ഹിന്ദുനാമധാരികള്‍, കോണ്‍ഗ്രസ്സായാലും മാര്‍ക്‌സിസ്റ്റായാലും ശരി, ഇനി അധികകാലം കേരളത്തില്‍ എം.എല്‍.എയും എം.പിയുമൊക്കെ ആകാമെന്ന് കൊതിക്കണ്ട. ഒരു നിയമസഭാ മണ്ഡലത്തില്‍ പതിനായിരം മുസ്ലീം വോട്ടുണ്ടെങ്കില്‍ ആ സീറ്റ് മുസ്ലീമിന്റെതാണ് എന്ന് മുസ്ലിംലീഗ് പ്രഖ്യാപിച്ചുകഴിഞ്ഞു. കുറച്ചുകൂടിക്കൂട്ടി 26000 വോട്ടിന്റെ ബലത്തിലാണ് കത്തോലിക്കാ വിഭാഗം നിയമസഭാസീറ്റിന്മേല്‍ അവകാശമുന്നയിക്കുന്നത്. തലയെണ്ണി ഇരു സമുദായക്കാരും വീതം വെച്ചെടുത്തതിനുശേഷം വല്ല എച്ചിലുമുണ്ടെങ്കില്‍ ഭൂരിപക്ഷസമുദായമായ ഹിന്ദുക്കളിലെ രാഷ്ട്രീയക്കാര്‍ക്ക് ഭിക്ഷയായി ലഭിക്കും. അവര്‍ അതുകൊണ്ട് തൃപ്തിപ്പെട്ടുകൊള്ളണം.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്പറ്റയില്‍ നിന്ന് മത്സരിച്ചുകളയാം എന്ന് കെ.പി.സി.സി പ്രസിഡന്റും ശുദ്ധമതേതരക്കാരനുമായ മുല്ലപ്പള്ളി രാമചന്ദ്രന് വല്ലാത്ത പൂതി! അദ്ദേഹത്തിന്റെ മോഹം പുറത്തായപ്പോഴാണ് മുസ്ലിംലീഗിന്റെ ജില്ലാകമ്മറ്റി എതിര്‍പ്പുമായി രംഗത്തെത്തിയത്. കല്പറ്റ ലീഗിന്റെ സീറ്റാണ്. പതിനായിരം മുസ്ലിംവോട്ടുള്ള സീറ്റിലെല്ലാം തങ്ങളാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കേണ്ടത് എന്ന പ്രമാണപ്രകാരമാണ് ലീഗിന്റെ അവകാശവാദം. വയനാട്ടിലെ മുസ്ലിം വോട്ടിന്റെ ബലത്തില്‍ രാഹുല്‍ ഗാന്ധിയെ എം.പിയാക്കി അഭിമാനിച്ചു നടന്നവരാണ് മുല്ലപ്പള്ളിയും കൂട്ടരും. രാഹുലിനുവേണ്ടി ചാരിയ ഏണി മുല്ലപ്പള്ളി സ്വപ്‌നം കണ്ടപ്പോഴാണ് ജില്ലാ ലീഗുകമ്മറ്റി ഏണിയുമെടുത്ത് സ്ഥലംവിട്ടത്. ലീഗ് നേതൃത്വം വാദമുന്നയിച്ചത് കെ.പി.സി.സി. പ്രസിഡണ്ടിനു മുമ്പിലാണെങ്കില്‍ പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് എഴുത്ത് നല്‍കിയത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. മണ്ണാര്‍ക്കാട് നിയമസഭാ മണ്ഡലത്തില്‍ 26000 സഭാ വിശ്വാസികള്‍ ഉള്ളതിനാല്‍ സീറ്റ് വിശ്വാസിയായ വ്യവസായി ഐസക് വര്‍ഗീസിന് നല്‍കണം എന്നാണ് കത്തിലെ ഉള്ളടക്കം. ഇവര്‍ക്കൊക്കെ നല്‍കി ബാക്കി വല്ലതും ഉണ്ടെങ്കില്‍ ഇടത് – യു.ഡി. എഫ് മുന്നണികളിലെ കാലുതിരുമ്മികളായ ഹിന്ദുനാമധാരി നേതാക്കള്‍ക്ക് മത്സരിക്കാം. ഇല്ലെങ്കില്‍ മതമേലധികാരികളുടെ കാലു തിരുമ്മി കാലം കഴിക്കാം.