കാലപ്രവാഹത്തിന്റെ മാറ്റം മറിച്ചിലുകള്‍ക്കിടയില്‍ സ്വന്തമായുള്ള വിലപ്പെട്ട പലതും നഷ്ടപ്പെട്ടു പോവുക എന്ന ദുരന്തം വ്യക്തിക്കും സമൂഹത്തിനും സംഭവിക്കാറുണ്ട്. വ്യക്തിത്വ ശോഷണവും അടിമത്തവുമായിരിക്കും ഫലം. അത്തരം അടിമത്തം ദീര്‍ഘകാലം പേറേണ്ടി വന്നവരാണ് ഭാരതീയര്‍. ശക്തിയുണ്ടായിട്ടും അതിന്റെ ആവിഷ്‌ക്കാരം നടക്കാതിരിക്കുക, മഹത്വം വേണ്ടുവോളമുണ്ടെങ്കിലും അതിന്റെ സാക്ഷാത്ക്കാരം അനുഭവിക്കാന്‍ സാധിക്കാതെ പോവുക, അപകര്‍ഷതാബോധത്താല്‍ ആത്മ വിസ്മൃതിയിലാണ്ടുപോവുക, ഇതൊക്കെയാണ് ഭാരതത്തില്‍ സംഭവിച്ചത്. മധ്യകാലഘട്ടം മുതല്‍, വിശേഷിച്ച് 16, 17നൂറ്റാണ്ടുകളില്‍ അതിദയനീയമായിരുന്നു അവസ്ഥ. ഇക്കാലയളവിലാണ് ആക്രാമിക വൈദേശിക അധിനിവേശ ശക്തികള്‍ ഭാരതീയരുടെ ആത്മാഭിമാനം കവര്‍ന്നെടുത്ത് സാംസ്‌കാരിക പാരമ്പര്യത്തിന്റെ അടിവേരുകള്‍ അറുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ആവേശം പകരുന്ന ചെറുത്തുനില്‍പ്പും നവോത്ഥാനവും ചരിത്രത്തിന്റെ അനിവാര്യതയായി സംഭവിച്ചു. അത്തരത്തിലൊന്നായിരുന്നു മറാത്ത് വാഡ (മറാഠ) യുടെ ഉദയവും ഛത്രപതി ശിവാജി മഹാരാജിന്റെ സ്ഥാനാരോഹണവും. അതു കൊണ്ടു തന്നെ 1674 ജൂണ്‍ 6 ഭാരത ചരിത്രത്തില്‍ സുപ്രധാന സന്ദര്‍ഭമായി അടയാളപ്പെടുത്തപ്പെട്ടു. അന്നായിരുന്നു ശിവാജിയുടെ സിംഹാസനാരോഹണവും അദ്ദേഹം തന്നെ വിശേഷിപ്പിച്ചതു പോലെ ഹിന്ദു സാമ്രാജ്യ സ്ഥാപനവും അരങ്ങേറിയത്.
വ്യക്തികളിലൂടെ സമൂഹവും സമൂഹങ്ങളുടെ സമന്വയത്തിലൂടെ രാഷ്ട്രവും രൂപപ്പെടുന്നു. ബലപ്രയോഗമോ പ്രലോഭനങ്ങളോ കൂടാതെ സ്വാഭാവികമായി വികാസം പ്രാപിക്കുന്നതാണ് രാഷ്ട്ര സങ്കല്പം. അതു കൊണ്ടാണ് രാഷ്ട്രം സ്വയംഭൂവാണെന്നു പറയുന്നത്. അത്തരം രാഷ്ട്രത്തിന്റെ അസ്തിത്വവും ചേതനയും ജനജീവിതത്തില്‍ അതിശക്തമായി ആവിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ അവ തടയപ്പെടുമ്പോള്‍ രാഷ്ട്ര ജീവിതം താളം തെറ്റുകയും ദുസ്സഹമാവുകയും ചെയ്യും. നമ്മുടെ നാടിനുമേല്‍ വൈദേശികാധിപത്യം അടിച്ചേല്‍പിക്കപ്പെട്ടപ്പോള്‍ അതാണ് സംഭവിച്ചത്. അതിനുള്ള മറുമരുന്ന് രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകമായ വ്യക്തികളില്‍ രാഷ്‌ട്രോന്മുഖമായ പരിവര്‍ത്തനമുണ്ടാക്കുക എന്നതു മാത്രമാണ്. സാധാരണക്കാരനായ ശിവാജി അക്കാര്യത്തിലാണ് ശ്രദ്ധയൂന്നിയത്. സാധാരണക്കാരായ കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന അടിസ്ഥാന വര്‍ഗങ്ങളുടെയും പൗരസമൂഹത്തിന്റെ സര്‍ഗാത്മക വിഭാഗമായ യുവാക്കളുടെയും സംഘടിത ശക്തിയില്‍ ശിവാജി ചൈതന്യം കണ്ടെത്തി. അതില്‍ വിശ്വാസമര്‍പ്പിച്ചു. അതിനു വേണ്ടി പ്രവര്‍ത്തിച്ചു. ഉജ്വല വിജയം കൈവരിച്ചു.
