കുരുക്ഷേത്രഭൂമിയില്‍ ധര്‍മ്മപുത്രരുടെ രഥം ഭൂമിയില്‍ നിന്ന് അല്പം ഉയര്‍ന്നിട്ടായിരുന്നു നിന്നത്. കാരണം അദ്ദേഹത്തിന്റെ ധര്‍മ്മനിഷ്ഠ തന്നെ. ഇടതുമുന്നണിയില്‍ സി.പി.ഐ. രാഷ്ട്രീയ സത്യസന്ധതയില്‍ അല്പം ഉയരത്തിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. അതിനാല്‍ ജോസ് കെ. മാണിയുടെ ഇടതു മുന്നണി പ്രവേശം സി.പി.ഐ. പല്ലും നഖവുമുപയോഗിച്ച് തടയുമെന്നു കരുതിയവര്‍ക്ക് തെറ്റി. കാനം രാജേന്ദ്രന്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നു. മുഖ്യന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ എം.എന്‍ മന്ദിരത്തില്‍ കാലുകുത്തി ചില ഉപദേശങ്ങള്‍ രഹസ്യമായി നല്‍കിയ നാള്‍തൊട്ട് തുടങ്ങിയതാണത്രെ ഈ മാറ്റം. ഇപ്പോള്‍ സി.പി.ഐയ്ക്ക് അഴിമതിയുടെ സുഗന്ധം പഥ്യമാണത്രെ. എന്താണ് ശിവശങ്കരന്‍ ഉപദേശിച്ചത് എന്നതിന് പത്രക്കാര്‍ പലതും വ്യാഖ്യാനിക്കുന്നുണ്ട്. സത്യം അറിയുന്നവര്‍ സി.പി.എമ്മിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ സെക്രട്ടറിയും മാത്രം. പരമ വിശുദ്ധനും സത്യക്രിസ്ത്യാനിയുമായ കെ.എം. മാണിയുടെ വീട്ടില്‍ ക്രിസ്തുവിന്റെ ഫോട്ടോയുടെ പിറകില്‍ ഒരു യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. അത് എങ്ങനെയെങ്കിലും ഏ.കെ.ജി. സെന്ററിലെത്തിച്ച് മാര്‍ക്‌സിന്റെ പടത്തിനു പുറകില്‍ സ്ഥാപിക്കാന്‍ ഈ നേതാക്കള്‍ക്ക് കലശലായ മോഹം. ഈ യന്ത്രത്തിന്റെ പേരാണ് നോട്ടെണ്ണല്‍ യന്ത്രം. ബാര്‍കോഴക്കേസ് പുറത്തായപ്പോഴാണ് ഈ യന്ത്രത്തിന്റെ സാന്നിധ്യം പത്രക്കാര്‍ അറിഞ്ഞത്. മാണിയുടെ ഐശ്വര്യത്തിന്റെ രഹസ്യം ഇതാണെന്നു ചാരന്മാര്‍ അറിയിച്ചതോടെ അത് സ്വന്തമാക്കാന്‍ പാര്‍ട്ടി സെക്രട്ടറിയും മുഖ്യനും പതിനെട്ടടവും പയറ്റി. അഴിമതി ആരോപണം, പ്രതിഷേധം, കയ്യേറ്റം തുടങ്ങിയവയെല്ലാം മാണിയ്ക്കു മുമ്പില്‍ പൊളിഞ്ഞുപോയി. ഒടുവില്‍ മാണിയും പോയി.
അവസാനത്തെ അടവെന്ന നിലയ്ക്ക് നക്കിക്കൊല്ലല്‍ നയം സ്വീകരിച്ചപ്പോള്‍ മാണിപുത്രന്‍ വീണു. മുംതാസ് എന്ന സ്വപ്നയും ശിവശങ്കരനും സരിത്തുമെല്ലാം നേടിത്തന്ന കമ്മീഷന്‍ പലവകയായി കയ്യിലുണ്ടെങ്കിലും എണ്ണിത്തീരുന്നില്ല മുഖ്യന്. മകളും മരുമകനും എണ്ണിയെണ്ണി കൈ കുഴഞ്ഞ അവസ്ഥയിലായി. ഇതേ സ്ഥിതിയിലാണ് പാര്‍ട്ടി സെക്രട്ടറി. മകന് മയക്കുമരുന്നു ഇടപാടു വഴി കിട്ടുന്ന കണക്ക് നോക്കാന്‍ പറ്റാത്ത അവസ്ഥ. ഏതായാലും രണ്ടുപേര്‍ക്കും നോട്ടെണ്ണല്‍ യന്ത്രം ഒരു ഉപാധിയും കൂടാതെ നല്‍കാമെന്നു മാണിപുത്രന്‍ സമ്മതിച്ചു. ഏ.കെ.ജി.സെന്ററില്‍ എത്തിയ അദ്ദേഹത്തിന് കോടിയേരി കൂപ്പുകൈകളോടെ നന്ദി രേഖപ്പെടുത്തുന്നത് കേരള ജനത ചാനലുകള്‍ വഴി കണ്ടതാണ്. ഈ യന്ത്രത്തെക്കുറിച്ചാണ് ശിവശങ്കരന്‍ കാനത്തിനു ഉപദേശിച്ചത് എന്നാണ് എം.എന്‍. മന്ദിരത്തിലുള്ളവര്‍ സ്വകാര്യം പറയുന്നത്. അതോടെ കാനത്തിനും അഴിമതി ശ്വാസവായുവായി മാറി.