കാരാട്ട് ഫൈസലിന്റെ മിനികൂപ്പറിന് ഒരു മാന്ത്രികശക്തിയുണ്ട്. ചുകപ്പ് എവിടെ കണ്ടാലും ഈ മിനികൂപ്പര്‍ ആകര്‍ഷിച്ചുകളയും. അക്കാര്യത്തില്‍ ഈ കാറിന് ഒരു വലിപ്പചെറുപ്പവുമില്ല. 2017ല്‍ കൊടുവള്ളിയില്‍ ജനജാഗരണയാത്രയ്‌ക്കെത്തിയതായിരുന്നു മാര്‍ക്‌സിസ്റ്റു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഖാവ്. സഖാവിനെ മിനികൂപ്പര്‍ ആകര്‍ഷിച്ചു കളഞ്ഞു. അറിയാതെ സഖാവ് കൂപ്പറില്‍ കയറിപ്പോയി. സഖാവിനെയുംകൊണ്ട് കൂപ്പര്‍ കൊടുവള്ളിയില്‍ മുഴുവന്‍ ജനജാഗരണം നടത്തി. കൂപ്പറിന്റെ ശക്തിയില്‍ ഫൈസല്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. നികുതിവെട്ടിപ്പുകേസ്സും സ്വര്‍ണ്ണക്കടത്ത് കേസ്സും ഉണ്ടായിട്ടും ഇത്തവണയും ഫൈസലിനുതന്നെ നറുക്കു വീണു. ചില വിവരദോഷികളായ പത്രക്കാര്‍ ഒച്ചപ്പാടാക്കിയതോടെ ഫൈസലിനെ ഒഴിവാക്കി ഐ.എന്‍. എല്‍ നേതാവ് ഒ.പി. അബ്ദുള്ളയെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാക്കി പാര്‍ട്ടി മുഖം രക്ഷിച്ചെങ്കിലും സ്വതന്ത്രനായി ഫൈസല്‍ മത്സരിച്ചു. അതും കൂപ്പറിന്റെ ശക്തിതന്നെ!
കാറിന്റെ മാന്ത്രികശക്തി ജനമറിഞ്ഞത് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോഴാണ്. ഫൈസലിന് 568 വോട്ടു കിട്ടിയപ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് ഒറ്റ വോട്ടില്ല! കൂപ്പറിന്റെ മാന്ത്രിക ശക്തികൊണ്ട് ഇടതുപക്ഷക്കാര്‍ അബ്ദുള്ളയ്ക്കുവേണ്ടി ബസ്സര്‍ അമര്‍ത്തിയപ്പോള്‍ ഫൈസലിനാണ് വോട്ടു കിട്ടിയത്. ഫൈസലിന്റെ അപരനുകിട്ടിയ വോട്ടു പോലും അബ്ദുള്ളയ്ക്ക് കിട്ടിയില്ല. അവിടെയും തീര്‍ന്നില്ല കൂപ്പറിന്റെ മാന്ത്രികശക്തി. ഫൈസലിന്റെ വിജയാഹ്ലാദപ്രകടനം നടക്കവെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ചെങ്കൊടി ഫൈസലിന്റെ കാറിനു മുകളിലേക്ക് പറന്നെ ത്തി. അതുപിടിച്ചുകൊണ്ട് സഖാക്കള്‍ ഇങ്ക്വിലാബ് വിളിച്ചു. ഇത്രയും മാന്ത്രികശക്തിയുള്ള കാറ് ഫൈസലിന്റെ കയ്യിലിരിക്കുമ്പോള്‍ പാവങ്ങളായ മുഖ്യന്‍ വിജയന്‍ സഖാവിനും പാര്‍ട്ടി സെക്രട്ടറി വിജയരാഘവന്‍ സഖാവിനും എന്തു ചെയ്യാനാകും? പാര്‍ട്ടി ചുണ്ടപ്പുറം ഡിവിഷനിലെ ബ്രാഞ്ച് കമ്മറ്റി പിരിച്ചുവിട്ടിരിക്കയാണ്. ബാലകൃഷ്ണന്‍ സഖാവിന്റെ മകന്‍ ബിനീഷിന്റെ സ്വര്‍ണ്ണം സ്ഥിരമായി കടത്തിയാണ് ഫൈസലിന്റെ കൂപ്പറിന് ചുകപ്പിനെ ആകര്‍ഷിക്കാനുള്ള മന്ത്രികശക്തി കൂടിക്കൂടി വന്നത് എന്നാണ് കൊടുവള്ളിക്കാരുടെ അടക്കംപറച്ചില്‍.