നിരന്തരം യാത്ര ചെയ്യേണ്ടി വന്ന സൈനികനായ പിതാവ് ഷഹാജി ഭോണ്‍സ്‌ലെക്ക് മകന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താനായില്ല. കുലീനയായ മാതാവ് ജീജാ ബായി ആ പരിമിതി ഉള്‍ക്കൊണ്ട് മകനെ ആദര്‍ശശാലിയാക്കി വളര്‍ത്തി. മാര്‍ഗം കാണിക്കാന്‍ ആത്മീയ ചൈതന്യം സ്പുരിക്കുന്ന സമര്‍ത്ഥരാമദാസിനെ ഗുരുവായി കണ്ടെത്തി. ഒന്നിലും പിഴവു പറ്റിയില്ല. ചരിത്ര നിയോഗമേറ്റെടുത്ത പോരാളിയായി ശിവാജി വളര്‍ന്നു. ഔറംഗസേബിന്റെ കാര്‍ക്കശ്യം പിടിമുറുക്കിയ മുഗള ഭരണകൂടം പുരാതന ഭാരതത്തിന്റെ സിംഹഭാഗവും കൈയ്യേറ്റിരുന്ന കാലമായിരുന്നു അത്. സമ്പത്തിലും സൈനിക ബലത്തിലും അനിഷേധ്യ അവസ്ഥയിലായിരുന്ന മുഗളര്‍ അസഹിഷ്ണുത മുഖമുദ്രയാക്കിയവരുമായിരുന്നു. ഇസ്ലാമിക മതനിയമങ്ങളുടെ ചുവടുപിടിച്ച് ഭരണനിര്‍വഹണം നടത്തുന്നതില്‍ പിടിവാശി കാണിച്ച ഔറംഗസേബ് ഹിന്ദു സമൂഹത്തോട് വിവേചനപരമായ സമീപനമാണ് സ്വീകരിച്ചത്.
അതിന്റെ ദുരന്തങ്ങള്‍ അളവറ്റ് അനുഭവിക്കുന്ന സഹജരുടെ രക്ഷകനായി ശിവാജി മാറി.
ഭാരതത്തിന് നേരിടേണ്ടി വന്ന ഇസ്ലാമിക കടന്നാക്രമണം കേവലം സൈനികമായ ആധിപത്യം മാത്രമായിരുന്നില്ല. മതപരവും സാമൂഹികവുമായ ആധിപത്യം എന്ന മാനം കൂടി അതിനുണ്ടായിരുന്നു. മുഗള-സാമ്രാജ്യത്തിന്റെ അവസാനം വരെയുള്ള ഒരായിരം വര്‍ഷം ഭാരതം അനുഭവിച്ച സാമൂഹികവും മതപരവുമായ യാതനകളും പീഡനങ്ങളും സമാനതകളില്ലാത്തതാണ്. നരമേധങ്ങള്‍ അരങ്ങേറി. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. മതംമാറ്റവും മാനഭംഗശ്രമങ്ങളും വ്യാപകമായി. മതം മാറ്റത്തിന് സന്നദ്ധരല്ലാത്തവര്‍ മത സംരക്ഷണത്തിനെന്ന പേരില്‍ മതനികുതിയായ ജസിയ നല്‍കേണ്ടി വന്നു. ഭാരതീയ മൂല്യങ്ങള്‍ ചവിട്ടിയരയ്ക്കപ്പെട്ടു. ദേശീയ ജീവിതം വെല്ലുവിളിക്കപ്പെട്ടു.
ഈ പശ്ചാത്തലത്തിലാണ് ശിവാജി ഹിന്ദുസാമ്രാജ്യം സ്ഥാപിക്കുന്നത്. കേവലം ഒരു രാഷ്ട്രതന്ത്രജ്ഞന്‍ എന്നതിലുപരി രാഷ്ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്ട്രമീമാംസകനായിരുന്നു ശിവാജി. അദ്ദേഹത്തിന് വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നു. ഹിന്ദുസാമ്രാജ്യ സ്ഥാപനത്തിലൂടെ രാഷ്ട്രത്തിന്റെ തനിമയും സ്വാഭാവികതയും ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്.
