മന്ത്രി ജനാബ് കെ.ടി. ജലീലിനു സക്കാത്ത് ഖുറാന്‍ വിതരണം ചെയ്യാന്‍ അവകാശമുണ്ട്; കാരണം അദ്ദേഹം ഈമാനുള്ള മുസ്ലീമാണ്. നിയമം ഇഴകീറി പരിശോധിച്ചശേഷം നിയമമന്ത്രി ഏ.കെ.ബാലന്‍ പ്രസ്താവിച്ച ഈ വിധിയ്ക്ക് അപ്പീലില്ല. ഈമാനുള്ള മുസ്ലീമായതിനാല്‍ ജലീലിന് സക്കാത്ത് ഖുറാന്‍ വിതരണം ചെയ്യാന്‍ കേന്ദ്രത്തിന്റെ അനുമതി വേണ്ട; പ്രൊട്ടോക്കോള്‍ നോക്കേണ്ടതില്ല. സി.ആപ്റ്റിന്റെ വാഹനം ഉപയോഗിക്കാം. ഇതുകൊണ്ടാണ് മുഖ്യമന്ത്രി വിജയന്‍ സഖാവും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം സഖാവും ജലീലിനുപിന്നില്‍ ഉറച്ചുനില്‍ക്കുന്നത്. ജലീലിന്റെ പിന്നാലെ ഈ നേതാക്കള്‍ എവിടെ വരെ പോകും? കൂടിയാല്‍ സ്വലാത്ത് പാലം വരെ!
ഇസ്ലാം മതവിശ്വാസപ്രകാരം സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള നൂല്‍പാലമാണ് സ്വലാത്ത് പാലം. നരകത്തീയ്ക്കു മുകളിലൂടെയാണ് ഈ പാലം. ഇസ്ലാം വിശ്വാസിയല്ലാത്ത ഒരാള്‍ക്കും ഈ പാലം കടക്കാനാവില്ല. അവര്‍ നരകത്തില്‍ വീഴും. ഖുറാന്‍ വിതരണം പോലുള്ള കര്‍മ്മങ്ങള്‍ ചെയ്താല്‍ പാലത്തിലൂടെയുള്ള മുസ്ലീം വിശ്വാസിയുടെ യാത്ര സുഗമമാകുമത്രെ. ഈമാനുള്ള മുസ്ലീമായ ജലീല്‍ നൂല്‍പ്പാലം വഴി സ്വര്‍ഗ്ഗത്തിലെത്തി ഹൂറിമാര്‍ക്കൊപ്പം സുഖിക്കുമ്പോള്‍ ജലീലിനെ പിന്തുണച്ച് പിന്നാലെ കൂടിയ വിജയന്‍ സഖാവും ബാലന്‍ സഖാവും കാനം സഖാവുമൊക്കെ നരകത്തീയില്‍ വീണു വെന്തുരുകും.
കമ്മ്യൂണിസ്റ്റുകാര്‍ക്കൊപ്പമാണെങ്കിലും ജലീലിന് സ്വലാത്ത് പാലത്തെക്കുറിച്ച് നല്ല അറിവുണ്ട്. 2019 മാര്‍ച്ച് 14ന് കോട്ടക്കലില്‍ നടന്ന ഒരു തിരഞ്ഞെടുപ്പു യോഗത്തില്‍ സ്വലാത്ത് പാലത്തിന്റെ കാര്യം ജലീല്‍ പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. സ്വലാത്ത് പാലം വഴി സ്വര്‍ഗ്ഗത്തിലെത്താന്‍ യോഗ്യതയുള്ള നല്ല മുസ്ലീമായ കെ.എം. ഷാജിയ്ക്ക് അരിക്കോട്ടെ ലീഗുകാര്‍ വോട്ടുചോദിച്ചു എന്നതായിരുന്നു പരാമര്‍ശവിഷയം. മതേതര വോട്ടുനേടി നിയമസഭയിലെത്തി മന്ത്രിയായശേഷം ഈമാനുള്ള മുസ്ലീമാണെന്ന അവകാശവുമായി സക്കാത്ത് ഖുറാന്‍ വിതരണം ചെയ്തത് ചട്ടംലംഘനമല്ലേ? ലീഗുകാര്‍ ചെയ്ത തെറ്റിന്റെ ആവര്‍ത്തനമല്ലേ? ഈ ചോദ്യമുന്നയിച്ചാല്‍ നിങ്ങളുടെ മാനസിക നിലയ്ക്ക് കുഴപ്പമുണ്ടെന്ന് മുഖ്യന്‍ വിജയന്‍ സഖാവ് കല്പനയിറക്കും. ജലീല്‍ ‘ഈമാനുള്ള മുസ്ലീം’ എന്ന സര്‍ട്ടിഫിക്കറ്റുമായി സ്വര്‍ഗ്ഗവാതില്‍ കടക്കുമ്പോള്‍ വിജയന്‍ സഖാവിന് നരകത്തീയില്‍ കിടന്നു സ്വന്തം മാനസിക നില പരിശോധിക്കാം.