഭാഗമായി മുസ്ലിംലീഗ് യു.ഡി.എഫിലെത്തി. മുക്രി-മുല്ല പെന്‍ഷനും കുട നന്നാക്കുന്നവനെ അറബി അദ്ധ്യാപകനാക്കലും തുടങ്ങി മാറാട് കൂട്ടക്കൊലയ്ക്ക് രാഷ്ട്രീയ ഒത്താശ ചെയ്യല്‍ വരെയുള്ള കാര്യങ്ങളിലെല്ലാം ഈ സെക്കുലര്‍ ട്യൂഷന് ഗുണം കാണിച്ചു. യു.ഡി.എഫിനു ദല്‍ഹിയില്‍ നിന്നുള്ള ഓണ്‍ലൈന്‍ ട്യൂഷന് പോരാഞ്ഞതുകൊണ്ടാണ് ജനാബ് കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ച് മലപ്പുറത്ത് ‘സെക്കുലര്‍’ കളരി തുടങ്ങിയത്. താന്‍ നല്കുന്ന ട്യൂഷന് ഗ്രേഡ് പോര എന്നു ബോധ്യപ്പെട്ടതുകൊണ്ടാവും ആ പണിയ്ക്ക് പോപ്പുലര്‍ ഫ്രണ്ടിനെയും ജമാഅത്തെ ഇസ്ലാമിയേയും കൂടെ കൂട്ടിയത്. ഈ ‘സെക്കുലറിസ’ത്തിന്റെ ഏബിസിഡി പോലും അറിയാത്ത ബി.ജെ.പി.ക്കാര് മുസ്ലിംലീഗിനെ തങ്ങളുടെ മുന്നണിയിലേക്ക് ക്ഷണിച്ചാല്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് സഹിക്കുമോ? ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ല എന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത് എത്ര യാഥാര്‍ത്ഥ്യം! സെക്കുലറിസത്തിന്റെ നീലനിറത്തില്‍ മുങ്ങിയ ലീഗ് കുറുക്കന് തന്റെ പാര്‍ട്ടിയുടെ മഹത്വം ഓരിയിട്ട് മാലോകരെ അറിയിക്കുകയാണ്.