ഭരണാധികാരി എന്ന നിലയില്‍ വിപ്ലവകരവും പുരോഗമനാത്മകവുമായ നിരവധി പരിഷ്‌കാരങ്ങള്‍ ശിവാജി നടപ്പാക്കി.
ഭരണകൂട സംവിധാനത്തെ പ്രധാനപ്പെട്ട എട്ടു വിഭാഗങ്ങളാക്കിത്തിരിച്ച് അവയ്ക്ക് വകുപ്പ് തലവന്‍മാരെയും നിയോഗിച്ചു. ‘അഷ്ടപ്രധാന്‍’എന്നറിയപ്പെടുന്ന ആ വ്യവസ്ഥ ഇന്നും പുതുമ നഷ്ടപ്പെടാത്ത ഗവേഷണ വിഷയമായി നിലനില്‍ക്കുന്നു. പ്രാചീന മൂല്യങ്ങളെ കാലാനുസൃതവും പ്രായോഗികവുമാക്കാന്‍ ശിവാജി ശ്രദ്ധിച്ചു. യൂറോപ്യന്‍ നാടുകള്‍ കൈവരിച്ച ശാസ്ത്രസാങ്കേതിക പുരോഗതി ഭാരതീയസാഹചര്യത്തില്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നദ്ദേഹം മാതൃകാപരമായി തെളിയിച്ചു. പ്രതിരോധം, വാണിജ്യം, വ്യവസായം, കൃഷി, വിദ്യാഭ്യാസം തുടങ്ങി സമൂഹജീവിതത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം ധീരമായ പരീക്ഷണങ്ങള്‍ നടത്തി. സ്ത്രീ ശാക്തീകരണത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തി. ആത്മ വിസ്മൃതിയിലാണ്ടുപോയ ഹിന്ദുസമൂഹത്തെ ഉദ്ധരിച്ച് ലോകത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇനിയുമൊരു വിദേശാധിപത്യത്തിന് അവസരം കൊടുക്കാത്തവിധം രാജ്യസുരക്ഷ കുറ്റമറ്റതാക്കി. അടിമത്തത്തിന്റെ അവശിഷ്ടങ്ങളായിനിന്ന സകലതിനേയും അദ്ദേഹം തിരസ്‌കരിച്ചു.
ദരിദ്രരായ കൃഷിക്കാര്‍ക്ക് കൃഷിഭൂമി പതിച്ചു നല്‍കി ഭാരതത്തില്‍ ഭൂപരിഷ്‌ക്കരണം നടപ്പാക്കിയ ആദ്യത്തെ ഭരണാധികാരിയാണ് ശിവാജി. ദുരിതാശ്വാസ പദ്ധതി ഏര്‍പ്പെടുത്തിയും ധര്‍മ്മശാലകള്‍ സ്ഥാപിച്ചും ക്ഷേത്രങ്ങള്‍ പുനരുദ്ധരിച്ചും ജനങ്ങളുടെ ധാര്‍മ്മികവും സാമൂഹ്യവുമായ അഭിവൃദ്ധി അദ്ദേഹം ഉറപ്പാക്കിയിരുന്നു. ഭരണകാര്യത്തില്‍ ഉത്തമമാതൃക ഏതെന്ന് ചരിത്രത്തില്‍ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാല്‍ ഒരു സംശയവും കൂടാതെ ഛത്രപതി ശിവാജിയുടെ ഭരണ കാലഘട്ടത്തെ എടുത്തുകാട്ടാം. അഴിമതിയോടും രാജ്യദ്രോഹത്തോടും അദ്ദേഹം വിട്ടുവീഴ്ച ചെയ്തിരുന്നില്ല.
ഇക്കാരണങ്ങള്‍ കൊണ്ടൊക്കെത്തന്നെയാണ് അനേകം ഭരണാധികാരികള്‍ ഭാരതത്തിലുണ്ടായിരുന്നിട്ടും ശിവാജിയും ശിവാജിയുടെ കിരീടധാരണവും ഇത്രയേറെ ആഘോഷിക്കപ്പെടുന്നത്. രാഷ്ടജീവിതത്തിന് പുത്തനുണര്‍വ് പ്രദാനം ചെയ്യാനുള്ള സഹജമായ ദൗത്യം പേറുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന് ശിവാജി മാത്യകാ പുരുഷനും ശിവാജിയുടെ പോരാട്ട വിജയങ്ങള്‍ ചരിത്ര പാഠവുമാകുന്നത് അതുകൊണ്ടാണ്. വ്യക്തിപരിവര്‍ത്തനത്തിലൂടെ സമൂഹ പരിവര്‍ത്തനവും അതിലൂടെ വ്യവസ്ഥാ പരിവര്‍ത്തനവുമെന്ന സംഘ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഉത്തമ മാതൃകയായി ശിവാജി സ്വീകരിക്കപ്പെടുന്നത് തികച്ചും സ്വാഭാവികം.
ദശാബ്ദങ്ങളായി സംഘം ഫലപ്രദമായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്ര ദൗത്യം സാക്ഷാത്ക്കാരം നേടുന്ന ആഹ്‌ളാദകരമായ നാളുകളാണ് വര്‍ത്തമാനകാല ഭാരതത്തിന്റെ സൗന്ദര്യം. അപവാദ പ്രചാരണങ്ങളെയും അടിച്ചമര്‍ത്തല്‍ നടപടികളെയും അതിജീവിച്ച് രാഷ്ട്രാത്മാവിന്റെ ആവിഷ്‌ക്കാരവും രാഷ്ട്ര സംസ്‌കൃതിയുടെ നൈരന്തര്യവും സാധ്യമാവുന്ന പരിവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൈവന്നിരിക്കുന്നു. ഭാരതത്തിന്റെ സ്വാഭാവികതയെ തകിടം മറിച്ച് പ്രകൃതി വിരുദ്ധമായ ചേരുവകള്‍ ചേര്‍ത്ത് ശ്രേഷ്ഠമായ സാമൂഹ്യ സാഹചര്യങ്ങളെ വികൃതമാക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി. മൃതാവസ്ഥയിലായിരുന്ന രാഷ്ട്ര ചേതന സജീവത കൈവരിക്കുമ്പോള്‍ ആധുനിക സങ്കേതങ്ങളുപയോഗിച്ച് അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ദേശവിരുദ്ധര്‍ക്കെതിരെ ജാഗ്രത പാലിക്കാനുള്ള സാമര്‍ത്ഥ്യം ദേശീയ സമൂഹം ആര്‍ജിച്ചു കഴിഞ്ഞു.
ഇക്കഴിഞ്ഞ നാളുകളില്‍ ഭാരതത്തില്‍ പൂര്‍ത്തീകരിച്ച ജനാധിപത്യ പ്രക്രിയയും അതില്‍ ദേശീയ വാദികള്‍ കൈവരിച്ച അനന്യവും ആധികാരികവുമായ വിജയവും അതാണ് സൂചിപ്പിച്ചത്. ശാസ്ത്ര ശുദ്ധമായ സംഘ കാര്യ പദ്ധതിയിലൂടെ ഉയര്‍ന്നു വന്ന ശേഷ്ഠ വ്യക്തിത്വങ്ങള്‍ ഒരിക്കല്‍ക്കൂടി ഭാരതത്തെ കയ്യേറ്റത് അതിന്റെ ദൃഷ്ടാന്തമാണ്. സത്യത്തിന്റെയും ധര്‍മത്തിന്റെയും വിജയത്തോടൊപ്പം അവയ്‌ക്കെതിരെ നിലകൊള്ളുന്നവരുടെ നാശവും കൂടി സംഭവിക്കുന്ന കാഴ്ചയാണെങ്ങും. തീര്‍ച്ചയായും ഭാരതം വിജയത്തിന്റെയും അനിഷേധ്യതയുടെയും കാലഘട്ടത്തിലേക്ക് ചുവടുറപ്പിക്കുകയാണ്.
ഒപ്പം ദേശസ്‌നേഹികളുടെ ഉത്തരവാദിത്തം വര്‍ധിക്കുന്നു എന്ന സന്ദേശവും ഉയരുന്നു. അജാതശത്രുവായ ശിവാജി കൈവരിച്ച വിജയം ശാശ്വതീകരിക്കപ്പെടാതെ പോയ ദൗര്‍ഭാഗ്യം നമുക്കുണ്ടായിട്ടുണ്ട്. വിശ്വവിജയിയായ വിവേകാനന്ദ സ്വാമികള്‍ പടര്‍ത്തിയ ആത്മ പ്രകാശം കെട്ടുപോയ ദുരന്തം നമ്മെ അലോസരപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തില്‍ അനേകം ദുരന്ത അധ്യായങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ നിന്ന് പാഠമുള്‍ക്കൊണ്ടു വേണം മുന്നേറാന്‍. ആ മുന്നേറ്റത്തില്‍ നഷ്ടപ്പെട്ടു പോയതെല്ലാം വീണ്ടെടുക്കാനാകും. ആത്മവിശ്വാസത്തോടെ പറയാം ഇന്നതിന് സാധ്യമാക്കുന്ന സാമൂഹ്യ പശ്ചാത്തലമൊരുക്കാന്‍ അത്യുജ്വലമായ ഒരു ജനകീയ പ്രസ്ഥാനമുണ്ടിവിടെ – രാഷ്ട്രീയ സ്വയംസേവക സംഘം.